Wednesday, November 16, 2011

ചോദിച്ചുവാങ്ങിയ വിമര്‍ശം

എം വി ജയരാജനെ സുപ്രീംകോടതി ലഘുവായ ജാമ്യത്തില്‍ വിട്ടയക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. പക്ഷേ, അതോടൊപ്പം കോടതി നടത്തിയ നിരീക്ഷണം അപ്രതീക്ഷിതമായിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ കേരളത്തില്‍ പൊതുവേയുണ്ടായ പ്രതികരണം സാധൂകരിക്കുന്ന വാക്കുകളാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. തങ്ങളുടെ വേദനയും അസ്വസ്ഥതയും കോടതിയുടെ മുന്നില്‍ ജനങ്ങള്‍ നിശബ്ദമായി പ്രകടിപ്പിച്ചു. വാചാലമാകാന്‍ അധികാരമുള്ള സുപ്രീം കോടതി അതേ വേദനയും അസ്വസ്ഥതയും ശക്തമായി പ്രകടിപ്പിച്ചു. ഇത് ഹൈക്കോടതി ചോദിച്ചുവാങ്ങിയ വിമര്‍ശമാണ്. സ്വാഭാവികനീതിയുടെ തത്വങ്ങള്‍ പാലിക്കാതെയും നിയമത്തിന്റെ പരിരക്ഷ നിഷേധിച്ചുകൊണ്ടും ഒരു വ്യക്തിയെ അപമാനിക്കുന്നത് സുപ്രീം കോടതിക്ക് നോക്കിനില്‍ക്കാനാവില്ല.

മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട കോടതി അന്തസ്സില്ലാത്ത പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചു. ഒരു വ്യക്തി എത്ര വിനീതനായാലും അയാളെ പുഴുവോ കീടമോ ആയി കാണാനാവില്ലെന്ന ജനാധിപത്യതത്വമാണ് സുപ്രീം കോടതി വിളംബരംചെയ്യുന്നത്. പ്രഖ്യാപിത ശത്രുവിനോടെന്നപോലെയാണ് ഹൈക്കോടതി ജയരാജനോട് പെരുമാറിയത്. അസ്വീകാര്യമായ പദപ്രയോഗങ്ങളും അനഭിലഷണീയമായ പെരുമാറ്റവും കോടതിയില്‍നിന്നുണ്ടായി. നിയമം അനുവദിക്കുന്ന അവസരങ്ങള്‍ അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു.

കോടതിയുടെ പ്രശാന്തതയില്‍ സംയമനത്തോടെ എഴുതേണ്ട വിധി തെരുവിലെ അശിക്ഷിതമായ പ്രസംഗത്തേക്കാള്‍ മോശമായി. ഒരു വാക്കിന്റെ പേരിലാണ് ജയരാജന്‍ ശിക്ഷിക്കപ്പെട്ടത്. പക്ഷേ, ശിക്ഷകന്റെ ഭാഷ മൊത്തത്തില്‍ സുപ്രീം കോടതിക്ക് സ്വീകാര്യമായില്ല. കേരള ഹൈക്കോടതിയുടെ പാരമ്പര്യവും അന്തസ്സും ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ന്യായാധിപന്‍ കാരുണ്യത്തിന്റെ മൂര്‍ത്തിയായിരിക്കണമെന്ന നിയമതത്വത്തിന്റെ നിരാസമാണ് ഹൈക്കോടതിയില്‍ കണ്ടത്. അതുകൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നത്. പ്രകോപനപരമായ വാക്കോ പ്രവൃത്തിയോ ഇല്ലാതിരുന്നിട്ടും&ാറമവെ;കോടതിയലക്ഷ്യക്കേസില്‍ പാലോളി മുഹമ്മദ്കുട്ടിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗമനസ്യം ഹൈക്കോടതി കാണിച്ചില്ല. ഒടുവില്‍ സുപ്രീം കോടതിയാണ് ആ കേസ് അവസാനിപ്പിച്ചത്. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടും. ജഡ്ജിമാരുടെ വ്യക്തിപരമായ വീക്ഷണം അവരുടെ പ്രവൃത്തിയെ സ്വാധീനിക്കുന്നു. അറേബ്യന്‍ മരുഭൂമികളില്‍ ജനാധിപത്യത്തിന്റെ വസന്തം വിരിയുകയും മുതലാളിത്തത്തിന്റെ പ്രാകാരങ്ങള്‍ ജനകീയപ്രതിരോധത്തില്‍ പ്രകമ്പനം കൊള്ളുകയും ചെയ്യുന്ന കാലത്ത് നമ്മുടെ ജഡ്ജിമാര്‍ പഴയകാലത്തെ ഗരിമയില്‍ കഴിയുന്നു. ജനങ്ങള്‍ തങ്ങള്‍ക്കുവേണ്ടിത്തന്നെ സൃഷ്ടിച്ച ഭരണഘടനയും ആ ഭരണഘടനയാല്‍ സൃഷ്ടിക്കപ്പെട്ട കോടതികളുമാണ് നമുക്കുള്ളത്. ഉടയോര്‍ ജനങ്ങളാണ്. അവര്‍ക്ക് തങ്ങളുടെ സേവകരെ നിരീക്ഷിക്കുന്നതിനും വിമര്‍ശിക്കുന്നതിനും അധികാരമുണ്ട്. ഈ പരമാധികാരത്തെ ആര്‍ക്കും വകവയ്ക്കാതിരിക്കാനാവില്ല. ജയരാജന്‍ കേസില്‍ സുപ്രീംകോടതി അന്തിമമായി വിധി പറയുന്നതോടെ കോടതിയലക്ഷ്യത്തെ സംബന്ധിച്ചു മാത്രമല്ല, ജഡ്ജിമാരും ജനങ്ങളും തമ്മിലുണ്ടാകേണ്ടതായ ബന്ധത്തെക്കുറിച്ചും ദേശവ്യാപകമായ ചര്‍ച്ച നടക്കും.

