Showing posts with label ഡി വൈ എഫ് ഐ. Show all posts
Showing posts with label ഡി വൈ എഫ് ഐ. Show all posts

Monday, December 23, 2013

ആക്രമിക്കപ്പെടുന്ന യുവജനങ്ങള്‍

തൊഴിലെടുക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍പോലും നിര്‍ലജ്ജം ലംഘിക്കപ്പെടുമ്പോള്‍ പോരാട്ടമല്ലാതെ പോംവഴിയില്ല. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന നയങ്ങള്‍ രാജ്യത്തെ യുവാക്കളെയാകെ തൊഴിലില്ലായ്മയുടെ ആഴക്കടലിലേക്ക് തള്ളിയിടുന്നു. രാജ്യത്തെ തൊഴില്‍ സംസ്കാരത്തില്‍ത്തന്നെ ഇപ്പോള്‍ കാതലായ മാറ്റമുണ്ടായി. പൊതുമേഖലയും സര്‍ക്കാര്‍ സേവനസംവിധാനങ്ങളും നാള്‍ക്കുനാള്‍ ചുരുങ്ങിച്ചുരുങ്ങിവരുന്നു. നിയമന നിരോധനം രാജ്യത്താകെ നയമായി മാറി. സ്വകാര്യമേഖലകള്‍ രാജ്യത്തെ വിഴുങ്ങുന്നു. കരാര്‍ജോലിയും ദിവസക്കൂലി ജോലിയും വര്‍ധിച്ചു. സ്ഥിരംജോലിയും സ്ഥിരംജീവനക്കാരും പഴങ്കഥയായി മാറി.

പെന്‍ഷനും തൊഴില്‍സുരക്ഷയും മറ്റാനുകൂല്യങ്ങളും ഇല്ലാത്ത സഹചര്യം സൃഷ്ടിക്കപ്പെടുന്നു. സാമൂഹ്യസുരക്ഷിതത്വത്തിന്റെയും സാമൂഹിക വളര്‍ച്ചയുടെയും അവശ്യഘടകമായ സംവരണം നവതൊഴില്‍മേഖലയില്‍ തീരെയില്ല. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായമായ ഇന്ത്യന്‍ റെയില്‍വേയില്‍ 1990-91 കാലഘട്ടത്തില്‍ 16.51 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2013ല്‍ ഇത് 11.82 ലക്ഷമായി കുറഞ്ഞു. 20 വര്‍ഷംകൊണ്ട് പുതിയ റെയില്‍വേസ്റ്റേഷനുകള്‍, നിരവധി കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാളങ്ങള്‍, നിരവധി പുതിയ വണ്ടികള്‍ തുടങ്ങി ഇന്ത്യന്‍ റെയില്‍വേ അനുദിനം വികസിച്ചിട്ടും തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ ഭീമമായ കുറവ് നവലിബറല്‍നയങ്ങളുടെ തൊഴില്‍മേഖലയിലെ സ്വാധീനം തുറന്നുകാണിക്കുന്നു.

സമാനസ്ഥിതിയാണ് ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലും മറ്റു പൊതുമേഖലാ വ്യവസായങ്ങളിലും. പൊതുമേഖലാ ബാങ്കുകളില്‍ ഒന്നരലക്ഷത്തിലധികം ഒഴിവുകളാണ് നികത്തപ്പെടാതിരിക്കുന്നത്. കേരളത്തിലെ ആകെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 71,134 ആണ്. ആകെ വേണ്ടത് 1,07,000 പേരും. 36,000ല്‍പരം ഒഴിവാണ് കേരളത്തില്‍മാത്രമുള്ളത്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ എണ്ണം അനുദിനം പെരുകുന്നു. അവിടെയാകട്ടെ തൊഴില്‍സുരക്ഷയോ, മിനിമം കൂലിയോ, മറ്റാനുകൂല്യങ്ങളോ ഇല്ല. കേരളത്തില്‍ 37.09 ലക്ഷം അഭ്യസ്തവിദ്യരാണ് എംപ്ലോയ്മെന്റ്എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. ലോകത്തിലേറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുടെ സാന്ദ്രതയുള്ളത് കേരളത്തിലാണ്. ഒഴിവുകള്‍ ഇപ്പോള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

പിഎസ്സിയുടെ കണക്കുപ്രകാരം 19,541 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ ഒഴിവുകളില്‍ നിയമനം നടത്താനുള്ള ഒരുവിധ നടപടിയുമില്ല. വിവിധ റാങ്ക് ലിസ്റ്റുകളില്‍ നിയമനം കാത്തിരിക്കുന്നവര്‍ 32,877 പേരുണ്ട്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധിയും റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടുന്ന സര്‍ക്കാര്‍ യുവാക്കളെ വ്യോമോഹങ്ങളില്‍ തളച്ചിടുകയാണ്. നിയമനങ്ങള്‍ നടത്താതെ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് വഞ്ചനയാണ്. പിഎസ്സി വഴി നിയമനങ്ങളൊന്നും നടത്താത്ത സര്‍ക്കാരായി യുഡിഎഫ് സര്‍ക്കാര്‍ മാറി. പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ക്ക് അപ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏകദേശം 50,000 പേര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം കൊടുത്തു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് യോഗ്യതയില്ലാത്തവരെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റുന്നത് പതിവായി. വിവിധ വകുപ്പുകളില്‍ ദീര്‍ഘകാലമായി ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതും നിത്യസംഭവമായിരിക്കുന്നു.

ഏറ്റവുമൊടുവില്‍ ഓപ്പണ്‍ സ്കൂളില്‍ നിയമാനുസൃതം പൊതുനിയമന മാനദണ്ഡങ്ങളനുസരിച്ച് നിയമനം ലഭിച്ചവരും അഞ്ചു മുതല്‍ 13 വര്‍ഷംവരെ സര്‍വീസുള്ളവരുമായ 65 ജീവനക്കാരെ 2013 നവംബര്‍ 19 മുതല്‍ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയുടെ താല്‍പ്പര്യപ്രകാരമാണ് തൊഴിലാളിവിരുദ്ധവും അന്യായവുമായ പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദീര്‍ഘകാലമായി താല്‍ക്കാലികമായി ജോലിചെയ്യുന്നവരെയും കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടാം യുപിഎയുടെഭഭരണത്തിന്‍ കീഴില്‍ ഇന്ത്യ അഴിമതിയുടെ രാജ്യമായി മാറി. 2ജി സ്പെക്ട്രം, കല്‍ക്കരി ഖനനം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഐപിഎല്‍ കോഴ, ആദര്‍ശ് ഫ്ളാറ്റ്, ടട്ര ട്രക്ക് ഇടപാട് തുടങ്ങി അഴിമതിയുടെ പട്ടികയില്‍ ലോകത്തിനുമുന്നില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കാന്‍ കോണ്‍ഗ്രസിനായി.

മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് എംപിമാരും അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ടതും പ്രധാനമന്ത്രിയുടെ ഓഫീസുപോലും അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ തങ്ങളും ഒട്ടും പിറകിലല്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും തെളിയിച്ചു. സോളാര്‍തട്ടിപ്പ്, ഭൂമികുംഭകോണം, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ടു. അധികാരം ഉപയോഗിച്ച് അഴിമതിക്കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സിവില്‍സപ്ലൈസ് വഴി സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുവിതരണമേഖലതന്നെ അഴിമതിയുടെ കൂത്തരങ്ങായി. എഫ്സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചു. അഴിമതി ആരോപണത്തില്‍ മുങ്ങിയ സിവില്‍സപ്ലൈസ് എംഡിക്ക് രാജിവയ്ക്കേണ്ടിവന്നു. ഉത്സവകാലങ്ങളില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്ഥാപിച്ച പ്രത്യേക വിപണനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. മുഖ്യമന്ത്രിമുതല്‍ മന്ത്രിസഭയിലെ എല്ലാവരും അഴിമതി ആരോപണത്തിന് വിധേയരായിരിക്കുന്നു. കയര്‍വികസനത്തിന്റെ പേരില്‍ മന്ത്രി അടൂര്‍ പ്രകാശും കയര്‍വകുപ്പ് സെക്രട്ടറി റാണി ജോര്‍ജും പരിവാരങ്ങളും കോടികള്‍ പൊടിച്ചുനടത്തിയ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷണത്തിലാണ്. കോര്‍പറേറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം ലക്ഷക്കണക്കിനു കോടി രൂപ നികുതിയിളവ് നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള എല്ലാവിധ സബ്സിഡികളും എടുത്തുകളയുന്നു. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായവും രാസവള സബ്സിഡിയും അട്ടിമറിക്കപ്പെട്ടു.

രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുന്നു. രാജ്യത്തിന്റെ വിപണിയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാരിന് വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിനും ബിജെപിക്കും കോര്‍പറേറ്റുകള്‍ വന്‍തോതില്‍ ഫണ്ട് നല്‍കുന്നുണ്ട്. 2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസിന് 1492.36 കോടി രൂപയും ബിജെപിക്ക് 769.82 കോടി രൂപയും കോര്‍പറേറ്റുകളില്‍നിന്ന് ഫണ്ട് ലഭിച്ചു. അതുകൊണ്ടുതന്നെ ഈ രണ്ടു കക്ഷികളുടെയും ഭരണത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ധനകമ്മി ചുരുക്കാനെന്ന പേരില്‍ വിദ്യാഭ്യാസമേഖലയുടെ പദ്ധതിവിഹിതത്തില്‍നിന്ന് 4000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് പഠിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണ്.

വിലക്കയറ്റത്തിന്റെ മുഖ്യകാരണം അടിക്കടിയുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനയാണ്. പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിനുശേഷം വിറക് കത്തിച്ച് പാചകംചെയ്യാനാണ് പ്രധാനമന്ത്രി ആഹ്വാനംചെയ്യുന്നത്. റിലയന്‍സ് ഉള്‍പ്പെടെയുള്ള പെട്രോളിയം ഖനനമേഖലയിലെ സ്വകാര്യകുത്തകകളുടെ ലാഭം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്നത്. ജനവിരുദ്ധതയുടെ പ്രതീകമായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധഃപതിക്കുമ്പോള്‍ ക്ഷുഭിതയൗവ്വനത്തിന് തെരുവിലിറങ്ങേണ്ടി വരുന്നു. സമരമല്ലാതെ, ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ മറ്റുവഴികളില്ലെന്ന തിരിച്ചറിവില്‍ പ്രക്ഷോഭത്തിന്റെ പതാകയേന്തുകയാണ്.

*
എം സ്വരാജ്

Saturday, January 19, 2013

മലബാര്‍ കലാപത്തെപ്പറ്റി - എ. കെ. ജി

ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയിട്ടുള്ള ബ്ലോഗാണ് ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്.  മാര്‍ച്ചിന്റെ വിശദമായ വിവരങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ (മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത, നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി, മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി) വര്‍ക്കേഴ്സ് ഫോറം പുന:പ്രസിദ്ധീകരിക്കുന്നു.

"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന്ന്വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും  ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക?

ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും കീഴിലുള്ള നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ പൂക്കോട്ടൂരില്‍വച്ച് വെള്ളപ്പട്ടാളത്തെ ശക്തമായി നേരിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വ സര്‍ക്കാരിന് തോക്കും പീരങ്കിയും വിമാനവും കപ്പലുമുണ്ടായിരുന്നു. അവര്‍ക്കെന്തൊക്കെ ഉണ്ടായിരുന്നാലും ധീരരായ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ യുദ്ധം ചെയ്യാന്‍ ധൈര്യപൂര്‍വം തയ്യാറായി. യുദ്ധത്തിനുള്ള ധൈര്യവും ശക്തിയും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരായുധരായ മുസ്ലിം സുഹൃത്തുക്കള്‍ തുറന്ന യുദ്ധം നടത്തുകയും മലബാറിന്റെ രണ്ട് താലൂക്കുകളില്‍ മൂന്ന് മാസത്തോളം അവര്‍ ഭരിക്കുകയും ചെയ്തു.

അവര്‍ ആ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കുകയും സാധാരണ കര്‍ഷകരും തൊഴിലാളി സുഹൃത്തുക്കളും അവിടെ ഭരണം നടത്തുകയും ചെയ്തു. 'ക്വിറ്റ് ഇന്ത്യാ' പ്രമേയം 1921ല്‍ മുന്ന് മാസത്തോളം നടപ്പാക്കിക്കൊണ്ട്  നേരത്തേതന്നെ അവര്‍ മാതൃക കാണിച്ചിട്ടുണ്ട്. ആലി മുസ്ല്യാരാണ് അത് ചെയ്തത്.

രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ ഒരുമിച്ചാല്‍ മാത്രം മതി, അവരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ക്കാ പട്ടാളവും വെള്ളപ്പട്ടാളവും പോലീസും ഉദ്യോഗസ്ഥന്‍മാരും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ലെന്ന് അവര്‍ തെളിയിച്ചു. നമ്മുടെ ഐക്യം നമുക്ക് വേണ്ടത്ര ശക്തി തരുന്നു. തോക്കും വിമാനവും കുന്തവുമില്ലാതെയാണ് ആലി മുസ്ലിയാര്‍ മൂന്ന് മാസം ഭരിച്ചത്. ഇതോര്‍മിക്കാതെ ഒരു സ്വാതന്ത്യ്രസമരം നടത്താന്‍ നമ്മള്‍ യോഗ്യരല്ല. അതിന്റെ ഗുണങ്ങള്‍ ചിന്തിക്കാനുള്ള ശക്തിയില്ലാതെ സ്വാതന്ത്യ്രത്തിനുവേണ്ടി ശക്തിയുള്ള സമരം നടത്താന്‍ നമുക്കാവില്ല. അതുകൊണ്ടാണ് അഭിമാനത്തോടെ ഇരുപത്തൊന്നിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും. നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധനാണെങ്കില്‍, അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത  ധീര സമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. ആ സമരത്തിന്റെ സാഹചര്യങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് പ്രത്യക്ഷ നടപടിക്കള്‍ തുടരാനാവില്ല. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുമാവില്ല. അതുകൊണ്ടാണ് ഇരുപത്തൊന്നിന്റെ നല്ല പാഠങ്ങള്‍ പഠിക്കണമെന്ന് നാം പറയുന്നത്.

അക്കാലത്ത് ഇന്നാട്ടിലെ  മാപ്പിള സുഹൃത്തുക്കള്‍ ബി എ ക്കാരായിരുന്നില്ല. അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഖാന്‍ ബഹാദൂര്‍ പട്ടമുണ്ടായിരുന്നില്ല. പക്ഷേ അവരില്‍ ശക്തന്‍മാരുണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി അവര്‍ പ്രസംഗിക്കുകയായിരുന്നില്ല;  പക്ഷേ അവര്‍ തോക്കുകളെ നേരിട്ടു, പീരങ്കികളെ നേരിട്ടു; ഉദ്യോഗസ്ഥന്‍മാരെ നേരിട്ടു. മനുഷ്യശക്തിക്ക് മുമ്പില്‍ തോക്കും ആയുധങ്ങളും പുല്‍ക്കൊടിയാണെന്ന് അവര്‍ തെളിയിച്ചു. മൂന്ന് മാസം അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞു. ഇതാര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? ഇത് സ്മരിക്കപ്പെടേണ്ടതല്ലേ? ആഗസ്ത് വിപ്ളവത്തെ പാടിപ്പുകഴ്ത്തുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. നമുക്കിതാണ് പറയാനുള്ളത്; ആഗസ്ത് പതിനാറിന് മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി (കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി ദിനം) യഥാര്‍ഥ നടപടിയാകണമെങ്കില്‍ മുസ്ലിം നേതാക്കള്‍ അത് ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നടത്തേണ്ടത്. ഇരുപത്തൊന്നിലെ സമരത്തിന്റെ പാഠം അവര്‍ നന്നായി പഠിക്കണം. അതായിരുന്നു നേരായ സമരം. പ്രത്യക്ഷ നടപടി കേരളത്തില്‍ ഇരുപത്തൊന്നില്‍തന്നെ നടന്നു. അത് മറക്കരുത്. ഓരോ വര്‍ഷത്തിലും ഇരുപത്തൊന്നിലെ സമരത്തിന്റെ ഓര്‍മ പുതുക്കണം. സ്വാതന്ത്യ്രത്തിനുവേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ  വില ആയിരങ്ങളോ കോടിയോ അല്ല; ആ സമരത്തില്‍ സംഭവിച്ച വാഗണ്‍ ട്രാജഡി മറക്കാന്‍ കഴിയുമെന്നോ?

അതുകൊണ്ടാണ് ഇരുപത്തൊന്നാണ് ആചരിക്കേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇരുപത്തൊന്നില്‍ നമ്മുടെ ജനങ്ങള്‍ ഒരു പ്രത്യക്ഷ നടപടി കൈക്കൊണ്ടു. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സായുധ സമരം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിന്, ജന്‍മിമാരില്‍നിന്നും ഈ നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന്, ജന്മിമാരുടെയും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം. ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടേ, എന്തായിരുന്നു ആഗസ്ത് വിപ്ളവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യേഗസ്ഥരുടെ അതിക്രമത്തേയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും നാം ആഗസ്ത് വിപ്ളവം ഓര്‍ക്കണമെന്ന്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരമായി ആഗസത് വിപ്ളവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം. മലബാര്‍ കലാപം എന്നൊക്കെ പറയുവാന്‍ ചില കാരണങ്ങളൊക്കെയുണ്ട്.  ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായപ്പോള്‍ മുസ്ലിം വിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനേയങ്ങ് പറയാന്‍ തുടങ്ങിയതാണ്.

അന്നത്തെ ഖിലാഫത്  ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റായിരുന്നു. അത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗവണ്‍മെന്റായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ കര്‍ഷകരായിരുന്നു. നാട്ടില്‍  പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരന്‍ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവന്‍. പക്ഷേ, അദ്ദേഹമായിരുന്നു ജനങ്ങളുടെ നേതാവ്. പാവപ്പെട്ടവരുടേയും നേതാവ്. ബിഎയും എം എയും ഉള്ള ഉദ്യോസസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട്  ചെയ്തു. അദ്ദേഹം അവര്‍ക്ക് കല്പനകള്‍ നല്കി. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ലഭിച്ചു. ജഡ്ജുമാര്‍ ഹിന്ദുവായാലും മുസ്ലിമായാലും നിഷ്പക്ഷമായി വിധി പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റില്‍നിന്ന് ജാതി മത ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയെന്നതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു: 'നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. കൈക്കൂലി വാങ്ങുന്നവരുമാണ്. പക്ഷേ എന്റെ ഗവണ്‍മെന്റില്‍ ബ്രിട്ടീഷ് രീതിയിലുള്ള ഭരണം മാത്രം പോരാ. നിങ്ങള്‍ക്ക് കൈക്കൂലി വാങ്ങാനാവില്ല. രാജ്യം ഭരിക്കുന്നത് വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയാണ്, അതിനാല്‍ പാവപ്പെട്ടവര്‍ സംരക്ഷിക്കപ്പെടണം'. നമ്മള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. നമ്മള്‍ കലാപമുണ്ടാക്കുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ അത് വര്‍ഗീയമല്ല. പിന്നെ ആര്‍ക്കെതിരേയുള്ള കലാപം? ഉപയോഗ ശൂന്യമായ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള കലാപം. തങ്ങളുടെ കൈകകളില്‍ തോക്കും വാളുമുണ്ടെന്ന് കരുതി വാഗണ്‍ ട്രാജഡിയില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊന്ന ഭരണത്തിനെതിരെയാണ് നാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഇവിടെ കഴുത്തറുക്കില്ല. ബുദ്ധിയുള്ളവരും ദേശാഭിമാനമുള്ളവരും മതത്തിന്റെപേരില്‍ കലാപമുണ്ടാക്കില്ല.

ഇവിടന്നങ്ങോട്ട് അഹിംസയുടെ ഒരു സിദ്ധാന്തവും വിലപ്പോവില്ല. അതിക്രമം ഏത് ഭാഗത്ത് നിന്നായാലും, പൊലീസിന്റെ ഭാഗത്ത് നിന്നാവട്ടെ, ജന്‍മിയുടെയോ മുതലാളിയുടെയോ ഭാഗത്ത് നിന്നാവട്ടെ, അതിനെ എതിര്‍ക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അത് വളരെ വേഗം ഈ രാജ്യത്ത് നടക്കുകതന്നെ ചെയ്യും. അതുവഴി സൌകര്യപ്രദമായി ജീവിക്കാനും കഴിയും. അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്ന് പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്‍മിമാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന് മോചനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു, ജയില്‍വാസമനുഭവിച്ചു, അപ്പോഴേക്കും ധീരരാണെന്ന് നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീ തുപ്പുമ്പോള്‍ അവയ്ക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടി, പൊലീസിന്റെയും ജന്‍മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനുവേണ്ടി ധീരന്‍മാര്‍ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയപ്പോള്‍  അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നില നിറുത്തുക. ഇത് ഞാന്‍ നൂറ് പ്രവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്‍മാരാണ്. അതേക്കുറിച്ച് ഒരു സംശയവുമില്ല. ഇതേക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസുകാര്‍ ദേശാഭിമാനികളല്ല. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുള്ള മാര്‍ഗത്തില്‍ നിരവധി നല്ല മക്കള്‍ തോക്കിനെ നേരിട്ട് വീരമ്യത്യു വരിച്ചു. അവരെ ഓര്‍ക്കുവിന്‍. ആ നന്മ സ്വീകരിക്കാന്‍ ശ്രമിക്കണം. തെറ്റായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കമ്യൂണിസ്റ്റുകാരുടെ അഭ്യര്‍ഥനകളില്‍ കലാപം ലക്ഷ്യമാക്കുന്നില്ല. പണ്ഡിറ്റ് നെഹ്റുവാണ് കലാപം ഇളക്കിവിടുന്നത്. അദ്ദേഹം ലീഗുകാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍! ഞങ്ങളല്ല കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളാണ്. അവര്‍ക്കാണതില്‍ താല്പര്യം. ഞങ്ങള്‍ക്കല്ല. കമ്യൂണിസ്റ്റുകളില്‍ ജന്മിയോ, മുതലാളിയോ സമ്പന്നനോ ഇല്ല. ലീഗില്‍ മുതലാളിമാരും ജന്‍മിമാരും ഉണ്ട്. കോണ്‍ഗ്രസിലുമുണ്ട്. കോഴിക്കോട്ട് ബാദ്ഷാ സാഹിബ് നിരവധി  മുസ്ലിം കുടിയാന്മാരെ വീടുകളില്‍നിന്ന് പുറത്താക്കി. മുതലാളി എപ്പോഴും മുതലാളി  തന്നെയാണ്. അവര്‍ സാമുവല്‍ ആറോണോ, സത്താര്‍ സേഠുവോ  ആകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, കോണ്‍ഗ്രസോ മുസ്ലിം ലീഗോ ആകട്ടെ. മുതലാളിമാരുടെ ലക്ഷ്യം ഈ രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ ആയ പാവപ്പെട്ടവരുടെ ഊര്‍ജം പിഴിഞ്ഞെടുക്കുകയും  ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് അവരെ പട്ടിണിക്കിടലുമാണ്. കോണ്‍ഗ്രസ് -ലീഗ് മുതലാളിമാരും കോണ്‍ഗ്രസ് -ലീഗ് ജന്മിമാരും പാവപ്പെട്ട മുസ്ലിം ഹിന്ദു ജനങ്ങളെ  ഭിന്നിപ്പിച്ച് ബ്രിട്ടീഷ് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവകാശം  ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല,  തങ്ങള്‍ക്ക് കൂടി വേണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ആരെങ്കിലും സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, ആരെങ്കിലും പ്രത്യക്ഷ നടപടി സമരം നടത്തിയിട്ടുണ്ടെങ്കില്‍  അത് ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സുഹൃത്തുക്കള്‍ മാത്രമാണ്.

