പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ടി രാജന്‍ നടത്തിയ അഭിമുഖം
പുനത്തില്‍ കുഞ്ഞബ്ദുള്ള കഥ എഴുതാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ പതിനാലാം വയസ്സില്‍ ആദ്യ കഥ എഴുതി. പതിനാറാം വയസ്സില്‍ ബാലപംക്തിയില്‍ ആദ്യകഥ അച്ചടിമഷി പുരണ്ടു. 'അസ്സന്‍കുട്ടിക്ക് ഷോടതി അടിച്ചപ്പോള്‍' എന്നായിരുന്നു കുഞ്ഞബ്ദുള്ള നല്‍കിയ തലക്കെട്ട്. എം ടി ആ തലക്കെട്ട് തിരുത്തി 'ഷോടതി' എന്നാക്കി. പത്തൊമ്പതാം വയസ്സില്‍ കുഞ്ഞബ്ദുള്ളയുടെ ആദ്യകഥ മുതിര്‍ന്നവരുടെ പംക്തിയില്‍ പ്രസിദ്ധീകരിച്ചു. 'കല്ല്യാണരാത്രി'. ഇതിന്റെ തലക്കെട്ടും എം ടി തിരുത്തിയതാണ്.
ആധുനികതാവാദം ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൊടികുത്തിവാഴുന്ന കാലത്താണ് പുനത്തില്‍ കഥ എഴുതിത്തുടങ്ങിയത്. എഴുത്തിലെ കല്‍പ്പനകള്‍ ജീവിതത്തില്‍ ബുദ്ധിജീവി ജാടകളായി പരിണമിച്ചപ്പോള്‍ അതിന്റെ പുറന്തോട് പേറിയവരെ നോക്കി പുനത്തില്‍ സഹതാപപൂര്‍വം ചിരിച്ചു. ആധുനികരുടെ മുന്‍നിരയില്‍ എഴുതിത്തുടങ്ങിയിട്ടും പുനത്തിലിന്റേത് വേറിട്ട വഴിയായിരുന്നു. പുനത്തിലിനൊപ്പമോ അതിന്ശേഷമോ എഴുതിത്തുടങ്ങിയ പലരുടെയും പേനയിലെ മഷി വറ്റി. പുനത്തില്‍ ഇപ്പോഴും എഴുതുന്നു. കഥ മാത്രമല്ല വൈദ്യാനുഭവങ്ങളും യാത്രാവിവരണങ്ങളും. ഇയാള്‍ എന്തെഴുതിയാലും വായനക്കാര്‍ വായിക്കുന്നു. കുഞ്ഞബ്ദുള്ളയുടെ ഏറ്റവും പുതിയ പുസ്തകം കഥയല്ല; വൈദ്യാനുഭവങ്ങളാണ്. 'മരുന്നിന്പോലും തികയാത്ത ജീവിതം' ഡിസിയാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന് അവതാരിക എഴുതിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് ഇങ്ങനെ നിരീക്ഷിച്ചു:
'അസാമാന്യനായ ഈ മനുഷ്യന്‍ അച്ചടക്കമുള്ള ജീവിതമാണ് നയിച്ചിരുന്നതെങ്കില്‍ എവിടെയൊക്കെ ചെന്നെത്തുമായിരുന്നു. ക്ഷണപത്രം കിട്ടിയ എല്ലാ പ്രലോഭനങ്ങളിലേക്കും അറിയാ ഭൂഖണ്ഡങ്ങളിലേക്ക് കപ്പലിറക്കുന്ന ഉത്സുക നാവികനെപ്പോലെ കുഞ്ഞബ്ദുള്ള നടന്നുചെല്ലുന്നു. വാഴുകയും വീഴുകയും ചെയ്യുന്നു. നേടുകയും കളയുകയും ചെയ്യുന്നു. എന്നിട്ടും തോന്നിയപോലെ ജീവിച്ചുകൊണ്ടേയിരിക്കുന്നു'.
? താങ്കളുടെ ഏറ്റവും പുതിയ പുസ്തകം കഥയും നോവലുമല്ല വൈദ്യാനുഭവങ്ങളാണ്. 'മരുന്നിന്പോലും തികയാത്ത ജീവിതം'.
എന്റെ നാല്‍പത് വര്‍ഷത്തെ വൈദ്യാനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. മെഡിക്കല്‍ കോളേജിലുള്ള അനുഭവങ്ങളുമുണ്ട്. ഓരോ അനുഭവത്തിനും ഒരു പാഠവുമുണ്ടാകും. കഥകളെപ്പോലെയോ അതില്‍ കൂടുതലോ വായനക്കാര്‍ ഇതിനുണ്ട്.
?'എന്തും ചെയ്യാന്‍ ജനം ലൈസന്‍സ് നല്‍കിയ രണ്ട് എഴുത്ത് പ്രസ്ഥാനങ്ങളേ കേരളത്തിലുള്ളൂ. തൃശ്ശൂര്‍ എക്സ്പ്രസ്സും ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയും'. അവതാരികയില്‍ തോമസ് ജേക്കബിന്റെ ഈ നിരീക്ഷണത്തെക്കുറിച്ച് എന്താണ് അഭിപ്രായം.
സാധാരണ ജീവിതത്തില്‍നിന്ന് വ്യത്യസ്തമായ ഒരു ജീവിതശൈലിയാണ് എന്റേത്. ജനങ്ങള്‍ അത് അംഗീകരിച്ചിട്ടുണ്ട്. സമൂഹത്തോട് കടപ്പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. മതം മാറിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായിട്ടുണ്ട്. ഞാന്‍ എന്ത് പറഞ്ഞാലും എഴുതിയാലും വായനക്കാര്‍ക്ക് പരിഭവമില്ല. മലയാള വായനക്കാരന്റെ വലിയൊരു മനസ്സാണിത്. ഞാന്‍ മതത്തിലെ അന്ധവിശ്വാസങ്ങളെ എതിര്‍ത്തിട്ടുണ്ട്. ആരും എനിക്കെതിരെ ഭീഷണി മുഴക്കിയിട്ടില്ല. കലാസൃഷ്ടിയോടൊപ്പം കലാകാരന്റെ ജീവിതത്തെയും ചേര്‍ത്ത് വായിക്കുന്നുണ്ട്. വാന്‍ഗോഗിന്റെ ചിത്രങ്ങളെക്കാള്‍ പ്രശസ്തമാണ് വാന്‍ഗോഗിന്റെ ജീവിതം. ഇവിടെ കവി അയ്യപ്പന്റെ ജീവിതംപോലെ. ചിലപ്പോള്‍ ഇത് അതിരുകവിഞ്ഞ പ്രശംസയായി മാറും. ജോണ്‍ എബ്രഹാമിനെപ്പോലെ. കെ ജി ജോര്‍ജിന്റെയോ അടൂരിന്റെയോ അരവിന്ദന്റെയോ അടുത്തെത്തില്ല ജോണ്‍ എബ്രഹാം. ജോണ്‍ എബ്രഹാമിന്റെ ഗുരുനാഥന്‍ ഋത്വിക്ഘട്ടക് മഹാനായ കലാകാരനാണ്.
? ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' സിനിമിക്ക് ജൂറിയായ താങ്കള്‍ അവാര്‍ഡ് നല്‍കിയില്ലെന്ന് ആരോപണമുണ്ട്.
ഞാന്‍ മാത്രമല്ല ജൂറി അംഗം. ജോണ്‍ എബ്രഹാമിന്റെ സുഹൃത്ത് സക്കറിയ ഉണ്ട്. എസ് ജയചന്ദ്രന്‍ നായരുണ്ട്. മാധുരിയുണ്ട്. ടി ജെ എസ് ജോര്‍ജുണ്ട്. പ്രശസ്ത ഹിന്ദിനടന്‍ അശോക് കുമാറായിരുന്നു ജൂറി ചെയര്‍മാന്‍. സ്ക്രീനിങ് കമ്മിറ്റി 'അമ്മ അറിയാന്‍' തെരഞ്ഞെടുത്തത്തന്നെ ശരിയായില്ലെന്ന അഭിപ്രായമായിരുന്നു അശോക് ക്കുമാറിന്. എഡിറ്റിങ് ടേബിളില്‍ നിന്ന് വെട്ടിയിട്ട തുണ്ടുകള്‍ ചേര്‍ത്തുണ്ടാക്കിയ സിനിമയാണ് അമ്മ അറിയാന്‍ എന്ന് അശോക് കുമാര്‍ പറഞ്ഞു. നക്സല്‍ പ്രസ്ഥാനത്തിന്റെ പ്രതീകമായി അന്ന് ചിലര്‍ ജോണ്‍ എബ്രഹാമിനെ എഴുന്നള്ളിക്കുകയായിരുന്നു. ജോണ്‍ എബ്രഹാമിന്റെ 'അഗ്രഹാരത്തില്‍ കഴുതൈ' നല്ല പടമായിരുന്നു. അമ്മ അറിയാന്‍ സിനിമക്ക് അവാര്‍ഡ് നല്‍കാന്‍ സക്കറിയയോ ജയചന്ദ്രന്‍നായരോ ടി ജെ എസ് ജോര്‍ജോ വാദിച്ചിട്ടില്ല. എന്നിട്ടും ഞാന്‍ അവാര്‍ഡ് നല്‍കിയില്ലെന്നാണ് പരാതി.
? ഗുരുതുല്യരായ എം ടിയും കോവിലനും സുഹൃത്തുക്കളായ മുകുന്ദനും സേതുവും നയിച്ച അച്ചടക്കമുള്ള ഒരു ജീവിതം എന്തുകൊണ്ട് താങ്കളെ സ്വാധീനിച്ചില്ല.
മറ്റൊരാളെ അനുകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് സ്വാതന്ത്ര്യം വേണം. അതില്‍ കൈകടത്താന്‍ മറ്റാരെയും ഞാന്‍ അനുവദിക്കാറില്ല. ഞാന്‍ പതിനാല് വയസ്സുവരെ ഓതിയിട്ടുണ്ട്. ഖുര്‍ ആന്‍ വായിച്ചിട്ടുണ്ടെന്നര്‍ഥം. മുസ്ള്യാര്‍ വീട്ടില്‍ താമസിച്ചിട്ട് പഠിപ്പിക്കുകയാണ്. രാവിലെ സുബഹി നമസ്കാരത്തിന്മുമ്പ് തയജ്ജൂദ് നിസ്കാരമുണ്ട്. മൂന്നര മണിക്കാണത്. സുന്നത്ത് എന്ന് പറയും. ഫര്‍ള് അല്ല. നല്ലതാണ്, നിര്‍ബന്ധമില്ല. ദേഹശുദ്ധി വരുത്തി മുസ്ള്യാരോടൊപ്പം നിസ്കരിക്കണം. കുമ്പിട്ട് തല നിലത്ത് മുട്ടിയാല്‍ ഉറങ്ങിപ്പോകും. മുസ്ള്യാര്‍ അടിച്ചെഴുന്നേല്‍പ്പിക്കും. ജജ്ജാല്‍ (ചെകുത്താന്‍) വന്ന് ഉറക്കുകയാണെന്ന് പറഞ്ഞാണ് അടി. മനുഷ്യനെ അധര്‍മത്തിന്റെ പാതയിലേക്ക് നയിക്കുന്നവനാണ് ജജ്ജാല്‍. ജജ്ജാലിനെപ്പറ്റി കഥയുണ്ട്. ജജ്ജാലിനെ മലയിടുക്കില്‍ തടവിലിട്ടു. രക്ഷപ്പെടാന്‍ ജജ്ജാല്‍ മല നക്കിത്തുടങ്ങി. വ്യാഴാഴ്ചയാകുമ്പോഴേക്കും മല തീരാറാകും. വെള്ളിയാഴ്ച ഉച്ചക്ക് ഖുത്തുബ ഓതുമ്പോഴേക്കും മല വീണ്ടും പൂര്‍വസ്ഥിതിയിലും ജജ്ജാല്‍ തടങ്കലിലുമാകും.
