എഡി മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു ബിഷപ്പായിരുന്നു വാലന്റൈന്‍. റോമാ ചക്രവര്‍ത്തി ക്ളോഡിയസ് രണ്ടാമന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ക്രിസ്ത്യാനികളെ സഹായിക്കുന്നതുപോലും കുറ്റകൃത്യമായി കണ്ടിരുന്നു. വിവാഹം കഴിക്കാത്ത എല്ലാ യുവാക്കളും നിര്‍ബന്ധമായി പട്ടാളത്തില്‍ ചേരണമെന്ന് ചക്രവര്‍ത്തി കല്‍പ്പന പുറപ്പെടുവിച്ചു. എന്നാല്‍, രഹസ്യമായി വാലന്റൈന്‍ ക്രിസ്ത്യന്‍ യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമാകുകയും ചെയ്തു. ക്രിസ്ത്യന്‍ യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കവെ വാലന്റൈന്‍ പിടിയിലാവുകയും തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു. ജയിലിലായിരിക്കെ ജയിലറുടെ മകളുമായി ഉറ്റ സൌഹൃദത്തിലായ വാലന്റൈന്‍ അവളെ ഒരു രോഗത്തില്‍നിന്നു സുഖപ്പെടുത്തുകയുണ്ടായി. ചക്രവര്‍ത്തിയെയും സൌഹൃദത്തിന്റെ തടവറയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ വാലന്റൈനെ വധശിക്ഷയ്ക്ക് ഇരയാക്കി. പിന്നീട് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ദിനമായി ലോകമെങ്ങും ആചരിച്ചു തുടങ്ങി. ആഗോളവല്‍ക്കരണകാലമായതോടെ വാലന്റൈന്‍ ദിനത്തിന് ഏറെ പ്രചാരം ലഭിച്ചുതുടങ്ങി. ഇതിനുകാരണം ചില കോര്‍പറേറ്റ് കമ്പനികളുടെ ബോധവപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ്. ആശംസാ കാര്‍ഡുകളും സോഫ്റ്റ് റ്റോയ്സുകളും പെര്‍ഫ്യൂമുകളുമൊക്കെ ഉല്‍പ്പാദിപ്പിച്ച് കോടിക്കണക്കിനു ഡോളറാണ് ഇവര്‍ ലാഭമുണ്ടാക്കുന്നത്.
എന്നാല്‍, ആഗോളവല്‍ക്കരണകാലത്തെ ഒരു പ്രത്യേകത വ്യാപാരത്തിന്റെയും വിവരസാങ്കേതികവിദ്യകളുടെയും ആഗോളവ്യാപനത്തോടൊപ്പം സങ്കുചിതവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചകൂടിയാണ്. ഇത് ഒരു വൈരുധ്യമാണ്. ഒരു ഭാഗത്ത് വാലന്റൈന്‍ ദിനത്തിന് സാര്‍വത്രികത കൈവന്നിരിക്കുന്ന അവസരത്തില്‍ത്തന്നെ ഇതിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനവും മറുഭാഗത്തു നടക്കുന്നു. ഇന്ത്യയില്‍ പ്രതിരോധപ്രവര്‍ത്തനം പ്രധാനമായും ഏറ്റെടുത്തിട്ടുള്ളത് സംഘപരിവാര്‍ സംഘടനകളാണ്.
