Friday, February 26, 2010

എനിക്കും അവനുമിടയിലെ മരണത്തിന്റെ ദൂരം

മനുഷ്യന് രണ്ടുതരത്തിലുള്ള മൃത്യുവുണ്ട്.

ചിലര്‍ ജീവിച്ചിരിക്കേ നമ്മുടെ മനസ്സില്‍ മരണമടയുന്നു.മറ്റു ചിലരാകട്ടെ, മരിച്ചിട്ടും നമ്മുടെയുള്ളില്‍ ജീവിച്ചിരിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥമാനസരാക്കുമ്പോള്‍, ആഴത്തിലുള്ള സ്നേഹബന്ധങ്ങള്‍ ജീവിതത്തെ അര്‍ഥവത്താക്കുന്നു.

നമ്മുടെ മനസ്സില്‍നിന്നു നമ്മെത്തന്നെ പുറത്തേക്കെടുക്കുവാനാകണം, ഓരോ കവിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത് -ആത്മധ്യാനത്തില്‍ നിന്നും യഥാര്‍ഥ പാതയില്‍നിന്നും നാം മനുഷ്യര്‍ വ്യതിചലിക്കാതിരിക്കല്‍ കവിയുടെ ആവശ്യമായിരിക്കാം. ശരീരത്തിന്റെ ക്ഷണികമായ ആനന്ദങ്ങളില്‍ മാത്രം അഭിരമിക്കുന്ന മാനവികതയുടെ ആത്മാവില്‍ ലഹരിയുല്‍പ്പാദിപ്പിക്കുന്ന രാസവിദ്യ അറിയുന്നവനാണ് യഥാര്‍ഥ കവി. ഈ ദൈവികതയുടെ പാട്ടുമായി നമ്മുടെ ആത്മാവിന്റെ തെരുവോരത്ത് കൂടെ നടന്ന് പാടുന്ന കിന്നരഗായകന്‍ ആരാണ്? അയാള്‍ ഗിരീഷ് പുത്തഞ്ചേരിയാകുന്നു. 'മനസ്സിന്റെ മണ്‍വീണയില്‍ ആരോ വിരല്‍ മീട്ടി' യതുപോലുള്ള ഒരനുഭവം - ആ ശ്രുതിയും ആ ഈണവും നമ്മെ കുറച്ചൊന്നുമല്ല ആനന്ദിപ്പിച്ചതും ആശ്വസിപ്പിച്ചതും.

മലയാളിയുടെ നിത്യജീവിതത്തില്‍ നിറഞ്ഞുനിന്ന് തുടിച്ച ആ കവി, ആ പാട്ടെഴുത്തുകാരന്‍, ജീവിതാഘോഷങ്ങളുടെ ഉച്ചസ്ഥാനത്തുവച്ച് പാനപാത്രം തട്ടിയുടച്ച് എങ്ങോട്ടോ മറഞ്ഞുപോയപ്പോള്‍ ആകെ പകച്ചുപോകുന്നു. പലര്‍ക്കും നഷ്ടമായത് കേവലം ഒരു കവിയെയോ, പാട്ടെഴുത്തുകാരനെയോ, തിരക്കഥാകൃത്തിനെയോ മാത്രമല്ല. ഉള്ളഴിഞ്ഞ് സ്നേഹിച്ച ഒരു കൂട്ടുകാരനെത്തന്നെയാണ്. ആ ഗാനങ്ങള്‍ ഇപ്പോള്‍ തീരാവേദനയുടെ ലഹരിയാവുന്നത് നാം ശ്രോതാക്കള്‍ക്കാണ്, സുഹൃത്തുക്കള്‍ക്കാണ്.

