കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഇന്ന് കേവലം ഒരു ജില്ലയ്ക്കകത്തുമാത്രം ഒതുങ്ങുന്നതല്ല. ഭൂഖണ്ഡങ്ങളും താണ്ടി ലോകമനഃസാക്ഷിയുടെ കോടതിയില്‍വരെ അതെത്തിയിരിക്കുന്നു. അതിനുദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പഠനത്തിനും റിപ്പോര്‍ട്ടിങ്ങിനുമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുന്ന ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങിനിന്ന സമരം ഇന്ന് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. കാസര്‍കോട്ടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് വാദിച്ചിരുന്ന ഭരണകൂടംപോലും ഇന്ന് സ്വരംമാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി 1977 മുതല്‍ 2000 ഡിസംബര്‍ 27 വരെയാണ് കാസര്‍കോട്ടെ 11 പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തളിച്ചത്. തുടര്‍ച്ചയായി 23 വര്‍ഷമായി ഒരു ജനത മാരകമായ ഈ കീടനാശിനിയുടെ ഇരകളാവുകയായിരുന്നു. പാമ്പുകളും തേനീച്ചകളും പൂമ്പാറ്റകളും മീനുകളും ചത്തടിഞ്ഞപ്പോഴും പരിസ്ഥിതിക്ക് പ്രാധാന്യമുള്ള നിരവധി സസ്യജാലങ്ങള്‍ മുളയ്ക്കാതെ വന്നപ്പോഴും വികൃതരൂപികളായ പശുക്കുട്ടികള്‍ ജന്മമെടുത്തപ്പോഴും ആരും അത്ര ഗൗരവമായെടുത്തില്ല. കാസര്‍കോട്ടെ ഉള്‍നാടന്‍ ചെങ്കല്‍കുന്നുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികളും നീരുറവകളും വിഷംപേറി ഒഴുകിത്തുടങ്ങി. വികൃതരൂപികളായ കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ കാസര്‍കോട്ടെ വടക്കന്‍ പഞ്ചായത്തുകളില്‍ അധിവസിക്കുന്നവര്‍ വിശ്വസിച്ചിരുന്നത് ഇത് ജടധാരിയുടെ കോപമാണെന്നാണ്. തുളുവരുടെ ഒരു തെയ്യമാണ് ജടധാരി. ശീവൊള്ളി ബ്രാഹ്മണന്‍ ജടധാരിയെ കൊന്ന് കുഴിച്ചുമൂടിയെന്നും അതിന്റെ പ്രതികാരമാണ് വികൃതരൂപത്തിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്നുള്ള ഒരു മിത്ത് പ്രചാരത്തിലുണ്ട്. ആണ്ടുതോറും എന്‍മകജെ സ്വര്‍ഗയിലെ ജടധാരിക്കാവില്‍ ജടധാരി തെയ്യം കെട്ടിയാടുന്ന പതിവ് ഇന്നുമുണ്ട്.
സംഭവം പുറംലോകമറിഞ്ഞതോടെയാണ് ഭീകരത ജനങ്ങള്‍ തിരിച്ചറിഞ്ഞത്. നീരുറവകളും കിണറുകളും മൂടാതെ എന്‍ഡോസള്‍ഫാന്‍ തളിച്ചത് മണ്ണിനെയും ജലത്തെയും വിഷലിപ്തമാക്കി. സസ്തനികള്‍ക്കും ഉരഗങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ന്യൂറോടോക്സിക് എന്ന രാസവസ്തു എന്‍ഡോസള്‍ഫാനില്‍ അടങ്ങിയതായി കമ്പനിയുടെ മാന്വലില്‍ത്തന്നെ പറയുന്നുണ്ട്. കമ്പനിതന്നെ ഇക്കാര്യം സമ്മതിക്കെ ഒരു ദാക്ഷിണ്യവും കൂടാതെ വര്‍ഷങ്ങളായി മാരകവിഷം തളിച്ചതിന്റെ പിന്നിലെ ഗൂഢാലോചന ഇനിയും വെളിച്ചത്തു വന്നിട്ടില്ല. സിപിസിആര്‍ഐയിലെയും കൃഷിവകുപ്പിലെയും ശാസ്ത്രജ്ഞന്‍മാരാണ് തേയില കൊതുകിനെ കൊല്ലാനായി ഈ കീടനാശിനി ശുപാര്‍ശചെയ്തത്. 