ഇരുപത്തി ഒന്നിലേയും നാല്പത്തി ആറിലേയും സ്ഥിതിഗതികള്‍കൂടി നിങ്ങള്‍ മനസ്സിലാക്കുക. ഇരുപത്തൊന്നില്‍ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യം വളരെ ദയനീയാവസ്ഥയിലായിരുന്നു. അന്ന് ബുദ്ധിമുട്ടായിരുന്നു. വേണ്ടത്ര അരി ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കിട്ടാനില്ല. പോരാത്തതിന് ഖിലാഫത്ത് പ്രസ്ഥാനവും തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അല്ലെങ്കല്‍ ഒരു വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ നേവിയിലെ ഇന്ത്യക്കാര്‍ മാപ്പിളമാര്‍ മാത്രമല്ല; എല്ലാവരും ഒരു ദിവസം രാവിലെ അവരുടെ കപ്പലുകളില്‍നിന്ന് യൂണിയന്‍ പതാക അഴിച്ച് വച്ച് പകരം, കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പതാക കള്‍ നാട്ടി. എന്നിട്ട് ബ്രിട്ടീഷുകാരോട് പറഞ്ഞു: നിങ്ങള്‍ ഇന്ത്യ വിട്ട് പോകണം. വെള്ളക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം ഞങ്ങള്‍ക്കും നല്‍കണം. അത് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രത്യക്ഷ നടപടി സമരം നടത്തുന്നത്. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ബ്രിട്ടീഷ് പട്ടാളവുംകൂടി നമ്മുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പണിമുടക്കുന്നുണ്ട്. എംഎസ്പി പണിമുടക്കി. ഇരുപത്തൊന്ന് രൂപക്ക് നാടൊട്ടുക്കും പോയി ജനങ്ങളെ വെടി വയ്ക്കാനും തല്ലാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞാണ് അവര്‍ പണി മുടക്കിയത്. പണിമുടക്കിയ 2000 എം എസ് പിക്കാരെ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. തിരുനല്‍വേലിയിലെ റിസര്‍വ് പൊലീസ് പണി മുടക്കിയെന്ന് മിനിയാന്നത്തെപത്രത്തില്‍ കണ്ടു. അപ്രകാരം പൊലീസ് പണിമുടക്കി. തപാല്‍ ഉദ്യോസസ്ഥര്‍ പണിമുടക്കി. പത്ത് ലക്ഷംവരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങളും പണി മുടക്കുകയാണെന്ന്. അപ്പോള്‍ ഗവണ്‍മെന്റ് പറയുന്നു, ഒത്തുതീര്‍പ്പ് വേണമെന്ന്. ഇപ്പോള്‍ കോട്ടും ടൈയുമിട്ട നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മദ്രാസില്‍ സിന്ദാബാദ് വിളിച്ച് നടക്കുകയാണ്. യൂറോപ്യന്‍ കലക്ടറൊഴികെയുള്ള ഉദ്യോഗസ്ഥന്‍മാരും, ഇരുനൂറും മുന്നൂറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും പോലീസും എം എസ്പിയും ഒക്കെ പണി മുടക്കാന്‍ തയ്യാറായിരിക്കുന്നു. എന്തുകൊണ്ട്? പണിമുടക്ക് കലാപമാണോ? വിശപ്പിന്റെ ഉച്ചത്തിലുള്ള വിളി ഇനിയും സഹിക്കാനാവില്ല. പട്ടിണിക്കാരുടെ വയറ്റില്‍ കലാപമാരംഭിച്ചരിക്കുന്നു. ഈ സമരങ്ങളൊക്കെയും വിശപ്പ്മൂലം ഭ്രാന്തരായ ജനങ്ങളുടേതാണ്. ഇതല്ലാതെ വേറൊരു കലാപം ഇവിടെയില്ല.

നമ്മളെന്തിനാണ് അടിച്ചമര്‍ത്തപ്പെടുന്നത്? അവര്‍ നമ്മെ അറസറ്റ് ചെയ്യുന്നു. നമ്മള്‍ മര്‍ദിക്കപ്പെടുന്നു. നിത്യവും കരിഞ്ചന്ത നടക്കുന്നു. അതിനാകട്ടെ ശിക്ഷിക്കപ്പെടുന്നുമില്ല. നമ്മള്‍ കരിഞ്ചന്തക്കാരെ പിടിച്ച് കൊടുത്തു. എന്നിട്ടെന്താ, അവര്‍ നമ്മളോട് പ്രതികാരം ചെയ്യുന്നു. കരിഞ്ചന്തക്കാരെ തൂക്കിക്കൊല്ലണമെന്നാണ് നെഹ്റു പറയുന്നത്. അത്രക്കൊന്നും നമ്മള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തുകൂടേ? നാലു കോടി രൂപക്കുള്ള വസ്ത്രം കരിഞ്ചന്ത നടത്തിയതിന് അളഗപ്പ ചെട്ടിയാരെ പിടിച്ചു. അയാളെ ശിക്ഷിച്ചോ? പിന്നെന്തിനാണിവിടെ ഗവണ്‍മെന്റ്? ജന്‍മിമാരേയും മുതലാളിമാരേയും ശിക്ഷിക്കണം. അക്കാര്യത്തില്‍ ഗവണ്‍മെന്റ് ആരെയും പേടിക്കരുത്. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കി. അവരെ നേരിടാന്‍ പൊലീസിനേയും എംഎസ്പിയേയും അയക്കരുതായിരുന്നു. ഒരു യൂറോപ്യന്‍ മുതലാളിയെ സഹായിക്കാന്‍ പൊലീസിനെ അയക്കരുത്. അതിനുള്ള ശക്തിയും തന്റേടവും ഗവണ്‍മെന്റിന് വേണം. നന്മ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് തിന്മ ചെയ്യാതെങ്കിലും ഇരുന്നു കൂടേ? ഇതാണ് കോണ്‍ഗ്രസിനോടുള്ള ഞങ്ങളുടെ ഒരേയൊരു അപേക്ഷ രാജ്യ ദ്രോഹികളെന്നാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നില്ലേ? പക്ഷേ,  ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിലില്ല.  ഇന്ന് മുത്തയ്യ ചെട്ടിയാര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ചെട്ടിയാര്‍ രാജ്യം ഭരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കരിഞ്ചന്ത! സരോജിനി നയിഡു പ്രസംഗിച്ച യോഗത്തില്‍ ആനപ്പുറത്തിരുന്നുകൊണ്ടാണ് ബോബിളി രാജാവ് വന്നത്. ഇന്നദ്ദേഹം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. കോണ്‍ഗ്രസിന് ഞങ്ങളെ ആവശ്യമില്ല.

ഈ വര്‍ഷം  സ്വാതന്ത്യ്രത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന് കോണ്‍ഗ്രസും ലീഗും മുന്നിട്ടിറങ്ങണം. പക്ഷേ ഈ പാര്‍ടികള്‍ പരസ്പരം ശത്രുതയിലാണ്. കോണ്‍ഗ്രസ് പകലാണെന്ന് പറയുമ്പോള്‍ അല്ല, രാത്രിയാണെന്ന് ലീഗ് പറയും. നിങ്ങള്‍ ഒന്നിക്കണം. നിങ്ങള്‍ ഈ രാജ്യക്കാരല്ലേ? വെള്ളക്കാര്‍ക്കെതിരെ നിങ്ങള്‍ക്കൊന്നിച്ചുകൂടേ? കോണ്‍ഗ്രസും ലീഗും ഈ രാജ്യക്കാരാണ്. എന്തുകൊണ്ട് അവര്‍ക്ക് ഒന്നിച്ച്കൂടാ? രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരണംവരിച്ച ഇരുപത്തൊന്നിലെ സഹോദരന്‍മാരെ നിങ്ങള്‍ ആദരിക്കണം. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്കിയ അവര്‍ ധീരരാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. നിങ്ങള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രുവാണോ? എങ്കില്‍ അന്ന് യുദ്ധം ചെയ്തവരെ ആദരിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മാസം അദ്ദേഹം ഈ നാട് ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് ഒറ്റ യൂറോപ്യനും അങ്ങോട്ട് പോയില്ല. എങ്ങനെ ഭരിക്കണമെന്ന് ഹാജിയാര്‍ക്ക് അറിയാമായിരുന്നു. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ പീഡിപ്പിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ഗവണ്‍മെന്റ് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഇത് മനസ്സിലാക്കണം. അന്നത്തെ പാഠം പഠിക്കണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ പൊതു ശത്രുവാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ തല്ലരുത്. കല്‍ക്കത്ത നമുക്കൊരു പാഠമാണ്. തങ്ങള്‍ ഗവണ്‍മെന്റിനെതിരെയാണെന്ന് പറഞ്ഞുകൊണ്ട് അവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ പരസ്പരം കലഹിച്ചു. ഇതിന്റെ നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് കണക്ക്. നിരവധി ജനങ്ങള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയില്ല. വെള്ളപ്പട്ടാളം സിഗരറ്റ് പുകച്ചുകൊണ്ട് റാാേഡിലൂടെ നടക്കുകയാണ്. ശവശരീരങ്ങളില്‍ ചവിട്ടിയാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നടക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ പാഠം പഠിക്കുമോ?

എന്തിനാണ് ജനങ്ങള്‍ പണിമുടക്കുന്നത്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയാണോ മുന്നൂറ് രൂപ ശമ്പളം പറ്റുന്ന വ്യക്തികള്‍ പണിമുടക്കുന്നത്? ആളുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. ഇവിടെ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. മുതലാളിയും തൊഴിലാളിയുമുണ്ട്, ജന്മിയും കര്‍ഷകനുമുണ്ട്. അതിന്റെ ഫലമാണ് പണിമുടക്ക്. ജീവിക്കാനുള്ള കൂലി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. അത് തരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ നേതാക്കളോട് പറയുക: "നേതാക്കളേ, നിങ്ങളോട് ഞങ്ങള്‍ക്ക് നല്ല ബഹുമാനമാണ്. പക്ഷേ നിങ്ങള്‍ ഒന്നിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒന്നിക്കും. പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും ഒന്നിക്കും. ഈ നാട്ടിലെ ജനങ്ങള്‍ ഒന്നിക്കും. രാജ്യത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.'' ഇതാണ് നിങ്ങള്‍ പറയേണ്ടത്. അല്ലാത്തപക്ഷം സാമ്രാജ്യത്വവിരുദ്ധ സമരം പരസ്പരം നാശം കൊയ്യുന്ന സമരമായി മാറും. സ്വാതന്ത്യ്രം ലഭിക്കുന്നകാര്യത്തില്‍ നമ്മള്‍ പരാജയപ്പെടും. ഇവിടെ തൊഴിലില്ലായ്മ വരും. ഭക്ഷണക്ഷാമം വരും. നമുക്കൊന്നും ലഭിക്കില്ല. ഇതാണ് ഇരുപത്തൊന്നിന്റെ പാഠം.

ഇപ്പോഴുള്ള റെയില്‍വേ പണിമുടക്ക് പ്രത്യക്ഷ നടപടിയാണ്. അടിക്ക് പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യാഗ്രഹംകൊണ്ട് മാത്രം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യാഗ്രഹം കൊണ്ട് എന്ത് നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ?

നമ്മള്‍ സംഘടിതമായി സമരം ചെയ്യണം. ഇരുപത്തൊന്നിലേതുപോലുള്ള സായുധസമരം. ഹിംസ ആവശ്യമെങ്കില്‍ അതുതന്നെ വേണം. അതിന് തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ. ബ്രിട്ടീഷ് ഗവണ്‍മെന്റ് അക്രമം പ്രവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ? എനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ല. അതില്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിച്ചോട്ടെ. ഇരുപത്തൊന്നിലെ സമരമാണ് നമുക്ക് പാഠം. എങ്കിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുട്ടുമടക്കുകയുള്ളൂ. കുഞ്ഞഹമ്മദാജി രണ്ട് താലൂക്കുകള്‍ മൂന്ന് മാസം ഭരിച്ചില്ലേ? മുസ്ലിം കര്‍ഷകര്‍ രാജ്യം ഭരിച്ചു. രാജ്യം ഭരിക്കാന്‍ ബി എക്കാരനെ ആവശ്യമില്ല. കര്‍ഷകന്റെ ഭരണമാണ് വരുന്നത്.

ഇരുപത്തൊന്നിലെ സംഘടിത സമരമാണ് പ്രത്യക്ഷ സമരം. അക്കാര്യത്തില്‍ നാം സ്വയം അഭിനന്ദിക്കുകയാണ്. അത്തരം സമരത്തിലൂടെ മാത്രമേ നമുക്ക് സ്വാതന്ത്യ്രം നേടാനാകൂ. സമരം സാമുദായികമാകാതിരിക്കാന്‍ നാം വളരെ ശ്രമിക്കണം. സമരം സംഘടിതമാണെങ്കില്‍ കല്‍ക്കത്തയില്‍ സംഭവിച്ചത് പോലെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ലീഗും ജനങ്ങളെ ഉപദേശിക്കണം. ഈ അവസ്ഥയിലെ വസ്തുതകള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കണം. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നു. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനിയുടെ കോളങ്ങളിലുണ്ട്. അതിന്റെ കോപ്പികള്‍ വാങ്ങിക്കൊണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം. സാമുദായിക കലാപങ്ങളുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മാപ്പിള സഹോദരന്‍മാരെ സ്മരിക്കണമെന്ന് രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.''

ഈ പ്രസംഗത്തിന്റെ പേരില്‍ എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്യ്രം പ്രഖ്യാപിച്ച് സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരേയുള്ള കേസ് നിലനിറുത്തുകയും അദ്ദേഹത്തെ ജയിലില്‍തന്നെ വയ്ക്കുകയും കേസ് തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1947 സെപ്തംബര്‍ രണ്ടിന് എ കെ ജി നല്കിയ ഹര്‍ജിയില്‍ ഗവണ്‍മെന്റ് നടപടിയെ ചോദ്യംചെയ്തു. വെള്ളക്കാരന്റെ ഗവണ്‍മെന്റും സ്വതന്ത്ര ഇന്ത്യ ഗവണ്‍മെന്റും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. "വെള്ളക്കാരന്‍ കോണ്‍ഗ്രസുകാരുടെ നേരെ ഉപയോഗിച്ച അതേ വെറുക്കപ്പെട്ട വൃത്തികെട്ട വകുപ്പുകള്‍തന്നെ എന്റെ നേരെ ഉപയോഗിക്കുന്നതുകൊണ്ടും എന്നെ ശിക്ഷിക്കുന്നതുകൊണ്ടും നാട്ടില്‍ കുഴപ്പം വര്‍ധിക്കുവാനിടയാക്കുകയാണെന്ന് ഈ കേസിനനുമതി നല്കിയ ഗവര്‍ണരുടെ ആഗ്രഹത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു'' എന്ന് എ കെ ജി ഹരജിയില്‍ ആവര്‍ത്തിച്ചു. "1921ല്‍ ഖിലാഫത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി യോജിച്ച്നിന്ന് ആയുധമെടുത്ത് സമരം ചെയ്ത മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും, 1921ലെ മലബാര്‍ ലഹളയിലെ നല്ല ഭാഗങ്ങളെ സ്വീകരിക്കാനാഹ്വാനം നല്കുകയും അതിന്റെ ചീത്ത വശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്.''

(പ്രോഗ്രസ് പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തിന്റെ ആഹ്വാനം എന്ന പുസ്തകത്തില്‍ നിന്ന്)

യൂത്ത് മാര്‍ച്ച് ബ്ലോഗ് പോസ്റ്റ് ലിങ്ക്

നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി

ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയിട്ടുള്ള ബ്ലോഗാണ് ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്.  മാര്‍ച്ചിന്റെ വിശദമായ വിവരങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ (മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത, നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി, മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി) വര്‍ക്കേഴ്സ് ഫോറം പുന:പ്രസിദ്ധീകരിക്കുന്നു.

നവോത്ഥാന നായകരും സാമൂഹ്യപരിഷക്കര്‍ത്താക്കളും ആരംഭിച്ച പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലേക്ക് ഇന്ന് കയറിപ്പറ്റിയവര്‍ സ്ഥാപകോദ്ദേശ്യങ്ങളെ തിരസ്കരിക്കുന്നതായി തോന്നുന്നു. ഈ വിപര്യയത്തിനു കാരണമെന്താണ്. എങ്ങനെയാണ് നേരിടേണ്ടത്?

നവോത്ഥാനം, സാമൂഹ്യപരിഷ്കാരം, സാമൂഹ്യവിപ്ളവം മുതലായ പ്രതിഭാസങ്ങള്‍ സമൂഹത്തിന്റെ ചരിത്രത്തില്‍ ഇടയ്ക്കിടെ അനിവാര്യമായും പ്രയോജനപ്രദമായും സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്. എന്നാല്‍ അതുപോലെ തന്നെ അനിവാര്യമയി സംഭവിക്കുന്നുവെന്ന് തോന്നാവുന്നവയാണ് അവയുടെ പില്‍ക്കാലത്തെ അപചയവും. നമ്മുടെ ലോകചരിത്രത്തില്‍ ഗൌതമബുദ്ധന്‍, സൌരാഷ്ട്രര്‍, യേശുക്രിസ്തു, മുഹമ്മദ്നബി മുതലായവരെ വെറും പുതുമതസ്ഥാപകര്‍ മാത്രമായി കരുതുന്നത് ചരിത്രദൃഷ്ട്യാ തെറ്റാണ്. ഇവരില്‍ പലരും നിലനില്‍ക്കുന്ന സാമൂഹ്യവ്യസ്ഥയിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പോരാടിയവരാണ് എന്ന് അവരുടെ ചരിത്രം നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ബുദ്ധനും ക്രിസ്തുവും മറ്റും ഒരു മതവും സ്ഥാപിച്ചിരുന്നില്ല. അവരുടെ പിന്‍ഗാമികളാണ് അവരുടെ ആശയങ്ങളെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ആക്കിയത്. ബുദ്ധനാകട്ടെ ഈശ്വരസങ്കല്പം പോലും അംഗീകരിച്ചിരുന്നില്ല.

റോമസാമ്രാജ്യത്തിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരുന്ന യഹൂദന്‍മാരെയും യഹുദപ്രമാണിമാരുടെ വിവേചനത്തിന് വിധേയരായി അകറ്റിനിറുത്തപ്പെട്ടവരെയും പണക്കാരുടെ ചൂഷണത്തിനുവിധേയരായ ദരിദ്രരേയും പ്രത്യാശയും തന്റേടവും നല്കി സ്വതന്ത്രരും ശക്തരുമാക്കാനാണ് യേശുക്രിസ്തു ശ്രമിച്ചത്. അങ്ങനെ ക്രിസ്തുമതം പീഡിതരുടെ അത്താണിയായിരുന്നു. എന്നാല്‍ ക്രിസ്തുവിനുശേഷം നാലാം നൂറ്റാണ്ടില്‍ റോമാചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റന്റയിന്‍ ക്രിസ്തുമതത്തെ സാമ്രാജ്യത്വമര്‍ദ്ദനങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും സാമ്രാജ്യത്തിന്റ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ പീഡിതരുടെ മതം പീഢകരുടെ മതമായി മാറുകയാണുണ്ടായത്.

മതങ്ങളുടെ അപചയം

ബുദ്ധന്‍ അന്നുനിലവിലിരുന്ന ജാതി മേധാവിത്വത്തിനും, ചെലവേറിയ വൈദികയാഗങ്ങള്‍ക്കും എതിരെ കീഴ്ജാതിക്കാരെയും, ശൂദ്രരും വൈശ്യരുമുള്‍പ്പെടെയുള്ളവരെയും മോചിപ്പിക്കുന്നതിനുള്ള സന്ദേശം നല്കുകയും സംഘടനകള്‍ കെട്ടിപ്പടുക്കുകയുമാണ് ചെയ്തത്. പക്ഷേ അധികകാലം വേണ്ടിവന്നില്ല. ബുദ്ധമതം ഹീനയാനവും മഹായാനവുമായി വേര്‍പിരിയാന്‍. ഇതിലെ മഹായാന ബുദ്ധന്റെ സന്ദേശങ്ങള്‍ക്കെതിരെ പ്രാമാണികരുടെ മതമായി വളരുകയാണ് ചെയ്തത്. ഈശ്വരനില്‍ വിശ്വസിക്കാത്ത ബുദ്ധനെ ത്തന്നെ അവര്‍ ഈശ്വരനാക്കി വിഗ്രഹങ്ങള്‍ സൃഷ്ടിച്ച് പൂജിക്കാന്‍ തുടങ്ങി. മിക്കവാറും മറ്റെല്ലാ മതങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിക്കാവുന്ന അപചയമാണിത്.

മഹാപ്രസ്ഥാനങ്ങള്‍ ജാതീയതയുടെ ഉപകരണം

ഈ മഹാപ്രസ്ഥാനങ്ങളുടെ വഴിക്കുതന്നെയാണ് നമ്മുടെ കൊച്ചുകേരളത്തിലെ നവോത്ഥാനപ്രക്രിയയും ആദ്യം മുന്നോട്ടും പിന്നെ പിന്നോട്ടും പോയത്. തനിക്ക് ജാതിയോ മതമോ ഇല്ലെന്നും ധര്‍മ്മാധിഷ്ഠിതവും സമത്വാദര്‍ശനിഷ്ഠയുള്ളതും ആയ ഒരു നവീന സമൂഹസൃഷ്ടിയിലാണ് വിശ്വസിക്കുന്നത് എന്നും ശ്രീനാരായണഗുരു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിദ്യാലയങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനാനുവാദമില്ലായ്മയും നിലനിന്നിരുന്ന കാലത്ത് അവരെ സംഘടിപ്പിച്ച് ശക്തരാക്കി വിമോചനത്തിലേക്ക്് നയിക്കാനാണ് 1903 ല്‍ ശ്രീനാരായണധര്‍മ്മപരിപാലനയോഗം. ഡോ. പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയവരുടെ കര്‍മ്മകുശലത ഉപയോഗപ്പെടുത്തി അദ്ദേഹം സംഘടിപ്പിച്ചത്. എന്നാല്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും അപചയം അദ്ദേഹത്തെ അലട്ടിത്തുടങ്ങി. ജാതി ചോദിക്കരുത്  പറയരുത് എന്നും മദ്യം വിഷമാണെന്നും, അതുണ്ടാക്കരുത്, കൊടുക്കരുത്,   എന്നും പഠിപ്പിച്ച  ഗുരുവിന്റെ സംഘടനതന്നെ അതുതുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ 'ജാത്യാഭിമാനം' വര്‍ദ്ധിച്ചതിനാല്‍ അദ്ദേഹം അസ്വസ്ഥനായി. സംഘടനയില്‍നിന്ന് 1916 ല്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഡോ. പല്‍പ്പുവും നാലഞ്ചുവര്‍ഷത്തിനുശേഷം  എസ് എന്‍ ഡി പിയില്‍ നിന്ന് പിരിഞ്ഞു. എസ് എന്‍ ഡി പിയുടെ സ്ഥാപകജനറല്‍ സെക്രട്ടറി യായിരുന്ന മഹാകവി കുമാരനാശാന്‍ പതിനെട്ടു വര്‍ഷത്തെ ഉജ്ജ്വലമായ സേവനത്തിനുശേഷം സ്വയം പിരിഞ്ഞുപോയി. എസ് എന്‍ ഡി പി യിലെ ചില പ്രമാണിമാര്‍ കുമാരനാശാന്റെ ഗാനത്തിനെതിരെ നടത്തിയ അപവാദപ്രചരണത്തില്‍ മനംനൊന്ത് ആശാന്‍ കവിതകള്‍ പോലും രചിക്കുകയുണ്ടായി.

