Saturday, December 25, 2010

സമാധാനം തകര്‍ക്കുന്ന സമാധാന സമ്മാനം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച ഒരു മഹത്തായ സാംസ്‌കാരിക പ്രസ്ഥാനമാണ് നൊബേല്‍ സമ്മാനം. നോര്‍വേക്കാരനായ എന്‍ജിനിയറിങ് ശാസ്‌ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഒസ്യത്തുപ്രകാരം കൊല്ലന്തോറും ശാസ്‌ത്രസാഹിത്യ സമാധാനാദി വിഷയങ്ങളില്‍ വിശ്വസംഭാവനകള്‍ നല്‍കിയ ശ്രേഷ്‌ഠവ്യക്തികളെ ആദരിക്കുന്നതിനുള്ള ഉദ്ദേശ്യമാണ് ഇതിന്റെ പ്രചോദനം. ഭൌതികശാസ്‌ത്രം, രസതന്ത്രം, വൈദ്യം തുടങ്ങിയ ശാസ്‌ത്രവിഷയങ്ങളില്‍ ഏറ്റവും മുന്തിയ സംഭാവന ഏതെന്ന് കണ്ടുപിടിക്കുന്നത് താരതമ്യേന എളുപ്പമാണ്. വസ്‌തുനിഷ്‌ഠമായ മാനദണ്ഡങ്ങള്‍ അനുസരിക്കേണ്ട രംഗങ്ങളാണവ. പക്ഷേ അനുഭവത്തില്‍നിന്ന് തെളിഞ്ഞിരിക്കുന്നത്, സമാധാനസമ്മാന വിഷയത്തില്‍ പക്ഷപാതപരമായ സമീപനത്തിന് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ അവിടെ ഭിന്നാഭിപ്രായം ഉണ്ടാകാനും വലിയ രാഷ്‌ട്രീയവിവാദങ്ങള്‍ ജന്മമെടുക്കാനും ധാരാളം ഇടമുണ്ടെന്നാണ്.

ഇക്കൊല്ലം നോര്‍വേയുടെ തലസ്ഥാനമായ ഓസ്ളോയില്‍വച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിന് സമ്മാനദാനച്ചടങ്ങില്‍ സമാധാന ജേതാവിന്റെ ഇരിപ്പിടം ശൂന്യമായിരുന്നു. ബാക്കിയെല്ലാ സമ്മാനവിതരണവും സമാധാനഭംഗംകൂടാതെ മംഗളകരമായി നടന്നപ്പോള്‍ സമാധാനം കെടുത്തിയതും സമാധാന സമ്മാനത്തിന്റെ ദാനമാണ്. നോക്കണേ വിധിവൈപരീത്യം! ഗവണ്‍മെന്റിനെതിരായി ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ചൈനയുടെ ആക്ഷേപത്തിന് 11 കൊല്ലത്തെ തടവുശിക്ഷയ്‌ക്ക് വിധേയനായ ലിയു സിയോബോ എന്ന പ്രതിപക്ഷനേതാവിനെ മോചിപ്പിക്കാത്തതുകൊണ്ടാണ് ഒഴിഞ്ഞ കസാലയില്‍ സമ്മാനച്ചെപ്പും സ്വര്‍ണപ്പതക്കവും സെക്രട്ടറിക്ക് വയ്‌ക്കേണ്ടിവന്നത്.

