Wednesday, November 23, 2011

ആദാമിന്റെ വാരിയെല്ല്

മറ്റു ഭാഗങ്ങള്‍ ഇവിടെ

ആദാമിന്റെ വാരിയെല്ല് മലയാള സിനിമാ ചരിത്രത്തില്‍ എന്നും വേറിട്ട് നില്‍ക്കുന്ന ഒരു സൃഷ്ടിയാണെന്ന് കരുതുന്നു. അത്തരം ഒരു സിനിമ അതിന് മുമ്പോ ശേഷമോ സംഭവിച്ചിട്ടില്ലെന്ന് തീര്‍ത്തു പറയാം. ഇറാഖി സിനിമകളില്‍ ചിലത് നിഷ്പക്ഷമായി ഇത്തരം വിഷയം കൈകാര്യം ചെയ്ത് പിന്നീട് കണ്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു സ്ത്രീപക്ഷ സിനിമയെടുക്കാന്‍ നമ്മുടെ സിനിമക്കാര്‍ ധൈര്യപ്പെടുമോ എന്നുപോലും സംശയമാണ്. കാരണം സിനിമയോടുള്ള നമ്മുടെ സമീപനം മാറി. സിനിമ എടുത്താല്‍ തന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നും കണ്ടറിയണം. ആദാമിന്റെ വാരിയെല്ല് എടുക്കാന്‍ പ്രത്യേകിച്ച് കാരണമെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ പറയാനാകില്ല. എന്നാല്‍ , അത്തരമൊരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് കാരണം എന്റെ കുടുംബ പശ്ചാത്തലവും എന്റെ ജീവിതത്തിലും എഴുത്തിലും വായനയിലും കൂടി പരിചയപ്പെട്ടിട്ടുള്ള സ്ത്രീകളുമാണ്. കുടുംബ സാഹചര്യങ്ങളില്‍ ഞാന്‍ പരിചയിച്ചിട്ടുള്ള സ്ത്രീകള്‍ ഒരു പരിഗണനയും കിട്ടാതെ വീടുകളില്‍ ഒതുങ്ങിക്കൂടിയിരുന്നവരാണ്. പൊതുവായ കാര്യങ്ങളിലൊന്നും അവരുടെ അഭിപ്രായമോ സാന്നിധ്യമോ അനിവാര്യമായി കരുതപ്പെട്ടിരുന്നില്ല. സ്ത്രീയെന്നാല്‍ വെറുതെ അഭിപ്രായം ചോദിക്കാന്‍ മാത്രമുള്ള ഒരാള്‍ എന്ന നിലയ്ക്കേ പരിഗണിച്ചിരുന്നുള്ളൂ. അവരുടെ ഭാഗം ഒരിക്കലും ഗൗരവമായി കേള്‍ക്കുന്ന പതിവില്ലായിരുന്നു. പക്ഷേ ഞാന്‍ ജീവിതത്തില്‍ ആ രീതി പിന്തുടര്‍ന്നിട്ടില്ല. മറിച്ച് അവര്‍ക്ക് അര്‍ഹമായ സ്ഥാനവും പരിഗണനയും നല്‍കി. അതിനുള്ള കപ്പാസിറ്റി എനിക്കുണ്ടായിരുന്നതാണ് കാരണം.

ഞാനൊരു തികഞ്ഞ സ്ത്രീവാദിയൊന്നുമല്ല. എന്നാല്‍ സ്ത്രീകളുടെ സാമൂഹ്യ, കുടുംബാവസ്ഥകളെ എപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാല്‍ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങള്‍ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിഛേദങ്ങളായി എന്റെ പല സിനിമകളിലും കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ മൂന്ന് സ്ത്രീകളും ഫ്ളാഷ്ബാക്കിലെ ലേഖയും മറ്റൊരാളിലെ ഭാര്യയുമെല്ലാം ഉദാഹരണം. എന്നാല്‍ ഞാന്‍ കണ്ടിട്ടുള്ള പാശ്ചാത്യ സിനിമകളിലെ സ്ത്രീകള്‍ അങ്ങനെയല്ല. അവര്‍ നന്നായി റിവോള്‍ട്ട് ചെയ്യുന്നു. ഇവിടെയാകട്ടെ പോരാട്ടത്തിനിടെ പരാജയപ്പെടുന്നവരാണ് അധികവും.സമൂഹം ഏല്‍പ്പിക്കുന്ന സമ്മര്‍ദങ്ങളില്‍ നിന്നാണ് അവരുടെ കുതറല്‍ . അതില്‍ പാശ്ചാത്യ വനിതകള്‍ വലിയൊരളവ് വരെ വിജയിക്കുന്നുമുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എനിക്ക് പരിചയമുള്ളവര്‍ തന്നെയാണ്. അതില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. വിജയം പിന്നീട് ആരോപിക്കപ്പെടുന്നതാകാം.

