Sunday, November 20, 2011

ഇനി ഞങ്ങളുടെ കാലം

റിമ കല്ലിങ്കലുമായി ടി ആര്‍ ശ്രീഹര്‍ഷന്‍ നടത്തിയ അഭിമുഖം

? റിമയുടെ പേരിനൊപ്പം കല്ലിങ്കല്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു നാട്ടിന്‍പുറമൊക്കെയാണ് ഓര്‍മ വരുന്നത്. മിക്ക സിനിമാ നടികളും പേരിനൊപ്പം നായര്‍ , നമ്പൂതിരി എന്നിങ്ങനെയൊക്കെ ചേര്‍ക്കുമ്പോള്‍ കല്ലിങ്കല്‍ എന്ന് റിമ ഒരു വെല്ലുവിളിയായി ചേര്‍ത്തതാണോ ?

=ഞാന്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു സംഭവമാണത്. സത്യം പറയുകയാണെങ്കില്‍ നിങ്ങള്‍ മാധ്യമങ്ങള്‍ തന്നെയാണ് ആ പേര് എനിക്ക് തന്നത്. മിസ് കേരള മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ റിമ കല്ലിങ്കല്‍ രാജന്‍ എന്നായിരുന്നു എന്റെ മുഴുവന്‍ പേര്. പിന്നീട് മത്സരത്തിന്റെ ഫലമൊക്കെ വന്നപ്പോള്‍ അവരത് ചുരുക്കി. പത്രങ്ങളില്‍ വന്നതാണത്. പിന്നീട് കേള്‍ക്കാനൊരു സുഖമുണ്ടെന്ന് എനിക്കും തോന്നിയതുകൊണ്ട് അങ്ങനെ ഇരുന്നോട്ടെ എന്നു വച്ചു. പിന്നെ അച്ഛനൊക്കെ തൃശൂരിലെ അച്ഛന്റെ തറവാടിന്റെ പേരാണ് എപ്പോഴും എടുത്തു പറയാറുള്ളത്. തറവാട്ടിലൊക്കെ എല്ലാവര്‍ക്കും ഇഷ്ടവും ആ പേര് ചേര്‍ക്കുന്നതാണ്. പിന്നെ ഒരു പാട് റിമമാര്‍ ഉള്ളതുകൊണ്ട് പെട്ടെന്ന് തിരിച്ചറിയാന്‍ ഉപകരിക്കും എന്നുള്ളതും കാരണമായിരുന്നു. ?

?റിമയുടെ സിനിമാ സങ്കല്‍പ്പം എന്താണ്

=സിനിമാ സങ്കല്‍പ്പം എന്നുദ്ദേശിച്ചത് ഏതുതരം സിനിമകള്‍ എന്നാണോ?

? നമ്മള്‍ മലയാളം ഇന്‍ഡസ്ട്രിക്കാണല്ലോ പ്രാമുഖ്യം കൊടുക്കുന്നത്. അപ്പോള്‍ മലയാള സിനിമ ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ മതിയോ. അങ്ങിനെ വരുമ്പോള്‍ റിമ ആഗ്രഹിക്കുന്ന സിനിമ എന്താണ് ?

=എനിക്ക് സിനിമ എന്നു പറഞ്ഞാല്‍ ഫോം ഓഫ് ആര്‍ട് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. അതിന് കല മാത്രമോ അല്ലെങ്കില്‍ വിനോദം മാത്രമോ ആയി ചുരുങ്ങാന്‍ കഴിയില്ല. കാരണം വളരെ സിംപിള്‍ ആണ്. ഇറ്റ് ഇസ് ബിസിനസ് ആന്‍ഡ് ഇറ്റ് ഇന്‍വോള്‍വ്സ് എ ലോട്ട് ഓഫ് മണി. നമ്മള്‍ ഇതിലേക്ക് ഇടുന്ന കാശ് തിരിച്ചു കിട്ടിയാല്‍ മാത്രമേ നാളെ മറ്റൊരാള്‍ കലയ്ക്കുവേണ്ടിയായാലും വിനോദത്തിനുവേണ്ടിയായാലും സിനിമ എടുക്കൂ എന്നുള്ള ഏറ്റവും ലളിതമായ സമവാക്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണിത്. ആര്‍ടിനും എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി നിലനില്‍ക്കുമ്പോഴും സിനിമ ബിസിനസ് ആണ്. മറിച്ച് ചിന്തിക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്ക് അത് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ സിനിമക്ക് എന്തുകൊണ്ട് എന്റര്‍ടെയ്ന്‍മെന്റും ആയിക്കൂട? അപ്പോ എന്താണ് എന്റര്‍ടെയ്ന്‍മെന്റ് എന്നാവും നിങ്ങളുടെ അടുത്ത ചോദ്യം എന്നെനിക്കറിയാം. അത് കാണികള്‍ അല്ലെങ്കില്‍ പ്രേക്ഷകര്‍ ആണ് തീരുമാനിക്കേണ്ടത്. പ്രേക്ഷകര്‍ നല്ല ധാരണയുള്ളവരാണെന്നുതന്നെയാണ് എന്റെ അഭിപ്രായം.

? പലപ്പോഴും നമ്മള്‍ പറയാറുണ്ട് ശക്തമായ കഥയുണ്ടെങ്കില്‍ സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ, അല്ലെങ്കില്‍ പുതുമുഖങ്ങളെ വച്ചുപോലും സിനിമ വിജയിപ്പിക്കാമെന്ന്. റിമ ഇപ്പോള്‍ പറഞ്ഞതും ഇതുമായി കൂട്ടിവായിച്ചുകൂടെ ?

