Monday, February 8, 2010

കാലാവസ്ഥാ ചര്‍ച്ചകളുടെ അര്‍ഥശാസ്ത്രം

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും ഇന്ന് ലോകത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. എന്നാല്‍, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നമ്മുടെ നാട്ടില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നില്ല. 1992 മുതല്‍ കൂടുതല്‍ മൂര്‍ത്തമായിരിക്കുന്ന കാലാവസ്ഥാ ചര്‍ച്ചകളുടെ ഒരു പ്രത്യേക തലമായിരുന്നു കഴിഞ്ഞ ഡിസംബര്‍ എട്ടു മുതല്‍ 19 വരെ ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്നത്. 193 രാജ്യങ്ങളുടെ പ്രതിനിധികള്‍, 100 ലധികം രാഷ്ട്രത്തലവന്മാര്‍, 75,000 ത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അടങ്ങിയ ഈ ഉച്ചകോടി ലോകത്തില്‍ ഇന്നുവരെ നടന്ന ഇത്തരം സമ്മേളനങ്ങളില്‍ വലുതായിരുന്നു. എന്നിട്ടും കാര്യമായ ഒരു തീരുമാനവുമില്ലാതെ എല്ലാവരും പിരിഞ്ഞുപോകുന്ന രീതിയിലാണ് സമ്മേളനം അവസാനിച്ചത്. ഈ ഭൂമിയും അതിലെ സകല ജീവജാലങ്ങളും നശിച്ചാലും തങ്ങളുടെ കച്ചവടവും ജീവിതരീതിയും ഇന്നത്തേതുപോലെതന്നെ നിര്‍ബാധം തുടരും, അതിനെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല എന്ന സമ്പന്ന രാഷ്ട്രങ്ങളുടെ വാശി കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ മറനീക്കി പുറത്തുവരികയായിരുന്നു. അതുകൊണ്ടുതന്നെ ദരിദ്രരാജ്യങ്ങളുടെ വ്യത്യസ്തമായൊരു കൂട്ടായ്മയും ഇടപെടലും അനിവാര്യമാക്കുന്ന ഒന്നായി കാലാവസ്ഥാ ചര്‍ച്ചകള്‍ ഇന്ന് മാറിയിരിക്കുന്നു. ഇതു സംബന്ധിച്ച രാഷ്ട്രീയ ചേരിതിരിവ് ലോകത്ത് കൂടുതല്‍ പ്രകടമായിരിക്കയാണ്. അതുകൊണ്ടുതന്നെ സംഘടിത പ്രസ്ഥാനങ്ങളുടെ വേദികളിലെല്ലാം കാലാവസ്ഥാമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകേണ്ടിയിരിക്കുന്നു. കാലാവസ്ഥാ ചര്‍ച്ചകള്‍ കോപ്പന്‍ഹേഗനു മുമ്പ്, കോപ്പന്‍ഹേഗനില്‍, കോപ്പന്‍ ഹേഗനുശേഷം എന്നിങ്ങനെ വേര്‍തിരിക്കേണ്ടതുണ്ട്. അതിനു മുമ്പ് എന്താണ് പ്രശ്നമെന്ന് ഹ്രസ്വമായി പരിശോധിക്കാം.

എന്താണ് കാലാവസ്ഥാ പ്രശ്നം?

മനുഷ്യനും മറ്റു ജീവജാലങ്ങളും അടങ്ങുന്ന ജൈവമണ്ഡലത്തില്‍നിന്ന് കൂടുതല്‍ ചൂടും ചൂടുണ്ടാക്കുന്ന വാതകങ്ങളും തൊട്ടു മുകളിലത്തെ വായുമണ്ഡലത്തിലേക്ക് കടക്കുന്നതും അന്തരീക്ഷം കൂടുതല്‍ ചൂടാകുകവഴി വിവിധതരം പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമാണ് കാലാവസ്ഥാ പ്രശ്നത്തിന്റെ അടിസ്ഥാനം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വായു-ജൈവ മണ്ഡലങ്ങള്‍ക്കിടയിലെ വാതക മാറ്റങ്ങള്‍ സ്വാഭാവികമായിത്തന്നെ നിയന്ത്രിക്കപ്പെടുകയും അതുകൊണ്ടുതന്നെ ജീവജാലകങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമൊന്നും തകര്‍ച്ച ഉണ്ടാകാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മനുഷ്യരുടെ വ്യാപകമായ ഇടപെടലുകളെ തുടര്‍ന്ന് ചൂടു വാതകങ്ങളുടെ ഉല്പാദനം കൂടുകയും അവയെ തടയുന്നതിനുള്ള കാടിന്റെയും മറ്റും അളവ് കുറയുകയും ചെയ്തു. ഇതോടെ കഴിഞ്ഞ മൂന്നു മൂന്നര നൂറ്റാണ്ടിനിടയില്‍ത്തന്നെ, അന്തീക്ഷത്തില്‍ ഇത്തരത്തില്‍ പെടുന്ന അപകടകാരി വാതകങ്ങളില്‍ ഒന്നായ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരിക്കുന്നു. ഇതിന്റെ ഭാഗമായി കാലാവസ്ഥയിലും ഭൂമിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു. കാറ്റിന്റെ ഗതി മാറുന്നു; കാലാവസ്ഥ പ്രവചനാതീതമാകുന്നു; മഴയുടെ ഗതി മാറുന്നു. ഇതെല്ലാം ഭക്ഷ്യധാന്യ ഉല്പാദനം കുറയ്ക്കുന്നു.

കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതമാകട്ടെ, ഭൂമിയില്‍ എല്ലാ സ്ഥലത്തും ഒരുപോലെയല്ല. കടല്‍ത്തീരങ്ങള്‍, ദ്വീപ് സമൂഹങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ തീവ്രത കൂടും. എന്നാല്‍, തണുപ്പുപ്രദേശങ്ങളില്‍ തീവ്രത കുറയും. പൊതുവില്‍ നോക്കുമ്പോള്‍ ദരിദ്രരാജ്യങ്ങളെയും, അതിലെതന്നെ ദരിദ്രജനങ്ങളെയുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ ഹിമാനികള്‍ ഉരുകി ഇല്ലാതാകാനും സമുദ്രജലം ചൂടാകുന്നതുവഴി സമുദ്ര ജലനിരപ്പ് വര്‍ധിക്കാനുംകൂടി ഇടയാകുന്നു.

ഇതൊക്കെ സംഭവിക്കുമെന്നുള്ളത് ഇന്നൊരു ആശങ്കയല്ല; വസ്തുതയാണെന്ന് ശാസ്ത്രലോകം പൊതുവില്‍ അംഗീകരിച്ചുകഴിഞു. പഠിക്കാന്‍ വിവിധ കമ്മിറ്റികളെ നിയോഗിച്ചുകഴിഞ്ഞു. IPCC,UNPCC എന്നിങ്ങനെയൊക്കെയുള്ള ചുരുക്കപ്പേരുകളില്‍ ഇവയൊക്കെ അറിയപ്പെടുന്നു. താപനില വര്‍ധിക്കുന്നു, സമുദ്രനിരപ്പ് ഉയരുന്നു, മഞ്ഞ് കുറയുന്നു, മഴയില്‍ മാറ്റംവരുന്നു എന്നിവയൊക്കെ ഇത്തരം പഠനസംഘങ്ങള്‍ ഇതിനകം വസ്തുതകളുടെ പിന്‍ബലത്തോടെതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ ഒരു നിശ്ചിത കാലത്തിനകം ഭൂമുഖത്ത് ജീവിതം ദുസ്സഹമാകും. അതിന്റെ ലക്ഷണങ്ങളും പ്രകടമാണ്. അതിനാല്‍ ഇന്നത്തെ പോക്ക് അവസാനിപ്പിക്കണം. എങ്ങനെ, ആര് ഇക്കാര്യം ചെയ്യും? അതാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം.

ഇവിടെ ഒരു പ്രധാന തര്‍ക്കം നിലനില്‍ക്കുന്നു. ചൂടു ജന്യ വാതകങ്ങള്‍ കൂടുതല്‍ വിസര്‍ജിക്കുന്നത് വികസിത രാജ്യങ്ങളാകയാല്‍ അവ കുറയ്ക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തവും അവര്‍ക്കു തന്നെയാണ് എന്നതാണ് പ്രധാന വാദം. എന്നാല്‍, വാതക ബഹിര്‍ഗമനത്തിന് കാരണം തങ്ങള്‍ മാത്രമല്ലെന്നും വികസ്വര രാജ്യങ്ങള്‍, അതില്‍തന്നെ പ്രധാന വികസ്വര രാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവയൊക്കെയും, വാതക ബഹിര്‍ഗമനം കുറയ്ക്കാന്‍ ബാധ്യസ്ഥരാണെന്നും വികസിത രാജ്യങ്ങളും പറയുന്നു. ഇവിടെ ചില കണക്കുകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

