
റാഡ്‌ക്ളിഫ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഏഡ്റിയന്‍ റിച്ച് പ്രധാനമായും താല്‍പ്പര്യമെടുത്തത് കവിതയിലാണ് .'A Change of World' എന്ന അവരുടെ കാവ്യസമാഹാരം യുവകവിതാ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് ഒരു സംഭവമായി. കാരണം തെരഞ്ഞെടുപ്പ് നടത്തിയ ആളുടെ പേരും പെരുമയും തന്നെ. ഡബ്ള്യു എച്ച് ഓഡന്‍ (W. H. Auden) എന്ന വരിഷ്ഠ കവി. അദ്ദേഹം ഈ സമാഹാരത്തിന് സാരവത്തായ ഒരവതാരികയും സമ്മാനിച്ചു.

1960 മുതല്‍ ഏഡ്റിയന്‍ റിച്ച് ഒരു റാഡിക്കല്‍ ഫെമിനിസ്‌റ്റ് ആക്റ്റിവിസ്‌റ്റ് എന്ന നിലയില്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു. New Left എന്ന പുരോഗമന പ്രസ്ഥാനത്തില്‍ അവര്‍ സജീവമായി. പൌരാവകാശ പ്രക്ഷോഭങ്ങളിലും യുദ്ധവിരുദ്ധ സമ്മേളനങ്ങളിലും അവരുടെ ശബ്‌ദം ഉയര്‍ന്നുകേള്‍ക്കായി. താനൊരു ലെസ്‌ബിയനാണെന്ന് ഏഡ്റിയന്‍ ധീരമായി വിളിച്ചുപറഞ്ഞത് 1976 ലാണ്. അവരുടെ വിവാദഗ്രന്ഥം'Of Woman Born: Motherhood as Experience and Institution' അച്ചടിച്ചുവന്നതും അക്കൊല്ലമായിരുന്നു. Dream of a Common Language'എന്ന പുസ്‌തകത്തില്‍ ലെസ്‌ബിയന്‍ വികാരവും ലൈംഗികതയും വിശദമായ വിശകലനത്തിനു വിഷയമാവുന്നുണ്ട്. മര്‍മപ്രധാനമായ ഒരു പ്രബന്ധം അവരെഴുതി: 'Compulsory Hetero Sexuality and Lesbian Existence'. ഈ ലേഖനം On Lies, Secrets and Silence എന്ന നിബന്ധസമാഹാരത്തില്‍ നമുക്ക് വായിക്കാം.
ഒരുപാട് ലഘുലേഖകള്‍ ഒരാക്റ്റിവിസ്‌റ്റ് എന്ന നിലയില്‍ ഏഡ്റിയന്‍ എഴുതുകയുണ്ടായി: 'Necessities of Life', 'Will to Change' ഇത്യാദി.

ഏഡ്റിയന് റിച്ച് എഴുതിയതും പ്രചരിപ്പിച്ചതും രാഷ്ട്രീയ കവിതയാണ്- Political Poetry. വെള്ള മധ്യവര്‍ഗ വനിതയുടെ വഴുവഴുപ്പന്‍ കവിതയുടെ തിരസ്‌കാരം ഏഡ്രിയനും അവരുടെ കൂട്ടുകാരികളും (ആലിസ് വാക്കര്‍, ഓഡ്റി ലോര്‍ഡ്, ജൂണ്‍ ജോര്‍ഡന്‍ മുതല്‍ പേര്‍) ഒരു പ്രധാന പ്രവര്‍ത്തനമായിക്കണ്ടു. തല്‍സ്ഥാനത്ത് പ്രതിരോധത്തിന്റെ രാഷ്ട്രീയ കവിതയെ പ്രതിഷ്‌ഠിക്കാനാണ് അവര്‍ ഉദ്യമിച്ചത്. മുമ്പുണ്ടായിരുന്നതും പില്‍ക്കാലത്ത് ഏതാണ്ട് നിര്‍വീര്യമായിത്തീര്‍ന്നതുമായ ഒരു രാഷ്ട്രീയ കവിതാ വഴക്കത്തിന്റെ പ്രത്യാനയിക്കലിന് കളമൊരുക്കുകയാണ് ഫെമിനിസ്‌റ്റ് കവികളുടെ ഉത്തരവാദിത്തമെന്ന് ഏഡ്റിയനും സഖികളും തിരിച്ചറിഞ്ഞു.
