സംസ്കാരമെന്നത് ആധുനികലോകബോധത്തെ പ്രതിഫലിപ്പിക്കുന്ന അര്‍ഥസൂചനകളുള്ള ഒരു പദമാണ്. സംസ്കാരം എന്ന പദത്തിന്റെ അര്‍ഥപരിണാമങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുള്ള പല പണ്ഡിതരും ചൂണ്ടിക്കാട്ടിയിട്ടുള്ളത് സംസ്കാരം ഒരു ജനതയുടെ ചരിത്രത്തിന്റെ സാരവത്തായ അംശമാണെന്നാണ്. സാംസ്കാരിക പ്രകാശനത്തിന്റെ പ്രത്യയശാസ്ത്രപരമോ ആദര്‍ശപരമോ ആയ സവിശേഷതകള്‍ എന്തായാലും ഒരു ജനതയുടെ സ്വത്വത്തിന്റെയും അഹംബോധത്തിന്റെയും വികാസഗതിയെ അടയാളപ്പെടുത്തുന്നത് സംസ്കാരമാണ്. ഏതൊരു സമൂഹത്തിന്റെയും ജനവിഭാഗത്തിന്റെയും വികാസദശയെ നിര്‍ണയിക്കുന്നത് ഉല്പാദനശക്തികളുടെ വളര്‍ച്ചയുടെ നിലവാരമാണെന്ന് വ്യക്തമാക്കിയ മാര്‍ക്സ് പ്രസ്തുത സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ചരിത്രമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.
പൂവിനെ ചെടിയുടെ ഉല്പന്നമെന്ന് പറയുന്നതുപോലെ സംസ്കാരത്തെ ചരിത്രത്തിന്റെ ഉല്പന്നമെന്ന് പറയാം. ഉല്പാദനശക്തികളുടെയും ഉല്പാദനരീതികളുടെയും വികാസഘട്ടമാണ് സംസ്കാരത്തിന്റെ ഭൗതികാടിത്തറയെന്നര്‍ഥം. മനുഷ്യന്‍ ജനിച്ചുവളര്‍ന്നുവരുന്ന ചുറ്റുപാടിന്റെയും ഭൗതിക യാഥാര്‍ഥ്യങ്ങളുടെയും വളക്കൂറുള്ള മണ്ണില്‍ വേരുകളാഴ്ത്തിക്കൊണ്ടാണ് അവന്റെ സംസ്കാരം വളരുന്നത്. സമൂഹത്തിന്റെ വികാസപരിണാമങ്ങള്‍ നിര്‍ണയിക്കുന്നത് സാമ്പത്തിക - രാഷ്ട്രീയ- സാമൂഹ്യരംഗത്തെ സമരങ്ങളാണ്. ഏതൊരു സമൂഹത്തിലും നടക്കുന്ന അസന്തുലനങ്ങളുടെയും സംഘട്ടനങ്ങളുടെയും സ്വഭാവവും വ്യാപ്തിയുമാണ് സംസ്കാരത്തിന്റെ സവിശേഷതകളെ അറിയാന്‍ നമ്മെ സഹായിക്കുന്നത്. സംസ്കാരത്തെക്കുറിച്ച് ഇത്രയും ആമുഖമായി പറഞ്ഞത് സംസ്കാരത്തിന്റെയും സംസ്കാര ശൂന്യതയുടെയും വര്‍ത്തമാനപ്രവണതകള്‍ കേരളീയ സമൂഹത്തില്‍ എങ്ങനെയെല്ലാമാണ് ഭീഷണമായിത്തീര്‍ന്നിരിക്കുന്നതെന്ന് പരിശോധിക്കുവാനാണ്. മലയാളിയുടെ പ്രബുദ്ധതയെയും രാഷ്ട്രീയ സംസ്കാരത്തെയും നിന്ദ്യമായ രീതിയില്‍ വെല്ലുവിളിക്കുകയാണ് കുപ്രസിദ്ധമായ പത്തനാപുരം പ്രസംഗങ്ങളിലൂടെ ഗണേശ് കുമാറും പി സി ജോര്‍ജും ചെയ്തത്. ഇത്തരക്കാര്‍ മന്ത്രിയും ചീഫ്വിപ്പുമായി തുടരുന്നത് സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിനും