Thursday, February 4, 2010

കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്

പെണ്‍പക്ഷ മുന്നേറ്റത്തിന്റെ രണ്ടാം വരവ് എഴുപതുകളില്‍ ആരംഭിച്ചത് വലിയൊരു ഇടിമുഴക്കത്തോടുകൂടിയായിരുന്നു. ആ മേഘഗര്‍ജനം ബഹിര്‍ഗമിച്ചതാകട്ടെ ക്യാതറിന്‍ മ്യൂറെ മില്ലറ്റ് (Katherine Murray Millett) എന്ന മുപ്പത്തഞ്ചുകാരിയുടെ തൊണ്ടയില്‍നിന്നും. 1970ല്‍ കൊളംബിയ സര്‍വകലാശാലക്ക് തന്റെ ഡോക്ടറല്‍ പ്രബന്ധമായി കേറ്റ് സമര്‍പ്പിച്ച ഉഗ്രന്‍ പാഠമത്രെ 'Sexual Politics' - ലൈംഗിക രാഷ്ട്രീയം- എന്ന പേരില്‍ സമകാലിക സംസ്കാരിക-സാമൂഹിക വിചാരങ്ങളുടെ അടിക്കല്ലുകളെ പിടിച്ചുകുലുക്കിയത്. എന്നാല്‍ ഇന്ന് കേറ്റ് മില്ലറ്റ് എന്ന ജ്വാലയെ കാലം ഏതാണ്ട് മറന്ന മട്ടാണ്. Sexual Politics അടക്കമുള്ള അവരുടെ പല പുസ്തകങ്ങള്‍ക്കും പുതിയ പതിപ്പുകള്‍ ഉണ്ടാവുന്നില്ല, പുനര്‍വായനകള്‍ വേണ്ടത്ര നടക്കുന്നില്ല.

1934 സെപ്തംബറില്‍ മിനിസോട്ടയില്‍ (യു എസ്) ജനിച്ച കേറ്റ് ജാപ്പനീസ് ശില്‍പ്പിയായ ഫ്യൂമിയോ യോഷ മ്യൂറെയെ 1965ല്‍ കൂട്ടുകാരനായി സ്വീകരിച്ചു. ആ ദാമ്പത്യം ഒമ്പതുവര്‍ഷത്തിനുശേഷം വിവാഹമോചനത്തിലവസാനിച്ചു. പോയ നൂറ്റാണ്ടിന്റെ അറുപതുകളിലും എഴുപതുകളിലും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ കനല്‍പ്പാടങ്ങളില്‍ കേറ്റ് മില്ലറ്റ് കത്തിനിന്നു. National Organisation for Women (NoW) എന്ന സംഘടനയിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. സ്ത്രീവിമോചനത്തിന്, സ്ത്രീപക്ഷവാദത്തിന്റെ പ്രത്യയശാസ്ത്ര ഭൂമികക്ക് കേറ്റ് മില്ലറ്റ് നല്‍കിയ ആശയദാനങ്ങള്‍ വിലപ്പെട്ടതാകുന്നു. എങ്കിലും പില്‍ക്കാല ഫെമിനിസ്റ്റുകള്‍ അവരെ പിന്‍തള്ളുകയും പ്രാന്തവത്കരിക്കുകയുമാണ് ചെയ്തത്. പത്തുപതിനൊന്നു കൊല്ലംമുമ്പ് കേറ്റ് മില്ലറ്റ് താന്‍ നേരിടുന്ന അവഗണനയെക്കുറിച്ച് ലണ്ടനിലെ 'ദി ഗാര്‍ഡിയന്‍' (The Guardian) പത്രത്തില്‍ തുറന്നെഴുതി. അതീവ വേദനയോടെ അവര്‍ ഇങ്ങനെ പറഞ്ഞു: 'Nothing I write now, has the prospect of seeing print' (ഇപ്പോള്‍ ഞാനെഴുതുന്നതൊന്നും അച്ചടിച്ചുവരാന്‍ സാധ്യത കാണുന്നില്ല).

1970 ലാണ് കേറ്റ് മില്ലറ്റിന്റെ ചരിത്രം ചമച്ച മാസ്റ്റര്‍ പീസ്- സെക്ഷ്വല്‍ പൊളിറ്റിക്സ് -പൊതുവായനക്ക് വിളമ്പിക്കിട്ടിയത്. അക്കൊല്ലംതന്നെ ശ്രദ്ധേയമായ മറ്റു ചില പെണ്‍പാഠങ്ങളും പുറത്തുവന്നു; ജര്‍മന്‍ ഗ്രീന്‍ എഴുതിയ 'ദി ഫിമേല്‍ യൂനക്' (The Female Eunuch), ഷുലാസ്മിത്ത് ഫയര്‍സ്റ്റണ്‍ എഴുതിയ 'ദി ഡയലെക്റ്റ് ഓഫ് സെക്സ്' (The Dialect of Sex), ഈവ ഫിഗ് രചിച്ച 'പേട്രിയാര്‍ക്കല്‍ ആറ്റിറ്റ്യൂഡ്സ്' (Patriarchal Attitudes), റോബിന്‍മോര്‍ഗന്‍ എഡിറ്റു ചെയ്ത 'സിസ്റ്റര്‍ഹുഡ് ഈസ് പവര്‍ഫുള്‍'(Sisterhood is Powerful) എന്ന നിബന്ധസമാഹാരം.