ഇതുപോലെ ആദ്യകാലത്ത് സാമൂഹ്യപരിഷ്ക്കരണത്തിനും ദുരാചാരനിര്‍മ്മാര്‍ജ്ജനത്തിനുംവേണ്ടി പരിശ്രമിച്ച പലസംഘടനകളും പില്‍ക്കാലത്ത് അനാചാരങ്ങളുടെയും ജാതീയതയുടെയും ഉദാഹരണമായി അധ:പതിച്ച സംഭവങ്ങള്‍  ഇവിടെ വിസ്തരിച്ച് എടുത്തുപറയേണ്ടതില്ല. ഇങ്ങനെ അപചയം സംഭവിക്കുമ്പോള്‍ ഈ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായകര്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളെ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുകയും അതിനുവഴിയില്ലെങ്കില്‍ വേറെ സംഘടനകള്‍ സ്ഥാപിക്കുകയുമാണ് പുരോഗമനേച്ഛുക്കളുടെ കര്‍ത്തവ്യം.

ഈ പറഞ്ഞതിന്റെ അര്‍ത്ഥം പഴയ ആദര്‍ശങ്ങള്‍ പുലര്‍ത്താന്‍ പുതിയ ജാതി  സംഘടനകള്‍ സ്ഥാപിക്കണം എന്നാണോ?


കേരളത്തിലെ നവോത്ഥാനത്തിനും മതനിരപേക്ഷമായ ജനാധിപത്യപ്രസ്ഥാനത്തിനും ചില പ്രത്യേകതകളുണ്ട്. ഈ നവോത്ഥാനപ്രസ്ഥാനങ്ങളില്‍ മിക്കവയും സ്ഥാപിക്കപ്പെട്ടത് ജാതിയുടെ അടിസ്ഥാനത്തിലാണ്. ശ്രീനാരായണഗുരു എസ് എന്‍ ഡി പി യോഗം സ്ഥാപിച്ചത് എല്ലാ ജാതി വിഭാഗങ്ങളുടെയും അവശതകള്‍ ഈഴവരുടേതിനുമൊപ്പം പരിഹരിക്കാനാണെങ്കിലും പില്‍ക്കാലത്ത് (ഇപ്പോഴും) അത് ഈഴവരുടെ ജാതി സംഘടനയായി മാറി. യോഗത്തിന്റെ അപചയം ആരംഭിച്ചതോടെ ഈഴവരില്‍തന്നെ പ്രമാണിമാരുടെ സംഘടനയായി എസ് എന്‍ ഡി പിയോഗം അധ:പതിച്ചു. സ്വദേശാഭിമാനി ടി കെ മാധവനെപ്പോലെ അധ:സ്ഥിതരുടെ മോചനത്തിനായാലും ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായാലും എല്ലാവിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിക്കണം എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇന്ന് എസ് എന്‍ ഡി പിയുടെ നേതൃനിരയില്‍ കാണാനില്ല. അതുപോലെതന്നെ എസ് എന്‍ ഡി പിയുടെ മാതൃകയില്‍ സ്ഥാപിക്കപ്പെട്ട എന്‍ എസ് എസിന്റെ കാര്യവും വ്യത്യസ്തമല്ല. നായന്മാര്‍, നമ്പൂതിരിമാരെയും ക്ഷത്രിയന്മാരെയുംകാള്‍ ജാതി ശ്രേണിയില്‍ താഴ്ന്നവരാണെങ്കിലും അവരില്‍ ഒരു വിഭാഗം ഭരണരംഗത്തും ഭൂഉടമയിലും മേലാളന്മാരായിരുന്നു. എന്നുമാത്രമല്ല അവരും പണ്ട് ശൂദ്രരായി കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് പൂണൂല്‍വര്‍ഗ്ഗക്കാരുമായുള്ള വേഴ്ചമൂലം സവര്‍ണ്ണരായിത്തീര്‍ന്നു. എന്നാല്‍ കൂട്ടുകുടുംബവ്യവസ്ഥ കെട്ടുകല്യാണം നമ്പൂതിരിസംബന്ധം അമ്മാവന്മാരുടെ കാരണവ ആധിപത്യം തുടങ്ങിയ പലമേഖലകളിലും അവശരായവരെ കൂടി ഉള്‍ക്കൊണ്ടിരുന്നു. ഇവയ്ക്കെല്ലാമെതിരായ പോരാടുകയും 1924 ലെ വൈക്കം സത്യാഗ്രഹക്കാലത്ത് അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മന്നത്തുപദ്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ നടത്തുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ഈ പ്രവര്‍ത്തനകാലം എന്‍ എസ് എസിന്റെ നവോത്ഥാനദൌത്യകാലമായിരുന്നു. പിന്നീടവര്‍ പിന്നോക്കജാതിക്കാരുടെ അവശതകള്‍ പരിഹരിക്കാനുള്ള സംയുക്തരാഷ്ട്രീയസഭയെയും നിവര്‍ത്തനപ്രക്ഷോഭണത്തെയും അതിലെല്ലാമുപരി സി പി രാമസ്വാമി അയ്യരുടെ കിങ്കരന്‍മാരായി സ്റേറ്റ് കോണ്‍ഗ്രസിനെ തന്നെയും എതിര്‍ത്തപ്പോള്‍ അവരില്‍ അവശേഷിച്ചിരുന്ന പുരോഗമനആശയങ്ങള്‍ പൂര്‍ണ്ണമായി വാര്‍ന്നുപോയി.

മന്നത്തുപദ്മനാഭന്റെയും, എന്‍ എസ് എസ്സിന്റെയും അധ:പതനത്തിന്റെ നെല്ലിപ്പടിയായിരുന്നു 1959 ല്‍ കമ്യൂണിസ്റുസര്‍ക്കാരിനെതിരെ നടത്തിയ കുപ്രസിദ്ധവിമോചനസമരത്തിലെ അവരുടെ പങ്കാളിത്തം.

നവോത്ഥാനത്തിന് സംഭാവനനല്‍കിയ നമ്പൂതിരി യോഗക്ഷേമസഭയുടെ കാര്യത്തിലും ഈ വിധത്തിലുള്ള മാറ്റം മറിച്ചിലുകള്‍ കാണാം. മഹാനായ അയ്യങ്കാളിയുടെ സാധുജനപരിപാലനയോഗത്തില്‍ നിന്ന് പില്‍ക്കാലത്ത് പിരിഞ്ഞുപോയി ജാതിസംഘടനകള്‍ ഉണ്ടാക്കിയവരും ജാതിവാദികളും ഉണ്ടായിരുന്നു. അയ്യങ്കാളി ഏറ്റവും അധ: സ്ഥിതരായ ദളിതര്‍ക്കുവേണ്ടിയാണ് പോരാടിയത്. അവരെ ചേരമരെന്നും, പുലയരെന്നും സാംബവരെന്നും അദ്ദേഹം വേര്‍തിരിച്ചിരുന്നില്ല. പക്ഷേ പിന്നീട് സാംബവര്‍ മഹാജനസഭയും ചേരമര്‍ സഭയും പുലയര്‍മഹാസഭയും മറ്റും രൂപംകൊണ്ടതോടെ അവ ഇടക്കാലത്ത് ഉയര്‍ന്നുവന്ന ദളിത് ഉദ്യോഗസ്ഥ പ്രമാണിമാരുടെ ചട്ടുകമായി തീര്‍ന്നു.

വര്‍ഗ്ഗസംഘടനകളുടെ പ്രസക്തി

ഈ ചരിത്രവസ്തുതകള്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണ്? അയ്യങ്കാളി സാമൂഹ്യവിവേചനത്തിനെതിരെ പോരാടിയതോടൊപ്പം സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടി. കര്‍ഷകത്തൊഴിലാളികളുടെ കേരളത്തിലെ പ്രഥമപണിമുടക്കും പ്രക്ഷോഭവും നയിച്ച കാര്യം പ്രസിദ്ധമാണല്ലോ. അങ്ങനെ സാമ്പത്തികഅവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ അതേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ജാതിക്കാരെയും ചേര്‍ത്ത്  തൊഴിലെടുക്കുന്നവരുടെ ഐക്യവും ഐക്യസംഘടനകളും സ്ഥാപിക്കുകയാണ് വേണ്ടത്. കേരളത്തില്‍ അയ്യങ്കാളിയുടെ ഈ മാതൃകപിന്തുടര്‍ന്നത് 1937-ല്‍ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്് പാര്‍ട്ടിയാണ്. ദളിതരുടെയും മറ്റ് കീഴ്ജാതിക്കാരുടെയും പ്രശ്നങ്ങളെല്ലാം സാമ്പത്തിക അവകാശങ്ങള്‍ നേടുന്നതുകൊണ്ടുമാത്രം ആവില്ല. സാമൂഹ്യരംഗത്തെ സാംസ്ക്കാരികപ്രവര്‍ത്തനം കൂടി അതിനാവശ്യമാണ്. കൂടാതെ രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തവും നമ്മുടെ ഭരണഘടനവിഭാവനം ചെയ്യുന്ന പട്ടികജാതി പട്ടിവര്‍ഗ്ഗ സംവരണവും കേന്ദ്രത്തിലെ പ്രഥമകോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട മണ്ഡല്‍ക്കമ്മീഷനെത്തുടര്‍ന്ന് വി പി സിംഗ് മന്ത്രിസഭ തുടങ്ങിവച്ച പിന്നോക്കസമുദായസംവരണവും (ഒ ബി സി) എല്ലാം ഈ 'അധികാര സംമ്പാദന'ത്തിന്റെ (എം പവര്‍മെന്റ്) ആവശ്യത്തെ ഊന്നിക്കൊണ്ടുള്ളതാണ്. ഇത്രയൊക്കെയായിട്ടും സ്വാതന്ത്യ്രം ലഭിച്ച് അറുപത് വര്‍ഷം പിന്നിട്ടിട്ടും അധ:സ്ഥിത ജാതികളുടെ അവശതകള്‍ കാര്യമായൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ജാതി സംഘടനകളിലെ വരേണ്യ പക്ഷപാതങ്ങളെ എതിര്‍ക്കുകയും വര്‍ഗ്ഗസംഘടനകള്‍ കെട്ടിപ്പടുക്കുകയും അധ:സ്ഥിതരുടെ ജാതി സംഘടനകളോട് ശത്രുതയില്ലാത്ത ക്രിയാത്മക സമീപനം കൈക്കൊള്ളുകയുമാണ് പോംവഴി.

സാഹിത്യകാരന്റെ രാഷ്ട്രീയം

വര്‍ഗ്ഗീയത, സാമ്രാജ്യത്വം ആഗോളീകരണം എന്നീ സങ്കീര്‍ണ്ണമായ വിപത്തുകള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ സംവാദങ്ങളും സമരങ്ങളും നടക്കുന്നു. എന്നാല്‍ വിഷയങ്ങളില്‍ ഇടപെടാതെ മാറിനില്ക്കുന്ന എഴുത്തുകാരുണ്ട്. എഴുത്തുകാരന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന് പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തുന്നതെന്തുകൊണ്ടാണ്?


ഏതു സമൂഹത്തിന്റെയും നിലനില്‍പ്പ് അതിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ആശയവിനിമയത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇത്തരത്തിലുള്ള ആശയവിനിമയങ്ങളുടെ ഉപാധികളാണ് പണ്ടത്തെ നൃത്തവും സംഗീതവും നടോടികഥകളുടെ പ്രചാരവും അമ്മൂമ്മമാരില്‍ നിന്നും അപ്പൂപ്പന്മാരില്‍നിന്നും പുതിയ തലമുറയ്ക്ക് പകര്‍ന്നുകിട്ടുന്ന അനുഭവ സമ്പത്തും എല്ലാം. ആറായിരം വര്‍ഷം മുമ്പ് അക്ഷരവിദ്യ കണ്ടുപിടിക്കുന്നതിനും മുമ്പും അതിനുശേഷം ആ വിദ്യയില്‍ തഴക്കമില്ലാത്തവര്‍ക്കുവേണ്ടിയും മേല്‍ പറഞ്ഞ ഉപദേശങ്ങളും കഥകളും കലയും പൂര്‍ണ്ണമായി വാമൊഴിയില്‍ ആയിരുന്നു. അക്ഷരം കണ്ടുപിടിച്ചതിനുശേഷം വരമൊഴിയിലായി. അതോടുകൂടി ഈ വരമൊഴി കൈകാര്യം ചെയ്യുന്ന വിജ്ഞാന പ്രചാരകരുടെ പ്രാധാന്യം സമൂഹത്തില്‍ വര്‍ദ്ധിച്ചുവന്നു.

ഇങ്ങനെ കഥകളും കവിതകളും രചിക്കുന്നവരും നാടകവും നൃത്തവും സംഗീതവും അവതരിപ്പിക്കുന്നവരും ജനങ്ങളുടെ ഹൃദയത്തില്‍ തറയ്ക്കും വിധവും അവര്‍ക്ക് വിനോദം അനുഭവപ്പെടുന്നരീതിയിലും ആണ് ഈ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിപ്പോന്നത്. അവയെല്ലാം മനുഷ്യരുടെ ഹൃദയവികാരങ്ങളെയും ആശകളെയും നിരാശകളെയും പ്രതിഫലിപ്പിക്കുന്നതും ആയിരുന്നു. പക്ഷേ സമൂഹത്തിന്റെ നിലനില്പിനും പുരോഗതിക്കും സാമൂഹ്യവും രാഷ്ട്രീയവുമായ സംഘടനകള്‍ ആവശ്യമാണ്. അതില്‍ അധികാരഘടനയുടെ പ്രശ്നങ്ങളും ഉച്ചനീചത്വങ്ങളുടെ സംഘര്‍ഷങ്ങളും പ്രത്യക്ഷപ്പെടാതിരിക്കില്ല. ഇതൊക്കെത്തന്നെയാണ് രാഷ്ട്രീയപ്രശ്നങ്ങള്‍. ഋഷിതുല്യരായ നമ്മുടെ പ്രാചീന സാംസ്കാരിക നായകരായ ഹോമറും (ഒഡീസി, ഇലിയഡ്) വാല്മീകിയും (രാമായണം) വ്യാസനും (മഹാഭാരതം) എല്ലാം രാഷ്ട്രീയത്തെയും യുദ്ധത്തെയും അവയില്‍ നിന്ന് തലയുയര്‍ത്തിയ പ്രാമാണികരെയും അവയില്‍ കുടുങ്ങിപ്പോയ ഹതഭാഗ്യരെയും ഇവരുടെയെല്ലാം അന്തര്‍ധാരയായിരുന്ന ധര്‍മ്മാധര്‍മ്മ ചിന്തകളെയുമാണ് പരാമര്‍ശിച്ചത്. പില്‍ക്കാലത്തും ഷേക്സ്പിയറെയും മില്‍ട്ടനെയും തുളസിദാസിനെയും, കമ്പരെയും പോലുള്ളവര്‍ അതേമാര്‍ഗ്ഗം തന്നെയാണ് തുടര്‍ന്നത്. കേരളത്തില്‍ എഴുത്തച്ഛനെപ്പോലുള്ളവര്‍ പരോക്ഷമായും കുഞ്ചന്‍ നമ്പ്യാരെപ്പോലുള്ളവര്‍ പ്രത്യക്ഷമായും രാഷ്ട്രീയവും സാമൂഹ്യപ്രശ്നങ്ങളും ധാര്‍മ്മിക കാര്യങ്ങളും കൈകാര്യം ചെയ്തു. ആധുനിക കേരളത്തിലാകട്ടെ കുമാരനാശാനും വള്ളത്തോളും തകഴിയും പൊന്‍കുന്നം വര്‍ക്കിയും ചെറുകാടും എസ് കെ പൊറ്റെക്കാടും ബഷീറും എല്ലാം രാഷ്ട്രീയക്കാരായിരുന്നു. വള്ളത്തോള്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കവിതകള്‍ എഴുതുകയും ചെയ്തു. 'ചണ്ഡാലഭിക്ഷുകി'യും 'ദുരവസ്ഥ'യും എഴുതിയ ആശാനും പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തിയില്ല. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്തിലെ പ്രധാനപ്രശ്നങ്ങളായ മതം വര്‍ഗ്ഗം സാമ്രാജ്യത്വം ആഗോളീകരണം മതലായവയെ സംബന്ധിച്ച് നിസ്സംഗത നടിക്കുന്നവര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നില്ല. പലപ്പോഴും ഈ നിസംഗതയ്ക്കും അരാഷ്ട്രീയത്തിനും പുറകില്‍ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ദൌത്യം അവര്‍ നിര്‍വഹിക്കുന്നതായും കാണാം.

(പി.ഗോവിന്ദപ്പിള്ളയുമായി മുമ്പ് നടത്തിയ അഭിമുഖത്തില്‍ നിന്ന്)

യൂത്ത് മാര്‍ച്ച് ബ്ലോഗ് പോസ്റ്റ് ലിങ്ക്

Friday, January 18, 2013

മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത

ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയിട്ടുള്ള ബ്ലോഗാണ് ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്.  മാര്‍ച്ചിന്റെ വിശദമായ വിവരങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ (മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത, നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി, മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി) വര്‍ക്കേഴ്സ് ഫോറം പുന:പ്രസിദ്ധീകരിക്കുന്നു.

ഒന്ന്

'കുളിക്കാന്‍ കുളം, ഉണ്ണാന്‍ ഊട്ടുപുര, ചേക്കേറാന്‍ മണിയറ- ഇത്രയുമായാല്‍ നമ്പൂതിരി പരമസംതൃപ്തനായി. ചതുരംഗം, ശീട്ടുകളി, സമസ്യാപുരാണം, അക്ഷരശ്ളോകമത്സരം, ഓത്തൂട്ട്. എട്ടുവാരം, കൂത്ത്. കൂടിയാട്ടം, ആട്ടക്കഥപത്മനാഭസ്വാമീക്ഷേത്രത്തില്‍ ഒരു മുറജപവും - അതാണ് പൂര്‍ണബ്രാഹ്മണ്യം.' ("വിടി ധര്‍മ്മനീതിയുടെ ശംഖധ്വനി: സി. ആര്‍. കേശവന്‍വൈദ്യര്‍,'' "വിടി ഒരു ഇതിഹാസം സമ്പാദകന്‍ പാലക്കീഴ്നാരായണന്‍'') മേല്‍ ചൊന്ന 'പൂര്‍ണ്ണബ്രാഹ്മണ്യ'ത്തെ പൊളിക്കുന്നതിനാണ് 'നമ്പൂതിരിയുവജന സംഖ്യം നേതൃത്വം നല്‍കിയത്.'

ആഢ്യത്വമെന്നാല്‍ അധ:പതനമാണെന്ന്, അതിന്റെ സവര്‍വസൌകര്യങ്ങളും അനുഭവിക്കുന്ന ജനാധിപത്യവാദികള്‍ക്ക്, സ്വന്തം ജീവിതത്തെ പ്രകാശവത്താകുംവിധം, അരനൂറ്റാണ്ടിനുമുമ്പ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. എന്നാലിന്നും ആഢ്യത്വത്തെ അപകടപ്പെടുത്തുന്ന പ്രാഥമിക ആശയങ്ങളെപ്പോലും വെച്ചുപൊറുപ്പിക്കാത്ത 'നവയാഥാസ്ഥിതികത്വ'മാണ് മാധ്യമങ്ങളില്‍ മേല്‍ക്കൈ സ്ഥാപിക്കുന്നത്......................

പാറശ്ശാലാഹോസ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കു ചിലപ്പോള്‍ സ്വാമിയുടെ വകയായി ഒരു സദ്യകൊടുക്കാറുണ്ട്. വിവിധ ജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ഒരു തവണ സദ്യയ്ക്ക് എന്നെയും ആശ്രമാധികാരികള്‍ ക്ഷണിച്ചു. അക്കാലത്തെ സ്ഥിതിക്ക്, ഞാന്‍ ക്ഷണം സ്വീകരിക്കുമോ എന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. അന്നു മിശ്രഭോജനം അക്ഷന്തവ്യമായ ആചാരലംഘനമായിട്ടാണ് സവര്‍ണഹിന്ദുക്കള്‍ കരുതിയിരുന്നത്. ഒരു യാഥാസ്ഥിതിക കുടുംബബത്തില്‍ ജനിച്ചുവളര്‍ന്ന് അതുവരെ ലോകം കാണാത്തമട്ടില്‍ കഴിഞ്ഞുകൂടിയ എനിക്കും അല്പം ശങ്കതോന്നാതിരുന്നില്ല. എങ്കിലും ഒട്ടും മടിക്കാതെ ഞാന്‍ ഉണ്ണാന്‍ ചെന്നു. പറയന്‍, പുലയന്‍, നായര്‍, ഈഴവന്‍, ക്രിസ്ത്യാനി ഇങ്ങനെ ബ്രാഹ്മണരൊഴിച്ചെല്ലാവരും നിരന്നിരുന്ന പന്തിയില്‍ സ്വാമി അഗ്രാസനസ്ഥനായി. തൊട്ടടുത്തുതന്നെ എനിക്കും ഇലയിട്ടിരുന്നു. വിളമ്പുതുടങ്ങിയപ്പോള്‍ അദ്ദേഹം എന്നെനോക്കി തികഞ്ഞ ഗൌരവത്തോടെ 'പോയോ' എന്നുമാത്രം ചോദിച്ചു. എനിക്കൊരു പിടിയും കിട്ടിയില്ല. ഒന്നും മിണ്ടാതെ ഞാന്‍ അല്പമൊന്നമ്പരന്നു മിഴിച്ചിരുന്നുപോയി. അതുകണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം 'എല്ലാം പോയോ' എന്നു വീണ്ടും ചോദിച്ചു. അപ്പോഴേക്കും എന്നിലെങ്ങനെയോ ചോദ്യത്തിന്റെ പൊരുള്‍ തെളിഞ്ഞു. 'എല്ലാം പോയി സ്വാമി' എന്നു പതിഞ്ഞ സ്വരത്തില്‍ ഞാന്‍ വിനീതനായി അറിയിച്ചു. ജാതിസംബന്ധമായ ശങ്കയും വൈമനസ്യവുമെല്ലാം പോയോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. പാരമ്പര്യത്തില്‍ കട്ടപിടിച്ചുകിടക്കുന്ന ജാതിക്കറ തീരെ മാഞ്ഞുപോകുക അന്ന് എളുപ്പമല്ലല്ലോ. എന്റെ ആദ്യത്തെ മിശ്രഭോജനമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ മഹനീയ സന്നിധാനത്തില്‍ അന്നു ഞാന്‍ ആദ്യമായി മനുഷ്യജാതിയെ കണ്ടെത്തി. (സ്മരണമഞ്ജരി: കുറ്റിപ്പുഴ കൃഷ്ണപ്പിള്ള)

മോര് വാങ്ങാന്‍ വരുന്നവര്‍ പാത്രവും കാശും പ്ളാവിന്‍ചോട്ടില്‍ വെച്ച് മാറിനില്‍ക്കും. മോരും കിണ്ടിയില്‍ വെള്ളവുമായി വരും. കാശിന്റെ മേല്‍ വെള്ളമൊഴിച്ച് കാശ് ശുദ്ധമാക്കും! ഒരു ദിവസം കേശവന്‍ കാശ് കയ്യില്‍ വാങ്ങി. 'അയ്യോ ചേച്ചീ, ഇത് കണ്ടോ', കണ്ടവരെല്ലാം അയ്യോ എന്ന് നിലവിളിച്ചു. 'മോര് കൊടുത്തേച്ച്, മോന്‍ കൊളത്തിച്ചെന്ന് ഒന്ന് മുങ്ങിപ്പോരണേ'(കാര്‍ത്ത്യായനിയമ്മ). 'ചെറുക്കന്‍ ഇനി വല്ലേരേം കൊന്നേച്ചുവന്നാ, ഈ അമ്മ ചിരിക്ക്യേള്ളൂ'. 'അവന്‍ കൊച്ചല്ലേ, അവന്‍ ആ കലം ഒന്നിങ്ങോട്ടെടുത്തോണ്ട് വന്നേന്, ആകാശം പൊട്ടിവീഴ്വൊറ്റെ ചെയ്യോ?' കുഞ്ഞിക്കുട്ടിയമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു: 'പൊട്ടിവീഴും, അയിത്തോം ജാതീം ഇല്ലാണ്ടായാപ്പിന്നെ, ആകാശം പൊട്ടിവീഴാണ്ടിരിക്യോ.' 'വീഴാണെങ്കി, ഞാന്‍ താങ്ങി നിര്‍ത്തിക്കോളാം.' കാര്‍ത്ത്യായനിയമ്മ കൂസലില്ലാതെ പറഞ്ഞു.(എതിര്‍പ്പ്: പി കേശവദേവ്).

