Tuesday, November 15, 2011

നീരാ റാഡിയ അമേരിക്കയില്‍ ആയിരുന്നെങ്കില്‍

ഇല്ലിനോയി യുണിവേഴ്‌സിറ്റിയുടെ വിശാലമായ ക്യാംപസിലൂടെ കൂട്ടുകാരനുമൊത്ത് അലഞ്ഞുതിരിഞ്ഞു നടക്കുമ്പോള്‍, ഒരു പുസ്തക സ്‌റ്റോറില്‍ കയറി. പുതിയ പുസ്തകങ്ങളിലൊന്നിന്റെ കവറിലിരുന്ന് പുഞ്ചിരിക്കുന്ന എഴുത്തുകാരന്റെ മുഖം പരിചിതമാണെന്ന് തോന്നി.

അതാണ് ജാക്ക് അബ്രമോഫ്. അയാളുടെ പുതിയ പുസ്തകത്തിന്റെ പേര്: 'ക്യാപിറ്റോള്‍ പണിഷ്‌മെന്റ്.'

'അമേരിക്കയുടെ നീരാ റാഡിയ' എന്നാണ് ജാക്കിനെ ഇന്ത്യയില്‍ പരിചയപ്പെടുത്താന്‍ ഏറ്റവും നല്ല വിശേഷണം. കൂടുതല്‍ അറിയാന്‍ പുസ്തകത്തിന്റെ ഉപശീര്‍ഷകം നോക്കിയാല്‍ മതി: 'വാഷിംഗ്ടണിലെ അഴിമതിയുടെ സത്യങ്ങള്‍, അമേരിക്കയുടെ ഏറ്റവും കുപ്രസിദ്ധനായ ലോബിയിസ്റ്റില്‍ നിന്ന്.'

'ലോബിയിംഗ്' എന്നറിയപ്പെടുന്ന രാഷ്ട്രീയ മധ്യസ്ഥതയിലൂടെ കോടിക്കണക്കിനു ഡോളര്‍ അനധികൃതമായി സമ്പാദിച്ച ആള്‍. ഇടനിലക്കാരനായി നിന്നപ്പോഴും സ്വന്തം കക്ഷികളെ അമിതമായ പ്രതിഫലം ഈടാക്കി ചതിച്ച മനുഷ്യന്‍. അഴിമതിയുടെ നാറുന്ന കഥകള്‍ അന്വേഷണ പത്ര പ്രവര്‍ത്തകര്‍ പുറത്തു വിട്ടപ്പോള്‍ നടന്ന വന്‍ രാഷ്ട്രീയ ശുദ്ധികലശത്തിന്റെ ഫലമായി നാല് കൊല്ലത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ക്രിമിനല്‍. അതാണ് ജാക്ക് അബ്രമോഫ്.

ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം സ്വന്തം 'നേട്ടങ്ങളെ'പ്പറ്റി രചിച്ച പുസ്തകം കച്ചവടം ചെയ്യാന്‍ ടെലിവിഷന്‍ ചാനലുകളില്‍ പുഞ്ചിരിയോടെ അഭിമുഖങ്ങള്‍ നല്‍കുകയാണ് ഇയാളിപ്പോള്‍.

നീരാ റാഡിയ തന്റെ പബ്ലിക് റിലേഷന്‍സ് ബിസിനസ് നിറുത്തുന്നതായി പ്രസ്താവന ഇറക്കി, പൊതു ശ്രദ്ധയില്‍ നിന്ന് മെല്ലെ പിന്‍വലിയുന്ന അതേ കാലയളവിലാണ് ജാക്ക് അബ്രമോഫ് അമേരിക്കയില്‍ ടീ വീ സ്‌ക്രീനുകളിലും പുസ്തകക്കടകളിലും മന്ദഹസിക്കുന്നത് എന്നത് ആരും ശ്രദ്ധിക്കാത്ത ഒരു യാദൃച്ഛികത മാത്രം. സത്യത്തില്‍, റാഡിയ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവര്‍ രക്ഷപ്പെട്ടു എന്ന് വേണം കരുതാന്‍. അവര്‍ അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ജാക്കിനെപ്പോലെ കുറഞ്ഞ പക്ഷം ഒരു ചെറിയ ജയില്‍ ശിക്ഷയെങ്കിലും അനുഭവിച്ചേനെ.