1989ല്‍ ടിബറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ദലൈലാമയ്‌ക്ക് നൊബേല്‍ സമാധാന സമ്മാനം നല്‍കിയതാണ് ആദ്യമായി സമാധാന സമ്മാന നിര്‍ണയത്തില്‍ നടന്ന പുഴുക്കുത്തിന് ഉദാഹരണമാകുന്നത്. ചൈന അധീശത്വം അവകാശപ്പെടുന്ന ടിബറ്റിന്റെ അധിപതി താനാണെന്ന് ഒരാള്‍ പറയുമ്പോള്‍ അതേപടി അംഗീകരിച്ച് നടപടി തുടങ്ങാന്‍ നൊബേല്‍ സമിതി തുനിയുന്നത് ശരിയാണെന്ന് പറയാന്‍ പ്രയാസമുണ്ട്. തര്‍ക്കവിഷയത്തില്‍ കക്ഷി ചേരാതിരിക്കുന്നതാണ് അന്താരാഷ്‌ട്ര മര്യാദ. ഇന്ത്യയില്‍ കേന്ദ്രഗവണ്‍മെന്റിനെ ആയുധശക്തിയോടെ എതിര്‍ക്കുന്ന മാവോയിസ്റ്റ് സംഘടനയുടെ ഏതെങ്കിലും നേതാവിനെ അറസ്റ്റ് ചെയ്‌ത് തടവിലിട്ട് കുറെക്കഴിഞ്ഞാല്‍ സമാധാനനൊബേല്‍ കൊടുക്കുമോ? ഇത്തരം കേസുകള്‍ യുഎന്‍ തുടങ്ങിയ സമിതികള്‍ പരിശോധിക്കേണ്ടവയാണ്. കശ്മീരില്‍ 'ആസാദി' നേതാവായ സയീദ് അലി ഗിലാനിയും ഇക്കണക്കിന് സമാധാന സമ്മാനാര്‍ഹനായിക്കൂടായ്‌കയില്ല.

ഇന്ത്യയുടെ കാര്യമാകുമ്പോള്‍ ഇത്തരം വിഘടന നേതൃത്വത്തെപ്പറ്റി നമുക്ക് വീണ്ടുവിചാരമുണ്ട്. ചൈനയോ മറ്റോ ആകുമ്പോള്‍ ആ മര്യാദ നാം മറക്കുന്നു. ഓസ്ളോയില്‍ ഇന്ത്യ സമ്മാനദാനച്ചടങ്ങില്‍ പങ്കെടുത്തല്ലോ. ലാമയ്‌ക്കുശേഷം സമാധാനസമ്മാനം മിക്കവാറും എല്ലാ വര്‍ഷങ്ങളിലും വിവാദവിഷയമായി. സ്വീഡിഷ് അക്കാദമിയിലെ അംഗങ്ങള്‍ അമേരിക്കയെപ്പോലുള്ള നവ സാമ്രാജ്യത്വശക്തികള്‍ക്കനുസരിച്ച് ചുവടുവയ്‌ക്കേണ്ടതുണ്ടോ! രസതന്ത്രത്തിലും ഭൌതികശാസ്‌ത്രത്തിലും ശാസ്‌ത്രീയ കണ്ടുപിടിത്തങ്ങളെ വിലയിരുത്തുന്നതുപോലെ വ്യക്തിപക്ഷപാതമുക്തമായി നിസ്സംഗതയോടെ നിഗമനത്തിലെത്താന്‍ സാധിക്കേണ്ടതാണ്. ഗോര്‍ബച്ചേവി (1990)ന്റെ സമാധാനസ്ഥാപനപരമായ സംഭാവന ഒന്നുമില്ല. റഷ്യയിലെ കമ്യൂണിസ്റ്റ് ആധിപത്യം തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ വിഘടിതവിചാരങ്ങള്‍ സഹായിച്ചു എന്നതുമാത്രം. ഹെന്റി കിസ്സിഞ്ജര്‍ക്ക് (1973) ഈ സമ്മാനം കിട്ടിയതോ! വിയറ്റ്നാമില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണത്രേ. അമേരിക്ക യുദ്ധമുണ്ടാക്കി, അമേരിക്കന്‍ സ്ഥാനപതിക്ക് സമാധാനത്തിന്റെ സമ്മാനം! മ്യാന്‍മറിലെ സ്വാതന്ത്ര്യസമരനായികയായ ആങ്സാന്‍ സൂകിക്ക് ഈ സമ്മാനം കൊടുത്തതില്‍(1991)തെറ്റ് പറഞ്ഞുകൂടെങ്കിലും, ഇത്തരത്തില്‍ ആഭ്യന്തരസമരം നടത്തുന്നവര്‍ക്ക് സമ്മാനം കൊടുക്കുന്നതിനുമുമ്പ് അതത് ഗവണ്‍മെന്റുകളുടെ അഭിപ്രായംകൂടി അറിയുന്നത് ന്യായമാണ്. നെല്‍സ മണ്ടേലയ്‌ക്ക് സമ്മാനം കൊടുത്തത് (1993) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സമരം നയിച്ചതിനല്ല, കൊടിയ വര്‍ണവിവേചനത്തിനെതിരെ സമരം നടത്തിയതിനാണ്.