സ്വന്തം കഴിവിന്റെ മഹത്വത്തില്‍ ഗിരീഷിന് എന്നും വിശ്വാസമുണ്ടായിരുന്നു. പതിനെട്ടുവര്‍ഷങ്ങള്‍ക്കപ്പുറം കോഴിക്കോട്ടുള്ള പൂക്കാട് കലാലയത്തിന്റെ വാര്‍ഷികാഘോഷവേളയില്‍, 'ഞാന്‍ പാട്ടെഴുതുന്നത് എന്റെ ഉപജീവനത്തിനാണ്, കലയ്ക്ക് വേണ്ടിയല്ല' എന്നുറക്കെ പ്രഖ്യാപിച്ചപ്പോള്‍ 'കലാകാരന്റെ പ്രതിബദ്ധത, നിരന്തരമായ സ്വാര്‍ഥത്യാഗമാണ് ; ഉപജീവനമെന്ന വാക്ക്, കലയെ തള്ളിപ്പറഞ്ഞുകൊണ്ടാവരുത്' എന്ന് മുഷിച്ചിലോടെ ഇതെഴുതുന്നവളും പ്രസംഗിക്കുകയുണ്ടായി. ഈ എതിര്‍പ്പില്‍നിന്ന്, ഈ എതിര്‍വാക്കില്‍നിന്ന് ഒരു നല്ല സൌഹൃദം മുളയെടുക്കുകയായിരുന്നു.

ഈ സൌഹൃദത്തിന് ആയിരം ഓര്‍മകളുണ്ട്. സ്നേഹ പരിഭവങ്ങളുടെ കാര്‍മേഘങ്ങളുണ്ട്. എന്നാലവയ്ക്കെല്ലാം ആര്‍ജവംനിറഞ്ഞ ഒരു മനസ്സിന്റെ അപരിമേയ പരിമളം!

നടന്‍ ശ്രീനിവാസന്റെ 'ചിന്താവിഷ്ടയായ ശ്യാമള'യുടെ ചര്‍ച്ചക്ക് ഞാന്‍ ക്ഷണിക്കപ്പെടുന്നത് ഗിരീഷിലൂടെയാണെന്ന് പിന്നെയാണറിയുന്നത്. കോഴിക്കോടുനിന്ന് വത്സലടീച്ചറും ഭര്‍ത്താവും, പിന്നെ ഭര്‍ത്താവും ഞാനും എറണാകുളത്ത് പാതിരക്ക് ചെന്നിറങ്ങുമ്പോള്‍, സ്വീകരിക്കാനെത്തിയത് സാക്ഷാല്‍ ശ്രീനിവാസനായിരുന്നു. സിനിമയിലെ പല പ്രതിഭകളെയും, ഒപ്പം സാഹിത്യസാംസ്കാരിക മണ്ഡലങ്ങളിലെ പല പ്രമുഖരെയും അന്ന് പരിചയപ്പെട്ടു. മാധവിക്കുട്ടി എന്ന അനശ്വര സാഹിത്യകാരി, അസാമാന്യ പ്രതിഭാശാലിയായ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവരുമായി അന്ന് അടുക്കാന്‍ കാരണക്കാരനായത് ഗിരീഷ് പുത്തഞ്ചേരി എന്ന നല്ല സുഹൃത്താണ് എന്ന് അത്ഭുതത്തോടെ ഇപ്പോഴോര്‍ക്കുന്നു. സിനിമാരംഗത്ത് എനിക്കുള്ള ചുരുക്കം സൌഹൃദങ്ങളില്‍ പലതും ഗിരീഷിലൂടെയായിരുന്നു.

കാമനകളുടെ തീരാത്ത ശൃംഖലകളില്‍നിന്ന് മുക്തി ലഭിക്കാത്തവരുടെ ദുഃഖങ്ങള്‍ നമ്മുടെ ആത്മാവില്‍ കോരി നിറച്ച കവിയാകുന്നു ഗിരീഷ് പുത്തഞ്ചേരി. ജീവിതം മുഴുവനും ദുഃഖമയമെന്ന് അറിയുമ്പോഴും, വഞ്ചനനിറഞ്ഞ ഈ ലോകത്ത് നമ്മുടെ അന്തരാത്മാവില്‍ ഏതോ സത്യത്തിന്റെ ഇടിമിന്നല്‍ പായിച്ച കവി. ഒഴുക്ക് നിലച്ച നദിപോലെ തളംകെട്ടി നിന്ന മനസ്സുകളെ സംഗീതമാസ്മരത്തിലൂടെ ഗംഗാപ്രവാഹമാക്കി മാറ്റിയ പാട്ടെഴുത്തുകാരന്‍. നീറുന്ന നേരുകള്‍ നമുക്കുള്ളിലേക്ക് എറ്റിയെറിഞ്ഞ്, ആഴമേറിയ മോഹനിദ്രയില്‍നിന്ന് നമ്മെ കുലുക്കിയുണര്‍ത്താന്‍ ശ്രമിച്ച സാഹിത്യകാരന്‍. നര്‍മത്തിന്റെ നാരായംകൊണ്ട് മര്‍മത്തില്‍ കുത്തിയ തിരക്കഥാകൃത്ത്.