അമേരിക്കയില്‍ ലോബിയിംഗ് നിയമങ്ങള്‍ കുറച്ചെങ്കിലും ബലപ്പെടുത്താന്‍ വഴി തെളിച്ച വന്‍ അഴിമതിയുടെ ചുക്കാന്‍ പിടിച്ചത് അബ്രമോഫ് ആണ്. എന്നാല്‍ റാഡിയ ചെയ്ത കാര്യങ്ങള്‍ കുറ്റങ്ങള്‍ ആയി കണക്കാക്കാന്‍ പറ്റിയ നിയമങ്ങള്‍ ഇന്ത്യയില്‍ ഇനിയും വന്നിട്ടില്ല.

രസകരമായ മറ്റൊരു കാര്യം, റാഡിയ ഉള്‍പ്പെട്ട ടു ജി വിവാദം കൊഴുക്കുമ്പോള്‍ പല കുത്തക മാധ്യമങ്ങളും എഴുതിയത് ലോബിയിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയമ സാധുത നല്‍കണം എന്നായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്ങില്‍ ഒരു പക്ഷെ വോട്ടിനു വേണ്ടി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കാശ് കൊടുത്ത വകയില്‍ അമര്‍സിംഗ് അകത്താവില്ലായിരുന്നു. അത്തരം കോഴകള്‍ 'നിയമപരം' ആകുമായിരുന്നു. അങ്ങനെ ലോബിയിംഗിനെ നിയമാനുസൃത പ്രവര്‍ത്തിയായി മാറ്റിയതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുകയാണ് ഇന്ന് അമേരിക്ക.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, അമേരിക്കയിലെ പ്രവാസികളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ലോബിയിംഗിനെക്കുറിച്ച് ഞാന്‍ ആദ്യമായി പഠിച്ചത്. പബ്ലിക് റിലേഷന്‍സ് കമ്പനികളും നിയമജ്ഞരുടെ 'ലോ ഫേമുകളും', വലിയ സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ കണ്‍സള്‍ട്ടന്‍സികളും മറ്റും നേരിട്ട് നടത്തുന്ന 'മാധ്യസ്ഥം' അഥവാ 'രാഷ്ട്രീയ ഇടപെടലുകള്‍' അമേരിക്കന്‍ രാഷ്ട്രീയ ധമനികളിലെ ലഹരിയാണ്. കോടിക്കണക്കിനു ഡോളര്‍ ചെലവു വരുന്ന രാഷ്ട്രീയ പ്രവര്‍ത്തന പരിപാടികള്‍ നടത്താന്‍ ഡെമോക്രാറ്റ്കള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും ഒരു പോലെ ആവശ്യമായ 'ഇന്ധനം' ഇത്തരം സമ്മര്‍ദ ഗ്രൂപ്പുകളും അവരുടെ 'പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റികളും' ഒഴുക്കുന്ന പണമാണ്. എത്രയോ ദശകങ്ങളായി ഇത് ഇവിടെ ഒരു സുതാര്യവും സര്‍വവ്യാപിയുമായ 'ബിസിനസ്' ആയി തുടരുന്നു.