അനുവദിക്കാനാവുന്നതല്ല. കുപ്രസിദ്ധമായിത്തീര്‍ന്ന പത്തനാപുരം പ്രസംഗം ധാര്‍മികതയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും എല്ലാ സീമകളെയും അതിലംഘിക്കുന്നതായിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് പോലും ന്യായീകരിക്കാനാവാത്ത വിധം അശ്ലീലകരമായിരുന്നു ഗണേശ് കുമാറിന്റെയും പി സി ജോര്‍ജിന്റെയും പത്തനാപുരം പെര്‍ഫോമന്‍സ്! സഭ്യതയുടെ എല്ലാ അതിരുകളെയും ചാടിക്കടന്ന് (മതിലുകളും അതിരുകളും ചാടിക്കടക്കുന്നതില്‍ ഗണേശ് കുമാര്‍ പാരമ്പര്യമായിതന്നെ വിദഗ്ധനാണ്!) കേരളത്തിന്റെ സമാദരണീയനായ പ്രതിപക്ഷ നേതാവിനെതിരെ നടത്തിയ "ഭ്രാന്തന്‍" പ്രസംഗവും പി സി ജോര്‍ജിന്റെ എ കെ ബാലനെതിരായ ജാതി അധിക്ഷേപവും ഔപചാരികമായൊരു "മാപ്പ് പറയല്‍" കൊണ്ടവസാനിപ്പിക്കാവുന്നതല്ല. പത്തനാപുരം പ്രസംഗം ഉയര്‍ത്തുന്ന സാമൂഹികവും സാംസ്കാരികവും നൈതികവുമായ പ്രശ്നങ്ങള്‍ സമഗ്രവും ഗഹനവുമായിതന്നെ വിശലകനം ചെയ്യപ്പെടേണ്ടതുണ്ട്. സംസ്കാരത്തെയും രാഷ്ട്രീയത്തെയും മാനവീകരിക്കുകയും ജനാധിപത്യവല്‍ക്കരിക്കുകയുമാണ് ആധുനിക സാമൂഹ്യവിപ്ലവങ്ങളെല്ലാം ചെയ്തത്. സംസ്കാരമെന്ന പദം മനസംസ്കരണമെന്ന അര്‍ഥത്തിലാണ് നവോത്ഥാന നായകരും ജനാധിപത്യ വിപ്ലവനായകന്മാരും ഉപയോഗിച്ചിട്ടുള്ളത്. റെയ്മണ്ട് വില്യംസിനെപോലുള്ള മാര്‍ക്സിസ്റ്റ് സാംസ്കാരിക വിമര്‍ശകര്‍ സംസ്കാരമെന്ന പദത്തിന്റെ അര്‍ഥസങ്കീര്‍ണതകളെ മുഴുവന്‍ ഉള്‍ക്കൊണ്ട് "സമഗ്രമായൊരു ജീവിതശൈലി"യെന്നാണ് സംസ്കാരത്തെ നിര്‍വചിച്ചിട്ടുള്ളത്. ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും അനുസ്യൂതിയിലൂടെ വളര്‍ന്നുവികസിച്ച സാമൂഹ്യനീതിയുടെയും സ്ഥിതിസമത്വാശയങ്ങളുടെയും ആദര്‍ശാത്മകതയിലാണ് ജനാധിപത്യ വിപ്ലവങ്ങള്‍ രൂപപ്പെട്ടത്. ജനാധിപത്യമെന്നത് പാര്‍ലമെന്റുകളും കോടതികളും വ്യവസായശാലകളും പോലുള്ള ദൃശ്യമണ്ഡലങ്ങള്‍ വിട്ട് മനുഷ്യരുടെ ആത്മനിഷ്ഠതയുടെ ഊടിലും പാവിലും പടര്‍ന്നെത്തണമെന്നാണ് മാര്‍ക്സിസ്റ്റുകള്‍ കരുതുന്നത്. അതായത് ബൂര്‍ഷ്വാജനാധിപത്യത്തിന്റെ ഔപചാരികതക്കപ്പുറം മനുഷ്യന്റെ ശീലങ്ങളിലും മൂല്യബോധത്തിലും ദൈനംദിനാനുഷ്ഠാനങ്ങളിലും ഉണ്ടാവേണ്ട മാനവീകമായൊരു പരിവര്‍ത്തനത്തെയാണ് സംസ്കാരത്തിന്റെ സോഷ്യലിസ്റ്റുവല്‍ക്കരണം ലക്ഷ്യമിടുന്നത്.