മേല്‍ സൂചിപ്പിച്ച രണ്ട് ചരിത്ര സംഭവങ്ങളും സവര്‍ണാധികാരം സ്വന്തം അന്തസ്സ് ദൃഢപ്പെടുത്താന്‍ സൃഷ്ടിച്ച "ജാതിസന്ദര്‍ഭങ്ങള്‍'' ആക്രമണ വിധേയമാകുന്നതിന്റെ വ്യത്യസ്താനുഭവങ്ങളാണ് യഥാക്രമം പങ്കുവെക്കുന്നത്. ഒന്നാമത്തേതില്‍ ജാതി പതുക്കെ മരിക്കുമ്പോള്‍ രണ്ടാമത്തേതില്‍ അതിന് പഴയതുപോലെ പ്രതാപത്തോടെ ജീവിക്കാനാവാതെവരും വിധം സന്ദര്‍ഭങ്ങള്‍ മാറുന്നതാണ് ആവിഷ്കൃതമാകുന്നത്.

ദയാനന്ദസരസ്വതി 'സത്യാര്‍ത്ഥ'പ്രകാശത്തില്‍ ഒരു യജമാനനെയും ഭൃത്യനെയും പരിചയപ്പെടുത്തുന്നുണ്ട്. 'ഹേ ഭൃത്യാ ത്വം സൈന്ധവമാനയ' എന്ന് യജമാനന്‍ ഭൃത്യനോടു പറയുന്നു. 'സൈന്ധവം' കൊണ്ടുവരാനാണ് ഭൃത്യനോട് യജമാനന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 'സൈന്ധവ'ത്തിന് 'ഉപ്പ്' എന്നും കുതിര എന്നും അര്‍ത്ഥമുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്താണെങ്കില്‍ ഉപ്പും, യാത്രയുടെ നേരത്താണെങ്കില്‍ കുതിരയെയുമാണ് കൊണ്ടുവരുന്നതെങ്കില്‍ ഭൃത്യന് സന്ദര്‍ഭജ്ഞാനമുണ്ടെന്നും, അതിന് വിരുദ്ധമായി, ഭക്ഷണസമയത്ത് കുതിരയേയും യാത്രയുടെ നേരത്ത് ഉപ്പും കൊണ്ട് വന്നാല്‍ അവന്‍ വെറും മൂഢനാണെന്നും അദ്ദേഹം വിവരിക്കുന്നു. പ്രത്യക്ഷത്തില്‍ ആര്‍ക്കും സമ്മതമാവും വിധമുള്ള ഒരു നിരുപദ്രവകരമായ വിവരണം തന്നെയാണിത്. എന്നാല്‍ യജമാന-ഭൃത്യ ബന്ധം കീഴ്മേല്‍ മറിയുന്നൊരു കാലത്ത്, ഈയൊരു വിവരണം വിണ്ടുകീറും. നിരന്തരം പീഡനമേല്‍ക്കുന്ന ഭൃത്യന്‍ സ്വന്തം വിമോചനം സ്വപ്നം കാണാന്‍ തുടങ്ങുമ്പോള്‍, യജമാനന്റെ സൌകര്യം ദൃഢുപ്പെടുത്തുന്ന ഒരു സന്ദര്‍ഭത്തോട്, ഭൃത്യനെപ്പോഴും 'സഹകരിച്ചുകൊള്ളണമെന്നില്ല'. അവന്‍ ഭക്ഷണസമയത്ത് കുതിരയെകൊണ്ടുവന്ന് സ്വന്തം പ്രതിഷേധം രേഖപ്പെടുത്തും. അതോടെ യജമാനന്‍ മൂഢനാകും! കീഴാളര്‍ എല്ലാകാലത്തും, അധികാരത്താല്‍ നല്‍കപ്പെട്ട സന്ദര്‍ഭങ്ങള്‍ക്കൊത്തവിധം, അധികാരം നിര്‍ദ്ദേശിക്കുംവിധം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരൊക്കെയും അതോടെ അസ്വസ്ഥരാകും.

1852-ല്‍ തന്നെ മമ്പുറം തങ്ങള്‍ ആചാരഭാഷയെ വെല്ലുവിളിക്കുന്നുണ്ട്. 'തിരുമേനി' എന്നു വിളിക്കരുതെന്നും ആരുടെയും ഉച്ചിഷ്ടം ഭക്ഷിക്കരുതെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന്നടിസ്ഥാനം 'ഇസ്ളാംമതം' ഉയര്‍ത്തിപ്പിടിക്കുന്ന 'തൌഹീദീല്‍' (ഏകദൈവവിശ്വാസത്തില്‍) കണ്ടെത്താന്‍ കഴിയും. 'പടച്ചതമ്പുരാനല്ലാതെ' വേറൊരു 'തമ്പുരാനുമില്ല' എന്ന് മതതത്വം തന്നെയാണ്, ഒരു സവിശേഷ സാമൂഹ്യ സന്ദര്‍ഭത്തില്‍ മമ്പുറം തങ്ങള്‍ അമര്‍ത്തി പറഞ്ഞത്. എന്നാല്‍, ഇതേകാര്യം, 1929ല്‍. നമ്പൂതിരി യുവജനസംഖ്യം പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും മതതത്വങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച് ആധുനിക ജനാധിപത്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. 1938 ല്‍  കര്‍ഷകസംഖ്യം 'ആചാര'ഭാഷയെന്ന 'അടിമഭാഷ'ക്കെതിരെ പ്രതികരിക്കാനാഹ്വാനം ചെയ്തത്, 'വര്‍ഗ്ഗകാഴ്ചപ്പാടിന്റെ' അടിസ്ഥാനത്തിലാണ്. അടിമത്തത്തിന്റെ അവശിഷ്ടങ്ങളെ 'ത്യജിക്കുന്നതില്‍' പരസ്പരം ഐക്യപ്പെടുമ്പോഴും അവര്‍ പ്രചോദനം കൊള്ളുന്നത് വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ നിന്നാണ്. കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവുമെന്ന' ഈ പുസ്തകത്തില്‍, പ്രധാനമായും 'സവവര്‍ണ്ണനവോത്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുതപഠനം ആവശ്യമാക്കുംവിധം, 'അവര്‍ണനവോത്ഥാനത്തെ' പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ആദിവാസി- മുസ്ളീം- ക്രിസ്ത്യന്‍ നവോത്ഥാനത്തെക്കുറിച്ച് അതുകൊണ്ട് തന്നെ ഇതില്‍ കാര്യമായ വിവരണങ്ങളൊന്നും നല്‍കിയിട്ടില്ല. അവര്‍ണ നവോത്ഥാന നായകരില്‍ത്തന്നെ മുഴുവന്‍ പേരേയും പരാമര്‍ശിച്ചിട്ടില്ല. വൈകുണ്ഡം സ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, ശ്രീകുമാരഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, ഡോ. വി.വി വേലുക്കുട്ടി അരയന്‍ എന്നിവരെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. (ഒരു കൊള്ളിയാന്‍പോലെ കേരളീയ കേരളീയ നവോത്ഥാനത്തിന്റെ മേഘാവൃതമായ ആകാശത്തെ പ്രകാശവത്താക്കിയ ആറാട്ടുപുഴ വേലായുധപണിക്കര്‍ (1825-1874) നവോത്ഥാന പ്രവര്‍ത്തനം കാരണമായി വധിക്കപ്പെട്ട കേരളത്തിന്റെ ഒരേയൊരു നവോത്ഥാന നായകനാണ്. ശ്രീനാരായണഗുരുവിന് മുമ്പ് തന്നെ അദ്ദേഹം അധഃസ്ഥിതര്‍ക്കുവേണ്ടി, 'ശിവക്ഷേത്രം' പണിതു. ആഢ്യകലയായ 'കഥകളി'യെ കീഴാള സമൂഹത്തിലേക്ക് കൊണ്ടുവന്നു. ഈഴവ സ്ത്രീകള്‍ക്ക് മൂക്കുത്തി അമിയാനുള്ള അവകാശം സ്ഥാപിക്കാനുള്ള സമരത്തിന് നേതൃത്വം നല്‍കി. ആറാട്ടുപുഴ വേലായുധപണിക്കരെക്കുറിച്ച് നാമമാത്ര പരാമര്‍ശങ്ങളെങ്കിലും ലഭ്യമാണ്. എന്നാല്‍, അച്ചടിമഷി പുരളാതെ പോയ നിരവധി 'തിരസ്കൃത പ്രതിഭ'കള്‍ ഇപ്പോഴും തിരിച്ചറിയപ്പെടാതെ ഇരിക്കുന്നുണ്ടാവും.

'തിരുവിതാംകൂര്‍ പൌരസമത്വവാദ പ്രസ്ഥാനത്തിന്റെ പിതാവ്' എന്ന വിശേഷിപ്പിക്കപ്പെട്ട 'വൈകുണ്ഠം സ്വാമി'(1809-1851), 1836ല്‍ 'സമതാസമാജം' സ്ഥാപിച്ചു. ഇക്കാലത്തു തന്നെയാണ് കമ്യൂണിസ്റ് ലീഗിന്റെ മുന്‍ഗാമിയായി കണക്കാക്കപ്പെടുന്ന 'സമന്മാരുടെ ലീഗും' രൂപീകരിക്കപ്പെടുന്നതെന്നുള്ളത് യാദൃഛികമാവാം. പക്ഷേ രണ്ടും സമത്വത്തേയും സാഹോദര്യത്തെയുമാണ് ഉയര്‍ത്തിപ്പിടിച്ചത്. 'തലയില്‍ കെട്ടിന്' ആത്മാഭിമാനമുയര്‍ത്തുന്ന ഒരനുഷ്ഠാനപദവി നല്‍കിയത് വൈകുണ്ഠം സ്വാമിയാണ്. 1822-മുതല്‍ ആരംഭിച്ച കേരളീയ സ്ത്രീമുന്നേറ്റ ചരിത്രത്തിന്റെ ഒരാദ്യഗംഭീര ചുവടുവെപ്പെന്ന് തിരിച്ചറിഞ്ഞ 'ചാന്നാര്‍ സ്ത്രീകളുടെ' സമരത്തിന് പ്രചോദനമായത്, വൈകുണ്ഠം സ്വാമികളുടെ പ്രവര്‍ത്തനങ്ങളാണ്. വൃക്ഷക്കരം, തലക്കരം തുടങ്ങിയ ജനവിരുദ്ധ നികുതികള്‍ക്കെതിരെ സമരം ചെയ്ത് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചു. 1837 ല്‍ ശുചീന്ദ്രക്ഷേത്ര നിയമം ലംഘിച്ച അദ്ദേഹം, 1851ല്‍ സ്വാമിത്തോപ്പ് ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠിച്ചു.

ശ്രീ കുമാരഗുരുദേവന്‍(1878-1938) കേരളീയ നവോത്ഥാന ചരിത്രത്തിലെ ഒരു ധീരവിസ്മയ സാന്നിധ്യമാണ്. അത്രമേല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു പീഡിത സമൂഹത്തിന്റെ 'ഭൌതിക-ആത്മീയ' വിമോചകന്‍ എന്ന അര്‍ത്ഥത്തില്‍, കേരളീയ നവോത്ഥാനചരിത്രത്തില്‍ അദ്വിതീയമായൊരു സ്ഥാനം എന്നും അദ്ദേഹത്തിനുണ്ടായിരിക്കും. ബൈബിള്‍ കത്തിക്കുകയും, സ്വയം ദൈവമെന്ന് പ്രഖ്യാപിക്കുകയും ചെയ്തൊരു കീഴാള നവോത്ഥാനപ്രസ്ഥാനത്തെ, ക്രിസ്തുമതത്തിന്റെയോ ഹിന്ദുമതത്തിന്റെയോ ഭാഗമായി ചുരുക്കാനാവില്ല. 'ഹിന്ദുമതത്തിന്‍ പുറവഴിയെ നമ്മള്‍/ അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ക്രിസ്തുമതത്തിന്‍ പുറവഴിയെ നമ്മള്‍/ അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ഹിന്ദുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ/ ക്രിസ്തുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ. (കുമാരഗുരുദേവന്‍)'. ഇത്തരമൊരവസ്ഥയില്‍, അടിമജനതയുടെ ഭൌതികവും ആത്മീയവുമായ ഒരു സ്വതന്ത്രപ്രസ്ഥാനം എന്ന നിലയിലാണ്, പരോക്ഷ'മോക്ഷ'ത്തെ തള്ളി അരക്ഷിതത്വമനുഭവിക്കുന്ന ഒരു ജനതയുടെ 'പ്രത്യക്ഷരക്ഷ' പ്രഖ്യാപിച്ചുകൊണ്ട് പി ആര്‍ ഡി എസ് പിറക്കുന്നത്.

ഒരു സ്വതന്ത്ര കീഴാളപ്രക്ഷോഭ ആത്മീയപ്രസ്ഥാനം എന്ന നിലയിലാണ്, പി ആര്‍ ഡി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'പ്രത്യക്ഷരക്ഷാദൈവസഭ' തുടക്കംമുതല്‍തന്നെ പ്രസക്തമാകുന്നത്. ക്രിസ്തുമതവുമായി ചേര്‍ന്നുനിന്ന 'പൊയ്കയില്‍ യോഹന്നാന്‍' അപ്പനില്ലാത്തവരുടെ 'അപ്പനും', കുമാരഗുരുദേവനുമായി മാറിയത്, കേരളചരിത്രത്തിലെ അഭൂതപൂര്‍വ്വമായ ഒരാത്മീയ ഗറില്ലാസമരത്തിന് ശേഷമാണ്. 1910ല്‍ ഒരു കോടതിവിചാരണക്കിടയില്‍ യാദൃഛികമായി പരസ്യമാക്കപ്പെട്ട 'പ്രത്യക്ഷരക്ഷാസഭ' എന്ന പേര് സത്യത്തില്‍ 1905 മുതല്‍ പൊയ്കയിലപ്പച്ചന്‍ ആരംഭിച്ച 'സഞ്ചാരപ്രസംഗത്തില്‍' അവതരിപ്പിച്ച ആശയങ്ങളുടെ, അനിവാര്യമായ പൂര്‍ത്തീകരണം എന്ന നിലയില്‍ ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും. പാട്ടുകൊണ്ട്, പ്രായോഗികാര്‍ത്ഥത്തില്‍ കേരളത്തില്‍ ചൂട്ട് കെട്ടിയ ഒരാദ്യപ്രക്ഷോഭ പ്രതിഭയാണ് കുമാരഗുരു. മറ്റൊരുനവോത്ഥാന നായകനുമില്ലാത്തവിധം, നിരവധി പ്രത്യേകതകള്‍ കുമാരഗുരുദേവന്റെ ചരിത്രത്തില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കൊമരന്‍, കുമാരന്‍, യോഹന്നാന്‍, പൊയ്കയില്‍ ഉപദേശി അപ്പച്ചന്‍ തുടങ്ങി, പന്ത്രണ്ടോളം പേരുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു!

രണ്ട്

'ആദാമിന്റെ പാപത്തില്‍നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവം രണ്ടായിരംകൊല്ലങ്ങള്‍ക്കുമുമ്പ് ക്രിസ്തുവായി അവതരിച്ചത്. അടിമത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ദൈവം യോഹന്നാനായി. സ്വര്‍ഗം ഇപ്പോള്‍ കന്നുകാലികളെ ഇറക്കിവിട്ട ശൂന്യമായ തൊഴുത്തുപോലെയാണ്. ഇനി എല്ലാം യോഹന്നാനോട് അപേക്ഷിച്ചാല്‍ മതിയാകും'. ഒരര്‍ത്ഥത്തിലിത്, ക്രിസ്തുമതത്തോട് ചേര്‍ന്നുനിന്ന് യോഹന്നാന്‍ എന്ന കുമാരഗുരു നിര്‍വഹിച്ച പ്രഛന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിച്ച്, ഒരു സ്വതന്ത്ര രണ്ടാംഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി കാണാവുന്നതാണ്. ഇതിന് ഇന്നത്തെ 'ആള്‍ദൈവ'ങ്ങളുമായി ഒരു ബന്ധവുമില്ല. ആദ്ധ്യാത്മിക തത്വചിന്ത പ്രപഞ്ചപൊരുള്‍ ആയി തിരിച്ചറിയുന്ന ദൈവസങ്കല്പവുമായി ഈയൊരു പ്രഖ്യാപനം താദാത്മ്യപ്പെടുന്നതായും തോന്നുന്നില്ല. സവര്‍ണാധികാരത്തിന്നെതിരെ നിര്‍വഹിക്കപ്പെട്ട, ബദല്‍ കീഴാള ആത്മീയപ്രയോഗം എന്ന അര്‍ത്ഥത്തിലാണ് 'കീഴാളദൈവപ്രഖ്യാപനങ്ങള്‍' പ്രസക്തമാവുന്നത്. സങ്കടപ്പെടാനും അപേക്ഷിക്കാനും മാത്രം ആജീവനാന്തം വിധിക്കപ്പെട്ട ഒരു അധ:സ്ഥിത പശ്ചാത്തലത്തില്‍നിന്ന് നോക്കുമ്പോഴാണ്, ".....ഇനിയെല്ലാം യോഹന്നാനോട് അപേക്ഷിച്ചാല്‍ മതിയാകും'' എന്ന കുമാരഗുരുവിന്റെ ദൈവപ്രഖ്യാപനത്തിലെ സാമൂഹ്യവിപ്ളവമൂല്യം സ്വയം വ്യക്തമാകുന്നത്.

പാവങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നവനാണ് ദൈവം എന്ന മൌലികാശയമാണ്, കുമാരഗുരുദേവന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രമായിരിക്കുന്നത്. മനുഷ്യദൈന്യതകള്‍ കാണുമ്പോള്‍, സ്വര്‍ഗത്തിലിരുന്ന് കരയുന്ന ഒരു ദൈവത്തെയാണ് കുമാരഗുരു ഒരു പാട്ടില്‍ പരിചയപ്പെടുത്തുന്നത്. 'സ്വര്‍ഗമാം തന്നിലിരുന്നുകൊണ്ട്/ എന്റെ കണ്ണുനീര്‍കണ്ട് കരഞ്ഞവനെ' എന്ന ദൈവവിവരണം ആവിഷ്കരിക്കുന്നത് അടിമത്താനുഭവത്തിന്റെ തീവ്രതയാണ്. 'എന്തുകൊണ്ടോ ശൌരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു' എന്ന തരത്തിലുള്ള യാതൊരു സന്ദേഹവുമില്ലാതെ തന്നെ കരയുന്നൊരു ദൈവത്തെയാണ് അടിമജീവിതം നേരിടുന്ന ക്രൂരാനുഭവങ്ങള്‍ക്കിടയില്‍നിന്നും കുമാരഗുരുദേവന്‍ കണ്ടെടുത്തിരിക്കുന്നത്. ദശാവതാരകഥകളിലൊന്നും കാണാത്തവിധം, ഒരു പക്ഷേ ദൈവം പീഡിതനും അസ്വതന്ത്രനുമായ 'അടിമയായി' പ്രത്യക്ഷപ്പെടുന്നതും, കുമാരഗുരുദേവന്റെ ഇതേ പാട്ടിലാണ്. 'ഞാന്‍ അന്യനായ് വലയുന്നതിനെ കണ്ട്/ സ്വര്‍ഗത്തില്‍ നിന്നിറങ്ങി, എന്‍/ അടിമശരീരമൊരുടപ്പായി ധരിച്ചുകൊണ്ട്/ ഇറങ്ങി ഭൂവിടത്തില്‍.....' എന്നുള്ളത് അസാധാരണമായൊരു ദൈവസാക്ഷ്യമാണ് പങ്കുവെക്കുന്നത്. സര്‍വമതങ്ങളും, മതരഹിതമാനുഷികത തത്വചിന്തകളും അതിന്റെ അഗാധതയിലും, ഔന്നത്യത്തിലും പങ്കുവെക്കുന്ന പീഡിതപക്ഷാഭിമുഖ്യമാണ് കുമാരഗുരുദേവന്‍ പങ്കുവെക്കുന്നത്. എന്നാല്‍ മറ്റാരും നേര്‍ക്കുനേര്‍ അനുഭവിച്ചിട്ടില്ലാത്ത പ്രത്യക്ഷാനുഭവത്തിന്റെ മുറിവുകളാണ്, ഈയൊരു അടിമദൈവാവിഷ്കാരത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യരുടെ ക്രൂരതയും, മൃഗങ്ങളും പക്ഷികളും മരങ്ങളുമടങ്ങുന്ന മനുഷ്യേതര പ്രകൃതിയുടെ കാരുണ്യവും, കേരളീയ നവോത്ഥാന ചരിത്രത്തില്‍, കുമാരഗുരുദേവന്റെ ഉള്ള് പൊള്ളിയ പാട്ടുകളില്‍ മാത്രമാണ് അതിന്റെ തീവ്ര പിടച്ചിലോടെ നമുക്ക് കാണാന്‍ കഴിയുന്നത്. കാളയെ കൊന്ന്തിന്നരുതെന്ന കുമാരഗുരുവിന്റെ കാഴ്ചപ്പാടിന് അസാധാരണമായൊരു മാനം ലഭിക്കുന്നത്, അടിമാനുഭവത്തിന്റെ വേറിട്ട പശ്ചാത്തലത്തിലാണ്. ഉടമകള്‍ ക്രൂരമായി അടിമകളെ പീഡിപ്പിച്ചപ്പോള്‍, അവരുടെ നിലവിളി അനാഥമാകുമ്പോള്‍, നിസ്സഹായമായ നോട്ടംകൊണ്ട് സാന്ത്വനം നല്‍കാന്‍ അടിമകള്‍ക്കൊപ്പം അന്നുണ്ടായിരുന്നത് കാളകളും പോത്തുകളുമായിരുന്നു. മനുഷ്യര്‍ ഉപേക്ഷിച്ചവരെ, മരങ്ങളും, മൃഗങ്ങളും, പക്ഷികളും സഹായിക്കുന്നതിന്റെ ഹൃദ്യമായാവിഷ്കാരങ്ങള്‍ക്കു പിറകിലുള്ളത് അടിമാനുഭവത്തിന്റെ വിവരണവിധേയമല്ലാത്ത പീഡനങ്ങളാണ്. അപ്പനില്‍നിന്നും അമ്മയില്‍നിന്നും, സ്വന്തം മണ്ണില്‍നിന്നും, ദൈവത്തില്‍നിന്നും, പേരില്‍നിന്നും വേര്‍പിരിക്കപ്പെട്ടവരുടെ ജീവിതവേദനകളറിയണമെങ്കില്‍ നമ്മളിനിയും കുമാരഗുരുദേവന്റെ പാട്ടുകല്‍ വീണ്ടും തുറക്കണം. ജനകീയ സാഹിത്യത്തിന്റെ സമരോത്സുകപ്രയോഗമായി മാറിയ മലയാളസാഹിത്യത്തിലെ ആദ്യപാട്ടുകള്‍ ആവിഷ്കരിച്ചത്, കുമാരഗുരുവാണ്.

