മധുരക്കടുത്ത് ഉത്തപുരത്തെ മുത്താലമ്മന്‍ ക്ഷേത്രം. തൊഴുകൈകളോടെ നില്‍ക്കുകയാണ് കുറേ ദളിതര്‍ . ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം തങ്ങളുടെ ആരാധനാമൂര്‍ത്തിയായ മുത്താലമ്മനെ അവര്‍ മനംനിറയെ കണ്ടു. ശരിക്കും ഒരു തമിഴ് സിനിമയിലെ സീന്‍ പോലെയായിരുന്നു ആ കാഴ്ച.
രണ്ടു പതിറ്റാണ്ടു നീണ്ട പോരാട്ടത്തിനു ശേഷമാണ് വ്യാഴാഴ്ച ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനുള്ള അവസരം അവര്‍ക്ക് കിട്ടിയത്. ആ കാഴ്ച കണ്ട് തെരുവില്‍ നിന്ന് സവര്‍ണ്ണ വിഭാഗത്തിലെ സ്ത്രീകളുടെ നിലവിളിയുയര്‍ന്നു. പക്ഷേ ഉത്തപുരത്തെ ദളിതരെ സംബന്ധിച്ചിടത്തോളം ചരിത്ര ദിവസമാണ്. വര്‍ഷങ്ങളായി അടിമത്തവും വഴി നടക്കാനുള്ള അവകാശവുമില്ലാതെ ദുരിതമനുഭവിച്ചിരുന്ന ഉത്തപുരത്തെ ദളിതര്‍ക്ക് ഇനി മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ആരെയും ഭയക്കാതെ പ്രവേശിക്കാം. അയിത്ത മതില്‍ നിര്‍മിച്ച് ദളിതര്‍ക്ക് വഴിയില്ലാതാക്കിയ ഉത്തപുരത്തിന് സിപിഐ എം തണലിലാണ് നീതി ലഭിച്ചത്.
സംഘര്‍ഷം ഇല്ലാതാക്കാന്‍ സവര്‍ണവിഭാഗവും ദളിത് വിഭാഗവും സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നു. മധുര ജില്ലാ പൊലീസ് കമീഷണര്‍ അസ്റാ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് കരാര്‍ ഒപ്പിട്ടത്. ഈ കരാറനുസരിച്ചാണ് ദളിതര്‍ക്ക് മുത്താലമ്മന്‍ ക്ഷേത്രം, അരയാല്‍മരം എന്നിവിടങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിച്ചത്. 2008ല്‍ അയിത്ത മതില്‍പൊളിച്ചുണ്ടാക്കിയ പാതയിലൂടെയാണ് ദളിതര്‍ ക്ഷേത്രത്തിലേക്ക് വന്നത്. ഈ പാതയില്‍ തടസ്സം ഉണ്ടാക്കി നിര്‍മിച്ച താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. വര്‍ഷങ്ങളായി ദളിത്-സവര്‍ണ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി ഇരുവിഭാഗത്തിനുമെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിച്ചു. ഉത്തപുരത്തെ മുഴുവനാളുകള്‍ക്കും ഉപയോഗിക്കാന്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കുവാനും തീരുമാനിച്ചിരുന്നു. മുത്താലമ്മന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ ഇരുവിഭാഗത്തിനും സര്‍ക്കാരിനെ സമീപിക്കാമെന്നും അന്നു തീരുമാനിച്ചിരുന്നു. സമാധാനം നിലനിര്‍ത്താന്‍ ഇരു വിഭാഗവും പ്രതിജ്ഞാബദ്ധമാണ്. ദളിതരെ പ്രതിനിധീകരിച്ച് സിപിഐ എം നേതാക്കളായ പൊന്നയ്യ, ശങ്കരലിംഗം എന്നിവരും സവര്‍ണവിഭാഗത്തിനുവേണ്ടി ഓഡിറ്റര്‍ മുരുകേശനുമാണ് കരാറില്‍ ഒപ്പുവച്ചത്.
22 വര്‍ഷത്തെ ദളിത്-സവര്‍ണ പോരാട്ടം സമാധാനത്തിന് വഴിമാറിയതില്‍ സിപിഐ എമ്മിന്റെയും അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെയും പ്രക്ഷോഭത്തിന് ലഭിച്ച അംഗീകാരമായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണനും അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സമ്പത്തുമായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്.