ജനാധിപത്യത്തോടും സമത്വാശയങ്ങളോടും എന്നും അസഹിഷ്ണുത പുലര്‍ത്തിപ്പോരുന്ന ഒരു നവയാഥാസ്ഥിതിക രാഷ്ട്രീയം ലോകമെമ്പാടുമെന്നപോലെ കേരള സംസ്കാരത്തിന്റെയും മലയാളിയുടെ ജീവിതത്തിന്റെയും നാനാതുറകളില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നുണ്ട്. ധാര്‍മ്മികതയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും സമസ്തമൂല്യങ്ങളെയും നിരസിക്കുന്ന ഈ നവജാത മൂലധന രാഷ്ട്രീയം കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ അഴുക്കുചാലുകളില്‍ നിന്ന് ജന്മമെടുത്ത കൂത്താടികളുടെ അഭിനവ പതിപ്പാണ്. പെണ്‍വാണിഭവും റിയല്‍എസ്റ്റേറ്റും നവവിനോദ വ്യവസായങ്ങളുമെല്ലാമായി കേരളത്തിന്റെ സമ്പദ്ഘടനക്കും സാമൂഹ്യജീവിതത്തിനും ഭീഷണിയുയര്‍ത്തുന്ന ഈ നവമൂലധന രാഷ്ട്രീയം കാലഹരണപ്പെട്ട ഫ്യൂഡല്‍മൂല്യങ്ങളെ ആന്തരവല്‍ക്കരിച്ച ഒരുതരം ഹുളിഗാനിസമാണ്. നിയമത്തിനും മാനുഷികമൂല്യങ്ങള്‍ക്കും നിരന്തരമായി ഭീഷണി ഉയര്‍ത്തുന്ന തെരുവുഗുണ്ടകളെപ്പോലെയാണ് ഈ നവമൂലധന രാഷ്ട്രീയക്കാര്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും ആധുനിക ജനാധിപത്യപ്രസ്ഥാനങ്ങളും ദൃഢീകരിച്ചെടുത്ത എല്ലാ മൂല്യങ്ങളെയും ധ്വംസിക്കുന്ന ക്രിമിനല്‍ രാഷ്ട്രീയമാണിത്.
ജാതിമത യാഥാസ്ഥിതികത്വം മനുഷ്യജീവിത ബന്ധങ്ങളെയാകെ അസ്പൃശ്യതയുടെയും അനാചാരങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെയും അന്ധകാരങ്ങളില്‍ തളച്ചിട്ട ഒരു കാലഘട്ടത്തോട് അനുരഞ്ജനരഹിതമായി പോരാടിക്കൊണ്ടാണ് മലയാളി ആധുനിക ജനാധിപത്യ ബോധത്തിലേക്ക് മുന്നേറിയത്. ചരിത്രത്തെയും മാനവ പുരോഗതിയെയും സംബന്ധിച്ച അജ്ഞതയില്‍നിന്ന് എന്തും വിളിച്ചുകൂവുന്ന സംസ്കാരത്തിന്റെ അശ്ലീല ജന്മമെടുത്ത ഗണേശ് കുമാറും പി സി ജോര്‍ജും കുപ്രസിദ്ധമായ പത്തനാപുരം ഭരണിപ്പാട്ടിലൂടെ മലയാളിയുടെ നവോത്ഥാന പാരമ്പര്യത്തെ തന്നെയാണ് അപഹസിച്ചിരിക്കുന്നത്. ആത്മാഭിമാനമുള്ള ഒരു മലയാളിക്കും പൊറുപ്പിക്കാവുന്ന കുറ്റമല്ല അവര്‍ ചെയ്തത്. കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന എല്ലാവിധ അനാശാസ്യതകള്‍ക്കും അതിന്റെ അടിസ്ഥാനമായ ജാതി-ജന്മി- നാടുവാഴിത്തത്തിനുമെതിരായ സമരമായിരുന്നു ശ്രീനാരായണനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വാഗ്ഭടാനന്ദനുമെല്ലാം ഉയര്‍ത്തിക്കൊണ്ടുവന്നത്. എല്ലാവിധ അനാചാരങ്ങളെയും ആധിപത്യ പ്രവണതകളെയും ചോദ്യം ചെയ്തുകൊണ്ട് പുതിയൊരു സംസ്കാരമാണവര്‍ നിര്‍മിച്ചെടുത്തത്. സ്ത്രീകളുടെ അടിമത്തവും അസ്വാതന്ത്ര്യവും നിശിതമായി തന്നെ ചോദ്യം ചെയ്യപ്പെട്ടു.