രണ്ടാംതരംഗ ഫെമിനിസം അതിപ്രബലമായ ഒരു സിദ്ധാന്തരൂപമായി, നിര്‍ണായകമായ ഒരു വിമര്‍ശനവേദിയായി വെളിപ്പെടുകയായിരുന്നു. റാഡിക്കല്‍ ഫെമിനിസത്തിന്റെ ചാലുകീറിയത് കേറ്റ്മില്ലറ്റിന്റെ കന്നിപ്പുസ്തകമത്രെ. ലൈംഗിക ബന്ധങ്ങള്‍ സൂക്ഷ്മപരിശോധനയില്‍ രാഷ്ട്രീയമാണെന്ന് (Political) തറപ്പിച്ചുപറഞ്ഞതും ഈ സൈദ്ധാന്തികയാണ്. നിലവിലുള്ള അക്കാദമിക് അതിര്‍ത്തികളെ അതിലംഘിക്കാന്‍ പോന്ന ഒരു ഫെമിനിസ്റ്റ് സാംസ്കാരികസിദ്ധാന്തം (Feminist Cultural Theory) സാധ്യമാണെന്ന് അവരുടെ കൃതി തെളിയിക്കുകയും ചെയ്തു.

പേട്രിയാര്‍ക്കിയെ - തന്തവാഴ്ചയെ - ഒരു രാഷ്ട്രീയ സ്ഥാപനമായി വ്യവഹരിക്കുകയാണ് കേറ്റ്മില്ലറ്റ് ചെയ്യുന്നത്. രാഷ്ട്രീയമെന്നത് അധികാരഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന ബന്ധങ്ങളാണ് (Power-structured Nations). ലിംഗത (Sex) എന്ന വ്യവഹാരത്തിന് രാഷ്ട്രീയമായ അര്‍ഥങ്ങളും സൂചനകളുമുണ്ട്. തന്തക്കോയ്മ അടിച്ചമര്‍ത്തലിന്റെ അടിസ്ഥാനരൂപമാണ്. ഇതിനെ തുടച്ചുമാറ്റിയില്ലെങ്കില്‍ മറ്റുതരത്തിലുള്ള മര്‍ദനങ്ങളും ചൂഷണങ്ങളും -രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം -തുടരുകതന്നെ ചെയ്യും. 'തന്തവാഴ്ച‘ (Patriarchy) എന്നത് ഒരു സാമൂഹ്യ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കേറ്റ്മില്ലറ്റ് ചൂണ്ടിക്കാണിക്കുന്നു. അത് രാഷ്ട്രീയത്തെ, സാമൂഹ്യബന്ധങ്ങളെ, സാംസ്കാരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നു; കൈപ്പിടിയിലൊതുക്കുന്നു. ആശയശാസ്ത്രപരമായ മാര്‍ഗങ്ങളില്‍കൂടിയാണ് അത് അധികാരം നിലനിര്‍ത്തുന്നത്. അത് പേട്രിയാര്‍ക്കി സമൂഹത്തിന്റെ സമ്മതി (consent) സൂത്രത്തില്‍ പിടിച്ചെടുക്കുന്നു. ലിംഗഭേദങ്ങളെ (sex difference) പെരുപ്പിച്ച് കാട്ടുന്നു. പുരുഷന്റെ താഴെയാണ് സ്ത്രീയുടെ സ്ഥാനമെന്ന് സ്ത്രീയെക്കൊണ്ടുതന്നെ സൂത്രത്തില്‍ സമ്മതിപ്പിക്കുന്നു.

ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം ലിംഗരാഷ്ട്രീയത്തിന്റെ സിദ്ധാന്തമാണ് വിശദീകരിക്കുന്നത്. ലൈംഗിക വൈജാത്യങ്ങള്‍ സാംസ്കാരികമായി ഉത്പാദിപ്പിക്കപ്പെടുകയാണ്. ജീവശാസ്ത്ര (biological)പരമായല്ല. കുടുംബം (Family) എന്ന സൃഷ്ടി തന്തവാഴ്ചയുടെ മുഖ്യമായ ചൂഷണോപകരണമാകുന്നു. ഭാഷയുടെ കേന്ദ്രസ്ഥാനത്ത് 'പേട്രിയാര്‍ക്കി' അങ്ങനെ പ്രതിഷ്ഠിക്കുന്നു. പുരുഷാധിപത്യം നിലനിര്‍ത്തുന്നതിന് വര്‍ഗഘടനകളും ഉപയോഗപ്പെടുത്തുന്നുണ്ട്. പെണ്‍വര്‍ഗത്തില്‍ത്തന്നെ ചേരികളും ആ ചേരികളുടെ പോരുകളും പുരുഷാധിപത്യം തന്ത്രപൂര്‍വം സംവിധാനം ചെയ്യുന്നുണ്ട്. ശരീരം വില്‍ക്കുന്ന വേശ്യ/വീട്ടിനുവിളക്കായ കുടുംബിനി; തൊഴിലെടുക്കുന്ന പെണ്ണ്/അടുക്കളയിലും അകത്തളത്തിലും ഒതുങ്ങുന്ന വീട്ടമ്മ: ഈ ദ്വന്ദ്വങ്ങളെ തമ്മിലടിപ്പിച്ച് അതില്‍നിന്നു മുതലെടുക്കുക എന്നതാണ് തന്തവാഴ്ചയുടെ അടവ്. ആയതിനാല്‍ പെണ്ണിന്റെ വര്‍ഗബോധം അസ്ഥിരവും ദുര്‍ബലവുമായിത്തീരുന്നു; ഉപരിപ്ളവവും. സാമ്പത്തികമായി സൃഷ്ടിക്കപ്പെട്ട വര്‍ഗഘടനകളില്‍നിന്ന് (class structures) സ്വതന്ത്രമാണ് തന്തവാഴ്ചയെന്ന് കേറ്റ് മില്ലറ്റ് നിരീക്ഷിക്കുന്നു. പക്ഷേ ഈ തന്താധിപത്യത്തെ അരക്കിട്ടുറപ്പിക്കാന്‍ ഉപയോഗിക്കുന്നത് സാമ്പത്തികശക്തിയെയാണ്. സ്ത്രീയുടെ മുദ്രവിലയും വിപണനവിലയും കഴിവതും നിഷേധിക്കുക; അല്ലെങ്കില്‍ പരമാവധി കുറയ്ക്കുക. അതാണ് തന്തവാഴ്ചയുടെ ഉന്നം. സാങ്കേതികമായ അറിവുകളോട് കൂട്ടുചേര്‍ന്നുകൊണ്ടാണ് അധികാരം സഞ്ചരിക്കുന്നത്. ഈ അറിവിന്റെ വാതില്‍ പെണ്ണിന്റെ നേര്‍ക്ക് കൊട്ടിയടയ്ക്കാനാണ് 'പേട്രിയാര്‍ക്കി'യുടെ പ്രയത്നം. അധികാരപരമായ അസമത്വങ്ങള്‍ (power inequalities) ശാശ്വതീകരിക്കാന്‍ പാകത്തില്‍ അറിവിനെ, വിദ്യാഭ്യാസത്തെ പെണ്ണിനായി ഒരു പ്രത്യേക രീതിയില്‍ സംവരണം ചെയ്യുന്നു. സ്ത്രീക്ക് ചേര്‍ന്ന അന്വേഷണ മേഖലകളേതെന്ന് പുരുഷന്‍ നിശ്ചയിക്കുന്ന അവസ്ഥ പുലരുന്നു. തന്തവാഴ്ചയുടെ സാംസ്കാരികാവിഷ്കാരങ്ങളെ ചരിത്രപരമായി പരിശോധിച്ചാല്‍ ഇത് ബോധ്യമാവും. പുരാതന 'മിത്തു'കളില്‍നിന്ന് മതത്തിലേക്കും ധര്‍മശാസ്ത്രത്തിലേക്കും അവിടന്നങ്ങോട്ട് ശാസ്ത്രത്തിന്റെ അത്ഭുത പ്രപഞ്ചത്തിലേക്കുമുള്ള സമൂഹത്തിന്റെ നടത്തത്തിലുടനീളം, പെണ്ണിന്റെ പുറംതള്ളല്‍, പാര്‍ശ്വവത്കരണം, നീതിനിഷേധം പല രൂപങ്ങളില്‍ കാണാം. ഇതാണ് കേറ്റ് മില്ലറ്റ് സ്ഥാപിച്ചെടുക്കുന്നത്. സാമൂഹ്യവത്കരണപ്രക്രിയയില്‍ സ്ത്രൈണതയുടെ ഒരു സവിശേഷമായ ആശയശാസ്ത്രം ഉരുത്തിരിയുന്നുണ്ട്. ആണിനേക്കാള്‍ താഴ്ന്ന ഒരു വിതാനമാണ് തനിക്ക് ചേര്‍ന്നതെന്ന ധാരണ പെണ്ണില്‍ വളര്‍ത്തുക: അതാണ് പുരുഷാധിപത്യം അതിസമര്‍ഥമായി സാധിക്കുന്നത്. ഇതംഗീകരിക്കാന്‍ പെണ്ണ് ഒരുക്കമായില്ലെങ്കില്‍ പുരുഷന്‍ ബലം/മുഷ്ക് ഉപയോഗിക്കുന്നു. ഈ ബലപ്രയോഗത്തിന് പല ഭാവങ്ങളുണ്ട്; പല ഭാഷകളുണ്ട്. പരപുരുഷ സംസര്‍ഗത്തിനെതിരായുള്ള നിയമങ്ങള്‍; ഗര്‍ഭച്ഛിദ്രത്തിനുള്ള വിലക്കുകള്‍, ബലാത്സംഗം, ലൈംഗികാക്രമണം അശ്ളീലസാഹിത്യം ഇത്യാദിയൊക്കെ ബലപ്രയോഗത്തിന്റെ ഭിന്നമുഖങ്ങളത്രെ. പെണ്‍ 'പേഴ്സണാലിറ്റി'യുടെ ഉന്മൂലനം (annihilation) ആണ് പുരുഷാധിപത്യം സ്വകാര്യ അജന്‍ഡയായി സ്വീകരിക്കുന്നത്.

