Wednesday, February 10, 2010

എഴുത്തോ നിന്റെ കഴുത്തോ

'എഴുത്തോ നിന്റെ കഴുത്തോ' എന്ന് ചോദിച്ചത് എം ഗോവിന്ദനാണ്. എഴുത്തല്ല, കഴുത്താണ് കഴുത്തിനുമേലെ തലയാണ്, തലക്കനമാണ്, പരപുച്ഛമാണ് പ്രധാനം എന്ന് ധരിച്ചുവശായ ഇക്കാലത്തെ എഴുത്തുകാരെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ ദൂരവീക്ഷണമാകാം ആ വരികള്‍.

കൈയടിക്കാനെന്നപോലെ ചിലപ്പോഴെങ്കിലും കൂവിവിളിക്കാനും 'മതി നിന്റെ ഗിരിപ്രഭാഷണമെന്ന്' ആക്രോശിച്ചിരുത്താനും എഴുത്തുകാര്‍ക്കെന്നപോലെ കേള്‍വിക്കാരനും സ്വാതന്ത്ര്യമുണ്ട്. സ്വാഭാവികവും നിര്‍ദോഷവുമായ ഈ പ്രതികരണത്തെ പക്ഷേ എഴുത്തുകാരന്റെ തിരുവസ്‌ത്രമണിഞ്ഞവര്‍ സമ്മതിച്ചുതരാറില്ല. കേരളം മുഴുവന്‍ ബോധത്തിലും അബോധത്തിലും പാടിയും പ്രസംഗിച്ചും കൂവിയും കൈയടിച്ചും ആഘോഷിച്ചവരാണ് ജോൺ എബ്രഹാമും സുരാസുവും അയ്യപ്പനും മുല്ലനേഴിയുമൊക്കെ. ഈ പട്ടിക എത്രയും നീട്ടാവുന്നതുമാണ്. അനവസരങ്ങളില്‍ മാന്യതയുടെ പുറംതോടുടച്ചു എന്നതുകൊണ്ട് ആരും ഇവരെ പഴിപറഞ്ഞതായി കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും അക്കാലത്ത് വാര്‍ത്താശ്രദ്ധ നേടിയില്ല. തല്‍സമയ റിപ്പോര്‍ട്ടോ എഡിറ്റോറിയലോ വന്നില്ല. സക്കറിയ പയ്യന്നൂരെത്തിയിരുന്നില്ല എന്നുസാരം.

പ്രസംഗമെന്നപോലെ കൂവലും സര്‍ഗപ്രതികരണങ്ങളാണെന്ന് വിശ്വസിച്ചുറച്ചവരുടെ പിന്മുറക്കാര്‍ പക്ഷേ, വല്ലാത്ത അസഹിഷ്‌ണുതയിലാണ്. തങ്ങളുടെ കാല്‍ക്കീഴിലാണ് സര്‍വസ്വവും എന്ന മനോരാജ്യം ഇക്കൂട്ടരുടെ സമനില തെറ്റിച്ചിരിക്കുന്നു. 'അയ്യോ എന്നെ തല്ലാന്‍ വരുന്നേ, ഓടിവായോ' എന്ന മട്ടാണ് പലരും. മനോവിഭ്രാന്തിക്ക് ചികിത്സയില്ലെങ്കിലും ചില സംശയങ്ങള്‍ ഈ രോഗഭീതി പരത്തിയിട്ടുണ്ട്. എഴുത്തുകാരന് ആരാണ് ഇത്രമേല്‍ അപ്രമാദിത്തം കല്‍പ്പിച്ചിരിക്കുന്നത്?

