Wednesday, February 24, 2010

ഞങ്ങളുണ്ട്... കൃഷി തുടരാന്‍

വിലക്കയറ്റത്തില്‍പ്പെട്ട് വീര്‍പ്പുമുട്ടി പിടയുകയാണ് ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും. വില പിടിച്ചു നിര്‍ത്താനുള്ള സൂത്രവാക്യങ്ങള്‍ തേടിയും കണക്കുകള്‍ കൊണ്ട് അഭ്യാസം കാണിച്ചും ജനങ്ങളെ ശാന്തരാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. സബ്സിഡികളും സപ്ളൈകോ മാര്‍ക്കറ്റുകളുമൊക്കെ വച്ച് കിണഞ്ഞു പരിശ്രമിച്ചിട്ടും കേരളത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. അരിക്കും പച്ചക്കറിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെയും ഇനിയും വില കൂടുമെന്ന സൂചനകളും വന്നുകഴിഞ്ഞു.

"മടിച്ചിരുന്നിട്ട് കാര്യൊന്നൂല്യാ.. ഇനി അങ്ങട്ട് ഇറങ്ങന്നെ, മണ്ണിലേക്ക്... ന്നട്ട് നല്ലോണം കൃഷി ചെയ്യാ... ഇനീള്ള മണ്ണെങ്കിലും കളയാണ്ടിരുന്നാ അതെങ്കിലുണ്ടാവും. നാഴി അരിയിട്ട് കഞ്ഞികുടിക്കാനെങ്കിലും പറ്റും...''തൃശൂര്‍ സ്വദേശിയായ സരസ്വതിയമ്മ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു.

ശരിയാണ്. ഭക്ഷണത്തിനുള്ള വകയെങ്കിലും നാം കൃഷി ചെയ്തുണ്ടാക്കിയേ പറ്റൂ. പക്ഷേ... എന്തു പക്ഷേ? ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് കേരളത്തിലെ പെണ്‍കൂട്ടായ്മകള്‍. കൊല്ലത്തായാലും കാസര്‍കോടായാലും വയനാടന്‍ മലയോരങ്ങളിലായാലും ചില രജത രേഖകള്‍ മിന്നുന്നുന്നതുകാണാം.അതിലൊന്നാണ് എറണാകുളം ജില്ലയിലെ രാമമംഗലത്ത് കാണുന്നത്. അവിടെ ഭാവനാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ നെല്‍കൃഷി ഇന്ന് പല അയല്‍സംഘങ്ങളും ഏറ്റുപിടിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി പാട്ടവ്യവസ്ഥയിലൂടെ നെല്‍കൃഷി ചെയ്ത് കാര്‍ഷിക മേഖലയില്‍ വിജയമുദ്ര തെളിയിച്ചുകഴിഞ്ഞു ഇവര്‍. കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍നിന്ന് നെല്‍വയലുകളുടെ ചിത്രം മാഞ്ഞുപോകുമ്പോഴും അവയെ തിരിച്ചുപിടിക്കാന്‍ തങ്ങളുടെ അധ്വാനത്തിലൂടെ പരിശ്രമിക്കുകയാണിവര്‍. അതുകൊണ്ടുതന്നെ മകരമാസമെന്നാല്‍ ഇവര്‍ക്ക് കൊയ്ത്തുത്സവങ്ങളുടെ കാലമാണ്. കൂട്ടം ചേര്‍ന്നും ഒറ്റയ്ക്കും വിത്തിറക്കി വിളകൊയ്ത് ഉത്സാഹത്തിലാണിവര്‍.

എട്ടരയേക്കര്‍ നിലത്താണ് (അറുപതുപറ നിലം) ഇത്തവണ ഭാവനാ സ്വാശ്രയസംഘം കൃഷിയിറക്കിയത്. പതിനഞ്ചോളം പേര്‍ വരുന്ന സംഘം പലതായി തിരിഞ്ഞ് മൂന്നു പാടശേഖരങ്ങളിലായാണ് കൃഷി. രാമമംഗലത്തെ ആറാം വാര്‍ഡിലെ ഭാവന കൂട്ടായ്മക്കൊപ്പം അയല്‍സംഘങ്ങളും കൃഷിയില്‍ സഹകരിക്കുന്നുണ്ട്. മാമലശേരിയിലെ പരമ്പരാഗത പാടശേഖരങ്ങളായ വള്ളിക്കെട്ട്, പൂങ്കോട്, തലക്കുളം എന്നിവിടങ്ങളിലായി വര്‍ഷംതോറും ഇവര്‍ കൃഷിയിറക്കിപ്പോരുന്നു. ഭൂവുടമകള്‍ കൃഷി നഷ്ടമാണെന്ന് പറഞ്ഞ് കൃഷിയില്‍നിന്നും പിന്മാറിയപ്പോള്‍ തങ്ങള്‍ക്കിവിടം കനകമണ്ണ് തന്നെയെന്ന് ഭാവന കുടുംബയൂണിറ്റിലെ അംഗങ്ങള്‍ അവകാശപ്പെടുന്നു.