ലോകത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ 73 ശതമാനം വികസിത രാജ്യങ്ങളാണ് പുറത്തേക്ക് വിടുന്നത്. അവിടുത്തെ ജനസംഖ്യ ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് മാത്രം. അതിനാല്‍ അഞ്ചില്‍ നാല് ഭാഗം ജനങ്ങളും അധിവസിക്കുന്ന വികസ്വര/ദരിദ്ര രാജ്യങ്ങള്‍ എല്ലാം ചേര്‍ന്നാലും വാതകങ്ങളില്‍ നാലിലൊന്ന് മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. ദരിദ്രരാജ്യങ്ങളില്‍ കാര്‍ബണ്‍ഡയോക്സൈഡ് പോലുള്ള വാതകങ്ങള്‍ ഉണ്ടാകുന്നത് അടുപ്പില്‍ തീ കത്തിക്കുമ്പോഴും വൈദ്യുതി ഉണ്ടാക്കുമ്പോഴും മറ്റുമാണ്. എന്നാല്‍, സമ്പന്ന രാജ്യങ്ങളില്‍ അവരുടെ ആഡംബര ഉപഭോഗത്തിന്റെയും ജീവിത ശെശലിയുടെയും ഭാഗമായാണ്. അതുകൊണ്ടുതന്നെ പ്രതിശീര്‍ഷ വാതക ഉല്പാദനത്തിന്റെ കണക്ക് നോക്കുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ കാര്യത്തില്‍ ഒരു ഇന്ത്യക്കാരന്‍, ഒരു അമേരിക്കക്കാരന്റേതിന്റെ പതിനെട്ടില്‍ ഒരംശം മാത്രമാണ് ഉല്പാദിപ്പിക്കുന്നത്. ലോകത്തെ ജനങ്ങളുടെ അഞ്ച് ശതമാനം മാത്രമാണ് അമേരിക്കയില്‍ ഉള്ളത്. എന്നാല്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ 29 ശതമാനം അവരാണ് ഉണ്ടാക്കുന്നത്. മറിച്ച്, ലോകത്തെ ജനങ്ങളില്‍ 17ശതമാനം ജീവിക്കുന്ന ഇന്ത്യയാകട്ടെ വാതകത്തിന്റെ രണ്ട് ശതമാനം മാത്രമാണ് പുറത്തുവിടുന്നത്.

ഇവിടെയാണ് പ്രധാന പ്രശ്നം.വാതക ഉല്പാദനവും ബഹിര്‍ഗമനവും ആരാണ് കുറയ്ക്കേണ്ടത്. ദരിദ്രരാജ്യങ്ങളോ അതോ സമ്പന്നരാജ്യങ്ങളോ? ഇതാണ് പ്രധാന ചര്‍ച്ചാവിഷയം. വസ്തുതാപരമായി സമ്പന്ന രാജ്യങ്ങളാണ് വാതക ഉല്പാദനം കുറയ്ക്കേണ്ടതെന്ന് അവര്‍ക്കുതന്നെ അറിയാം. എന്നാല്‍, പണം, അഹങ്കാരം, ഔദ്ധത്യം എന്നിവയൊക്കെ കൈമുതലായുള്ള അവര്‍ അമേരിക്കയുടെ നേതൃത്വത്തില്‍ തങ്ങളുടെ ജീവിതശൈലിയില്‍ അല്പംപോലും മാറ്റം വരുത്താന്‍ തയാറില്ലെന്ന് അര്‍ഥശങ്കയില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കുന്നത്.