' Sexual Politics' ന്റെ രണ്ടാംഭാഗം, ലൈംഗികവിപ്ളവത്തിന്റെ (Sexual Revolution) ഒരു ഘട്ടം വിചാരണക്കെടുക്കുന്നു. 1830 മുതല്‍ 1930 വരെയുള്ള ഈ കാലയളവും അതിനെ തുടര്‍ന്നുണ്ടായ പ്രതിവിപ്ളവവും (1930 മുതല്‍ 1960 വരെ) കേറ്റ് മില്ലറ്റ് വിവരിക്കുന്നുണ്ട്. മൂന്നാം ഭാഗമാകട്ടെ, സ്ത്രീയോട്, സ്ത്രൈണത എന്നതിനോട് ഡി എച്ച് ലോറന്‍സ് (D.H.Lawrence), ഹെന്റി മില്ലര്‍ (Henry Miller), നോര്‍മന്‍മെയ്ലര്‍ (Norman Mailer) ഴാന്‍ ഷെനെ (Jean Genet) എന്നീ വിശ്വസാഹിത്യകാരന്മാര്‍ എങ്ങനെ പ്രതികരിച്ചു എന്നന്വേഷിക്കുകയാണ്. ഇവരൊക്കെ സ്ത്രീ-പുരുഷ ലിംഗബന്ധങ്ങളെക്കുറിച്ചും ഇണചേരലുകളെക്കുറിച്ചും ഏതാണ്ട് പച്ചയായിത്തന്നെ എഴുതിയവരാണല്ലോ.

ലൈംഗികവിപ്ളവത്തിന് തന്റേതായൊരു പീഠിക ഈ എഴുത്തുകാരി അവതരിപ്പിക്കുന്നുണ്ട്. തന്തവാഴ്ചക്ക് അറുതിവരുത്തുക എന്നതാണ് പരമപ്രധാനം. അതോടെ പല വിലക്കുകളും ഇരട്ടത്താപ്പുകളും ലൈംഗിക നിയന്ത്രണങ്ങളും അപ്രത്യക്ഷമാകും. പ്രത്യേകമായ ലൈംഗിക ഉപസംസ്കാരങ്ങള്‍ നാമ്പുനീട്ടും. സ്ത്രൈണം, പുരുഷം എന്ന് കള്ളി തിരിച്ചു നിര്‍ത്തപ്പെട്ട സ്വഭാവങ്ങളുടെ, ത്വരകളുടെ പുനര്‍നിര്‍ണയം നടക്കും. ആണാധിപത്യം അവസാനിക്കുമ്പോള്‍ പുരുഷകേന്ദ്രിത കുടുംബ സംവിധാനവും ഇല്ലാതാവും. സ്വച്ഛവും സ്വതന്ത്രവുമായ ലൈംഗിക വേഴ്ചകള്‍ക്ക് വിലക്കില്ലാതാവും. ശിശുപരിപാലനം പെണ്ണിന്റെ മാത്രം ചുമതലയെന്ന നില മാറും.

