2009 സെപ്തംബര്‍ 14ന് ന്യൂഡെല്‍ഹിയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ ദേശീയ കണ്‍വെന്‍ഷന്‍, ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലെ ഒരു അവിസ്മരണീയ സംഭവമായിരുന്നു. അഞ്ചിനങ്ങള്‍ അടങ്ങിയ ആവശ്യ പ്രഖ്യാപന രേഖയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായ പ്രസ്ഥാനം സംഘടിപ്പിക്കുന്നതിനുള്ള ഒരു പൊതുവേദിയില്‍ അത് രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ ഒന്നടങ്കം അണിനിരത്തി. വിവിധ വ്യാവസായിക കേന്ദ്രങ്ങളില്‍ പ്രാദേശികതലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും അതോടൊപ്പം ഉയര്‍ന്നുപൊങ്ങുകയുണ്ടായി.
തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി അനുദിനം നിരന്തരം വഷളായിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ്, എല്ലാ അഫിലിയേഷനിലുംപെട്ട തൊഴിലാളികള്‍ ഒന്നിച്ചു കൂടാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നതുമൂലം സ്ഥിതി കൂടുതല്‍ കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുമ്പോള്‍ത്തന്നെ, ലേബര്‍ ബ്യൂറോ തയ്യാറാക്കിയ ഉപഭോക്തൃ വില സൂചിക യഥാര്‍ത്ഥ വിലക്കയറ്റത്തെ പ്രതിഫലിപ്പിക്കുന്നതുമില്ല. അതുമൂലം തൊഴിലാളികളുടെ പൊരുതി നേടിയ ഡിഎയില്‍ വമ്പിച്ച നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു. തൊഴിലാളികള്‍ക്ക് അതുമൂലം ആയിരക്കണക്കിന് കോടി രൂപയാണ് ഓരോ മാസവും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2001 അടിസ്ഥാന വര്‍ഷമായിട്ടെടുത്തുകൊണ്ട് പുതിയ വില സൂചികയുടെ പരമ്പര ആവിഷ്കരിക്കുന്നതിനെ, എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും എതിര്‍ത്തിരുന്ന കാര്യം ഓര്‍മിക്കുമല്ലോ - അത് വഞ്ചനാപരമാണ് എന്നതാണ് അവരുടെ എതിര്‍പ്പിന്റെ അടിസ്ഥാനം.
ദുരിതവും തൊഴിലില്ലായ്മയും വര്‍ധിക്കുന്നു
രാജ്യത്തെ വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, സ്ഥിതിഗതികളെ കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്നത് (ഡൌണ്‍ സൈസിങ്ങ്) മുതലാളിവര്‍ഗത്തിന്റെ മുദ്രാവാക്യമായി മാറിയിരിക്കുന്നു. ഗവണ്‍മെന്റ് ജോലികളിലേക്ക് നിയമനം നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തുക; ഒഴിവുള്ള തസ്തികകള്‍ നികത്തുവാന്‍ വിസമ്മതിക്കുക; ഇറക്കുമതി ഉദാരവല്‍ക്കരണവും ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കലും സംബന്ധിച്ച നയം കാരണം നിരവധി വ്യാവസായിക യൂണിറ്റുകള്‍ അടച്ചിടുക; ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി മിക്ക വ്യാവസായിക സ്ഥാപനങ്ങളിലും അനുവര്‍ത്തിക്കുന്ന, വീണ്ടു വിചാരമില്ലാത്ത സ്വയം വിരമിക്കല്‍ പദ്ധതികള്‍ - ഇതൊക്കെ കാരണം രാജ്യത്ത് തൊഴിലില്ലാത്തവരുടെ ഒരു വലിയ പട തന്നെ ഉണ്ടായിത്തീര്‍ന്നിരിക്കുന്നു. "ആധുനികവല്‍ക്കരിക്കുന്നതിന്നുള്ള'' നടപടികളും തൊഴിലില്ലായ്മ വര്‍ധിക്കുന്നതിന് കാരണമായിത്തീര്‍ന്നിരിക്കുന്നു. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന് സംഭവിച്ച പരാജയവും ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടിയിരിക്കുന്നു. ചെറുകിട മേഖലയ്ക്കായി മുമ്പ് നീക്കിവെയ്ക്കപ്പെട്ടിരുന്ന വ്യവസായങ്ങളിലേക്ക് വന്‍കിട ബിസിനസ് കുടുംബങ്ങള്‍ക്ക് എന്‍ഡിഎ ഗവണ്‍മെന്റും യുപിഎ ഗവണ്‍മെന്റും പ്രവേശനം അനുവദിച്ചതുമൂലം, നിരവധി ചെറുകിട വ്യവസായങ്ങളും പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നടിഞ്ഞിരിക്കുന്നു.