കോപ്പന്‍ മുന്‍പ്

1992 ല്‍ ബ്രസീലിലെ, റിയോഡി ജനീറോവില്‍ നടന്ന പരിസ്ഥിതി ഉച്ചകോടിയിലാണ് ആദ്യമായി കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ ഗൌരവത്തില്‍ അരങ്ങേറിയത്. അപ്പോള്‍ത്തന്നെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് (സീനിയര്‍) തങ്ങളുടെ വിയോജിപ്പ് അറിയിച്ച് ചര്‍ച്ചയില്‍നിന്ന് മാറിനിന്നു. എന്നാല്‍, ചര്‍ച്ച അവിടെ അവസാനിച്ചില്ല. വിവിധ ഐക്യരാഷ്ട്രസഭാ ഏജന്‍സികളുടെ നേതൃത്വത്തില്‍ പല വേദികളിലായും ഐക്യരാഷ്ട്രസഭയില്‍ത്തന്നെയും പത്തിലേറെ തവണ ചര്‍ച്ചകള്‍ നടന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 1997 ഡിസംബറില്‍ ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്തു നടന്ന കൂടിച്ചേരല്‍. അവിടുത്തെ തീരുമാനങ്ങളെ ക്യോട്ടോ ഉടമ്പടി (Kyoto Protocol) എന്നാണ് പറയുന്നത്. അതില്‍ വളരെ പ്രധാനപ്പെട്ടൊരു തീരുമാനമുണ്ടായിരുന്നു. അത് ഇപ്രകാരമാണ്- "Common but differentiated responsibility'' - പ്രശ്നവാതകങ്ങളുടെ പ്രത്യാഘാതങ്ങള്‍ പൊതുവില്‍ എല്ലാവര്‍ക്കും അനുഭവിക്കേണ്ടിവരുന്നുണ്ടെങ്കിലും അവയുടെ ഉല്പാദനം കുറയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെയല്ല; വ്യത്യസ്തമാണ്. കൂടുതല്‍ വാതകം ഉല്പാദിപ്പിച്ച/ഉല്പാദിപ്പിക്കുന്ന സമ്പന്ന രാജ്യങ്ങള്‍തന്നെയാണ് മുന്‍കൈ എടുത്ത് ഉല്പാദനം കുറയ്ക്കേണ്ടത്. 2012 ആകുമ്പോഴേക്കും 1990ലേതിന്റെ അളവിന്റെ 5.2 ശതമാനം എങ്കിലും കുറയ്ക്കണമെന്നതായിരുന്നു നിര്‍ദേശം. അതേസമയം വികസ്വര രാജ്യങ്ങള്‍ വാതക ഉല്പാദന നിരക്ക് വര്‍ധിക്കാതെയും നോക്കണം. ധനികരാജ്യങ്ങളില്‍ ഉല്പാദനം കുറഞ്ഞില്ലെന്ന് മാത്രമല്ല; ഇതിനകം 17 ശതമാനം കൂടുകയാണുണ്ടായത്. അതാണ് ഇന്നത്തെ രീതിയില്‍ ഇത്രയും പ്രത്യാഘാതങ്ങളിലേക്ക് എത്തിച്ചത്. തുടര്‍ന്ന് 2007 ല്‍ ബാലിദ്വീപില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഒത്തുകൂടി "ബാലി പ്രവര്‍ത്തന പരിപാടി'' (Bali Action Plan) ക്ക് രൂപം നല്‍കി. 2009 ഡിസംബറില്‍ നടന്ന കോപ്പന്‍ഹേഗന്‍ സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയങ്ങള്‍ക്കാണ് യഥാര്‍ഥത്തില്‍ ബാലി പ്രവര്‍ത്തന പരിപാടി രൂപം നല്‍കിയിരുന്നത്.

കോപ്പന്‍ ഹേഗനില്‍

നേരത്തെ സൂചിപ്പിച്ചതുപോലെ ഡന്‍മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ ഡിസംബര്‍ എട്ടു മുതല്‍ 19 വരെ 12 ദിവസമായിരുന്നു ഒത്തുകൂടല്‍. എട്ടു മുതല്‍ 16 വരെയുള്ള ചര്‍ച്ചകള്‍ രാജ്യങ്ങളിലെ പ്രതിനിധിസംഘങ്ങള്‍ തമ്മിലായിരുന്നു. 17, 18 തീയതികളില്‍ നൂറിലധികം രാജ്യങ്ങളിലെ പ്രധാന ഭരണാധികാരികള്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി, അമേരിക്കന്‍ പ്രസിഡന്റ് എന്നിങ്ങനെയുള്ള പ്രമുഖര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