?നല്ല മതവിശ്വാസമുള്ള അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്നു. എന്നിട്ടും എന്തുകൊണ്ട് ഉള്‍ക്കൊള്ളാനായില്ല.
ഖുര്‍ ആന്‍ മുഴുവന്‍ ഓതി ഹൃദിസ്ഥമാക്കിയിട്ടും ഒരു വരിയുടെ അര്‍ഥംപോലും അറിഞ്ഞില്ല. ഓരോ അധ്യായത്തിന്റെയും തുടക്കത്തില്‍' ബിസ്മില്ലാഹി റഹ്മാനി റഹീം' എന്ന വരിയുണ്ടാകും. പ്രശസ്തമായ ഈ വരിയുടെ അര്‍ഥംപോലും അറിഞ്ഞത് മുതിര്‍ന്ന് ഖുര്‍ ആന്റെ മലയാള പരിഭാഷ വായിച്ചപ്പോഴാണ്. 'പരമകാരുണികനും ദയാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്നു'വെന്ന വരി. പതിനാല് വയസ്സിന്ശേഷം ഞാന്‍ ഖുര്‍ ആന്‍ തുറന്നുനോക്കിയിട്ടില്ല. കഴിഞ്ഞ നോമ്പ്കാലത്ത് ഖുര്‍ ആന്‍ വായിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അക്ഷരങ്ങള്‍ മുഴുവന്‍ മറന്നുപോയി. ഞാന്‍ മതനിഷേധിയല്ല. നോമ്പെടുക്കണം. നിസ്കരിക്കണം കഴിയുമെങ്കില്‍. അഞ്ച്നേരം നിസ്കരിക്കാന്‍ പോയാല്‍ ചിലപ്പോള്‍ ജോലി ചെയ്യാന്‍ കഴിയില്ല. ശാസ്ത്രജ്ഞനായ അബ്ദുള്‍കലാമിന് അഞ്ച്നേരം നിസ്കരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ദൈവം അദ്ദേഹത്തിന്റെ ജോലിയാണ്. ആ ജോലിയുടെ ഫലം സമൂഹത്തില്‍ നന്മ സൃഷ്ടിക്കുമെങ്കില്‍ അതാണ് വലിയ പ്രാര്‍ഥന. ചേകന്നൂര്‍ മൌലവി നിസ്കാരം അഞ്ച് നേരം വേണ്ട മൂന്ന് നേരം മതിയെന്ന് പറഞ്ഞു. മുസ്ളീങ്ങളില്‍ ഒരു വിഭാഗമായ ഷിയാക്കള്‍ക്ക് രണ്ട് നേരമേ പ്രാര്‍ഥനയുള്ളൂ. കാലത്തും വൈകീട്ടും. ഇറാനിലെ ഷിയാക്കള്‍ രാവിലെ പ്രാര്‍ഥന കഴിഞ്ഞ് പള്ളി പൂട്ടിക്കളയും. അവരുടെ ഖുര്‍ ആന്‍ തന്നെ വേറെയാണ്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മുസ്ളീങ്ങള്‍ക്കിടയില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുകയാണ്. മുസ്ളീങ്ങള്‍ അല്ലാത്തവര്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നാണ് വിശ്വാസം. സ്വര്‍ഗവും നരകവും തന്നെയില്ല. ഇസ്ളാമായി ജനിച്ചവര്‍ക്ക് മാത്രമാണ് സ്വര്‍ഗമെന്ന് ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നു.
ഞാന്‍ ഏതാനും മാസംമുമ്പ് മെഡിക്കല്‍ കോളേജിലെ ഫൈന്‍ ആര്‍ട്സ് ഡേക്ക് പോയിരുന്നു. പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഹാളില്‍ ഒരിടത്തായി എട്ട് പത്ത് ബുര്‍ഖയിട്ട കുട്ടികള്‍ ഒരുമിച്ചിരിക്കുന്നു. സമ്മേളനം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കുട്ടികളോട് സംസാരിച്ചു. ബുര്‍ഖയല്ല ഡോക്ടര്‍മാരുടെ വസ്ത്രം. നിങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നതും ശരിയല്ല. ഡോക്ടര്‍മാര്‍ക്ക് മതമില്ല, ജാതിയില്ല, ആണ്‍-പെണ്‍ ഭേദമില്ല. നമുക്ക് മനുഷ്യര്‍ മാത്രമേയുള്ളൂ. പഠിക്കുമ്പോള്‍ തന്നെയുള്ള ഈ വിഭാഗീയത ശരിയല്ല. ബുര്‍ഖയിട്ട്് പ്രത്യേക വിഭാഗമായി ഇരിക്കുന്നത് അവര്‍ക്കിഷ്ടമായിട്ടല്ലെന്നും ജീവന്തന്നെ ഭീഷണിയുണ്ടെന്നുമാണ് അവര്‍ മറുപടി പറഞ്ഞത്. ഈ അനാചാരം എതിര്‍ക്കപ്പെടണം. ഖുര്‍ആനില്‍ ഒരിടത്തും ബുര്‍ഖയിടാന്‍ പറഞ്ഞിട്ടില്ല. തലമറയ്ക്കുന്നത് നല്ലതുതന്നെ. എന്നാല്‍ ഭൂതംപോലെ ശരീരം മുഴുവന്‍ കറുത്ത വസ്ത്രംകൊണ്ട് മൂടുന്നത് ശരിയല്ല.
? എപ്പോഴാണ് പള്ളിയുമായുള്ള ബന്ധവിച്ഛേദം ആരംഭിക്കുന്നത്. കഥയെഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.
ഹൈസ്കൂളില്‍ ചേര്‍ന്നതോടെ കൂടുതല്‍ സ്വതന്ത്രനാവുകയായിരുന്നു. അവിടെ നല്ല അധ്യാപകരുണ്ടായിരുന്നു. പി കൃഷ്ണക്കുറുപ്പ്മാസ്റ്റര്‍, കടത്തനാട് കേളുക്കുറുപ്പ് മാസ്റ്റര്‍. വി സി ശ്രീജന്റെ അച്ഛന്‍ വി സി ശ്രീധരന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ ഗോപാലപിള്ള, സഹപാഠികളായ ടി കെ നാരായണന്‍, പത്മനാഭന്‍ നമ്പ്യാര്‍, ടി കെ വിജയരാഘവന്‍, വിജയചന്ദ്രന്‍ ഇവരെല്ലാം ചേര്‍ന്ന സ്കൂള്‍ അന്തരീക്ഷം കലയുടെയും സാഹിത്യത്തിന്റെതുമായിരുന്നു. നേരത്തെ കേട്ടതും പഠിച്ചതുമൊന്നും പൂര്‍ണമായിരുന്നില്ലെന്ന് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ വ്യക്തമായി. ഏറ്റവും നല്ല മതം ഇസ്ളാമാണെന്നും ഏറ്റവും നല്ല മതഗ്രന്ഥം ഖുര്‍ ആന്‍ ആണെന്നും പഠിച്ചത് പൂര്‍ണമല്ലെന്ന് മനസ്സിലായി. ഇസ്ളാമിനുമപ്പുറം മതമുണ്ടെന്ന് മനസ്സിലായി. അലിഗഢില്‍ പഠിക്കുമ്പോഴാണ് ഇസ്ളാമിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. അവിടെ വെള്ളിയാഴ്ചകളില്‍ ലോകത്തിന്റെ നാനാഭാഗത്തുമുള്ള പണ്ഡിതന്‍മാര്‍ പ്രഭാഷണം നടത്താറുണ്ട്. ഞാന്‍ നാല്തവണ മക്കയില്‍ പോയിട്ടുണ്ട്. പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. മൂകാംബിക, കാശി, മധുരമീനാക്ഷി ക്ഷേത്രം, ഹരിദ്വാര്‍, ശബരിമല എന്നിവിടങ്ങളിലൊക്കെ. മക്കയിലും മൂകാംബികയിലും പരിസരത്തിന്റെ പ്രത്യേകത കൊണ്ടാകാം മനസ്സിന് ശാന്തി ലഭിച്ചിട്ടുണ്ട്.
മടപ്പള്ളി ഗവ. ഫിഷറീസ് സ്കൂളില്‍ കൈയെഴുത്ത് മാസിക ഉണ്ടാകും. വി സി ശ്രീധരന്‍ മാസ്റ്റര്‍ ചിത്രം വരയ്ക്കും. കൃഷ്ണക്കുറുപ്പ് മാസ്റ്ററും. ഒരു കാവുകാരന്‍ മീനുമെടുത്ത് പോകുന്ന ചിത്രം ഞാന്‍ വരച്ചു. അത് പിന്നീട് ഹെഡ്മാസ്റ്ററുടെ മുറിയില്‍ തൂക്കി. അത് വലിയ അഭിമാനമായി. എന്നെ ചിത്രകാരനാക്കാന്‍ കൃഷ്ണക്കുറുപ്പ്മാസ്റ്റര്‍ക്ക് വലിയ താല്‍പ്പര്യമായിരുന്നു. മാഷെന്നോട് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേരാന്‍ പറഞ്ഞു. അച്ഛനോട് മാഷ്തന്നെ പറഞ്ഞു. ചിന്തിക്കട്ടെ എന്ന് അച്ഛനും പറഞ്ഞു. പുള്ളിക്കാരന്‍ എല്ലാകാര്യവും ചിന്തിച്ചിട്ടേ പറയൂ. നാട്ടുകാര്‍ ചിന്തന മമ്മുവെന്നാണ് വിളിക്കുക. ചിന്തിച്ചശേഷം അച്ഛന്‍ പറഞ്ഞു 'എന്തിനാ മാഷെ ഓന പെരാന്തനാക്കുന്നത്'? കലാകാരന്‍ ഭ്രാന്തനാണെന്ന് അന്നേ സങ്കല്‍പ്പമുണ്ടായിരുന്നു.
? കഥ എഴുതിത്തുടങ്ങുന്നത്
'അസ്സന്‍കുട്ടിക്ക് ഷോടതി അടിച്ചപ്പോള്‍' എന്ന കഥയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പതിനാറാമത്തെ വയസ്സില്‍. എം ടി തലക്കെട്ട് മാറ്റി ഷോടതിയാക്കി. രണ്ടാമത്തെ കഥ 'കല്ല്യാണരാത്രി'യും മുതിര്‍ന്നവരുടെ പംക്തിയില്‍ എം ടിയാണ് പ്രസിദ്ധീകരിച്ചത്.
? അന്ന് ആരംഭിക്കുന്നു എം ടിയുമായുള്ള ബന്ധം. മലയാള സാഹിത്യത്തിലെ അപൂര്‍വമായ ഗുരുശിഷ്യബന്ധം.