ജാതി ഉച്ചനീചത്വങ്ങളെയെന്നപോലെ സ്ത്രീകള്‍ക്ക് മുലക്കരം നിശ്ചയിച്ച സവര്‍ണാധികാരത്തിന്റെ മാടമ്പിത്തരങ്ങള്‍ ശക്തമായിതന്നെ വിചാരണ ചെയ്യപ്പെട്ടു. സ്വന്തം ഇഷ്ടങ്ങള്‍ക്ക് വഴങ്ങിത്തരാത്ത പെണ്‍കുട്ടികളെ കാര്യസ്ഥരെയും ശിങ്കിടികളെയും വിട്ട് എടുത്തുകൊണ്ടുവന്നിരുന്ന കിഴട്ടു പ്രമാണിത്തത്തിന്റെ കിരാത നീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി കര്‍ഷകപ്രസ്ഥാനങ്ങളും നിസ്വരും നിരാലംബരുമായ ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് താങ്ങും തണലുമായി വളര്‍ന്നുവന്നത്. തന്റെ ഇംഗിതങ്ങള്‍ക്ക് നിന്നുതരാത്ത മലയാളി പെണ്‍കുട്ടികളുടെ മുല ഛേദിച്ചുകളഞ്ഞ കിഴട്ടുജന്മിത്തത്തിന്റെ പാരമ്പര്യം പേറുന്നവര്‍ക്ക് ഇടതുപക്ഷത്തെയും അതിന്റെ നേതാക്കളെയും സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സവര്‍ണ മേധാവിത്വബോധത്തിന്റെ മായാലോകത്ത് അഭിരമിക്കുന്ന ഗണേശിനും ജോര്‍ജിനും കാലം മാറിയത് അറിയില്ലെന്നുവേണം കരുതുവാന്‍ . പത്തനാപുരത്ത് യഥാര്‍ഥത്തില്‍ സംഭവിച്ചത് ഗണേശ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞതുപോലെ ഒരു നാക്ക് പിഴയല്ല. ചീഫും മിനിസ്റ്ററും അശ്ലീലകരമായ സ്വന്തം സംസ്കാരത്തെ തന്നെയാണ് പുലഭ്യം പറച്ചിലിലൂടെ സ്വയം അനാവരണം ചെയ്തത്.