= തീര്‍ച്ചയായും. പക്ഷേ ഇന്നത്തെ സൊസൈറ്റിയില്‍ നല്ല കഥയുണ്ടെങ്കില്‍പ്പോലും സിനിമക്ക് മാര്‍ക്കറ്റിങ് ആവശ്യമാണ്. അങ്ങനെയാവുമ്പോഴും ഞാന്‍ പറയട്ടെ നല്ല തിരക്കഥയില്ലെങ്കില്‍ നല്ല സിനിമ ഉണ്ടാവില്ല എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

?ഈ പറഞ്ഞത് സ്വന്തം സിനിമയുടെ അനുഭവത്തില്‍നിന്നാണോ ?

=തീര്‍ച്ചയായും. ഉദാഹരണത്തിന് "സിറ്റി ഓഫ് ഗോഡ്" എന്ന സിനിമ. ഇരുപ്പത്തിയാറ് സെന്ററില്‍ ഈ സിനിമ റിലീസ് ചെയ്തെങ്കിലും തൃശൂരില്‍ ഈ സിനിമ റിലീസ് ചെയ്തോ എന്നറിയാന്‍ എനിക്ക് ഡയരക്ടറെ വിളിച്ചുചോദിക്കേണ്ടി വന്നു എന്നു പറയുമ്പോള്‍ അതിന് എത്രമാത്രം പരസ്യം ഉണ്ടായിരുന്നു എന്ന് ചിന്തിക്കാമല്ലോ. അതില്‍നിന്നാണ് സത്യത്തില്‍ ഇത് ഞാന്‍ മനസിലാക്കുന്നതുതന്നെ. പിന്നെ സിറ്റി ഓഫ് ഗോഡിനു അതിന്റേതായ ചില കുഴപ്പങ്ങളുമുണ്ടായിരുന്നു. പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു എന്നു തോന്നുന്ന എഡിറ്റിങ് പാറ്റേണ്‍ ആയിരുന്നു ആ സിനിമിയുടേതെന്ന് പലരും പറയുന്നു.

?സിനിമയില്‍ ഏറ്റവും നിരാശ തോന്നിയതെപ്പോഴാണ് ?

=ഈ സംഭവംതന്നെയാണ് വല്ലാതെ നിരാശയുണ്ടാക്കിയത്. കാരണം ഈ സിനിമക്കുവേണ്ടി ഞാന്‍ അത്രയ്ക്ക് വര്‍ക്ക് ചെയ്തിട്ടുണ്ട്. മറ്റുള്ളവയ്ക്ക് വര്‍ക്ക് ചെയ്തിട്ടില്ല എന്നല്ല. എന്നാല്‍ സിറ്റി ഓഫ് ഗോഡില്‍ നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. ഋതുവിലൊക്കെ ഇതേ അനുഭവമായിരുന്നെങ്കിലും അന്ന് ഞാന്‍ തുടക്കക്കാരിയായിരുന്നു. എന്നാല്‍ സിറ്റി ഓഫ് ഗോഡില്‍ ഞാന്‍ കഥാപാത്രവുമായി അത്രയേറെ ഇഴുകിച്ചേരുകയായിരുന്നു. എത്രയോ രാത്രികള്‍ ഞാന്‍ ഉറങ്ങാതിരുന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ അത് ആസ്വദിക്കുകയായിരുന്നു.

?ജീനിയസ് ആയ കലാകാരന്മാര്‍ ഈ പ്രതിസന്ധി അനുഭവിക്കാറുണ്ടെന്ന് നാം പറയാറുണ്ടല്ലോ

=എന്നാല്‍ ഞാന്‍ നേരെ തിരിച്ചാണ് വിചാരിക്കുന്നത്. അത്രയ്ക്ക് കഷ്ടപ്പെട്ടാലേ കഥാപാത്രത്തിനകത്തേക്ക് ഇറങ്ങാനാവൂ എന്നാണ് എന്റെ വിശ്വാസം. കാരണം ലാലേട്ടനൊക്കെ ചിരിച്ചു കളിച്ചു നില്‍ക്കെ തിരിഞ്ഞുനിന്ന് കരയുന്ന രംഗം മനോഹരമായി അഭിനയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

? സൂപ്പര്‍താരങ്ങളെക്കുറിച്ച്, അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് പല വാദങ്ങളും വിവാദങ്ങളും ഉണ്ടാവുന്നുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ നാട്ടിന്‍ പുറത്തെ സാധാരണക്കാര്‍ പോലും വിമര്‍ശിക്കുന്നു. എന്തു തോന്നുന്നു

=ഇങ്ങനെയാക്കെ പറയുമ്പോഴും, ഒരു "പ്രണയം" ഉണ്ടായി. മോഹന്‍ലാല്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെ അവിസ്മരണീയമായി അവതരിപ്പിച്ചു. എത്രപേര്‍ പോയി കണ്ടു. ചെയ്തു കാണിക്കുമ്പോള്‍ വിമര്‍ശിക്കുന്നവര്‍ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അതുകൊണ്ട് ഇനി ആരും ഒന്നും പറയേണ്ട. അവര്‍ എങ്ങനെയാണോ അങ്ങനെ ചെയ്യട്ടെ. ഇപ്പോ ബ്ലസിയുടെ പ്രണയം സാമ്പത്തികമായി എത്രത്തോളം വിജയിച്ചു എന്നൊന്നും എനിക്കറിയില്ല. പക്ഷേ തിയറ്ററുകളില്‍നിന്ന് അത് പെട്ടന്ന് അപ്രത്യക്ഷമായി എന്നാണ് എനിക്ക് കിട്ടിയ ഫീഡ് ബാക്ക്. ഞാന്‍ വളരെ നിശാരയായിരുന്നു.