1.745/ രാ3 സാന്ദ്രതയിലുള്ള .33 മില്ലിഗ്രാം എന്‍ഡോസള്‍ഫാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഹെലികോപ്റ്റര്‍ വഴി ആകാശമാര്‍ഗം തളിക്കാന്‍ ശുപാര്‍ശചെയ്തതിന്റെ എല്ലാ പാപഭാരവും ഈ ശാസ്ത്രജ്ഞന്‍മാര്‍ക്കാണ്. അവരാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്റെ ഔദ്യോഗിക രക്ഷകര്‍ . അവര്‍ ചാനലുകള്‍ക്ക് മുന്നിലിരുന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതരെ നോക്കി പറയുന്നു, നിങ്ങളുടെ രോഗത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന്. കാലം അവര്‍ക്കു മാപ്പു കൊടുക്കില്ല. ആറാം വയസ്സു മുതല്‍ ശരീരം തളര്‍ന്നുകിടക്കേണ്ടിവന്ന വണിനഗറിലെ ശീലാവതിയെയും അന്യഗ്രഹ ജീവികളെപ്പോലെ ഇന്നും ഇഴഞ്ഞുനടക്കുന്ന ബെള്ളൂരിലെ സൗമ്യയെയും അരുണ്‍കുമാറിനെയും ഐത്തനടുക്കയിലെ റിഷാനയെയും മുളിയാറിലെ ഷാഹിനെയും നോക്കി ഇതുപറയാന്‍ എങ്ങനെ ഇവര്‍ക്ക് മനസ്സുവരുന്നു! ജീവിതകാലം മുഴുവന്‍ നാക്ക് പുറത്തേക്കിട്ട് ജീവിക്കേണ്ടിവന്ന കവിതയുടെയും തല ഭീമാകാരമായി വലുതായി വലുതായിവന്ന് മരിച്ച സൈനബയുടെയും രക്തക്കട്ടകള്‍ ഛര്‍ദിച്ച് മരിച്ച ബെള്ളൂര്‍ ഗോളിക്കട്ടയിലെ പ്രജിതയുടെയും, പിറവിയിലോ പിറക്കാതെ തന്നെയോ മരിച്ചുപോയ ആയിരക്കണക്കിന് കുരുന്നുകളുടെയും നിലവിളി എന്‍ഡോസള്‍ഫാന്‍ സ്തുതിപാഠകരെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഹിരോഷിമയിലും നാഗസാക്കിയിലും ഒറ്റയടിക്കാണ് ആറ്റംബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കിയതെങ്കില്‍ കാല്‍നൂറ്റാണ്ടുകാലം പതിനൊന്നു പഞ്ചായത്തുകളും അനുബന്ധഗ്രാമങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. ഈ അക്രമത്തില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് നാളെയുടെ പ്രതീക്ഷയായ കുഞ്ഞുങ്ങള്‍ക്കാണ്. ഇനിയും ജനിക്കാനിരിക്കുന്ന തലമുറകള്‍ക്കാണ്. ഈ വിഷലോബിയെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ നാണംകെട്ടത്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഇത് തങ്ങളുടെ തലമുറകള്‍ക്ക് ആപത്താണ് എന്ന് സാക്ഷ്യം പറഞ്ഞിട്ടും ഇന്ത്യയ്ക്ക് മാത്രം അത് സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ 2011 ഒക്ടോബറില്‍ ഡിവൈഎഫ്ഐ കൊടുത്ത കേസില്‍ സുപ്രീംകോടതി ഈ മാരക കീടനാശിനിയെ നിരോധിച്ചു.
