2011 നവംബര്‍ എട്ടിനും ഒമ്പതിനും ബഹുരാഷ്ട്ര കുത്തക ബാങ്കുകള്‍ യൂറോപ്യന്‍ രാജ്യമായ ഗ്രീസിന്റെ ഓഹരികളും സര്‍ക്കാര്‍ ബോണ്ടുകളും വന്‍തോതില്‍ വിറ്റഴിച്ചു. തുടര്‍ന്ന് ഓഹരിവിപണിയില്‍ അവയുടെ വിലയിടിഞ്ഞു. അങ്ങനെ പുതിയൊരു പ്രതിസന്ധിക്ക് കളമൊരുങ്ങി. കുത്തക ബാങ്കുകളെ പ്രകോപിപ്പിച്ചത് ഗ്രീസിലെ ഭരണമുന്നണിക്കുള്ളിലുണ്ടായ ആശയക്കുഴപ്പമാണ്. പ്രധാനമന്ത്രി ജോര്‍ജ് പാപാന്‍ന്ദ്ര്യൂയ്ക്ക് പകരം ലൂക്കാസ് പാപെദെമോസിനെ പ്രധാനമന്ത്രിയാക്കാനുള്ള ധാരണ ഭരണമുന്നണിയും പ്രതിപക്ഷവും ചേര്‍ന്നുണ്ടാക്കിയിരുന്നു. എന്നാല്‍ , ഭരണമുന്നണിക്കുള്ളിലെ ചിലര്‍ സ്പീക്കറായിരുന്ന ഫിലിപ്പോസ് പെറ്റ്സാല്‍നിക്കോസിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ചു. (ഫിലിപ്പോസ് പ്രധാനമന്ത്രി പാപാന്‍ന്ദ്ര്യൂയുടെ ഉറ്റസുഹൃത്തായിരുന്നു). ഇതിനെ ഭരണമുന്നണിയും പ്രതിപക്ഷവും ശക്തിയായി എതിര്‍ത്തു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടാക്കിയ ധാരണ മാറ്റമില്ലാതെ നടപ്പാക്കണമെന്നായിരുന്നു അവരുടെ നിലപാട്. ഈ വാര്‍ത്തയാണ് ഗ്രീക്ക് ബോണ്ടുകളുടെയും ഓഹരികളുടെയും വിലയിടിവിലേക്കു നയിച്ചത്. ഗ്രീക്ക് പ്രസിഡന്റ് ഇടപെട്ടു. പാപാദെമോസ് തന്നെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും "ത്രിമൂര്‍ത്തികള്‍" നിര്‍ദേശിച്ചപ്രകാരം ഗ്രീസിന്റെ വായ്പാപദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഓഹരിവിപണി തല്‍ക്കാലം ശാന്തമായി. ഗ്രീക്ക് ഓഹരികളുടെയും ബോണ്ടുകളുടെയും വിലകള്‍ വീണ്ടും കുതിച്ചുകയറി. എന്നാല്‍ , യൂറോപ്പിലെയോ അമേരിക്കയിലെയോ വിപണികള്‍ പൊതുവില്‍ ചലനരഹിതമായിരുന്നു. ഗ്രീസില്‍ രൂപപ്പെട്ട കടപ്രതിസന്ധി യൂറോപ്യന്‍ യൂണിയനിലെ വലിയ രാഷ്ട്രങ്ങളിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് ഇത്. 2011 നവംബര്‍ 10ന് പപാമെദോസ് ഗ്രീസിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. അന്നേദിവസം ഐഎംഎഫിന്റെ ചെയര്‍പേഴ്സണ്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ, ഗ്രീസിലെന്ന പോലെ ഇറ്റലിയിലും "രാഷ്ട്രീയതലത്തില്‍ വ്യക്തത" വേണമെന്ന് ആവശ്യപ്പെട്ടു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനുശേഷവും (2012 ഫെബ്രുവരി) തന്റെ ഭരണകൂടത്തിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ സൗകര്യം വേണമെന്ന് പപാദെമോസ് അധികാരമേറ്റയുടന്‍ പ്രസ്താവിച്ചു. ഗ്രീസിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനമാകുമെന്നാണ് ഇതു നല്‍കുന്ന സൂചന. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണി നവംബര്‍ 13നു രാജിവച്ചു. സാമ്പത്തിക വിദഗ്ധനായ യൂറോപ്യന്‍ യൂണിയനിലെ കോംപറ്റീഷന്‍ കമീഷണര്‍ മരിയോ മോന്റിയാണ് ഇറ്റലിയിലെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കപ്പെടുന്നത്. ഈ വാര്‍ത്തയെല്ലാം വിരല്‍ചൂണ്ടുന്നത് മറ്റൊരു യാഥാര്‍ഥ്യത്തിലേക്കാണ്. ഭീമമായ കടപ്രതിസന്ധി നേരിടുന്ന രണ്ടു രാജ്യങ്ങളില്‍ - ഗ്രീസിലും ഇറ്റലിയിലും- രാഷ്ട്രീയക്കാരായ പ്രധാനമന്ത്രിമാരെ മാറ്റുന്നു. പകരം കുത്തക ബാങ്കുകളുടെ വിശ്വസ്തരെ പ്രധാനമന്ത്രിമാരാക്കുന്നു. ഇപ്രകാരമുള്ള ഒരു പ്രക്രിയ യൂറോപ്പില്‍ ആരംഭിച്ചുകഴിഞ്ഞു. ഇത് 2008ല്‍ ആരംഭിച്ച ധനപ്രതിസന്ധിക്ക് പുതിയ മാനം നല്‍കുകയാണ്. അതായത് പ്രതിസന്ധി ജനാധിപത്യ ഭരണക്രമങ്ങളെ അട്ടിമറിക്കുന്നതിലേക്ക് നീങ്ങുകയാണ്. ഗ്രീസിനും ഇറ്റലിക്കും പുറമെ പോര്‍ച്ചുഗല്‍ , സ്പെയിന്‍ , അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇത് ആവര്‍ത്തിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് പൊട്ടിപ്പുറപ്പെട്ട ആഗോള ധനപ്രതിസന്ധി പരിഹരിക്കാന്‍ ജി-20 രാജ്യങ്ങളുടെ തലവന്മാര്‍ ചേര്‍ന്ന് ആഗോള വീണ്ടെടുപ്പു പദ്ധതിക്ക് രൂപംനല്‍കിയിരുന്നു. അതനുസരിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളെല്ലാം നിരവധി ഉത്തേജകപദ്ധതികള്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിക്കെല്ലാം സമാന സ്വഭാവമുണ്ട്. ബഹുരാഷ്ട്ര കുത്തക ബാങ്കുകളും ഇതര സ്ഥാപനങ്ങളും പാപ്പരായപ്പോള്‍ അവയുടെ ബാലന്‍സ്ഷീറ്റുകളിലെ കിട്ടാക്കടമെല്ലാം ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഏറ്റെടുത്തു. പകരം അവര്‍ക്ക് പണം നല്‍കി. ഇതിനുവേണ്ടി എല്ലാ സര്‍ക്കാരും ഭീമമായ വായ്പയെടുത്തു. ഈ നടപടി സര്‍ക്കാരുകളെ കടപ്രതിസന്ധിയിലാക്കി.
സര്‍ക്കാരുകള്‍ ഇങ്ങനെ കടമെടുത്തത് സാധാരണജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനല്ല; മറിച്ച് കുത്തക ബാങ്കുകളെയും കോര്‍പറേറ്റുകളെയും സഹായിക്കാനാണ്. ഈ നടപടി സര്‍ക്കാരുകളെ ഭീമമായ കടക്കെണിയില്‍പ്പെടുത്തി. ഇപ്പോള്‍ എല്ലാ സര്‍ക്കാരും അവരുടെ ബജറ്റുകളിലെ പൊതുചെലവുകള്‍ കുറയ്ക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം സര്‍വരാജ്യങ്ങളിലെയും ജനജീവിതത്തില്‍ ദൃശ്യമായി. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ , കൃഷിക്കാര്‍ക്കുള്ള സബ്സിഡികള്‍ , ജീവനക്കാരുടെ പെന്‍ഷനുകള്‍ തുടങ്ങിയവയ്ക്കെല്ലാമെതിരെ എല്ലാ സര്‍ക്കാരും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ല. തല്‍ഫലമായി തൊഴിലില്ലായ്മ അതിഭീമമായി വളരുന്നു. പണപ്പെരുപ്പവും വിലവര്‍ധനയും ജനങ്ങളെ വേട്ടയാടുകയാണ്. ഇതിനെല്ലാമെതിരെ ജനങ്ങളുടെ പ്രക്ഷോഭസമരങ്ങള്‍ എല്ലാ രാജ്യത്തും ശക്തിപ്പെടുകയാണ്. ഈ സാഹചര്യങ്ങളിലാണ് യൂറോപ്പില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത്. സുപ്രസിദ്ധ ധനപണ്ഡിതനായ അമര്‍ത്യസെന്‍ ഒരു ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞു: "ജനാധിപത്യഭരണം നടപ്പാക്കുന്നതില്‍ യൂറോപ്പ് ലോകത്തിനു മാതൃകയായിരുന്നു. എന്നാല്‍ , ഇപ്പോള്‍ ധനസ്ഥാപനങ്ങളും റേറ്റിങ് കമ്പനികളും അവിടത്തെ ജനാധിപത്യഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയാണ്. "സാമ്പത്തിക മുന്‍ഗണന" എന്ന പുറംവാതിലിലൂടെയാണ് ഈ അപകടങ്ങള്‍ കടന്നുവരുന്നത്."