എഴുത്തിനപ്പുറം വ്യക്തിജീവിതത്തില്‍, അനുശാസിക്കപ്പെടുന്ന നീതിന്യായവ്യവസ്ഥയില്‍, സുജനമര്യാദകളില്‍, സാമൂഹ്യബന്ധങ്ങളില്‍ എഴുത്തുകാര്‍ക്ക് പ്രത്യേക പരിഗണനയോ പരിരക്ഷയോ ആനുകൂല്യമോ ഉള്ളതായി പിടിയില്ല. എഴുത്തുകാരോടുള്ള ആരാധനമൂത്ത് വായനക്കാര്‍ കൊടുക്കുന്ന ഉദാരമര്യാദ കലര്‍ന്ന സ്‌നേഹമോ പൊതുസമൂഹം സമ്മാനിക്കുന്ന ആദരപുരസ്കാരങ്ങളോ ഇതിന്റെ മറുവശം.

ലക്കിടിയിലെ പാറുക്കുട്ടിയമ്മയ്‌ക്ക് പുടവ കൊടുക്കാമെന്നേറ്റ ദിവസം അതുമറന്ന് കവിതയുടെ സ്വപ്‌നാടനത്തില്‍ അലഞ്ഞ് രണ്ടുനാള്‍ കഴിഞ്ഞ് തിരിച്ചെത്തിയ മഹാകവി പി കുഞ്ഞിരാമന്‍നായരെ അന്നാട്ടുകാര്‍ അക്കാലത്തെങ്ങനെയാണ് സ്വീകരിച്ചതെന്ന് 'കവിയുടെ കാല്‍പ്പാടു'കളില്‍ കവിതന്നെ പറഞ്ഞിട്ടുണ്ട്. 'താമരത്തോണി'ക്ക് കിട്ടിയ കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌ക്കാരം വരെ നിര്‍ദാക്ഷിണ്യം വലിച്ചെറിയപ്പെട്ടു. അയഞ്ഞ ഖാദിജുബ്ബയുടെ നീളന്‍പോക്കറ്റില്‍ ശേഷിച്ച മിഠായികളുമായി കവി നിളാതീരത്തിരുന്നത് കേരളക്കാര്‍ തന്നെ മാനിച്ചില്ലല്ലോ എന്ന ഖേദചിന്തയോടെയായിരുന്നില്ല. മനുഷ്യനെന്ന നിലയില്‍ തന്റെ ചെയ്‌തികള്‍ മാപ്പര്‍ഹിക്കാത്തതാണെന്ന് തിരിച്ചറിഞ്ഞായിരുന്നു. തൃശൂരില്‍ കൊച്ചിന്‍ ദേവസ്വം ക്വാര്‍ട്ടേഴ്‌സില്‍ വാടകക്കാരനായിരുന്ന വൈലോപ്പിള്ളി 'കുടിയൊഴിപ്പിക്കല്‍' പ്രശ്‌നത്തില്‍ ദേവസ്വവുമായി ഉരസി കോടതി കയറി കേസുപറഞ്ഞതും മഹാകവിയെന്ന നിലയ്ക്കല്ല.

സക്കറിയ വിവാദത്തില്‍ സഹയാത്രികനാവാന്‍ കച്ചകെട്ടി കോപ്പുകൂട്ടുന്ന ടി പി രാജീവന്റെ പടപ്പുറപ്പാട് കണ്ടാണ് ഇത്രയുംകുറിച്ചത്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ 48-ാം ലക്കത്തില്‍ (2010 ഫെബ്രുവരി 7) സക്കറിയ പൊട്ടിച്ച ഒറ്റപ്പടക്കത്തിന്റെ കെട്ടുപോയ തിരിയെടുത്താണ് വീണ്ടുമൊരു പടുപൊടിപ്പിക്കാന്‍ രാജീവന്‍ കിതയ്‌ക്കുന്നത്. പാലേരിമാണിക്യം വായിച്ച പാലേരിക്കാര്‍ തന്നെ തല്ലാന്‍ ആക്രോശിച്ചെത്തുന്ന ക്ളോസപ്പ് സീനാണ് ഇപ്പോള്‍ രാജീവ സ്വപ്‌നങ്ങളില്‍. കാരണം ദേശാഭിമാനി വാരികയില്‍ ഡോ. പി കെ പോക്കര്‍ രാജീവനെ കൈകാര്യംചെയ്യണമെന്ന് വക്രോക്തിയില്‍ ഉരചെയ്‌തുപോലും. വായനക്കാര്‍ ആധുനികോത്തരമായി പ്രതികരിച്ചാല്‍ തനിക്കും കിട്ടിയേക്കും കൂട്ടത്തില്‍ രണ്ടുതല്ല്. എങ്കില്‍ രക്ഷപ്പെട്ടു. നോവല്‍ വായിച്ചിട്ടും തല്ലാനൊരുങ്ങാത്തവരെക്കൊണ്ട് ഏതുവിധവും തല്ലിച്ചേ അടങ്ങൂ എന്ന മട്ടാണ് രാജീവന്‍. തന്റെ നോവലെന്തോ മഹാസംഭവമാണെന്നും ലോകം മുഴുവന്‍ അതില്‍ ചുരുങ്ങിചുളുങ്ങിയിരിപ്പാണെന്നുമാണ് ചിത്തഭ്രമത്തിലെന്നപോല്‍ അദ്ദേഹം വിഭ്രാന്തനാവുന്നത്.