?കുറ്റം പറയുന്നവര്‍ തന്നെ സൂപ്പര്‍ താരങ്ങളുടെ നല്ല ശ്രമങ്ങളെ അവഗണിച്ചു എന്നാണോ

=ഈ കുറ്റം പറയുന്നവരൊക്കെ പ്രണയംപോലുള്ള സിനിമകള്‍ കണ്ടിരുന്നെങ്കില്‍ അവയൊക്കെ സൂപ്പര്‍ ഹിറ്റ് ആവേണ്ടിയിരുന്നു. അപ്പൊപ്പിന്നെ ആരും ഒന്നും മിണ്ടണ്ട. അവര്‍ ചെയ്യുന്ന പടങ്ങള്‍ കാണുക.

? മുതിര്‍ന്ന സംവിധായകനായ കെ ജി ജോര്‍ജ് പറയുകയുണ്ടായി മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഉയരങ്ങളിലെത്തിയപ്പോള്‍ സിനിമയെ മറന്നെന്ന്

=മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ തുടക്കകാലം മുതല്‍ അവരെ അറിയുകയും അവരെക്കൊണ്ട് അഭിനയിപ്പിക്കുയുമൊക്കെ ചെയ്തിട്ടുള്ള മുതിര്‍ന്ന സംവിധായകനാണ് കെ ജി ജോര്‍ജ്. അദ്ദേഹത്തിന് ഇവരെക്കുറിച്ച് പറയാനും വിമര്‍ശിക്കുവാനുമൊക്കെയുള്ള അര്‍ഹതയും അധികാരവുമുണ്ട്. എന്നാല്‍ പത്തു പടം ചെയ്ത ഞാന്‍ ഇവരെ വിലയിരുത്തുന്നതേ ശരിയല്ല. ഞാന്‍ ആദരിക്കേണ്ടവരാണവര്‍ . അവരെ അങ്ങനെ വിലയിരുത്താന്‍ എനിക്ക് കഴിയില്ല. ശരിക്കും ഞാന്‍ അവരെ ആരാധിക്കുന്നു. അവരുടെ അഭിനയ രീതിയൊന്നും എന്നെപ്പോലുള്ളവര്‍ക്കൊന്നും അനുകരിക്കാന്‍പോലും കഴിയില്ല. മമ്മൂട്ടിയും കമലഹാസനുമൊക്കെ ഞങ്ങളെപ്പോലുള്ളവരുടെ സിനിമകളെ പ്രമോട്ട് ചെയ്യാന്‍വരെ തയ്യാറാവുന്നുണ്ട്. ഞങ്ങളൊക്കെ ഉപയോഗിക്കുന്ന വസ്ത്രത്തെക്കുറിച്ചുപോലും സരസമായ അഭിപ്രായങ്ങള്‍ മമ്മുക്കയൊക്കെ പറയാറുണ്ട്. അത്ര സ്നേഹത്തോടെയാണ് ഇവര്‍ പുതിയ തലമുറയോട് പെരുമാറുന്നത്.

?സിനിമയില്‍ ഇപ്പൊ പുതുതലമുറയുടെ കാലമാണ്. ആസിഫ് അലിയെയും റിമയെയുമൊക്കെ കാണുമ്പോള്‍ പ്രേക്ഷകര്‍ തിയറ്ററില്‍ കൈയടിക്കുന്നു. നല്ല സിനിമകള്‍ കാണുന്നില്ല എന്നു പറഞ്ഞ കാണികള്‍ തന്നെയാണ് ഈ പ്രോത്സാഹനം തരുന്നത്. ഈ സ്വീകാര്യതയെക്കുറിച്ച് എന്ത് പറയുന്നു

=ഈ പ്രായത്തില്‍ വലിയ ഉത്തരവാദിത്തമാണ് അത് തരുന്നത്. എനിക്ക് തോന്നുന്നു ഇന്നത്തെ മുതിര്‍ന്ന താരങ്ങള്‍ക്കൊന്നും ഇത്രവലിയ ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വന്നിരുന്നില്ല എന്നാണ്. അവര്‍ക്ക് തെറ്റ് ചെയ്യാനും തിരുത്താനും ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അതില്ല. ഞങ്ങള്‍ ഒന്നു പാളിയാല്‍ കൈകാര്യം ചെയ്യും എന്ന നിലയിലാണ് ആളുകള്‍ നില്‍ക്കുന്നത്. ഒരു സിനിമയില്‍ ഞാന്‍ ചെയ്ത തെറ്റിന്(ആ പ്രൊജക്ട് അങ്ങനെ ആയിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു) ഞാന്‍ പിന്നെ എത്ര സിനിമകള്‍ ചെയ്യേണ്ടി വന്നു എന്ന് എനിക്കറിയാം ഇവള്‍ കുഴപ്പമില്ല എന്ന് ആളുകള്‍ പറയാന്‍ . അതുകൊണ്ട് വളരെ പേടിച്ചാണ് ഒരു സിനിമ കമിറ്റ് ചെയ്യുന്നത്.