കോപ്പന്‍ ഹേഗന്‍ സമ്മേളനം യഥാര്‍ഥത്തില്‍ സമ്പന്നരാജ്യങ്ങള്‍ നേരത്തെ തയാറാക്കിയ ഒരു അജന്‍ഡയെ അടിസ്ഥാനമാക്കിയാണ് പൊതുവില്‍ സംഘടിപ്പിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഡന്‍മാര്‍ക്ക് തന്നെയാണ് പ്രധാന പങ്കുവഹിച്ചത്. പൊതുവില്‍ സമ്പന്ന രാജ്യങ്ങളുടെ ഒരു മേളതന്നെയായിരുന്നു അത്. ക്യോട്ടോ ഉടമ്പടി നടപ്പാക്കണമെന്ന വികസ്വരരാജ്യങ്ങളുടെ താല്പര്യവും ഉടമ്പടി പൊളിക്കണമെന്ന സമ്പന്ന രാജ്യങ്ങളുടെ താല്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു പൊതുവില്‍ നടന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വന്നതോടെ ചിത്രംതന്നെ മാറി. പിന്നീട് ഒരുതരം ഒബാമ പ്രഭാവം തന്നെയായിരുന്നു. ചര്‍ച്ചകള്‍ എവിടെയും എത്തിയില്ല. തീരുമാനമാകാതെ പിരിയുമെന്ന് ഉറപ്പായി. ഇതോടെ ഐക്യരാഷ്ട്രസഭ സെക്രട്ടറിജനറല്‍ ഏതാനും പ്രധാനികളെ (അമേരിക്കന്‍ പ്രസിഡന്റ്, ഇന്ത്യയടക്കം ചില 'പ്രധാന' രാജ്യങ്ങളിലെ നേതാക്കള്‍) ചേര്‍ത്ത് മുറിക്കകത്താക്കുകയും തീരുമാനമുണ്ടാക്കാന്‍ ബഹളമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 4-5 പേജുള്ള ഒരു സമ്മതപത്രമാണ് ഉണ്ടായത്. അതാകട്ടെ നിയമത്തിന്റെ ഒരു പ്രാബല്യവുമില്ലാത്ത രാഷ്ട്രീയ പ്രഖ്യാപന രേഖ മാത്രമായിരുന്നു. കോപ്പന്‍ ഹേഗനില്‍നിന്ന് ലോകം പ്രതീക്ഷിച്ചത് ക്യോട്ടോ ഉടമ്പടിയുടെ ഉയര്‍ന്ന രൂപവും അത് നടപ്പാക്കുന്നതിനുള്ള കൃത്യമായ പ്രവര്‍ത്തന പരിപാടിയുമായിരുന്നു. എന്നാല്‍ ഉണ്ടായ സമ്മതപത്രമാകട്ടെ ഏറെ നിരാശാജനകമായ ഒരു മുഖം രക്ഷിക്കല്‍രേഖ മാത്രവും. അതിന്റെ പ്രധാന പരിമിതികള്‍ ഇനി പറയുന്നവയാണ്.

1. ഇതിനകം നടന്ന ചര്‍ച്ചകളുടെ അന്തസ്സത്തയെ നിഷേധിക്കുന്നു.

2. തീരെ ജനാധിപത്യപരമല്ലാതെ തികച്ചും സ്വകാര്യമായ ചര്‍ച്ചകളിലൂടെയാണത് രൂപപ്പെട്ടത്.

3. ക്യോട്ടോ ഉടമ്പടി നടപ്പാക്കുന്നതില്‍ വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്തം അതില്ലാതാക്കുന്നു.

4. common but differentiated responsibility എന്ന മൌലിക തത്വം അപ്രസക്തമാക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ്പദത്തില്‍ ബുഷ് ഇരുന്നാലും ഒബാമ ഇരുന്നാലും ബഹുരാഷ്ട്ര കമ്പനികളുടെ പാവകള്‍തന്നെയാണെന്ന് ഒരിക്കല്‍കൂടി ഉറപ്പായി (ഇരുവരുടെയും ചിരിയില്‍ വ്യത്യാസമുണ്ടെങ്കിലും). ഇവരുടെമേല്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്കുള്ള സ്വാധീനം വളരെ പ്രധാനപ്പെട്ടതായിരുന്നു. പുക കുറയ്ക്കാനുള്ള തീരുമാനം സ്വകാര്യ വാഹനങ്ങളടെ അമിത ഉപയോഗത്തിനെതിരാവും. അത് വാഹനക്കമ്പനികളുടെ വിറ്റുവരവിനെ ബാധിക്കും. ഇത്തരം താല്പര്യങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുമുണ്ടായിരുന്നു. ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ ലോകത്താകെ ദരിദ്രരാജ്യങ്ങളില്‍ എണ്ണപര്യവേക്ഷണത്തിനും റിയല്‍ എസ്റ്റേറ്റിനും മറ്റുമായി ഭൂമി വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കയാണ്. അതിനാല്‍ ഇന്ത്യന്‍ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ അന്തര്‍ദേശീയമാണ്. അതിന് വിദേശത്തെ കുത്തക കമ്പനികളുമായുള്ള കൂട്ടായ്മ അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ കുത്തകകളുടെ വന്‍ സ്വാധീനം ഇന്ത്യാ ഗവര്‍മെന്റിന് മീതെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊത്തത്തില്‍ ഒരു കീഴ്മേല്‍ മറിയലാണ് ഇന്ത്യ നടത്തിയത്. പ്രധാനമന്ത്രി ആദ്യം പറഞ്ഞ കാര്യങ്ങളില്‍പ്പോലും പിന്നീട് ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ "നേടി'', "നേടി'' എന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നേടാതെ അവസാനം പ്രധാന വികസ്വര രാജ്യങ്ങളുടെ പ്രത്യേക യോഗം വിളിക്കാന്‍ ഇന്ത്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കയാണ്.