ഈ കവി, ഈ സാഹിത്യകാരന്‍ നിഷ്കളങ്കനും ഒരു സുഹൃത്തും കൂടിയായിരുന്നുവല്ലോ. നീണ്ട പതിനെട്ടുവര്‍ഷങ്ങളുടെ പൊട്ടാത്ത കണ്ണികള്‍ ഉറപ്പേകിയ ബന്ധമായിരുന്നുവല്ലോ അത്. ഈ ആര്‍ജവം നിറഞ്ഞ മനസ്സിലാക്കല്‍ അന്തഃസ്വത്വത്തെ എത്രമേല്‍ ജ്വലിപ്പിച്ചിരുന്നു! മനസ്സിലാക്കല്‍ നമുക്ക് സ്വാതന്ത്യ്രം തരുന്നു. അടിത്തറയില്ലാതെ പ്രണയക്ഷേത്രങ്ങള്‍ പണിയുകയും അത് തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ അത്യഗാധമായ നിരാശയിലേക്ക് നിപതിക്കുയും ചെയ്യുന്ന ഒരു തലമുറയ്ക്ക് ആശ്വാസമാണ്, ആനന്ദമാണ്, ഗിരീഷിന്റെ പാട്ടുകള്‍. ആത്മാര്‍ഥ പ്രണയങ്ങള്‍ കൊടും വഞ്ചനകളാല്‍ തകരുന്ന ഇക്കാലത്ത്, ആര്‍ക്കുമാരെയും യഥാര്‍ഥമായി പ്രണയിക്കാന്‍ കഴിയാത്ത കാലത്ത് ഈ ഗാനരചയിതാവിന്റെ പ്രണയഗാനങ്ങള്‍ എത്ര മൂളിയിട്ടും മതിവരുന്നില്ല. അതില്‍ ഊറിനിറയുന്ന ജീവിത പ്രണയത്തിന്റെ ഉപ്പും തുനിപ്പും നാക്കില്‍നിന്ന് മാഞ്ഞുപോകുന്നുമില്ല. 'പിന്നെയും പിന്നെയും ഏതോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം .....'

ഇവിടെ പ്രണയം ആശ്രിതത്വമല്ല, അതൊരു പങ്കുവയ്ക്കലാണ്. വിശേഷിച്ചും പ്രണയികള്‍ പരസ്പരം സ്നേഹം യാചിക്കുന്ന യാചകരായിത്തീരുന്ന ഇക്കാലത്ത്.

ഈ പുത്തഞ്ചേരിക്കാരനുമായുള്ള ആത്മബന്ധം വിശകലന സാധ്യതകളെ വെല്ലുവിളിച്ചുകൊണ്ട് നിലകൊള്ളുന്നു. യാതൊരു ക്രമവുമില്ലാതെ ജീവിക്കുന്ന ഒരേയൊരു സുഹൃത്തേ ഇതെഴുതുന്നവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എഴുതിത്തീര്‍ന്ന് മഷിയുണങ്ങും മുമ്പ് ചില പാട്ടുകള്‍ വായിച്ചുകേള്‍പ്പിക്കുകയും, ഉള്ളില്‍ പാടിപ്പതിഞ്ഞ പാട്ടുകള്‍ ശ്രുതിമധുരമായി പാടിക്കേള്‍പ്പിക്കുകയും ചെയ്ത ചങ്ങാതി. യുക്തിക്ക് വഴങ്ങാത്ത കേവല വികാരവൈരുധ്യങ്ങളുടെ വിസ്ഫോടനമായിരുന്നു പല പാട്ടുകളും. പല നാട്ടില്‍ നിന്ന് പല സുഹൃത്തുക്കളെ ടെലഫോണില്‍ വിളിച്ച് അടിതെളിഞ്ഞ അക്ഷരശുദ്ധിയോടെ ഗാനങ്ങള്‍ കേള്‍പ്പിക്കുന്ന ഒരു സ്വഭാവം ഈ നല്ല കൂട്ടുകാരന് ഉണ്ടായിരുന്നു.

