അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലോകാധിപത്യപതാകയില്‍ നൈരാശ്യത്തിന്റെയും പരാജയത്തിന്റെയും നിറങ്ങള്‍ ചാലിച്ചുകൊണ്ടാണ് അന്നാട്ടിലെ സാധാരണ ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ അഗ്നിയുമായി തെരുവിലിറങ്ങിയത്. സമ്പന്നതയുടെ ഉത്തുംഗത്തിലെന്ന് നടിച്ച ഒരു സമ്പദ്വ്യവസ്ഥയുടെ പാപ്പരത്തവും ദയനീയതയുമാണ് അമേരിക്കന്‍ തെരുവുകളില്‍ അലയടിച്ച മുദ്രാവാക്യങ്ങളിലൂടെയും പടര്‍ന്നുപിടിച്ച സമരത്തിലൂടെയും ലോകത്തിനുമുന്നില്‍ അനാവൃതമായത്.
ഭരണകൂടത്തിന്റെ സമ്പന്നവര്‍ഗസേവയും പ്രകൃതിവിഭവങ്ങളടക്കം എല്ലാം വിഴുങ്ങാനുള്ള കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിയും കോര്‍പറേറ്റ് നിയന്ത്രിത ധനസ്ഥാപനങ്ങളുടെ തീവെട്ടിക്കൊള്ളയും ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായതിന്റെ പ്രതിഫലനമാണ് രണ്ട് മാസത്തോളമായി നടക്കുന്ന പ്രക്ഷോഭം. ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചോ തിരുത്താന്‍ തയ്യാറായോ അല്ല അമേരിക്കന്‍ ഭരണകൂടം പ്രക്ഷോഭത്തെ നേരിടുന്നത്; അടിച്ചമര്‍ത്തലിന്റെ വഴിയിലൂടെയാണ്. ഞങ്ങള്‍ തൊണ്ണൂറ്റൊന്‍പതുശതമാനമാണ് എന്ന് പ്രഖ്യാപിച്ച് സമ്പൂര്‍ണ പണിമുടക്ക് നടത്തിയ ഓക്ലാന്‍ഡിലെ പ്രക്ഷോഭകരെ തല്ലിയൊതുക്കാന്‍ ശ്രമിച്ചതില്‍ വ്യാപകമായ വികാരമുയരവെ തന്നെയാണ് വാള്‍സ്ട്രീറ്റിലും അടിച്ചമര്‍ത്തലിന്റെ വഴിയിലേക്ക് ഭരണാധികാരികള്‍ നീങ്ങിയത്.
അമേരിക്കന്‍ ഐക്യനാടുകളുടെ അതിരുകള്‍ ഭേദിച്ച് ലോകത്താകെ പ്രക്ഷോഭത്തിന്റെ തരംഗം പ്രവഹിച്ചത് വാള്‍സ്ട്രീറ്റില്‍നിന്നാണ്. മുപ്പതുകളിലെ മാന്ദ്യത്തെ നിസ്സാരമാക്കുംവിധം സാമ്പത്തിക പ്രതിസന്ധി മുതലാളിത്തലോകത്തെ ഗ്രസിക്കുകയും മഹാഭൂരിപക്ഷം ജനങ്ങള്‍ ദുരിതത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയുമെന്ന ദുരവസ്ഥ ജനങ്ങളെ തെരുവിലേക്കാണ് നയിച്ചത്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കുമെന്ന പ്രതീകാത്മകപ്രഖ്യാപനത്തോടെ ആരംഭിച്ച ആ പ്രക്ഷോഭത്തിന്റെ കേന്ദ്രമായത് വാള്‍സ്ട്രീറ്റിനോടനുബന്ധിച്ചുള്ള സുക്കോട്ടിപാര്‍ക്കാണ്. സാമ്രാജ്യത്വ ചൂഷണത്തിനും ആഗോളവല്‍ക്കരണത്തിന്റെ കെടുതികള്‍ക്കുമെതിരെ വര്‍ഗരാഷ്ട്രീയത്തിന്റെ പ്രാധാന്യമുയര്‍ത്തിപ്പിടിച്ചും സോഷ്യലിസ്റ്റ് മാതൃകകളെ പ്രകീര്‍ത്തിച്ചുമുള്ള മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയത്. അവരവിടെ തമ്പുകള്‍കെട്ടി, ഭക്ഷണം പാകംചെയ്ത്, പാട്ടുപാടി, മെഡിക്കല്‍ ക്യാമ്പുകളും പാഠശാലകളുമുണ്ടാക്കി സമരംചെയ്തു. രണ്ടുമാസംപിന്നിട്ട സമരം കാണെക്കാണെ രാജ്യവ്യാപകമായി അലയടിച്ചു. പ്രക്ഷോഭത്തില്‍ അണിചേരുന്ന ജനങ്ങളുടെ എണ്ണം സാമ്രാജ്യാധിപന്മാരുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചു. ബലംപ്രയോഗിച്ച് പ്രക്ഷോഭകരെ പിരിച്ചുവിടാനുള്ള തീരുമാനമുണ്ടായത് അതിന്റെ ഫലമായാണ്.