എം ടിയെ ആദ്യമായി കാണുന്നത് വളരെ ദൂരെനിന്നായിരുന്നു. 1957ല്‍ മടപ്പള്ളി ഹൈസ്കൂളില്‍ സാഹിത്യോത്സവത്തില്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍. നീണ്ട് മെലിഞ്ഞ ഒരു കൊച്ചു പയ്യനായിരുന്നു എം ടി. പ്രസംഗിച്ചതൊക്കെയും ബാല്യകാല സഖിയെക്കുറിച്ചായിരുന്നു. പാത്തുമ്മയുടെ ആട് അന്ന് പുറത്തുവന്നിട്ടില്ല. യോഗം കഴിഞ്ഞപ്പോള്‍ എം ടിയെ അടുത്ത്പോയി കണ്ടാലോ എന്ന് തോന്നി. ധൈര്യം വന്നില്ല. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എം ആര്‍ സിയായിരുന്നു മലയാളം അധ്യാപകന്‍. ആര്‍ രാമചന്ദ്രന്‍മാഷും ഇടയ്ക്ക് പഠിപ്പിക്കാന്‍ വരും. എം ആര്‍ സി കോമ്പോസിഷന്‍ കറക്ഷനായിരുന്നു ചെയ്തിരുന്നത്. എന്നോട് എന്തോ കൂടുതല്‍ വാത്സല്യമായിരുന്നു. ഒരു ദിവസം എന്നെയും കൂട്ടി മാതൃഭൂമി ഓഫീസിലേക്ക് നടന്നു. അവിടെ എന്‍ വി കൃഷ്ണവാര്യരും എം വി ദേവനും എം ടിയും കൊച്ചുമുറികളില്‍. എം ടിയുടെ മേശ ചെറുതായിരുന്നു. പ്ളെയേഴ്സ് സിഗരറ്റിന്റെ പാക്കറ്റ് മേശപ്പുറത്തുണ്ടായിരുന്നു. ചന്ദ്രശേഖരന്‍മാഷോട് ഒന്ന് ചിരിച്ചു. മാഷിരുന്നു. ഒരു കസേരയേ ഉണ്ടായിരിന്നുള്ളൂ. ഞാന്‍ നിന്നു. അപ്പോള്‍ അവിടെ ഒരാള്‍ കയറി വന്നു, വിറച്ച് വിറച്ച്. ചപ്രത്തലമുടി, മുഷിഞ്ഞ കുപ്പായം, വലിയ പോക്കറ്റ്, ചെരിപ്പില്ല, മുണ്ട് നിലത്തിഴയുന്നു. എം ടി പുസ്തകങ്ങള്‍ വച്ച സ്റ്റൂള്‍ കാലിയാക്കി അയാള്‍ക്ക് ഇരിക്കാന്‍ കൊടുത്തു. ചലച്ചിത്ര നിരൂപകന്‍ ഐ ഷണ്‍മുഖദാസായിരുന്നു അത്. തിരിച്ചുവന്ന് ബാലപംക്തിയിലേക്ക് ഒരു കഥകൂടി അയച്ചു. റമദാന്‍ വ്രതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 'തലനോമ്പ്'. എന്നെ അത്ഭുതപ്പെടുത്തി പത്തുറുപ്പികയുടെ ഒരു മണി ഓര്‍ഡറും വന്നു. കഥയ്ക്ക് പ്രതിഫലം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. അതില്‍ അഞ്ച് രൂപ പോസ്റ്റ്മാന്‍ വായ്പ വാങ്ങി. എഴുതിക്കിട്ടിയ ആദ്യത്തെ പണം തന്നെ അങ്ങനെയായി. ബാലപംക്തിയിലേക്ക് അയച്ച മറ്റൊരു കഥ എം ടി മുതിര്‍ന്നവരുടെ പംക്തിയില്‍ പ്രസിദ്ധീകരിച്ചു. കല്ല്യാണരാത്രി. അന്ന് ബ്രണ്ണന്‍ കോളേജില്‍ ബിഎസ്സിക്ക് ചേര്‍ന്നിരുന്നു. എം ടി എന്റെ ഒരു കഥമാത്രമേ തിരിച്ചയച്ചിട്ടുള്ളൂ. തിരസ്കൃത കുറിപ്പില്‍ ഇങ്ങനെ എഴുതി. 'കഥ തിരിച്ചയക്കുന്നു. റിജക്ഷന്‍ സ്ളിപ് കണ്ട് മനംമടുത്ത് പിന്തിരിയുന്നവര്‍ക്കുള്ളതല്ല സാഹിത്യമെന്ന് ഓര്‍മയിരിക്കട്ടെ'.
ഒരു വേനലവധിക്ക് അലിഗഢില്‍നിന്ന് ഞാനും ദല്‍ഹിയില്‍നിന്ന് മുകുന്ദനും നാട്ടിലെത്തി. ഞങ്ങളെ രണ്ടുപേരെയും എം ടി വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു. മുകുന്ദന്‍ ചോദിച്ചു 'എടാ നമുക്ക് എന്തെങ്കിലും കൊണ്ടുപോകണ്ടെ.' 'നല്ല വിസ്കി വാങ്ങാം, ഹല്‍വയും കില്‍വയുമൊന്നും വേണ്ട' ഞാന്‍ പറഞ്ഞു. എം ടിക്ക് ഇഷ്ടപ്പെട്ട ബ്ളാക്ക്നൈറ്റ് വിസ്കിയുമായി 'സിതാര'യിലെത്തി. ഞങ്ങള്‍ അതുവരെ എം ടിയുടെ കൂടെയിരുന്നിട്ടില്ല. ഇരുത്തുമെന്ന് കരുതിയിട്ടുമില്ല. എം ടി ഏറ്റവും ബഹുമാനിക്കുന്ന രണ്ട് പേര്‍കൂടി അന്ന് അവിടെയുണ്ടായിരുന്നു. സിനിമാ നിരൂപകന്‍ സിനിക്കും കോഴിക്കോട്ടെ നാടകവേദിയുണ്ടാക്കിയ ഓറിയന്റ് ലോങ്മാന്റെ ഡയരക്ടര്‍ വി അബ്ദുള്ളസാഹിബും. മുകളിലത്തെ വരാന്തയില്‍ ടീപ്പോയില്‍ അഞ്ച് ഗ്ളാസുകള്‍ നിരത്തി. അത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് സംശയം തോന്നി. എം ടി വിസ്കി ഒഴിച്ചു. 'നിങ്ങളെന്താ മാറിനില്‍ക്കുന്നത്. ഇവിടെ വന്നിരുന്നോളൂ. നിങ്ങളിപ്പോള്‍ ശമ്പളം പറ്റുന്ന യുവാക്കളായില്ലെ'.
? എം ടിയോടൊത്തുള്ള ആദ്യ മദ്യപാനം. രക്തം ഛര്‍ദിച്ച് അവശനായ എം ടിയെ വിട്ടേച്ചുപോയി എന്നൊരു കഥയുണ്ട്.
1975ലാണത്. അക്കാലത്ത് ചെറിയ എന്തെങ്കിലും അസുഖം വന്നാല്‍ എം ടി വടകരക്ക് വിളിക്കും. അന്ന് എസ്ടിഡിയില്ല. ട്രങ്കാണ്. അസുഖം വിശദമായി പറയും. പറഞ്ഞ് കൊടുക്കുന്ന മരുന്ന് വാങ്ങിച്ച് കഴിക്കും. കോഴിക്കോട്ട് എത്രയോ വലിയ ഡോക്ടര്‍മാരുണ്ടെങ്കിലും എന്നെ വിശ്വാസമാണ്. വേറെ ഒന്നു കാണിക്കണമെന്ന് പറഞ്ഞാല്‍ മാത്രം ഡോ. സി കെ രാമചന്ദ്രന്റെ അടുത്ത് പോകും. ഒരു വെള്ളിയാഴ്ച പതിവുപോലെ ഞങ്ങള്‍ മദ്യപിച്ചു. കൂടെ പരേതനായ ഡോ. കുഞ്ഞിക്കണ്ണനുമുണ്ട്. എംടി ചെറുതായി ചോര ഛര്‍ദിച്ചു. ഞങ്ങള്‍ വടകരക്ക് തിരിച്ചു വരാന്‍ മടിച്ചു. എം ടി നിര്‍ബന്ധിച്ചു. എനിക്ക് അസുഖമൊന്നുമില്ല നിങ്ങള്‍ പോയ്ക്കോളൂ. ഞങ്ങളിറങ്ങി. അഞ്ച് മിനിറ്റ് പോലുമായില്ല. എം ടി ചോരതന്നെ ഛര്‍ദിക്കാന്‍ തുടങ്ങി. പുതുക്കുടി ബാലേട്ടനും മറ്റും ചേര്‍ന്ന് എം ടിയെ നിര്‍മല ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഞാന്‍ പിറ്റേദിവസമാണ് അറിയുന്നത്. പ്രമീളചേച്ചി വിളിച്ച് വഴക്ക്പറഞ്ഞു. 'ഗുരുവിനെ മരിക്കാനിട്ട് നീ കടന്ന് കളഞ്ഞു അല്ലടാ'. മദ്യം വരുത്തിവച്ച വിനയായിരുന്നു അത്. ഒരു തീരുമാനമെടുക്കാനാകാത്തവിധം ബോധം നശിച്ച്പോയിരുന്നു. സാധാരണക്കാരനായ ഒരാള്‍പോലും രക്തം ഛര്‍ദിക്കുന്ന രോഗിയെ തനിച്ചാക്കി സ്ഥലം വിടില്ല.
പിറ്റേന്ന് ആശുപത്രിയില്‍ എത്തുമ്പോള്‍ എം ടി അത്യാഹിത വിഭാഗത്തിലാണ്. ഡോ. സി കെ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ. അദ്ദേഹം കൈമലര്‍ത്തി. 'വെരി ക്രിട്ടിക്കല്‍.' പത്രങ്ങള്‍ ചരമകോളവും സ്മരണകളും തയ്യാറാക്കി. എല്ലാവരെയും അമ്പരപ്പിച്ച് എം ടി മൂന്നാംദിവസം കണ്ണ് തുറന്നു. ഡോ. രാമചന്ദ്രന്‍ എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് പറഞ്ഞു 'കുഞ്ഞബ്ദുള്ളേ ശാസ്ത്രത്തിന് നിരക്കാത്തത് പലതും ഡോക്ടര്‍മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. ഇത് അത്തരത്തില്‍പ്പെട്ട ഒരു കേസാണ്. എം ടിയുടെ രണ്ടാം ജന്മമാണിത്. മലയാള സാഹിത്യത്തിനും സിനിമയ്ക്കും എം ടിയെ തിരിച്ചുകിട്ടി. സുകൃതം, സുകൃതം'.
? അലിഗഢ് മുസ്ളീം യൂണിവേഴ്സിറ്റി താങ്കളുടെ ജീവിതത്തെ മാറ്റിമറിച്ചു.