ഓര്‍മകള്‍ നക്ഷത്രങ്ങളാണ്. കരയുമ്പോള്‍ കൂടെ കരയുകയും, ഒറ്റപ്പെടുമ്പോള്‍ ആശ്വസിപ്പിക്കുകയും, ആഹ്ളാദിക്കുമ്പോള്‍ ഒപ്പം ആഹ്ളാദിക്കുകയും ചെയ്ത ആ ചങ്ങാതി ഇനിയില്ല എന്ന അറിവ് ഇനിയും അന്തരാത്മാവിന് അംഗീകരിക്കുക വയ്യ. ഓര്‍മകള്‍ ഹരിമുരളീരവമായി ആത്മാവില്‍ ഇരമ്പിനിറയുന്നു.

ഏതോ പ്രസംഗയാത്ര കഴിഞ്ഞ് കാര്‍ ഞങ്ങളുടെ വീടിനടുത്തെത്തി. 'ഗിരീഷ് വീട്ടിലേക്ക് കയറുന്നോ? രഘുവേട്ടന്‍ വീട്ടിലുണ്ട്.' ഞാന്‍ വെറുതെ ചോദിച്ചു. കാറില്‍ മറ്റാരൊക്കെയോ ഉണ്ടായിരുന്നു. ഗിരീഷ് എനിക്കൊപ്പം വീട്ടില്‍ കയറുമ്പോള്‍ മറ്റുള്ളവരോട് പറഞ്ഞു : സുധീരയുടെ ഒരു കപ്പ് കാപ്പി കുടിച്ചിട്ടേ ഞാന്‍ വരുന്നുള്ളൂ. ഗിരീഷ് വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ടി വിയില്‍ ശ്രുതിമധുരമായൊരു പാട്ട്. 'നിലാവിന്റെ തങ്കഭസ്മക്കുറിയണിഞ്ഞവളേ...' പ്രസാദമിയലുന്ന ഒരു ചെറുചിരി ആ മുഖത്ത് തെളിഞ്ഞു. 'എന്റെ പാട്ടുതന്നെയാണല്ലോ എന്നെ എതിരേല്‍ക്കുന്നത്'. അന്ന് ഭര്‍ത്താവ്, ഗിരീഷിന്റെ ഫേട്ടോകളെടുത്തു. ഗിരീഷ് നിരവധി പാട്ടുകള്‍ എനിക്കായി പാടി. 'ഹരിമുരളീരവം' പാടുമ്പോള്‍ എന്തോ ആ കണ്ഠമിടറി, പാട്ടുമുറിഞ്ഞു. കാപ്പി കുടിച്ചു,എന്നാല്‍ ഉണ്ണാന്‍ കൂട്ടാക്കിയില്ല. 'വീട്ടില്‍ ഞാനുള്ളപ്പോള്‍ ഞാനുണ്ണാതെ എന്റെ ബീനക്ക് ഉരുള ഇറങ്ങില്ല.' ഭാര്യയോടുള്ള അദമ്യ സ്നേഹത്തെക്കുറിച്ച് പിന്നീട് പലതും പറഞ്ഞത് കേട്ടു. ഞങ്ങള്‍ക്ക് കണ്ണും മനസ്സും നിറഞ്ഞു. അന്ന് ഗിരീഷ് പോകുമ്പോള്‍ രാത്രി പത്തര കഴിഞ്ഞു. പഴയ പാട്ടുകള്‍ പലപ്പോഴായി, പല കൂട്ടുകാര്‍ക്കും ഗിരീഷ് ഫോണിലൂടെ പാടി കേള്‍പ്പിച്ചിരുന്നു. പ്രസംഗത്തിന് ഒന്നിച്ച് കാറില്‍ കൂടെ യാത്രചെയ്യുമ്പോഴും ആ ഭാവഗായകന്‍ പാടിക്കൊണ്ടിരിക്കും. ഒരിക്കല്‍ മാത്രം ഒരു പഴയ പാട്ട് പാടിത്തീര്‍ന്ന് ഗിരീഷ് പൊട്ടിക്കരഞ്ഞു.

'ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം

നിറയുമൊരു കഥ പറയാം.

തകരുമെന്‍ സങ്കല്‍പ്പത്തിന്‍ തന്ത്രികള്‍

മീട്ടി തരളമധുരമൊരു പാട്ടുപാടാം....