"നെല്‍കൃഷി ഞങ്ങള്‍ക്ക് ഒരിക്കലും നഷ്ടമായിത്തോന്നിയിട്ടില്ല. ഈ വര്‍ഷവും അങ്ങനെത്തന്നെ. 60 പറ നിലത്തില്‍ പകുതിയോളം വിളവെടുത്തു. ഏതാണ്ട് എട്ടു മാസത്തേക്കുള്ള നെല്ല് സകല ചെലവും കഴിച്ച് ഞങ്ങള്‍ക്കു കിട്ടും.''ഭാവന സ്വാശ്രയസംഘത്തിലെ മേരി ഐസക്കിന്റെ വാക്കുകള്‍.

അരിയുടെ വിലവര്‍ധനയും ഭക്ഷ്യ ദൌര്‍ലഭ്യവും നേരിടുന്ന ഇക്കാലത്ത് തങ്ങളുടെ അധ്വാനംകൊണ്ട് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്നും ഇവര്‍ കരുതുന്നു. ഭക്ഷ്യസുരക്ഷയെന്നാല്‍ നാം സ്വന്തമായി അധ്വാനിച്ച് ഭക്ഷിക്കുക എന്ന ആശയവും ഉള്‍പ്പെടുന്നു എന്നതാണ് ഈ പെപക്ഷങ്ങളുടെ ന്യായം.

"ഞങ്ങള്‍ കഴിഞ്ഞ ഒമ്പതുകൊല്ലവും കൃഷിചെയ്തു. ഒരു ദോഷവുമില്ല. കുടുംബത്തിന് കഴിയാനുള്ള നെല്ല് മുഴുവന്‍ ഞങ്ങള്‍ സ്വയം കൃഷിചെയ്ത് കിട്ടുന്നതാ'' - സംഘാംഗമായ ആനി ജോണിയുടെ വാക്കുകളില്‍ അഭിമാനം.

സ്വന്തമായി കൃഷിഭൂമിയില്ലാത്തവരും നെല്‍കൃഷിയില്‍ മുന്‍കാലപരിചയമില്ലാത്തവരുമായ ഈ വീട്ടമ്മമാര്‍ ഇന്ന് കൃഷിയറിവുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. നാട്ടുകാരായ പരമ്പരാഗത കര്‍ഷകരുടെ പിന്തുണയും സഹായങ്ങളും ആദ്യകാലങ്ങളില്‍ ഇവര്‍ തേടിയെങ്കിലും ഇന്ന് നെല്‍കൃഷി സംബന്ധമായ ഏതൊരു കാര്യവും ചെയ്യാന്‍ തങ്ങള്‍ക്കാകുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.

"ഞാറു നടീലും കൊയ്ത്തും മാത്രമല്ല ഇതുമായി ബന്ധപ്പെട്ട എല്ലാ പണികളും ഞങ്ങള്‍തന്നെ ചെയ്യും. ആദ്യവര്‍ഷം വരമ്പിടാനും വളമിടാനുമൊക്കെ ഞങ്ങള്‍ പരസഹായം തേടി. പിന്നെപ്പിന്നെ അതൊക്കെ ഞങ്ങള്‍ പഠിച്ചു. ഇന്ന് എല്ലാം പെണ്ണുകള്‍ക്കു തന്നെ ചെയ്യാന്‍ കഴിയുന്നുണ്ട്.''-സംഘാംഗമായ ലിസി സാജു കൂട്ടിച്ചേര്‍ത്തു.