കഥാപാത്രങ്ങളുടെ ശാക്തീകരണത്തിന് വേണ്ടിയാണത്. വാരിയെല്ല് വളരെ വ്യത്യസ്തമായി ചെയ്ത സിനിമയായിട്ടും വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലും അത് വ്യത്യസ്തത പുലര്‍ത്തി. വ്യത്യസ്തരായ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍ . അവര്‍ ഒരുമിച്ചുവരുന്നതാകട്ടെ ഒരേ ഒരു രംഗത്തിലും. പരസ്പരം തിരിച്ചറിയപ്പെടേണ്ട ഘടകങ്ങള്‍ അവരില്‍ ഉണ്ടായിട്ടും അങ്ങനെ സംഭവിക്കുന്നില്ല. മൂന്ന് കഥകളും നരേറ്റീവ് രീതിയില്‍ പറയുകയും അതിനെ പ്രത്യേക രീതിയില്‍ കോര്‍ത്തിണക്കുകയുമായിരുന്നു. മലയാളത്തില്‍ തികച്ചും പുതുമയാര്‍ന്നരു രീതിയായിരുന്നു അത്. ഏറ്റവും റിയലിസ്റ്റിക്കായി ചെയ്ത സിനിമയുടെ അന്ത്യമാകട്ടെ അങ്ങേയറ്റം സര്‍റിയലിസ്റ്റിക്കുമായി. ക്യാമറയെയും ക്യാമറമാനെയുമൊക്കെ തള്ളിയിട്ട് സ്ത്രീകള്‍ തെരുവിലേക്ക് ഓടുന്ന അവസാന രംഗം ഓര്‍ക്കുക. തിരക്കഥ മുഴുവന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടും വാരിയെല്ലിന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കണമെന്ന് രൂപമുണ്ടായിരുന്നില്ല. എന്നാല്‍ റിയലിസ്റ്റിക്കായ അന്ത്യം വേണ്ടെന്നും കരുതിയിരുന്നു. അങ്ങനെ വളരെ വ്യത്യസ്തമായ ഒരു ക്ലൈമാക്സ് ഉണ്ടാകുകയും ചെയ്തു. റസ്ക്യൂഹോമില്‍ നിന്ന് സ്ത്രീകള്‍ തെരുവിലേക്ക് കുതിക്കുമ്പോള്‍ തട്ടിമറിയുന്ന ക്യാമറയുടെ സമീപത്ത് സംവിധായകനുമുണ്ട്. എന്തുകൊണ്ട് ആ ചിത്രം ഓടിയില്ലെന്ന സംശയം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത് മാത്രമെടുക്കലല്ലല്ലോ സിനിമ എന്നായിരുന്നു അപ്പോഴൊക്കെ എന്റെ മറുപടി. ആ ചിത്രത്തിന് അത്രയും സ്വീകാര്യത പ്രതീക്ഷിച്ചാല്‍ മതി. അപ്രിയ സത്യങ്ങള്‍ കേള്‍ക്കാനും കാണാനും എല്ലാവരും ഇഷ്ടപ്പെടുന്നില്ലല്ലോ കൂടുതല്‍ .