കഴിഞ്ഞവര്‍ഷം വാലന്റൈന്‍ ദിനത്തില്‍ നിരവധി അക്രമങ്ങള്‍അവര്‍ നടത്തുകയുണ്ടായി. 2009 ഫെബ്രുവരിയില്‍ വാലന്റൈന്‍ ദിനത്തിനുമുമ്പായി രാംസേനയുടെ തലവന്‍ പ്രമോദ് മുത്തലിഖ് വാലന്റൈന്‍ ദിനം പാശ്ചാത്യവീക്ഷണമാണെന്നും ക്രിസ്ത്യാനികളാണ് കൂടുതലായും ഇത് ആഘോഷിക്കുന്നതെന്നും എന്തുവിലകൊടുത്തും തങ്ങള്‍ ഈ ആഘോഷം തടയുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. വാലന്റൈന്‍ദിനത്തില്‍ ഒന്നിച്ചുകാണുന്ന യുവതീയുവാക്കളെ അപ്പോള്‍ത്തന്നെ വിവാഹം കഴിപ്പിക്കുമെന്നും അതിനായി പ്രത്യേക സംഘങ്ങളെ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണി മുഴക്കുകയുണ്ടായി. മുന്‍ വര്‍ഷങ്ങളില്‍ വാലന്റൈന്‍ ദിനത്തില്‍ പെണ്‍കുട്ടികള്‍ അതിരുവിട്ട വസ്ത്രധാരണത്തോടെ പുറത്തിറങ്ങുകയും അതിന്റെ ഫലമായി രാജ്യത്ത് പല സ്ഥലങ്ങളിലും ബലാത്സംഗങ്ങള്‍ നടന്നതായുമാണ് മുത്തലിഖ് ഇതിന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍, വര്‍ഷത്തില്‍ മറ്റു ദിവസങ്ങളിലും ബലാത്സംഗങ്ങളും തദനുബന്ധമായ സ്ത്രീചൂഷണങ്ങളും കൊലപാതകങ്ങളും നടക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് മുത്തലിഖിന് മറുപടിയില്ല. നവരാത്രി ആഘോഷങ്ങളില്‍ ഗുജറാത്തിലും രാജസ്ഥാനിലും മറ്റും പെണ്‍കുട്ടികള്‍ അമിത ആടയാഭരണങ്ങള്‍ അണിഞ്ഞ് പുരുഷന്മാര്‍ക്കൊപ്പം രാത്രി മുഴുവന്‍ ഗര്‍ബാ നൃത്തം നടത്താറുണ്ട്. ഇതിലൊന്നും ഒരു പരാതിയുമില്ലാത്ത സംഘപരിവാര്‍ സംഘടനകള്‍ക്ക് വാലന്റൈന്‍ ദിനത്തോടുമാത്രം എന്തുകൊണ്ട് എതിര്‍പ്പ് എന്ന ചോദ്യത്തിന് അന്യമത വിരോധം പരത്തുകയാണ്, അല്ലാതെ സദാചാരബോധം ഉണര്‍ന്നതുകൊണ്ടല്ല എന്ന ഉത്തരമേയുള്ളൂ. മറ്റ് മതങ്ങളെ ദുഷിച്ചു പറയുന്ന ഹിന്ദുവര്‍ഗീയതയുടെ രീതിതന്നെയാണ് ഇവിടെയും കാണുന്നത്.
കഴിഞ്ഞവര്‍ഷം മംഗളൂരുവിലെ പബ്ബില്‍ ഒത്തുകൂടിയ യുവതീയുവാക്കളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി. ഇതിന്റെ മറവില്‍ യുവതികളെ പീഡിപ്പിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ക്കൂടി ലോകം കാണ്ടു. വനിതാസംഘടനകളും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. രാം സേനാത്തലവന്‍ മുത്തലിഖിന് അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തുകൊണ്ട് അവര്‍ പ്രതിഷേധിച്ചു. മംഗളൂരു നഗരം ദേശ-ഭാഷ വ്യത്യാസമെന്യേ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും താമസിച്ചുവരുന്ന സ്ഥലമാണ്. അവിടെയെത്തുന്ന യുവതീ യുവാക്കള്‍ പരസ്പരം സംസാരിക്കുന്നതുപോലും രാംസേനക്കാര്‍ വിലക്കുകയുണ്ടായി. മാത്രമല്ല, 2009 ഫെബ്രുവരി അഞ്ചിന് മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ബസില്‍ മറ്റൊരു സീറ്റിലിരുന്ന യുവാവുമായി സംസാരിച്ചതിന്റെ പേരില്‍ ഇരുവരെയും മംഗളൂരുവിലെ ഒരു ഉള്‍ഗ്രാമത്തില്‍ ബലാല്‍ക്കാരമായി കൊണ്ടുപോയി മര്‍ദിച്ചത് ലോകം മുഴുവന്‍ അറിഞ്ഞ സംഭവമാണ്. "ചില ഗുണ്ടകള്‍ ഇപ്രകാരം ചെയ്താല്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കണമെന്ന'' കര്‍ണാടകയുടെ ബിജെപിക്കാരനായ ആഭ്യന്തരമന്ത്രിയുടെ ന്യായീകരണവും ഉപദേശവും ഞെട്ടിക്കുന്നതായിരുന്നു. മാത്രമല്ല, പബ് ആക്രമണക്കേസില്‍ പ്രതിയായ മുത്തലിഖ് ഒരു ന്യൂനപക്ഷസമുദായത്തിനെതിരെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ മൈസൂരുവിലും മറ്റും വര്‍ഗീയകലാപങ്ങള്‍ക്ക് കാരണമായി. മൈസൂരു കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ വൈവിധ്യമുള്ള സംസ്കാരത്തെ നശിപ്പിക്കുന്നതും അതിന്റെ ഉദ്ഗ്രഥനത്തെ തടയുന്നതുമാണ് ഈ പ്രവണതകള്‍.