കവിത ഒരു 'portable art' സുവഹനീയമായ കല- ആണെന്ന് അവര്‍ വിശ്വസിക്കുന്നു. അത് -കവിത- സഞ്ചരിക്കുന്നു. ഭാഷ എന്ന പൊതു മാധ്യമംകൊണ്ടാണ് അത് നിര്‍മിക്കപ്പെടുന്നത്. വാക്കുകളിലൊതുങ്ങാത്ത സന്ദേശങ്ങളാണ് കവിത നല്‍കുന്നത്. അത് നമ്മുടെ തൃഷ്ണകളെക്കുറിച്ച്, മോഹങ്ങളെക്കുറിച്ച് സംസാരിക്കുന്നു. നമ്മുടെ വിശപ്പുകളെക്കുറിച്ച് പറയുന്നു.അത് നമ്മെ അസംതൃപ്തിയില്‍ നിര്‍ത്തുന്നു. അതുകൊണ്ടുതന്നെ കവിത ഒരു വിധ്വംസക പ്രവര്‍ത്തനമാണ്. ഇങ്ങനെ പോകുന്നു കവിത എന്ന സര്‍ഗക്രിയയെക്കുറിച്ചുള്ള ഏഡ്റിയന്‍ റിച്ചിന്റെ നിരീക്ഷണങ്ങള്‍.
" I am a woman, I am a feminist, and I am against imperialism". "ഞാന്‍ ഒരു പെണ്ണാണ്, ഒരു പെണ്‍പക്ഷവാദി. ഞാന്‍ സാമ്രാജ്യത്വത്തിനെതിരാണ് ''. എന്ന് ഏഡ്റിയന്‍ റിച്ച് സ്വയം നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. സാമ്രാജ്യവിരുദ്ധ മനോഭാവം, സ്വന്തം രാജ്യമായ അമേരിക്കയുടെ വിയത്‌നാം യുദ്ധത്തെ തുറന്നെതിര്‍ക്കാന്‍ ഈ എഴുത്തുകാരിക്ക് കരുത്തു പകര്‍ന്നു. നീതിക്കുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളിലും പെണ്‍പക്ഷം പങ്കുചേരണമെന്ന് അവര്‍ സിദ്ധാന്തിച്ചു. പലപ്പോഴും മാര്‍ക്സിയന്‍ അപഗ്രഥനത്തെ ഏഡ്റിയന്‍ റിച്ച് അനുകൂലിക്കുന്നതായിക്കാണാം. ചരിത്രം, സമൂഹം, സ്‌ത്രീ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ അഗാധമായ അന്വേഷണങ്ങളോട് തനിക്കുള്ള ബഹുമാനം പരസ്യമാക്കാന്‍ ഈ 'റിബെല്‍' മടിച്ചില്ല. മാര്‍ക്സിസവും ഒരാണ്‍പക്ഷ വിപ്ളവവിചാര പദ്ധതിയാണെന്ന ചില ഫെമിനിസ്‌റ്റുകളുടെ വീക്ഷണത്തോട് ഏഡ്റിയന്‍ യോജിച്ചില്ല.