രാജീവ വചനങ്ങള്‍ കേട്ടാലും: 'എന്നെ എവിടെ കണ്ടാലും പാലേരിക്കാര്‍ കൈകാര്യംചെയ്യണം. തസ്ളീമ നസ്രീന് ബംഗ്ളാദേശില്‍ പോകാന്‍ കഴിയാത്തതുപോലെ, സല്‍മാന്‍ റുഷ്‌ദിക്ക് ഇസ്ളാമികരാജ്യങ്ങളില്‍ പോകാന്‍ കഴിയാത്തപോലെ പാലേരിയില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ഇനി പാലേരിയിലും പോകാന്‍ കഴിയില്ല'. ആഗ്രഹങ്ങള്‍ തെറ്റെന്നു പറയാന്‍ അവകാശമില്ല. ഒരാളുടെ വ്യക്തിപരമായ മോഹാഭിലാഷങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും. ഒരുനിമിഷം മറന്ന് തസ്ളീമയോ റുഷ്‌ദിയോ ആവാന്‍ ഒരെഴുത്തുകാരന്‍ മോഹിച്ചെങ്കില്‍ അതൊട്ടും പൊറുക്കാനാവാത്ത അപരാധമല്ല. എന്നാല്‍, ഈ ദുരഭിമാനം ആദര്‍ശവല്‍ക്കരിച്ച് കേരളത്തിലെ ഇടതുപക്ഷത്തെ വിമര്‍ശിക്കാനുള്ള അളവുകോലാക്കുന്നിടത്താണ് ഒളിപ്പിച്ചുവച്ച അല്‍പ്പത്തവും വിലക്ഷണതയും ചുരമാന്തി പുറത്തിറങ്ങുന്നത്.

സത്യവിരുദ്ധമായ പശ്ചാത്തലത്തില്‍ ഭാവനയും കല്‍പ്പിത കഥകളും ഒട്ടിച്ചുചേര്‍ക്കുമ്പോഴാണ് ചരിത്രത്തെ വികൃതവല്‍ക്കരിക്കുകയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്നത്. എന്തും എങ്ങനെയും എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്ന വാശിക്കൊപ്പം ചുരുങ്ങിയപക്ഷം ഇപ്പറഞ്ഞതൊന്നും ഇങ്ങനെയല്ലെന്ന് നിര്‍ദേശിക്കാനും മാറിച്ചിന്തിക്കാനുമുള്ള വിവേചനാധികാരം വായനക്കാര്‍ക്കും ഉണ്ടെന്ന് അംഗീകരിക്കാനുള്ള വികാസമുണ്ടാകണം. എങ്കില്‍ മാത്രമേ രാജീവന്‍പോലും ആഗ്രഹിക്കുന്നതായി പറയുന്ന എഴുത്തിലെയും വായനയിലെയും ജനാധിപത്യപരമായ ഇടങ്ങള്‍ക്ക് പ്രസക്തി കാണൂ.