ഈ വര്‍ഷവും വാലന്റൈന്‍ ദിനാഘോഷത്തെ പ്രതിരോധിക്കുന്നതിന് സംഘപരിവാര്‍ തയ്യാറെടുത്തിരിക്കുന്നുവെന്നണ് റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയിലൊന്നും ഇത് ആഘോഷിക്കാന്‍ പാടില്ല എന്ന ഭീഷണിയുമായാണ് ഇത്തവണ മുത്തലിഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ഒരു തരത്തിലുള്ള മതപൊലീസിങ്ങാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് തികച്ചും എതിരാണ്. മതപൊലീസിന്റെ പ്രാകൃത രീതികള്‍ വിവിധ മാധ്യമങ്ങളില്‍ ചെറുതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായ ശിവരാജ് ചൌഹാന്‍ ആയുര്‍വേദ തിരുമ്മല്‍കേന്ദ്രങ്ങളുടെ പരസ്യബോര്‍ഡുകള്‍പോലും അതില്‍ ലൈംഗികത ഉണ്ടെന്നാരോപിച്ച് നിരോധിക്കുകയും കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്യുകയുണ്ടായി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലില്‍നിന്ന് മറ്റൊരു റിപ്പോര്‍ട്ടുകൂടി വന്നിരുന്നു. പരിവാര്‍ സംഘടനയായ സംസ്കൃതി ബച്ചാവോ മഞ്ച് ഭോപാലിലെ കടയുടമകളോട് അടിവസ്ത്രങ്ങള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും പ്രദര്‍ശിപ്പിച്ചാല്‍ കടയ്ക്ക് തീവയ്ക്കുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. ഇവരുടെ നേതാവിന് കഴിഞ്ഞവര്‍ഷം വനിതാ സംഘടനകള്‍ അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തതുകൊണ്ടാകാം ഇങ്ങനെ ഒരു നീക്കത്തിന് ഇവരെ പ്രേരിപ്പിച്ചത്!
നിയമം കൈയിലെടുക്കുന്ന സംഘപരിവാറിന്റെ കൃത്യങ്ങള്‍ക്കെതിരെ മുഖ്യധാരാമാധ്യമങ്ങള്‍ പ്രതികരിച്ചില്ലെന്നതും ശ്രദ്ധാവഹമാണ്. പയ്യന്നൂരില്‍ സാഹിത്യകാരന്‍ സക്കറിയ നടത്തിയ പ്രസംഗത്തോട് ഒരു പ്രസ്ഥാനത്തിന്റെയും തീരുമാനമില്ലാതെ ആകസ്മികമായി ചിലര്‍ പ്രതികരിച്ചതിന്റെ പേരില്‍ സിപിഐ എമ്മിനെയും ഡിവൈഎഫ്ഐയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മുഖ്യധാരാമാധ്യമങ്ങള്‍, സംഘപരിവാര്‍ സംഘടനകള്‍ ആണും പെണ്ണും മിണ്ടിയാല്‍ അപകടമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് പൌരസ്വാതന്ത്ര്യത്തിനുനേരെ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അതേക്കുറിച്ച് ഒരു ചര്‍ച്ച നടത്താന്‍പോലും സന്നദ്ധത കാട്ടുന്നില്ലെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
സംസ്കൃതി ബച്ചാവോ മഞ്ചിന്റെ മേല്‍പ്പറഞ്ഞ ആഹ്വാനത്തിന്റെ അതേ ദിവസംതന്നെ മധ്യപ്രദേശിലെ മല്‍ഗാവിലുണ്ടായ ഒരു സംഭവം പ്രമുഖ വാര്‍ത്താചാനലായ ടൈംസ് നൌവില്‍ക്കൂടി ഇന്ത്യന്‍ ജനത കാണുകയുണ്ടായി. ലക്ഷക്കണക്കിനു രൂപ ചെലവിട്ടുകൊണ്ടു നടത്തിയ റഷ്യന്‍ യുവതികളുടെ അര്‍ധനഗ്നനൃത്തമായിരുന്നു ചാനലില്‍ നിറഞ്ഞുനിന്നത്. ആദിവാസിക്ഷേമവകുപ്പിന്റെ ബിജെപിക്കാരനായ മന്ത്രി വിജയ് ഷായുടെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി. ആദിവാസികളുടെ ഉന്നമനത്തിന് അര്‍ധനഗ്നനൃത്തമാകാം എന്നായിരിക്കുമോ മതപൊലീസിനെ നയിക്കുന്ന സംഘപരിവാറിന്റെ നിഗമനം! ഇതിനെതിരെ മധ്യപ്രദേശിലെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നുവന്നത് പരിവാര്‍ നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണോ?