ഇങ്ങനെയൊക്കെ ആണെങ്കിലും ആ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എന്റെ സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആദാമിന്റെ വാരിയെല്ല്. സമൂഹത്തിലെ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ ജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകള്‍ . വിവാഹിതരും മധ്യവര്‍ഗ കുടുംബംഗങ്ങളുമായ രണ്ട് പേര്‍ അവരുടെ പുരുഷന്മാരില്‍ നിന്ന് ദുരിതം ഏറ്റുവാങ്ങുമ്പോള്‍ അമ്മിണി എന്ന വീട്ട് വേലക്കാരി അധസ്ഥിത സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി വേട്ടയാടപ്പെടുന്നു. ആത്യന്തികമായി അതൊരു സ്ത്രീപക്ഷ സിനിമയാണെങ്കില്‍ കൂടി സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരെല്ലാം ചിത്രത്തോട് യോജിക്കണമെന്നില്ല. ചിത്രത്തില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം ഒടുവില്‍ മനോവിഭ്രാന്തിയിലാണ് തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ശ്രീവിദ്യയുടെ കഥാപാത്രം ആത്മഹത്യയിലും. പുനരധിവാസ കേന്ദ്രത്തിെന്‍റ വാതില്‍ തകര്‍ത്ത് തെരുവിലേക്ക് കുതിക്കുകയാണ് അമ്മിണി(സൂര്യ). ക്യാമറമാനെയും സംവിധായകനെയുമൊകെ തട്ടിയിട്ട് ഓടുന്ന അവസാന രംഗം ചിത്രത്തിന് വിശാല അര്‍ഥതലങ്ങള്‍ സമ്മാനിച്ചു. ആ സിനിമയിലേക്ക് എന്നെ നയിച്ച കടുത്ത യാഥാര്‍ഥ്യങ്ങള്‍ സിനിമ കാണുന്ന പ്രേക്ഷകനിലേക്കും സംക്രമിച്ചിട്ടുണ്ടാകണം. ജീവിതത്തില്‍ ഒരുപാട് സ്ത്രീകളെ പരിചയപ്പെടാനും അടുത്തറിയാനും കഴിഞ്ഞിട്ടുണ്ട്. അവരുടെയെല്ലാം ക്യാരക്ടറിെന്‍റ അംശങ്ങള്‍ ഏറിയും കുറഞ്ഞും എന്റെ എല്ലാ ചിത്രങ്ങളിലുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സിനിമ വ്യത്യസ്തമായി പറയുക മാത്രമായിരുന്നില്ല, സ്വീകാര്യമായി പറയുക എന്നത് കൂടി നിര്‍ബന്ധമായിരുന്നു. സ്ത്രീപക്ഷ സിനിമ എന്ന നിലയിലും അതുവരെ മലയാളത്തിന് പരിചയമില്ലാത്ത ആവിഷ്കാര രീതിയാലും വാരിയെല്ല് ശ്രദ്ധിക്കപ്പെട്ടതോടൊപ്പം മോശമല്ലാത്ത സാമ്പത്തിക നേട്ടവുമുണ്ടാക്കി. 1983ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള സംസ്ഥാന അവാര്‍ഡ് വാരിയെല്ല് നേടി. ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളിലും ക്ഷണിക്കപ്പെട്ടു. വടക്കേയിന്ത്യയിലെ പല മേളകളിലും പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമയില്‍ പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയതിന്റെ തുടര്‍ച്ചയായിരുന്നു അത്.

അവിടങ്ങളിലെല്ലാം സിനിമയിലെ സ്ത്രീപക്ഷപാതിത്വം ചര്‍ച്ചയായി. സ്ത്രീ കഥാപാത്രങ്ങളുടെയെല്ലാം പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. സുഹാസിനിയും ശ്രീവിദ്യയുമെല്ലാം ആ കഥാപാത്രങ്ങളെ അങ്ങേയറ്റം പൊലിപ്പിച്ചപ്പോള്‍ തന്നെ സൂര്യയുടെ വേഷം കൂടുതല്‍ പ്രശംസ നേടി. അതിന് കാരണം അവര്‍ ചെയ്തുപോന്ന വേഷങ്ങളില്‍ നിന്നെല്ലാം വാരിയെല്ലിലെ അമ്മിണി വ്യത്യസ്തമായിരുന്നതാകണം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്ക്രീന്‍പ്ലേ പഠിച്ചിറങ്ങിയ കള്ളിക്കാട് രാമചന്ദ്രനുമായി ചേര്‍ന്നാണ് ആദാമിന്റെ വാരിയെല്ല് എഴുതിയത്. ആദാമിന്റെ വാരിയെല്ല് എന്ന പേര് പലരെയും ആകര്‍ഷിച്ചിട്ടുണ്ട്. അതിന് കാരണക്കാരന്‍ തിക്കുറിശിയാണ്. ചിത്രത്തിന് പേര് അന്വേഷിക്കുന്ന കൂട്ടത്തില്‍ അക്കാര്യം തിക്കുറിശ്ശിയോടും പറഞ്ഞു. സിനിമാക്കാര്‍ക്കൊക്കെ പേരിടുന്ന കാര്യത്തില്‍ വിദഗ്ധനായ തിക്കുറിശിക്ക് ഇക്കാര്യത്തിലും നിര്‍ദേശമുണ്ടായിരുന്നു. ആദാമിന്റെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചതെന്നും അത്തരത്തില്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആലോചിച്ചപ്പോള്‍ നന്നായിരിക്കുമെന്ന് എനിക്കും തോന്നി.