ലൈംഗിക വിപ്ളവത്തിന്റെ പ്രഥമഘട്ടം ഇപ്പറഞ്ഞ സംഗതികളൊക്കെ നേടി എന്ന് ധരിക്കരുത്. പക്ഷേ വ്യക്തമായി ലക്ഷ്യങ്ങള്‍ നിര്‍വചിക്കാന്‍ അതിന് കഴിഞ്ഞുവെന്ന് നിസ്തര്‍ക്കം പറയാം. താതാധിപത്യഘടനയുടെ നേര്‍ക്ക് ശക്തമായ ആക്രമണം നടത്താനും അതിന് കരുത്തുണ്ടായി. വോട്ടവകാശം, വിദ്യാഭ്യാസം, തൊഴില്‍ പൌരാവകാശം എന്നീ പ്രശ്നമേഖലകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ സ്ത്രീമുന്നേറ്റത്തിന് സാധിച്ചു.

ഫെമിനിസ്റ്റ് പോരാട്ടത്തിന്റെ ആദ്യഘട്ടത്തില്‍ സ്ത്രീപക്ഷത്തിനുവേണ്ടി ശക്തിയുക്തം ശബ്ദമുയര്‍ത്തിയത് രണ്ടു പുരുഷന്മാരായിരുന്നു: ജോണ്‍സ്റ്റുവര്‍ട് മില്ലും ഫ്രെഡറിക് ഏംഗല്‍സും. കുടുംബം, വിവാഹം എന്നീ സ്ഥാപനങ്ങളുടെ സൃഷ്ടിയിലും വ്യവഹാരത്തിലും പുരുഷാധിത്യ സംസ്കാരം സ്വീകരിച്ച ഇരട്ടത്താപ്പുകളെയാണ് ഈ വലിയ ചിന്തകന്മാര്‍ തുറന്നുകാട്ടിയത്.

ചാര്‍ലൊടി ബ്രോണ്‍റ്റെ, അവരുടെ 'വില്ലെറ്റ്' (Villet) എന്ന വിഖ്യാതമായ നോവലില്‍ വിപ്ളവാത്മകമായ ഉണര്‍വ് പ്രകാശിപ്പിക്കുന്നുണ്ട്. എന്നിരിക്കിലും അടിസ്ഥാനതലത്തില്‍ തന്തവാഴ്ചയുടെ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കാന്‍ ആദ്യത്തെ പെണ്‍പക്ഷ പോരാട്ടത്തിന് കഴിഞ്ഞില്ല. തന്മൂലം ഒരു പ്രതിവിപ്ളവത്തിന് വഴങ്ങേണ്ട ഗതികേട് അതിനുണ്ടായി.