ആഗോളമാന്ദ്യം കാരണം കയറ്റുമതിക്കുള്ള ഓര്‍ഡര്‍ കുത്തനെ ഇടിഞ്ഞു. അതുകാരണം ഡയമണ്ട് കട്ടിങ്ങ്, ജ്വല്ലറി, റെഡിമെയ്ഡ് ഉടുപ്പുകള്‍, തുകല്‍, ലോഹപ്പണി തുടങ്ങിയ മേഖലകളില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതായിത്തീര്‍ന്നു. കോര്‍പ്പറേറ്റ് കുടുംബങ്ങളുടെ ലാഭത്തില്‍ സംഭവിച്ച കുറവ് നികത്തുന്നതിനായി അവര്‍ക്ക് യുപിഎ ഗവണ്‍മെന്റ് ഒരു ലക്ഷം കോടിയില്‍പരം രൂപയാണ് സൌജന്യമായി നല്‍കിയത്. എന്നാല്‍ തങ്ങളുടേതല്ലാത്ത പ്രതിസന്ധി കൊണ്ട് ദുരിതം അനുഭവിക്കേണ്ടിവന്ന തൊഴിലാളികള്‍ക്കാകട്ടെ ഗവണ്‍മെന്റില്‍നിന്ന് ഒരു ദുരിതാശ്വാസവും ലഭിക്കുന്നുമില്ല. കുടുംബത്തെ പോറ്റാന്‍ കഴിയാത്തതുകാരണം തൊഴിലില്ലാത്ത എത്രയോ തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു; ഗ്രാമീണമേഖലയിലെ അവരുടെ കര്‍ഷക സഹോദരങ്ങളും അതുപോലെ ആത്മഹത്യ ചെയ്യുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി മൂലം ഗ്രാമീണമേഖലയിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് കുറച്ചൊക്കെ ആശ്വാസം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതി പട്ടണപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടില്ല. വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിമൂലം അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിന് ഇത് കാരണമായിത്തീര്‍ന്നിരിക്കുന്നു. പട്ടണപ്രദേശങ്ങളിലേക്കും ദരിദ്രരായ ഇടത്തരം കുടുംബങ്ങളിലേക്കും തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കും എന്ന് ഒന്നാം യുപിഎ ഗവണ്‍മെന്റ് ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍ അത് നടപ്പാക്കപ്പെട്ടിട്ടില്ല എന്നു തന്നെയല്ല ഈ പദ്ധതിയെ ഗ്രസിച്ച അഴിമതി മൂലം ഉദ്യോഗസ്ഥന്മാര്‍ വലിയ ലാഭം കൊയ്യുന്നു; തൊഴിലവസരങ്ങളധികമൊന്നും ഉണ്ടാക്കുന്നില്ല; ഗ്രാമീണമേഖലയിലെ തൊഴിലില്ലാത്തവര്‍ക്ക് ലഭിക്കേണ്ട വേതനം നിഷേധിക്കുകയും ചെയ്യുന്നു. തൊഴില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്കരിക്കണം എന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് കഴിഞ്ഞ തവണത്തെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്. അതിനുശേഷം പത്തുമാസം കഴിഞ്ഞിട്ടും അത് നടപ്പാക്കപ്പെട്ടിട്ടില്ല.