വാരിയെല്ല് ചെയ്തതിന്റെ തൊട്ടടുത്ത വര്‍ഷമാണ് (1984) പഞ്ചവടിപ്പാലം എന്ന ആക്ഷേപഹാസ്യ ചിത്രം ചെയ്തത്. ഇന്നും മോശം രാഷ്ട്രീയത്തെ കളിയാക്കിയ മികച്ച രാഷ്ട്രീയാക്ഷേപ ഹാസ്യ സിനിമയായി പഞ്ചവടിപ്പാലം പ്രേക്ഷകരും നിരൂപകരും ഓര്‍മിക്കുന്നു. പാലം അപകടത്തില്‍ എന്ന പേരില്‍ ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ കഥയാണ് ചിത്രത്തിന് സ്വീകരിച്ചത്. ഇക്കഥ നേരത്തെ വായിച്ചിട്ടുള്ളതാണ്. അതേക്കുറിച്ച് പലരോടും സംസാരിച്ചപ്പോള്‍ സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന അഭിപ്രായമുണ്ടായി. പിന്നെ, സറ്റയര്‍ സിനിമ ചെയ്യണമെന്ന ആശയവും നേരത്തെയുണ്ടായിരുന്നതാണ്. തിരക്കഥ ഞാന്‍ തന്നെ എഴുതി. പ്രശസ്ത കാര്‍ട്ടുണിസ്റ്റ് യേശുദാസനെയാണ് സംഭാഷണമെഴുതാന്‍ ഏല്‍പ്പിച്ചത്. സറ്റയറാകുമ്പോള്‍ കാര്‍ട്ടൂണിസ്റ്റിന്റെ എഴുത്ത് ചിത്രത്തിന് മിഴിവേകുമെന്ന് തോന്നിയതിനാലായിരുന്നു അങ്ങനെ ചെയ്തത്. സമകാലിക സംഭവങ്ങളോട് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് കാര്‍ട്ടൂണിസ്റ്റുകളിലാണ് കൂടുതല്‍ ഉണ്ടാകുക. പഞ്ചവടിപ്പാലത്തിലെ കഥാപാത്രങ്ങളെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഗോപിയുടെ ദുശ്ശാസനക്കുറുപ്പ്, നെടുമുടി വേണുവിന്റെ ശിഖണ്ഡിപ്പിള്ള, ശ്രീവിദ്യയുടെ മണ്ഡോദരി എന്നിവരൊക്കെ ഇന്നും രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമുള്‍പ്പെടെയുള്ളവ ജീവിതത്തില്‍ എനിക്ക് പരിചയമുള്ളവരുടെ കാരിക്കേച്ചര്‍ പതിപ്പായി പുനര്‍ജനിച്ചതാണ്. ഗാന്ധിമതി ബാലനായിരുന്നു പഞ്ചവടിപ്പാലത്തിെന്‍റ നിര്‍മാതാവ്. എന്റെ സിനിമകളില്‍ എറ്റവും കൂടുതല്‍ നിര്‍മാണ ചെലവു വന്നത് പഞ്ചവടിപ്പാലത്തിനാണ്. 15 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. അന്നതൊരു വലിയ തുകയാണ്. സെറ്റിന്റെയും കൂടുതല്‍ ക്യാമറ ഉപയോഗിച്ചതിന്റെയും ചെലവും കൂടുതല്‍ സാങ്കേതിക വിദഗ്ധരുടെ സഹകരണവുമാണ് ചെലവുയര്‍ത്തിയത്. തിരുവനന്തപ്പുരത്തായിരുന്നു സെറ്റ്. പൊളിഞ്ഞ് വീഴുന്ന പാലത്തിന്റെ സെറ്റിട്ടത് പിന്നീട് ഗുരു ഉള്‍പ്പെടെ സിനിമകള്‍ സംവിധാനം ചെയ്ത രാജീവ് അഞ്ചലാണ്. പാലത്തിനരികില്‍ സ്ഥാപിച്ച ദുശാസനക്കുറുപ്പിന്റെ പ്രതിമയും അദ്ദേഹം തന്നെയാണ് നിര്‍മിച്ചത്. അതിമനോഹരമായിരുന്നു സെറ്റ്. പാലം വീഴുന്ന രംഗം വിവിധ ആംഗിളില്‍ സ്ഥാപിച്ച നാല് ക്യാമറകളിലാണ് പകര്‍ത്തിയത്. പാലം ഒരു തവണയേ പൊളിഞ്ഞു വീഴൂ. ആ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടു കൂടാ. സംവിധായകനെന്ന നിലയില്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. മികച്ച ദൃശ്യങ്ങളായി ക്യാമറയിലാക്കാനും കഴിഞ്ഞു. പഞ്ചവടിപ്പാലം മലയാളത്തിലുണ്ടായ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളില്‍ ആദ്യത്തെതാണെന്ന് പറയാം. ഒരുപക്ഷേ അവസാനത്തേതും. ഇന്ന് കാണുമ്പോഴും ഏറ്റവും കാലികമായ പ്രമേയം എന്ന തോന്നല്‍ ആ സിനിമ പ്രേക്ഷകരിലുണ്ടാക്കുന്നു.