ഡിവൈഎഫ്ഐ കൊടുത്ത അന്യായത്തെ എതിര്‍ക്കാനായി എത്തിയത് കോണ്‍ഗ്രസ് വക്താക്കളായ അഭിഭാഷകരാണ്. കോണ്‍ഗ്രസ് വക്താക്കള്‍ എന്‍ഡോസള്‍ഫാന്റെയും വക്താക്കളാകുന്നു. ഈ വിഷയത്തിലെ അവരുടെ നിലപാടുകള്‍ കീടനാശിനിലോബികള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ബാധിത മേഖലയില്‍ കൊണ്ടുവന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി പുതിയ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. പെന്‍ഷനും ചികില്‍സാ ആനുകൂല്യങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ 100-ാം ദിനാഘോഷത്തില്‍ത്തന്നെ നാമമാത്രമായി. എന്‍ഡോസള്‍ഫാന്‍ സെല്ലിനെ നിര്‍ജീവമാക്കി പുനരധിവാസ പദ്ധതികള്‍തന്നെ അട്ടിമറിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഭൂമിയുടെ 60 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് പ്ലാന്റേഷന്‍ കോര്‍പറേഷനാണ്. ഇപ്പോള്‍ അവര്‍ പ്ലാന്റേഷന്‍ തൊഴിലാളികളെ ഉപയോഗിച്ച് പുതിയ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നു. പ്ലാന്റേഷന്‍ സംരക്ഷണ സമിതിയെന്ന പേരില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് അധികാരികള്‍ . ഒരുകാലത്ത് എന്‍ഡോസള്‍ഫാന്‍ സമരത്തെ പ്രതിരോധിച്ചതും ഇതേ തൊഴിലാളികളെക്കൊണ്ടായിരുന്നു. അന്ന് ശരീരത്തില്‍ എന്‍ഡോസള്‍ഫാന്‍ വാരിത്തേച്ച് "കണ്ടോ ഒരു കുഴപ്പവുമില്ല" എന്നുപറഞ്ഞവര്‍ക്ക് പിന്നീട് ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. തുച്ഛമായ കൂലിയാണ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് ഇന്നും നല്‍കുന്നത്. പ്ലാന്റേഷന്റെ കുതന്ത്രങ്ങള്‍ തൊഴിലാളികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ കഷ്ടപ്പാടുകള്‍ അതിദാരുണമാണ്. രോഗവും രോഗപീഡയും പാര്‍പ്പിടവും ശുദ്ധജലമില്ലായ്മയും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതുകൊണ്ട് തീരുന്നതല്ല ഇവിടത്തെ പ്രശ്നം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ച ഡിവൈഎഫ്ഐ പുതിയ കര്‍മപദ്ധതിക്കുകൂടി തുടക്കം കുറിക്കുകയാണ്. പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ച 87.26 ലക്ഷം രൂപ ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയാണ്.
15 രോഗബാധിത കുടുംബങ്ങള്‍ക്ക് വീട് നല്‍കും. വര്‍ഷങ്ങളായി കിടപ്പായ മാധ്യമങ്ങളിലൂടെ ജനലക്ഷങ്ങളുടെ നൊമ്പരമായ വാണിനഗറിലെ ശീലാവതിയുടേതുള്‍പ്പെടെ നിരാലംബരായ കുടുംബങ്ങള്‍ക്കാണ് വീട് നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ മിടുക്കന്‍മാരായ 50 വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപ വീതം വിദ്യാഭ്യാസ സ്കോളര്‍ഷിപ്, രോഗികളുടെ ആവശ്യാര്‍ഥം യാത്രയ്ക്കുവേണ്ടി ആംബുലന്‍സ് സര്‍വീസ്, ദുരിതാശ്വാസ സഹായനിധി എന്നിവയാണ് പ്രധാനമായും പുനരധിവാസ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഒരു യുവജനപ്രസ്ഥാനം നടത്തുന്ന പ്രധാന ജീവകാരുണ്യ ഇടപെടലായി എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസപദ്ധതി മാറുകയാണ്. നവംബര്‍ 16ന് രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കും. ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യം ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്തവും കടമയുമാണ്. ഒരു സന്ധ്യയ്ക്ക് പെറുവിലെ ആമസോണ്‍ നദിക്ക് കുറുകെ നീന്തി സാന്‍ പാബ്ലോയിലെ കുഷ്ഠരോഗികളുടെ കോളനിയിലെ രോഗബാധിതരോടൊപ്പം തന്റെ ജന്മദിനം ആഘോഷിച്ച ഏണസ്റ്റോ ചെഗുവേരയുടെ "നിസ്സഹായരോടും നിരാലംബരോടും കാട്ടുന്ന കരുണ മറ്റൊരു വിപ്ലവംതന്നെ"ആണെന്ന വാക്കുകള്‍ ഞങ്ങളുടെ കര്‍ണപുടങ്ങളില്‍ ഇന്നും അലയടിക്കുന്നു.
*
സിജി മാത്യു (ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)
ദേശാഭിമാനി 15 നവംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
ഡിവൈഎഫ്ഐ കൊടുത്ത അന്യായത്തെ എതിര്‍ക്കാനായി എത്തിയത് കോണ്‍ഗ്രസ് വക്താക്കളായ അഭിഭാഷകരാണ്. കോണ്‍ഗ്രസ് വക്താക്കള്‍ എന്‍ഡോസള്‍ഫാന്റെയും വക്താക്കളാകുന്നു. ഈ വിഷയത്തിലെ അവരുടെ നിലപാടുകള്‍ കീടനാശിനിലോബികള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ബാധിത മേഖലയില്‍ കൊണ്ടുവന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി പുതിയ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്.
Post a Comment