Perception (വേദനം/പ്രത്യക്ഷബോധം), Perspective (പരിപ്രേക്ഷ്യം) എന്നിവ ഈ എഴുത്തുകാരിയുടെ സംവാദത്തില്‍ പ്രധാനമാണ്. ഇവ തമ്മിലുള്ള ബന്ധങ്ങളും വൈരുധ്യങ്ങളും അവര്‍ ഗൌരവമായി പരിശോധിക്കുന്നു. "Of Lies, Secrets and Silences' എന്ന പുസ്‌തകത്തില്‍, അവരുടെ അന്വേഷണ മേഖലകള്‍ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. സ്‌ത്രീയുടെ തൊഴിലിടങ്ങളിലെ സാഹചര്യങ്ങള്‍, യൂണിവേഴ്സിറ്റി വിദ്യാഭ്യാസസമ്പ്രദായത്തില്‍ സ്‌ത്രീക്കുള്ള സ്ഥാനം, മാതൃത്വം, ലെസ്‌ബിയനിസം: ഇവയൊക്കെ ഏഡ്റിയന്‍ ഇടപെടുന്ന വിഷയങ്ങളാണ്. അവരുടെ മുഖ്യമായ ആശയങ്ങളുടെ വ്യക്തമായ ആവിഷ്കാരം "When We Dead Awaken", 'Writing as a Revision', 'Towards a Woman Centred University' എന്നീ പ്രബന്ധങ്ങളില്‍ കാണാം. സാഹിത്യ പാരമ്പര്യങ്ങളെക്കുറിച്ച് നടത്തുന്ന ഗവേഷണത്തിന് ഒരുപുതിയ സമീപനത്തിന്റെ അത്യാവശ്യമുണ്ടെന്ന് ഏഡ്റിയന്‍ അഭിപ്രായപ്പെടുന്നു. ഒരു 'revision' - പുനര്‍ദര്‍ശനം -സാഹിത്യപാഠ നിരൂപണത്തില്‍ ആവശ്യമുണ്ടെന്നത് ഈ എഴുത്തുകാരിയുടെ ഉറച്ച നിലപാടാണ്. പുതിയൊരു വിമര്‍ശനരീതിയും അതിനു യോജിച്ച ഒരു രീതിശാസ്‌ത്രവും രൂപപ്പെടണമെന്ന് ഏഡ്റിയന്‍ റിച്ച് പറയുന്നു. വ്യത്യസ്‌തമായ വിമര്‍ശനവിദ്യയിലൂടെ മാത്രമേ ഒരു"Psychic geography'യുടെ -മനോഭൂമിശാസ്‌ത്രത്തിന്റെ-പര്യവേക്ഷണം, പരിശോധന സാധ്യമാവൂ എന്ന അഭിപ്രായവും അവര്‍ക്കുണ്ട്. ആധുനിക സ്‌ത്രീപക്ഷപാഠ വിശ്ളേഷണ പദ്ധതികളില്‍ ഏഡ്റിയന്‍ റിച്ചിന്റെ മുന്‍ചൊന്ന ആശയങ്ങള്‍ നിസ്സാരമല്ലാത്ത സ്വാധീനം ചെലുത്തുന്നു. പ്രത്യേകിച്ച് പഴയ സാഹിത്യകൃതികളുടെ അപഗ്രഥനത്തില്‍.