ഈ പ്രതിവിപ്ളവം ലൈംഗികരാഷ്ടീയത്തിന്റെ പ്രത്യയശാസ്ത്രതലത്തില്‍ പ്രോദ്ഘാടനം ചെയ്തത് സിഗ്മണ്ട് ഫ്രോയ്ഡ് ആണെന്ന് കേറ്റ് മില്ലറ്റ് ആരോപിക്കുന്നു. സ്ത്രീയുടെ അപകര്‍ഷത, തരംതാഴ്ച, സ്വാഭാവികമാണെന്ന പുരുഷാധിപത്യ നിര്‍ണയത്തിന് ശാസ്ത്രീയസാധുത നല്‍കാനാണ് ലൈംഗിക വ്യത്യാസങ്ങളെക്കുറിച്ചുള്ള ഫ്രോയിഡിയന്‍ സിദ്ധാന്തങ്ങള്‍ പ്രയോജനപ്പെട്ടത്. ഈ മനഃശാസ്ത്രകോവിദന്‍ സംസ്കാരത്തെയും ജീവശാസ്ത്രത്തെയും കൂട്ടിക്കുഴച്ചു വഷളാക്കി എന്നാണ് കേറ്റ് മില്ലറ്റിന്റെ പരാതി. ധ്വജാഭ്യസൂയ (Penis Envy) എന്നൊരു മാനസിക കാലാവസ്ഥ സ്ത്രീക്കുണ്ട് എന്ന് ഫ്രോയ്ഡ് നിരീക്ഷിച്ചു. സ്ത്രീ മനഃശാസ്ത്രം, പെണ്‍സഹജമായ സ്വയംപീഡനത്വര (masochism) , സഹനശീലം, ആത്മാരാധന (narcissism) എന്നിവയൊക്കെ ഈ Penis Envy യുമായി കണ്ണി ചേര്‍ന്ന് കിടക്കുന്നു. സാമൂഹ്യമായ ചിട്ടപ്പെടുത്തല്‍ (Social conditioning) എന്ന ഘടകത്തെ ഫ്രോയ്ഡ് വിസ്മരിക്കുകയാണ്. ഉഭയ ലൈംഗികത (Bisexuality) എന്നത് ഒരു സിദ്ധാന്തമായിത്തന്നെ ഫ്രോയ്ഡ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പെണ്ണിന്റെ നൈസര്‍ഗിക സ്ത്രൈണതക്കാണ് അദ്ദേഹം മുന്‍തൂക്കം നല്‍കുന്നതെന്ന് മില്ലറ്റ് അഭിപ്രായപ്പെടുന്നു. പീഡനം സ്തീ ഇഷ്ടപ്പെടുന്നു എന്നുവരെ ഫ്രോയ്ഡ് പറഞ്ഞുവച്ചു. പുരുഷാധിപത്യത്തിന്റെ ക്രൂരതക്ക്, കോയ്മക്ക്, ഫ്രോയ്ഡ് ന്യായീകരണം കണ്ടെത്തുകയല്ലേ എന്ന് മില്ലറ്റ് ചോദിച്ചു. ജീവശാസ്ത്രപരമായി നിര്‍ണയിക്കപ്പെട്ട ഒരു വേഷം സ്ത്രീക്കുണ്ടെന്നും അതിനോട് പൊരുത്തപ്പെടാന്‍ സ്ത്രീയെ സഹായിക്കേണ്ടതുണ്ടെന്നും ഉള്ള കാഴ്ചപ്പാട്: അതല്ലേ ഫ്രോയ്ഡ് അവതരിപ്പിച്ചത് എന്ന് ഈ സൈദ്ധാന്തിക സന്ദേഹിക്കുന്നു. സ്ത്രീയുടെ അസംതൃപ്തി (discontent) എന്നത് 'Penis Envy' യില്‍നിന്ന് ഉയിര്‍ക്കൊണ്ടതാണെന്ന് ഫ്രോയ്ഡ് ഏതാണ്ട് തീരുമാനിക്കുന്നു സഹനത്തില്‍ (passivity) , സ്വയംപീഡനത്തില്‍ സംതൃപ്തി കണ്ടെത്താന്‍ സ്ത്രീക്ക് കഴിയുമെന്ന സൂചനയും ഫ്രോയ്ഡിന്റെ സൈക്കോ അനാലിസിസ്- മനോവിശ്ളേഷണ പദ്ധതി - നല്‍കുന്നുണ്ട്. ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ നേരത്തെ പറഞ്ഞ പ്രതിവിപ്ളവത്തിന് ഒരു ചട്ടക്കൂടും ഒരു പദാവലിയും സമ്മാനിക്കുന്നുണ്ടെന്ന് കേറ്റ് മില്ലറ്റ് വാദിക്കുന്നു. ഫ്രോയ്ഡിന്റെ അനന്തരവന്മാര്‍ ഈ ചട്ടക്കൂട് വിപുലീകരിച്ച് പുരുഷാധിപത്യത്തിന്റെ 'status quo' -മാറ്റമില്ലാത്ത സ്ഥിതി - ഉറപ്പുവരുത്തുക എന്നതായിരുന്നു ഗൂഢലക്ഷ്യം.

'Sexual Politics' എന്ന പ്രാമാണിക പാഠത്തിന്റെ അവസാന ഭാഗം ആണെഴുത്തിന്റെ വിമര്‍ശനാത്മകമായ പുനര്‍വായനയാകുന്നു. പുരുഷാധിപത്യത്തിന്റെ, തന്തവാഴ്ചയുടെ, പ്രതിവിപ്ളവത്തിന്റെ സാംസ്കാരിക കാര്യസ്ഥന്മാരായാണ് കേറ്റ് മില്ലറ്റ് ആണെഴുത്തുകാരെ കാണുന്നത്. അവരുടെ എഴുത്ത് തന്തമനോഭാവത്തിന്റെ പ്രതിഫലനമായി മാറുന്നു (a reflection of patriarchal attitude). ഡിഎച്ച് ലോറന്‍സ്, ഹെന്റി മില്ലര്‍, നോര്‍മന്‍ മെയ്ലര്‍ എന്നിവരാണല്ലോ ലൈംഗികതയെ കഥാവസ്തുവാക്കിയ പെരിയ എഴുത്തുകാര്‍. ലൈംഗികത്വരകളെ, പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള അവരുടെ വിവരണങ്ങളിലെല്ലാംതന്നെ പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തിന്റെ വ്യംഗ്യങ്ങളുണ്ടെന്ന് കേറ്റ് മില്ലറ്റ് സമര്‍ഥിക്കുന്നു. സാമൂഹ്യ-സാംസ്കാരിക സന്ദര്‍ഭങ്ങളില്‍ ഒതുക്കിനിര്‍ത്തിവേണം അവരുടെ എഴുത്തിനെ വ്യാഖ്യാനിക്കാന്‍. ലോറന്‍സിലും മില്ലറിലും മെയ്ലറിലുമൊക്കെ കേറ്റ്മില്ലറ്റ് വായിച്ചെടുക്കുന്നത് ഒരു ലിംഗപരമായ ശത്രുത (sexual hostility) യുടെ പ്രത്യക്ഷമാണ് . നോര്‍മന്‍ മെയ്ലര്‍ ഹിംസാത്മകമെന്ന് പറയാവുന്ന, അപകടകാരിയായ, ഒരു പുരുഷഗര്‍വം (machismo) പ്രദര്‍ശിപ്പിക്കുന്നതായി മില്ലറ്റ് ആക്ഷേപിക്കുന്നുമുണ്ട്. ഈ ആണെഴുത്താളരില്‍ ഷെനെ മാത്രമാണ് സ്ത്രീകളെ ഒരടിച്ചമര്‍ത്തപ്പെട്ട വര്‍ഗമായി, ഒരു വിപ്ളവ വര്‍ഗശക്തിയായി പരിഗണിക്കുന്നത്.