ജോസഫ് സ്റ്റിഗ്ലിറ്റ്സ്
നൊബേല്‍സമ്മാന ജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളോട് ഒക്ടോബറില്‍ ചെയ്ത പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം ബഹുരാഷ്ട്ര കുത്തക ബാങ്കുകളെയും കമ്പനികളെയും നിശിതമായി വിമര്‍ശിച്ചു. വാള്‍സ്ട്രീറ്റിലെ പ്രകടനക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് (ജനസംഖ്യയിലെ ഒരു ശതമാനംപേര്‍ 99 ശതമാനംപേരെ പാപ്പരാക്കുന്നു) അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സ്റ്റിഗ്ലിറ്റ്സിന്റെ പരിഹാസം ഇപ്രകാരമായിരുന്നു: "ഞങ്ങള്‍ ഒരു ശതമാനംപേര്‍ , ഒരു ശതമാനത്തിനുവേണ്ടി, ഒരു ശതമാനക്കാരാല്‍ ഭരിക്കുന്നു". നൂറ്റാണ്ടുകള്‍ക്കു മുമ്പ് യൂറോപ്പില്‍ ജനാധിപത്യത്തിനുവേണ്ടി സമരം ചെയ്തവര്‍ ഉന്നയിച്ച മുദ്രാവാക്യത്തെ അനുസ്മരിക്കുന്നതാണ് ഈ പരാമര്‍ശം. സ്റ്റിഗ്ലിറ്റ്സ് അമേരിക്കന്‍ ജനാധിപത്യത്തിലെ വൈരുധ്യം തുറന്നുകാട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "ബാങ്കുകള്‍ അവരുടെ കിട്ടാക്കടങ്ങള്‍ ഈടാക്കാനായി 70 ലക്ഷം വീട് ജപ്തിചെയ്ത് കൈവശപ്പെടുത്തി. 70 ലക്ഷം കുടുംബങ്ങളെ തെരുവിലേക്ക് എറിയുകയും ചെയ്തു. ഇപ്പോള്‍ 70 ലക്ഷം വീട് ആളില്ലാതെ കിടക്കുകയാണ്. 70 ലക്ഷം കുടുംബങ്ങള്‍ വീടില്ലാതെ തെരുവിലും. ഇതാണ് അമേരിക്കന്‍ വ്യവസ്ഥിതി." ഈ വൈരുധ്യം ചൂണ്ടിക്കാട്ടി ആധുനിക മുതലാളിത്തത്തെ ഗ്രസിച്ചിട്ടുള്ള കുഴപ്പത്തെപ്പറ്റി സ്റ്റിഗ്ലിറ്റ്സ് തുടര്‍ന്നു പറഞ്ഞു: "ഇത് വെറുമൊരു "ചാക്രിക കുഴപ്പം" അല്ല . "അമേരിക്കന്‍ വ്യവസ്ഥിതിയെ"ത്തന്നെ ഗ്രസിച്ചിട്ടുള്ള കുഴപ്പമാണ് ." മൂന്നുകൊല്ലം കഴിഞ്ഞിട്ടും ആഗോള ധനപ്രതിസന്ധി പരിഹരിച്ചിട്ടില്ല. അത് കൂടുതല്‍ ജനങ്ങളെ പാപ്പരീകരിച്ചുകൊണ്ട് ശക്തിപ്പെടുകയാണ്. അതിനു പുതിയ പുതിയ മുഖങ്ങള്‍ കൈവന്നുകൊണ്ടിരിക്കുന്നു. ധനപ്രതിസന്ധി, സര്‍ക്കാരുകളുടെ കടപ്രതിസന്ധി, ജനാധിപത്യ ഭരണക്രമങ്ങളെ അട്ടിമറിക്കല്‍ , കുത്തക ബാങ്കുകളുടെ വിശ്വസ്തര്‍ നേരിട്ട് അധികാരം ഏറ്റെടുക്കല്‍ , തെരഞ്ഞെടുപ്പുകളെ പ്രഹസനമാക്കി മാറ്റല്‍ ഇവയെല്ലാം ആഗോളപ്രതിസന്ധിയുടെ വിവിധ മുഖമാണ്.