'Towards a woman centred university' എന്ന പ്രശസ്‌തമായ പ്രബന്ധം, പുരുഷാധിപത്യ വ്യവസ്ഥക്കുള്ളില്‍, ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ വേഷത്തില്‍, ഒരു സര്‍വകലാശാല എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ മേരി വോള്‍സ്‌റ്റണ്‍ ക്രാഫ്റ്റ് എന്ന ആദ്യകാല ഫെമിനിസ്‌റ്റ് വാദിച്ചത് പുരുഷന് തുല്യമായ വിദ്യാഭ്യാസ സൌകര്യങ്ങള്‍ സ്‌ത്രീക്ക് കിട്ടിയാല്‍ ആണാധിപത്യത്തിനും മേലാളഭാവത്തിനും അറുതിവരും എന്നാണല്ലോ. ഇരുപതാം നൂറ്റാണ്ടിലെ അനുഭവം അതല്ല എന്ന് ഏഡ്റിയന്‍ ചൂണ്ടിക്കാട്ടുന്നു. ആണിന് തുല്യമായ വിദ്യാഭ്യാസാവകാശങ്ങള്‍ പെണ്ണിനും അനുവദിച്ചുകിട്ടിയിട്ടുണ്ടെന്നാണ് പൊതുവിശ്വാസം. അവള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പോകാം, പഠിക്കാം, പഠിപ്പിക്കാം. പക്ഷേ യൂണിവേഴ്സിറ്റിക്കകത്ത് കഥ വേറെയാണ്. അവിടെ പുരുഷാധിപത്യം എല്ലാ തലങ്ങളിലും നിലനില്‍ക്കുന്നു. പുരുഷന്റെ ചട്ടങ്ങള്‍, പുരുഷന്റെ ബോധനരീതികള്‍, പുരുഷന്റെ വിമര്‍ശനസമ്പ്രദായങ്ങള്‍, സ്‌ത്രീക്ക് സ്വീകരിക്കേണ്ടിവരുന്നു. യൂണിവേഴ്സറ്റികള്‍ പ്രചരിപ്പിക്കുന്നത് ഒരു ആണ്‍പക്ഷ പഠന മാതൃകയാണ്. ആണ്‍മാനങ്ങളും മാനദണ്ഡങ്ങളുമാണ് നിലനില്‍ക്കുന്നത്. ഇതേക്കുറിച്ച് വെര്‍ജീനിയ വൂള്‍ഫ് 'Three Guineas' എന്ന പുസ്‌തകത്തില്‍ പറഞ്ഞിട്ടുണ്ട്. പൊതുവേദികളില്‍നിന്ന്, ആശയസംവാദങ്ങളില്‍നിന്ന്, അക്കാദമിക് വ്യാപാരങ്ങളില്‍നിന്ന് സ്‌ത്രീ ഒഴിച്ചുനിര്‍ത്തപ്പെടുന്നത് വൂള്‍ഫ് എടുത്തുകാട്ടിയിരുന്നു. ഏഡ്റിയന്‍ റിച്ച് ആവശ്യപ്പെടുന്നത് യൂണിവേഴ്സിറ്റി വിതാനങ്ങളില്‍ സ്‌ത്രീ ചരിത്രവും, പെണ്ണനുഭവങ്ങളും അവരുടെ ആശയങ്ങളും ഇടം കണ്ടെത്തണമെന്നാണ്. സ്‌ത്രീകള്‍ യൂണിവേഴ്സിറ്റികളില്‍ ചെന്ന് കയറിയതുകൊണ്ടുമാത്രം ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ഗുരുത്വാകര്‍ഷണകേന്ദ്രം (centre of gravity) ആണില്‍നിന്ന് പെണ്ണിലേക്ക് മാറ്റപ്പെടുമ്പോള്‍ മാത്രമേ ഗുണപരമായ പരിവര്‍ത്തനം സംഭവിക്കൂ എന്ന് ഏഡ്റിയന്‍ റിച്ച് നിരീക്ഷിക്കുന്നു. അതിന് യൂണിവേഴ്സിറ്റി അക്കാദമി, സ്‌ത്രീകേന്ദ്രിതമാവണം. അപ്പോള്‍ മാത്രമേ പഠിക്കാനും പഠിപ്പിക്കാനും ശക്തി പങ്കുവെയ്ക്കാനും വിമര്‍ശിക്കാനും, അറിവിനെ അധികാരമാക്കി ചെയ്യാനും പെണ്ണിന് സാധിക്കൂ 'Convert Knowledge to Power"' (അറിവിനെ ആയുധമാക്കുക) എന്നത് റിച്ചിന് വളരെ പ്രിയപ്പെട്ട ഒരു മുദ്രാവാക്യമത്രെ.