ഇന്ന് അമേരിക്കയുടെ സാമൂഹ്യ, സാമ്പത്തിക നയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഇത്തരം തല്‍പ്പര കക്ഷികള്‍ക്ക് വന്‍ സ്വാധീനമാണ് ഉള്ളത്. അമേരിക്കയുടെ അന്താരാഷ്ട്ര ബന്ധത്തില്‍ പലപ്പോഴും 'ചെക്ക് ബുക്ക് ഡിപ്ലോമസി' എന്നറിയപ്പെടുന്ന പണത്തിന്റെ നയതന്ത്രം ആണ് നടക്കുന്നത്. ഇസ്രായേല്‍ മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങള്‍ കാലാകാലങ്ങളായി തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ നേടാനായി അമേരിക്കന്‍ സാമാജികരെയും രാഷ്ട്രീയ നേതൃത്വത്തിനെയും സ്വാധീനിക്കുവാന്‍ ലോബിയിംഗിനെ ആശ്രയിക്കുന്നു. ജനഹിത നയങ്ങള്‍ സ്വീകരിക്കുന്നതിന് തുരങ്കം വച്ചു കൊണ്ട് ഭരണകൂടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ഏറ്റവും വലിയ തടസ്സം വിവിധ നിക്ഷിപ്ത താല്പര്യക്കാര്‍ നയിക്കുന്ന ഇത്തരം ലോബികളാണ്. അതുകൊണ്ട് തന്നെ, ഇപ്പോള്‍ അമേരിക്കയില്‍ അലയടിക്കുന്ന മുതലാളിത്ത വിരുദ്ധ 'ഒക്ക്യുപൈ' സമരങ്ങള്‍ പരാജയപ്പെടും എന്ന ചിന്ത പൊതുവേ ജനത്തിനുണ്ട്.

രാഷ്ട്രീയത്തിനെ അടക്കി ഭരിക്കുന്ന നീരാളിയായി മാറിയ ഇത്തരം 'ഇടനില' ബിസിനസ്സിനെ നിയന്ത്രിക്കണം എന്ന് വാദിക്കുന്നവരുടെ കൂടെയാണ് ഇന്ന് ജാക്ക് അബ്രമോഫ്. വിധി വൈപരീത്യമോ അതോ തന്റെ പുതിയ പുസ്തകം ചെലവാക്കാനുള്ള അടവോ? എന്തായിരുന്നാലും ഇങ്ങനെയൊരു അഭിപ്രായം പറയാന്‍ ഏറ്റവും യോഗ്യന്‍ ജാക്ക് തന്നെ. അയാള്‍ക്ക് ഈ രാഷ്ട്രീയ ദുര്‍ഭൂതത്തിന്റെ ശരീരത്തിനുള്ളില്‍ ഒരു വൈറസിനെപ്പോലെ ജീവിച്ച അനുഭവം ഉണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ യുവ സംഘടനയയായ കോളേജ് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് മിന്നും താരമായിരുന്നു ജാക്ക്. അമേരിക്കന്‍ നിയമ നിര്‍മാണത്തിന്റെ സിരാകേന്ദ്രമായ കാപ്പിറ്റോള്‍ ഹില്ലിനെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ മാധ്യസ്ഥ ബിസിനസ് നടത്തുമ്പോള്‍ ജാക്കിന് കൈവശം ഉണ്ടായിരുന്നത് ആരെയും സംസാരിച്ചു മയക്കാന്‍ പറ്റുന്ന ഒരു നാവും, എന്ത് ചെലവും ചെയ്തു തങ്ങള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടത്തിക്കുവാന്‍ ശ്രമിക്കുന്ന ചില ബിസിനസ് ഭീമന്മാരും ആയിരുന്നു.

കാസിനോ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്ന ചില റെഡ് ഇന്ത്യന്‍ ബിസിനസ്സുകാര്‍ ആയിരുന്നു ജാക്കിന്റെ ആദ്യ ഇര, അഥവാ ക്ലയന്റ്‌സ്. കാസിനോകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം പരാജയപ്പെടുത്താന്‍ പല രാഷ്ട്രീയക്കാരെയും ജാക്കും സംഘവും പിടികൂടി. അങ്ങനെ എത്രയോ നിയമങ്ങളെ വിവിധ കക്ഷികള്‍ക്കുവേണ്ടി തന്റെ സ്വാധീനം ഉപയോഗിച്ചു അബ്രമോഫ് നിര്‍മ്മിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. രാഷ്ട്രീയക്കാര്‍ക്ക് പകരം കിട്ടിയത് സുഖലോലുപതയാര്‍ന്ന ജീവിതം: വിദേശ രാജ്യങ്ങളിലേക്ക് 'ജങ്കറ്റ്' എന്നറിയപ്പെടുന്ന സുഖവാസയാത്രകള്‍, കായിക മത്സരങ്ങള്‍ക്കും ചൂതാട്ടത്തിനും സൗജന്യ ടിക്കറ്റുകള്‍, 'കാംപെയ്ന്‍ കോണ്ട്രിബ്യൂഷന്‍' എന്ന ഓമനപ്പേരില്‍ രാഷ്ടീയ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളുടെ സാമ്പത്തിക സഹായം.