സംഘപരിവാറിന്റെ ഊര്‍ജസ്രോതസ്സായ നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലെ രാജ്കോട്ടില്‍നിന്നുള്ള വാര്‍ത്തയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സോവിയറ്റ്യൂണിയന്റെ പതനത്തിനുശേഷം രൂപംകൊണ്ട കോമവെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റേറ്റ്സ് രാഷ്ട്രങ്ങളായ ഉക്രയ്ന്‍, ജോര്‍ജിയ, കസാഖ്സ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ചെച്നിയ, കിര്‍ഗിസ്ഥാന്‍ മുതലായ രാഷ്ട്രങ്ങളില്‍നിന്ന് യുവതികള്‍ ശരീരവില്‍പ്പനയ്ക്കായി ഇന്ത്യയില്‍ എത്തുന്നു. ഇതിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് രാജ്കോട്ട് ആണെന്നാണ് ദൈനിക് ഭാസ്കറും ഇന്ത്യാടുഡെയും നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളൊന്നും സംഘപരിവാര്‍ നേതാക്കക്കളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതേയില്ല.
ഇന്ത്യയില്‍ പലയിടത്തും ദളിത്-പിന്നോക്ക-പട്ടിക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ അവരില്‍ ഒരു പ്രയാസവും സൃഷ്ടിക്കുന്നതായി നമുക്കനുഭവമില്ല. ഏത് പ്രശ്നത്തെയും മതസ്പര്‍ധയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാറിന്റെ ശൈലി. വാലന്റൈന്‍ ദിനം ലോകമെമ്പാടുമുയര്‍ത്തുന്ന സൌഹൃദത്തിന്റെ സന്ദേശത്തെ മതവൈരത്തിന്റെ ഖഡ്ഗമുയര്‍ത്തി തല്ലിത്തകര്‍ക്കാനാണ് സംഘപരിവാറിന്റെ ശ്രമം. അല്ലാതെ യുവതീയുവാക്കളിലെ വഴിപിഴച്ച പോക്കിനെ തടയുകയല്ല അവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
*
പി ജയരാജന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 13 ഫെബ്രുവരി 2010
Friday, February 12, 2010
വാലന്റൈന്‍ ദിനവും മത പൊലീസും
Subscribe to:
Post Comments (Atom)
2 comments:
ആഗോളവല്‍ക്കരണകാലത്തെ ഒരു പ്രത്യേകത വ്യാപാരത്തിന്റെയും വിവരസാങ്കേതികവിദ്യകളുടെയും ആഗോളവ്യാപനത്തോടൊപ്പം സങ്കുചിതവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചകൂടിയാണ്. ഇത് ഒരു വൈരുധ്യമാണ്. ഒരു ഭാഗത്ത് വാലന്റൈന്‍ ദിനത്തിന് സാര്‍വത്രികത കൈവന്നിരിക്കുന്ന അവസരത്തില്‍ത്തന്നെ ഇതിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനവും മറുഭാഗത്തു നടക്കുന്നു. ഇന്ത്യയില്‍ പ്രതിരോധപ്രവര്‍ത്തനം പ്രധാനമായും ഏറ്റെടുത്തിട്ടുള്ളത് സംഘപരിവാര്‍ സംഘടനകളാണ്.
കള്ള ചരിത്രങ്ങള്‍ ചരിത്രമാക്കിയും,
സത്യത്തിന്റെ തരികളെ ഊതിപ്പെരുപ്പിച്ചും,
ജനങ്ങള്‍ക്കിടയില്‍ ഉത്സവം
ആചരിക്കാമെന്നും,അതിന്റെ കംബോളവല്‍ക്കരണത്തിലൂടെ
ആരാധകരേയും,വിശ്വാസികളേയും
കൊള്ളയടിക്കമെന്നും
കച്ചവടക്കാരനറിയാം.
അക്ഷയ തൃതീയയും,വിജയ ദശമിയും,ഓണവും,
വിഷുവും,ക്രിസ്തുമസും,റംസാന്‍ നോംബും,പെരുന്നാളും,ഹര്‍ത്താലുകളും,സമരങ്ങളും,വാലന്റൈഡേയും
എല്ലാം കംബോളത്തിന്റെ മെഗാ സെയില്‍ മേളകള്‍
മാത്രമാണെന്ന് വേട്ടാക്കാര്‍ക്ക് നന്നായറിയാം,
പക്ഷേ,ഇരകളോട് സത്യം പറഞ്ഞ് വെറുതെ ദുഖിപ്പിക്കരുതല്ലോ !!!
Post a Comment