?ഇനിയങ്ങോട്ട് മലയാള സിനിമയില്‍ റിമയടക്കമുള്ള യുവതലമുറയുടെ കാലമായിരിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ

=തീര്‍ച്ചയായും. ഞങ്ങളുടെ കാലം എന്നല്ല ഞാന്‍ പറയുന്നത്. മറിച്ച് മലയാള സിനിമയുടെ നല്ലകാലം തിരിച്ചുവരും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോ ഞങ്ങളൊക്കെ മുഴുവന്‍ സമയവും ഇതിനകത്താണല്ലോ. എപ്പോഴും സംസാരം അടുത്ത സിനിമയെക്കുറിച്ചും പുതിയ സംവിധായകരെക്കുറിച്ചുമൊക്കെത്തന്നെയാണ്. നമ്മള്‍ ഈ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ചെറുപ്പക്കാരായ സംവിധായകര്‍ , പുതിയ പ്രമേയങ്ങള്‍ , പ്രണയം മാത്രം മതിയോ, അല്ലെങ്കില്‍ ഒരു രീതിയിലുള്ള പ്രണയത്തെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങി. രഞ്ജിത്തിന്റെ "ഇന്ത്യന്‍ റുപ്പി" പോലുള്ള സിനിമകളുടെയൊക്കെ പ്രമേയം ഇതിനുദാഹരണമാണ്. വളരെ സാമൂഹ്യ പ്രസക്തമായ വിഷയമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. നമ്മള്‍ നിത്യജീവിതത്തില്‍ കാണുകയും എന്നാല്‍ ഇതുവരെ കൈകാര്യം ചെയ്യാതിരുന്നതുമായ പ്രമേയം. രഞ്ജിത്തേട്ടന്‍ ആദ്യമായി എന്നോട് ഇന്ത്യന്‍ റുപ്പിയുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ വളരെ എക്സൈറ്റഡ് ആയിരുന്നു. അതില്‍ പ്രണയമൊന്നുമല്ല. എന്റെ സുഹൃദ്വലയത്തില്‍പ്പോലും അത്തരം ആളുകളുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് ആ സിനിമയുടെ പ്രസക്തി എത്രത്തോളമാണെന്ന് നമ്മള്‍ മനസിലാക്കുന്നത്.

?നമ്മള്‍ യുവതലമുറയിലെ അഭിനേതാക്കളെക്കുറിച്ച് സംസാരിച്ചു. റിമയുടെ സുഹൃത്ത്കൂടിയായ പൃഥ്വിരാജ് സമൂഹത്തില്‍നിന്ന് ഒരുപാട് ആക്രമണങ്ങള്‍ നേരിടുന്നുണ്ട്, ചില അഭിപ്രായ പ്രകടനങ്ങളുടെയും നിലപാടുകളുടെയും പെരുമാറ്റത്തിന്റെയുമൊക്കെ പേരില്‍ . പൃഥ്വിരാജുമായി ഈ വിഷയം എപ്പോഴെങ്കിലും സംസാരിച്ചിരുന്നോ

=ഇതിന് ഞാന്‍ വേറൊരു തലത്തില്‍നിന്ന് ഉത്തരം പറയാം. പഴയ തലമുറയിലെ നടീനടന്മാര്‍ -ഞാന്‍ എപ്പോഴും ഇങ്ങനെ താരതമ്യം ചെയ്തു പറയുന്നത് വേറൊരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത് എന്നതുകൊണ്ടാണ്-ഞാനൊരു നടിയായതുകൊണ്ട് നടിമാരെക്കുറിച്ച് പറയാം ശോഭന, രേവതി, ഉര്‍വശി-ഇവരൊക്കെ യഥാര്‍ഥ ജീവിതത്തില്‍ എന്താണ്, അവരുടെ ശബ്ദമെന്താണെന്നുപോലും ആളുകള്‍ക്കറിയില്ല. എല്ലാവര്‍ക്കും ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണ്. ഇവരെക്കുറിച്ച് ആളുകള്‍ക്ക് ഒന്നും അറിയില്ല. പ്രത്യേകിച്ച് ഇവരുടെ വ്യക്തിജീവിതം. അന്നിങ്ങനെ ഇന്റര്‍വ്യൂകളൊന്നുമില്ലല്ലോ. വല്ലപ്പോഴും ആകാശവാണിയിലൊക്കെ വരുന്ന ചില ഇന്റര്‍വ്യൂകളിലൂടെയാണ് ആളുകള്‍ ഇവരെക്കുറിച്ച് അറിയുന്നത്. ഇന്നങ്ങനെയാണോ. എനിക്ക് ഒരു മാസം വരുന്ന കോളുകള്‍ മുഴുവന്‍ അറ്റന്‍ഡ് ചെയ്യുകയാണെങ്കില്‍ കുറഞ്ഞത് അമ്പത് ഇന്റര്‍വ്യൂവെങ്കിലും കൊടുക്കേണ്ടി വരും. ഇന്ന് ആളുകള്‍ നമ്മളുടെ ഓരോ ചലനവും വീക്ഷിക്കുകയാണ്. ടെലിവിഷന്‍ , റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെ പുതിയ തലമുറ എപ്പോഴും ലൈംലൈറ്റിലാണ്. പണ്ടത്തെയും ഇപ്പോഴത്തെയും വെള്ളിവെളിച്ചത്തിന്റെ തീക്ഷ്ണത എന്നു പറയുന്നത് തീര്‍ത്തും വ്യത്യസ്തമാണ്. അത് നമ്മള്‍ ആദ്യം മനസ്സിലാക്കണം. ഇനി പ്രൃഥ്വിരാജിന്റെ കാര്യം പറയാം. പൃഥിരാജിനെപ്പോലെതന്നെയാണ് ഒരുപാട് ആക്ടേഴ്സ് ഇവിടെ. പൃഥ്വിരാജ് വളരെ സ്ട്രെയിറ്റ് ഫോര്‍വേഡ് ആണ്. ഇതിനെക്കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ പൃഥ്വി ചോദിച്ചത് ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രം അഭിനയിച്ചാല്‍ പോരേ പിന്നിലും അഭിനയിക്കണോ എന്നാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ പൃഥ്വിരാജ് ചോദിക്കുന്ന ചോദ്യത്തില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ഇപ്പൊ എന്റെ കാര്യം എടുക്കൂ. ഞാന്‍ ഒരു സാമൂഹ്യജീവിയും ആളുകള്‍ക്കിടയില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെ ടുന്നയാളുമാണ്. ആളുകളുമായി ഞാന്‍ വളരെ എളുപ്പം ഇടപഴകും. ഏത് ആള്‍ക്കൂട്ടത്തില്‍ എന്നെക്കൊണ്ടിട്ടാലും എല്ലാവരുമായും സംസാരിക്കാന്‍ എനിക്ക് കഴിയും. ഇത് എന്റെ കഴിവോ കുറ്റമോ ആവാം. അതെന്റെ രീതി. എന്നുവച്ച് പൃഥ്വിരാജ് അങ്ങനെയാവണമെന്ന് പറയുന്നതില്‍ അര്‍ഥമുണ്ടോ. ഇത് ഒരാളുടെ പ്രകൃതമായി കണ്ടാല്‍പ്പോരേ എന്നാണ് എനിക്ക് ആളുകളോട് ചോദിക്കാനുള്ളത്. നിങ്ങള്‍ക്ക് സിനിമ കണ്ടാല്‍പ്പോരേ. നിങ്ങള്‍ കാശുകൊടുത്ത് അയാളുടെ ജീവിതമല്ലല്ലോ കാണുന്നത്. സിനിമ നന്നായില്ലെങ്കില്‍ നിങ്ങള്‍ കൂവിക്കോളൂ.