കോപ്പന്‍ ഹേഗനുശേഷം

ലോകമുതലാളിത്തം ഇന്നൊരു പ്രത്യേക വൈരുധ്യത്തെ അഭിമുഖീകരിക്കയാണ്. ചൂഷണാധിഷ്ഠിതവും മത്സരാധിഷ്ഠിതവും ലാഭാധിഷ്ഠിതവുമായ മുതലാളിത്തം പരിധിയില്ലാതെ വളരാന്‍ ആഗ്രഹിക്കുന്നു. അതിന്റെ നിയതസ്വഭാവം അതാണ്. എന്നാല്‍, ഭൂമിയാകട്ടെ അതിന്റെ അളവില്‍ പരിമിതമാണ്. അതിനാല്‍ ഭൂമിയിലെ മണ്ണ് മാത്രമല്ല, സമുദ്രത്തിലെ വെള്ളവും അന്തരീക്ഷത്തിലെ വായുവും എല്ലാം മുതലാളിത്തം പകുത്തെടുക്കുകയാണ്. ഭൂമിയെ ഒരു കച്ചവടച്ചരക്കാക്കണമോ, അതോ ഭൂമിയെ ജീവിക്കാന്‍ ഉപയോഗിക്കണമോ എന്ന വിശാലമായ ചോദ്യമാണ് കോപ്പന്‍ ഹേഗന്‍ സമ്മേളനത്തിനുശേഷം ലോകത്തില്‍ ഉയര്‍ന്നുവരുന്നത്. കാലാവസ്ഥാ ചര്‍ച്ചകള്‍ ഇന്ന് വളരെ കൃത്യമായി ധനിക-ദരിദ്ര പക്ഷങ്ങള്‍ നേര്‍ക്കുനേര്‍ അണിനിരക്കുന്ന വിശാലമായ ഒരു രാഷ്ട്രീയപ്രശ്നമായി മാറിക്കഴിഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അവരെ സഹായിക്കുന്ന എല്ലാ ജനകീയ പ്രസ്ഥാനങ്ങള്‍ക്കും ജനപക്ഷത്ത് നിലയുറപ്പിച്ച് സംസാരിക്കുന്ന വ്യക്തികള്‍ക്കും കൃത്യമായ തീരുമാനമെടുക്കേണ്ട അവസരമാണ് ഇന്നത്തേത്. അതാകട്ടെ സാമ്രാജ്യത്വം തുടര്‍ന്നുകൊണ്ടിരിക്കുന്നതും ലോകത്താകെ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നതുമായ നവലിബറല്‍ സാമ്പത്തിക നയങ്ങളെ ചോദ്യം ചെയ്തുകൊണ്ടുമാത്രമേ സാധ്യമാകു.

പ്രശ്നത്തിന്റെ ഒരു ഭാഗം ആഗോള/ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, അതേ രീതിയില്‍ത്തന്നെ അതിന്റെ പ്രത്യാഘാതത്തെ നേരിടുകയും വേണം. അതേസമയം പ്രശ്നത്തിന്റെ മറ്റൊരു ഭാഗം ശാസ്ത്ര സംബന്ധിയാണ്. അഥവാ ജീവിത സംബന്ധിയാണ്. അവയെ ജനജീവിതംകൊണ്ടു തന്നെ പ്രതിരോധിക്കണം. ഈ ദ്വിമുഖമായ സമരനടപടികളില്‍ ബോധപൂര്‍വം ഇടപെട്ടുകൊണ്ടുമാത്രമേ കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയൂ.