കൃഷിച്ചെലവും കൂലിവര്‍ധനയും കൂടിയ അധ്വാനവുമൊക്കെ കണക്കിലെടുത്ത് നമ്മുടെ കര്‍ഷകര്‍ നെല്‍കൃഷിയെ മാറ്റി നിര്‍ത്തുമ്പോള്‍ അവര്‍ക്കുള്ള മറുപടിയാണ് ഇവരുടെ അനുഭവങ്ങള്‍. കൃഷിയെന്നാല്‍ ലാഭക്കച്ചവടമല്ല, മറിച്ച് മണ്ണിനെയറിഞ്ഞുള്ള വിത്തിറക്കലും സംതൃപ്തിയുടെ വിളകൊയ്യലുമാണെന്നാണ് ഈ പെകരുത്തിന്റെ പക്ഷം. അങ്ങനെയാകുമ്പോള്‍ മണ്ണിനോടുള്ള കൂറും അധ്വാന തല്‍പ്പരതയും താനേ വരുമെന്നും ഇവര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.

"പാടത്ത് കൃഷി ചെയ്ത് വീട്ടിലിരുന്നാല്‍ ആദായം കിട്ടില്ല. മെച്ചപ്പെട്ട വിളവ് കിട്ടണമെങ്കില്‍ നാം സ്വയം അധ്വാനിക്കണം. കൂലികൊടുത്ത് പണി ചെയ്യിച്ചാലും മെച്ചമുണ്ടാകില്ല. ദിവസവും ഉള്ള സമയം നാം വിനിയോഗിക്കണം. വിത്തു പാകുന്നതുമുതല്‍ വിളവെടുക്കുന്നതുവരെ ദിവസവും മെനക്കെട്ടുള്ള പണി തന്നെയാ. പക്ഷേ ഞങ്ങള്‍ക്ക് അതിനൊന്നും ഒരു പ്രയാസവും തോന്നിയിട്ടില്ല. അതിന്റെ ഫലവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്.'' ഭാവനാ യൂണിറ്റിലെ അമ്മിണി ഗോപാലന്റെ വിലയിരുത്തല്‍.

"ഞങ്ങള്‍ ഒറ്റക്കാണെങ്കില്‍ ഇതൊന്നും നടക്കില്ല. കൂട്ടമായി അധ്വാനിക്കുന്നതുകൊണ്ട് ലാഭകരമായി മുന്നോട്ടുപോകാന്‍ പറ്റും. വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ ഭര്‍ത്താക്കന്മാരെ മാത്രം ആശ്രയിച്ച് അരിഷ്ടിച്ച് ജീവിതം കൊണ്ടുപോയിരുന്ന ഞങ്ങള്‍ക്കിപ്പോള്‍ അന്നത്തിന് മാര്‍ഗമുണ്ട്. ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ സഹായിക്കാനും പറ്റുന്നുണ്ട്.'' ആനി ജോണിയുടെ സംതൃപ്തി നിറഞ്ഞ വാക്കുകള്‍.

സംഘാംഗമായ ശാന്ത ശശിയും അതിനോടു യോജിച്ചു.

"പാട്ടക്കൂലിയും ഞങ്ങളുടെ പണിച്ചെലവുമൊക്കെ കഴിഞ്ഞാലും നഷ്ടം വരില്ല. വൈക്കോല്‍ വിറ്റും ന്യായമായ തുക ഞങ്ങള്‍ക്കു കിട്ടും. പരസ്പരം സ്നേഹിച്ചും സഹായിച്ചും ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഒരാള്‍ക്ക് അസുഖം വന്നാല്‍ മറ്റുള്ളവര്‍ സഹായിക്കും. അതീ കൂട്ടായ്മയുടെ ബലംകൊണ്ടാ. അല്ലെങ്കില്‍ പറ്റില്ല.''

"നടീല്‍ സമയത്തും കൊയ്ത്തിന്റെ കാലത്തും മാത്രമല്ലേ തിരക്കുള്ളൂ. അല്ലാത്തപ്പോള്‍ വലിയ പണികളൊന്നുമില്ല. സമയംപോലെ പണികള്‍ ചെയ്താലും മതി. കുറച്ചുനാള് ബുദ്ധിമുട്ടിയാലും നമുക്ക് വരുമാനമുണ്ടല്ലോ.'' മറിയാമ്മ ജോസഫിന്റെ വാക്കുകള്‍.

കഴിഞ്ഞ മൂന്നുവര്‍ഷമായി മറിയാമ്മ സ്വന്തമായി ഏഴുപറ നിലം തുടര്‍ച്ചയായി ഒറ്റക്കാണ് കൃഷിചെയ്തു വരുന്നത്.