ഡോ. പോക്കറല്ല, ആരെഴുതിയാലും തന്നെ തല്ലാന്‍ തന്റെ നാട്ടുകാര്‍ക്കാവില്ലെന്നു പറയാനാണ് രാജീവന് കഴിയേണ്ടിയിരുന്നത്. നാട്ടില്‍ അപരിചിതനും എഴുത്തില്‍ നാട്ടുജീവിതത്തിന്റെ ഹൃദയതാളം ആവാഹിച്ചും കഴിയുന്ന ഉഭയജീവിതങ്ങള്‍ക്കൊക്കെയുള്ള ദുരന്തവിധിയാണിത്. തന്നെയൊഴിച്ച് മറ്റുള്ളവരെയെല്ലാം സംശയിക്കാനും തന്റെ ശത്രുവായി പ്രഖ്യാപിക്കാനും തോന്നുന്ന മനോവ്യാപാരത്തിന് മനഃശാസ്‌ത്രത്തില്‍ വ്യാഖ്യാനങ്ങളും നിര്‍വചനങ്ങളും സുലഭമായിരിക്കും.

ഇന്നാട്ടിലെ ഏതൊരു സാധാരണക്കാരനും ബുദ്ധിപരമായി ഏറെയൊന്നും പണിപ്പെടാതെ ബോധ്യപ്പെടുന്ന കാര്യങ്ങള്‍ ദാര്‍ശനികമായി പറയാന്‍ ശ്രമിച്ച് രാജീവന്‍ അപഹാസ്യനാവുന്നു. തനിക്കറിയാത്ത രാഷ്‌ട്രീയ സാഹചര്യങ്ങളെ അറിയില്ലെന്നു പറഞ്ഞൊഴിയാനുള്ള ആര്‍ജവമെങ്കിലും എഴുത്തുകാര്‍ കാണിക്കണം. എല്ലാത്തിന്റെയും അവസാന വാക്കോ വിധികര്‍ത്താക്കളോ ചമയേണ്ടതില്ല. ആഴക്കുറവിന്റെ ഉപരിപ്ളവതയില്‍ രാജീവന്‍ വാചാലനാകുന്നു: 'അതേ ആപത്ഘട്ടത്തിലൂടെ കടന്നു വന്നിട്ടാവാം അബ്‌ദുള്ളക്കുട്ടിയും ഡോ. കെ എസ് മനോജും കമ്യൂണിസ്‌റ്റ് പാര്‍ടി വിട്ടത്. ഈ സംഘര്‍ഷം ഒരാള്‍ ആര്‍ജിച്ച ബോധ്യങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമെത്തുമ്പോഴാണ് '...

കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ തിളയ്‌ക്കുന്ന ഇന്നലെകളില്‍ ഒരുപക്ഷേ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒരുപോലെ 'ഇന്റഗ്രിറ്റി' കാത്തുസൂക്ഷിക്കാന്‍ ഇച്ഛിച്ചതിന്റെ സ്വാഭാവികവും മാനുഷികവുമായ പ്രേരണകളാലാവാം കെ ദാമോദരനെപ്പോലുള്ള ദാര്‍ശനികരും വിപ്ളവപ്രയോക്താക്കളും അനുഭവിച്ചറിഞ്ഞ മാനസിക സംഘര്‍ഷങ്ങള്‍. അതിനെയാണ് ഡോ. മനോജിലേക്കും അബ്ദുള്ളക്കുട്ടിയിലേക്കും താഴ്ത്തിക്കെട്ടി സര്‍വജ്ഞനെപ്പോലെ രാജീവന്‍ ചരിത്രത്തെ കൊഞ്ഞനം കുത്തുന്നത്.