അലിഗഢ് മുസ്ളീം സര്‍വകലാശാല എന്ന് കേള്‍ക്കുമ്പോള്‍ ഈ സ്ഥാപനം മുസ്ളീങ്ങളുടെ ഉന്നമനത്തിനായി മാത്രം ഉണ്ടാക്കിയതാണെന്ന് ധാരണയുണ്ട്. മുസ്ളീങ്ങള്‍ക്കോ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കോ പ്രത്യേക പരിഗണനയില്ലാത്ത സാധാരണ കേന്ദ്ര സര്‍വകലാശാലയാണിത്. സ്ഥാപകനായ സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ ഭാവനയില്‍ ഓക്സ്ഫെഡ്പോലെയും കാംബ്രിഡ്ജ്പോലെയും ഈ യൂണിവേഴ്സിറ്റി വളര്‍ന്ന് വലുതാകണമെന്നായിരുന്നു. ഈ സര്‍വകലാശാലയുടെയും ബനാറസ്് ഹിന്ദു സര്‍വകലാശാലയുടെയും പേരുകള്‍ ബ്രിട്ടീഷ് ഭരണത്തിന്റെ രീതികളിലൊന്നുമാത്രമാണ്. അലിഗഢ് മെഡിക്കല്‍ കോളേജിലും എന്‍ജിനിയറിങ് കോളേജിലും മുസ്ളീങ്ങള്‍ നാല്‍പ്പത് ശതമാനത്തില്‍ താഴെയാണ്. മലപ്പുറത്ത് സെന്റര്‍ വരുന്നതിനെതിരെ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും പി പരമേശ്വരനെപോലെയും ഒ രാജഗോപാലിനെപോലുള്ള വര്‍ഗീയവാദികളും മുറവിളി കൂട്ടുന്നത് യാഥാര്‍ഥ്യം അറിയാതെയാണ്. പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ്ഖാന്‍, പ്രശസ്ത എഴുത്തുകാരനും സിനിമാസംവിധായകനുമായ കെ എ അബ്ബാസ്, നടന്‍ നസിറുദ്ദീന്‍ ഷാ എന്നിവരൊക്കെ ഇവിടെ വിദ്യാര്‍ഥികളായിരുന്നു. കേരളത്തില്‍ സര്‍ദാര്‍ കെ എം പണിക്കര്‍, വക്കം പുരുഷോത്തമന്‍, യുജിസി ചെയര്‍മാന്‍ ഡോ. സതീഷ്ചന്ദ്ര, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ സീനിയര്‍ ശാസ്ത്രജ്ഞനായിരുന്ന ഡോ. കെ എം അബൂബക്കര്‍, ഡോ. വെള്ളായണി അര്‍ജുനന്‍, കേന്ദ്രമന്ത്രിയായിരുന്ന ഡോ. വി എ സെയ്ത്മുഹമ്മദ്, ചരിത്രകാരന്‍ പരേതനായ ഡോ. സി കെ കരീം-അദ്ദേഹം എന്റെ ഹോസ്റ്റല്‍ മുറിയില്‍ താമസിച്ചാണ് പിഎച്ച്ഡി തീസിസ് എഴുതി പൂര്‍ത്തിയാക്കിയത്, കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. നൂറുല്‍ ഹസ്സനായിരുന്നു ഗൈഡ്-കലിക്കറ്റ് മുന്‍ വിസി എ എന്‍ പി ഉമ്മര്‍കുട്ടി, ഡോ. പി കെ അബ്ദുള്‍ഗഫൂര്‍ തുടങ്ങിയവര്‍ അലിഗഢിന്റെ സന്തതികളാണ്.
അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷ എഴുതി ഏഴാംറാങ്ക് നേടി 1962ലാണ് ഞാന്‍ അലിഗഢില്‍ എത്തുന്നത്. മെഡിക്കല്‍ കോളേജുകളിലും നടയടിയുണ്ട്, ജയിലുകളിലെപ്പോലെ. ജയിലില്‍ പുതുതായി എത്തുന്ന അന്തേവാസികളെ തടവുപുള്ളികള്‍ ആദ്യ ദിവസം നന്നായി കൈകാര്യം ചെയ്യും. അതിനാണ് നടയടി എന്നു പറയുക. മെഡിക്കല്‍ കോളേജിലെ നടയടിയാണ് റാഗിങ്. വില്ലന്മാരെ തളയ്ക്കുക മാത്രമല്ല ഇതിന്റെ ലക്ഷ്യം. പുസ്തകപ്പുഴുക്കളായി ലോകം കാണാത്ത കുറെ മണ്ടന്മാര്‍ ഇവിടെ എത്തും. അവരെ ശരിയാക്കി എടുക്കുകയാണ് റാഗിങ്ങിന്റെ ലക്ഷ്യം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണ്. നീല പാന്റ്സും വെള്ളക്കുപ്പായവും ചുവന്ന ടൈയും കറുത്ത ഷൂസും. അതിന്മീതെ ഏപ്രണ്‍. 27 പെണ്‍കുട്ടികളും 23 ആണ്‍കുട്ടികളുമായിരുന്നു എന്റെ ബാച്ചില്‍. നാല് മലയാളികളുമുണ്ടായിരുന്നു. ഇപ്പോള്‍ റാസല്‍ഖൈമയില്‍ ഓര്‍ത്തോപീഡിക്സ് സര്‍ജനായ കോതമംഗലത്തുകാരന്‍ ബേബിമാത്യു, തിരുവല്ലക്കാരി മേമി കുര്യന്‍, ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഗൈനക്കോളജിസ്റ്റായ രാധാഭായ്, പിന്നെ ഞാനും.
പുതിയ ബാച്ചുകാരെ ആദ്യ ദിവസംതന്നെ ആശുപത്രിയുടെ പിന്നിലൂടെ ഒഴുകുന്ന യമുനയുടെ തീരത്ത് കൊണ്ടുപോയി ആണും പെണ്ണുമായി ഇടകലര്‍ത്തി ഒറ്റവരിയില്‍ നിര്‍ത്തി. ഞങ്ങളുടെ ടൈയും പെണ്‍കുട്ടികളുടെ ദുപ്പട്ടയും കൂട്ടിക്കെട്ടി ചങ്ങലയാക്കി. തീവണ്ടിയായി നദിക്കരയിലൂടെ ഓടാന്‍ പറഞ്ഞു. തീവണ്ടിയുടെ എല്ലാ ചലനങ്ങളും കാണിക്കണം. മടിച്ച് നിന്നാല്‍ യമുനയുടെ കയത്തില്‍ മുക്കിയെടുക്കും. സീനിയര്‍ വിദ്യാര്‍ഥികള്‍ പറയും 'നിങ്ങള്‍ ഡോക്ടര്‍മാരായി പുറത്തുവരേണ്ടവരാണ്. നിങ്ങള്‍ക്ക് ജാതിയില്ല, മതമില്ല, വര്‍ഗമില്ല, ആണും പെണ്ണും വ്യത്യാസമില്ല.' ഒരു സീനിയര്‍ വന്ന് എന്നോട് ചോദിച്ചു എന്താണ് പേര്... കുഞ്ഞബ്ദുള്ള. ' യെ കുഞ്ച് ക്യാഹെ? കുട്ടിയെന്നാണ് അര്‍ഥം. ഞാന്‍ അര്‍ഥം പറഞ്ഞു. 'ഓ നീയിപ്പോഴും കുഞ്ഞാണോ. നോക്കട്ടെ നോക്കട്ടെ നിന്റെ സാധന സാമഗ്രികള്‍. ബെല്‍റ്റഴിക്കൂ' ഞാന്‍ ബെല്‍റ്റഴിച്ചു. റാഗിങ് നിങ്ങളുടെ അഹന്തയെ ഇല്ലാതാക്കുന്നു. ഏത് പരിതസ്ഥിതിയെയും നേരിടാന്‍ പ്രാപ്തനാക്കുന്നു. നിങ്ങള്‍ ഒരു കൃമിയാണെന്ന് അത് നിങ്ങളെ ബോധ്യപ്പെടുത്തുന്നു. ഇതാണ് റാഗിങ്ങിന്റെ സംസ്കാരം.
സര്‍ സയ്യിദ് ഹാളിലാണ് എനിക്ക് പ്രവേശനം കിട്ടിയത്. ഹാള്‍ എന്ന് പറയുന്നത് നാലും അഞ്ചും ഹോസ്റ്റലുകള്‍ ചേര്‍ന്നതാണ്. റസിഡന്‍ഷ്യല്‍ യൂണിവേഴ്സിറ്റിയായതിനാല്‍ ഹോസ്റ്റലിനെ കേന്ദ്രീകരിച്ചാണ് അധ്യയനം. കോളേജുകളോ പ്രിന്‍സിപ്പല്‍മാരോ ഇല്ല. ഡിപ്പാര്‍ട്ട്മെന്റുകള്‍ മാത്രം. കൂടാതെ ഫാക്കല്‍റ്റികളും. ക്ളാസുകളില്‍ നോട്ട് കൊടുക്കില്ല. അധ്യാപകര്‍ പഠിപ്പിക്കുന്നത് കേട്ട് നോട്ടുകള്‍ സ്വന്തമായി ഉണ്ടാക്കണം. നീണ്ട പത്ത് വര്‍ഷങ്ങള്‍ അലിഗഢില്‍ ചെലവഴിച്ചു. തീവ്രമായ പ്രണയബന്ധങ്ങളിലൂടെയൊക്കെ കടന്നുപോകുന്നുണ്ട് ഈ കാലഘട്ടത്തില്‍.
? അലിഗഢില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രഗത്ഭര്‍ സംസാരിക്കാറുണ്ട്.
അലിഗഢില്‍ പ്രസംഗിക്കാന്‍ പ്രഗത്ഭര്‍ പലരും വരാറുണ്ട്. മലയാളി സമാജത്തിന്റെ ക്ഷണമനുസരിച്ച് 1970ല്‍ എം ടി വന്നു. കണ്ട ഉടനെ എന്നോട് ചോദിച്ചു: ' ശമ്പളം എന്ത് കിട്ടും.' ഞാന്‍ ശമ്പളം പറഞ്ഞു 'മോശമില്ല.' 'കോഴിക്കോട് മെഡിക്കല്‍ കോളേജിനെക്കാള്‍ കൂടുതലാണല്ലോ'-എം ടി പറഞ്ഞു. ശരിയായിരുന്നു. കോഴിക്കോട്ട് 250 രൂപ കിട്ടുമ്പോള്‍ അലിഗഢില്‍ 350 രൂപ കിട്ടും സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയായതുകാരണം. എം ടി അന്ന് ഒന്നേകാല്‍ മണിക്കൂറിലധികം സംസാരിച്ചു. ഇത്രയും ഗഹനവും മനോഹരവുമായ പ്രസംഗം എം ടി വേറെ എവിടെയെങ്കിലും ചെയ്തിട്ടുണ്ടാവില്ല. പ്രസംഗം കഴിഞ്ഞപ്പോള്‍ യൂണിവേഴ്സിറ്റി ലൈബ്രറി സന്ദര്‍ശിക്കുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. എം ടി വലിയ താല്‍പ്പര്യം കാണിച്ചില്ല. വെള്ളായണി അര്‍ജുനന്‍ നിര്‍ബന്ധിച്ചപ്പോള്‍ എം ടി ലൈബ്രറി കാണാനിറങ്ങി. ഏറെ സമയം ലൈബ്രറിയില്‍ തങ്ങി. ഇറങ്ങിവന്നപ്പോള്‍ എം ടി പറഞ്ഞു. 'കണ്ടില്ലെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു'. ഏഴുനില കെട്ടിടത്തിലാണ് ലൈബ്രറി. മൂന്ന് ഏക്കര്‍ സ്ഥലത്ത് പരന്ന്കിടക്കുന്നു. ഇന്‍ഡക്സ് നമ്പര്‍ കൊടുത്താല്‍ അറ്റന്‍ഡര്‍ ലിഫ്റ്റ്വഴി പോയി നിമിഷങ്ങള്‍ക്കകം പുസ്തകവുമായി തിരിച്ച് വരും. ലോകത്തിലെ ഏതാണ്ട് എല്ലാ ഭാഷകളിലെയും പ്രധാന ഗ്രന്ഥങ്ങള്‍ മുഴുവനുണ്ട്. ലൈബ്രറിക്ക് മാത്രം കിട്ടുന്ന യുജിസി ഗ്രാന്റ് കോഴിക്കോട് സര്‍വകലാശാലക്ക് മൊത്തം കിട്ടുന്ന ഗ്രാന്റിനെക്കാള്‍ കൂടുതലാണ്.