"എനിക്ക് മറ്റു ചില ഉത്തരവാദിത്വങ്ങള്‍ കൂടിയുണ്ട്. എന്റെ സമയവും മറ്റുള്ളവരുടെ സമയവും ഒത്തുപോകാത്തതുകൊണ്ട് ഞാന്‍ സ്വയം കൃഷി ചെയ്തു. പക്ഷേ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഒറ്റക്കെട്ടാ.'' -മറിയാമ്മ ജോസഫ് പറഞ്ഞു.

ഭാവനാ സ്വാശ്രയസംഘത്തിന്റെ വിജയഗാഥകള്‍ക്ക് സാക്ഷ്യം വഹിച്ച അയല്‍സംഘാംഗങ്ങളും ഈ വര്‍ഷം മുതല്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. വിനയ സ്വാശ്രയസംഘം, കൈരളി സ്വാശ്രയസംഘം എന്നിവരാണ് ഇപ്രാവശ്യം കൃഷിയില്‍ സജീവമായത്.

"ഒരാള്‍ മാത്രമായി ചെന്നാല്‍ ഉടമകള്‍ കൃഷിഭൂമി തരില്ല. ഒരു സംഘമായി കുടുംബശ്രീയെന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കും ഒരു ബോധ്യം വരും. വിശ്വാസം വരും. അതുകൊണ്ട് തന്നെ സ്ഥിരമായി പാട്ടഭൂമി തരാനും അവര്‍ക്ക് മടിയില്ല. ഞങ്ങള്‍ കൃത്യമായി പാട്ടവും നല്‍കും.'' ലിസി സാജു പറഞ്ഞു.

വര്‍ഷംതോറും വര്‍ധിച്ചു വരുന്ന പാട്ടക്കൂലിയില്‍ ഇവര്‍ അസംതൃപ്തരാണ്. കൃഷിചെയ്യാതെ തരിശു കിടക്കുന്ന ഭൂമിയായാലും തങ്ങള്‍ കൃഷിക്കായി ചോദിക്കുമ്പോള്‍ ഭൂവുടമകളുടെ ഭാവം മാറുമെന്നും അവര്‍ പറയുന്നു.

ഞങ്ങള്‍ കൃഷി തുടരും

തരിശുഭൂമിയെ ഹരിതഭൂമിയാക്കി മാറ്റുന്ന ഈ പെണ്‍കരുത്തിന്റെ പാരിസ്ഥിതിക ബോധവും കൃഷിയില്‍നിന്നുതന്നെ ഉടലെടുത്തതാണ്. നെല്‍പ്പാടങ്ങള്‍എന്നാല്‍ ജലസ്രോതസ്സുകളും ജൈവവൈവിധ്യ മേഖലയുമൊക്കെയാണെന്ന തിരിച്ചറിവ് അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയിരിക്കുന്നു ഇവര്‍.

"മുമ്പൊക്കെ ഈ പാടങ്ങളില്‍ പുഞ്ചകൃഷിയും കൂടി ചെയ്തുപോന്നതാ. ഇപ്പോള്‍ വെള്ളം കിട്ടാതായി ഒരുപ്പൂകൃഷിയായി ചില സമയങ്ങളില്‍ കൃഷിയില്ലാതെയും കിടന്നു. ആ സമയത്തൊക്കെ ഈ പരിസരത്തെ കിണറുകളും തോടുമൊട്ടെ വറ്റിവരണ്ടു. ഞങ്ങളീ കൃഷി തുടര്‍ച്ചയായി ചെയ്തു തുടങ്ങിയപ്പോള്‍ നല്ല വ്യത്യാസം കണ്ടു. കുളങ്ങളിലൊക്കെ ധാരാളം വെള്ളം'' അമ്മിണി പറയുന്നു.

"നെല്‍കൃഷി ആരും ചെയ്യാതെയായതാ നമുക്ക് വിനയായയത്. മൊത്തത്തില്‍ പരിസരത്തിനു തന്നെ വ്യത്യാസം വന്നു, കൃഷി തുടങ്ങിയതില്‍പ്പിന്നെ. കണ്ടത്തില്‍ കൃഷിയുണ്ടെങ്കില്‍ പരിസരംതന്നെ ഈര്‍പ്പുമുണ്ടാകും. ചൂടും കുറയും. ഇതൊക്കെ ഞങ്ങള്‍ അനുഭവത്തില്‍നിന്നു പഠിച്ച കാര്യങ്ങളാ.'' മോളി ഏലിയാസും യോജിച്ചു.

ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ കൃഷിയിറക്കി വിജയം വരിക്കുക എന്നതാണ് ഈ വനിതാ കര്‍ഷരുടെ രീതി. രാസവളങ്ങളും കീടനാശിനികളും വളരെ കുറച്ചു മാത്രം. ചാണകവും കമ്പോസ്റ്റും പോലെയുള്ള ജൈവിക മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുക എന്ന രീതിയാണ് ഇവര്‍ അവലംബിക്കുന്നത്.

"ഞങ്ങളില്‍ ചിലര്‍ക്കൊക്കെ പശുവുണ്ട്. അതുകൊണ്ട് ചാണകത്തിന് പ്രശ്നമില്ല. രാസവളം ഉപയോഗിക്കാറുണ്ട്. വളരെ കുറച്ചു മാത്രം. തീരെയില്ലാതെ പറ്റില്ല.'' ശാന്ത ശശി പറഞ്ഞു.

"വളത്തിനൊക്കെ നല്ല വിലയാ. കീടനാശിനിക്കും അങ്ങനെതന്നെ. മാത്രമല്ല നമുക്കു കഴിക്കാനുള്ളതല്ലേ. അതുകൊണ്ട് കഴിയുന്നത്ര കുറയ്ക്കാന്‍ നോക്കും.'' മേരി പറഞ്ഞു.

നെല്‍കൃഷിക്ക് പ്രോത്സാഹനമായി സംസ്ഥാന സര്‍ക്കാരും ഇതര സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിഭവനുകളുമൊക്കെ രംഗത്തുണ്ടെങ്കിലും നിലവിലുള്ള രീതികള്‍ക്ക് വ്യത്യാസം വരണമെന്ന അഭിപ്രായമാണിവര്‍ക്ക്. സാമ്പത്തിക സഹായങ്ങളും സബ്സിഡിയുമൊക്കെ താഴെതട്ടിലേക്ക് വരുമ്പോള്‍ എന്തൊക്കെയോ പന്തികേടുണ്ടെന്ന് ഇവര്‍ പറയുന്നു.

"ഇപ്പോ വളം തന്നെ കിട്ടുന്നുണ്ട്. പക്ഷേ വിളവെടുപ്പ് കഴിഞ്ഞാണ് നമ്മുടെ കൈയില്‍ കിട്ടുന്നത്. ഇത്തവണ ഇക്കാരണത്താല്‍ ഞങ്ങള്‍ വളം മേടിച്ചില്ല. ധനസഹായമാണേലും കൈയില്‍ കിട്ടുന്നത് ഒരുപാട് കറങ്ങിത്തിരിഞ്ഞാ. സര്‍ക്കാര്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ എവിടെയൊക്കെയോ പ്രശ്നങ്ങള്‍ ഇടയിലുണ്ട്.''- സംഘാംഗങ്ങളായ മേരിയും അമ്മിണിയും വിലയിരുത്തി.

ഈ രംഗത്തും ഇടനിലക്കാരുടെ ചൂഷണം ഒട്ടും കുറവല്ല എന്നാണ് ഈ കുടുംബിനികള്‍ പറയുന്നത്.

"നെല്ലും വൈക്കോലും വിറ്റാലും ഞങ്ങളേക്കാള്‍ ലാഭമുണ്ടാക്കുന്നത് കച്ചവടക്കാരാ. വൈക്കോല്‍ രണ്ടു രൂപക്ക് വാങ്ങി ആറു രൂപക്കു വില്‍ക്കും. നെല്ലാണെങ്കില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ നോക്കും. സര്‍ക്കാര്‍ നെല്ല് സംഭരണവും തറവിലയും നിശചയിച്ചെങ്കിലും ഇടയ്ക്കുള്ള ആളുകള്‍ ഞങ്ങളെ പിഴിയും''- ആനി പറയുന്നു.