സകലതും നഷ്ടപ്പെട്ടു ചുടുകാട്ടിലലയും,

സാധുവാമിടയന്റെ കഥ പറയാം.......'

അന്നാണ് ബാല്യത്തിന്റെ, ദാരിദ്യ്രത്തിന്റെ, വിശപ്പിന്റെ കഥകള്‍ ഗിരീഷ് പറഞ്ഞത്. വീട്ടില്‍ റേഡിയോ ഇല്ലാത്തതുകൊണ്ട്, അയല്‍വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന മരത്തിന്റെ തുഞ്ചത്തിരുന്ന് അവിടത്തെ റേഡിയോവില്‍നിന്നുതിരുന്ന സിനിമാ പാട്ടുകള്‍ കേട്ടുപഠിച്ചത്, കോഴിക്കോട്ട് യേശുദാസിന്റെ ഗാനമേള കേള്‍ക്കാന്‍ പുത്തഞ്ചേരിയില്‍നിന്ന് പുറപ്പെട്ടുവന്ന് ടിക്കറ്റില്ലാതെ പുറത്തുനിന്ന് കരഞ്ഞത്, ആരോ ഒന്നു തള്ളിയപ്പോള്‍ ഗേറ്റിനകത്തായ ആ കുട്ടി, കസേരക്കാലില്‍ മുറുകെപിടിച്ചിരുന്ന് പാട്ടുകള്‍ കേട്ടത്... അങ്ങനെയങ്ങനെ കണ്ണുനീരിന്റെ നനവുള്ള നിരവധി അനുഭവങ്ങള്‍.... രാവിന്റെ ഏകാന്തതയില്‍ കരയുന്ന പക്ഷിയുടെ പാട്ടും, പുറത്ത് ചന്ദ്രിക പരന്നൊഴുകുന്നതും, ഓറഞ്ചുതോട്ടങ്ങളില്‍ കയറിയിറങ്ങി വരുന്ന കാറ്റിന്റെ സുഗന്ധവും... എല്ലാം ആ കവിയുടെ ആത്മാവിന് ആഹാരമായിരുന്നു.

പാട്ടിന്റെ ലോകത്ത് വന്നെത്തിപ്പെടാനും, പിടിച്ചുനില്‍ക്കാനും തടസ്സങ്ങളേറെ ഉണ്ടായിരുന്നു. 'ധീരനായ ഓരോ യാത്രികനും ലക്ഷ്യത്തിലേക്ക് സധൈര്യം മുമ്പോട്ട് കാല്‍വയ്ക്കുന്നു'- ഈ സങ്കടക്കഥകള്‍ കേട്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു. വഴിയില്‍ അവന്‍ നേരിടുന്ന ഓരോ പ്രതിബന്ധവും അവന്റെ യാത്രയെ കൂടുതല്‍ സാര്‍ഥകമാക്കുന്നു. പിന്നീട് അശാന്തിയുടെ പഴയ അലമുറകള്‍ ഈ കവി പ്രശാന്തിയുടെ നിശ്വാസമായി അനുഭവിച്ചു.

തന്റെ പാട്ടുകളെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ആ കവി അക്ഷീണം പ്രയത്നിക്കുകയായിരുന്നു. വ്യക്തിവിശേഷത്തിന്റെ നിരന്തരമായ ഹോമം. അനാരോഗ്യത്തില്‍ സ്വന്തം ജീവിതം ആടിയുലയുമ്പോഴും ആശയവൈരുധ്യങ്ങളുടെ മഹാ കാവ്യപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു അനുപമനായ ആ കലാകാരന്‍. ചിലപ്പോഴൊക്കെ ഒരുതരം ആത്മശൈഥില്യം അനുഭവിച്ച കവി, അപ്പോഴൊക്കെ അന്യഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോകും. എന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് അത്തരം ഒരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. എന്റെ നോവല്‍ 'ആജീവനാന്ത'ത്തിന്റെ പ്രകാശനച്ചടങ്ങില്‍ തന്റെ പേര് വേണമെന്ന് ഗിരീഷ്. പുസ്തകം നേരത്തെ കൊടുത്തയച്ചിരുന്നു. തന്റെ ഊഴമെത്തിയപ്പോള്‍, യാതൊരു മൂഡുമില്ലാതെ, ഗൌരവംകൊണ്ട് മുറുകിയ ഭാവത്തില്‍ , പുസ്തകത്തെയോ സാഹിത്യത്തെയോ സ്പര്‍ശിക്കാതെ, മറ്റെന്തൊക്കെയോ ആണ് ആ വിചിത്രസ്വഭാവിയായ സുഹൃത്ത് പറഞ്ഞത്.