ആദ്യം ഓക്ലന്‍ഡിലും പോര്‍ട്ട്ലന്‍ഡിലും പ്രക്ഷോഭകരെ ഒഴിപ്പിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷം സായുധ പൊലീസ് ബലപ്രയോഗത്തിലൂടെ സുക്കോട്ടി പാര്‍ക്കില്‍നിന്ന് ജനങ്ങളെ പുറത്താക്കി. സഹജമായ കാപട്യത്തിലൂടെയാണ് ഈ ഒഴിപ്പിക്കല്‍ നടന്നത്; പാര്‍ക്കിലെ മാലിന്യം നീക്കംചെയ്യാനെന്നപേരില്‍ . വൃത്തിയാക്കിയശേഷം പ്രക്ഷോഭകര്‍ക്ക് തിരിച്ചുവരാമെന്നും വാഗ്ദാനംചെയ്തു. പക്ഷേ തമ്പുകെട്ടരുതെന്നും ഉറങ്ങാനുള്ള സാമഗ്രികള്‍ കൊണ്ടുവരരുതെന്നും ഉത്തരവിട്ടു. അതിനര്‍ഥം വരാനിരിക്കുന്ന കൊടുംശൈത്യത്തില്‍ ഒരാള്‍ക്കുപോലും പ്രക്ഷോഭവേദിയില്‍ തുടരാനാകില്ല എന്നാണ്. പ്രക്ഷോഭകര്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ കോടതിമുഖേനയും അടച്ചിരിക്കുന്നു. ഉത്തരവിനുവഴങ്ങാതെ പാര്‍ക്കില്‍ തുടര്‍ന്ന എഴുപതില്‍പരം പ്രക്ഷോഭകരെയാണ് ദണ്ഡുകള്‍ വീശിയും കുരുമുളക് പൊടി ചീറ്റിയും നേരിട്ടശേഷം അറസ്റ്റുചെയ്ത് നീക്കി. അമേരിക്കയില്‍ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരംപോലും ജനതയ്ക്ക് നിഷേധിച്ചിരിക്കുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്.
ലോകത്താകെ മനുഷ്യാവകാശപ്രശ്നമുയര്‍ത്തി അധിനിവേശത്തിനും അതിക്രമത്തിനും തുനിയുന്ന അമേരിക്കയുടെ തനിനിറം ഒരിക്കല്‍കൂടി പുറത്തുവന്നിരിക്കുന്നു. അമേരിക്കയിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ക്യൂബയിലെ റെബലിയന്‍ വെബ്സൈറ്റ് ഈയിടെ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഫിദല്‍ കാസ്ട്രോ തന്റെ ഒരു ലേഖനത്തില്‍ ഉദ്ധരിച്ചത് ഇങ്ങനെ:
"രാജ്യത്തിനകത്തും ലോകത്തുടനീളവും ഏറ്റവും ഗുരുതരമായ മനുഷ്യാവകാശലംഘനം നടത്തുന്ന രാഷ്ട്രമാണ് അമേരിക്ക. സ്വന്തം നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും വ്യക്തിസുരക്ഷയും ഉറപ്പുവരുത്താന്‍ നടപടിയെടുക്കാത്ത രാഷ്ട്രവും അമേരിക്കയാണ്. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ അക്രമത്തിനിരയാകുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫിലാഡല്‍ഫിയ, ചിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക് എന്നീ നാല് നഗരങ്ങളില്‍ അക്രമങ്ങള്‍ ഭീതിജനകമാംവിധം വര്‍ധിച്ചിരിക്കുന്നു. സ്വരക്ഷയ്ക്ക് ആയുധങ്ങള്‍ കൈവശംവയ്ക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് എടുത്തുകളയാനാകില്ലെന്നുമാണ് അമേരിക്കന്‍ സുപ്രീംകോടതി വിധിച്ചത്. രാജ്യത്തെ 30 കോടി ജനങ്ങളില്‍ ഒമ്പതുകോടി പേര്‍ 20 കോടിയിലധികം ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നു. വെടിക്കോപ്പുകള്‍ കൊണ്ട് കഴിഞ്ഞവര്‍ഷം നടന്ന കൊലപാതകങ്ങളുടെ എണ്ണം 12,000 ആണ്. 47 ശതമാനം കൊള്ളകള്‍ക്കും തോക്കുപയോഗിച്ചു. പ്രതികളെ കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ "ഭീകരപ്രവര്‍ത്തന നിരോധന" നിയമപ്രകാരം കടുത്ത ബലപ്രയോഗം നടത്തുന്നത് പതിവാണ്."