ബോധവും മനുഷ്യന്റെ സാമൂഹ്യ അസ്തിത്വവും തമ്മിലുള്ള പാരസ്പര്യത്തെ വിശകലനം ചെയ്തുകൊണ്ട് പ്രശസ്ത മനഃശാസ്ത്ര ചിന്തകനായ എറിക്ഫ്രോം നടത്തുന്ന നിരീക്ഷണം ഇവിടെ പ്രസക്തമാണ്. വരേണ്യവര്‍ഗത്തിലെ അംഗങ്ങളുടെ ബോധം അവരുടെ സാമൂഹ്യ അസ്തിത്വത്തിന്റെ നിര്‍മിതിയാണെന്ന് എറിക്ഫ്രോം ചൂണ്ടിക്കാട്ടുന്നുണ്ട്. അവരുടെ സംഘടനാരീതിയും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന മൂല്യങ്ങളും സമൂഹത്തിന്റെ ഉത്തമതാല്പര്യങ്ങളെ സംരക്ഷിക്കുന്നതാണെന്ന പ്രതീതി സൃഷ്ടിക്കുകയാണവര്‍ . സ്വന്തം വ്യവസ്ഥയെയും അധികാരത്തെയും ചോദ്യം ചെയ്യുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു ആശയത്തോടും പ്രസ്ഥാനത്തോടും അവര്‍ ശത്രുത കാണിക്കും. തങ്ങളുടെ താല്പര്യത്തിനെതിരാവുന്ന എല്ലാറ്റിനെയും ഏത് നീചമാര്‍ഗത്തിലൂടെയും ഉന്മൂലനം ചെയ്യാനവര്‍ ഒരുമ്പെടും. കേരളീയ ജീവിതത്തെ സമൂലം നവീകരിക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇടതുപക്ഷം എന്നും ഇത്തരക്കാരുടെ എതിര്‍ത്തു നശിപ്പിക്കേണ്ട ലക്ഷ്യമായിരുന്നിട്ടുണ്ട്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടുന്നതു കൊണ്ടാണ് ഗണേശിനും ജോര്‍ജിനും ഇടതുപക്ഷവും വി എസും ശത്രുവാകുന്നത്. നവോത്ഥാനത്തിന്റെയും തൊഴിലാളി-കര്‍ഷകസമരങ്ങളുടെയും തുടര്‍ച്ചയിലാണ് 1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലേറുന്നത്.
ജന്മിസവര്‍ണാധികാരത്തിനും ബൂര്‍ഷ്വാ രാഷ്ട്രീയത്തിനുമെതിരെ പൊരുതിനിന്ന ധീരരായ രക്തസാക്ഷികളുടെയും ത്യാഗികളായ അസംഖ്യം കമ്യൂണിസ്റ്റു വിപ്ലവകാരികളുടെയും നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഉല്പന്നമായിരുന്നു ആ സര്‍ക്കാര്‍ . മലയാളിയുടെ സാമൂഹ്യജീവിതത്തില്‍ വര്‍ഗസമരം സൃഷ്ടിച്ച തൊഴിലാളിവര്‍ഗ ആത്മബോധത്തിന്റെ പ്രകാശനമായിരുന്നു 57ലെ കമ്യൂണിസ്റ്റ് വിജയം. കുപ്രസിദ്ധമായ വിമോചനസമരത്തിലൂടെയാണ് ആ സര്‍ക്കാരിനെ ജാതിമത പിന്തിരിപ്പന്മാരും സിഐഎ പിന്‍ബലത്തോടെ തദ്ദേശീയ ബൂര്‍ഷ്വാവിഭാഗങ്ങളും അട്ടിമറിച്ചത്. കുപ്രസിദ്ധമായ ആ വിമോചനസമരം വികാരപരമായൊരു ആവേശത്തോടെ സൃഷ്ടിക്കപ്പെട്ട കമ്യൂണിസ്റ്റു വിരുദ്ധതയുടെ വിജയമായിരുന്നു. ജാതിമത പിന്തിരിപ്പന്മാരും അന്നത്തെ കേന്ദ്രസര്‍ക്കാരും അമേരിക്കന്‍ മൂലധനവും ചേര്‍ന്ന് നടത്തിയ ആ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് ഗണേശും അദ്ദേഹത്തിന്റെ പിതാവ് ബാലകൃഷ്ണപ്പിള്ളയും പി സി ജോര്‍ജുമൊക്കെ. സാമ്രാജ്യത്വമിന്നിപ്പോള്‍ നമ്മുടേതുപോലുള്ള മുതലാളിത്തപൂര്‍വ്വബന്ധങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളിലെ ഫ്യൂഡല്‍ മതാത്മകഘടനകളെ ആവശ്യാനുസരണം പുനരുജ്ജീവിച്ചെടുക്കുകയാണ്.