?സിനിമാതാരങ്ങള്‍ പൊതുസ്വത്താണ് എന്ന വിശ്വാസമാവാം ഒരുപക്ഷേ

=നമ്മള്‍ പൊതുസ്വത്താവാം. ഒരു പൊതു ഇടത്തില്‍ നില്‍ക്കുമ്പോള്‍ പൊതുസ്വത്താവാം. അതല്ലാതെയുള്ള ചില പെരുമാറ്റ രീതികള്‍ എപ്പോഴും കൊണ്ടു നടക്കണമെന്നു പറഞ്ഞാല്‍ ശരിയാവില്ല. എനിക്കങ്ങനെ പറ്റില്ല. ഭാഗ്യത്തിന് എന്റെ രീതികള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതുകൊണ്ട് ഞാനിങ്ങനെ ജീവിച്ചുപോവുന്നു. സിനിമക്കാര്‍ സിനിമയിലേതുപോലെ ജീവിതത്തിലും പെരുമാറണമെന്നു പറഞ്ഞാല്‍ നടക്കില്ല. ചില സമയത്ത് എയര്‍പോര്‍ടിലൊക്കെ നില്‍ക്കുമ്പോള്‍ ചിലര്‍ പെട്ടെന്ന് വന്ന് ഫോണ്‍ തന്നിട്ട് ഒന്ന് സംസാരിക്കൂ എന്നൊക്കെ പറയും. ആരോടാണ് സംസാരിക്കുന്നത് എന്നുപോലും നമ്മള്‍ അറിയുന്നില്ല. അതുകൊണ്ട് പൃഥ്വിരാജ് എന്ന നടനെ ഞാന്‍ ഒരിയ്ക്കലും കുറ്റം പറയില്ല. അയാള്‍ വളരെ സ്വതന്ത്രനും അത്രതന്നെ അന്തര്‍മുഖനുമാണ്.

?മലയാള സിനിമയില്‍ നല്ല കഥകള്‍ക്ക് ദാരിദ്ര്യമാണെന്ന് പലപ്പോഴും ആക്ഷേപമുണ്ടാവാറുണ്ട്. ഇടക്കാലത്ത് സിനിമ കാണാന്‍ ആളുകള്‍ തിയറ്ററില്‍ കയറാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും സ്ഥിതി മാറിത്തുടങ്ങി. ഈ മാറ്റം ആശാവഹമാണോ. കഴിവുള്ള കലാകാരന്മാര്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നുണ്ടോ