ചേരുംപടിചേര്‍ച്ചയില്‍ വേണമെങ്കില്‍ ശിവരാമനെക്കൂടി ആ പട്ടികയില്‍ രാജീവന് ഉള്‍പ്പെടുത്താം. രാഷ്‌ട്രീയ മുതലെടുപ്പിന്റെ കണക്കുകൂട്ടലില്‍ തരംപോലെ കള്ളിമാറിച്ചവിട്ടുന്ന ഇരട്ടവേഷങ്ങളെ ഭൂതകാല മഹത്വങ്ങളോട് ഉദാഹരിക്കുക വഴി താനെത്ര ചെറുതായെന്നെങ്കിലും തിരിച്ചറിയാനുള്ള വിവേകം രാജീവനുണ്ടാകണം. മറുവശത്ത് ഭാവിയിലെങ്കിലും അബ്‌ദുള്ളക്കുട്ടിമാരും മനോജുമാരും ശിവരാമന്മാരുമായുള്ള സംസര്‍ഗത്തെ എപ്രകാരം കരുതലോടെ പ്രതിരോധിക്കണമെന്ന ഗൃഹപാഠവും ഈ തിരക്കഥ തരുന്നുണ്ട്.

*****

എന്‍ രാജന്‍, ദേശാഭിമാനി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കൈയടിക്കാനെന്നപോലെ ചിലപ്പോഴെങ്കിലും കൂവിവിളിക്കാനും 'മതി നിന്റെ ഗിരിപ്രഭാഷണമെന്ന്' ആക്രോശിച്ചിരുത്താനും എഴുത്തുകാര്‍ക്കെന്നപോലെ കേള്‍വിക്കാരനും സ്വാതന്ത്ര്യമുണ്ട്. സ്വാഭാവികവും നിര്‍ദോഷവുമായ ഈ പ്രതികരണത്തെ പക്ഷേ എഴുത്തുകാരന്റെ തിരുവസ്‌ത്രമണിഞ്ഞവര്‍ സമ്മതിച്ചുതരാറില്ല. കേരളം മുഴുവന്‍ ബോധത്തിലും അബോധത്തിലും പാടിയും പ്രസംഗിച്ചും കൂവിയും കൈയടിച്ചും ആഘോഷിച്ചവരാണ് ജോണ്‍ എബ്രഹാമും സുരാസുവും അയ്യപ്പനും മുല്ലനേഴിയുമൊക്കെ. ഈ പട്ടിക എത്രയും നീട്ടാവുന്നതുമാണ്. അനവസരങ്ങളില്‍ മാന്യതയുടെ പുറംതോടുടച്ചു എന്നതുകൊണ്ട് ആരും ഇവരെ പഴിപറഞ്ഞതായി കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും അക്കാലത്ത് വാര്‍ത്താശ്രദ്ധ നേടിയില്ല. തല്‍സമയ റിപ്പോര്‍ട്ടോ എഡിറ്റോറിയലോ വന്നില്ല. സക്കറിയ പയ്യന്നൂരെത്തിയിരുന്നില്ല എന്നുസാരം.

chithrakaran:ചിത്രകാരന്‍ said...

വളരെ രസകരമായും ആസ്വാദ്യമായും എഴുതിയിരിക്കുന്നു.
പാര്‍ട്ടി ചുവരില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നതിന്റെ
സ്വാതന്ത്ര്യക്കുറവും വിധേയത്വവും ഉണ്ടെങ്കിലും
ഹൃദ്യമായ ശൈലി. ആശംസകള്‍ !!!

paarppidam said...

ഡോ.പോക്കറിന്റെ ലേഖനത്തിലേക്കുള്ള ലിങ്കോ അല്ലെങ്കിൽ അതിന്റെ ഒരു പോസ്റ്റോ നൽകാമോ?

റോഷ്|RosH said...

ഇത്രയൊക്കെ ആയിട്ടും,'എന്തും എങ്ങനെയും എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യം' ആള്‍ക്കാരുടെ ഒരു തരം വാശി തന്നെ . അല്ലേ?
കൊള്ളാം, :)