'Sexual Politics' ഉപസംഹരിക്കുന്നത് ശുഭപ്രതീക്ഷയോടെയാണ്. ലൈംഗിക വിപ്ളവമെന്നത് സാമൂഹ്യ പരിവര്‍ത്തനത്തിന് വഴിതുറക്കണം. ഇത് നടക്കണമെങ്കില്‍ ബോധത്തില്‍ത്തന്നെ രൂപാന്തരമാവശ്യമാണ് (altered consciousness). ഈ ബോധ രൂപാന്തരത്തിന്റെ ലക്ഷണങ്ങള്‍ തെളിഞ്ഞുവരുന്നതായി കേറ്റ് മില്ലറ്റ് നിരീക്ഷിക്കുന്നു. ലൈംഗിക വിപ്ളവത്തിന്റെ രണ്ടാം തരംഗത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാനുള്ള ആഹ്വാനമാണ് അവര്‍ നല്‍കുന്നത്.

ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തിന് ഭാവവും ഭാഷയും നല്‍കിയത് കേറ്റ് മില്ലറ്റ് ആണെന്ന് പറഞ്ഞാല്‍ അതൊരു അതിപ്രസ്താവമാവില്ല. ഒരു റാഡിക്കല്‍ ഫെമിനിസ്റ്റ് സിദ്ധാന്തത്തിന്റെ നിര്‍മാണത്തിന് കാരണമായും പ്രേരണയായും പ്രവര്‍ത്തിച്ചത് അവരുടെ പുസ്തകമാണ്. ഫ്രോയ്ഡിന്റെ മനോവിശ്ളേഷണ സമ്പ്രദായത്തെ സംബന്ധിച്ചുണ്ടായ സ്ത്രീപക്ഷ സംവാദത്തിന് ഗംഭീരമായ ആമുഖം കുറിച്ചതും കേറ്റ് മില്ലറ്റ് തന്നെ. അടിച്ചമര്‍ത്തലിന്റെ ആശയശാസ്ത്രത്തെക്കുറിച്ച് അവര്‍ പറഞ്ഞ കാര്യങ്ങള്‍തന്നെയാണ് കള്‍ച്ചറല്‍ ഫെമിനിസ്റ്റുകള്‍ 1970കളില്‍ വിസ്തരിച്ചത്. തന്തക്കോയ്മയുടെ പ്രത്യയശാസ്ത്രം എഴുത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ആഴത്തില്‍ അന്വേഷിച്ചതും കേറ്റ്മില്ലറ്റത്രെ. പില്‍ക്കാല ഫെമിനിസ്റ്റ് സാംസ്കാരിക വിചാരത്തിന് അവര്‍ പിഴയ്ക്കാത്ത വഴികാട്ടിയായി വര്‍ത്തിച്ചു.