തൊഴില്‍നിയമം ലംഘിക്കപ്പെടുന്നു
ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ ഇന്ത്യയില്‍ തൊഴില്‍നിയമങ്ങളുടെ ലംഘനവും തകര്‍ച്ചയും അപകടകരമായ അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുന്നു. നിരവധി തൊഴിലുടമകള്‍ തൊഴിലാളികളെ കൊണ്ട് ദിവസത്തില്‍ 12 മണിക്കൂറും അതിലധികവും ജോലി ചെയ്യിക്കുന്നു; അധിക ജോലിക്ക് ഓവര്‍ടൈം നല്‍കുന്നുമില്ല. തൊഴില്‍നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്. എന്നിട്ടും ഗവണ്‍മെന്റ് ഒരു നടപടിയും കൈക്കൊള്ളുന്നില്ല. റെഡിമെയ്ഡ് ഉടുപ്പു നിര്‍മാണ മേഖലയില്‍ വമ്പിച്ച കയറ്റുമതി ഓര്‍ഡര്‍ ഉള്ളതുകൊണ്ട് തൊഴിലാളികള്‍ ദിവസത്തില്‍ 12 മണിക്കൂര്‍ ജോലി ചെയ്യണം എന്ന് കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി ഒരിക്കല്‍ നാണമില്ലാതെ വാദിക്കുകയുണ്ടായി. തൊഴില്‍സമയം ആഴ്ചയില്‍ 48 മണിക്കൂറില്‍നിന്ന് 60 മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കണമെന്ന് 2009ലെ സാമ്പത്തിക സര്‍വേയില്‍ ഗവണ്‍മെന്റ് പരസ്യമായി ആവശ്യപ്പെടുകയുമുണ്ടായി. നിയമവിരുദ്ധമായ ഈ നടപടിയെ എതിര്‍ക്കുന്നതിനായി നടന്ന ട്രേഡ് യൂണിയന്‍ സമരങ്ങളെ, പോലീസിനെ കയറൂരിവിട്ട് ക്രൂരമായി അടിച്ചമര്‍ത്തുകയാണുണ്ടായത്.
നിയമപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള മിനിമം കൂലി, ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ ഏറെക്കുറെ നടപ്പാക്കപ്പെടാതിരിക്കുകയാണ്. വമ്പിച്ച ക്രിമിനല്‍ കുറ്റമാണത്. തൊഴിലുടമകളുടെ സമ്മര്‍ദ്ദം കാരണം വേതന പരിഷ്കരണത്തിലെ നിയമപരമായ വകുപ്പുകള്‍, മിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെടാതെ കിടക്കുകയാണ്. ഇതുസംബന്ധിച്ച ട്രേഡ് യൂണിയനുകളുടെ പരാതികള്‍ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത്.
വ്യവസായ യൂണിറ്റുകള്‍ പൂട്ടിയിടുന്നതിന് ഗവണ്‍മെന്റിന്റെ അനുവാദം നേടിയിരിക്കണമെന്നാണ് 1947ലെ വ്യവസായത്തര്‍ക്ക നിയമം അനുശാസിക്കുന്നതെങ്കിലും ആയിരക്കണക്കിന് വ്യവസായ യൂണിറ്റുകള്‍ നിയമവിരുദ്ധമായി അടച്ചിടപ്പെട്ടിരിക്കുകയാണ്. അതുപോലെത്തന്നെ, തൊഴിലാളികള്‍ക്ക് നിയമപരമായ വേതനം നല്‍കാതെയാണ് തൊഴിലുടമകള്‍ മിക്കപ്പോഴും ലേ ഓഫ് പ്രഖ്യാപിക്കുന്നത്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ തൊഴിലുടമകളുടെമേല്‍ ഗവണ്‍മെന്റ് ഒരു സമ്മര്‍ദ്ദവും ചെലുത്തുന്നുമില്ല. നിയമപരമായ റിട്രഞ്ച്മെന്റ്, നഷ്ടപരിഹാരം നല്‍കാതെ തൊഴിലാളികളെ സ്വേച്ഛാധിപത്യപരമായി പിരിച്ചുവിടല്‍ (റിട്രഞ്ച്മെന്റ്), സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവകാലാനുകൂല്യങ്ങള്‍ നല്‍കാതിരിക്കല്‍, കുട്ടികള്‍ക്കുള്ള ക്രെഷെ സൌകര്യം നിയമപരമായ ബാധ്യതയാണെങ്കിലും അത് ഏര്‍പ്പെടുത്താതിരിക്കല്‍, നിയമവിരുദ്ധമായ ബാലവേലയും അടിമപ്പണിയും -ഇതൊക്കെ സ്ഥിരം പതിവായിരിക്കുന്നു.