മൂന്ന്

ശ്രീ നാരായണഗുരു പിന്‍തുടര്‍ന്നുപോന്ന സംവാദമനസ് ജനാധിപത്യത്തിന് സംസ്ക്കാരത്തിനുള്ള വലിയ സംഭാവനകളില്‍ ഒന്നാണ്. വിദ്യാഭ്യാസ-തൊഴില്‍ മണ്ഡലങ്ങളില്‍ നിലനിന്ന അവഗണനക്കെതിരെ നിരന്തരം പൊരുതിയ ഡോ: പല്‍പ്പുവും 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന അദ്ധ്യാത്മിക കാഴ്ചപ്പാട് മുന്നോട്ടുവെച്ച ശ്രീനാരായണഗുരുവും 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട' എന്ന ഭൌതിക സമീപനം ഉയര്‍ത്തിപ്പിടിച്ച സഹോദരനയ്യപ്പനും, സവര്‍ണപീഡനത്തല്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം മതപരിവര്‍ത്തനമാണ് എന്ന് വാദിച്ച സി. വി. കുഞ്ഞുരാമനും, ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനം ഒരു മോചനമാര്‍ഗ്ഗമാകുന്നില്ലെന്ന് വാദിച്ച കുമാരനാശാനും, മതം മാറുകയല്ല, മറിച്ച് ഈഴവര്‍ ഒരു 'സ്വതന്ത്രസമുദായ'മായിതീരുകയുമാണ് വേണ്ടതെന്ന് വാദിച്ച ഇ. മാധവനും, ദേശീയ പ്രസ്ഥാനത്തിലുറച്ചുനിന്ന്  സവര്‍ണവിരുദ്ധ പ്രക്ഷോപണങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ച ടി. കെ. മാധവനും, 'നശിച്ച കേരളം പുഴുത്ത ഭാരതം' എന്ന് ഹൃദയവേദനയോടെ പാടിയ പള്ളത്ത് രാമനും, കാറല്‍മാര്‍ക്സിനെ 'ഭഗവാന്‍ മാര്‍ക്സ്' എന്ന് വിശേഷിപ്പിച്ച സി. കേശവനുള്‍പ്പടെ സാമൂഹ്യപരിവര്‍ത്തനത്തെ സംബന്ധിച്ച വിശദാംശങ്ങളില്‍ മാത്രമല്ല, മൌലികനിലപാടുകളില്‍പോലും ഭിന്നിപ്പുള്ളവരെ, അധഃസ്ഥിത വിമോചനം എന്ന മഹത്തായ മുദ്രാവാക്യത്തിന്റെ കീഴില്‍ ഐക്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ശ്രീനാരായണപ്രസ്ഥാനത്തിന്റെ ഗംഭീരമായ ചരിത്രവിജയം.

നാല്

'നവോത്ഥാനം' മനുഷ്യവിമോചനത്തിന്റെ ഒരു വലിയ ചുവടുവെപ്പായിരുന്നു. മുതലാളിത്തത്തെ സാധ്യമാക്കുംവിധമുള്ള ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒരു സമാന്തരലോകമാണത് പൊതുവില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അടിമ-നാടുവാഴി വ്യവസ്ഥക്കകത്തെ ജീര്‍ണ്ണതകള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍തന്നെ 'മുതലാളിത്തത്തെ' മുറിച്ച് മുന്നോട്ട് പോകുന്ന സ്വപ്നങ്ങള്‍ കാണാന്‍ കഴിഞ്ഞതാണ് കേരളീയ കീഴാള നവോത്ഥാനത്തെ ഒരര്‍ത്ഥത്തില്‍ വ്യത്യസ്തമാക്കുന്നത്. കീഴാളനവോത്ഥാനവും, മേലാളനവോത്ഥാനവും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെന്ന വസ്തുത, സാംസ്കാരികവിശകലനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. എന്നാല്‍ പലപ്പോഴും നവോത്ഥാനമെന്ന അമൂര്‍ത്തമായ 'പൊതുപ്രയോഗം' അതിന്റെ സങ്കീര്‍ണ്ണമായ സവിശേഷതകളെ പൂഴ്ത്തിവെക്കാനുള്ള, ഒരൊളിപ്പുരയായാണ് പ്രവര്‍ത്തിച്ചുപോരുന്നത്.

സവര്‍ണ്ണപ്രത്യയശാസ്ത്രത്തെ ഹിന്ദുമതത്തിന്റെ ഭാഗമെന്ന നിലയിലല്ല, ഒരു 'ബൃഹദ് രാഷ്ട്രീയ പദ്ധതി' എന്ന നിലയിലാണ് ഇവിടെ പരിഗണിക്കുന്നത്. ഭൌതികവാദത്തിന്റെ കാഴ്ചപ്പാടില്‍ സാങ്കല്‍പ്പികതലത്തിലെങ്കിലും 'സമത്വം' സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മതകാഴ്ചപ്പാടിന്റെ സമ്പൂര്‍ണ്ണ നിരാസമാണ് നമ്മളിവിടെ കാണുന്നത്. അസമത്വത്തെ ആഴത്തില്‍ ദിവ്യപ്പെടുത്തുന്ന നഗ്നമായ മേല്‍ക്കോയ്മയുടെ സിദ്ധാന്തവും പ്രയോഗവുമായാണ് സവര്‍ണ്ണപ്രത്യയശാസ്ത്രം നിലനില്‍ക്കുന്നത്. മതത്തെ സ്വന്തം താല്പര്യം സംരക്ഷിക്കുംവിധം അത് എന്നെന്നേക്കുമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. കേരളീയ നവോത്ഥാനത്തെ കേവലനവോത്ഥാനമെന്ന നിലയില്‍ കാണുന്നതിന്നു പകരം സവര്‍ണ്ണ അവര്‍ണ്ണ മുസ്ളിം ക്രിസ്ത്യന്‍  വിഭാഗങ്ങളില്‍ നടന്ന നവോത്ഥാനങ്ങള്‍ എന്ന നിലയിലാണ് അപഗ്രഥിക്കേണ്ടത്.

'ജാതിരഹിത' സമൂഹമെന്ന നവോത്ഥാനവീക്ഷണത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ സര്‍വ്വജാതികളുടെയും ഒരേസമയത്തുള്ള അപ്രത്യക്ഷമാവല്‍ എന്ന കാല്പനികാര്‍ത്ഥത്തിലല്ല തിരിച്ചറിയേണ്ടത്. മേല്‍ജാതി പ്രത്യയശാസ്ത്രങ്ങളാണ്, കീഴ്ജാതി ഉണ്ടാക്കിയത്. ഇനിയും തകര്‍ന്നിട്ടില്ലാത്ത സാമൂഹ്യവിഭജനത്തിന്റെ മതിലുകള്‍ മനുഷ്യര്‍ക്ക് ഇടയില്‍ സൃഷ്ടിച്ചത്, കീഴ്ജാതി ആചാരങ്ങളല്ല, മറിച്ച് മേല്‍ജാതി ആധിപത്യമാണ്. മേല്‍ജാതിക്കാര്‍ക്ക് 'ജാതി' ഒരൊഴിഞ്ഞ ടൂത്ത്പേസ്റ് ട്യൂബാണെന്നും, കീഴ്ജാതിക്കാര്‍ക്കത് നിറഞ്ഞ ടൂത്ത്പേസ്റ് ട്യൂബാണെന്നുമുള്ള നിരീക്ഷണം ശരിയാണ്. എന്നാല്‍ അതിലേറെ പ്രസക്തമായ വേറൊരു ശരിയുണ്ട്. ഇന്നും ആ ഒഴിഞ്ഞ ടൂത്ത്പേസ്റ്ട്യൂബിനാണ്, നിറഞ്ഞ ടൂത്ത്പേസ്റ് ട്യൂബിനേക്കാള്‍ സാംസ്കാരിക മൂല്യമുമുള്ളത് എന്നുള്ളതാണത്! എത്ര വലിച്ചെറിഞ്ഞാല്‍പോലും, വിട്ടുപോകാത്ത ഒരു സാംസ്കാരിക ശക്തിയായാണ് 'ജാതി' നിലനില്‍ക്കുന്നത്. കീഴാള ജാതികളും, പ്രത്യക്ഷത്തില്‍, ജാതിയായിരിക്കെതന്നെ അതിലുള്ളത് രാഷ്ട്രീയമായും സാംസ്കാരികമായും സ്വയം കീഴടക്കപ്പെട്ടതിന്റെ മുദ്രയാണ്. മര്‍ദ്ദിത ജാതികളെയും മര്‍ദ്ദക ജാതികളെയും ഒരേ മാനദണ്ഡം വെച്ച് വിശകലനം ചെയ്യുന്നത്, കാര്യങ്ങളെ തലകീഴായി കാണലാണ്! അതുകൊണ്ട്തന്നെ സവര്‍ണ്ണപ്രത്യയശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണതിരസ്കാരമാണ്, ജാതിരഹിതസമരത്തിന്റെ ആദ്യഅജണ്ടയായി പ്രഖ്യാപിക്കപ്പെടേണ്ടത്. എന്നാല്‍ ഇന്നും സവര്‍ണ്ണപ്രത്യയശാസ്ത്രത്തില്‍ ഒന്ന് സ്പര്‍ശിക്കപ്പെടുമ്പോള്‍ നമ്മുടെ 'സാംസ്കാരികലോകം' ഇളകിമറിയുന്നതാണ് നാം കാണുന്നത്. സവര്‍ണ്ണപ്രത്യയശാസ്ത്രത്തോട് സൈദ്ധാന്തികമായി വിയോജിക്കുന്ന ക്രൈസ്തവ-ഇസ്ളാം മതങ്ങളും കീഴാള കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന മതരഹിതരും, പ്രായോഗികതലത്തില്‍ സവര്‍ണ്ണപ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന്നില്‍ക്കുന്നതിലാണ് ആഹ്ളാദവും അഭിമാനവും അനുഭവിക്കുന്നത്. സവര്‍ണ്ണനിലപാടില്‍ തുടങ്ങി അവര്‍ണ്ണനിലപാടിലേക്ക് വളര്‍ന്ന, 'ആഭിജാത്യവും' അതിനെ ദൃഢപ്പെടുത്തുന്ന 'തറവാട്ട്' മഹിമയും ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. ജാതിക്കും സങ്കുചിത മതകാഴ്ചപ്പാടിനുമപ്പുറം നമ്മളൊക്കെയും മനുഷ്യത്വത്തിന്റെ പച്ചപ്പാണെന്ന മാനവികതയുടെ മഹത്തായ തത്വമാണ് 'പ്രയോഗവേദികളില്‍' വെച്ച് നിരന്തരം പരിക്കേല്പിക്കപ്പെടുന്നത്.

ഓരോ കാലത്തെ മനുഷ്യരും, അതത് കാലത്തോട് അനുകൂല/എതിര്‍ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ടാണ് ജീവിക്കുന്നത്. വ്യത്യസ്ത ബന്ധങ്ങള്‍ക്ക് പുറത്ത് ആര്‍ക്കും ജീവിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, ജീവിതംതന്നെ ബന്ധങ്ങളുടെ ആകെത്തുകയാണ്. ജൈവതലത്തിലുള്ള പ്രാഥമിക ബന്ധങ്ങള്‍, മനുഷ്യരിലാണ് സങ്കീര്‍ണ്ണ മാനമാര്‍ജ്ജിക്കുന്നത്. സംസ്കാരസമ്പന്നരാകുക എന്നാല്‍ അഗാധമായ ആദര്‍ശാത്മക ബന്ധങ്ങളുടെ ലോകത്തിലേക്ക് പ്രവേശിക്കലാണ്. എന്ത് ചെയ്യുമ്പോഴും, നമ്മളൊക്കെയും ആദ്യമായും അവസാനമായും 'മനുഷ്യരാണെന്ന്' മറക്കാതിരിക്കലാണ്. 'പ്രത്യയശാസ്ത്രപ്രയോഗം' എന്നത്കൊണ്ട് പൊതുവില്‍ വിവക്ഷിക്കുന്നത് നിലവിലുള്ള ബന്ധങ്ങളെ അതിനേക്കാളും വികസിച്ച പുതിയ ബന്ധങ്ങള്‍കൊണ്ട് പകരംവെക്കുന്ന ബദല്‍ പ്രവര്‍ത്തനങ്ങളെയാണ്. ജാതിവ്യവസ്ഥക്കകത്ത്, തങ്ങള്‍ ഉയര്‍ന്നവരല്ലെന്ന് സവര്‍ണ്ണര്‍ക്കും, തങ്ങള്‍ താഴ്ന്നവരല്ലെന്ന് അവര്‍ണ്ണര്‍ക്കും അഗാധബോധ്യം വരുന്നത്, പരിവര്‍ത്തനത്തിന്റെ ആദ്യചുവടുവെപ്പാണ്. എന്നാല്‍ അതൊരു ശരിക്കുള്ള പരിവര്‍ത്തനമായിത്തീരണമെങ്കില്‍, വെറുമൊരാശയം എന്ന അവസ്ഥയില്‍നിന്നും അതൊരു പ്രയോഗമായി വികസിക്കണം. പഴയ ജാതിവ്യവസ്ഥക്ക് പകരം, മറ്റൊരു ബന്ധമാതൃകയുടെ പുതിയ ബദല്‍ ഉണ്ടായിവരണം. പറഞ്ഞുവരുന്നത്, സാംസ്കാരിക സംവാദങ്ങള്‍, ബദല്‍ സാംസ്കാരിക നിര്‍മ്മാണമായി മാറേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്. 'പഴയ നവോത്ഥാന'കാലത്ത് പരിമിതികളോടെ, പ്രയോഗമാതൃകകള്‍ വികസിപ്പിക്കപ്പെട്ടതുകൊണ്ടാണ്, അക്കാലത്തെക്കുറിച്ചോര്‍ത്ത് ഇന്നും നമുക്ക് കോരിത്തരിക്കാന്‍ കഴിയുന്നത്.

'ഹാ സഖീ നീയെന്നോട് ചേര്‍ന്ന് നില്‍ക്കുക വീതോല്ലാസമായ്/ മങ്ങിടുന്നു ജീവിതം/ മുമ്പ് നാം ജീവന്‍പോലെ സ്നേഹിച്ചവര്‍/ അകന്നോ മൃതിപെട്ടോ വന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നു.'(യുഗപരിവര്‍ത്തനം: വൈലേപ്പിള്ളി)

വൈലോപ്പിള്ളിയുടെ യുഗപരിവര്‍ത്തനം പിറന്നത് നാടുവാഴിത്തത്തില്‍നിന്നും മുതലാളിത്തത്തിലേക്കുള്ള തീവ്രപരിവര്‍ത്തനത്തിന്റെ പരിഭ്രമവും പുളകവും ഒരുപോലെ പങ്കുവെച്ചാണ്. ഭൂതകാലത്തില്‍നിന്നത് വര്‍ത്തമാനത്തിലേക്ക് കാലെടുത്ത് വെച്ചപ്പോഴും, അതിന്റെ മനസ്സ് ഭൂതകാലത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ കിടന്ന് കണ്ണീര്‍ വാര്‍ത്തിരിക്കണം. ഓര്‍ക്കാനേറെയുണ്ടായതിനാലാവണം പുതിയ കാലത്തോടത് പൊരുത്തപ്പെട്ടത് കരള്‍പിളര്‍ക്കുന്ന ഒരു നിലവിളിയോടെയായത്. പരിവര്‍ത്തനത്തിന്റെ ഒഴുക്കില്‍, ഒലിച്ചുപോയ ജീവിതത്തിന്റെ ആര്‍ദ്രമായ എത്രയോ ഓര്‍മകളെ ആശ്ളേഷിക്കാനാവാതെ, അനാഥത്വത്തിന്റെ ആഘാതം തീവ്രമാക്കിയ ഏതോ ദുരിതനേരമാണ് യുഗപരിവര്‍ത്തനം എന്ന കവിതയിലെ 'ഹാ സഖി നീയെന്നോട് ചേര്‍ന്ന് നില്‍ക്കുക, വീതോല്ലാസമായ്...' എന്നൊരറ്റ വരിയില്‍കിടന്ന് വിങ്ങുന്നത്. 'നാട് വേരുകള്‍പൊട്ടി ത്വരിതം' ചലിച്ചപ്പോള്‍ ചുവട് തെറ്റിയവര്‍, തുണക്കും താങ്ങിനുംവേണ്ടി, ഇടനെഞ്ച്പൊട്ടി, കൂട്ടത്തോടെ വിളിച്ച സ്നേഹസാന്ദ്രതയുടെ സംഗ്രഹമെന്ന അര്‍ത്ഥത്തിലാണ്, കവിതയിലെ 'ഹാ സഖി'യെന്ന സംബോധന അര്‍ത്ഥപൂര്‍ണമാകുന്നത്.

'മുമ്പ് നാം ജീവന്‍പോലെ സ്നേഹിച്ചവര്‍, അകന്നോ മൃതിപ്പെട്ടോ, വന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നു' എന്നത്, ഒരു വ്യക്തിയുടെ സ്വകാര്യസങ്കടമെന്നതിനേക്കാള്‍, സന്ധിബന്ധങ്ങളൊക്കെയും ശിഥിലമാകുന്ന ഏതൊരു പരിവര്‍ത്തന കാലത്തിന്റെയും സ്മൃതികളുരുകി കനക്കുന്ന സംഘക്കരച്ചിലാണ്. മരണത്തെ അനുസ്മരണംകൊണ്ടും, അകല്‍ച്ചയെ സംവാദംകൊണ്ടും ചേരിമാറിപ്പോകലിനെ പ്രത്യയശാസ്ത്ര നിശിതത്വംകൊണ്ടുമാണ് പൊതുവില്‍ മനുഷ്യര്‍ അതിജീവിക്കുന്നത്. കലപ്പയും യക്ഷിയും കെട്ടുപിണഞ്ഞ നാടുവാഴിത്തത്തെ, ട്രാക്ടറും വിദ്യുഛക്തിതൂണുകളുംകൊണ്ട് നേരിടുന്ന സമരോത്സുക മുതലാളിത്തത്തിന്ന് വൈലോപ്പിള്ളി സ്വാഗതം ആശംസിക്കുന്നത്, പോയകാലത്തിന്റെ നന്മകളെക്കുറിച്ചോര്‍ത്ത് വിതുമ്പിക്കൊണ്ടാണ്. ചിതറിപ്പോകുന്ന 'മനുഷ്യത്വത്തെ' തിരിച്ചു പിടിക്കാനാണ്, സഖിയോട്, കവിതയോട്, സ്വന്തം സഹജാതരോട്, ചേര്‍ന്ന് നില്‍ക്കാനത്, ഉല്‍ക്കണ്ഠകളോടെ അപേക്ഷിക്കുന്നത്. വീഴ്ചകള്‍ക്കിടയില്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ തനിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്ന് കവി പ്രതീക്ഷിക്കുന്ന 'സഖി' സാമൂഹ്യാര്‍ത്ഥത്തില്‍ മനുഷ്യരെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സര്‍ഗാത്മക കൂട്ടായ്മയാണ്. അവള്‍ സ്വന്തം പ്രിയപ്പെട്ടവള്‍ ആയിരിക്കെത്തന്നെ, അപരിമിതമായ സംഘശക്തിയുടെ പ്രതീകവുമാണ്. ബുദ്ധം ശരണത്തിനും ധര്‍മം ശരണത്തിനുമൊപ്പം സംഘം ശരണം എന്ന ബുദ്ധകാഴ്ചപ്പാടിന്റെ തുടര്‍ച്ചയില്‍വെച്ച് 'വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും' ആഹ്വാനംചെയ്ത ശ്രീനാരായണഗുരുവിനൊപ്പമാണ് വൈലോപ്പിള്ളിയുടെ, 'ചേര്‍ന്ന് നില്‍ക്കാനുള്ള' നിലവിളിയും വന്നുനില്‍ക്കുന്നത്. നവോത്ഥാനം തന്നെയാണ്, യുഗപരിവര്‍ത്തനമെന്ന കവിതയില്‍ നിനവും നോവുമായി നിറഞ്ഞു നില്‍ക്കുന്നത്.

(കടപ്പാട്: ലീഡ് ബുക്സ് പ്രസിദ്ധീകരിച്ച നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ നിന്ന്)
*
യൂത്ത് മാര്‍ച്ച് ബ്ലോഗ് പോസ്റ്റ് ലിങ്ക്

Friday, January 4, 2013

പുതിയ നവോത്ഥാനത്തിന് നായകരാകാന്‍

"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്" എന്നത് കടമ്മനിട്ടയുടെ വിഖ്യാതമായ വരികളാണ്. ഓര്‍മകള്‍ ഉണ്ടായിരുന്നാല്‍ പോരാ, ആ ഓര്‍മകള്‍ക്ക് സാര്‍ഥകമായ തുടര്‍ച്ചകളും ഉണ്ടാകണം. നവോത്ഥാന കേരളമെന്ന പരികല്‍പ്പനതന്നെ അസ്ഥാനത്താകുന്ന ഇക്കാലത്ത് നാം താണ്ടിയ ഭൂതകാലപാതകളെ എങ്ങനെ തിരിച്ചുപിടിക്കാം, എങ്ങനെ പുതിയ ഒരു നവോത്ഥാനം സൃഷ്ടിക്കാം എന്നാണ് കേരളത്തിന്റെ യുവജനത ചിന്തിക്കുന്നത്. അത് എത്ര ശ്രമകരമായാലും ആ പോരാട്ടയാത്രയെ ഏറ്റെടുക്കുകയാണ് പ്രബുദ്ധയുവത. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യം മുഴക്കി ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിലൂടെ കേരളം സഞ്ചരിച്ചുതീര്‍ക്കുമ്പോള്‍, അതൊരു ചരിത്ര ബാധ്യതയായി കേരളത്തിലെ മുഴുവന്‍ ജനസമൂഹവും ഏറ്റെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പ്രതീക്ഷയുടെ ആ ചുവന്ന നക്ഷത്രം കൊടിയിലേന്തിയാണ് കേരളത്തിന്റെ യുവാക്കള്‍ ജനുവരി നാലുമുതല്‍ ഫെബ്രുവരി നാലുവരെ യൂത്ത് മാര്‍ച്ചിലേക്ക് മുഴുകുന്നത്.

ഇന്ത്യയൊട്ടുക്കും 19-ാം നൂറ്റാണ്ടുമുതല്‍ സാമൂഹികവും സാംസ്കാരികവുമായ ഉണര്‍വിന്റെ നവോത്ഥാനമുണ്ടായി. കേരളത്തില്‍ ശ്രീനാരായണ ഗുരുവിനെപ്പോലെ മഹാരാഷ്ട്രയില്‍ ജ്യോതി ബാഫുലെയുമുണ്ടായി. എന്നിട്ടെന്ത്, അത് അവിടെ തീര്‍ന്നു! കേരളം രാഷ്ട്രീയമായി നവോത്ഥാനത്തെ ഏറ്റെടുത്തതുകൊണ്ടാണ്, അതിന് ഭരണപരമായ അടിത്തറ നിര്‍മിച്ചതിനാലാണ് പുകള്‍പെറ്റ നമ്മുടെ ഈ പുരോഗമനവും വികസനവുമെല്ലാം. തമിഴ്നാട്ടിലുണ്ടായ നവോത്ഥാനത്തിന് തുടര്‍ച്ചകളില്ലാത്തതിനാല്‍ സംഭവിച്ചത് നവോത്ഥാനപൂര്‍വകാലത്തേക്കാള്‍ തീവ്രമായ ഉച്ചനീചത്വങ്ങളിലേക്കുള്ള പതനമാണ്. എത്ര ജാതിവേലികള്‍ പൊളിച്ചാലും രാഷ്ട്രീയമായ മുന്നേറ്റത്തിലൂടെ ആ സമൂഹം ഉയിര്‍ത്തെഴുന്നേറ്റാലല്ലാതെ പരിവര്‍ത്തനം സാധ്യമല്ല.