'ഞാന്‍ എന്റെ ഒരു അനുഭവപ്പുസ്തകം എഴുതാന്‍ ഉദ്ദേശിക്കുന്നു. അതിന്റെ അവതാരിക സുധീര എഴുതിത്തരണം'- ഗിരീഷ് ഒരിക്കല്‍ പറഞ്ഞു. 'സുധീരയുടെ വീടിനടുത്ത് ഒരു വീടോ ഫ്ളാറ്റോ എനിക്ക് നോക്കിവയ്ക്കണം. ഏരിയ എനിക്കിഷ്ടപ്പെട്ടു. കുട്ടികള്‍ക്കും ബീനക്കും കുറച്ചുകൂടി വിശാലമായൊരു വീട് സൌകര്യമായിരിക്കും. ജിതിനും ദിന്‍നാഥും നന്നായി പഠിക്കട്ടെ. അവര്‍ക്ക് എന്നെപ്പോലെ വിശപ്പിന്റെ വില അറിയില്ല. എന്നാല്‍ സ്നേഹത്തിന്റെ നോവും വേവും അറിഞ്ഞുതന്നെ അവര്‍ വളരണം.' മറ്റൊരിക്കല്‍ ആ സ്നേഹസമ്പന്നായ ഭര്‍ത്താവ്, ഉത്കണ്ഠയുള്ള അച്ഛന്‍ പറഞ്ഞു.

അനാരോഗ്യംകൊണ്ട് തളര്‍ന്ന ഗിരീഷ് നീണ്ട ആശുപത്രി വാസത്തിനു ശേഷം കോഴിക്കോട് സിവില്‍സ്റ്റേഷനടുത്തുള്ള 'നേച്ചര്‍ ലൈഫ്' എന്ന പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ബീനയുടെ നിര്‍ബന്ധംകൊണ്ട് താമസമാക്കി. പ്രകൃതിചികിത്സാ വിദഗ്ധരായ ഡോ. ജേക്കബ് വടക്കാഞ്ചേരിയും ഭാര്യ ഡോ. സൌമ്യയും ചേര്‍ന്ന് അതീവശ്രദ്ധയോടെ കവിയെ പരിചരിച്ചിരുന്നു. യോഗയും ചിട്ടയായ ജീവിതവും, ചികിത്സയും കൊണ്ട് ഗിരീഷ് തികച്ചും നോര്‍മലായി പുതിയൊരു മനുഷ്യനായാണ് പുറത്തുവന്നത്. മദ്യപാനമില്ല, വെറ്റില മുറുക്കില്ല. ഈ പുതുവര്‍ഷത്തില്‍ എനിക്ക് ഗിരീഷിന്റെ ഒരു കോള്‍. ഏതോ വേദിയില്‍ പ്രസംഗത്തിനായെഴുന്നേറ്റ ഞാന്‍, വിളിക്കാമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി. പിന്നീട് ബാങ്കിലെ ജോലിത്തിരക്കും അത് കഴിഞ്ഞുള്ള പ്രസംഗപ്പാച്ചിലുകളും. എന്തോ, അക്കാര്യം ഞാന്‍ മറന്നേ പോയി. ഒന്നുകില്‍ പുതിയൊരു പാട്ട് കേള്‍പ്പിക്കാന്‍, അല്ലെങ്കില്‍ പുതിയ എന്തോ കാര്യം പറയാന്‍- എന്തിന് വിളിച്ചുവെന്ന് ആരറിഞ്ഞു ! പിന്നെ, പത്തു നാള്‍മുമ്പാണ് അറിഞ്ഞത്, ഗിരീഷ് ഗുരുതരാവസ്ഥയില്‍ ഐ സിയുവിലാണ്. ചേളന്നൂര്‍ ശ്രീനാരായണ കോളേജിലെ അധ്യാപിക ജയശ്രീ വിളിച്ചുപറയുന്നു.