പക്ഷെ അഴിമതി അധിക നാള്‍ തുടര്‍ന്നില്ല. 'വാഷിംഗ്ടന്‍ പോസ്റ്റ്' എന്ന പ്രമുഖ പത്രം ജാക്കിന്റെ പ്രവര്‍ത്തികളെക്കുറിച്ച് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു കൊണ്ട് വന്നു. പിന്നെ അന്വേഷണമായി, കേസായി, ശിക്ഷയായി. ഓഹായോവില്‍ നിന്നുള്ള സാമാജികന്‍ ബോബ് നെയ് ജയിലില്‍ ആയി. വൈറ്റ് ഹൗസില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചില ഓഫീസര്‍മാരും ജാക്കിന്റെ സഹപ്രവര്‍ത്തകരും ചെറുതും വലുതുമായ ജയില്‍ വാസമോ പിഴയോ അനുഭവിച്ചു.

യു എസ് കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മിറ്റിക്ക് മുമ്പില്‍ ആദ്യമൊക്കെ വളരെ ധാര്‍ഷ്ട്യത്തോടെ ഉത്തരങ്ങള്‍ നല്‍കിയ ജാക്കിന്റെ കാലടിയില്‍ നിന്ന് ക്രമേണ മണ്ണൊലിച്ചു. നാല് വര്‍ഷം അഴി എണ്ണുന്നതിനു പുറമേ ഇരുപത്തി മൂന്നു മില്യന്‍ ഡോളര്‍ തന്റെ മുന്‍ ഇരകള്‍ക്ക് കൊടുക്കാന്‍ ജാക്കിനോട് കോടതി ആജ്ഞാപിച്ചു. കഴിഞ്ഞ വര്‍ഷം ജയില്‍ വിട്ടതിനു ശേഷം ഒരു പിസ്സക്കടയില്‍ ജോലി നോക്കിയിരുന്ന, അഞ്ച് കുട്ടികളുടെ അച്ഛനായ ജാക്കിന് ഒരു പക്ഷെ ആ പിഴ ഒടുക്കാന്‍ ഏക മാര്‍ഗം ഈ പുതിയ പുസ്തകം നന്നായി വിറ്റഴിയുക എന്നതാണ്. അതുകൊണ്ടാണ് അമേരിക്കയിലെ ചാനലായ ചാനലില്‍ എല്ലാം ജാക്ക് അഭിമുഖം നല്‍കുന്നതും സ്വന്തം വീരഗാഥകള്‍ പാടി രസിക്കുന്നതും.
ജാക്കിന്റെ രീതികള്‍ കണ്ട് മനം മടുത്ത സര്‍ക്കാര്‍ 'ഇടനിലവ്യവസായം' അവസാനിപ്പിക്കാന്‍ നടത്തിയ നിയമ നിര്‍മാണങ്ങള്‍ വിജയിച്ചോ? ഇല്ലെന്നു ജാക്ക് തന്നെ പറയുന്നു. ഒരു സാമാജികന് നിങ്ങള്‍ സൗജന്യമായി പത്തു ഡോളറിന്റെ ഭക്ഷണം വാങ്ങി കൊടുക്കാന്‍ പാടില്ല. പക്ഷെ അയാളുടെ 'കാമ്പെയിന്‍ കോണ്ട്രിബ്യുഷന്‍' ആയി പതിനായിരക്കണക്കിനു ഡോളര്‍ ചെലവാക്കാം. ഇതെന്തു നിയമം? ജാക്ക് ചോദിക്കുന്നു.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്ന ഈ രീതി മാറ്റാന്‍ സിറ്റിസണ്‍സ് യുണൈറ്റഡ് എന്ന സംഘടന ശ്രമിച്ചു. പക്ഷെ അഞ്ചു-നാല് എന്ന വോട്ടില്‍ കഴിഞ്ഞ കൊല്ലം സുപ്രീം കോടതി ഇടനിലക്കാര്‍ക്ക് അനുകൂല വിധി പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ്കള്‍ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കുന്നത് വിലക്കിയാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള അവകാശങ്ങളെ ബാധിക്കും എന്നായിരുന്നു കോടതി കണ്ടെത്തിയത്.