പ്രധാനമന്ത്രി പണ്ഡിറ്റ്ജി ആദ്യകാലങ്ങളിലൊന്നും അലിഗഢ് സന്ദര്‍ശിച്ചില്ല. സര്‍വകലാശാല സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ദേശീയവാദിയായിരുന്നില്ല എന്നതായിരുന്നു കാരണം. എന്നാല്‍ കേണല്‍ തയ്യബ്ജി വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോള്‍ പണ്ഡിറ്റ്ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വന്നു. ഗ്രന്ഥകാരനും പണ്ഡിതനുമായ തയ്യബ്ജി നെഹ്റു കുടുംബത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു. തയ്യബ്ജിയുടെ നിര്‍ബന്ധത്തിന് വഴങ്ങി നെഹ്റു അലിഗഢില്‍ എത്തി. ഒരു ഹെലികോപ്റ്ററിലാണ് അദ്ദേഹം വന്നിറങ്ങിയത്. ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ ഇടയിലൂടെ ഒരു തുറന്ന ജീപ്പില്‍ അദ്ദേഹം സഞ്ചരിച്ചു. നെഹ്റു പൂവുകള്‍ക്കിടയില്‍ മറഞ്ഞു. ഹോഴ്സ് റൈഡിങ് നടത്തുന്ന മൈതാനിയിലായിരുന്നു സമ്മേളനം. ഒക്ടോബര്‍ 17ന് സര്‍ സയ്യിദ് ദിനമാണ്. ക്യാമ്പസിലെ ഏറ്റവും ആര്‍ഭാടപൂര്‍വമായ ആഘോഷം. സ്റ്റേജിന് ചുറ്റും അര്‍ധ വൃത്തത്തില്‍ വിദ്യാര്‍ഥികള്‍ ഇരുന്നു. വൈസ് ചാന്‍സലര്‍ കേണല്‍ തയ്യബ്ജി സ്വാഗത പ്രസംഗം നടത്തി. ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും ചെറിയ പ്രസംഗം. 'ഐ നോ മിസ്റ്റര്‍ നെഹ്റു ആന്‍ഡ് ഹി നോസ് മി വെരിവെല്‍. ഐ ഇന്‍വൈറ്റ് മിസ്റ്റര്‍ നെഹ്റു ടു സ്പീക്ക്'. പണ്ഡിറ്റ്ജിയുടെ പ്രസംഗം കാവ്യാത്മകമായിരുന്നു. ഒന്നാംതരം ഉറുദു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ ചരിത്രവും സംസ്കാരവും സാഹിത്യവും ഉറുദു കവികളും ഉയിര്‍ത്തെഴുന്നേറ്റു. എന്നാല്‍ സര്‍ സയ്യിദ് അഹമ്മദ്ഖാനെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ആ പേരുപോലും ഉച്ചരിച്ചില്ല.
? നാല്‍പ്പത് വര്‍ഷത്തിനുശേഷം താങ്കള്‍ ഈയിടെ അലിഗഢ് സന്ദര്‍ശിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ അലിഗഢ് സന്ദര്‍ശിച്ചു. സര്‍വകലാശാലയുടെ ഇപ്പോഴത്തെ ഭരണാധികാരികള്‍ രണ്ടും മലയാളികളാണ്. വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ അസീസ്, കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറായിരുന്ന ഡോ. ജലീല്‍. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന സക്കീര്‍ ഹുസൈനും അലി സാവര്‍ജങ്ങും കേണല്‍ തയ്യബ്ജിയും ഇരുന്ന കസേരയിലാണ് ഇപ്പോള്‍ മലയാള വിസി ഇരിക്കുന്നത്. ക്യാമ്പസിനകത്തെ എല്ലാ കൊള്ളരുതായ്മകളും അദ്ദേഹം അവസാനിപ്പിച്ചു. അദ്ദേഹത്തിനുനേരെ വധശ്രമം വരെയുണ്ടായി. അതിനെയെല്ലാം തരണംചെയ്ത് ക്യാമ്പസിനെ അദ്ദേഹം പഴയ പ്രൌഢിയിലേക്ക് ഉയര്‍ത്തി. സര്‍വകലാശാലയുടെ അതിഥിയായാണ് എന്നെ സ്വീകരിച്ചത്. താമസിക്കാന്‍ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൌസ് ഏര്‍പ്പാട്ചെയ്തു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ മനോഹരമായ ഈ ഗസ്റ്റ്ഹൌസ് കൌതുകപൂര്‍വം നോക്കാറുണ്ടായിരുന്നു. വിസിയുടെ വീട്ടില്‍ രാത്രി വിരുന്ന് നല്‍കി. യഥാര്‍ഥ മുഗള്‍ഭക്ഷണങ്ങള്‍. പിറ്റേദിവസം ഉച്ചക്ക് സെനറ്റ്ഹാളില്‍ ഒരു എക്സ്ലക്ചററും ഏര്‍പ്പാടാക്കി. 'ലൈഫ് ഇന്‍ ദ പോസ്റ്റ് മോഡേണ്‍ സൊസൈറ്റി' എന്നതായിരുന്നു വിഷയം. ആദ്യമായാണ് ഒരു പൂര്‍വവിദ്യാര്‍ഥി സെനറ്റ്ഹാളില്‍ പ്രഭാഷണം നടത്തുന്നതെന്ന് വിസി പ്രശംസിച്ച് പറഞ്ഞു.
? നാട്ടുകാരായിട്ടും എം മുകുന്ദനെ കാണുന്നതും പരിചയപ്പെടുന്നതും അലിഗഢില്‍ പഠിക്കുമ്പോഴാണ്.
മുകുന്ദനെ ആദ്യമായി കാണുന്നത് അറുപതുകളുടെ മധ്യത്തില്‍ ദല്‍ഹിയിലാണ്. ദല്‍ഹി സൌത്ത് എക്സ്റ്റന്‍ഷനില്‍ ജ്യേഷ്ഠന്‍ എം രാഘവന്റെ കൂടെയാണ് മുകുന്ദന്‍ അന്ന് താമസിക്കുന്നത്. അലിഗഢില്‍ നിന്ന് വണ്ടി കയറി ഒരു വൈകുന്നേരം ദല്‍ഹിയിലെത്തി. സൌത്ത് എക്സ്റ്റന്‍ഷനിലെ വീട് കണ്ടുപിടിച്ചു. കോളിങ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് രാഘവേട്ടന്റെ ഭാര്യ ഒളവിലത്തുകാരി അമ്മുവേടത്തി. മുകുന്ദന്‍ പനിപിടിച്ച് കിടക്കുകയാണെന്ന് അമ്മുവേടത്തി പറഞ്ഞു. രാഘവേട്ടന്‍ ഓഫീസില്‍നിന്ന് വന്നിട്ടില്ല. മുകുന്ദന്റെ മുറിയില്‍ കട്ടിലിനരികെ കസേരയില്‍ ഇരുന്നു. മുകുന്ദന്‍ കമ്പിളി മൂടിപ്പുതച്ച് കിടക്കുകയാണ്. കമ്പിളി നീക്കി പുറത്തുവന്നപ്പോള്‍ ഒരു ചെറിയ മനുഷ്യന്‍. പക്ഷേ കണ്ണുകള്‍ വലുതായിരുന്നു. 'രാധ രാധ മാത്രം' 'പ്രഭാതം മുതല്‍ പ്രഭാതം വരെ' തുടങ്ങിയ കഥകള്‍ എഴുതിയ മുകുന്ദനാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. മുകുന്ദന്റെ ദേവാലയം ഓഫീസായിരുന്നു. ദല്‍ഹിയില്‍ എന്ന് പോയാലും മുകുന്ദന്റെ കൂടെയാണ് താമസിക്കുക. സ്നേഹം വാരിക്കോരി തരും. പക്ഷേ ആളെ കിട്ടില്ല. രാവിലെ ഓഫീസിലേക്ക് പോയാല്‍ രാത്രിയേ തിരിച്ചെത്തൂ. ഇത്രയും വര്‍ഷം ഡല്‍ഹിയില്‍ താമസിച്ചിട്ടും ഹിന്ദി നല്ല വശമില്ല മുകുന്ദന്. ഇംഗ്ളീഷും ഫ്രഞ്ചും പച്ചവെള്ളംപോലെ പറയുകയും എഴുതുകയും ചെയ്യും.
ഉദ്യോഗക്കയറ്റം കിട്ടുന്നതിനനുസരിച്ച് മുകുന്ദന്‍ വീടുകള്‍ മാറി. 1974ല്‍ എം ടിയുടെ നിര്‍മാല്യത്തിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഞാനും കുടുംബവും അവാര്‍ഡ് നൈറ്റ് കാണാന്‍ പോയി. മുകുന്ദന്‍ അന്ന് ഒരു ബര്‍സാത്തിയിലായിരുന്നു താമസം. ഞാനും ഭാര്യയും മകളും അങ്ങോട്ട് പോയി. മുകുന്ദന്റെ ഭാര്യ പ്രസവിക്കാന്‍ നാട്ടില്‍ പോയിരിക്കയാണ്. അനുജന്‍ എന്‍ജിനിയര്‍ ചന്ദ്രന്‍ ഒരുമിച്ചുണ്ട്. അവനാണ് പാചകം. വൈകിട്ട് എം ഗോവിന്ദനും ചിത്രകാരന്‍ ഹരിദാസും എത്തി. രാത്രി ഉല്ലാസപ്രദമായിരുന്നു. ഞങ്ങളെല്ലാം അവിടെ സുഖമായി കഴിഞ്ഞു. 1980ല്‍ സ്മാരക ശിലകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ കോവിലന്റെ നേതൃത്വത്തിലാണ് ഞങ്ങള്‍ ദല്‍ഹിക്ക് പോയത്. മുകുന്ദന്‍ അപ്പോഴേക്കും വീട് മാറിയിരുന്നു. ഒറ്റ മുറിയുള്ള ഒരു ഫ്ളാറ്റ്. ഞങ്ങള്‍ അവിടെയും സുഖമായി കഴിഞ്ഞു. ഇപ്പോള്‍ മുകുന്ദന്‍ ദല്‍ഹിയില്‍ ധനികര്‍ താമസിക്കുന്ന വസന്ത് കുഞ്ചില്‍ ഒരു വലിയ ഫ്ളാറ്റിലാണ് താമസം. വിശാലമായ അതിഥിമുറി, മൂന്ന് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം, അടുക്കള, ബാല്‍ക്കണി എല്ലാമുണ്ട്. താമസിക്കാന്‍ മുകുന്ദനും ഭാര്യയും മാത്രം. ഭാവനയും പ്രീതീഷും അമേരിക്കയിലാണ്. കഴിഞ്ഞവര്‍ഷം പുതിയ ഫ്ളാറ്റില്‍ മൂന്ന് നാല് ദിവസം ഞാന്‍ താമസിച്ചു. കുറെയെഴുതി. ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ കണ്ണുകള്‍ ഒന്നുകൂടി വലുതാക്കി മുകുന്ദന്‍ ചോദിച്ചു 'എടാ നീയെപ്പോഴാ പോകുന്നത്?' 'ഞാനെന്തിനാണ് ഇപ്പോള്‍ പോകുന്നത്. ശ്രീജ നല്ല ഭക്ഷണം തരുന്നുണ്ട്. താമസവും സുഖം. എനിക്ക് കുറച്ച്കൂടി എഴുതാനുണ്ട്'. ഞാന്‍ പറഞ്ഞു. 'കുട്ടികള്‍ വരുന്നുണ്ട്. പ്രയാസമാകും'. മുകുന്ദന്‍ വിഷമിച്ചു. ഞാനപ്പോള്‍ തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍ ഓര്‍ത്തു.