നടുക്കത്തോടെ ഞാന്‍ ഗിരീഷ് കിടക്കുന്ന ആശുപത്രിയിലേക്കോടി. ഐസിയുവില്‍ ഗിരീഷ് മതിമറന്നുറങ്ങുകയാണ്. ശാന്തമായ ആ മുഖത്താകെ കുഴലുകള്‍, പ്ളാസ്റ്ററുകള്‍. 'നിനക്ക് എന്നോടെന്താണ് പറയുവാന്‍ ഉണ്ടായിരുന്നത്?' ഞാനാ കൈകള്‍ തിരഞ്ഞു.

അനശ്വരങ്ങളായ അനേകമനേകം പാട്ടുകള്‍ രചിച്ച ആ കൃതഹസ്തങ്ങള്‍ പുതപ്പിനടിയിലായിരുന്നു. കാണുമ്പോഴൊക്കെ ശിരസ്സ് നമിച്ച്, 'എന്റെ മൂര്‍ധാവില്‍ നീയൊന്ന് തൊടണം, അനുഗ്രഹിക്കണം' എന്ന് പറയാറുള്ള ആ സുഹൃത്തിന് മുമ്പില്‍ ഞാന്‍ ഹൃദയം നമിച്ച് നിന്നു. ആ ശിരസ്സ് രണ്ട് ശസ്തക്രിയകളുടെ ആഘാതങ്ങളുമായി ബാന്‍ഡേജിനാല്‍ പൊതിഞ്ഞിരുന്നു. എവിടെ ഞാന്‍ തൊടും? പുതപ്പിനാല്‍ മൂടാത്ത, ചുമലിന്റെ ഒരറ്റം വെളിയില്‍ കണ്ടു. വിറയ്ക്കുന്ന വിരലോടെ, ഞാനൊന്നു തൊട്ടു. പിന്നെ ആ കാലുകളില്‍ പുതപ്പിന് മീതെക്കൂടി ഒന്നു സ്പര്‍ശിച്ചു. എന്റെ സകല അപരാധങ്ങള്‍ക്കും മാപ്പ് തരിക - ഭഗവാനേ, പാതിവഴിയില്‍ വീണുകിടക്കുന്ന ഈ പൂവിന് എന്റെ ജീവനെടുത്ത് പ്രാണന്‍ നല്‍കുക. എന്റെ കണ്ണീരുകൊണ്ടുള്ള തുലാഭാരം........

പുറത്ത് ഗിരീഷിന്റെ സുഹൃത്തുക്കള്‍, കുടുംബം, ഡോ. സൌമ്യ, ഡോ. ജേക്കബ്, പേരറിയാത്ത ആരാധകര്‍, ഇവരെല്ലാം ആ ജീവന് കാവല്‍കിടക്കുകയാണ്, പ്രാര്‍ഥിക്കുകയാണ്. നെഞ്ചില്‍ ചിതയെരിയുന്നതിന്റെ നീറ്റല്‍ അവര്‍ അനുഭവിക്കയാണ്. റസാക്കും വിനുവും രഞ്ജിത്തും ജയരാജും മുല്ലശ്ശേരി ബേബിച്ചേച്ചിയും സിനിമാരംഗത്തുള്ളവര്‍ പലരും.... സിനിമക്കാരും സാഹിത്യകാരന്മാരും, സാംസ്കാരികരംഗത്തുള്ളവരും വിവരമറിഞ്ഞെത്തിയവരും.... ഐസിയുവിന് പുറത്ത് അമ്പരന്ന കുട്ടിയെപ്പോലെ, പകച്ച കണ്ണുകളുമായി, ഉണ്ണാതെയും ഉറങ്ങാതെയും ഗിരീഷേട്ടന് കാവലിരിക്കുന്ന ഗിരീഷേട്ടന്റെ ബീനയെ എങ്ങനെ നേരിടും, എന്തു പറഞ്ഞാശ്വസിപ്പിക്കും എന്ന് വിമ്മിട്ടപ്പെടുകയാണ്. റസാക്ക് ഉറക്കംകിട്ടാത്ത തന്റെ നീറുന്ന കണ്ണുകള്‍ തിരുമ്മിക്കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓരോ തവണയും ഓടി അണയുന്നു. 'എന്തെങ്കിലും പുരോഗതി?' എല്ലാം പഴയതുതന്നെ. അതേ ഗുരുതരാവസ്ഥതന്നെ. അയാളുടെ ഇടറുന്ന കാലുകള്‍ വീണ്ടും സുഹൃത്തുക്കള്‍ക്കടുത്തേക്ക്- ബന്ധുക്കള്‍ക്കടുത്തേക്ക്, ഇതാണ് യഥാര്‍ഥ ബന്ധപ്പെടല്‍. മനുഷ്യരാശി വളര്‍ച്ചപ്രാപിക്കുന്നുവെങ്കില്‍, പക്വതയാര്‍ജിക്കുന്നുവെങ്കില്‍ ഇതായിരിക്കും സൌഹൃദത്തിന്റെ രീതി. ഈ ആധിപത്യബോധമില്ലാത്ത സ്വതന്ത്രമായ സൌഹൃദങ്ങള്‍ നശിക്കുന്നിടത്താണ് ലോകത്തിന്റെ നാശം.