ലോകത്താകെ അട്ടിമറി പ്രവര്‍ത്തനം നടത്തുന്ന, തങ്ങള്‍ക്ക് അഭിമതരല്ലാത്ത രാഷ്ട്രത്തലവന്മാരെ കൊന്നുതള്ളുന്ന രാഷ്ട്രമാണ് അമേരിക്ക. സദ്ദാം ഹുസൈനും മുഅമ്മര്‍ ഗദ്ദാഫിയും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങള്‍മാത്രം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തില്‍ കടന്നുകയറി അവിടത്തെ ഭരണത്തലവനെ വേട്ടയാടിപ്പിടിച്ച് വിചാരണകൂടാതെ കൊല്ലാന്‍ മടികാട്ടാത്തവര്‍ക്ക് സ്വന്തം ജനതയുടെ പ്രതിഷേധസമരത്തെ തല്ലിയൊതുക്കാന്‍ തെല്ലും മടിക്കേണ്ട കാര്യമില്ല. ഫിദല്‍ കാസ്ട്രോ തന്നെ പറയുന്നു:
"അമേരിക്കയില്‍ വെളുത്തവര്‍ക്കിടയിലെ തൊഴിലില്ലായ്മ 16.2 ശതമാനമാണെങ്കില്‍ ലാറ്റിനമേരിക്കന്‍ -ഏഷ്യന്‍ വംശജര്‍ക്കിടയില്‍ 22 ശതമാനവും കറുത്തവര്‍ക്കിടയില്‍ 33 ശതമാനവുമാണ്. ജയിലില്‍ കഴിയുന്നവരില്‍ 41 ശതമാനവും ആഫ്രോ-അമേരിക്കന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 90 ശതമാനം സ്ത്രീകളും തൊഴിലിടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നു. രണ്ടുകോടി സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നു. ജയിലുകളില്‍ കഴിയുന്നവരില്‍ അറുപതിനായിരത്തോളം തടവുകാര്‍ ലൈംഗികാക്രമണങ്ങള്‍ക്കിരയാകുന്നു. ക്യാമ്പസുകളില്‍ നടക്കുന്ന ബലാല്‍സംഗത്തില്‍ 60 ശതമാനവും ഡോര്‍മിറ്ററികളിലാണ്"-
ഇത് മഞ്ഞുകട്ടയുടെ ചെറിയൊരു ഭാഗം മാത്രമാണ്. തകര്‍ച്ചയും പ്രതിസന്ധിയും സര്‍വതലത്തിലും പിടിമുറുക്കിയിരിക്കുന്നു. അതില്‍നിന്ന് രക്ഷപ്പെടാന്‍ പ്രക്ഷോഭകരെ ഒഴിപ്പിച്ചതുകൊണ്ടോ അധിനിവേശങ്ങള്‍കൊണ്ടോ സാധ്യമല്ല. വാള്‍സ്ട്രീറ്റില്‍ ഉയര്‍ന്ന കൊടിയും മുദ്രാവാക്യങ്ങളും കാള്‍മാര്‍ക്സ് എന്ന വലിയ ശരിയെക്കുറിച്ച് മുതലാളിത്തലോകത്തുനിന്നുയരുന്ന ഓര്‍മപ്പെടുത്തലുകളും ലോകത്തിന്റെ പുതിയ ദിശയെക്കുറിച്ചുള്ള സൂചനകളാണ്.
*
ദേശാഭിമാനി മുഖപ്രസംഗം 17 നവംബര്‍ 2011
Subscribe to:
Post Comments (Atom)
2 comments:
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലോകാധിപത്യപതാകയില്‍ നൈരാശ്യത്തിന്റെയും പരാജയത്തിന്റെയും നിറങ്ങള്‍ ചാലിച്ചുകൊണ്ടാണ് അന്നാട്ടിലെ സാധാരണ ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ അഗ്നിയുമായി തെരുവിലിറങ്ങിയത്. സമ്പന്നതയുടെ ഉത്തുംഗത്തിലെന്ന് നടിച്ച ഒരു സമ്പദ്വ്യവസ്ഥയുടെ പാപ്പരത്തവും ദയനീയതയുമാണ് അമേരിക്കന്‍ തെരുവുകളില്‍ അലയടിച്ച മുദ്രാവാക്യങ്ങളിലൂടെയും പടര്‍ന്നുപിടിച്ച സമരത്തിലൂടെയും ലോകത്തിനുമുന്നില്‍ അനാവൃതമായത്.
Post a Comment