ആല്‍ഫ്രഡ് നൊബേലിന്റെ ഒസ്യത്തിലെ വാക്യങ്ങള്‍ സ്വീഡിഷ് അക്കാദമി ഒന്നുകൂടി ശ്രദ്ധിച്ചു വായിക്കുന്നത് നന്ന്. സമാധാന സമ്മാനാര്‍ഹതയ്‌ക്ക് മൂന്ന് ചോദ്യങ്ങള്‍ നൊബേല്‍ വച്ചിട്ടുണ്ട്.

1. രാഷ്‌ട്രങ്ങള്‍ തമ്മില്‍ സാഹോദര്യം പുലര്‍ത്തുന്നതിനുവേണ്ടി തന്റെ ഏറ്റവും നല്ലതും ഏറ്റവും കൂടിയതുമായ പ്രവര്‍ത്തനം നടത്തിയിരിക്കണം.

2. ആയുധ സമാഹരണം ഇല്ലാതാക്കാനോ കുറയ്‌ക്കാനോ ഉള്ള പരിശ്രമം

3. ലോകസമാധാനം വളര്‍ത്തുന്നതിന് സമ്മേളനങ്ങള്‍ നടത്തുക.

ഇക്കൂട്ടരുടെ പരിപാടികളില്‍ ലോകശാന്തി എന്നോ രാഷ്‌ട്രങ്ങളുടെ സൌഹാര്‍ദം എന്നോ ഒന്നും കാണാനില്ല. പക്ഷേ സമ്മാനസമിതി മറ്റെന്തോ ബന്ധം കണ്ടതിനാണ് സമ്മാനാര്‍ഹത പ്രഖ്യാപിച്ചത്. ആദ്യകാലങ്ങളില്‍ വിശ്വശാന്തിക്കും മനുഷ്യസേവനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്കോ സംഘടനകള്‍ക്കോ ആണ് സമാധാന സമ്മാനം പ്രഖ്യാപിച്ചിരുന്നത്. റെഡ്ക്രോസ് സംഘടനയ്‌ക്ക് സമാധാനസമ്മാനം കൊടുത്താല്‍ തെറ്റാകുമോ? ആദ്യസമ്മാനം ഈ സേവനസംഘടനയുടെ സ്ഥാപകനാണ് നല്‍കിയത്. യുദ്ധവിരുദ്ധ നോവല്‍ എഴുതിയതിന്റെ പേരില്‍പ്പോലും സമാധാന സമ്മാനം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന വുഡ്രോ വില്‍സനും ജിമ്മി കാര്‍ട്ടര്‍ക്കും ഈ സമ്മാനം പ്രദാനം ചെയ്‌തതിന്റെ ഔചിത്യം ആരും ചോദ്യം ചെയ്‌തിട്ടില്ല. ഒബാമയ്‌ക്ക് കൊടുത്തത് അങ്ങനെയല്ല. മദര്‍ തെരേസയ്‌ക്ക് (1979) നൊബേല്‍ സമ്മാനം (സമാധാനം) നല്‍കിയതിനെ ലോകം മുഴുവന്‍ അനുമോദിച്ചു. അതുപോലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങി(ജൂനിയര്‍)ന് നല്‍കിയതിനും. രാഷ്‌ട്രമോചനത്തിന് ശ്രമിക്കുന്നുവെന്ന കാരണത്താല്‍ ചൈനക്കാരനും മ്യാന്‍മറുകാരിക്കുംസമ്മാനം നല്‍കിയ ഈ സമിതി എന്തുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പരമനേതൃത്വത്തില്‍ വിരാജിച്ച മഹാത്മാഗാന്ധിക്ക് ശാന്തിപുരസ്‌കാരം നിഷേധിച്ചു? ഗാന്ധിജി രാഷ്‌ട്രങ്ങളുടെ സൌഭ്രാത്രത്തിനും യുദ്ധ നിരോധനത്തിനും അങ്ങേയറ്റം പ്രവര്‍ത്തിച്ച വ്യക്തിയാണ്. എന്നിട്ടും സമ്മാനം അക്കാലത്ത് ആര്‍ക്കൊക്കെയോ പോയി.