=അങ്ങനെതന്നെയാണ് നമ്മള്‍ വിശ്വസിക്കേണ്ടത്. ഉദാഹരണം പറഞ്ഞാല്‍ ഞാന്‍ ഇനി ചെയ്യാന്‍ പോവുന്ന നിദ്ര എന്ന സിനിമ. നിദ്ര ഭരതന്‍ സാറിന്റെ ഒരു ക്ലാസിക് സിനിമയാണ്. അതിനെ റീ അഡാപ്റ്റ് ചെയ്യുകയാണ്. എന്നാല്‍ പുനര്‍നിര്‍മിക്കുമ്പോഴും നിലവിലുള്ള സാമൂഹ്യ വിഷയങ്ങളെ സ്പര്‍ശിച്ചുകൊണ്ടാണ് പുതിയ സിനിമ രൂപപ്പെടുന്നത്. അണ്ണാ ഹസാരെയെക്കുറിച്ചും ഇറോം ശര്‍മിളയെക്കുറിച്ചുമൊക്കെ നിദ്രയുടെ സ്ക്രിപ്റ്റില്‍ പറയുന്നുണ്ട്. അത് വളരെ പ്രസക്തമായി എനിക്ക് തോന്നിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ സമരം, ലോക്പാല്‍ ബില്‍ , ബഹളം, തിക്കും തിരക്കും. ഒരു രാജ്യം മുഴുവന്‍ അതിന്റെ പിന്നാലെ. അതുകൊണ്ട് ഹസാരെ ഒരു ഹീറോ ആയി മാറുന്നു. അതേ സമയം ഇറോം ശര്‍മിള എന്നു പറയുന്ന ഒരു സ്ത്രീ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നിരാഹാരമിരിക്കുകയാണ്. അവരെ എല്ലാവരും ഭ്രാന്തി എന്നാണ് വിളിക്കുന്നത്. വെറുതെയൊന്നുമല്ലല്ലോ അവര്‍ വെള്ളംപോലും കുടിക്കാതെയിരിക്കുന്നത്. എന്നിട്ടും ഇങ്ങനെ. ആളുകള്‍ക്ക് ഇത്ര നിസ്സംഗരായി പെരുമാറാന്‍ എങ്ങനെ കഴിയുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല. ഈ തരത്തിലുള്ള ഒരു സൊസൈറ്റിയുടെ കാഴ്ചപ്പാടിനെയാണ് ഇന്ന് നിദ്രയിലൂടെ വീണ്ടും ചോദ്യം ചെയ്യുന്നത്. അതുപോലെതന്നെയാണ് ട്വന്റി ഫോര്‍ ഫീമെയില്‍ കോട്ടയം എന്ന സിനിമ. കോട്ടയത്തുനിന്ന് കൂട്ടത്തോടെ ബംഗളൂരു, പുണെ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേഴ്സിങ് പഠിക്കാന്‍ പോവുന്നു. കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമാണത്. അതിന്റെ സ്റ്റാറ്റിസ്റ്റിക്സ് ഞങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിയുടെ ഒറ്റപ്പെടലിന്റെയൊക്കെ കഥയാണത്. ഞാനടക്കമുള്ള ഏതൊരു പെണ്‍കുട്ടിയുടെയും മനസ്സിലുള്ള വളരെ ശക്തമായ ചോദ്യം ആ സിനിമയിലുണ്ട്. കഴിവുറ്റ കലാകാരന്മാര്‍ യുവതലമുറസിനിമയില്‍ ഉണ്ട് എന്നു പറയാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്. ഇതിനെ കണ്ടില്ലെന്നു നടിക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല.

?നമ്മള്‍ അണ്ണാ ഹസാരെ യെയും ഇറോം ശര്‍മിളയെയുംകുറിച്ച് സംസാരിച്ചു. എന്നാല്‍ സിനിമാതാരങ്ങള്‍ , പ്രത്യേകിച്ച് നടിമാര്‍ ഇത്തരം സാമൂഹ്യ വിഷ യങ്ങളില്‍ പ്രതികരിക്കാതെ കൃത്യമായി ഒഴിഞ്ഞു നില്‍ക്കുന്നതാണ് കാണുന്നത്. ആള്‍ക്കൂട്ടത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയില്‍ ചലച്ചിത്ര നടീനടന്മാര്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടേണ്ടേ

=നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് പരിപൂര്‍ണമായി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . എനിക്ക് കിട്ടുന്ന പൊതുവേദികളും മാധ്യമങ്ങളും-ഇന്റര്‍വ്യൂകള്‍ , ടെലിവിഷന്‍ ചാനലുകള്‍ , ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ -ഞാന്‍ ഇത്തരം ഇടപെടലുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. മറ്റുള്ളവരെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ എന്റെ പ്രിയോറിറ്റി ലിസ്റ്റില്‍ ഇത് ഒന്നാമതാണ്. എനിക്ക് പ്രസക്തമായി തോന്നുന്ന, എനിക്ക് വിവരമുള്ള സാമൂഹ്യപ്രശ്നങ്ങളെ സപ്പോര്‍ട് ചെയ്യാനും അതിനെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്താനും ഞാന്‍ ശ്രമിക്കാറുണ്ട്. ഈയിടെ ആരോ യുവത്വത്തിന്റെ പ്രതീകം എന്നൊക്കെ വിശേഷിപ്പിച്ചു. അങ്ങനെയാവുമ്പോള്‍ ഞാന്‍ വളരെ സൂക്ഷിച്ചാണ് ഇടപെടുന്നത്. ചെറുപ്പംമുതലേ ഞാന്‍ വളരെ ഓപ്പണ്‍ ആയിരുന്നു. പല കാര്യങ്ങളെക്കുറിച്ചും എന്റെ നിലപാടുകള്‍ ഞാന്‍ പറഞ്ഞിരുന്നു. കൃത്യമായി അതൊരു ഡിപ്ലൊമസിയുടെ ഭാഗമാണ്. ആവശ്യമുള്ള കാര്യങ്ങള്‍ക്കല്ലാതെ വെറുതേ ഒരു പൊട്ടിത്തെറി ഉണ്ടാക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഒരാളെങ്കില്‍ ഒരാള്‍ ഞാന്‍ പറയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ ആ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്.