കയറ്റുമതിക്കുവേണ്ടിയുള്ള യൂണിറ്റുകളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും തൊഴില്‍നിയമങ്ങള്‍ നടപ്പിലാക്കാത്തതുകാരണം, പ്രത്യേക സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ മൂലധനം നിക്ഷേപിക്കുന്നതിനും തൊഴില്‍നിയമങ്ങള്‍ ലംഘിച്ച് രക്ഷപ്പെടുന്നതിനും കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്ക് ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. വ്യവസായബന്ധം സംബന്ധിച്ച കേസുകളില്‍ തീരുമാനമെടുക്കുന്നതിനുള്ള സ്വേച്ഛാപരമായ അധികാരങ്ങള്‍ ഡെവലപ്മെന്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കപ്പെട്ടിരിക്കുകയാണ്. വ്യവസായബന്ധങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ഡെവലപ്മെന്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കരുതെന്ന മാര്‍ഗനിര്‍ദ്ദേശം ഐഎല്‍ഒ നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് അത് നഗ്നമായി ലംഘിക്കുകയാണ്.
സ്ഥിരം തസ്തികകളിലും വാര്‍ഷിക സ്വഭാവമുള്ള തസ്തികകളിലും കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കരുതെന്ന് കോണ്‍ട്രാക്ട് ലേബര്‍ റഗുലേഷന്‍ ആന്റ് അബോളിഷന്‍ ആക്ട് വ്യവസ്ഥകള്‍ അനുശാസിക്കുന്നുണ്ടെങ്കിലും വ്യവസായ സ്ഥാപനങ്ങളില്‍ അത് സ്ഥിരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും ഗവണ്‍മെന്റ് സര്‍വീസുകളിലും കേന്ദ്ര ഗവണ്‍മെന്റുപോലും കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നുണ്ട്. തൊഴില്‍ച്ചെലവ് വെട്ടിക്കുറച്ച് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിക്കാമെന്നതിനാല്‍ കരാര്‍ തൊഴിലാളികളെ സംബന്ധിച്ച തൊഴില്‍നിയമങ്ങള്‍ നടപ്പാക്കാതിരിക്കുന്നത് സ്ഥിരം പതിവാക്കിയിരിക്കുന്നു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഉള്ള മിക്ക വ്യവസായ യൂണിറ്റുകളില്‍നിന്നും നിരവധി സ്ഥിരം ജോലിക്കാരെ പുറത്താക്കി, അവരുടെ സ്ഥാനത്ത് കരാര്‍ ജോലിക്കാരെ വെച്ചിരിക്കുകയാണ്. കരാര്‍ ജോലിക്കാരെ സംബന്ധിച്ച നിയമത്തിന്റെ പരിധിയില്‍നിന്ന് വ്യവസായ യൂണിറ്റുകളെ ഒഴിവാക്കി കൊടുക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് ഏറ്റവും വലിയ ഔദാര്യമാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെങ്ങും വ്യാപകമായി കരാര്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തുന്നതിനുള്ള സൌകര്യമാണ് അതുവഴി തൊഴിലുടമകള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ബഹുരാഷ്ട്ര കുത്തകകള്‍ അഴിഞ്ഞാടുന്നു
വ്യവസായ സ്ഥാപനങ്ങളില്‍ വളരെ വലിയ നിക്ഷേപം നടത്തിയിട്ടുള്ള ബഹുരാഷ്ട്ര കുത്തകകള്‍ തൊഴില്‍നിയമങ്ങളൊന്നും പാലിക്കാന്‍ തയ്യാറാവുന്നില്ല. വിദേശമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നതിന് ഇന്ത്യന്‍ തൊഴില്‍നിയമങ്ങളാണ് തടസ്സം എന്ന്, എത്രയോ പ്രമുഖ മുതലാളിത്ത രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് പരസ്യമായി പ്രസ്താവനയിറക്കിക്കൊണ്ടിരിക്കുന്നു. വിദേശമൂലധനത്തിന് പാദസേവ ചെയ്യുന്ന ഇന്ത്യാ ഗവണ്‍മെന്റ്, നമ്മുടെ കാര്യങ്ങളില്‍ ഇങ്ങനെ വിദേശ കുത്തകകള്‍ നഗ്നമായി ഇടപെടുന്നതിനെ അവഗണിക്കുകയാണുതാനും. വിദേശ ബഹുരാഷ്ട്ര കുത്തകകളുടെ ഉടമസ്ഥതയിലുള്ള വ്യവസായത്തര്‍ക്കങ്ങളൊന്നും ഇന്ത്യാ ഗവണ്‍മെന്റ് പരിഹരിക്കുന്നതേയില്ല. തൊഴിലുടമകള്‍ക്ക് ഇഷ്ടംപോലെ തൊഴിലാളികളെ വെയ്ക്കുന്നതിനും പിരിച്ചുവിടുന്നതിനും ഉള്ള അവകാശം ഉണ്ടായിരിക്കണം എന്ന് 2009ലെ സാമ്പത്തിക സര്‍വെ നിര്‍ദേശിക്കുന്നതില്‍ ആര്‍ക്കും അല്‍ഭുതംപോലുമില്ല. ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്നില്‍വെച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ഇതാണ്, ഗവണ്‍മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കനത്ത കൈക്കൂലി കൊടുത്ത് വശത്താക്കിക്കൊണ്ട്, ബഹുരാഷ്ട്ര കുത്തകകള്‍ തൊഴില്‍ നിയമങ്ങളൊക്കെ ലംഘിച്ച് രക്ഷപ്പെടുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്.