ഭാസിക്ക് ഒരു രാത്രി ഒളിവില്‍ കഴിയണം. അടുത്ത സുഹൃത്തും പാര്‍ടി അനുഭാവിയുമായ നാട്ടുകാരന്റെ വീട്ടില്‍ ചെന്നു. നാലഞ്ച് കിടപ്പുമുറികളുള്ള വലിയ വീടാണ്. ഭാസി ആവശ്യം പറഞ്ഞപ്പോള്‍ സുഹൃത്തിന് വിഷമമായി. ഒരു മുറിയില്‍ അച്ഛനും അമ്മയുമാണ്. മറ്റൊന്നില്‍ സുഹൃത്തും ഭാര്യയും. വേറൊന്നില്‍ സഹോദരിയും ഭര്‍ത്താവും. നാലാമത് ഒരു കിടപ്പുമുറിയുള്ളത് നെല്‍വിത്ത് സൂക്ഷിച്ചിരിക്കയാണ്. ഭാസിയെ എവിടെ കിടത്തും. ഭാസി നേരെ ആ പറമ്പിന്റെ മൂലയില്‍ കുടികിടപ്പ്കാരനായ ചേന്നന്റെ വീട്ടിലേക്ക് പോയി. വീടെന്ന് പറയാനില്ല. ചെറ്റപ്പുര. ഒരു മുറിയും ചായ്പും. ചേന്നനോട് ആവശ്യം പറഞ്ഞു. ചേന്നന്‍ പെട്ടെന്ന് പറഞ്ഞു. 'അതിനെന്ത് പ്രയാസം സഖാവെ. സഖാവ് ഒരഞ്ച് മിനിറ്റ് ഇരിക്ക്'. ഭാസി ഇരുന്നു. അകത്ത് തട്ടലും മുട്ടലും കേട്ടു. അഞ്ച് മിനുട്ട് കൊണ്ട് ചേന്നന്‍ പുറത്ത് വന്ന് പറഞ്ഞു. 'സഖാവിന് കിടക്കാം. പായ വിരിച്ചിട്ടുണ്ട്.' ഭാസി അകത്ത് കയറി കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്ത് ചെറിയ ചൂട് അനുഭവപ്പെട്ടു. പായ പൊക്കി നോക്കി. അന്നത്തെ അത്താഴക്കഞ്ഞിവെച്ച അടുപ്പ് തട്ടിനിരത്തി വെള്ളം ഒഴിച്ച് നിരപ്പാക്കിയാണ് ഭാസിക്ക് കിടക്കാന്‍ ചേന്നന്‍ മുറി ഒരുക്കിയത്. ഭാസിക്ക് കരച്ചിലടക്കാനായില്ല.
അലിഗഢില്‍ പഠിക്കുമ്പോള്‍ ഒഴിവുള്ളപ്പോഴെല്ലാം മുകുന്ദന്റെ വീട്ടില്‍ പോകും. മദ്യത്തിന്റെ കാര്യത്തിലേ രാഘവേട്ടന് പിശുക്കുള്ളൂ. ഭക്ഷണം കുശാലാണ്. അമ്മുവേടത്തി നല്ല പാചക വിദഗ്ധയുമാണ്. മുകുന്ദന്‍ രാഘവേട്ടനെ വെട്ടിച്ച് ഫ്രഞ്ച് മദ്യം സംഘടിപ്പിക്കും. ബാല്‍ക്കണിയിലിരുന്ന് ഞങ്ങള്‍ അത് കുടിക്കും. മുകുന്ദന്‍ ലേശം മോന്തുകയേയുള്ളൂ. ഇപ്പോഴത്തെപ്പോലെ. മുകുന്ദന് കുടിക്കണ്ട, കുടിക്കുന്നത് കണ്ടാല്‍തന്നെ ഫിറ്റാകും. കാക്കനാടന്റെ അനുജന്‍ തമ്പിയാണ് ഞങ്ങള്‍ക്ക് ഭാംഗ് അടിക്കേണ്ട വിദ്യ പഠിപ്പിച്ചത്.
? അലിഗഢില്‍വച്ചെഴുതിയ 'ജീവച്ഛവങ്ങള്‍' എന്ന കഥ കോളിളക്കം സൃഷ്ടിച്ചു.
അറുപതുകളുടെ മധ്യത്തിലാണ് ജീവച്ഛവങ്ങള്‍ എഴുതുന്നത്. മെഡിക്കല്‍ കോളേജിലെ അനുഭവങ്ങളായിരുന്നു അത്. സര്‍വകലാശാലയിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്നു മഞ്ചേരിക്കാരന്‍ ഇസഹാഖ്. ആദ്യകാല കമ്യൂണിസ്റ്റായിരുന്നു. എ കെ ജിയുടെയും ഇ എം എസിന്റെയും കൂടെ രണ്ടേക്കറും പോത്തും പ്രസംഗിച്ച് നടന്നിരുന്നു. പിന്നെ ജാമിയമില്ലയില്‍ പഠിച്ചു. സാക്കീര്‍ ഹുസൈനായിരുന്നു അന്ന് പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായി. സാക്കീര്‍ ഹുസൈന്‍ അലിഗഢില്‍ വിസിയായപ്പോള്‍ ഇസഹാഖിനെയും കൂടെ കൊണ്ടുവന്നു. ഇസഹാഖ് സ്റ്റ്യുവഡായിരുന്നു. ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് യൂണിവേഴ്സിറ്റി പ്രോപ്പര്‍ട്ടി. താര്‍വാല ബംഗ്ളാവിലായിരുന്നു താമസം. യൂണിവേഴ്സിറ്റിയില്‍ വലിയ സ്വാധീനവും ശക്തിയുമുള്ള ആളായിരുന്നു ഇസഹാഖ്. ഞങ്ങള്‍ മലയാളിക്കുട്ടികള്‍ പലപ്പോഴും അവിടെച്ചെന്ന് ഭക്ഷണത്തില്‍ പങ്ക്ചേരും. അദ്ദേഹത്തിന്റെ ഭാര്യ പത്മാവതി ഒരു പങ്ക് ഞങ്ങള്‍ക്കായി നീക്കിവയ്ക്കും. ജീവച്ഛവങ്ങളിലെ വ്യക്തികളും സംഭവങ്ങളും താനുമായി ബന്ധമുണ്ടെന്ന് ഇസഹാഖിന് തോന്നി. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനത്തില്‍ യൂണിവേഴ്സിറ്റിക്ക് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ച് എന്നെ യൂണിവേഴ്സിറ്റിയില്‍നിന്ന് പുറത്താക്കാന്‍ ശ്രമം നടന്നു. വലിയ രീതിയിലുള്ള ഇടപെടല്‍കൊണ്ടേ രക്ഷപ്പെടൂ എന്ന് ഞാന്‍ മനസ്സിലാക്കി. ദല്‍ഹിയിലെത്തി എസ്കെ പൊറ്റെക്കാടിനെ അന്വേഷിച്ചു. പൊറ്റെക്കാട് അന്ന് എംപിയാണ്. മാസങ്ങളായി പൊറ്റെക്കാട് ദല്‍ഹിയിലില്ല. ചന്ദ്രിക പത്രാധിപര്‍ കൂടിയായ സി എച്ച് മുഹമ്മദ്കോയയെ കണ്ടു. അദ്ദേഹം അന്ന് എംപിയാണ്. അദ്ദേഹം ധൈര്യംതന്നു. ലേഖനം ഞാന്‍ എഴുതിയതല്ലെന്ന് പറയണമെന്ന് നിര്‍ദേശിച്ചു. കോഴിക്കോട് ചന്ദ്രികയില്‍ വിളിച്ച് എന്റെ കൈയക്ഷരത്തില്‍ എഴുതിയ ലേഖനം മാറ്റിവയ്ക്കാനും മറ്റൊരാളെക്കൊണ്ട് എഴുതിക്കാനും പറഞ്ഞു. പാര്‍ലമെന്റിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് പ്രൊഫ. ഹിരണ്‍ മുഖര്‍ജിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ഹിരണ്‍ മുഖര്‍ജി ഇസഹാഖിനെ വിളിച്ച് ശാസിച്ചു. റാങ്ക് നേടി യൂണിവേഴ്സിറ്റിയിലെത്തിയ കുട്ടികളെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതോടെ സംഭവം അവസാനിച്ചു.
? സേതുവുമൊത്ത് താങ്കള്‍ ഒരു നോവലെഴുതി 'നവഗ്രഹങ്ങളുടെ തടവറ'
കാലംതെറ്റി പിറന്ന ഒരു സാധനമാണ് അത്. ആ സമയത്ത് അത് ഏശിയില്ല. സേതു വടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ മാനേജരായിരിക്കെയാണ് ഒന്നിച്ചൊരു നോവല്‍ എന്ന ആശയമുണ്ടായത്. ആദ്യം ഞങ്ങളൊരു കഥയുണ്ടാക്കി. അതിന്റെ സിനോപ്സിസ് തയ്യാറാക്കി. ആദ്യത്തെ നാല് അധ്യായം സേതു എഴുതും. അത് വായിച്ച് അടുത്ത നാല് അധ്യായം ഞാനെഴുതും. അങ്ങനെ പത്തിരുപത്തിയഞ്ച് അധ്യായങ്ങളുള്ള നോവല്‍ ആദ്യഭാഗം വടകരയില്‍നിന്ന് എഴുതി. ബത്തേരി ഗസ്റ്റ്ഹൌസില്‍ താമസിച്ചാണ് വര്‍ക്ക് പൂര്‍ത്തിയാക്കിയത്. ദുര്‍ഗ്രാഹ്യമായ ഒന്നായിരുന്നു അത്. 'നവഗ്രഹങ്ങളുടെ തടവറ' വായിച്ച് മേശക്കടിയിലേക്ക് ഒരേറായിരുന്നു കോവിലന്‍. നോണ്‍സെന്‍സ് എന്നും പറഞ്ഞു.
? താങ്കള്‍ ഒരു മുസ്ളീം എഴുത്തുകാരനാണോ. മുസ്ളീം എഴുത്തുകാരന്‍ എന്ന നിലയില്‍ പരിഗണന ലഭിച്ചിട്ടുണ്ടോ.
എന്നെ മുസ്ളീമായിതന്നെ പലരും പരിഗണിക്കുന്നില്ല. എന്നിട്ടല്ലേ മുസ്ളീം എഴുത്തുകാരനാകുക. ഞാന്‍ പള്ളികളിലൊന്നും പോകാറില്ല. എന്റെ ദൈവം എന്റെ ഹൃദയത്തിലാണ്. ഇരുപത്തിനാല് മണിക്കൂറും എന്റെ കൂടെയുള്ള ഒരാളെ തേടി ഞാന്‍ ഒരു പള്ളിയിലും പോകേണ്ടതില്ല. ഇസ്ളാമിന്റെ ആശയങ്ങളൊക്കെ വളരെ ആഴത്തില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇസ്ളാമായി ജനിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. മുസ്ളീമായി ജീവിക്കുന്നതില്‍ ഇല്ലെങ്കിലും. ഇസ്ളാം വേറെ, മുസ്ളീം വേറെ. മുസ്ളീം എഴുത്തുകാരന്‍ എന്ന നിലയില്‍ പരിഗണനയോ അവഗണനയോ ഉണ്ടായിട്ടില്ല. പലര്‍ക്കും ഇഷ്ടപ്പെടാത്ത ജീവിതശൈലിയാണ് എന്റേത്. ഞാന്‍ ആരേയും പേടിക്കുന്നില്ല. എനിക്കൊരു കാമുകി ഉണ്ടെങ്കില്‍ അവളോടൊപ്പം ഓപ്പണായി ജീവിക്കുന്നതാണ് എന്റെ രീതി.