'Of Woman Born : Motherhood as Experience and Institution ' എന്ന പാഠത്തില്‍ മാതൃത്വമെന്നതിന്റെ ചരിത്രപരമായ അപഗ്രഥനമാണ് റിച്ച് നടത്തുന്നത്. അമ്മ എന്ന സങ്കല്പത്തെ ചുറ്റിപ്പറ്റിയുള്ള 'മിത്തു'കളെ അനാവരണം ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നു-വിവിധ സമൂഹങ്ങളില്‍, സംസ്‌കാരങ്ങളില്‍ അമ്മയുടെ പങ്കിനെ അവരുടെ താല്‍പര്യാനുസാരം പരിമിതശപ്പടുത്താനും നിയന്ത്രിക്കാനുമുള്ള ഏര്‍പ്പാടുകളുണ്ട്. അവയെക്കുറിച്ചാണ് ഏഡ്റിയന്‍ റിച്ച് പറയുന്നത്. ശാസനാത്മക വ്യവസ്ഥകളില്‍ പെണ്ണിനെ /അമ്മയെ തളച്ചിടുക എന്നതാണ് സമൂഹത്തിന്റെ ഉന്നം. ഈ ആശയം ഏഡ്റിയന്‍ റിച്ച് 'Compulsory Hetero Sexuality and the Lesbian Experience' എന്ന മറ്റൊരു ഗ്രന്ഥത്തില്‍ വിപുലീകരിക്കുന്നുണ്ട്. ഉഭയ ലൈംഗികത (Hetero sexuality) സ്വാഭാവികമായ ഒന്നാണെങ്കില്‍ പെണ്ണിനെ തൂണില്‍ കെട്ടിയിടുന്ന ശാസനകളുടെ, വഴക്കങ്ങളുടെ, ആവശ്യമെന്ത് എന്ന് അവര്‍ ചോദിക്കുന്നു. ഉഭയ ലൈംഗികതയെ ചോദ്യം ചെയ്യുന്നത് നിഷിദ്ധമാണ് എന്ന വിശ്വാസം 'പേറ്റ്റിയാര്‍ക്കല്‍ (പുരുഷാധീശ) സംവാദത്തിന്റെ നിര്‍മിതിയാകുന്നു (ഇതുതന്നെയാണ് Dale spender ഉം പറഞ്ഞത്) കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ആണാധിപത്യ സംസ്‌കാരം കൊണ്ടുവരുന്ന പല taboo കള്‍ (നിരോധങ്ങള്‍ /വര്‍ജനങ്ങള്‍) ഉണ്ട്. 'Hetero Sexuality' ക്ക് - ഉഭയലൈംഗികതക്ക് - എതിരായി ഒന്നും ശബ്‌ദിച്ചുപോകരുത് എന്നത് ആ വിലക്കുകളില്‍ പ്രധാനമാണ്. ലെസ്‌ബിയനിസം - സ്വവര്‍ഗരതിയുടെ സ്‌ത്രീപര്‍വം - എന്ന വികാരകാലാവസ്ഥയെ ചര്‍ച്ചചെയ്യാന്‍ പുതിയൊരു ഭാഷ ആവശ്യമാണെന്ന് ഏഡ്റിയന്‍ റിച്ച് പറയുന്നുണ്ട്. ലെസ്‌ബിയന്‍ എക്സിസ്‌റ്റന്‍സ്' (Lesbian existence) 'ലെസ്‌ബിയന്‍ കണ്‍ടിന്യൂയം' (Lesbian continuum) എന്നീ പദങ്ങള്‍ സൃഷ്ടിച്ചതും അവരാണ്. പുരുഷ മേധാവിത്വഭാഷ സ്‌ത്രീ ലൈംഗികതയുടെ വിവരണത്തിനുപയോഗിക്കുന്ന വാക്കുകളില്‍ ഏഡ്റിയന്‍ രോഷംകൊണ്ടു. ഒരു സ്‌ത്രീ- കേന്ദ്രിത പദാവലിയാണ് അവര്‍ നിര്‍മിക്കാന്‍ ആഗ്രഹിച്ചത്. സ്‌ത്രീയും സ്‌ത്രീയും തമ്മിലുള്ള ഉല്പാദനേന്ദ്രിയപരമായ ലൈംഗികതയായി ലെസ്‌ബിയനിസത്തെ പുരുഷാധീശ സമൂഹവും അതിന്റെ സദാചാരസംഹിതയും ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. അതിനെതിരായി ഒരു അവബോധം, ഒരു പ്രതിരോധം: ഇതു രണ്ടും സൃഷ്ടിക്കേണ്ടത് ഫെമിനിസ്‌റ്റുകളുടെ ദൌത്യമാണെന്ന് ഏഡ്റിയന്‍ റിച്ച് നിരീക്ഷിച്ചു. കാരണം ലെസ്‌ബിയന്‍ ചിന്ത ഒരു വിമോചനമാണ്; ഒരു വിചാരമേഖലയാണ്. അറിഞ്ഞും അറിയാതെയും ഇതേക്കുറിച്ചുള്ള പുരുഷസംവാദത്തില്‍ പെണ്ണുങ്ങള്‍ അതീവ സങ്കുചിതമായ ഒരു സദാചാരബോധത്തോടെ പങ്കെടുക്കുന്നുണ്ടെന്ന കാര്യം ഈ എഴുത്തുകാരി ഓര്‍മപ്പെടുത്തുന്നു.