?മലയാളത്തിലെ മുഖ്യധാരാ സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ പലപ്പോഴും നായകന്റെ നിഴലോ ഉല്‍പ്പന്നമോ ഉപകരണമോ ആയിത്തീരുമ്പോള്‍ റിമയ്ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നവയായിരുന്നു

=ഇതിനും ഞാന്‍ കടപ്പെട്ടിരിക്കുന്നത് മാധ്യമങ്ങളോടാണ്. തുടക്കംമുതല്‍ മാധ്യമങ്ങള്‍ എന്തിനെന്നെ ഇത്ര വിശ്വസിച്ചുവെന്ന് എനിക്കറിയില്ല. ഞാനൊരു വലിയ നടന്റെ മകളോ, അല്ലെങ്കില്‍ ആ തരത്തിലുള്ള ഒരു പാരമ്പര്യമില്ലാതിരുന്നിട്ടുപോലും മാധ്യമങ്ങള്‍ എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. പിന്നെ എന്റെ വ്യക്തിത്വവും അതിന് സഹായിച്ചിട്ടുണ്ടാവാം. നീലത്താമര കഴിഞ്ഞു നില്‍ക്കുന്ന ഉടനെയാണ് സജി സുരേന്ദ്രന്റെ ഹാപ്പി ഹസ്ബന്‍ഡ്സില്‍ വ്യത്യസ്തമായ റോള്‍ ലഭിക്കുന്നത്. അഞ്ചുമാസം പണിയില്ലാതെ വീട്ടിലിരുന്നപ്പോള്‍ പോലും ഇത്തരം ഒരേപോലുള്ള കഥാപാത്രങ്ങള്‍ എനിക്ക് വന്നിട്ടുണ്ട്. ഇപ്പോ ഇന്ത്യന്‍ റുപ്പി കഴിഞ്ഞു നില്‍ക്കുമ്പോ ഒരു യുദ്ധം കഴിഞ്ഞപോലെയാണ് ഞാന്‍ നില്‍ക്കുന്നത്.

?ചില വിവാദങ്ങളൊക്കെ റിമയും സൃഷ്ടിച്ചിട്ടുണ്ട്. അത് മനഃപൂര്‍വമായിരുന്നോ

=ഒരിക്കലുമല്ല. ഒരു സിനിമയുടെ സുഗമമായ പോക്കിനെ നമ്മുടെ നീക്കങ്ങള്‍ ഒരു തരത്തിലും ബാധിക്കരുത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ . സിനിമക്ക് ഡേറ്റ് കൊടുത്തുകഴിഞ്ഞാല്‍ ഒരു ഉദ്ഘാടന പരിപാടിക്ക്പോലും പോവാന്‍ മടിക്കുന്നയാളാണ് ഞാന്‍ . മറ്റുള്ള നടിമാര്‍ ചെയ്തതിന്റെ നാലിലൊന്ന് പരിപാടികളിലേ ഞാന്‍ പങ്കെടുത്തിട്ടുള്ളൂ. ഞാന്‍ അത്ര ടാലന്റഡ് ഒന്നുമല്ലാത്ത നടിയായതുകൊണ്ട് സിനിമ തീരുന്നതുവരെ കഥാപാത്രമായിത്തന്നെ ഇരിക്കാനാണ് എനിക്കിഷ്ടം. എന്നാല്‍ സെറ്റില്‍ വന്നില്ല എന്നപേരിലുണ്ടായ വിവാദം ചെറിയ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് കാരണമുണ്ടായതാണ്. അത് പിന്നീട് ഞങ്ങള്‍ പറഞ്ഞു തീര്‍ക്കുകയും ചെയ്തു.

?ശ്യാമപ്രസാദ്, ലാല്‍ജോസ്, രഞ്ജിത് തുടങ്ങി എണ്ണംപറഞ്ഞ സംവിധായകരുടെ സിനിമയില്‍ ഇതിനകം അഭിനയിച്ചല്ലോ. ആരെയാണ് ഏറ്റവും ഫീല്‍ ചെയ്തത്

=അത് തീര്‍ച്ചയായും ശ്യാമപ്രസാദാണ്. അതില്‍ ഒരു മാറ്റവുമില്ല.

? മറ്റുള്ളവരെ പിണക്കണോ

= അതില്‍ ആരും പിണങ്ങേണ്ട കാര്യമില്ല. കാരണം ശ്യാമപ്രസാദ് അല്ലായിരുന്നെങ്കില്‍ ഋതു കഴിഞ്ഞ് വേറൊരു സിനിമയെക്കുറിച്ച് ഞാന്‍ ചിന്തിക്കില്ലായിരുന്നു. ഋതുവില്‍ ഉണ്ടായ അനുഭവമാണ് സിനിമയെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്. സിനിമയുമായി ഞാന്‍ പ്രണയത്തിലാവുകയായിരുന്നു. ഋതുവിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോ ഞാന്‍ ഒരു ദിവസം മുഴുവന്‍ കരഞ്ഞിട്ടുണ്ട്. വളരെ സ്വാതന്ത്ര്യം തന്നിട്ടുണ്ട് അദ്ദേഹം. ഒരു തുടക്കക്കാരിയെ എങ്ങനെയൊക്കെ രൂപപ്പെടുത്താമോ അങ്ങനെയാക്കെ ശ്യാംസാര്‍ സഹായിച്ചിട്ടുണ്ട്. എന്താണ് നല്ല സിനിമ എന്നും എങ്ങനെയാണ് ഉറച്ച നിലപാടുകള്‍ എടുക്കേണ്ടതെന്നും അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്.