? മുസ്ളീങ്ങള്‍ കൂടുതല്‍ മതനിഷ്ഠയുള്ളവരാകുകയും ഭീകരവാദത്തിലേക്കും അന്ധവിശ്വാസങ്ങളിലേക്കും വഴുതിപ്പോകുകയും ചെയ്യുന്നുവെന്ന് പരാതിയുണ്ട്.
ഇസ്ളാംമതത്തില്‍ മാറ്റങ്ങളുണ്ടാകുന്നില്ല. 1400 കൊല്ലങ്ങള്‍ക്ക് മുമ്പ് എഴുതിവച്ച ശരീ അത്ത് തന്നെയാണ് ഇന്നും മുസ്ളീം ജീവിതത്തിന്റെ നിയമാവലി. ഇസ്ളാം ഭരണം നടക്കുന്ന രാജ്യങ്ങളില്‍പ്പോലും ചെറിയതോതില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്. സൌദി അറേബ്യയില്‍ പെണ്‍കുട്ടികള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയിട്ടുണ്ട്. ഓഫീസുകളില്‍ പര്‍ദ ഉപയോഗിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ഇവിടെ മതമൌലികവാദികള്‍ കൂടുതല്‍ പിടിമുറുക്കുകയാണ്. ഇതിന്റെ ഫലമായാണ് പര്‍ദയും തൊപ്പിയും പോലുള്ള മതചിഹ്നങ്ങള്‍ ധരിച്ച് നടക്കുന്നവരുടെ എണ്ണം കൂടി വരുന്നത്. സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന വസ്ത്രമല്ല പര്‍ദ. പുരുഷന്മാരായ മതപണ്ഡിതന്മാര്‍ പേടിപ്പിച്ചും പ്രീണിപ്പിച്ചും സ്ത്രീകളെ പര്‍ദ ധരിപ്പിക്കുകയാണ്. ഒരു പെണ്ണിന്റെ മുടിയോ കൈയോ കണ്ടാല്‍ കാമഭ്രാന്തിളകുന്നവരുണ്ടെങ്കില്‍ അവരെ ഭ്രാന്താശുപത്രിയില്‍ ചികിത്സിക്കണം. അല്ലാതെ നാട്ടിലെ പെണ്ണുങ്ങളെ മുഴുവന്‍ കരിന്തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയല്ല വേണ്ടത്.
? കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ചേകന്നൂര്‍ വധമെന്ന് താങ്കള്‍ പറഞ്ഞു.
അഴിക്കോട് മാഷും കാരശ്ശേരിയും ഞാനും മാത്രമാണ് ചേകന്നൂര്‍ വധത്തെ പരസ്യമായി എതിര്‍ത്ത എഴുത്തുകാര്‍. ചേകന്നൂര്‍ വധം അനിസ്ളാമികമാണെന്ന് കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എഴുതിയ ലേഖനത്തില്‍ ഞാന്‍ പറഞ്ഞു. ഇസ്ളാമിനെ നവീകരിക്കാന്‍ ശ്രമിച്ച മതപണ്ഡിതനായിരുന്നു ചേകന്നൂര്‍. സാമ്പ്രദായിക വിശ്വാസങ്ങള്‍ക്ക്നേരെ പ്രകോപനപരമായി സംസാരിച്ച ചേകന്നൂരിനെ ഇല്ലായ്മ ചെയ്യുകയായിരുന്നു അവര്‍. ജനാധിപത്യ വിരുദ്ധമായ കാടന്‍ പ്രതിരോധം.
? മാധവിക്കുട്ടിയുടെ മതംമാറ്റത്തെ താങ്കള്‍ വിമര്‍ശിച്ചു. യൂണിവേഴ്സിറ്റിയില്‍ പഠിച്ച ശേഷം പ്രൈമറി സ്കൂളില്‍ പോയപോലെയെന്ന്.
മനുഷ്യന് നന്മചെയ്യാന്‍ മതം മാറണമെന്നില്ല. മതം വേണമെന്നുമില്ല. ഹിന്ദുമതം ഒരു സര്‍വകലാശാലയാണ്. അതുകൊണ്ടാണ് മാധവിക്കുട്ടിയുടെ മതംമാറ്റത്തെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞത്.
? മലമുകളിലെ അബ്ദുള്ളക്കാണ് ആദ്യമായി അവാര്‍ഡ് ലഭിക്കുന്നത്. അവാര്‍ഡുകള്‍ പലപ്പോഴും വിവാദമാകുന്നു.
ആദ്യമായി അവാര്‍ഡ് ലഭിക്കുന്നത് 'മലമുകളിലെ അബ്ദുള്ള' എന്ന കഥാസമാഹാരത്തിനാണ്. രാവിലെ പത്രത്തില്‍ വാര്‍ത്ത കാണുകയാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ തൃശൂരില്‍ പോയി. തകഴിയെയും വൈലോപ്പിള്ളിയെയും പരിചയപ്പെടുന്നത് തൃശൂരില്‍ വച്ചാണ്. പതിനാല് രൂപ വാടകക്ക് മാസ് ഹോട്ടലിലായിരുന്നു താമസം. രാജകീയമായി. തൃശൂരില്‍ കിട്ടില്ലെന്ന് കരുതി മാഹിയില്‍നിന്ന് രണ്ട് കുപ്പി നല്ല റം കൊണ്ടുപോയിരുന്നു. രാവിലെ ഒരു ഫോണ്‍കോള്‍. 'എടാ മേത്തച്ചെറുക്കാ ആര് പറഞ്ഞെടാ നിന്നോട് ഇവിടെ വരാന്‍. നിനക്ക് എന്താടാ ഇവിടെ പണി?' ഞാനാകെ അന്തംവിട്ട് നില്‍ക്കുമ്പോള്‍ ഫോണില്‍ ചിരിയാണ്. 'ഞാനാടാ തകഴിച്ചേട്ടനാടാ ഞാനങ്ങോട്ട് വരുന്നുണ്ട്.' അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തകഴിച്ചേട്ടന്‍ വന്നു. പിന്നാലെ ചുമ്മാര്‍ ചൂണ്ടലുമുണ്ട്. റമ്മിന്റെ കുപ്പി ഞാന്‍ മുന്നില്‍വച്ചു. തകഴിച്ചേട്ടന്‍ രണ്ട് മൂന്നെണ്ണം പെട്ടെന്ന് അകത്താക്കി. നല്ല മീന്‍കറിയും കൂട്ടി ഊണ് കഴിച്ചു. വിശാലമായി മുറുക്കി പോയി.
വൈലോപ്പിള്ളിയെ ആദ്യമായി കാണുന്നത് തൃശൂരിലാണ്. ബിനി ടൂറിസ്റ്റ് ഹോമില്‍. എന്‍ വി കൃഷ്ണവാര്യര്‍ വലിയ ബഹുമാനത്തോടെ ഒരാളോട് സംസാരിക്കുന്നു. അന്വേഷിച്ചപ്പോള്‍ വൈലോപ്പിള്ളിയാണ്. എന്റെ പ്രിയ കവി. നല്ല ഉല്ലാസത്തിലായിരുന്നു ഞാന്‍. കവിയുടെ മുന്നില്‍ച്ചെന്ന് നീട്ടി ഒരു ചൊല്ലലാണ്.
'കാട്ടിയുഷസ്സൊരു മൈലാഞ്ചി കൈ
കാക്ക വിളിച്ചൂ തേന്മാവില്‍
താമസമെന്തിന് അമ്മാളു
നിന്‍ താമരയല്ലി തുറന്നോളൂ
വിരുതെഴുമാങ്ങളമാരവര്‍ നാത്തൂന്‍
വീടുകള്‍ വിട്ട് വരുംമുമ്പെ
എങ്ങുമടിച്ച് തളിക്കണ്ടെ
അതിഭംഗിയിലൂണിനൊരുക്കേണ്ടേ' -
പത്ത് പതിനാറ് വരികള്‍ ചൊല്ലിയപ്പോള്‍ ചിരിച്ചുകൊണ്ട് കവി കൈ രണ്ടും കൂട്ടിപ്പിടിച്ചു. പിയും ഇടശ്ശേരിയും വൈലോപ്പിള്ളിയുമായിരുന്നു പ്രിയ കവികള്‍. പിയെ ഞാന്‍ ബ്രണ്ണന്‍ കോളേജില്‍ ക്ഷണിച്ചിട്ടുണ്ട്. ഇടശ്ശേരിയെ കാണാന്‍ ഭാഗ്യമുണ്ടായില്ല.
? സാഹിത്യത്തിന്റെ മൂന്ന് ശാഖകളില്‍-കഥ, നോവല്‍, യാത്രാവിവരണം-താങ്കള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പരിഷത്ത് അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, മുട്ടത്ത് വര്‍ക്കി അവാര്‍ഡ് എന്നിവയും നേടി. പല അവാര്‍ഡുകളും ലഭിച്ചില്ലെന്ന് ഈയിടെ പറഞ്ഞു.
ഗള്‍ഫില്‍നിന്ന് പത്തിരുനൂറ്റിഅമ്പതോളം അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. അതിലൊന്നുപോലും ലഭിച്ചില്ലെന്നാണ് പറഞ്ഞത്. ഏതെങ്കിലുംപക്ഷത്ത് നിന്നാലേ ആ അവാര്‍ഡുകള്‍ ലഭിക്കൂ. കേരളത്തില്‍തന്നെ ധാരാളം അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. വയലാര്‍ അവാര്‍ഡ്, മുട്ടത്ത് വര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്. ഇതില്‍ പലതും സുതാര്യമല്ല. അര്‍ഹിക്കുന്ന പലര്‍ക്കും ലഭിക്കുന്നില്ല. അര്‍ഹിക്കാത്ത പലര്‍ക്കും ലഭിക്കുന്നുമുണ്ട്. വള്ളത്തോള്‍ അവാര്‍ഡിന് ഒരു ഹിന്ദുത്വത്തിന്റെ മായമുണ്ട്. നിക്ഷിപ്ത താല്‍പ്പര്യം ഇല്ലാത്തതിനാല്‍ മുട്ടത്ത് വര്‍ക്കി അവാര്‍ഡ് സുതാര്യമാണ്. വയലാര്‍ അവാര്‍ഡ് രണ്ടോ മൂന്നോ ആളുകളുടെ തീരുമാനമാണ്.
? കിട്ടാത്ത മുന്തിരി പുളിക്കും.
കിട്ടിയാലും പുളിക്കും.
? സാഹിത്യത്തിലും സിനിമയിലും ഒട്ടേറെ അവാര്‍ഡ് കമ്മിറ്റികളില്‍ ജൂറിയായിരുന്നു. മറക്കാനാകാത്ത ഓര്‍മകള്‍.