ഏഡ്റിയന്‍ റിച്ചിന്റെ മഹത്തായ സംഭാവനകള്‍ ഫെമിനിസ്‌റ്റുകളില്‍ പലരും വരവുവെച്ചിട്ടില്ല എന്നത് ദുഃഖകരമായ വാസ്‌തവമായി അവശേഷിക്കുന്നു. സ്‌ത്രീ സാംസ്‌കാരിക പഠനത്തിന്റെ ആഴവും വീതിയും വര്‍ധിപ്പിച്ചത് ഈ അമേരിക്കക്കാരിയാണ് എന്നത് എന്തുകൊണ്ടോ പലരും സൌകര്യപൂര്‍വം വിസ്മരിക്കുന്നു. അവര്‍ ഞെട്ടിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. ആ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ആണ്‍വാഴ്ചയുടെ സംസ്‌കാരം ചൂളുകയും ചെയ്തു.
*****
വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി വാരിക
അധിക വായനയ്‌ക്ക് :
ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം
കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്
സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി...
ഫെമിനിസത്തിന്റെ മാര്‍ക്സിസ്റ്റ് മുഖങ്ങള്‍
നുണകള്‍, രഹസ്യങ്ങള്‍, നിശ്ശബ്‌ദതകള്‍: ഏഡ്റിയന്‍ റി...
ഡേല്‍ സ്‌പെന്‍ഡര്‍ : ദി ക്രിംസണ്‍ ഫെമിനിസ്‌റ്റ്
ലൂസ് ഇറിഗാറെ : ലിംഗവൈജാത്യത്തിന്റെ സിദ്ധാന്ത രൂപങ്...
അപനിര്‍മാണവും ഫെമിനിസവും: ഗായത്രി ചക്രബൊര്‍തി സ്‌പ...
കറുത്ത കത്രീനയുടെ സംഘകഥ
ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍
ഫെമിനിസവും ഇന്‍ഡിംഗ്ളീഷ് നോവലും
സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തില്‍
1 comment:
ഏഡ്റിയന് റിച്ചിന്റെ മഹത്തായ സംഭാവനകള്‍ ഫെമിനിസ്‌റ്റുകളില്‍ പലരും വരവുവെച്ചിട്ടില്ല എന്നത് ദുഃഖകരമായ വാസ്‌തവമായി അവശേഷിക്കുന്നു. സ്‌ത്രീ സാംസ്‌കാരിക പഠനത്തിന്റെ ആഴവും വീതിയും വര്‍ധിപ്പിച്ചത് ഈ അമേരിക്കക്കാരിയാണ് എന്നത് എന്തുകൊണ്ടോ പലരും സൌകര്യപൂര്‍വം വിസ്മരിക്കുന്നു. അവര്‍ ഞെട്ടിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. ആ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ആണ്‍വാഴ്ചയുടെ സംസ്‌കാരം ചൂളുകയും ചെയ്തു.
Post a Comment