രാഷ്ട്രീയക്കാര്‍ തങ്ങള്‍ക്കു കിട്ടുന്ന പണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നതാണ് ഇവിടുത്തെ രീതി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്കുള്ള മത്സരാര്‍ത്ഥികള്‍ സ്വരൂപിച്ച പണത്തിന്റെ കണക്കുകള്‍ പ്രകാരം ബരാക് ഒബാമയാണ് മുന്നില്‍. എണ്‍പത്തി ഒമ്പത് മില്ല്യന്‍ ഡോളര്‍ ഇതിനകം അദ്ദേഹം സംഭരിച്ചു കഴിഞ്ഞു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്നവരില്‍ പ്രമുഖനായ മീറ്റ് റോംനി മുപ്പത്തി രണ്ടു മില്യന്‍ ഡോളര്‍ സ്വരൂപിച്ചു.

ആരാണ് ഇവര്‍ക്ക് ഈ പണമത്രയും കൊടുക്കുന്നത് എന്ന് പരിശോധിച്ചാല്‍ മനസ്സിലാകും, എന്ത് കൊണ്ടാണ് ഇവിടെ പലരും വിശുദ്ധ പശുക്കള്‍ ആയി വാഴുന്നത് എന്ന്. ബാങ്കുകളും, ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് കമ്പനികളുമാണ് മുന്‍ നിരയില്‍. ഇന്ന് ഒക്കുപൈ വാള്‍ സ്ട്രീറ്റ് പ്രസ്ഥാനത്തിന്റെ പ്രധാന എതിരാളികളായ ഇവരെ തോല്‍പ്പിക്കുക ദുഷ്‌ക്കരമായത് എന്തുകൊണ്ട് എന്ന് ഇനി പറയണ്ടല്ലോ. മരുന്ന് നിര്‍മ്മാതാക്കള്‍, എണ്ണക്കമ്പനികള്‍, ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, മക്ക് ഡോനാള്‍ട്‌സ് പോലെയുള്ള ഫാസ്റ്റ് ഫുഡ് കമ്പനികള്‍, ആയുധ നിര്‍മാതാക്കള്‍, വാള്‍ മാര്‍ട്ട് പോലെയുള്ള റീട്ടെയ്ല്‍ ശൃംഖലകള്‍ എന്നിവയാണ് മറ്റു പ്രധാന സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍. അവര്‍ ചെലവാക്കുന്ന പണം വെളിപ്പെടുത്തണം എന്ന് നിയമം ഉള്ളത് കൊണ്ട് മാത്രം നമുക്ക് ഈ കണക്കുകള്‍ ഇന്നറിയാം. പക്ഷെ അധികാരക്കോട്ടയായ ക്യാപ്പിറ്റോള്‍ ഹില്ലിന്റെ തിരശീലയ്ക്കു പിറകില്‍ നടക്കുന്ന പല കളികളും ജാക്ക് പോലെയുള്ള വന്‍ സ്രാവുകള്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമേ അമേരിക്കന്‍ ജനതയും ലോകവും അറിയുകയുള്ളൂ.

