അഖിലേന്ത്യാ കര്‍ഷക തൊഴിലാളിയൂണിയന്‍ ജനറല്‍ സെക്രട്ടറി, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം, മന്ത്രി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് സംഘടനയുടെയും പാര്‍ടിയുടെയും വളര്‍ച്ചയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ സഖാവ് എം കെ കൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട നിസ്വവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ അവകാശബോധമുള്ളവരാക്കി മാറ്റാനും ജീവിതം ഉഴിഞ്ഞുവച്ച സമരനായകനായിരുന്നു എം കെ കൃഷ്ണന്‍ . എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ എടവനക്കാട്ട് നിര്‍ധനകുടുംബത്തില്‍ പിറന്ന എം കെ ചെറുപ്പംമുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എടവനക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷക തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിത്തൊഴിലാളികളെയും സംഘടിപ്പിക്കാനും അവരുടെ സമരനേതാവായി മാറാനും സഖാവിന് കഴിഞ്ഞു. എടവനക്കാട്ടെ കാര്‍ഷികമേഖലയില്‍ ഭൂവുടമകളുടെ കൂലി നിഷേധത്തിനെതിരെ എം കെയുടെ നേതൃത്വത്തില്‍ ഉജ്വലസമരം നടന്നിട്ടുണ്ട്.
കര്‍ഷക തൊഴിലാളികളുടെ പ്രശ്നങ്ങളും നാടിന്റെ പൊതുസ്ഥിതിയും സസൂക്ഷ്മം വിലയിരുത്തി അത് ലളിതമായി തൊഴിലാളികളുടെ ഭാഷയില്‍ വിശദീകരിച്ചുകൊടുക്കാന്‍ എം കെയ്ക്ക് അസാമാന്യ പാടവമുണ്ടായിരുന്നു. 1970ല്‍ പാലക്കാട്ട് ചേര്‍ന്ന കെഎസ്കെടിയു ഒന്നാം സംസ്ഥാനസമ്മേളനത്തില്‍ എം കെയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള കാലയളവ് ഒഴികെയുള്ള വര്‍ഷങ്ങള്‍ യൂണിയന്‍ പ്രസിഡന്റായും, 1991ല്‍ ബിഹാറിലെ സമസ്തിപുരില്‍ ചേര്‍ന്ന രണ്ടാം ദേശീയ സമ്മേളനം മുതല്‍ അഖിലേന്ത്യാ യൂണിയന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1994 നവംബര്‍ 14ന് തൃശൂരില്‍ നടന്ന കര്‍ഷകസംഘം സംസ്ഥാനസമ്മേളനത്തില്‍ കര്‍ഷക തൊഴിലാളി യൂണിയനുവേണ്ടി അഭിവാദ്യമര്‍പ്പിച്ച് പ്രസംഗിക്കവെ വേദിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 1947 ല്‍ പാര്‍ടിഅംഗമായ അദ്ദേഹം 1953 മുതല്‍ 1962 വരെ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ല്‍ കുന്നത്തൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇ എം എസ് സര്‍ക്കാരില്‍ മന്ത്രിയായി.