മധുര ജില്ലയിലെ ഉശിലംപട്ടി താലൂക്കിലാണ് ഉത്തപുരം ഗ്രാമം. ദളിതര്‍ നടക്കുന്ന പൊതുവഴി 22 വര്‍ഷം മുമ്പ് സവര്‍ണര്‍ മതില്‍കെട്ടി അടച്ചു. അയിത്തജാതിക്കാരെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് മതില്‍ നിര്‍മിച്ചത്. തുടക്കത്തില്‍ ദളിതര്‍ ഇതിനെ ചോദ്യം ചെയ്തു. എന്നാല്‍ അധികാരവും പണവും ഉള്ള സവര്‍ണരെ ചെറുത്തുനില്‍ക്കാന്‍ ദളിതര്‍ക്കായില്ല. എങ്കിലും പലതവണ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തിലെല്ലാം നിരവധി ദളിതരെ പൊലീസ് സഹായത്തോടെ വേട്ടയാടി. ദ്രാവിഡ പാര്‍ടികളൊന്നും സഹായത്തിന് എത്തിയില്ല. ആരോരുമില്ലാത്ത ദളിതര്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി കഴിഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് സിപിഐ എം 19-ാം പാര്‍ടികോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം അയിത്തത്തിനെതിരെ പോരാട്ടം ശക്തമാക്കി. ഉത്തപുരം ഗ്രാമത്തില്‍ സവര്‍ണര്‍ നിര്‍മിച്ച അയിത്തമതില്‍ പൊളിക്കാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് 2008 മെയ് ഏഴിന് എത്തി. പ്രകാശ് കാരാട്ട് എത്തുന്നതറിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ അതിനു തലേന്ന് അയിത്തമതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി. സമരത്തിന്റെ ആദ്യവിജയം അതായിരുന്നു. പിന്നീടും ഉത്തപുരത്ത് സവര്‍ണ-ദളിത് സംഘര്‍ഷം നിലനിന്നു. ഒരു തവണ സിപിഐ എം പി ബി അംഗം വൃന്ദ കാരാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. ദളിതര്‍ക്ക് സ്വതന്ത്രമായി ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം കിട്ടിയതോടെ ഉത്തപുരത്തെ ദളിതരുടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. ഇനിയും തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള ഉച്ചനീചത്വങ്ങളും അയിത്തവും
നിലനില്‍ക്കുന്നുണ്ട്. അതൊക്കെ തുടച്ചുനീക്കാനുള്ള തുടക്കമായി ഉത്തപുരത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ .
*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 13 നവംബര്‍ 2011
Sunday, November 13, 2011
ഉച്ചനീചത്വങ്ങളുടെ വന്‍ മതില്‍ കടന്ന് ക്ഷേത്രത്തിലേക്ക്
Subscribe to:
Post Comments (Atom)
2 comments:
രണ്ടു പതിറ്റാണ്ടു നീണ്ട പോരാട്ടത്തിനു ശേഷമാണ് വ്യാഴാഴ്ച ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനുള്ള അവസരം അവര്‍ക്ക് കിട്ടിയത്. ആ കാഴ്ച കണ്ട് തെരുവില്‍ നിന്ന് സവര്‍ണ്ണ വിഭാഗത്തിലെ സ്ത്രീകളുടെ നിലവിളിയുയര്‍ന്നു. പക്ഷേ ഉത്തപുരത്തെ ദളിതരെ സംബന്ധിച്ചിടത്തോളം ചരിത്ര ദിവസമാണ്. വര്‍ഷങ്ങളായി അടിമത്തവും വഴി നടക്കാനുള്ള അവകാശവുമില്ലാതെ ദുരിതമനുഭവിച്ചിരുന്ന ഉത്തപുരത്തെ ദളിതര്‍ക്ക് ഇനി മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ആരെയും ഭയക്കാതെ പ്രവേശിക്കാം. അയിത്ത മതില്‍ നിര്‍മിച്ച് ദളിതര്‍ക്ക് വഴിയില്ലാതാക്കിയ ഉത്തപുരത്തിന് സിപിഐ എം തണലിലാണ് നീതി ലഭിച്ചത്.
Hamaaraa Bharath mahaan!
Post a Comment