പടുതിരി കത്തുന്ന ആ നെയ്വിളക്കിന് മുമ്പില്‍ ഞങ്ങള്‍ കണ്ണുനീര്‍കൊണ്ട് നേര്‍ച്ചകള്‍ നേര്‍ന്നു. 'പടുതിരിയാളും പ്രാണനിലാരോ മുരളികയൂതുന്നത്' ഞങ്ങള്‍ കണ്ടു. കവിതയ്ക്ക് കളഭമരച്ച ആ നെഞ്ചില്‍നിന്ന് പ്രാണന്‍ ചിറകടിച്ചുയരുന്നതിനും ഞങ്ങള്‍ സാക്ഷിയായി.

ഗസലുകളെ ആരാധിച്ച പ്രിയകവേ, ഉര്‍ദുകവി ഇബ്രാഹിം സൌക്കിന്റെ ഒരു ഷേര്‍ നിനക്കായി സമര്‍പ്പിക്കട്ടെ!

'യേ ശമാ, തേരീ ഉമ്ര് തബയീ ഹെ ഏക് രാത്-

ഹസ്കര്‍ ഗുസര്‍, യാ ഉസേ രോകര്‍ ഗുസര്‍ദേ.

(അല്ലയോ മെഴുകുതിരി നാളമേ, നിന്റെ ആയുസ്സ് ഒരു രാത്രിയെന്നത് തീര്‍ച്ചതന്നെ. ഒന്നുകില്‍ നീ ചിരിച്ചുകൊണ്ട് കടന്നുപോവുക, അല്ലെങ്കില്‍ കരഞ്ഞുകൊണ്ട് പടിയിറങ്ങുക.)


*****

കെ പി സുധീര, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കാമനകളുടെ തീരാത്ത ശൃംഖലകളില്‍നിന്ന് മുക്തി ലഭിക്കാത്തവരുടെ ദുഃഖങ്ങള്‍ നമ്മുടെ ആത്മാവില്‍ കോരി നിറച്ച കവിയാകുന്നു ഗിരീഷ് പുത്തഞ്ചേരി. ജീവിതം മുഴുവനും ദുഃഖമയമെന്ന് അറിയുമ്പോഴും, വഞ്ചനനിറഞ്ഞ ഈ ലോകത്ത് നമ്മുടെ അന്തരാത്മാവില്‍ ഏതോ സത്യത്തിന്റെ ഇടിമിന്നല്‍ പായിച്ച കവി. ഒഴുക്ക് നിലച്ച നദിപോലെ തളംകെട്ടി നിന്ന മനസ്സുകളെ സംഗീതമാസ്മരത്തിലൂടെ ഗംഗാപ്രവാഹമാക്കി മാറ്റിയ പാട്ടെഴുത്തുകാരന്‍. നീറുന്ന നേരുകള്‍ നമുക്കുള്ളിലേക്ക് എറ്റിയെറിഞ്ഞ്, ആഴമേറിയ മോഹനിദ്രയില്‍നിന്ന് നമ്മെ കുലുക്കിയുണര്‍ത്താന്‍ ശ്രമിച്ച സാഹിത്യകാരന്‍. നര്‍മത്തിന്റെ നാരായംകൊണ്ട് മര്‍മത്തില്‍ കുത്തിയ തിരക്കഥാകൃത്ത്.

പ്രദീപ്‌ said...

വായിച്ചു. ശക്തമായ സുഹൃത്ത്ബന്ധം ............. ബഹുമാനം തോന്നുന്നു നിങ്ങളോട് .....