ലോകത്തെവിടെയുമെന്നപോലെ മതനവീകരണത്തിന്റെ പാതയിലൂടെയായിരുന്നു കേരളത്തിലെ നവോത്ഥാനവിപ്ലവം പടര്‍ന്നു കയറിയത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനംചെയ്ത ഗുരു അധഃസ്ഥിതന് അവന്റെ ദൈവത്തെ നല്‍കി. നാരായണഗുരു മാത്രമല്ല, ചട്ടമ്പിസ്വാമിയും ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും ഉള്‍പ്പെടെയുള്ളവര്‍ ഒരേ വിപ്ലവചിന്തയുടെ ഉള്‍ക്കരുത്തില്‍, വ്യത്യസ്ത പ്രയോഗത്തിലൂടെയാണെങ്കിലും നവോത്ഥാനത്തിന്റെ നായകരായി. പള്ളിക്കൂടങ്ങളില്‍ അടിയാളര്‍ക്ക് പ്രവേശനത്തിനായി അയ്യന്‍കാളിക്ക് 1906ല്‍ വെങ്ങാന്നൂരില്‍ ഒരു തൊഴിലാളി പണിമുടക്കുതന്നെ നടത്തേണ്ടിവന്നു. വിദ്യാഭ്യാസത്തിന്റെയും വിമോചനത്തിന്റെയും ഉയരങ്ങളിലേക്ക് ദളിതര്‍ കടന്നുവന്ന വഴികളൊന്നും അത്ര സുഖകരമായിരുന്നില്ല.

അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളഴിച്ച് എല്ലാവര്‍ക്കും ഒന്നിച്ചു നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കാനും കഴിഞ്ഞത് എളുപ്പത്തില്‍ സംഭവിച്ച മാറ്റങ്ങളല്ല; നവോത്ഥാനത്തിന്റെയും അതിന്റെ രാഷ്ട്രീയ- സാംസ്കാരിക പരിണാമങ്ങളിലൂടെയും സംഭവിച്ച പരിവര്‍ത്തനങ്ങളായിരുന്നു. കേരളത്തിലെ സാംസ്കാരിക- സാമൂഹ്യ നവോത്ഥാനത്തിന്റെ കൈവഴികളെ ഊര്‍ജമുറ്റതാക്കിയത് പില്‍ക്കാലത്തെ കമ്യൂണിസ്റ്റ്- കര്‍ഷകപോരാട്ടങ്ങളാണ്. ജാതിവിരുദ്ധ മുന്നേറ്റങ്ങളും ക്ഷേത്രസമരങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷകസമരത്തിന്റെയും കൊടിയുയര്‍ത്തി വലിയ സാമ്രാജ്യത്വവിരുദ്ധ കലാപങ്ങള്‍തന്നെയായി.

ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങളിലെ എ കെ ജി, പി കൃഷ്ണപിള്ള തുടങ്ങിയവരുടെ സാന്നിധ്യം ചരിത്രത്തിന്റെ ഒരു തുടക്കമായിരുന്നു. അവര്‍ണന്റെയും അധഃസ്ഥിതന്റെയും സ്വപ്നങ്ങള്‍ അസമത്വവും ദാരിദ്ര്യവുംകൊണ്ട് പൊറുതിമുട്ടുന്ന മുഴുവന്‍ ജനതയുടെയും പോരാട്ടവീറിലേക്ക് മാറി. ജന്മിത്വത്തിന്റെ നെടുന്തൂണുകള്‍ ഉലഞ്ഞുവീണു. ജനങ്ങള്‍ പത്തായപ്പുരകള്‍ പിടിച്ചെടുത്തു. കയ്യൂരും കരിവെള്ളൂരും കോറോത്തും പാടിക്കുന്നും കാവുമ്പായിയും വെറും ഗ്രാമനാമങ്ങള്‍ മാത്രമല്ലാതായി. പുന്നപ്രയും വയലാറും വാരിക്കുന്തമെടുത്ത് സമരേതിഹാസം തീര്‍ത്തതും, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അവകാശബോധങ്ങള്‍ ഒന്നാകെ അണപൊട്ടി പ്രവഹിച്ചതുകൊണ്ടാണ്. നവോത്ഥാനത്തിന്റെ ഉജ്വലമായ വളര്‍ച്ചയാണത്. അതുവരെയുള്ള മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചരിത്രം ഉരുക്കിയൊഴിച്ചാണ് പിന്നീട് 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപപ്പെട്ടത്.

നവോത്ഥാനം ഏതെങ്കിലുമൊരു ചരിത്രഘട്ടത്തില്‍ തളംകെട്ടിനില്‍ക്കുന്നതല്ല, അതൊരു ഒഴുകുന്ന പ്രക്രിയയാണെന്നതിന് ചരിത്രംതന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം. കേരളം ഒരു സാധാരണ സംസ്ഥാനമല്ലെന്നും അതൊരു ലോകമാതൃകയാണെന്നും പറഞ്ഞത് നൊബേല്‍ ജേതാവായ അമര്‍ത്യസെന്നാണ്. ഭൂപരിഷ്കരണം, സാര്‍വത്രിക- സൗജന്യ വിദ്യാഭ്യാസം, ജനകീയ ആരോഗ്യനയം, സമ്പൂര്‍ണ സാക്ഷരത, സമ്പൂര്‍ണ ഭവനിര്‍മാണ പദ്ധതികള്‍, ജനകീയാസൂത്രണം, സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി സാമൂഹ്യനീതിയിലും പുരോഗമന സ്വഭാവത്തിലുമുള്ള ഈ കേരളമോഡല്‍തന്നെ പൂര്‍ണമായ അര്‍ഥത്തില്‍ നവോത്ഥാന ചിന്തകള്‍ പടര്‍ന്ന് പന്തലിച്ചതിന്റെ ഫലമാണ്. തന്നെയുമല്ല, മാനവികതയുടെ വെളിച്ചമണഞ്ഞുപോകാതെ നോക്കുന്ന പുരോഗമന- കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ ഉലച്ചില്‍ തട്ടാത്ത സാന്നിധ്യവും ഒന്നുകൊണ്ടാണ്. എന്നാല്‍, ആഗോളവല്‍ക്കരണകാലത്തെ നവലിബറല്‍ നയങ്ങള്‍ സ്വത്വബോധത്തിന്റെ പുതിയ തടവറകള്‍ നിര്‍മിക്കുന്നതും, ജാതിയുടെയും മതത്തിന്റെയും കൂട്ടായ്മകള്‍ ഒരുക്കുന്നതും, മനുഷ്യദൈവങ്ങള്‍ക്ക് പരവതാനി വിരിക്കുന്നതും പ്രത്യക്ഷത്തില്‍ത്തന്നെ നവോത്ഥാനത്തിന്റെ ഊര്‍ജപ്രവാഹങ്ങളിലോരോന്നിലുമുള്ള വിഷംകലര്‍ത്തലായി കാണണം. കാലം അശുഭകരമാകുമ്പോള്‍, കൈയും കെട്ടി നോക്കിനില്‍ക്കാനാകാത്തതുകൊണ്ട്, ഡിവൈഎഫ്ഐ ഉച്ചത്തില്‍ ഏറ്റെടുക്കുകയാണ് അതുകൊണ്ടുതന്നെ ആ മുദ്രാവാക്യം- ഭജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം. തമിഴ്നാട്ടിലും കര്‍ണാടകത്തിലും കാണുന്നതുപോലെ അയിത്തവും അനാചാരങ്ങളും ജാതിവേലികളുമില്ലാത്തതുകൊണ്ട് ജാതിചിന്തകള്‍ ഇവിടെ അസ്തമിച്ചു എന്ന് ശുദ്ധഗതിക്കാര്‍ കരുതും. പഴയതുപോലെ ജാതിഘടനയില്ലാത്തതും ജാതിവിവേചനങ്ങള്‍ അപ്രത്യക്ഷമായതും അതിനു കാരണമായി അവര്‍ പറയും. എന്നാല്‍, ജാതി- മതങ്ങള്‍ ഇപ്പോള്‍ കടന്നുവരുന്നത് മുതലാളിത്തത്തിന്റെ നല്ല ചൂഷണോപാധികളായാണ്. പലവിധ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് ഇവിടെ ജാതിക്കൂട്ടായ്മകളെ ഉണ്ടാക്കുന്നത്. സാമൂഹ്യവിപ്ലവ സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ പലവിധ തുരുത്തുകളായി ചിതറിപ്പിച്ചാല്‍ മതിയെന്ന് മുതലാളിത്തം തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരിച്ചറിയാത്തത് അതില്‍പ്പെട്ടുപോകുന്ന പാവം മനുഷ്യരാണ്. മതമൗലികതയിലേക്കും മതതീവ്രവാദത്തിലേക്കും ഒരുതലമുറയെ കെട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയ ദുഷ്കൃത്യം ഇതിനേക്കാള്‍ ഭീകരമാണ്. കേരളത്തെ പണാധിപത്യ സമൂഹമാക്കിയുള്ള മാഫിയാവല്‍ക്കരണം&ൃെൂൗീ;വേറെ. ഒരു സമൂഹം മദ്യാസക്തിയില്‍ മുങ്ങിമരിക്കുന്ന ദുരന്തം മറ്റൊന്ന്. കടക്കെണിയില്‍പ്പെട്ട് കഴുത്തുമുറുകിയാലും വിവാഹധൂര്‍ത്തില്‍നിന്ന് വിടപറയാത്ത സാമൂഹ്യമനോനില, പിന്നെ മകളെന്നോ പെങ്ങളെന്നോ അമ്മയെന്നോയുള്ള ധാര്‍മികചിന്തപോലുമില്ലാത്ത കാടന്‍ ലൈംഗികാക്രമണങ്ങള്‍, ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി പെരുകിക്കൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍, വിവിധ മാഫിയാഗ്രൂപ്പുകള്‍, മതതീവ്രവാദികളുടെയും വര്‍ഗീയ ഫാസിസ്റ്റുകളുടെയും പുതിയ സദാചാരപൊലീസ് വേഷം- നവോത്ഥാന പൂര്‍വകാലത്തെയും നാണിപ്പിക്കുന്ന പ്രാകൃതത്വത്തിലേക്കാണ് കേരളം നടന്നടുക്കുന്നത്.

ഭരണകൂടത്തിന്റെ രാഷ്ട്രീയ അലംഭാവംകൂടിയാണ് ഇത്തരം ഛിദ്രശക്തികളെ പനപോലെ വളര്‍ത്തുന്നത്. വര്‍ഗീയരാഷ്ട്രീയത്തിന്റെ ശാക്തീകരണത്തിന് ഉതകുംവിധമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പലനടപടികളും. അഞ്ചാംമന്ത്രി വിവാദംതന്നെയെടുക്കുക, അതിന്റെ കാരണം ഒരു രാഷ്ട്രീയകക്ഷിയുടെ സാമുദായിക ദുഷ്ടലാക്കാണെങ്കില്‍, ഫലം ഇവിടെ ഹിന്ദു ഏകീകരണത്തിന് കളമൊരുക്കി എന്നതാണ്. സാമുദായിക ചേരിതിരിവുകള്‍ ഒരു മറയുമില്ലാതെ പൊതുനിരത്തിലേക്ക് ഇറങ്ങിവരുകയും ചെയ്തു. ഇതുകൊണ്ടെല്ലാം തടിച്ചുകൊഴുക്കുന്നത് മതതീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്നത് ഒറ്റ മുദ്രാവാക്യംമാത്രമല്ല, കേരളം നെഞ്ചൂക്കോടെ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരായിരം മുദ്രാവാക്യങ്ങളുടെ സമാഹാരമാണ്. നിലയ്ക്കാത്ത പോരാട്ടങ്ങളുടെ യാത്രയാണ് ഡിവൈഎഫ്ഐക്ക് ഈ ദൗത്യം. നന്മയും മാനവികതയും നഷ്ടമായിട്ടില്ലാത്ത ഒരു ജനസഞ്ചയത്തെ ഈ സമരവഴികളില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ വൃഥാവിലാകില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

*
ടി വി രാജേഷ് ദേശാഭിമാനി 04 ജനുവരി 2013

Wednesday, December 26, 2012

മദ്യാസക്തിക്കെതിരെ മാനവ ജാഗ്രത

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്കെതിരെ പുരോഗമന യുവജന- വിദ്യാര്‍ത്ഥി- മഹിളാ പ്രസ്ഥാനങ്ങള്‍ സംയുക്തമായി ക്യാംപയിന്‍ സംഘടിപ്പിക്കുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന സാമൂഹ്യ തിന്മയെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒക്ടോബര്‍ മാസം മുതല്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ-മഹിളാ എന്നീ സംഘടനകള്‍ ചേര്‍ന്ന് വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്്. മലയാളിക്ക് ആഘോഷ വേളകളില്‍ മദ്യം ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും മലയാളികള്‍ കുടിച്ചുതള്ളുന്നത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ്. മൂന്നരക്കോടി ജനസംഖ്യയില്‍ ഏകദേശം നാല്‍പ്പതു ലക്ഷത്തോളംപേര്‍ മദ്യത്തിനും മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അടിമകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 17 ലക്ഷത്തോളം മദ്യപന്‍മാര്‍ അടിയന്തര ചികിത്സയ്ക്ക് വിധേയരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

യുവാക്കളുടെയിടയില്‍ ഭയാനകമാംവിധം മദ്യാസക്തി വര്‍ദ്ധിച്ചുവരികയാണെന്ന വസ്തുത കണ്ടില്ലെന്ന് നടിക്കാന്‍ പുരോഗമന സമൂഹത്തിന് കഴിയില്ല. 13-ാമത്തെ വയസ്സില്‍ പലരും കുടിച്ചുതുടങ്ങുന്നുവെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയായി അവശേഷിക്കുന്നു. സാക്ഷരതയിലും ആരോഗ്യമേഖലയിലും മറ്റു സാമൂഹിക പുരോഗതിയിലും ഏറെ നേട്ടം കൈവരിച്ച കേരളം തന്നെയാണ് മദ്യത്തിന്റെ ഉപയോഗത്തില്‍ ഒന്നാംസ്ഥാനത്ത് എന്നത് തികച്ചും വിരോധാഭാസം തന്നെ. ഓണത്തിനും ക്രിസ്മസിനും പുതുവര്‍ഷാരംഭത്തിലും മലയാളികള്‍ കുടിച്ചുതള്ളുന്ന മദ്യം കോടിക്കണക്കിന് ലിറ്ററാണ്. മുന്‍വര്‍ഷങ്ങളിലെ മദ്യവിറ്റുവരവിന്റെ റിക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ഓരോ വര്‍ഷവും കേരളത്തിലെ മദ്യപന്‍മാര്‍ നടത്തുന്ന "ആത്മാര്‍ത്ഥമായ" പരിശ്രമം ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഓണത്തിന് മദ്യവില്‍പ്പനയുടെ കാര്യത്തില്‍ ജില്ലകളും താലൂക്കുകളും പരസ്പരം മത്സരിക്കുന്നു. ഇന്ന് ഹര്‍ത്താലുകള്‍പോലും മദ്യം സേവിക്കാനുള്ള ദിവസമായി ചിലര്‍ കാണുന്നു. കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണ്. ഒന്ന് ബിവറേജസ് കോര്‍പറേഷനും രണ്ട് ഇറച്ചി വില്‍പ്പനകേന്ദ്രമായ കെപ്കോയും.

സാധാരണദിനങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഒരു ഔട്ട്ലെറ്റില്‍ ഒരു ദിവസം ശരാശരി വില്‍പ്പന 12 കോടി രൂപയിലധികമാണ്. ഹര്‍ത്താലായാല്‍ അത് 15 കോടിയായി വര്‍ദ്ധിക്കും. അടുത്തിടെ കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് കഴിഞ്ഞ 50 ഹര്‍ത്താല്‍ ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ വിറ്റത് 5,539 കോടി രൂപയുടെ മദ്യമാണ് എന്നാണ്. ജീവിതത്തില്‍ അച്ചടക്കമില്ലാത്തവര്‍ ബിവറേജസിനു മുന്നില്‍ അച്ചടക്കത്തോടെ "ക്യൂ" നില്‍ക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും. പണ്ട് പൊലീസുകാര്‍ ബിവറേജസിനു മുന്നില്‍ അടിപിടി ഉണ്ടാകാതിരിക്കാന്‍ "ഡ്യൂട്ടി" ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സ്വയം നിയന്ത്രിച്ചുകൊണ്ട് "ക്യൂ" പാലിക്കാന്‍ മദ്യപന്‍മാര്‍ തയ്യാറാണ്. റേഷന്‍കടയിലോ മാവേലിസ്റ്റോറിലോ ആയിരുന്നു ഈ നീണ്ട "ക്യൂ" എങ്കില്‍ പിറുപിറുത്തുകൊണ്ട് അരിയും മണ്ണെണ്ണയും വാങ്ങാതെ വീട്ടില്‍ പോകാനും ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. കൂലിപ്പണി ചെയ്തുകിട്ടുന്ന പൈസ മുഴുവന്‍ കള്ളുകുടിച്ചും ലോട്ടറി വാങ്ങിയും ബിവറേജസിനു മുന്നില്‍ത്തന്നെ മലയാളി തീര്‍ക്കുന്നു.

"വൈകിട്ടെന്താ പരിപാടി" എന്ന പരസ്യവാചകം കൗമാരക്കാരും യുവാക്കളും വൃദ്ധന്മാരും പരസ്പരം ചോദിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മദ്യം വരുത്തിവയ്ക്കുന്ന വിനാശകരമായ വശങ്ങളെക്കുറിച്ച് പറയാതെ തന്നെ ബോധവാന്മാരാണ് നമ്മള്‍. ജനവും മരണവും ജയവും പരാജയവും ഒരുമിച്ചിരുന്ന് മദ്യം നുണയാന്‍വേണ്ടി മാത്രമാവുന്നു. വിവാഹ സല്‍ക്കാരത്തില്‍ വിളമ്പുന്ന മദ്യം തന്നെ വിവാഹ വേര്‍പിരിയലിന് കാരണമാകുന്ന ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനത്തിനും ആത്മഹത്യയ്ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മദ്യം വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതില്ലല്ലോ. ആരോഗ്യപ്രശ്നങ്ങള്‍ക്കു പുറമെ നിരവധി മാനസിക രോഗങ്ങള്‍ക്കും വിഷാദരോഗങ്ങള്‍ക്കും മദ്യം ഹേതുവാകുന്നു. പണ്ട് രഹസ്യമായി മദ്യപിച്ചിരുന്ന മലയാളിക്ക് ഇന്ന് പരസ്യമായി മദ്യപിക്കുന്നതിന് യാതൊരു മടിയുമില്ല. സാമൂഹ്യ മദ്യപാനം (ടീരശമഹ റൃശിസശിഴ) ഇന്നൊരു ഫാഷനായിരിക്കുന്നു. വിവാഹസല്‍ക്കാരവേളകളിലും ഗൃഹപ്രവേശനത്തിനും മറ്റ് ആഘോഷവേളകളിലും പ്രായഭേദമെന്യേ ഒരുമിച്ചിരുന്ന് മദ്യം നുണയുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. കുടുംബസദസ്സുകളില്‍ വിരുന്നുകാരനായും മദ്യം എത്തുന്നു. മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് മദ്യപിക്കുന്ന മക്കളുടെ എണ്ണം അനുദിനം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. മദ്യപിക്കുന്ന കാര്യത്തില്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. 2015 ആകുമ്പോഴേക്ക് ഇന്ത്യയിലെ ആകെ മദ്യവില്‍പ്പനയുടെ നാലിലൊന്ന് നിയന്ത്രിക്കുന്നത് സ്ത്രീകളായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ ഉല്‍പന്നങ്ങളായ ഡാന്‍സ് ബാറുകള്‍, സിനിമാ ദൃശ്യങ്ങള്‍, ഹബ്ബുകള്‍ തുടങ്ങിയവയാണ് മദ്യത്തിന്റെ ഉപഭോഗം കൂടാനുള്ള പ്രധാന കാരണങ്ങളായി കരുതുന്നത്. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഫലമായി പൊതു ഇടങ്ങള്‍ നഷ്ടപ്പെട്ട മലയാളി, സ്വകാര്യ ഇടങ്ങളിലേക്ക് ചുരുങ്ങാന്‍ തുടങ്ങിയതും മദ്യത്തിന്റെ ഉപഭോഗം കൂടാന്‍ കാരണമായി. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന തൊഴില്‍സംസ്കാരം ഇതിന് ആക്കംകൂട്ടി. അബോധാവസ്ഥയില്‍ ജീവിക്കാന്‍ ഇന്ന് യുവാക്കള്‍ ഇഷ്ടപ്പെടുന്നു. നമ്മുടെ കലാലയങ്ങളും ഇന്ന് മദ്യത്തിന്റെയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെയും നീരാളിപ്പിടുത്തത്തിലാണ്. ഒരു കാലഘട്ടത്തില്‍ കലാലയങ്ങളെ അടക്കിഭരിച്ചിരുന്ന മദ്യത്തിനും മയക്കുമരുന്നിനും കുറവ് വന്നത് വിദ്യാര്‍ത്ഥി സംഘടിതശക്തിയുടെ ഇടപെടലുകൊണ്ടാണ്. എന്നാല്‍, ഇന്ന് കലാലയങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ കലാലയങ്ങളിലേക്ക് മടങ്ങിവരുന്ന മദ്യത്തെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും പറയുന്നില്ല. അരാഷ്ട്രീയവല്‍ക്കരണം ക്യാമ്പസുകളെ അരാജകത്വത്തിലേക്ക് നയിക്കുന്നു.

രാഷ്ട്രീയം നിരോധിച്ച ക്യാമ്പസുകളാണ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മദ്യാസക്തിക്കെതിരെ കലാലയങ്ങള്‍ കൈകോര്‍ക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 2012 നവംബര്‍ 29ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും മദ്യാസക്തിക്കെതിരെ വിപുലമായ വിദ്യാര്‍ത്ഥി കൂട്ടായ്മകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ മദ്യനിരോധനംവഴി ഈ സാമൂഹ്യവിപത്തിനെ തടയാന്‍ കഴിയില്ല. ബോധവല്‍ക്കരണത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. സര്‍ക്കാര്‍ മദ്യം നിരോധിക്കാന്‍ തയ്യാറായില്ലെങ്കിലും ഇതിനെതിരെ പൗരന്മാരെ ബോധവാന്മാരാക്കാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ ഇടപെടലിനൊപ്പം സാമൂഹ്യ ഇടപെടലുകളും ഇതിനാവശ്യമാണ്. ഈ അവസരത്തിലാണ് കേരളത്തിലെ പുരോഗമന യുവജന - മഹിളാ - വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ മദ്യാസക്തിക്കെതിരെ മാനവജാഗ്രതാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. 2009ല്‍ നടത്തിയ ക്യാമ്പയിനിന്റെ തുടര്‍ച്ചയാണിത്. ഈ ക്യാമ്പയിനില്‍ വിദ്യാര്‍ത്ഥി സമൂഹവും മുഴുവന്‍ കേരള സമൂഹവും അണിനിരക്കേണ്ടത് അനിവാര്യമാണ്.