അത്തരം ഒരു വലിയ അന്വേഷണത്തിന്റെ അനന്തര ഫലങ്ങള്‍ ചിക്കാഗോ നഗരം അറിഞ്ഞു വരുന്നതെ ഉള്ളൂ. കഴിഞ്ഞ ദിവസം ബില്‍ സെല്ലിനി എന്ന 'അധികാര ബ്രോക്കര്‍' കോടിക്കണക്കിനു ഡോളറിന്റെ അഴിമതി കാട്ടിയതായി കോടതി കണ്ടെത്തി. ബരാക്ക് ഒബാമ പ്രസിഡന്റ് ആയപ്പോള്‍ ഒഴിവു വന്ന ചിക്കാഗോ സെനറ്റ് സീറ്റ് വില്‍ക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വന്‍ അഴിമതികള്‍ക്ക് ശിക്ഷ കാത്തു കഴിയുന്ന മുന്‍ ഇല്ലിനോയി ഗവര്‍ണര്‍ റോഡ് ബ്ലാഗോജെവിച്ചിന്റെ അടുത്ത ആളായിരുന്നു സെല്ലിനി. ഇവരൊക്കെ വലിയ ഉപജാപക ലോബിയുടെ ഭാഗമാണ് എന്നര്‍ത്ഥം.

ഒരു പക്ഷെ ലോക വാര്‍ത്തകളില്‍ ഇതൊന്നും അധികമാരും അറിയുന്നുണ്ടാവില്ല. അതിനു ലോക രാജ്യങ്ങള്‍ തന്നെ ഉള്‍പ്പെട്ട ലോബിയിംഗ് വാര്‍ത്തകള്‍ പുറത്തു വരണം. പല രാജ്യങ്ങളും ഏതാണ്ട് പരസ്യമായി തന്നെ ഇത്തരം അഴിമതിയില്‍ പങ്കു ചേരുന്നുണ്ട് എന്നത് മറ്റൊരു സത്യം. ഇന്ന് ലിബിയയെ തള്ളി പറയുന്ന അമേരിക്കയെ സ്വാധീനിക്കാന്‍ ഗദ്ദാഫിയുടെ സര്‍ക്കാര്‍ കോടിക്കണക്കിനു ഡോളര്‍ ലോബിയിസ്ടുകളിലൂടെ ഒഴുക്കി. പാക്കിസ്ഥാന്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ അമേരിക്ക തങ്ങളെ ഉള്‍പ്പെടുത്താതിരിക്കാന്‍ ഒരു ലോബിയിംഗ് കമ്പനിയെ ആണ് ആശ്രയിച്ചത്. ഒസാമ ബിന്‍ ലാദനെ തങ്ങളുടെ രാജ്യത്തിനുള്ളില്‍ നിന്ന് അമേരിക്ക കണ്ടെത്തി വധിച്ചതിനു ശേഷം തകര്‍ന്നുകൊണ്ടിരിക്കുന്ന ഉഭയ കക്ഷി ബന്ധം നേരെയാക്കാന്‍ മാര്‍ക്ക് സീഗള്‍ എന്ന ലോബിയിസ്റ്റിനെ എഴുപത്തയായിരം ഡോളര്‍ മാസം കൊടുത്തു നിറുത്തിയിരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ തിരിച്ചുവരവ് ആശിച്ച് മുന്‍ പ്രസിഡണ്ട് പെര്‍വെസ് മുഷാറഫ് കഴിഞ്ഞ മാസം അഡ്വാന്‍ന്റേജ് അസ്സോഷിയെട്‌സ് എന്ന കമ്പനിക്ക് ഇരുപത്തയ്യായിരം ഡോളര്‍ പ്രതിമാസം കൊടുക്കാമെന്നു കരാറില്‍ ഏര്‍പ്പെട്ടുവത്രേ. ഈയിടെ സയ്യെദ് ഗുലാം നബി ഫായി എന്ന പാകിസ്ഥാനിഅമേരിക്കന്‍ കാശ്മീര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി എന്ന പേരില്‍ പിരിച്ച കാശ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐ ക്കു ലോബിയിംഗ് ആവശ്യങ്ങള്‍ക്ക് കൈമാറിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ ക്രൂരമായ നിയമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ അമേരിക്ക ശബ്ദം ഉയര്‍ത്താതിരിക്കാന്‍ ലോബിയിസ്റ്റുകള്‍ വഴി എണ്ണപ്പണം ഏറെ ഒഴുക്കുന്നു.