ഇന്ത്യന്‍ ഭരണവര്‍ഗം ഉള്‍പ്പെടെയുള്ള ആഗോള മൂലധന ഉടമകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഇനിയും സടകുടഞ്ഞെഴുന്നേറ്റിട്ടില്ല. തങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശാലമായ ഐക്യം സ്ഥാപിച്ചുകൊണ്ടും ഇതര രാജ്യങ്ങളിലെ ജനകീയ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ത്യന്‍ ഭരണാധികാരവര്‍ഗത്തിന്റെ നയങ്ങള്‍ക്കെതിരെ വിപുലമായ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം ഇനിയും ശക്തിപ്പെടുത്തണം. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയ രണ്ടു മുദ്രാവാക്യം ശ്രദ്ധേയമാണ്. "കാള്‍ മാര്‍ക്സാണ് ശരി" "സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍" ഈ മുദ്രാവാക്യങ്ങള്‍ പ്രതീകാത്മകമാണ്. ലോക കമ്പോളം ഉയര്‍ത്തിപ്പിടിക്കുന്ന "മൂല്യവ്യവസ്ഥയ്ക്ക്" ബദലായി അവര്‍ പുതിയ നിലപാടു സ്വീകരിക്കുകയാണ്. ചൂഷകരുടെ മൂല്യവ്യവസ്ഥയ്ക്കു പകരം ചൂഷിതരുടെ മൂല്യവ്യവസ്ഥയ്ക്കുവേണ്ടി അവര്‍ പോരാട്ടത്തിലാണ്.
*
കെ എന്‍ രവീന്ദ്രനാഥ് ദേശാഭിമാനി 22 നവംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
2011 നവംബര്‍ എട്ടിനും ഒമ്പതിനും ബഹുരാഷ്ട്ര കുത്തക ബാങ്കുകള്‍ യൂറോപ്യന്‍ രാജ്യമായ ഗ്രീസിന്റെ ഓഹരികളും സര്‍ക്കാര്‍ ബോണ്ടുകളും വന്‍തോതില്‍ വിറ്റഴിച്ചു. തുടര്‍ന്ന് ഓഹരിവിപണിയില്‍ അവയുടെ വിലയിടിഞ്ഞു. അങ്ങനെ പുതിയൊരു പ്രതിസന്ധിക്ക് കളമൊരുങ്ങി. കുത്തക ബാങ്കുകളെ പ്രകോപിപ്പിച്ചത് ഗ്രീസിലെ ഭരണമുന്നണിക്കുള്ളിലുണ്ടായ ആശയക്കുഴപ്പമാണ്. പ്രധാനമന്ത്രി ജോര്‍ജ് പാപാന്‍ന്ദ്ര്യൂയ്ക്ക് പകരം ലൂക്കാസ് പാപെദെമോസിനെ പ്രധാനമന്ത്രിയാക്കാനുള്ള ധാരണ ഭരണമുന്നണിയും പ്രതിപക്ഷവും ചേര്‍ന്നുണ്ടാക്കിയിരുന്നു. എന്നാല്‍ , ഭരണമുന്നണിക്കുള്ളിലെ ചിലര്‍ സ്പീക്കറായിരുന്ന ഫിലിപ്പോസ് പെറ്റ്സാല്‍നിക്കോസിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ചു. (ഫിലിപ്പോസ് പ്രധാനമന്ത്രി പാപാന്‍ന്ദ്ര്യൂയുടെ ഉറ്റസുഹൃത്തായിരുന്നു). ഇതിനെ ഭരണമുന്നണിയും പ്രതിപക്ഷവും ശക്തിയായി എതിര്‍ത്തു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടാക്കിയ ധാരണ മാറ്റമില്ലാതെ നടപ്പാക്കണമെന്നായിരുന്നു അവരുടെ നിലപാട്. ഈ വാര്‍ത്തയാണ് ഗ്രീക്ക് ബോണ്ടുകളുടെയും ഓഹരികളുടെയും വിലയിടിവിലേക്കു നയിച്ചത്. ഗ്രീക്ക് പ്രസിഡന്റ് ഇടപെട്ടു. പാപാദെമോസ് തന്നെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും "ത്രിമൂര്‍ത്തികള്‍" നിര്‍ദേശിച്ചപ്രകാരം ഗ്രീസിന്റെ വായ്പാപദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Post a Comment