സംസ്ഥാന സിനിമാ ജൂറിയായപ്പോള്‍ ഞങ്ങളുടെ തലമുറയിലെ പ്രശസ്തനായ നടന്‍ അശോക്കുമാറിനെ പരിചയപ്പെട്ടു. ഹിന്ദി സംസാരിക്കുന്നതുകൊണ്ട് അശോക് കുമാറിന് ഏറെ ഇഷ്ടമായിരുന്നു എന്നെ. മുപ്പത് വര്‍ഷം മുമ്പായിരുന്നു അത്. മോഹന്‍ലാല്‍ വലിയ നടനായി തീരുമെന്ന് അശോക് കുമാര്‍ പറഞ്ഞു. തിലകനും ജഗതിയും വലിയ നടന്മാരാണെന്നും പറഞ്ഞു. കേന്ദ്ര സിനിമാ ജൂറിയായിരുന്നപ്പോഴാണ് നടന്‍ ചാരുഹാസനെ പരിചയപ്പെട്ടത്. എന്റെ 'മരുന്ന്' നോവല്‍ 'ദവ' എന്ന പേരില്‍ ദൂരദര്‍ശന്‍ ടെലിവിഷന്‍ സീരിയലിനായി തെരഞ്ഞെടുത്തിരുന്നു. അഭിനേതാക്കളെല്ലാം കേരളത്തിന് പുറത്തുള്ളവരായിരുന്നു. നസിറുദ്ദീന്‍ ഷാ, ചാരുഹാസന്‍, സുപ്രിയ പഥക്, രോഹിണി ഹട്ടങ്ങടി തുടങ്ങിയവര്‍. ദവയിലെ അനാട്ടമി പ്രൊഫസറായി വേഷമിട്ടത് ചാരുഹാസനായിരുന്നു. കഥാപാത്രത്തിന് തന്മയത്തം കിട്ടാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനാട്ടമി ഡിപ്പാര്‍ട്ട്മെന്റിലെല്ലാം അദ്ദേഹം കയറിയിറങ്ങി. നാഷണല്‍ ഫിലിം ജൂറിയില്‍ അംഗമായിരുന്നപ്പോഴാണ് ചാരുഹാസനെ കാണുന്നത്.
ദിവസവും മൂന്ന് നാല് സിനിമകള്‍ കാണണം. രാത്രി എട്ടു മണിയാകും തീരാന്‍. എല്ലാവരും ക്ഷീണിച്ചിരിക്കും. ഏതെങ്കിലും ഹോട്ടലിലായിരിക്കും ഡിന്നര്‍. പ്രശസ്ത വ്യക്തികളും ക്ഷണിക്കും. ഒരു ദിവസത്തെ ഡിന്നര്‍ പ്രശസ്ത ഡോക്യുമെന്ററി നിര്‍മാതാവും സംവിധായകനുമായ മൈക്ക് പാണ്ഡേയുടെ വീട്ടിലായിരുന്നു. ഐസ് ക്യൂബുകള്‍ മാത്രമിട്ട് തണുപ്പിച്ച സ്കോച്ച് നിറച്ച കട്ട് ക്ളാസ് ഉള്ളംകൈയില്‍ തിരുമ്മി ചാരുഹാസന്‍ ഇരിക്കുന്നു. ഞാന്‍ അടുത്തുചെന്ന് സ്വയം പരിചയപ്പെടുത്തി. അദ്ദേഹം സ്നേഹപൂര്‍വം എന്നെ ആശ്ളേഷിച്ചു. പിന്നീട് പിരിയുന്നതുവരെ എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങള്‍ ഒന്നിച്ചിരുന്നു. 1977ലായിരുന്നു അത്. രണ്ടെണ്ണം വിട്ട്കഴിഞ്ഞാല്‍ ചാരുഹാസന്‍ വാചാലനാകും. ഒരു ദിവസം അദ്ദേഹം ചോദിച്ചു: 'അബ്ദുള്ളാ യു നോ കമല്‍ഹാസന്‍' കമലഹാസനെ ആര്‍ക്കാണ് അറിയാത്തത്. 'യെസ് സാര്‍ വെരിമച്ച്' ഞാന്‍ പറഞ്ഞു. 'യു നൊ, ഹി ഈസ് മൈ ബ്രദര്‍'. അതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് ഞാന്‍ പറഞ്ഞു. ഒരു ദിവസം പൊടുന്നനെ അദ്ദേഹം ചോദിച്ചു 'അബ്ദുള്ളാ, ഹേവ് യു ഹേഡ് എബൌട്ട് സുഹാസിനി' സുഹാസിനിയെ അറിയാത്തവരായി ആരുണ്ട്. ഞാന്‍ ചോദിച്ചു ' ഷീ ഇസ് മൈ ഡോട്ടര്‍'. 'അബ്ദുള്ളാ വണ്‍ ഡേ സുഹാസിനി കെയിം ടു മി ആന്‍ഡ് ടോള്‍ഡ്, ഷി വാണ്ട്സ് ടു മേരി മണിരത്നം. ഐ ടോള്‍ഡ് ഹേര്‍, ബിഫോര്‍ മേരീയിങ് ഹിം, ഗോ ആന്‍ഡ് സ്റ്റേ വിത്ത് ഹിം അറ്റ് ലീസ്റ്റ് സിക്സ് മംത്സ്. ദെന്‍ കം ബാക്ക് ദെന്‍ ടെല്‍ മി വെതര്‍ യു വാണ്ട് ടു മേരി ഹിം ഓര്‍ നോട്ട്' ചാരുഹാസന്‍ പൊട്ടിച്ചിരിച്ചു.
? യാത്ര വളരെയേറെ ഇഷ്ടമാണ്. ഒട്ടേറെ യാത്രാനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.
പതിനഞ്ചാം വയസില്‍ വീട് വിട്ടവനാണ് ഞാന്‍. പത്ത് വര്‍ഷം അലിഗഢില്‍. കാല്‍ നൂറ്റാണ്ട്കാലം വടകരയില്‍. കുറച്ച് വര്‍ഷങ്ങള്‍ സൌദി അറേബ്യയില്‍. അഞ്ച് വര്‍ഷം വയനാട്ടില്‍. അഞ്ച് വര്‍ഷം തിരുവനന്തപുരത്തും. ഇപ്പോള്‍ കോഴിക്കോട്ട്. യാത്ര ചെയ്യാതിരിക്കാന്‍ എനിക്കാവില്ല. ഇടയ്ക്കിടെ ദുബായില്‍ മൂത്ത മകനോടൊപ്പം. ചിലപ്പോള്‍ ഇളയ മകനോടൊപ്പം ബംഗളൂരുവില്‍. ചിലപ്പോള്‍ കോഴിക്കോട്ട്തന്നെ മകളോടൊപ്പം. കഴിഞ്ഞവര്‍ഷം നാല് മാസം അമേരിക്കയിലായിരുന്നു. ഡിസംബര്‍ മുതല്‍ ജനുവരി വരെ. കൊടിയ വിന്ററില്‍. ന്യൂയോര്‍ക്കിലെ ബ്രോന്‍ക്സില്‍ മധുനായര്‍ക്കൊരു വീടുണ്ട്. അവിടം കേന്ദ്രമാക്കിയായിരുന്നു അമേരിക്കന്‍ യാത്രകള്‍. ആയിരക്കണക്കിന് നാഴികകള്‍ സഞ്ചരിച്ചു. ഒന്നരമാസം ലഗാര്‍ഡ് ഫാം ഹൌസിലായിരുന്നു താമസം. കേരളത്തിലെ ആദ്യത്തെ ദന്തിസ്റ്റ് ഗോപാലിന്റെ മകന്‍ ശിവരാജ് പാലടക്കം നാല് ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം. ഇരുപത് മൈല്‍ ചുറ്റളവില്‍ തെരുവ് വിളക്കുകളോ മനുഷ്യരോ ഇല്ലാത്ത സ്ഥലം. ഫാം ഹൌസില്‍ ഫ്രീസറില്‍ ഭക്ഷണമുണ്ടാകും. അത് ചൂടാക്കി ഭക്ഷിക്കാം. ജങ്ക് ഫുഡ് എന്ന് പറയും. ആരോഗ്യത്തിന് നല്ലതല്ല. ഫാം ഹൌസിലെ സെല്ലാറിലാണ് താമസം. ഫാം ഹൌസിന് പരിസരത്ത് കൂടി ഒരു അരുവി ഒഴുകുന്നുണ്ട്. നിറയെ കാട്ടുതാറാവുകളാണ്. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഏകാന്തത തോന്നില്ല. കാട്ടുതാറാവുകള്‍ കുറുകുന്ന ശബ്ദം കേട്ടാല്‍ ധാരാളം ആളുകള്‍ സംസാരിക്കുന്നതുപോലെ തോന്നും.
റഷ്യയില്‍ ടോള്‍സ്റ്റോയിയുടെ ജന്മഗൃഹം സന്ദര്‍ശിച്ചതും വിന്റര്‍പാലസിന് നേരെ ആദ്യവെടി മുഴക്കിയ ഔറോറ കപ്പലില്‍ കയറിയതുമൊക്കെ ജീവിതത്തിലെ മഹത്തായ ഓര്‍മകളാണ്.
? അരനൂറ്റാണ്ടിലേറെ കാലമായി താങ്കള്‍ കഥ എഴുതുന്നു. ഷോടതി മുതല്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച സൈക്കിള്‍ സവാരിവരെ. ആ പഴയ ചോദ്യം ആവര്‍ത്തിക്കട്ടെ. താങ്കളെന്തിനാണ് എഴുതുന്നത്.
സമൂഹത്തെ ഉദ്ധരിക്കാനായി ഞാനൊരിക്കലും എഴുതിയിട്ടില്ല. ഒരു പൂ വിടരുന്നതെന്തിനാണ്. പൂവിനോട് ചോദിച്ചാല്‍ പറയാന്‍ കഴിയുമോ. ഒരു പൂ വിടരുന്നത് പോലെയോ ഒരു വിത്ത് മുളക്കുന്നത് പോലെയോ ഞാനെഴുതുന്നു. അതിലെങ്കിലും ഒരു വെളിച്ചമുണ്ടാകും. ആ വെളിച്ചം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ നല്ലത്. റോസാപ്പൂ വിടരുന്നത് പനിനീര്‍ ഉണ്ടാക്കാനല്ല. എങ്കിലും നാം റോസപ്പൂവിനെ ഉപയോഗിക്കുന്നു.
*
കടപ്പാട്: ദേശാഭിമാനി വാരിക 19 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
2 comments:
പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ടി രാജന്‍ നടത്തിയ അഭിമുഖം
പുനത്തില്‍ കുഞ്ഞബ്ദുള്ള കഥ എഴുതാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ പതിനാലാം വയസ്സില്‍ ആദ്യ കഥ എഴുതി. പതിനാറാം വയസ്സില്‍ ബാലപംക്തിയില്‍ ആദ്യകഥ അച്ചടിമഷി പുരണ്ടു. 'അസ്സന്‍കുട്ടിക്ക് ഷോടതി അടിച്ചപ്പോള്‍' എന്നായിരുന്നു കുഞ്ഞബ്ദുള്ള നല്‍കിയ തലക്കെട്ട്. എം ടി ആ തലക്കെട്ട് തിരുത്തി 'ഷോടതി' എന്നാക്കി. പത്തൊമ്പതാം വയസ്സില്‍ കുഞ്ഞബ്ദുള്ളയുടെ ആദ്യകഥ മുതിര്‍ന്നവരുടെ പംക്തിയില്‍ പ്രസിദ്ധീകരിച്ചു. 'കല്ല്യാണരാത്രി'. ഇതിന്റെ തലക്കെട്ടും എം ടി തിരുത്തിയതാണ്.
Good one. Thank you.
Post a Comment