ലോകമാകെ ജനാധിപത്യം ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച അമേരിക്ക ഗള്‍ഫ് മേഖലയില്‍ ഇറാക്കില്‍ മാത്രം ഒരു അധിനിവേശ യുദ്ധത്തിലൂടെ അത് കൊണ്ടുവന്നപ്പോള്‍, അതേ പ്രദേശത്ത് സ്വേഛാധിപത്യവും രാജവാഴ്ചയും നടക്കുന്ന മറ്റെല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദം തുടര്‍ന്നതിന് പ്രധാന കാരണങ്ങള്‍ എണ്ണയും ലോബിയിംഗും തന്നെ.

ഇതൊക്കെ മനസ്സിലാക്കിയാവണം ഇന്ത്യന്‍ സര്‍ക്കാരും സ്വന്തം ലോബി ഗ്രൂപ്പിനെ കാപ്പിറ്റോള്‍ ഹില്ലില്‍ കാലാകാലങ്ങളായി പ്രതിഷ്ഠിച്ചത്. ഇവരില്‍ മുന്‍ യു എസ് അംബാസഡര്‍ റോബര്‍ട്ട് ബ്ലാക്ക് വെല്ലിന്റെ ലോബി കമ്പനിയും ഉള്‍പ്പെടും. ഇന്ത്യന്‍ ഭരണകൂടത്തെ എങ്ങനെ കുറ്റം പറയും? ഇവിടെ ഇതാണ് രീതി. നാട് ഓടുമ്പോള്‍ നടുവേ ഓടുക തന്നെ.
നീരാ റാഡിയ ഇന്ത്യയില്‍ നടത്തിയതും ഇതൊക്കെ തന്നെയാണ്. അതിനു ഒരു അഭിമത പരിവേഷം കൊടുക്കാന്‍ അതിനെ ഒരു പബ്ലിക്ക് റിലേഷന്‍സ് കമ്പനിയിലൂടെ നടത്തി എന്ന് മാത്രം.

ഒരു പക്ഷെ നീര റാഡിയ അമേരിക്കയില്‍ ആയിരുന്നെങ്ങില്‍ ചെറിയ ചില ശിക്ഷകളൊക്കെ കിട്ടുമെങ്കിലും പുറത്തിറങ്ങിയ ഉടനെ ജാക്ക് അബ്രമോഫിനെപ്പോലെ സ്വന്തം കഥ പറഞ്ഞു പുസ്തകം എഴുതാമായിരുന്നു. ടീ വീയില്‍ അഭിമുഖങ്ങള്‍ നല്‍കാമായിരുന്നു. കാരണം, ഇവിടെ അത്തരം കുപ്രസിദ്ധി വില കൊടുത്തു വാങ്ങാനും അതില്‍ നിന്ന് കോടികളുടെ ലാഭം ഉണ്ടാക്കാനും ആളുണ്ട് എന്നത് തന്നെ.

*
ഡോ. വിനോദ് ജനാര്‍ദ്ദനന്‍ ജനയുഗം 14 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'അമേരിക്കയുടെ നീരാ റാഡിയ' എന്നാണ് ജാക്കിനെ ഇന്ത്യയില്‍ പരിചയപ്പെടുത്താന്‍ ഏറ്റവും നല്ല വിശേഷണം. കൂടുതല്‍ അറിയാന്‍ പുസ്തകത്തിന്റെ ഉപശീര്‍ഷകം നോക്കിയാല്‍ മതി: 'വാഷിംഗ്ടണിലെ അഴിമതിയുടെ സത്യങ്ങള്‍, അമേരിക്കയുടെ ഏറ്റവും കുപ്രസിദ്ധനായ ലോബിയിസ്റ്റില്‍ നിന്ന്.'