"ഇന്‍സ്പെക്ടര്‍ രാജ്'' അവസാനിപ്പിച്ചതോടെ, തൊഴില്‍നിയമ ലംഘനങ്ങളെ തടയാന്‍ ഇനി ആരും ഉണ്ടാവില്ല എന്ന് തൊഴിലുടമകള്‍ക്ക് ഉറപ്പായിരിക്കുന്നു. തൊഴില്‍നിയമങ്ങളനുസരിച്ചുള്ള റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതില്‍നിന്ന് ചെറിയ തൊഴിലുടമകളെ ഒഴിവാക്കി കൊടുത്തത്, രാജ്യത്ത് തൊഴില്‍ ലംഘനങ്ങളുടെ ഒരു പുതിയ വെള്ളച്ചാട്ടം തന്നെ സൃഷ്ടിച്ചിരിക്കുന്നു.
തൊഴില്‍നിയമങ്ങള്‍ പാലിക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ നടപടിയായി കാണേണ്ടതില്ല, തൊഴിലുടമകള്‍ ആത്മനിയന്ത്രണത്തോടെ ചെയ്യേണ്ട ജോലിയാണ് അതെന്ന ആശയത്തിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്ന ലോകബാങ്കിന്റെ സങ്കല്‍പനം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചിരിക്കുന്നു! തൊഴില്‍നിയമ ലംഘനങ്ങളെ സഹിക്കുന്ന ഒരവസ്ഥയിലേക്ക് ഇതെത്തിയിരിക്കുന്നു! തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിനും അവയെ തൊഴിലുടമകള്‍ക്ക് കൂടുതല്‍ അനുകൂലമാക്കിത്തീര്‍ക്കുന്നതിനും ഉള്ള ഉദ്ദേശത്തോടുകൂടി പാര്‍ലമെന്റില്‍ തൊഴില്‍നിയമങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഭേദഗതികള്‍ കൊണ്ടുവരികയാണ് കേന്ദ്ര ഗവണ്‍മെന്റ്. സാമ്പത്തിക വികസനം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് ഉയര്‍ത്തുന്നതിനുംവേണ്ടിയാണ് ഇതെന്നാണ് ന്യായീകരണം. തൊഴിലാളിവര്‍ഗത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഇത് ഉപകരിച്ചിട്ടുള്ളൂ.
അസംഘടിത തൊഴിലാളികളുടെ ദുരവസ്ഥ
ഇന്ത്യയിലെ മൊത്തം തൊഴില്‍സേനയില്‍ 93 ശതമാനത്തോളം വരുന്ന വിഭാഗമാണ് അസംഘടിത തൊഴിലാളികള്‍ എന്നാണ് ഔദ്യോഗിക കണക്ക്. അവരെ സംബന്ധിച്ച ഒരു നിയമം കേന്ദ്ര ഗവണ്‍മെന്റ് പാസ്സാക്കിയത്, തൊഴിലാളിവര്‍ഗത്തിന്റെ വോട്ടില്‍ കണ്ണു നട്ടുകൊണ്ടാണ്. എന്നാല്‍ തൊഴിലാളികളില്‍ മഹാഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തിന് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളൊന്നും ഗവണ്‍മെന്റ് അനുവദിക്കുകയുണ്ടായില്ല. അതിന്റെ ഫലമായി ഈ നിയമം, ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ സംബന്ധിച്ചിടത്തോളം നിരര്‍ഥകമായിത്തീര്‍ന്നു. അതിനോടുള്ള എതിര്‍പ്പ് എല്ലാ ട്രേഡ് യൂണിയനുകളും പ്രകടിപ്പിച്ചുവെങ്കിലും യുപിഎ ഗവണ്‍മെന്റ് അതൊക്കെ അവഗണിക്കുകയാണുണ്ടായത്. തൊഴില്‍ കാര്യത്തിനായുള്ള സ്റ്റാന്റിങ് കമ്മിറ്റിയുടെ ഐകകണ്ഠ്യേനയുള്ള ശുപാര്‍ശകളും അര്‍ജുന്‍ സെന്‍ ഗുപ്താ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും ഗവണ്‍മെന്റ് കണക്കിലെടുത്തതേയില്ല. അസംഘടിത തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിച്ചില്ലെങ്കില്‍, നിയമം കടലാസില്‍ കിടക്കുകയേയുള്ളൂ.
അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങളെ തീര്‍ത്തും അവഗണിക്കുക എന്നതാണ് യുപിഎ ഗവണ്‍മെന്റിന്റെ നയം. അതേ അവസരത്തില്‍ത്തന്നെ, വന്‍കിട ബിസിനസ്സ് കുടുംബങ്ങള്‍ക്ക് അളവറ്റ സൌജന്യങ്ങള്‍ സര്‍ക്കാര്‍ വാരിക്കോരി കൊടുക്കുകയും ചെയ്യുന്നു. 100 കോടിയില്‍പ്പരം ഡോളര്‍ (5000 കോടിയില്‍പരം രൂപ)ആസ്തിയുള്ള 52 കുബേരന്മാരെയാണ് യുപിഎ ഗവണ്‍മെന്റ് സൃഷ്ടിച്ചത്. നമ്മുടെ രാജ്യത്തിന്റെ ദേശീയ വരുമാനത്തിന്റെ നാലിലൊന്ന് അവരുടെ നിയന്ത്രണത്തിന്‍ കീഴിലാണ്. രാജ്യത്ത് അപായകരമായ വിധത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസമത്വം സാമൂഹ്യ സംഘര്‍ഷങ്ങളിലേക്ക് വഴിവെക്കും. സമ്പന്ന വിഭാഗത്തിനുമേല്‍ നികുതി ചുമത്തുന്നതിനും അതുവഴി അസംഘടിത വിഭാഗത്തിന് അവശ്യം ആവശ്യമായ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് വേണ്ട ഫണ്ട് സ്വരുപിക്കുന്നതിനും യുപിഎ ഗവണ്‍മെന്റിന് എളുപ്പത്തില്‍ കഴിയും. എന്നാല്‍ സമൂഹത്തിലെ ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, അത്തരം നടപടികള്‍ കൈക്കൊള്ളുന്നതിന് തങ്ങള്‍ ഒരുക്കമല്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓഹരി വിറ്റഴിക്കുന്നതിനുള്ള വെപ്രാളം
തങ്ങളുടെ ബജറ്റ് കമ്മി നികത്തുന്നതിനായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് യുപിഎ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഓഹരി വിപണിയില്‍ വിറ്റ് ഒറ്റക്കൊല്ലംകൊണ്ട് 75000 കോടി രൂപ സംഭരിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഈ അടുത്ത കാലത്ത് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വമ്പിച്ച ലാഭം ഗവണ്‍മെന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരമൊരു പരിതഃസ്ഥിതിയില്‍, സര്‍ക്കാരിന്റെ ആസ്തി സ്വകാര്യ കുത്തകകള്‍ക്ക് തുച്ഛമായ വിലയ്ക്ക് നല്‍കുന്നതിനേ ഈ നടപടി ഉപകരിക്കൂ.
അതായത്, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സ്വാശ്രിതമാക്കി നിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ, ലോക ബാങ്കിന്റെയും ഐഎംഎഫിന്റെയും തീട്ടൂരമനുസരിച്ച് സ്വകാര്യവല്‍കരിക്കുകയാണ് ചെയ്യുന്നത്. ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും 49 ശതമാനം ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 4.5 ലക്ഷം കോടിയില്‍പ്പരം രൂപയുടെ മിച്ചമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കിത്തീര്‍ക്കുന്നതിനും ഈ മിച്ച ധനം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ തങ്ങളുടെ സാമ്പത്തിക യജമാനന്മാരെ സുഖിപ്പിക്കുന്നതിലാണ്, സ്വതന്ത്രമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലല്ല, യുപിഎ ഗവണ്‍മെന്റിന് താല്‍പര്യം.