കേറ്റ് മില്ലറ്റിന്റെ പാഠങ്ങള്‍, പഠനങ്ങള്‍, അവലോകനങ്ങള്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പലപ്പോഴും വിളിച്ചുവരുത്തിയത്. പ്രത്യയശാസ്ത്ര സംബന്ധിയായ മില്ലറ്റ് വ്യാഖ്യാനങ്ങള്‍ പില്‍ക്കാല ഫെമിനിസ്റ്റ് സൈദ്ധാന്തികരെ തൃപ്തിപ്പെടുത്തിയില്ല. അത് അതീവ ലളിതവത്കരണം മൂലം അരോചകമായിത്തീര്‍ന്നു എന്ന ആക്ഷേപമുയര്‍ന്നു- കേറ്റ് മില്ലറ്റിന്റെ ആശയശാസ്ത്ര ചിന്ത ഏകശിലാരൂപം (monolithic) ആണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരു പരാതി, ഫ്രോയ്ഡിനെ വിലയിരുത്തുമ്പോള്‍, അവര്‍ ആ മനഃശാസ്ത്രവിശാരദന്റെ ഏറ്റവും പ്രധാന സംഭാവനയെ - അബോധത്തിന്റെ സങ്കല്‍പ്പം (the concept of subconscious)- അവഗണിച്ചുവെന്ന വിമര്‍ശമുണ്ടായി. മില്ലറ്റ് സംസാരിച്ചത് Penis Envyയെക്കുറിച്ച് മാത്രമാണെന്ന് പലരും പരിഭവിച്ചു. പാഠപരമായ അസ്പഷ്ടതകള്‍, വൈരുധ്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ മില്ലറ്റിന് കഴിഞ്ഞിട്ടില്ല എന്നും പരാതിയുണ്ട്. ആണ്‍പാഠങ്ങളെക്കുറിച്ച് ഒരുപാട് പറഞ്ഞു; പക്ഷേ പെണ്‍പാഠങ്ങളെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഈ ആക്ഷേപവും ഉയര്‍ന്നുകേട്ടു. പെണ്‍പക്ഷ വിചാരവീഥിയില്‍ തനിക്കു മുമ്പേ പോയവരെ കേറ്റ് മില്ലറ്റ് ആദരപൂര്‍വം അനുസ്മരിക്കുന്നില്ല എന്നതും വിവാദമായി. സിമണ്‍ ദെബൊവെയുടെ The Second Sex എന്ന ഗ്രന്ഥത്തോടുള്ള കടപ്പാട് രേഖപ്പെടുത്താന്‍ മില്ലറ്റ് എന്തേ മറന്നുപോയി? ഈ ചോദ്യവും ബാക്കിനില്‍ക്കുന്നു.

പില്‍ക്കാല രചനകളില്‍ വ്യക്തിപരവും ആത്മകഥാപരവുമായ ഘടകങ്ങളാണ് പൊന്തിനില്‍ക്കുന്നത്. സ്വകാര്യാനുഭവങ്ങള്‍ തള്ളിക്കയറുന്നു. 'Sexual Politics' ല്‍ ഉപയോഗിച്ച ഭാഷയേ അല്ല പില്‍ക്കാല രചനകളില്‍ പ്രയോഗിക്കുന്നത്. അമൂര്‍ത്ത ഭാഷയില്‍നിന്ന് അനൌപചാരിക ശൈലിയിലേക്ക് മില്ലറ്റ് മനഃപൂര്‍വം മാറുന്നു. The Loony Bin Trip എന്ന പുസ്തകം ഒരുദാഹരണമാണ്.

*
വി സുകുമാരന്‍ കടപ്പാട്: ദേശാഭിമാനി വാരിക

ഫെമിനിസ്റ്റ് സിദ്ധാന്തവിചാരം സീരീസിലെ കഴിഞ്ഞ പോസ്റ്റുകള്‍

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി
പെണ്ണും പുലിയും: വര്‍ജീനിയ വുള്‍ഫ്

സന്ദര്‍ശിക്കാവുന്ന വെബ് സൈറ്റ്
Kate Millett Archive

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പെണ്‍പക്ഷ മുന്നേറ്റത്തിന്റെ രണ്ടാം വരവ് എഴുപതുകളില്‍ ആരംഭിച്ചത് വലിയൊരു ഇടിമുഴക്കത്തോടുകൂടിയായിരുന്നു. ആ മേഘഗര്‍ജനം ബഹിര്‍ഗമിച്ചതാകട്ടെ ക്യാതറിന്‍ മ്യൂറെ മില്ലറ്റ് (Katherine Murray Millett) എന്ന മുപ്പത്തഞ്ചുകാരിയുടെ തൊണ്ടയില്‍നിന്നും. 1970ല്‍ കൊളംബിയ സര്‍വകലാശാലക്ക് തന്റെ ഡോക്ടറല്‍ പ്രബന്ധമായി കേറ്റ് സമര്‍പ്പിച്ച ഉഗ്രന്‍ പാഠമത്രെ 'Sexual Politics' - ലൈംഗിക രാഷ്ട്രീയം- എന്ന പേരില്‍ സമകാലിക സംസ്കാരിക-സാമൂഹിക വിചാരങ്ങളുടെ അടിക്കല്ലുകളെ പിടിച്ചുകുലുക്കിയത്. എന്നാല്‍ ഇന്ന് കേറ്റ് മില്ലറ്റ് എന്ന ജ്വാലയെ കാലം ഏതാണ്ട് മറന്ന മട്ടാണ്. Sexual Politics അടക്കമുള്ള അവരുടെ പല പുസ്തകങ്ങള്‍ക്കും പുതിയ പതിപ്പുകള്‍ ഉണ്ടാവുന്നില്ല, പുനര്‍വായനകള്‍ വേണ്ടത്ര നടക്കുന്നില്ല.

chithrakaran:ചിത്രകാരന്‍ said...

കേറ്റ് മില്ലറ്റിനെ പരിചയപ്പെടുത്തിയതിനു നന്ദി പറയുന്നു.