ഇതില്‍ പ്രധാനം നവലിബറല്‍ നയത്തില്‍ ഊന്നിയ വികസന രീതിയെ എല്ലാതലത്തിലും എല്ലാ ജീവിത രംഗങ്ങളിലും എതിര്‍ത്തു പരാജയപ്പെടുത്തുക എന്നതുതന്നെ. ജനപക്ഷത്തുനിന്നുള്ള നയരൂപീകരണം വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഊര്‍ജം, കൃഷി, വ്യവസായം എന്നിങ്ങനെ എല്ലാ രംഗങ്ങളിലും കൈക്കൊള്ളണം. എല്ലാ രംഗത്തും പൊതു സംവിധാനങ്ങള്‍ക്കായിരിക്കണം മുന്‍തൂക്കം. പ്രാദേശികമായി കാര്‍ഷിക വ്യവസായ ഉല്പാദന വര്‍ധനവില്‍ ഊന്നണം. എന്തായിരിക്കണം ജീവിത ഗുണത എന്ന് നിര്‍ണയിക്കാന്‍ കഴിയണം. ഇന്ത്യക്കാരന്റെ ജീവിതഗുണത അമേരിക്കയുടെയോ വികസിത രാജ്യങ്ങളിലെയോ ജീവിതത്തെ അനുകരിക്കലാവരുത്. നമ്മുടെ വിഭവ ലഭ്യതക്കനുസരിച്ച് ബോധപൂര്‍വം നിര്‍ണയിക്കുന്നതായിരിക്കണം. എല്ലാ രംഗത്തും ദരിദ്രര്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, പുറംതള്ളപ്പെടുന്നവര്‍ക്ക് മുന്‍തൂക്കം നല്‍കണം. ഇടത്തരക്കാരന്റെ അത്യാര്‍ത്തി പരിഹരിക്കലല്ല വികസനം എന്നുകൂടി തിരിച്ചറിയണം.

ചില പ്രായോഗിക നിര്‍ദേശങ്ങള്‍കൂടി സൂചിപ്പിക്കട്ടെ. സ്വകാര്യ വാഹനം കുറയ്ക്കുകയും പൊതു ഗതാഗത സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം. റെയില്‍വേ ഗതാഗതത്തില്‍ ഊന്നണം. ഭക്ഷണം പാകം ചെയ്യുന്നതിനായി പുക കുറഞ്ഞതും ചൂട് കൂടുതല്‍ കിട്ടുന്നതുമായ പുക കുറഞ്ഞ/ദക്ഷതയേറിയ അടുപ്പുകള്‍ പ്രചരിപ്പിക്കണം. ചൂടാറാപ്പെട്ടിയുടെ ഉപയോഗം വര്‍ധിപ്പിക്കണം. വനം സംരക്ഷിക്കണം. വൃക്ഷങ്ങള്‍ കൂടുതലായി വച്ചുപിടിപ്പിക്കണം. പൊതുവില്‍ പ്രകൃതിയോടൊത്തുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം.

ഇതൊക്കെയാണെങ്കിലും ഇന്നത്തേത് പ്രശ്നം ഗൌരവമേറിയ രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും വ്യക്തമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കണം. പ്രധാന വികസ്വര രാജ്യങ്ങളുടെ കൂടിയാലോചനയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. അവയില്‍ പ്രധാന ഊന്നല്‍ ഐക്യ രാഷ്ട്രസഭ നിര്‍ദേശങ്ങളും ക്യോട്ടോ ഉടമ്പടിയും സംരക്ഷിക്കുന്നതില്‍ത്തന്നെയാവണം. അതിനെതിരായ ഏത് നീക്കങ്ങളും ചെറുത്തുതോല്‍പ്പിക്കണം. ഇതിനകം ഉണ്ടായ പ്രത്യാഘാതങ്ങള്‍ക്കെല്ലാം ഉത്തരവാദിത്തം വികസിത രാജ്യങ്ങള്‍ക്കാണെന്നും അതിനുള്ള പരിഹാരം അവര്‍തന്നെ കണ്ടെത്തണമെന്നും അതിന്റെ ചെലവ് വഹിക്കണമെന്നും ജനകീയ പ്രക്ഷോഭങ്ങള്‍ വികസിത രാജ്യങ്ങളെ ബോധ്യപ്പെടുത്തണം. ഇത്തരം പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കാനായി ഇന്ത്യയും മറ്റു വികസ്വര/ദരിദ്രരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം. ഏകപക്ഷീയമായ ഒരു തീരുമാനവും അംഗീകരിക്കരുത്. ഏതു തീരുമാനവും ജനാധിപത്യ രീതിയിലുള്ളതായിരിക്കണം. ഒപ്പം ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങള്‍ വിഭവ ലഭ്യതയില്‍ ധാരാളം സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നുണ്ട്. അവ പരിഹരിക്കപ്പെടേണ്ടതുണ്ട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും മുന്‍ഗണന ഈ പ്രശ്നത്തില്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്. അവരുടെ പ്രധാന രാഷ്ട്രീയ അജന്‍ഡയായി കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ മാറേണ്ടിയിരിക്കുന്നു.