നവകൊളോണിയല്‍ നയങ്ങള്‍ എല്ലാ പ്രതിലോമാശയങ്ങളെയും ഭൂതകാലത്തിന്റെ വിചിത്രമായ ആചാരാനുഷ്ഠാനങ്ങളെയും ജീര്‍ണതകളെയും മഹത്വവല്‍ക്കരിക്കുകയും പുനരാനയിക്കുകയുമാണ്. ജാതിബോധവും സവര്‍ണാധിപത്യവും ജനാധിപത്യ വ്യവസ്ഥയിലെ ഭരണപക്ഷ ചീഫിനെപോലും എത്ര ആഴത്തിലാണ് ഗ്രസിച്ചിരിക്കുന്നതെന്നാണല്ലോ പത്തനാപുരം പ്രസംഗം വ്യക്തമാക്കിത്തന്നിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും യുഡിഎഫ് കണ്‍വീനറും ഭ്രാന്തമായ ഈ ജാതി അധിക്ഷേപത്തെ കണ്ണിറുക്കി നിസ്സാരവല്‍ക്കരിക്കുകയാണ്. 1989ലെ പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ മൂന്നാം വകുപ്പിലെ 2, 6, 10 എന്നീ വകുപ്പുപ്രകാരം തടവ് ശിക്ഷ ഉറപ്പായ കുറ്റമാണ് പി സി ജോര്‍ജ് ചെയ്തിരിക്കുന്നത്. പ്രസ്തുത നിയമത്തിലെ 6-ാം ഉപവകുപ്പുപ്രകാരം എസ്സി വിഭാഗത്തില്‍നിന്നും ഉന്നതസ്ഥാനം അലങ്കരിക്കുന്ന ഒരാളെ മനഃപൂര്‍വം അധിക്ഷേപിക്കുന്നത് ജാമ്യം പോലും ലഭിക്കാത്ത കുറ്റമാണ്. ഈ മൂന്നു വകുപ്പിലുംകൂടി ജോര്‍ജിന് 15 മുതല്‍ 18 വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്നതാണ്.
പട്ടികവികസനമന്ത്രിയായിരിക്കുമ്പോള്‍ എസ് സി വിഭാഗത്തിന്റെ വികസനം ലക്ഷ്യമിട്ട് എ കെ ബാലന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന പി സി ജോര്‍ജിന്റെ ആരോപണം എസ്സി/എസ്ടി നിയമത്തിലെ രണ്ടാംവകുപ്പിലെ ഒന്നാം ഉപവകുപ്പ് പ്രകാരം ഗുരുതരമായ കുറ്റമാണ്. പട്ടികജാതിയില്‍പെട്ട ഉന്നതസ്ഥാനം വഹിക്കുന്ന ആളുകളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടുവെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പട്ടികജാതി അതിക്രമം തടയല്‍ നിയമമനുസരിച്ച് പരാതി നല്‍കിയാല്‍ പൊലീസ് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥനെതിരെ കേസ് കൊടുക്കുവാനും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആറുമാസം വരെയുള്ള തടവ് ശിക്ഷയാണ് നിയമത്തിലെ വ്യവസ്ഥ. പൊലീസിന് വേണമെങ്കില്‍ സ്വമേധയാ കേസെടുത്ത് പ്രസംഗത്തിന്റെ വീഡിയോടേപ്പ് പരിശോധിക്കാവുന്നതാണ്. പക്ഷേ, ഇതൊന്നും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം സംഭവിക്കില്ല. പാമൊയില്‍ കേസില്‍ പുനരന്വേഷണത്തിന് വിധിച്ച ജഡ്ജിയെ ജോര്‍ജ് പറയാനൊന്നും ബാക്കിവെച്ചിരുന്നില്ലല്ലോ. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പി സി ജോര്‍ജ് ഒരു ചാവേറായി വരുംവരായ്കകള്‍ നോക്കാതെ രംഗത്തിറങ്ങുകയായിരുന്നു. അതിനുള്ള ഉപകാരസ്മരണ ഉമ്മന്‍ചാണ്ടിക്കില്ലാതെയിരിക്കില്ലല്ലോ. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എ മാര്‍ "പീഡിപ്പിച്ച"തിനെക്കുറിച്ച് പത്തനാപുരത്ത് ജോര്‍ജ് നടത്തിയ "രേഖീയ വിശകലനം" മറ്റൊരു സ്ത്രീപീഡനക്കേസാണ്. സഭയില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നല്ലോ. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ ജനങ്ങളെ കാണിച്ചതുമാണ്. ഇല്ലാത്ത ഒരു സംഭവത്തെക്കാുറിച്ച് പൊതുയോഗത്തില്‍ വിശദീകരിച്ച് വനിതാവാച്ച് ആന്‍ഡ് വാഡിനെ അപമാനിച്ചത് പൊതുയോഗം കേള്‍ക്കാനെത്തിയ ആള്‍ക്കൂട്ടത്തെ സന്തോഷിപ്പിക്കാനായിരുന്നുവെന്നാണ് ജോര്‍ജിന്റെ ന്യായീകരണം!