ഐക്യം അടിത്തട്ടില്‍നിന്ന്
എല്ലാ അഫിലിയേഷനിലും ഉള്‍പ്പെട്ട തൊഴിലാളികളെയും ഉല്‍ക്കണ്ഠപ്പെടുത്തുന്ന പ്രശ്നങ്ങളാണ് ഇവയും ഇതുപോലുള്ള മറ്റ് പ്രശ്നങ്ങളും. കൂട്ടായ പ്രക്ഷോഭങ്ങള്‍ക്കുവേണ്ടി തൊഴിലാളിവര്‍ഗ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ത്വര അവരില്‍ ഉണ്ടാക്കുക എന്നതാണ് അടിയന്തിരാവശ്യം. പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ചുകൊണ്ട് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു വരിക എന്നതാണ് അതിന്റെ തുടക്കം. അങ്ങനെയാണ് 2009 സെപ്തംബര്‍ 14ന് ന്യൂഡെല്‍ഹിയില്‍ വിജയകരമായ കണ്‍വെന്‍ഷന്‍ നടന്നത്. ഈ സമ്മേളനം അഞ്ച് ഇനങ്ങളടങ്ങുന്ന ആവശ്യ പ്രഖ്യാപന രേഖ അംഗീകരിച്ചു.
1. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക
2. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തടയുക; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദേശീയതലത്തില്‍ത്തന്നെ പരിപാടി നടപ്പാക്കുക.
3. എല്ലാ തൊഴില്‍ നിയമങ്ങളും പൂര്‍ണമായ വിധത്തില്‍ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
4. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി, കോര്‍പറേറ്റ് മേഖലയുടെയും ഗ്രാമീണ ഭൂപ്രഭു വര്‍ഗത്തിന്റെയും മേല്‍ നികുതി ചുമത്തി പ്രത്യേക ഫണ്ട് സ്വരുപിക്കുക.
5. ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക.
ഈ ആവശ്യ പ്രഖ്യാപന രേഖ ഗവണ്‍മെന്റിന് സമര്‍പ്പിക്കുന്നതിനായി ട്രേഡ് യൂണിയനുകളുടെ ഒരു പ്രതിനിധിസംഘം അന്നുതന്നെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയുണ്ടായി. കണ്‍വെന്‍ഷന്റെ തീരുമാനപ്രകാരം ഒക്ടോബര്‍ 18ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജ്യവ്യാപകമായി തൊഴിലാളികള്‍ പ്രതിഷേധ ദിനം ആചരിച്ചു. തൊഴിലാളിവര്‍ഗ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവരുടെ ആഗ്രഹമാണ് പ്രതിഷേധ ദിനാചരണത്തിലൂടെ ഉയര്‍ത്തി കാണിക്കപ്പെട്ടത്.
മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനായി ഡിസംബര്‍ 16ന് പാര്‍ലമെന്റിനു മുന്നില്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി.
സമരം ക്രമേണ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. 2010 മാര്‍ച്ച് 5ന് കൂട്ടായി അറസ്റ്റ് വരിക്കാനും അങ്ങനെ യുപിഎ ഗവണ്‍മെന്റിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനും ട്രേഡ് യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ച് 5ലെ പ്രക്ഷോഭത്തിനുശേഷം ട്രേഡ് യൂണിയനുകളുടെ കമ്മിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തുകയും തുടര്‍ന്നുള്ള പ്രക്ഷോഭ നടപടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.