നവലിബറല്‍ വികസന നയങ്ങളെ പൊതുവില്‍ എതിര്‍ക്കുന്നതും പ്രാദേശിക ഉല്പാദനം വര്‍ധിപ്പിക്കുന്നതും തലമുറകള്‍ തമ്മിലുള്ള തുല്യത ഉറപ്പാക്കുന്നതും പ്രകൃതി സംരക്ഷണം നിലനിര്‍ത്തുന്നതും സാമുഹ്യ നീതിയില്‍ ഊന്നുന്നതുമായ വികസന തന്ത്രങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടുമാത്രമേ കാലാവസ്ഥാ വ്യതിയാനംപോലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയൂ എന്ന അടിസ്ഥാന വസ്തുതയും ജനങ്ങളെ നിരന്തരം ഓര്‍മപ്പെടുത്തേണ്ടതുണ്ട്. വികസനത്തോടുള്ള ഇത്തരം സമഗ്ര നിലപാടുകള്‍ ഉരുത്തിരിഞ്ഞുവരേണ്ടതും ആവശ്യമാണ്.

*
ടി പി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും ഇന്ന് ലോകത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. എന്നാല്‍, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നമ്മുടെ നാട്ടില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നില്ല. 1992 മുതല്‍ കൂടുതല്‍ മൂര്‍ത്തമായിരിക്കുന്ന കാലാവസ്ഥാ ചര്‍ച്ചകളുടെ ഒരു പ്രത്യേക തലമായിരുന്നു കഴിഞ്ഞ ഡിസംബര്‍ എട്ടു മുതല്‍ 19 വരെ ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്നത്. 193 രാജ്യങ്ങളുടെ പ്രതിനിധികള്‍, 100 ലധികം രാഷ്ട്രത്തലവന്മാര്‍, 75,000 ത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അടങ്ങിയ ഈ ഉച്ചകോടി ലോകത്തില്‍ ഇന്നുവരെ നടന്ന ഇത്തരം സമ്മേളനങ്ങളില്‍ വലുതായിരുന്നു. എന്നിട്ടും കാര്യമായ ഒരു തീരുമാനവുമില്ലാതെ എല്ലാവരും പിരിഞ്ഞുപോകുന്ന രീതിയിലാണ് സമ്മേളനം അവസാനിച്ചത്. ഈ ഭൂമിയും അതിലെ സകല ജീവജാലങ്ങളും നശിച്ചാലും തങ്ങളുടെ കച്ചവടവും ജീവിതരീതിയും ഇന്നത്തേതുപോലെതന്നെ നിര്‍ബാധം തുടരും, അതിനെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല എന്ന സമ്പന്ന രാഷ്ട്രങ്ങളുടെ വാശി കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ മറനീക്കി പുറത്തുവരികയായിരുന്നു. അതുകൊണ്ടുതന്നെ ദരിദ്രരാജ്യങ്ങളുടെ വ്യത്യസ്തമായൊരു കൂട്ടായ്മയും ഇടപെടലും അനിവാര്യമാക്കുന്ന ഒന്നായി കാലാവസ്ഥാ ചര്‍ച്ചകള്‍ ഇന്ന് മാറിയിരിക്കുന്നു. ഇതു സംബന്ധിച്ച രാഷ്ട്രീയ ചേരിതിരിവ് ലോകത്ത് കൂടുതല്‍ പ്രകടമായിരിക്കയാണ്. അതുകൊണ്ടുതന്നെ സംഘടിത പ്രസ്ഥാനങ്ങളുടെ വേദികളിലെല്ലാം കാലാവസ്ഥാമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകേണ്ടിയിരിക്കുന്നു. കാലാവസ്ഥാ ചര്‍ച്ചകള്‍ കോപ്പന്‍ഹേഗനു മുമ്പ്, കോപ്പന്‍ഹേഗനില്‍, കോപ്പന്‍ ഹേഗനുശേഷം എന്നിങ്ങനെ വേര്‍തിരിക്കേണ്ടതുണ്ട്. അതിനു മുമ്പ് എന്താണ് പ്രശ്നമെന്ന് ഹ്രസ്വമായി പരിശോധിക്കാം.