രാഷ്ട്രീയാക്ഷേപത്തിന്റെ കാമ്പറിഞ്ഞ ഹാസ്യം അതില്‍ ഉള്‍ച്ചേര്‍ത്തതിന്റെ ഫലമാണ്. എന്റെ ഭാഗത്തു നിന്ന് നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സിനിമക്ക് അര്‍ഹിച്ച അംഗീകാരം അത് റിലീസായ കാലത്ത് കിട്ടിയോ എന്ന് സംശയമാണ്. സംസ്ഥാന അവാര്‍ഡിലൊന്നും പഞ്ചവടിപ്പാലത്തെ പരിഗണിച്ചില്ല. പാടേ അവഗണിച്ചു. ഇപ്പോള്‍ പലര്‍ക്കും ആ സിനിമയുടെ മഹത്വം ഇപ്പോള്‍ മനസിലായിവരുന്നുണ്ട്. പഞ്ചവടിപ്പാലത്തിെന്‍റ അനുകരണമായി പിന്നീട് ചിലതൊക്കെയുണ്ടായി. അവയൊന്നും ആ ചിത്രത്തോളം ആഴത്തില്‍ സറ്റയറിനെ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തില്‍ സറ്റയര്‍ എന്നുപറയാവുന്ന സിനിമകള്‍ വളരെ കുറച്ചു മാത്രമെ ഉണ്ടായിട്ടുള്ളൂ. പലതും കോമഡി ചിത്രങ്ങള്‍ മാത്രമായിരുന്നു. സ്വപ്നാടനവും യവനികയും പോലുള്ള സിനിമകളെടുത്ത ഒരാള്‍ പഞ്ചവടിപ്പാലം പോലൊന്ന് ചെയ്തതിനെ കുറച്ചു കണ്ടവരും അതു വേണ്ടിയിരുന്നോ എന്ന് സംശയിച്ചവരുമുണ്ട്. ഒരേ കഥയും കഥാപാത്രങ്ങളെയും തിരിച്ചും മറിച്ചുമിട്ട് സിനിമ ചെയ്യുന്നതല്ല എന്റെ രീതി എന്നതാണ് അതിനുള്ള മറുപടി. ചെയ്ത സിനിമകളിലെല്ലാം വ്യത്യസ്ത കൊണ്ടുവരുന്നതില്‍ വലിയൊരളവ് വിജയിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം. ഒന്നു തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യവുമില്ലായിരുന്നു.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍
ദേശാഭിമാനി വാരിക 27 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആദാമിന്റെ വാരിയെല്ല് മലയാള സിനിമാ ചരിത്രത്തില്‍ എന്നും വേറിട്ട് നില്‍ക്കുന്ന ഒരു സൃഷ്ടിയാണെന്ന് കരുതുന്നു. അത്തരം ഒരു സിനിമ അതിന് മുമ്പോ ശേഷമോ സംഭവിച്ചിട്ടില്ലെന്ന് തീര്‍ത്തു പറയാം. ഇറാഖി സിനിമകളില്‍ ചിലത് നിഷ്പക്ഷമായി ഇത്തരം വിഷയം കൈകാര്യം ചെയ്ത് പിന്നീട് കണ്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു സ്ത്രീപക്ഷ സിനിമയെടുക്കാന്‍ നമ്മുടെ സിനിമക്കാര്‍ ധൈര്യപ്പെടുമോ എന്നുപോലും സംശയമാണ്. കാരണം സിനിമയോടുള്ള നമ്മുടെ സമീപനം മാറി. സിനിമ എടുത്താല്‍ തന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നും കണ്ടറിയണം. ആദാമിന്റെ വാരിയെല്ല് എടുക്കാന്‍ പ്രത്യേകിച്ച് കാരണമെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ പറയാനാകില്ല. എന്നാല്‍ , അത്തരമൊരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് കാരണം എന്റെ കുടുംബ പശ്ചാത്തലവും എന്റെ ജീവിതത്തിലും എഴുത്തിലും വായനയിലും കൂടി പരിചയപ്പെട്ടിട്ടുള്ള സ്ത്രീകളുമാണ്.