*
ടി പി ബിനീഷ് ചിന്ത വാരിക

Friday, March 9, 2012

യാത്രാസുരക്ഷയ്ക്ക് കൈകോര്‍ക്കാം

ഒന്നരവര്‍ഷം മുമ്പാണ് വള്ളത്തോള്‍ നഗര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സൗമ്യ കൊല ചെയ്യപ്പെട്ടത്. ഒറ്റയ്ക്കു യാത്രചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് തീവണ്ടി സുരക്ഷിതവാഹനമാണെന്ന വിശ്വാസം അതോടെ തകര്‍ന്നു. വനിതാ കംപാര്‍ട്മെന്റുകള്‍ സുരക്ഷിതത്വമില്ലാത്ത മേഖലയായി മുദ്രകുത്തപ്പെട്ടു. ഭിക്ഷാടനമാഫിയയും പിടിച്ചുപറിക്കാരും മയക്കുമരുന്നു കച്ചവടക്കാരും നിര്‍ബാധം വിഹരിക്കാനുള്ള മേഖലയായി തീവണ്ടികളെ തിരഞ്ഞെടുത്തിട്ട് ഏറെക്കാലമായി എന്ന വസ്തുത അപ്പോഴാണ് കേരളത്തിന്റെ ശ്രദ്ധയിലേക്കു വന്നത്. അതിന് ഒരു ദരിദ്രകുടുംബത്തിന്റെ അത്താണിയായിനിന്ന, ജീവിതത്തിന്റെ സുന്ദരസ്വപ്നങ്ങളിലേക്ക് കാലെടുത്തുവയ്ക്കാന്‍ തയ്യാറെടുത്ത സാധുയുവതിയുടെ ജീവനാണ് വില നല്‍കേണ്ടിവന്നത്. സൗമ്യയെ ക്രൂരമായി മാനഭംഗപ്പെടുത്തി മരണത്തിലേക്ക് തള്ളിവിട്ട ഗോവിന്ദച്ചാമിക്ക് അജ്ഞാതകേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്ന സഹായവും പിന്തുണയും കണ്ട് കേരളമാകെ പകച്ചുപോവുകയുണ്ടായി. ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ വേരോട്ടം എത്ര ആഴത്തിലും പരപ്പിലുമാണെന്ന് നമ്മള്‍ കണ്ടറിഞ്ഞതും സൗമ്യവധവുമായി ബന്ധപ്പെട്ടാണ്.

ഗോവിന്ദച്ചാമിയെപ്പോലുള്ളവര്‍ക്ക് വഴിയടയ്ക്കാന്‍ സൗമ്യയുടെ കൊലപാതകം കാരണമായേക്കുമെന്ന വിശ്വാസം അമ്പേ തകര്‍ക്കപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സൗമ്യ കൊല്ലപ്പെടുമ്പോള്‍ കേന്ദ്രറെയില്‍വേമന്ത്രി ഒരു വനിതയായിരുന്നു. വനിതകളുടെ സുരക്ഷിതമായ തീവണ്ടിയാത്രയ്ക്ക് അവര്‍ മുന്‍കൈയെടുക്കുമെന്ന് ജനങ്ങള്‍ വ്യാമോഹിച്ചതിന്റെ കാരണവും അതുതന്നെ. നിരവധി പ്രഖ്യാപനങ്ങള്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. വനിതാ കംപാര്‍ട്മെന്റുകള്‍ തീവണ്ടിയുടെ മധ്യഭാഗത്ത് ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ചു. സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരെ എല്ലാ തീവണ്ടികളിലും വിന്യസിക്കുമെന്നതടക്കമുള്ള മന്ത്രിയുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറുന്നതാണ് പിന്നീട് കണ്ടത്. തുടര്‍ന്നും തീവണ്ടികളില്‍ കാമവെറിയന്മാരുടെയും മദ്യപന്മാരുടെയും വിളയാട്ടമുണ്ടായി. അവരെ തടഞ്ഞവരും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചവരും അധികൃതരാല്‍ അധിക്ഷേപിക്കപ്പെട്ടു. മയക്കുമരുന്നു ചേര്‍ത്ത ആഹാരവസ്തുക്കള്‍ നല്‍കി കൊള്ളനടത്തുന്ന സംഘങ്ങള്‍ വ്യാപകമായി. തലശേരി റെയില്‍വേ സ്റ്റേഷനുസമീപം അധ്യാപികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടന്നിട്ട് അധികനാളായില്ല. ഏറ്റുമാനൂരിനടുത്ത് ഐടിഐ വിദ്യാര്‍ഥിനിയെ തീവണ്ടിയില്‍വച്ച് ബലാല്‍ക്കാരമായി കടന്നുപിടിക്കാന്‍ സാമൂഹ്യവിരുദ്ധന്‍ ശ്രമിച്ചു. ഈ സംഭവങ്ങളിലൊന്നും ഉചിതമായ നടപടികളെടുക്കാനോ സമൂഹം ആഗ്രഹിക്കുന്നവിധത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനോ റെയില്‍വേ തയ്യാറായില്ല.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മാത്രമല്ല റെയില്‍വേ വീഴ്ചവരുത്തുന്നത്. സ്റ്റേഷനുകളില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഒരു ശ്രമവും ഉണ്ടാകുന്നില്ല. റെയില്‍വേ വളപ്പുകളില്‍ വഴിവിളക്ക് സ്ഥാപിക്കുകയോ കുടിവെള്ള സംവിധാനങ്ങളും ഇരിപ്പിടങ്ങളും ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. വൃത്തിഹീനതയുടെ പരിതാപകരമായ മാതൃകയാണ് റെയില്‍വേ കാഴ്ചവയ്ക്കുന്നത്. തീവണ്ടികളില്‍ അവശ്യം ഉണ്ടാവേണ്ട അടിയന്തര ചികിത്സാസൗകര്യം പോയിട്ട് പ്രാഥമിക ചികിത്സാസംവിധാനം പോലുമില്ല. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേത്. എന്നാല്‍ , വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് തീവണ്ടികളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ല. വരുമാനം കൂടുമ്പോഴും ഈ സ്ഥിതി ഒരു മാറ്റവുമില്ലാതെ തുടരുന്നു. ഒഴിവുകള്‍ നികത്താന്‍ തയ്യാറാകാതെ, പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, പണംകൊടുത്തു യാത്രചെയ്യുന്ന പൗരന്മാര്‍ക്ക് ദുരിതയാത്ര സമ്മാനിക്കുകമാത്രമാണിന്ന് റെയില്‍വേ ചെയ്യുന്നത്. തീവണ്ടികളിലും സ്റ്റേഷനുകളിലും സാമൂഹ്യവിരുദ്ധരും കൊടുംകുറ്റവാളികളും വിലസുമ്പോള്‍ , ചില റെയില്‍വേ ജീവനക്കാരും അതേപാത പിന്തുടരുന്നുവെന്നത് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്.

പ്ലാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥ ജയഗീതയ്ക്കുണ്ടായ അനുഭവം അതിന് തെളിവാണ്. മതിയായ യാത്രാരേഖകളുണ്ടായിട്ടും ജയഗീതയെ അവഹേളിക്കാനും അപമര്യാദയോടെ പെരുമാറാനുമാണ് ടിക്കറ്റ് പരിശോധകര്‍ തയ്യാറായത്. ജനങ്ങളെ സേവിക്കേണ്ടവര്‍തന്നെ ബാധ്യതയായി തീരുന്ന അവസ്ഥ കഠിനമാണ്. സ്ത്രീത്വത്തിനുനേരെയുള്ള അപമാനശ്രമങ്ങള്‍ പരിഷ്കൃത സമൂഹത്തിന് സഹിക്കാനാവുകയില്ല. കടുത്ത പ്രതികരണങ്ങളെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരെ തുടര്‍ന്ന് സംരക്ഷിക്കാന്‍ റെയില്‍വേ അധികാരികള്‍ തത്രപ്പെടുന്ന കാഴ്ചയും പിന്നീട്് കണ്ടു. ഇതിന് അടുത്ത ദിവസമാണ് രാജധാനി എക്സ്പ്രസില്‍ യാത്രക്കാരിയോട് ടിടിഇ അപമര്യാദയായി പെരുമാറിയത്. സ്ത്രീപീഡകരുടെയും മര്യാദകെട്ടവരുടെയും താവളമായി റെയില്‍വേ മാറിക്കഴിഞ്ഞുവോ എന്ന സംശയം ആരിലും ഉയര്‍ത്താന്‍ പോന്നതാണ് ഈ സംഭവങ്ങളെല്ലാം. ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടുമാറ് അധഃപതനത്തിലേക്ക് ഇന്ത്യന്‍ റെയില്‍വേ പൊയ്ക്കൊണ്ടിരിക്കുന്നു.

കേരളത്തില്‍ അടിക്കടി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ കേരള സര്‍ക്കാരിന്റെ, റെയില്‍വേചുമതല വഹിക്കുന്ന മന്ത്രിയുടെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. സുരക്ഷാചുമതല വഹിക്കുന്ന പൊലീസിന് ട്രെയിനില്‍ യാത്രാപാസ് വാങ്ങിയെടുക്കാന്‍പോലും കഴിയാത്ത കഴിവുകെട്ട അവസ്ഥയാണ് സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള വകുപ്പിനും അതിന്റെ മന്ത്രിക്കുമുള്ളത്. സൗമ്യ സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍നിന്ന് തടിയൂരാനുള്ള ശ്രമമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്. ഇത്രയ്ക്കും നിഷ്ക്രിയതയും നിരുത്തരവാദ സമീപനവും പുലര്‍ത്തുന്ന ഭരണാധികാരികള്‍ നാടിന് അപമാനമാണ്. തീവണ്ടികളിലും മറ്റും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കേരളജനതയ്ക്കു കഴിയുകയില്ല. കേരളമണ്ണില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിക്കുന്നു. അതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് 5ന് പ്രധാന റെയില്‍വേസ്റ്റേഷനുകളിലേക്ക് അലര്‍ട്ട് മാര്‍ച്ച് നടത്താനും ജാഗ്രതാപ്രതിജ്ഞയെടുക്കാനും ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയില്‍ മുഴുവന്‍ റെയില്‍വേ യാത്രക്കാരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

*
ടി വി രാജേഷ് (ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 09 മാര്‍ച്ച് 2012

Tuesday, February 21, 2012

നിയമനനിരോധം അനുവദിക്കില്ല

സെക്രട്ടറിയറ്റ്- കലക്ടറേറ്റ് വളയല്‍ 23ന്

സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും വലുപ്പവും വ്യാപകമായി ചര്‍ച്ചചെയ്യുന്ന കാലമാണിത്. കാര്യക്ഷമതാരാഹിത്യത്തിന്റെ ചില ദുഃസൂചനകള്‍ ഉയരുന്നുമുണ്ട്. എന്നാല്‍ , സ്വകാര്യമുതലാളിമാരോടുള്ള അമിതതാല്‍പ്പര്യം നിമിത്തം സര്‍ക്കാര്‍ മേഖലയില്‍ പണിയെടുക്കുന്നവരെ കൂട്ടപ്പിരിച്ചുവിടലിന് വിധേയമാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. രാജ്യത്ത് ഉദ്യോഗസ്ഥര്‍ അമിതമാണെന്നും അനാവശ്യചെലവുകള്‍ ഒഴിവാക്കാന്‍ കുറേപ്പേരെ ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് ന്യായവാദം. ഭരണനിര്‍വഹണത്തിന് ആവശ്യമുള്ളതിലേറെ വിപുലവും സാമ്പത്തികബാധ്യതയ്ക്ക് ഇടവരുത്തുന്നതുമായ ഉദ്യോഗസ്ഥവൃന്ദമാണ് രാജ്യത്തിന്റേതെന്നാണ് ഭരണാധികാരികളുടെ കുറ്റപ്പെടുത്തല്‍ . എന്നാല്‍ , എന്താണ് വസ്തുത? 2008ല്‍ സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക സര്‍വേ സത്യം വെളിപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകള്‍ , മാധ്യമ റിപ്പോര്‍ട്ടുകള്‍ , 2001ലെ സെന്‍സസ് എന്നിവയെല്ലാം ഇക്കാര്യം തെളിയിക്കുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനസൂചിക ഒരുലക്ഷം ജനങ്ങള്‍ക്ക് 1622 ആണ്. അതായത് ഒരുലക്ഷം ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1622 പേരെ മാത്രം. മുതലാളിത്തരാജ്യമായ അമേരിക്കയില്‍ ഇത് ഒരുലക്ഷം പേര്‍ക്ക് 7681 ആണ്. 31 ലക്ഷം ജീവനക്കാരുള്ള കേന്ദ്ര ഭരണനിര്‍വഹണം ജനങ്ങളിലെത്തിക്കാന്‍ നിയോഗിച്ചിട്ടുള്ളത് ഒരുലക്ഷം ജനങ്ങള്‍ക്ക് 257 ജീവനക്കാരെയാണ്. 1,394,418 റെയില്‍വേ ജീവനക്കാരെ മാറ്റിനിര്‍ത്തിയാല്‍ ഒരുലക്ഷം ജനങ്ങള്‍ക്ക് സര്‍ക്കാര്‍സേവനം എത്തിക്കേണ്ടവരുടെ എണ്ണം 125 ആയി ചുരുങ്ങും. തത്തുല്യമായ ജനസംഖ്യയ്ക്ക് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ളത് 840 ഉദ്യോഗസ്ഥരെയും.

മറ്റെല്ലാകാര്യത്തിലും അമേരിക്കയെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന യുപിഎ സര്‍ക്കാര്‍ ഭരണനിര്‍വഹണത്തില്‍ ആ മാതൃക കണ്ടഭാവം പോലും നടിക്കാതെ നിയമനനിരോധം അടിച്ചേല്‍പ്പിക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ പുതിയകാലത്ത് അതിനെ അതിജീവിക്കാന്‍ മാര്‍ക്സിനെ അന്വേഷിക്കുകയും സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ലോകമാകെ ചെയ്യുന്നതെങ്കില്‍ ഇന്ത്യയില്‍ ഇപ്പോഴും നേരംവെളുത്തിട്ടില്ലെന്ന അവസ്ഥയാണ്. കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും പൊതുമേഖലാസ്ഥാപനങ്ങളെ കൈയൊഴിയാനുള്ള നീക്കം ഇപ്പോഴും തുടരുന്നു. ബിജെപി നയിച്ച സര്‍ക്കാരാകട്ടെ പൊതുമേഖലാസ്ഥാപനം പിരിച്ചുവിടുന്നതിന് ഒരു വകുപ്പും ഒരു മന്ത്രിയെയും നിശ്ചയിച്ചതിനും രാജ്യം സാക്ഷിയാണ്. ഇതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം. ജനങ്ങളുടെയും നാടിന്റെയും ക്ഷേമ-ഐശ്വര്യമല്ല കുത്തകകളുടെ അഭിവൃദ്ധിയാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്.

സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണസംവിധാനത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഭരണലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കേരളത്തിലും പ്രകടമാണ്. റവന്യൂ, ആരോഗ്യം, പൊതുവിതരണം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ കുറവ് ജനജീവിതം ദുസ്സഹമാക്കുന്നു. ജനാധിപത്യസംവിധാനം വിജയകരമായി മുന്നേറണമെങ്കില്‍ , ഭരണലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാരും ഭരണാധികാരികളും കൂടിയേതീരൂ. വസ്തുത ഇതായിരിക്കെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ തസ്തിക വെട്ടിക്കുറയ്ക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉന്നതതല സമിതിയെ നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിലെ യുവജനങ്ങളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് തസ്തിക വെട്ടിക്കുറയ്ക്കാനും നിയമനനിരോധം കൊണ്ടുവരാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം. 2001-2006 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയും 20000ത്തോളം തസ്തികകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിരവധിപൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലും ഇതരസേവന മേഖലകളിലും സര്‍ക്കാര്‍ നിക്ഷേപം കുറച്ചു. 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്ന് ഒരുമാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് ധവളപത്രമിറക്കുകയും നവ ലിബറല്‍ നയങ്ങള്‍ മറയില്ലാതെ നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. "സര്‍ക്കാരില്‍നിന്ന്് ഇനിയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഒരു ഫെസിലിറ്റേറ്ററുടെ ചുമതല മാത്രമേ നിര്‍വഹിക്കാനാകൂ എന്നും" അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പ്രസ്താവന നടത്തി. ഈ പ്രസ്താവന വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പ്രതിഷേധത്തെ വഴിതെറ്റിക്കാന്‍ ജീവനക്കാരെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയെന്ന ഹീനതന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഉത്തരവാദിത്വം ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വളരെ ഭീമമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തായിരുന്നു യുഡിഎഫ് നിഗൂഢ അജന്‍ഡ പുറത്തെടുത്തത്. തുടര്‍ന്ന് നിയമന നിരോധം അടിച്ചേല്‍പ്പിക്കുകയും 15000ത്തോളം തസ്തിക അധികമാണെന്നുപറഞ്ഞ് എടുത്തുകളയുകയും ചെയ്തു. പിന്നീട് വന്ന ഇടതുസര്‍ക്കാരാകട്ടെ 35,000 തസ്തിക പുതുതായി സൃഷ്ടിച്ച് യുവജനങ്ങളുടെ തൊഴില്‍സ്വപ്നങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പകരുകയാണ് ചെയ്തത്. യുഡിഎഫ് അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും അതിന്റെ ലാഭംകൊണ്ട് 10 പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് എട്ടുമാസത്തെ സര്‍ക്കാരിന്റെ നടപടികളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും. പ്രതിവര്‍ഷം രണ്ടു ശതമാനം വീതം തസ്തിക വെട്ടിക്കുറച്ച് അഞ്ചുവര്‍ഷം കൊണ്ട് 10 ശതമാനം തസ്തിക ഇല്ലാതാക്കിയ യുപിഎ സര്‍ക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ധനമന്ത്രി കെ എം മാണി ആദ്യം രംഗത്തുവന്നു. പിന്നീട് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കെ എം മാണി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച്് രഹസ്യ ഉത്തരവിറക്കി. ഈ രഹസ്യനീക്കത്തെ ഡിവൈഎഫ്ഐ തുറന്നുകാട്ടുകയും മന്ത്രിസഭാ ഉപസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയുമുണ്ടായി. ഭരണപക്ഷാനുകൂല യുവജനസംഘടനകള്‍ക്കുപോലും ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനായില്ല. ഇത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുകയും ഇപ്പോഴങ്ങനെയൊരു അജന്‍ഡയില്ലെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു.

വ്യക്തിപരമായി പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന് താന്‍ എതിരല്ലെന്നാണ് ഭരണപക്ഷ അനുകൂലസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനര്‍ഥം പെന്‍ഷന്‍പ്രായം വര്‍ധന യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമല്ലെന്നാണ്. ഈ സാഹചര്യത്തില്‍ വേണം സംസ്ഥാന സര്‍വീസിലെ അധിക തസ്തിക കണ്ടെത്താനും നിര്‍ത്തലാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയെ കാണാന്‍ . മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തസ്തികകള്‍ കൃത്യമായും തീരുമാനിക്കപ്പെടുന്നതുവരെ നിര്‍ണായകതസ്തികകള്‍ ഒഴിച്ച് നിയമനം നടത്തരുതെന്നാണ് വിവിധവകുപ്പുകള്‍ക്ക് ധനവകുപ്പ് നല്‍കിയ നിര്‍ദേശം. അധിക തസ്തിക കണ്ടെത്തുന്നതിന്റെ മാനദണ്ഡം എന്താണെന്നത് സംബന്ധിച്ച് ഉത്തരവ് വ്യക്തമായി പറയുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന് സമാനമായ സമ്പൂര്‍ണനിയമന നിരോധമാണ് ലക്ഷ്യമിടുന്നതെന്ന് പകല്‍പോലെ വ്യക്തം. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഒരുനിയമനവും നടക്കില്ലെന്ന് ഉറപ്പായി.

റാങ്ക്ലിസ്റ്റുകള്‍ക്ക് രണ്ടുതവണ കാലാവധി നീട്ടിയിട്ടും കാര്യമായി നിയമനങ്ങളൊന്നും നടത്താതെ, സര്‍ക്കാര്‍ പിഎസ്സിയുമായി കൊമ്പുകോര്‍ത്ത് നാടകം കളിച്ചത് തങ്ങളുടെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിന് വേണ്ടിയാണെന്നത് വെളിവായിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്ത 10 പൊതുമേഖലാസ്ഥാപനങ്ങളിലെ 1919 തസ്തികയിലേക്ക് തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് വ്യവസായവകുപ്പ് റദ്ദാക്കിയിരിക്കുന്നു. ഈ സ്ഥാനങ്ങളിലേക്ക് അതത് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകള്‍ക്ക് ഒഴിവുകള്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. റാങ്ക്ലിസ്റ്റില്‍ പേരുവന്ന് ജോലികാത്തിരുന്ന ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് എല്ലാ പ്രതീക്ഷകളും കീഴ്മേല്‍ മറിക്കുന്നതാണ് ഈ തീരുമാനം. പുതുതായി ആരംഭിച്ച വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഇതിലേക്കായി തയ്യാറാക്കപ്പെട്ട റാങ്കുലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തെക്കുറിച്ചും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിക്ക് കടകവിരുദ്ധമായ നിലപാടാണിത്. ധൃതിപിടിച്ച് റാങ്ക്ലിസ്റ്റ് റദ്ദാക്കി നിയമനാധികാരം സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് കൈമാറ്റംചെയ്യാന്‍ തീരുമാനിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിനു പിന്നില്‍ പോസ്റ്റുകള്‍ ലേലം ചെയ്ത് കോടികള്‍ വാരിക്കൂട്ടാനുള്ള വ്യഗ്രതയാണെന്ന് വ്യക്തം.

സിവില്‍ സര്‍വീസില്‍ അധിക തസ്തികയുണ്ടെന്ന് പ്രഖ്യാപിച്ച് അത് കണ്ടെത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായ സമിതിയെയാണ് നിയോഗിച്ചത്. 2012 ജനുവരി ആറിന് ഇറക്കിയ ഉത്തരവില്‍ , ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിന്റെ ഫലമായി സര്‍ക്കാര്‍ , പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളില്‍ അധിക തസ്തിക ഉണ്ടായിട്ടുണ്ടെന്നും അത് കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കണമെന്നുമാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവിലൂടെ ഫലത്തില്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം നടക്കുന്ന കാലയളവില്‍ ഒരു വകുപ്പധ്യക്ഷനും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുകയില്ല എന്നതാണ് വാസ്തവം. പിഎസ്സി അഡൈ്വസ് ചെയ്തവര്‍ക്കുപോലും യഥാസമയം നിയമനം നല്‍കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. ഫലത്തില്‍ നിയമനനിരോധംമൂലം സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭ്യസ്ത വിദ്യരുടെ സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കുക മാത്രമല്ല, സര്‍വീസിലുള്ളവരുടെ ജീവിതംകൂടി ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

*
ടി വി രാജേഷ് (ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
ദേശാഭിമാനി 21 ഫെബ്രുവരി 2012

Thursday, November 24, 2011

കൂത്തുപറമ്പ് രക്തസാക്ഷിസ്മരണ

കൂത്തുപറമ്പിലെ ധീരരക്തസാക്ഷിത്വങ്ങള്‍ക്ക് പതിനേഴ് സംവത്സരം പൂര്‍ത്തിയാവുകയാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ നടന്ന നഗ്നമായ അധികാര ദുര്‍വിനിയോഗത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ നടന്ന ധീരോദാത്ത പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തത്തിലെഴുതിയ മഹത്തായ അധ്യായമായിരുന്നു അത്. ധീരരക്തസാക്ഷികള്‍ രാജീവന്റെയും ബാബുവിന്റെയും മധുവിന്റെയും റോഷന്റെയും ഷിബുലാലിന്റെയും ജീവത്യാഗം കൂത്തുപറമ്പിനെ ചരിത്രത്തിലേക്കുയര്‍ത്തി. പോരാട്ടങ്ങള്‍ക്ക് ആവേശമായി ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ ഇന്നും നമ്മോടൊപ്പമുണ്ട്. നവലിബറല്‍ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വലതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയ ആ കാലത്ത്, പരിയാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ക്ക് ലാഭം കൊയ്യാന്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചു. അന്നത്തെ സഹകരണവകുപ്പുമന്ത്രി എം വി രാഘവനും മുഖ്യമന്ത്രി കെ കരുണാകരനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും വ്യക്തികളെന്ന നിലയിലാണ് മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥത കൈയാളിയത്. ഉയര്‍ന്നുവന്ന വിമര്‍ശങ്ങളെയും എതിര്‍പ്പുകളെയും പരിഗണിക്കാതെ, തിരുത്തുകള്‍ക്ക് തയ്യാറാകാതെ, പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണക്കാര്‍ ശ്രമിച്ചത്. ഇത് സ്വാഭാവികമായും സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടാക്കി.