എങ്ങനെയുണ്ട് ജോര്‍ജിന്റെ ആഭാസബുദ്ധി! ക്രിമിനലുകളും വായാടികളും മന്ത്രിയും ചീഫ് വിപ്പുമായി തുടരുന്നത് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയോടുള്ള വെല്ലുവിളി തന്നെയാണ്. പത്തനാപുരം പ്രസംഗത്തില്‍ ഗണേശ് കുമാര്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ തനിക്കുള്ള പങ്ക് അറിയാതെ വെളിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. അധ്യാപകനെ നാട്ടുകാര്‍ ആക്രമിച്ചതാണെന്ന പ്രസ്താവന ചെയ്ത ഗണേശിനെ അന്വേഷണസംഘം ചോദ്യം ചെയ്യേണ്ടതാണ്. ജന്മസിദ്ധമായ ക്രിമിനല്‍ വാസനയുള്ള ഒരാള്‍ കേരളത്തില്‍ മന്ത്രിയായി തുടരാമോ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഗണേശ് കുമാറിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകന്‍ കൊടുത്ത കേസ് കോടതി അവധിക്ക് വെച്ചിരിക്കുകയാണ്. തനിക്കില്ലാത്ത വിദ്യാഭ്യാസ യോഗ്യത സത്യവാങ്മൂലത്തില്‍ കാണിച്ചുവെന്നാണ് പരാതി. കേസെടുക്കുമ്പോള്‍ കോടതി ഗണേശ് കുമാറിനെതിരെ ചാര്‍ജ് നല്‍കും. അഴിമതിക്കാരും ക്രിമിനലുകളും നാടുഭരിക്കുമ്പോള്‍ ഒരു ജനതയുടെ നീതിബോധവും രാഷ്ട്രീയ പ്രബുദ്ധതയുമാണ് വെല്ലുവിളിക്കപ്പെടുന്നത്.
*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 13 നവംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
ഉമ്മന്‍ചാണ്ടിക്ക് പോലും ന്യായീകരിക്കാനാവാത്ത വിധം അശ്ലീലകരമായിരുന്നു ഗണേശ് കുമാറിന്റെയും പി സി ജോര്‍ജിന്റെയും പത്തനാപുരം പെര്‍ഫോമന്‍സ്! സഭ്യതയുടെ എല്ലാ അതിരുകളെയും ചാടിക്കടന്ന് (മതിലുകളും അതിരുകളും ചാടിക്കടക്കുന്നതില്‍ ഗണേശ് കുമാര്‍ പാരമ്പര്യമായിതന്നെ വിദഗ്ധനാണ്!) കേരളത്തിന്റെ സമാദരണീയനായ പ്രതിപക്ഷ നേതാവിനെതിരെ നടത്തിയ "ഭ്രാന്തന്‍" പ്രസംഗവും പി സി ജോര്‍ജിന്റെ എ കെ ബാലനെതിരായ ജാതി അധിക്ഷേപവും ഔപചാരികമായൊരു "മാപ്പ് പറയല്‍" കൊണ്ടവസാനിപ്പിക്കാവുന്നതല്ല. പത്തനാപുരം പ്രസംഗം ഉയര്‍ത്തുന്ന സാമൂഹികവും സാംസ്കാരികവും നൈതികവുമായ പ്രശ്നങ്ങള്‍ സമഗ്രവും ഗഹനവുമായിതന്നെ വിശലകനം ചെയ്യപ്പെടേണ്ടതുണ്ട്.
Post a Comment