സമാധാന സമ്മാനപരിഗണനയില്‍ ഇന്നത്തെ രാഷ്‌ട്രീയം പ്രകടമായി കടന്നുകൂടുന്നത് അതിന്റെ വിശ്വാസ്യതയെ എന്നെന്നേക്കുമായി തകര്‍ക്കുന്നതായിരിക്കും. നൊബേല്‍ സമ്മാനം എന്ന ബഹുമതി ലോകത്തിനു മുന്നില്‍ ബീഭത്സമായിത്തീര്‍ന്നുവെന്ന് വന്നുകൂടായ്‌കയില്ല. ഇത്തരം വികലനിശ്ചയങ്ങള്‍ വഴി സമ്മാനസ്ഥാപകനായ ആ മഹാവ്യക്തിയുടെ പാവനലക്ഷ്യങ്ങള്‍ കളങ്കിതമായിത്തീര്‍ന്നുകൂടായ്‌കയില്ല. ഒന്നുകില്‍ ഇന്നത്തെ വഴിപിഴച്ചുപോകുന്ന സമാധാനസമ്മാനം നിര്‍ത്തുക, അല്ലെങ്കില്‍ നിഷ്പക്ഷമായ ഒരു സാര്‍വദേശീയസമിതിയെ സമാധാന സമ്മാനതീരുമാനം എടുക്കുന്നതിന് നിശ്ചയിക്കുക. ഇത്രയും ചെയ്‌തില്ലെങ്കില്‍ ഈ സമ്മാനപ്രസ്ഥാനം നൊബേലിന്റെ യശസ്സിന് കളങ്കവും ലോകദൃഷ്‌ടിയില്‍ പരിഹാസ്യവും ആയിത്തീരും.


*****

സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി 23 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമാധാന സമ്മാനപരിഗണനയില്‍ ഇന്നത്തെ രാഷ്‌ട്രീയം പ്രകടമായി കടന്നുകൂടുന്നത് അതിന്റെ വിശ്വാസ്യതയെ എന്നെന്നേക്കുമായി തകര്‍ക്കുന്നതായിരിക്കും. നൊബേല്‍ സമ്മാനം എന്ന ബഹുമതി ലോകത്തിനു മുന്നില്‍ ബീഭത്സമായിത്തീര്‍ന്നുവെന്ന് വന്നുകൂടായ്‌കയില്ല. ഇത്തരം വികലനിശ്ചയങ്ങള്‍ വഴി സമ്മാനസ്ഥാപകനായ ആ മഹാവ്യക്തിയുടെ പാവനലക്ഷ്യങ്ങള്‍ കളങ്കിതമായിത്തീര്‍ന്നുകൂടായ്‌കയില്ല. ഒന്നുകില്‍ ഇന്നത്തെ വഴിപിഴച്ചുപോകുന്ന സമാധാനസമ്മാനം നിര്‍ത്തുക, അല്ലെങ്കില്‍ നിഷ്പക്ഷമായ ഒരു സാര്‍വദേശീയസമിതിയെ സമാധാന സമ്മാനതീരുമാനം എടുക്കുന്നതിന് നിശ്ചയിക്കുക. ഇത്രയും ചെയ്‌തില്ലെങ്കില്‍ ഈ സമ്മാനപ്രസ്ഥാനം നൊബേലിന്റെ യശസ്സിന് കളങ്കവും ലോകദൃഷ്‌ടിയില്‍ പരിഹാസ്യവും ആയിത്തീരും.