വിദ്യാര്‍ഥിസമരങ്ങളെ അടിച്ചമര്‍ത്തുമെന്നും സമരത്തിനിറങ്ങുന്നവര്‍ ശിഷ്ടകാലം കുഴമ്പുപുരട്ടി വീട്ടിലിരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രിതന്നെ വെല്ലുവിളി നടത്തി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പ്രക്ഷോഭം കൂടുതല്‍ കരുത്തുറ്റതാക്കി. സമരം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് കൂത്തുപറമ്പ് അര്‍ബന്‍ സഹകരണ ബാങ്ക് ഉദ്ഘാടനംചെയ്യാന്‍ എം വി രാഘവനും പരിവാരങ്ങളും എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. സഹകരണമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്നവരില്‍ അന്നത്തെ തൊഴില്‍മന്ത്രി എന്‍ രാമകൃഷ്ണനുമുണ്ടായിരുന്നു. പരിയാരത്തെ പകല്‍കൊള്ളയ്ക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നതിനാല്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ അന്ന് അവിടെ തടിച്ചുകൂടി. വന്‍പ്രതിഷേധമുയരുമെന്ന് മനസിലാക്കി രാമകൃഷ്ണനും ഉയര്‍ന്ന പൊലീസ് മേധാവികളും പരിപാടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സഹകരണമന്ത്രിയോട് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുകയുംചെയ്തു. ധാര്‍ഷ്ട്യത്തോടെ അവിടെയെത്തിയ സഹകരണമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസ് അനുചരന്മാരും കൂത്തുപറമ്പിനെ രക്തക്കളമാക്കി മാറ്റി. നിരായുധരായി പ്രതിഷേധിച്ച യുവജനങ്ങളെ ഒരുവിധ പ്രകോപനവും കൂടാതെ വെടിവച്ചുകൊല്ലാനാണ് അധികാരം തലയ്ക്കുപിടിച്ച മന്ത്രിയും അദ്ദേഹത്തിന്റെ സ്വകാര്യകൂലിപ്പട്ടാളത്തെപ്പോലെ പെരുമാറിയ പൊലീസും തയ്യാറായത്. അഞ്ച് ധീരന്മാരായ സഖാക്കള്‍ കൂത്തുപറമ്പിലെ സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞു. വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പത്മനാഭന്‍ കമീഷന്‍ പൊലീസ് നടപടി അതിരുകടന്നതും നീതീകരിക്കാനാവാത്തതുമായി കണ്ടെത്തുകയും മന്ത്രിയുടെ ദുര്‍വാശിയും ഹുങ്കുമായിരുന്നു അതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു. അഞ്ച് ധീരപോരാളികളുടെ ഉശിരാര്‍ന്ന പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും പേരായി കൂത്തുപറമ്പ് എക്കാലത്തും സ്മരിക്കപ്പെടും.

അവരുടെ പോരാട്ടമാണ് പരിയാരത്തെ വിദ്യാഭ്യാസക്കച്ചവടത്തെ ഇല്ലാതാക്കിയത്. അവരുടെ ഓര്‍മകള്‍ കേരളത്തിന്റെ രാഷ്ട്രീയമനസ്സിനെ നിരന്തരം സമരസന്നദ്ധരാക്കി നിലനിര്‍ത്തും എന്നതും തര്‍ക്കമില്ലാത്ത സത്യമാകുന്നു. മഹത്തായ ആ രക്തസാക്ഷിത്വങ്ങളുടെ പതിനേഴാം വാര്‍ഷികം വരുമ്പോള്‍ ലോകം മുഴുവന്‍ മറ്റൊരു സമരമുഖത്താണ്. ആഗോളവല്‍ക്കരണത്തിന്റെ ലാഭതൃഷ്ണയ്ക്കെതിരെ ലോകത്തുടനീളം പ്രതിഷേധം പടര്‍ന്നുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ചരിത്രത്തിന്റെ അവസാനമാണെന്നു പ്രവചിച്ചവര്‍ , സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും സുവര്‍ണയുഗം ഉദിച്ചുവെന്ന് ആര്‍ത്തുവിളിച്ചവര്‍ - എല്ലാവരും ഇന്ന് തിരുത്തിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയില്‍ത്തന്നെ കലാപം പടര്‍ന്നുപിടിക്കുകയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം അമേരിക്കയിലെയും മറ്റ് മുതലാളിത്ത രാജ്യങ്ങളിലെയും തെരുവുകളിലേക്ക് ദരിദ്രരായ തൊണ്ണൂറ്റിയൊമ്പതു ശതമാനത്തെയും സമരക്കൊടിയുമായി ഇറക്കിയിരിക്കുന്നു. സമ്പന്നര്‍ക്കും കോര്‍പറേറ്റ് കുത്തകകള്‍ക്കും ലാഭം കുന്നുകൂടുമ്പോള്‍ മറ്റുള്ളവര്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്ന ദുരന്തദൃശ്യം എങ്ങും വലിയ പ്രതിഷേധങ്ങള്‍ ഇളക്കിവിടുകയാണ്.

മാറ്റത്തിന്റെ കാറ്റ് ഏതെങ്കിലും വന്‍കരകളിലോ രാജ്യങ്ങളിലോമാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അറബ് വസന്തമായി അത് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും അലയടിക്കുമ്പോള്‍ യൂറോപ്പിലെ ഗ്രീസിലും ഇറ്റലിയിലും ഭരണാധികാരികളെ അധികാരഭ്രഷ്ടരാക്കിത്തീര്‍ത്തിരിക്കുന്നു. നവലിബറല്‍ നയങ്ങള്‍ അമേരിക്കയെ എത്തിച്ചിരിക്കുന്നതെവിടെയെന്ന് അന്ധമായ അമേരിക്കന്‍ ദാസ്യം പിന്തുടരുന്ന ഇന്ത്യ കാണാതിരിക്കുകയാണ്. ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരാകുന്നു എന്നതിനെ മറച്ചുപിടിക്കാന്‍ ദാരിദ്ര്യരേഖയെ കൂടുതല്‍ താഴോട്ടേക്കാക്കാന്‍ യുപിഎ സര്‍ക്കാര്‍ മടിക്കുന്നില്ല. അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധിയിലേക്കാണ് രാജ്യം കുതിക്കുന്നത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കാനും ദേശത്തിന് മുതല്‍ക്കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനെ കേവലം നികുതിവെട്ടിപ്പുമാത്രമായി ചുരുക്കുകയാണ്. ഇരുപതുവര്‍ഷത്തെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. എണ്ണവിലനിയന്ത്രണം സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എണ്ണക്കമ്പനികള്‍ തോന്നുംപോലെ വില കൂട്ടുകയാണ്. മരുന്നുകമ്പനികളുടെ ദാക്ഷിണ്യത്തിനു ആരോഗ്യമേഖലയെ എറിഞ്ഞുകൊടുത്തിരിക്കുന്നു. അവശ്യമരുന്നുകളുടെ വന്‍ വിലക്കയറ്റത്തിനാണ് ഇത് കാരണമാകുന്നത്.

അമേരിക്കന്‍ തകര്‍ച്ചയില്‍നിന്ന് നമ്മുടെ രാജ്യം ഒന്നും പഠിക്കുന്നില്ലെന്നുമാത്രമല്ല കൂടുതല്‍ അപകടത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്നതാണ് സത്യം. കേന്ദ്രസര്‍ക്കാരിന്റെ അതേ വഴിതന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്. പാമൊലിന്‍ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സത്യം കൂടുതല്‍ വെളിയില്‍ വരുമ്പോള്‍ ചിത്രത്തില്‍ തെളിയുന്നത് കുറ്റവാളിയായ ഉമ്മന്‍ചാണ്ടിയുടെ രൂപമാണ്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ മൊഴികളുമായി പലരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു. മൊഴി നിരന്തരം മാറ്റാന്‍ പണം വാരിയെറിഞ്ഞ കഥകള്‍ കൂടെ നിന്നവര്‍തന്നെ വിളിച്ചുപറയുന്നു. നിയമവ്യവസ്ഥയെത്തന്നെ അട്ടിമറിച്ച സദാചാരധ്വംസകര്‍ , ലൈംഗിക അഴിഞ്ഞാട്ടക്കാര്‍ തുടങ്ങിയവര്‍ അധികാരസ്ഥാനങ്ങളിലിരിക്കുമ്പോള്‍ കേസിന്റെ വിധി എന്തായിരിക്കുമെന്നത് സംശയാസ്പദമാകുന്നു. അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട ബാലകൃഷ്ണപിള്ള തടവുകാലത്ത് പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികിത്സ നടത്തുന്നു. ഒടുവില്‍ ശിക്ഷാകാലാവധി തീരുംമുമ്പ് വിട്ടയക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യസ്വാശ്രയ കച്ചവടക്കാരെ കയറൂരിവിട്ടിരിക്കുന്നു. മെറിറ്റിനെയും കോഴ്സിനെയും ക്ലാസ് കയറ്റത്തെയുമെല്ലാം അട്ടിമറിച്ചുകൊണ്ട് നിര്‍മല്‍ മാധവുമാരെ പരിപോഷിപ്പിക്കുന്നു. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് വെടിവയ്പിക്കുന്നു. വെടിവച്ചവനെ സംരക്ഷിക്കുന്നു. കേരളത്തിലെ ബഹുമാന്യരായ നേതാക്കളെ അസഭ്യം പറയാന്‍വേണ്ടി നികുതിപ്പണം ചെലവാക്കി പി സി ജോര്‍ജുമാരെ കസേരകളില്‍ കയറ്റിയിരുത്തുന്നു.

ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശ്കുമാറും കുറ്റകൃത്യങ്ങളില്‍ പുതിയ മാര്‍ഗങ്ങള്‍ തങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപകരുടെമേല്‍ പരീക്ഷിക്കുന്നു. നാടെങ്ങും മദ്യക്കച്ചവടം തഴയ്ക്കുന്നു; കൈക്കൂലി വാങ്ങി ബാര്‍ഹോട്ടലുകള്‍ തുറക്കുന്നു. ഗുണ്ടാ നേതാക്കന്മാര്‍ എംപിമാരാകുമ്പോള്‍ അവരുടെ ഗണ്‍മാന്മാര്‍ നിരപരാധികളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. കേരളമിങ്ങനെ ദിനംപ്രതി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനജീവിതം വിലക്കയറ്റത്താല്‍ അത്യന്തം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ഈ കാലയളവിലാണ് ധീരോദാത്തമായ രക്തസാക്ഷിത്വങ്ങളുടെ മഹാസ്മരണയുമായി നവംബര്‍ 25 കടന്നുവരുന്നത്. പോരാട്ടമല്ലാതെ പോംവഴിയില്ലെന്ന ചരിത്രപാഠവുമാണ് കൂത്തുപറമ്പ് രക്തസാക്ഷിദിനം ഓര്‍മിപ്പിക്കുന്നത്. ഒരു പോരാട്ടവും ഒരു രക്തസാക്ഷിത്വവും വൃഥാവിലാകില്ലെന്ന സത്യം നവംബര്‍ 25 നമ്മെ പഠിപ്പിക്കുന്നു. ആ കരുത്തില്‍ നാം ഈ ദുരിതങ്ങളെ അതിജീവിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

*
ടി വി രാജേഷ് ദേശാഭിമാനി 25 നവംബര്‍ 2011

Tuesday, November 15, 2011

ഈ ഗ്രാമങ്ങളുടെ കണ്ണീരൊപ്പാം

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഇന്ന് കേവലം ഒരു ജില്ലയ്ക്കകത്തുമാത്രം ഒതുങ്ങുന്നതല്ല. ഭൂഖണ്ഡങ്ങളും താണ്ടി ലോകമനഃസാക്ഷിയുടെ കോടതിയില്‍വരെ അതെത്തിയിരിക്കുന്നു. അതിനുദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പഠനത്തിനും റിപ്പോര്‍ട്ടിങ്ങിനുമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുന്ന ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങിനിന്ന സമരം ഇന്ന് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. കാസര്‍കോട്ടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് വാദിച്ചിരുന്ന ഭരണകൂടംപോലും ഇന്ന് സ്വരംമാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി 1977 മുതല്‍ 2000 ഡിസംബര്‍ 27 വരെയാണ് കാസര്‍കോട്ടെ 11 പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തളിച്ചത്. തുടര്‍ച്ചയായി 23 വര്‍ഷമായി ഒരു ജനത മാരകമായ ഈ കീടനാശിനിയുടെ ഇരകളാവുകയായിരുന്നു. പാമ്പുകളും തേനീച്ചകളും പൂമ്പാറ്റകളും മീനുകളും ചത്തടിഞ്ഞപ്പോഴും പരിസ്ഥിതിക്ക് പ്രാധാന്യമുള്ള നിരവധി സസ്യജാലങ്ങള്‍ മുളയ്ക്കാതെ വന്നപ്പോഴും വികൃതരൂപികളായ പശുക്കുട്ടികള്‍ ജന്മമെടുത്തപ്പോഴും ആരും അത്ര ഗൗരവമായെടുത്തില്ല. കാസര്‍കോട്ടെ ഉള്‍നാടന്‍ ചെങ്കല്‍കുന്നുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികളും നീരുറവകളും വിഷംപേറി ഒഴുകിത്തുടങ്ങി. വികൃതരൂപികളായ കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ കാസര്‍കോട്ടെ വടക്കന്‍ പഞ്ചായത്തുകളില്‍ അധിവസിക്കുന്നവര്‍ വിശ്വസിച്ചിരുന്നത് ഇത് ജടധാരിയുടെ കോപമാണെന്നാണ്. തുളുവരുടെ ഒരു തെയ്യമാണ് ജടധാരി. ശീവൊള്ളി ബ്രാഹ്മണന്‍ ജടധാരിയെ കൊന്ന് കുഴിച്ചുമൂടിയെന്നും അതിന്റെ പ്രതികാരമാണ് വികൃതരൂപത്തിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്നുള്ള ഒരു മിത്ത് പ്രചാരത്തിലുണ്ട്. ആണ്ടുതോറും എന്‍മകജെ സ്വര്‍ഗയിലെ ജടധാരിക്കാവില്‍ ജടധാരി തെയ്യം കെട്ടിയാടുന്ന പതിവ് ഇന്നുമുണ്ട്.

സംഭവം പുറംലോകമറിഞ്ഞതോടെയാണ് ഭീകരത ജനങ്ങള്‍ തിരിച്ചറിഞ്ഞത്. നീരുറവകളും കിണറുകളും മൂടാതെ എന്‍ഡോസള്‍ഫാന്‍ തളിച്ചത് മണ്ണിനെയും ജലത്തെയും വിഷലിപ്തമാക്കി. സസ്തനികള്‍ക്കും ഉരഗങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ന്യൂറോടോക്സിക് എന്ന രാസവസ്തു എന്‍ഡോസള്‍ഫാനില്‍ അടങ്ങിയതായി കമ്പനിയുടെ മാന്വലില്‍ത്തന്നെ പറയുന്നുണ്ട്. കമ്പനിതന്നെ ഇക്കാര്യം സമ്മതിക്കെ ഒരു ദാക്ഷിണ്യവും കൂടാതെ വര്‍ഷങ്ങളായി മാരകവിഷം തളിച്ചതിന്റെ പിന്നിലെ ഗൂഢാലോചന ഇനിയും വെളിച്ചത്തു വന്നിട്ടില്ല. സിപിസിആര്‍ഐയിലെയും കൃഷിവകുപ്പിലെയും ശാസ്ത്രജ്ഞന്‍മാരാണ് തേയില കൊതുകിനെ കൊല്ലാനായി ഈ കീടനാശിനി ശുപാര്‍ശചെയ്തത്. 1.745/ രാ3 സാന്ദ്രതയിലുള്ള .33 മില്ലിഗ്രാം എന്‍ഡോസള്‍ഫാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഹെലികോപ്റ്റര്‍ വഴി ആകാശമാര്‍ഗം തളിക്കാന്‍ ശുപാര്‍ശചെയ്തതിന്റെ എല്ലാ പാപഭാരവും ഈ ശാസ്ത്രജ്ഞന്‍മാര്‍ക്കാണ്. അവരാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്റെ ഔദ്യോഗിക രക്ഷകര്‍ . അവര്‍ ചാനലുകള്‍ക്ക് മുന്നിലിരുന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതരെ നോക്കി പറയുന്നു, നിങ്ങളുടെ രോഗത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന്. കാലം അവര്‍ക്കു മാപ്പു കൊടുക്കില്ല. ആറാം വയസ്സു മുതല്‍ ശരീരം തളര്‍ന്നുകിടക്കേണ്ടിവന്ന വണിനഗറിലെ ശീലാവതിയെയും അന്യഗ്രഹ ജീവികളെപ്പോലെ ഇന്നും ഇഴഞ്ഞുനടക്കുന്ന ബെള്ളൂരിലെ സൗമ്യയെയും അരുണ്‍കുമാറിനെയും ഐത്തനടുക്കയിലെ റിഷാനയെയും മുളിയാറിലെ ഷാഹിനെയും നോക്കി ഇതുപറയാന്‍ എങ്ങനെ ഇവര്‍ക്ക് മനസ്സുവരുന്നു! ജീവിതകാലം മുഴുവന്‍ നാക്ക് പുറത്തേക്കിട്ട് ജീവിക്കേണ്ടിവന്ന കവിതയുടെയും തല ഭീമാകാരമായി വലുതായി വലുതായിവന്ന് മരിച്ച സൈനബയുടെയും രക്തക്കട്ടകള്‍ ഛര്‍ദിച്ച് മരിച്ച ബെള്ളൂര്‍ ഗോളിക്കട്ടയിലെ പ്രജിതയുടെയും, പിറവിയിലോ പിറക്കാതെ തന്നെയോ മരിച്ചുപോയ ആയിരക്കണക്കിന് കുരുന്നുകളുടെയും നിലവിളി എന്‍ഡോസള്‍ഫാന്‍ സ്തുതിപാഠകരെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഹിരോഷിമയിലും നാഗസാക്കിയിലും ഒറ്റയടിക്കാണ് ആറ്റംബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കിയതെങ്കില്‍ കാല്‍നൂറ്റാണ്ടുകാലം പതിനൊന്നു പഞ്ചായത്തുകളും അനുബന്ധഗ്രാമങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. ഈ അക്രമത്തില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് നാളെയുടെ പ്രതീക്ഷയായ കുഞ്ഞുങ്ങള്‍ക്കാണ്. ഇനിയും ജനിക്കാനിരിക്കുന്ന തലമുറകള്‍ക്കാണ്. ഈ വിഷലോബിയെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ നാണംകെട്ടത്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഇത് തങ്ങളുടെ തലമുറകള്‍ക്ക് ആപത്താണ് എന്ന് സാക്ഷ്യം പറഞ്ഞിട്ടും ഇന്ത്യയ്ക്ക് മാത്രം അത് സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ 2011 ഒക്ടോബറില്‍ ഡിവൈഎഫ്ഐ കൊടുത്ത കേസില്‍ സുപ്രീംകോടതി ഈ മാരക കീടനാശിനിയെ നിരോധിച്ചു.

ഡിവൈഎഫ്ഐ കൊടുത്ത അന്യായത്തെ എതിര്‍ക്കാനായി എത്തിയത് കോണ്‍ഗ്രസ് വക്താക്കളായ അഭിഭാഷകരാണ്. കോണ്‍ഗ്രസ് വക്താക്കള്‍ എന്‍ഡോസള്‍ഫാന്റെയും വക്താക്കളാകുന്നു. ഈ വിഷയത്തിലെ അവരുടെ നിലപാടുകള്‍ കീടനാശിനിലോബികള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ബാധിത മേഖലയില്‍ കൊണ്ടുവന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി പുതിയ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. പെന്‍ഷനും ചികില്‍സാ ആനുകൂല്യങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ 100-ാം ദിനാഘോഷത്തില്‍ത്തന്നെ നാമമാത്രമായി. എന്‍ഡോസള്‍ഫാന്‍ സെല്ലിനെ നിര്‍ജീവമാക്കി പുനരധിവാസ പദ്ധതികള്‍തന്നെ അട്ടിമറിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഭൂമിയുടെ 60 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് പ്ലാന്റേഷന്‍ കോര്‍പറേഷനാണ്. ഇപ്പോള്‍ അവര്‍ പ്ലാന്റേഷന്‍ തൊഴിലാളികളെ ഉപയോഗിച്ച് പുതിയ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നു. പ്ലാന്റേഷന്‍ സംരക്ഷണ സമിതിയെന്ന പേരില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് അധികാരികള്‍ . ഒരുകാലത്ത് എന്‍ഡോസള്‍ഫാന്‍ സമരത്തെ പ്രതിരോധിച്ചതും ഇതേ തൊഴിലാളികളെക്കൊണ്ടായിരുന്നു. അന്ന് ശരീരത്തില്‍ എന്‍ഡോസള്‍ഫാന്‍ വാരിത്തേച്ച് "കണ്ടോ ഒരു കുഴപ്പവുമില്ല" എന്നുപറഞ്ഞവര്‍ക്ക് പിന്നീട് ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. തുച്ഛമായ കൂലിയാണ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് ഇന്നും നല്‍കുന്നത്. പ്ലാന്റേഷന്റെ കുതന്ത്രങ്ങള്‍ തൊഴിലാളികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ കഷ്ടപ്പാടുകള്‍ അതിദാരുണമാണ്. രോഗവും രോഗപീഡയും പാര്‍പ്പിടവും ശുദ്ധജലമില്ലായ്മയും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതുകൊണ്ട് തീരുന്നതല്ല ഇവിടത്തെ പ്രശ്നം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ച ഡിവൈഎഫ്ഐ പുതിയ കര്‍മപദ്ധതിക്കുകൂടി തുടക്കം കുറിക്കുകയാണ്. പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ച 87.26 ലക്ഷം രൂപ ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയാണ്.

15 രോഗബാധിത കുടുംബങ്ങള്‍ക്ക് വീട് നല്‍കും. വര്‍ഷങ്ങളായി കിടപ്പായ മാധ്യമങ്ങളിലൂടെ ജനലക്ഷങ്ങളുടെ നൊമ്പരമായ വാണിനഗറിലെ ശീലാവതിയുടേതുള്‍പ്പെടെ നിരാലംബരായ കുടുംബങ്ങള്‍ക്കാണ് വീട് നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ മിടുക്കന്‍മാരായ 50 വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപ വീതം വിദ്യാഭ്യാസ സ്കോളര്‍ഷിപ്, രോഗികളുടെ ആവശ്യാര്‍ഥം യാത്രയ്ക്കുവേണ്ടി ആംബുലന്‍സ് സര്‍വീസ്, ദുരിതാശ്വാസ സഹായനിധി എന്നിവയാണ് പ്രധാനമായും പുനരധിവാസ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഒരു യുവജനപ്രസ്ഥാനം നടത്തുന്ന പ്രധാന ജീവകാരുണ്യ ഇടപെടലായി എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസപദ്ധതി മാറുകയാണ്. നവംബര്‍ 16ന് രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കും. ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യം ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്തവും കടമയുമാണ്. ഒരു സന്ധ്യയ്ക്ക് പെറുവിലെ ആമസോണ്‍ നദിക്ക് കുറുകെ നീന്തി സാന്‍ പാബ്ലോയിലെ കുഷ്ഠരോഗികളുടെ കോളനിയിലെ രോഗബാധിതരോടൊപ്പം തന്റെ ജന്മദിനം ആഘോഷിച്ച ഏണസ്റ്റോ ചെഗുവേരയുടെ "നിസ്സഹായരോടും നിരാലംബരോടും കാട്ടുന്ന കരുണ മറ്റൊരു വിപ്ലവംതന്നെ"ആണെന്ന വാക്കുകള്‍ ഞങ്ങളുടെ കര്‍ണപുടങ്ങളില്‍ ഇന്നും അലയടിക്കുന്നു.

*
സിജി മാത്യു (ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 15 നവംബര്‍ 2011