?ഒരു സ്ത്രീ എന്ന നിലയില്‍ മലയാള സിനിമ റിമയോട് എങ്ങനെയാണ് പെരുമാറുന്നത്

=ഞാന്‍ ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് എന്നു വയ്ക്കുക. അങ്ങനെയാവുമ്പോള്‍ രാവിലെ പോയി ജോലി ചെയ്ത് തിരിച്ചുവരുന്നതിനിടയില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന സംഘര്‍ഷങ്ങളൊക്കെയേ ഞാനും അനുഭവിക്കുന്നുള്ളൂ. എങ്കിലും നമ്മുടെ സമൂഹം ഒരു പുരുഷാധിപത്യ സമൂഹമാണ് എന്നിരിക്കെ അതിന്റെ എല്ലാ പുരുഷാധിപത്യ സ്വഭാവവും സിനിമയ്ക്കുമുണ്ട് എന്നത് സത്യമാണ്. ?സിനിമ പുരുഷാധിപത്യം നിലനില്‍ക്കുന്ന മേഖലയാണ് എന്നുതന്നെയാണോ =തീര്‍ച്ചയായും. ഇന്ത്യന്‍ റുപ്പി ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ മാത്രമായിരുന്നു അതില്‍ ഒരു പെണ്‍കുട്ടി. എന്നാല്‍ ആളുകള്‍ കരുതുന്നത് സിനിമ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു മേഖലയാണ് എന്നാണ്. അത് തീര്‍ത്തും തെറ്റാണ്. അങ്ങനെയൊരു ധാരണ ഉള്ളതുകൊണ്ടാവാം ഒരു പക്ഷേ കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വരാതിരിക്കുന്നത്. ഒരു തരത്തിലുമുള്ള കോംപ്രമൈസുമില്ലാതെതന്നെ നമുക്ക് സിനിമയില്‍ നിലനില്‍ക്കാം. നടികളെ അങ്ങനെ കണ്ടിരുന്ന, അങ്ങനെ ആയിരുന്ന ഒരു കാലം ഉണ്ടായിരിക്കാം. എന്നാല്‍ ഇന്നങ്ങനെയല്ല. ഞങ്ങളൊക്കെ വിദ്യാഭ്യാസമുള്ളവരാണ്. സിനിമയില്ലെങ്കില്‍ ഞങ്ങള്‍ക്ക് വേറെ മേഖലകളുണ്ട്. സിനിമയില്‍ നിന്നുകൊണ്ടേ ജീവിക്കാന്‍ പറ്റൂ എന്നു വരുമ്പഴേ പ്രശ്നമുള്ളൂ.

?തിലകന്റെ കൂടെ ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിച്ചല്ലോ. അദ്ദേഹത്തിന് "അമ്മ" ഏര്‍പ്പെടുത്തിയ വിലക്ക് ശരിയായിരുന്നു എന്നു തോന്നിയോ

=ആ വിലക്ക് ഇത്തിരി കടന്ന കൈയായിപ്പോയി. ഒരു കലാകാരന്‍ എന്നുള്ള നിലയില്‍ മാത്രമല്ല, ഒരു ജനാധിപത്യ രാജ്യത്ത് ഒരാളുടെ തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഒരര്‍ഥത്തിലും നീതീകരിക്കാനാവില്ല. അതിന് ആര്‍ക്കും സ്വാതന്ത്ര്യമില്ല. മാത്രല്ല തിലകനെപ്പോലൊരു നടന്‍ ... ഇന്ത്യന്‍ റുപ്പിയില്‍ അദ്ദേഹം കരയുന്ന ഒരു സീനുണ്ട്. ഞാനതുകണ്ട് സ്തംഭിച്ചിരുന്നുപോയിട്ടുണ്ട്.

?എത്രകാലം റിമ സിനിമയില്‍ ഉണ്ടാവും. അതായത് വിവാഹത്തോടെ അവസാനിക്കുമോ

=ഇല്ല. വിവാഹം ഒരിക്കലും എന്റെ സിനിമാ ജീവിതത്തിന്റെ അവസാനമായിരിക്കില്ല. ഞാനങ്ങനെ ചിന്തിക്കുന്നേയില്ല. ഞാനെന്താണ് ഇനി ചെയ്യാന്‍ പോവുന്നത് എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കുള്ളിടത്തോളം നിലനില്‍ക്കണം എന്നാണ് ചിന്ത.

?സിനിമക്ക് എന്താണ് റിമയുടെ സംഭാവന

=സംഭാവന എന്നൊന്നും പറയാന്‍ കഴിയില്ല. കാശുകൊടുത്ത് തിയറ്ററില്‍ വരുന്നവരെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിച്ചു എന്നതാണ് എന്റെ സംഭാവന. അല്ലാതെ മഹത്തായ സംഭാവനയൊന്നുമില്ല.

?റിമയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടോ

=എനിക്ക് കക്ഷിരാഷ്ട്രീയമില്ല. തുല്യതയുടെ പക്ഷത്താണ് ഞാന്‍ . പേടിയില്ലാതെ പുറത്തിറങ്ങി നടക്കാവുന്ന ഒരു സാമൂഹ്യാവസ്ഥയാണ് ഉണ്ടാവേണ്ടത്. സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് അറുതിയുണ്ടാവണം. അതിന് സമൂഹത്തിന്റെ മാനസികാവസ്ഥതന്നെ മാറണം.

? ഇതൊന്നുമല്ലാതെ എന്തെങ്കിലും പറയാനുണ്ടോ

=സിനിമയെക്കുറിച്ചാണെങ്കില്‍ , നല്ല സിനിമയെ, ആരുടേതായാലും പ്രോത്സാഹിപ്പിക്കുക. തമിഴ്നാട്ടിലൊക്കെ പോവുമ്പോള്‍ അവര്‍ ചോദിക്കുന്നു നിങ്ങളുടെ സിനിമയ്ക്ക് എന്തു പറ്റിയെന്ന്. അതിന് ഉത്തരമില്ലാതിരിക്കുകയാണ് നമ്മള്‍ .

*
ദേശാഭിമാനി വാരിക 20 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

റിമ കല്ലിങ്കലുമായി ടി ആര്‍ ശ്രീഹര്‍ഷന്‍ നടത്തിയ അഭിമുഖം