ഇതരരാജ്യങ്ങളിലെ അനുഭവത്തിന്റെയും നടപടിയുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ കോടതിയലക്ഷ്യനിയമവും നവീകരിക്കപ്പെടണം. കോടതിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് ആവശ്യമായ അത്രയും പരിരക്ഷയാണ് ആവശ്യമുള്ളത്. നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയെന്ന വ്യക്തവും ആസന്നവുമായ അപകടത്തെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടനിലും അമേരിക്കയിലും കോടതിയലക്ഷ്യത്തെ വിലയിരുത്തുന്നത്. ഇവിടെ കോടതിയുടെ അന്തസ്സല്ല, ജഡ്ജിയുടെ അന്തസ്സാണ് പരിഗണിക്കപ്പെടുന്നത്. അനാവശ്യമായ വാശിയും തിടുക്കവുമാണ് ഹൈക്കോടതിയെ അപകടത്തിലാക്കിയത്. ഏതുവിധേനയും ജയരാജനെ ജയിലിലേക്കയക്കണമെന്ന വാശി കോടതിക്ക് ഭൂഷണമായില്ല. ആരെയും നാലുനാള്‍ ജയിലിലാക്കാന്‍ ഹൈക്കോടതി ജഡ്ജി വേണമെന്നില്ല. ഏതു മജിസ്ട്രേട്ടിനും അതാകും. നിയമം അനുവദിക്കുന്നതിനപ്പുറമുള്ള ശിക്ഷ നല്‍കിയത് മുതല്‍ സുപ്രീം കോടതിയില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചതുവരെ എല്ലാ കാര്യങ്ങളിലും ഹൈക്കോടതി പരിഹാസ്യമായ തിടുക്കം കാണിച്ചു. പ്രസ്താവിക്കപ്പെട്ടുകഴിഞ്ഞ വിധിയില്‍ ഹൈക്കോടതി ആകുലത കാണിക്കേണ്ടതില്ല. സുപ്രീം കോടതിയുടെ മുന്നിലെത്തിയ വിധിയെ ന്യായീകരിക്കേണ്ട ചുമതല ഹൈക്കോടതിക്കില്ല. കോടതി വാദിയായ കേസില്‍ വല്ലതും പറയാനുണ്ടെങ്കില്‍ അത് സുപ്രീം കോടതിയില്‍നിന്ന് നോട്ടീസ് കിട്ടിയതിനുശേഷം ആകാമായിരുന്നു.

അഭൂതപൂര്‍വവും അസാധാരണവുമായ ഉല്‍ക്കണ്ഠയും കരുതലുമാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ കാണിച്ചത്. ജയരാജനു ലഭിക്കുന്ന ജാമ്യം തടയുകയെന്നതു മാത്രമായിരുന്നു കോടതിയുടെ ഉദ്ദേശ്യം അഥവാ ദുരുദ്ദേശ്യം. ജഡ്ജിമാരുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും നിര്‍ഭയത്വവും ഉറപ്പാക്കുമ്പോഴും അവരുടെ അബദ്ധസഞ്ചാരത്തെ നിയന്ത്രിക്കാന്‍ വ്യവസ്ഥയുണ്ടാകണം. അവര്‍ക്ക് നിയമത്തോട് പ്രതിബദ്ധതയും ജനങ്ങളോട് ഉത്തരവാദിത്തവും വേണം. അതിനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ നടക്കുന്നത്. സുപ്രീംകോടതി എത്ര ശാസിച്ചാലും ഹൈക്കോടതി ജഡ്ജിയെ ഒന്നും ചെയ്യാനാവില്ലെന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇമ്പീച്ച്മെന്റ് പരാജയപ്പെടുന്ന സംവിധാനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സഭ്യതയും സംസ്കാരവുമുള്ളവരെ ജഡ്ജിമാരാക്കണം. അവര്‍ നീതിബോധത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമുണ്ടാകണം. അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിയാക്കുന്നതിനുള്ള സുപ്രീംകോടതിയുടെ തീരുമാനം ശ്രദ്ധേയമാണ്. ജഡ്ജി ശുംഭനാണോ ജയരാജന്‍ കീടമാണോ എന്നതിനപ്പുറം മൗലികമായ ചില കാര്യങ്ങള്‍ ഇപ്പോഴത്തെ വിഷയത്തിനു പിന്നിലുണ്ട്.