ഇവിടെ നാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ ആരംഭം തൊട്ട് പല ട്രേഡ് യൂണിയനുകളും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്; രാജ്യവ്യാപകമായ 12 പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് പല സംഘടനകളും അതില്‍ ചേരാതിരിക്കുകയാണ് ചെയ്തത്. അതെന്തായാലും തൊഴിലാളിവര്‍ഗത്തിന്റെ മുഴുവനും ഐക്യം ഇപ്പോള്‍ ഉണ്ടായിരിക്കുന്നു; എല്ലാ ട്രേഡ് യൂണിയനുകളെയും പ്രക്ഷോഭ പരിപാടിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിരിക്കുന്നു. എല്ലാ അഫിലിയേഷനിലും ഉള്‍പ്പെട്ട തൊഴിലാളികള്‍ക്കിടയില്‍ ഇത് ആവേശം വളര്‍ത്തുകയും ഗവണ്‍മെന്റിന്റെ തൊഴിലാളിവര്‍ഗ വിരുദ്ധ നയങ്ങളെ ചെറുക്കാനുള്ള ആത്മവിശ്വാസം അവരില്‍ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അടിയില്‍നിന്നുള്ള തൊഴിലാളികളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിപ്രസ്ഥാനങ്ങളുടെ മുകള്‍ത്തട്ടില്‍ ഈ ഐക്യം ഉണ്ടായിട്ടുള്ളത് എന്ന കാര്യം എടുത്തുപറയേണ്ടതാണ്. യോജിച്ച പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരുന്നതിനും തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയെടുക്കുന്നതിനും ഉള്ള സാധ്യതയുണ്ടെന്ന് ഇത് കാണിക്കുന്നു.
തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തിര പ്രശ്നങ്ങളെ സംബന്ധിച്ച് ഗവണ്‍മെന്റുമായുള്ള ചര്‍ച്ചയ്ക്ക് ട്രേഡ് യൂണിയനുകള്‍ തയ്യാറാണ്. എന്നാല്‍ അതേ അവസരത്തില്‍ത്തന്നെ പ്രക്ഷോഭ പരിപാടികള്‍ ആവശ്യമാണെന്നും അവര്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് വരുംനാളുകളില്‍ എല്ലാവരും ഉള്‍പ്പെടുന്ന ഐക്യം ശക്തിപ്പെടുത്താന്‍ അവര്‍ ദൃഢമായി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് സംഘടനാപരമായ ദാര്‍ഢ്യം നല്‍കുന്നതിന് ഈ ഐക്യം വഴിയൊരുക്കും.
*
എം കെ പന്ഥെ കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
2009 സെപ്തംബര്‍ 14ന് ന്യൂഡെല്‍ഹിയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ ദേശീയ കണ്‍വെന്‍ഷന്‍, ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലെ ഒരു അവിസ്മരണീയ സംഭവമായിരുന്നു. അഞ്ചിനങ്ങള്‍ അടങ്ങിയ ആവശ്യ പ്രഖ്യാപന രേഖയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായ പ്രസ്ഥാനം സംഘടിപ്പിക്കുന്നതിനുള്ള ഒരു പൊതുവേദിയില്‍ അത് രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ ഒന്നടങ്കം അണിനിരത്തി. വിവിധ വ്യാവസായിക കേന്ദ്രങ്ങളില്‍ പ്രാദേശികതലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും അതോടൊപ്പം ഉയര്‍ന്നുപൊങ്ങുകയുണ്ടായി.
തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി അനുദിനം നിരന്തരം വഷളായിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ്, എല്ലാ അഫിലിയേഷനിലുംപെട്ട തൊഴിലാളികള്‍ ഒന്നിച്ചു കൂടാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നതുമൂലം സ്ഥിതി കൂടുതല്‍ കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുമ്പോള്‍ത്തന്നെ, ലേബര്‍ ബ്യൂറോ തയ്യാറാക്കിയ ഉപഭോക്തൃ വില സൂചിക യഥാര്‍ത്ഥ വിലക്കയറ്റത്തെ പ്രതിഫലിപ്പിക്കുന്നതുമില്ല. അതുമൂലം തൊഴിലാളികളുടെ പൊരുതി നേടിയ ഡിഎയില്‍ വമ്പിച്ച നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു. തൊഴിലാളികള്‍ക്ക് അതുമൂലം ആയിരക്കണക്കിന് കോടി രൂപയാണ് ഓരോ മാസവും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2001 അടിസ്ഥാന വര്‍ഷമായിട്ടെടുത്തുകൊണ്ട് പുതിയ വില സൂചികയുടെ പരമ്പര ആവിഷ്കരിക്കുന്നതിനെ, എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും എതിര്‍ത്തിരുന്ന കാര്യം ഓര്‍മിക്കുമല്ലോ - അത് വഞ്ചനാപരമാണ് എന്നതാണ് അവരുടെ എതിര്‍പ്പിന്റെ അടിസ്ഥാനം.
Post a Comment