1980ല്‍ ഞാറയ്ക്കലില്‍നിന്ന് ജയിച്ച് ഇ കെ നായനാര്‍ മന്ത്രിസഭയിലും അംഗമായി. സംഘടനാരംഗത്തെന്നപോലെ ഭരണരംഗത്തും കഴിവ് തെളിയിച്ച കരുത്തുറ്റ നേതാവായിരുന്നു എം കെ കൃഷ്ണന്‍ . റിയല്‍ എസ്റ്റേറ്റുകാരും നിക്ഷിപ്തതാല്‍പ്പര്യക്കാരും ചേര്‍ന്ന് നെല്‍പ്പാടങ്ങള്‍ മണ്ണിട്ടുനികത്തുന്നത് ഇന്ന് വ്യാപകമാണ്. ഇത് തടയാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ -തണ്ണീര്‍ത്തട നിയമം കൊണ്ടുവന്നു. മനുഷ്യര്‍ക്ക് ഭക്ഷണവും ശുദ്ധജലവും തൊഴിലാളികള്‍ക്ക് ജോലിയും ലഭിച്ചേ തീരൂ എന്ന് മനസിലാക്കിയാണ് നിയമം പാസാക്കിയത്. നിയമം നിലവില്‍ വന്നതോടെ നെല്‍ക്കൃഷിചെയ്യാന്‍ പലരും മുന്നോട്ടുവന്നു. നെല്ലിന് വില വര്‍ധിപ്പിച്ചും കാര്‍ഷിക കടാശ്വാസ നടപടികള്‍ സ്വീകരിച്ചും എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷികമേഖലയെ സംരക്ഷിച്ചു. അതിന്റെ ഫലമായി അറുപതിനായിരം ഏക്കറില്‍ പുതിയതായി നെല്‍ക്കൃഷിചെയ്യാന്‍ കഴിഞ്ഞു. ഭക്ഷ്യ സുരക്ഷിതത്വവും കുടിവെള്ള ലഭ്യതയും തൊഴിലും ഭദ്രമാകണമെങ്കില്‍ നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണനിയമം ഫലപ്രദമായി നടപ്പാക്കണം. എന്നാല്‍ , യുഡിഎഫ് അധികാരത്തിലെത്തിയതോടെ കേരളം വീണ്ടും റിയല്‍എസ്റ്റേറ്റ് മാഫിയയുടെ കൈയിലേക്ക് വീഴുകയാണ്. കെഎസ്കെടിയു ശക്തമായ നടപടി സ്വീകരിക്കുന്ന ഇടങ്ങളില്‍മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിയാതെ പോകുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 27 മാസം കുടിശ്ശികയായിരുന്ന കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വി എസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീര്‍ത്തുനല്‍കി. പെന്‍ഷന്‍തുക 120 രൂപയില്‍ നിന്ന് 300 രൂപയായി വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി രണ്ട് മാസത്തെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മുന്‍കൂറായി നല്‍കുകയുംചെയ്തു.
എല്‍ഡിഎഫ് അധികാരമേറ്റശേഷം പട്ടിണിപ്പാവങ്ങള്‍ക്ക് 151 കോടി രൂപയുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കു വേണ്ടിയുള്ള തൊഴിലാളികളുടെ നിരന്തരമായ മുറവിളികള്‍ക്ക് പരിഹാരമായി അതിവര്‍ഷാനുകൂല്യം വിതരണംചെയ്യാന്‍ 114.9 കോടി രൂപ അനുവദിച്ചു. അതിവര്‍ഷാനുകൂല്യം കൊടുത്തുതീര്‍ക്കാന്‍ 114.9 കോടി രൂപയാണ് അനുവദിച്ചത്. 1,82,000 പേര്‍ക്ക് ആനുകൂല്യം ലഭിച്ചു. 2009 മെയ് 31 വരെയുള്ള എല്ലാ അതിവര്‍ഷാനുകൂല്യ കുടിശ്ശികയും കൊടുത്തുതീര്‍ക്കാന്‍ സാധിച്ചു. ഫെബ്രുവരിയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 400 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചു. പാവപ്പെട്ട കര്‍ഷകതൊഴിലാളികളെ കുടികിടപ്പ് ഭൂമിയുടെയും മിച്ചഭൂമിയുടെയും ഉടമകളായി മാറ്റിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകളാണ്. ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം കര്‍ഷകതൊഴിലാളിയൂണിയന്‍ അവസാനിപ്പിച്ചിട്ടില്ല. അവശേഷിക്കുന്ന മിച്ചഭൂമി അടിയന്തരമായി ഏറ്റെടുക്കണം. കേസില്‍പ്പെട്ടുകിടക്കുന്നവയില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കണം. അങ്ങനെ കിട്ടുന്ന ഭൂമി ഉള്‍പ്പെടെ മുഴുവന്‍ മിച്ചഭൂമിയും അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണംചെയ്യണം. എന്നാല്‍ , ഇതൊന്നും ചെയ്യാതെ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ധനമന്ത്രി കെ എം മാണിയാണ് നേതൃത്വം നല്‍കുന്നത്. നൂറുകണക്കിന് കര്‍ഷക തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവരക്തംകൊടുത്ത് നടപ്പാക്കിയതാണ് ഭൂപരിഷ്കരണ നിയമം. ആ നിയമം അട്ടിമറിക്കാന്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ അനുവദിക്കില്ല. ഇക്കുറി എം കെ ദിനം ആചരിക്കുന്നത് കര്‍ഷക തൊഴിലാളികളെയും സാധാരണ ജനങ്ങളെയും സംബന്ധിച്ച് തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഓണത്തിന് മുമ്പ് വിതരണംചെയ്യാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ വിതരണനടപടി ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം കര്‍ഷക തൊഴിലാളികളാണ് വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയത്. ഓണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് മാത്രം അലോട്ട്മെന്റ് നടത്തിയ പെന്‍ഷന്‍ കര്‍ഷകര്‍ക്ക് ഓണനാളുകളില്‍ പ്രയോജനപ്പെട്ടില്ല. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയോ പുതിയ ചെയര്‍മാനെ നിയമിക്കുകയോ ചെയ്തിട്ടില്ല. ഇതുകാരണം ആനുകൂല്യവിതരണം മുടങ്ങിയിരിക്കുകയാണ്. വീടില്ലാത്തവര്‍ക്കുവേണ്ടി അഞ്ച് ലക്ഷം വീട് നിര്‍മിക്കാന്‍ ആവിഷ്കരിച്ച ഇ എം എസ് ഭവനനിര്‍മാണ പദ്ധതി പാതിവഴിയില്‍ ഈ സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ്.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും കാര്യക്ഷമമാക്കുന്നില്ല. എല്ലാവര്‍ക്കും വീടും വൈദ്യുതിയും ശുദ്ധജലവും എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന് തീവ്രമായ പരിപാടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചു. പവര്‍കട്ടില്ലാത്ത അഞ്ചു വര്‍ഷമാണ് കടന്നുപോയത്. ഇപ്പോള്‍ പവര്‍കട്ട് തിരിച്ചെത്തി. വൈദ്യുതി ചാര്‍ജും വെള്ളക്കരവും നിര്‍ദാക്ഷിണ്യം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ആരോഗ്യമേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഭരണം അഴിമതിക്കാരുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി പ്രതിസ്ഥാനത്താണ്. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, പി ജെ ജോസഫ്, എം കെ മുനീര്‍ തുടങ്ങി വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന മന്ത്രിമാരുടെ നിര നീണ്ടതാണ്. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ എല്ലാ ജയില്‍നിയമങ്ങളും കാറ്റില്‍പറത്തി വിട്ടയച്ചു. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയസമീപനങ്ങളുടെ ഫലമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിക്കുകയാണ്. നിത്യോപയോഗസാധനങ്ങളുടെ വിലയും ക്രമാതീതമായി കൂടുന്നു. സംസ്ഥാന സര്‍ക്കാര്‍ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല.
ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ സാധനങ്ങള്‍ ബിപിഎല്‍ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്താനും ബിപിഎല്‍ പട്ടിക വെട്ടിച്ചുരുക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. കര്‍ഷകതൊഴിലാളികളുടെ വര്‍ഗസംഘടനയായ കെഎസ്കെടിയു നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കാനാവില്ല. വരുംനാളുകളില്‍ അതിശക്തമായ പോരാട്ടങ്ങള്‍ വേണ്ടിവരും. അതിന് സ. എം കെ കൃഷ്ണന്റെ സ്മരണ നമുക്ക് ആവേശവും പ്രചോദനവുമാകും.
*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 14 നവംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
അഖിലേന്ത്യാ കര്‍ഷക തൊഴിലാളിയൂണിയന്‍ ജനറല്‍ സെക്രട്ടറി, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം, മന്ത്രി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് സംഘടനയുടെയും പാര്‍ടിയുടെയും വളര്‍ച്ചയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ സഖാവ് എം കെ കൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട നിസ്വവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ അവകാശബോധമുള്ളവരാക്കി മാറ്റാനും ജീവിതം ഉഴിഞ്ഞുവച്ച സമരനായകനായിരുന്നു എം കെ കൃഷ്ണന്‍ . എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ എടവനക്കാട്ട് നിര്‍ധനകുടുംബത്തില്‍ പിറന്ന എം കെ ചെറുപ്പംമുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എടവനക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷക തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിത്തൊഴിലാളികളെയും സംഘടിപ്പിക്കാനും അവരുടെ സമരനേതാവായി മാറാനും സഖാവിന് കഴിഞ്ഞു. എടവനക്കാട്ടെ കാര്‍ഷികമേഖലയില്‍ ഭൂവുടമകളുടെ കൂലി നിഷേധത്തിനെതിരെ എം കെയുടെ നേതൃത്വത്തില്‍ ഉജ്വലസമരം നടന്നിട്ടുണ്ട്.
Post a Comment