ഈ നൂറ്റാണ്ടിന്റെ മുഖമുദ്ര പ്രതിഷേധമാണ്. പ്രതിഷേധിക്കുന്നതിനുള്ള ജനതയുടെ അവകാശത്തെ ഒരു കോടതിക്കും തടയാനാവില്ല. പാതയോരയോഗങ്ങള്‍ നിരോധിച്ച വിധി അസാധുവാക്കുന്നതിന് സംസ്ഥാന നിയമസഭ നിയമം പാസാക്കിയിട്ടുണ്ട്. ആ നിയമത്തോട് യോജിപ്പുള്ളവരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. ജയരാജനെ മുന്‍നിര്‍ത്തിയോ അല്ലെങ്കില്‍ ജയരാജനെ മാറ്റിനിര്‍ത്തിയോ ഇക്കാര്യം ചര്‍ച്ചചെയ്യാം. സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കുന്നതിനുള്ള സുവര്‍ണാവസരമാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ വെറും കീടങ്ങളല്ലെന്ന് തെളിയിക്കുന്നതിനുള്ള അവസരമാണിത്. സ്വീകാര്യമായ ഉത്തരവുണ്ടാകുമ്പോള്‍ കോടതിയെ പ്രശംസിക്കുന്നുവെന്ന ആക്ഷേപം ഇക്കാര്യത്തിലുമുണ്ടാകാം. കോടതിയെയല്ല, സ്വീകാര്യമായ വിധിയെ ആണ് ജനങ്ങള്‍ സ്വാഗതംചെയ്യുന്നത്. അസ്വീകാര്യമായ വിധി എവിടെനിന്നുണ്ടായാലും വിമര്‍ശിക്കപ്പെടും. അതാണ് ജയരാജന്റെ കേസിലുണ്ടായത്. ഇതിനര്‍ഥം ഹൈക്കോടതി എല്ലായ്പ്പോഴും നമുക്ക് അനഭിമതമായിരിക്കും എന്നല്ല. സുപ്രീംകോടതിയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് സ്വസ്ഥമായി കഴിയാമെന്ന മൗഢ്യവും നമുക്കുണ്ടാകരുത്. എ കെ ജിയെ മോചിപ്പിക്കാതിരുന്ന കോടതിയാണ് ഇപ്പോള്‍ ജയരാജനെ മോചിപ്പിച്ചത്. അത് കാലവും ജനങ്ങളും ചേര്‍ന്ന് വരുത്തിയ മാറ്റം.

*
ഡോ. സെബാസ്റ്റ്യന്‍ പോള്‍ ദേശാഭിമാനി 16 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എം വി ജയരാജനെ സുപ്രീംകോടതി ലഘുവായ ജാമ്യത്തില്‍ വിട്ടയക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. പക്ഷേ, അതോടൊപ്പം കോടതി നടത്തിയ നിരീക്ഷണം അപ്രതീക്ഷിതമായിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ കേരളത്തില്‍ പൊതുവേയുണ്ടായ പ്രതികരണം സാധൂകരിക്കുന്ന വാക്കുകളാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. തങ്ങളുടെ വേദനയും അസ്വസ്ഥതയും കോടതിയുടെ മുന്നില്‍ ജനങ്ങള്‍ നിശബ്ദമായി പ്രകടിപ്പിച്ചു. വാചാലമാകാന്‍ അധികാരമുള്ള സുപ്രീം കോടതി അതേ വേദനയും അസ്വസ്ഥതയും ശക്തമായി പ്രകടിപ്പിച്ചു. ഇത് ഹൈക്കോടതി ചോദിച്ചുവാങ്ങിയ വിമര്‍ശമാണ്. സ്വാഭാവികനീതിയുടെ തത്വങ്ങള്‍ പാലിക്കാതെയും നിയമത്തിന്റെ പരിരക്ഷ നിഷേധിച്ചുകൊണ്ടും ഒരു വ്യക്തിയെ അപമാനിക്കുന്നത് സുപ്രീം കോടതിക്ക് നോക്കിനില്‍ക്കാനാവില്ല.