നെല്‍വയലുകളുടെ ദൃശ്യഭംഗിയും കൊയ്ത്തുപാട്ടിന്റെ ഈണവും നെഞ്ചേറ്റി ലാളിക്കുന്ന ഈ വനിതാ സംഘങ്ങള്‍ തുടര്‍ച്ചയായ നെല്‍കൃഷിയിലൂടെ തങ്ങളുടെ ജീവിതത്തിനൊരു താളം കൈവന്നു എന്നും വിശ്വസിക്കുന്നു. അധ്വാനംകൊണ്ട് കുടുംബം പുലര്‍ത്താന്‍ മാത്രമല്ല ആഹ്ളാദങ്ങള്‍ പങ്കുവയ്ക്കാനുള്ള മാര്‍ഗങ്ങളും ഇവര്‍ കണ്ടെത്തുന്നുണ്ട്.

"ഞങ്ങള്‍ കൃഷിക്കിറങ്ങുമ്പോള്‍ത്തന്നെ ഓരോന്നും പ്ളാന്‍ ചെയ്യും. ഓരോ സ്ഥലങ്ങളില്‍ ടൂര്‍ പോകാനും തീര്‍ഥയാത്രകളും ഓരോന്നു വാങ്ങാനുമൊക്കെ. ഞങ്ങളുടെ കുടുംബമൊന്നിച്ച്, നാട്ടുകാര് ഒന്നിച്ചുള്ള യാത്രകള്‍ പലതും പോയി. മൂന്നാര്‍, രാമക്കല്‍മേട്, ഇടുക്കി അങ്ങനെയൊക്കെ. പിന്നെ വീട്ടുസാമഗ്രികള്‍ വാങ്ങി. ഇതൊക്കെ മനസ്സിന് ഒത്തിരി സന്തോഷം തരുന്ന കാര്യങ്ങളാ.'' നിറമുള്ള സ്വപ്നങ്ങളും അനുഭവങ്ങളും നിരത്തുകയാണ് ആനി എന്ന വീട്ടമ്മ.

മണ്ണിന്റെ ചൂരും ചൂടുമറിഞ്ഞ സ്വാശ്രയബോധമുള്ള ഈ പെണ്‍കരുത്തിന്റെ ആത്മവിശ്വാസം തന്നെയാണ് നാം കണ്ടു പഠിക്കേണ്ടത്. കാര്‍ഷിക മേഖലയുടെ കാവലാളായി മാറുന്ന, നെല്‍വയലുകള്‍ക്ക് കരുത്തായി മാറുന്ന, ഇത്തരം കൂട്ടായ്മയുടെ തിരിച്ചറിവുകള്‍ തന്നെയാണ് നമ്മുടെ കാര്‍ഷികമേഖലയുടെയും വയലുകളുടെയും കരുത്ത്.

*
കെ വി ലീല ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വിലക്കയറ്റത്തില്‍പ്പെട്ട് വീര്‍പ്പുമുട്ടി പിടയുകയാണ് ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും. വില പിടിച്ചു നിര്‍ത്താനുള്ള സൂത്രവാക്യങ്ങള്‍ തേടിയും കണക്കുകള്‍ കൊണ്ട് അഭ്യാസം കാണിച്ചും ജനങ്ങളെ ശാന്തരാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. സബ്സിഡികളും സപ്ളൈകോ മാര്‍ക്കറ്റുകളുമൊക്കെ വച്ച് കിണഞ്ഞു പരിശ്രമിച്ചിട്ടും കേരളത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. അരിക്കും പച്ചക്കറിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെയും ഇനിയും വില കൂടുമെന്ന സൂചനകളും വന്നുകഴിഞ്ഞു.

"മടിച്ചിരുന്നിട്ട് കാര്യൊന്നൂല്യാ.. ഇനി അങ്ങട്ട് ഇറങ്ങന്നെ, മണ്ണിലേക്ക്... ന്നട്ട് നല്ലോണം കൃഷി ചെയ്യാ... ഇനീള്ള മണ്ണെങ്കിലും കളയാണ്ടിരുന്നാ അതെങ്കിലുണ്ടാവും. നാഴി അരിയിട്ട് കഞ്ഞികുടിക്കാനെങ്കിലും പറ്റും...''തൃശൂര്‍ സ്വദേശിയായ സരസ്വതിയമ്മ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു.

ജിവി/JiVi said...

ഈ കൂട്ടായ്മക്കും കാര്‍ഷിക സംരഭത്തിനും ആശംസകള്‍. ഇത് കേരളം മുഴുവന്‍ വ്യാപിക്കട്ടെ.