ഇതരസംസ്‌കാരങ്ങളെക്കുറിച്ചുള്ള യൂറോ കേന്ദ്രീകൃത വീക്ഷണങ്ങളുടെ ആകെ തുക ഇതാണെന്ന് പ്രശസ്ത ചിന്തകനായ എഡ്‌വേര്‍ഡ് സെയ്ത് പറയുന്നുണ്ട്. 'ഓറിയന്റെലിസം' എന്ന് പൊതുവെ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥത്തില്‍ കറുത്തവനെ മനുഷ്യനായി പരിഗണിക്കാത്ത പാശ്ചാത്യ നാഗരികതയുടെ മനശാസ്ത്രം അക്കമിട്ടുനിരത്തിയിട്ടുണ്ട് സെയ്ത്.
ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഒരു വിധി അമേരിക്കയിലെ സൈനിക കോടതിയില്‍ നിന്നുണ്ടായി. പ്രതിയുടെ പേര് കാല്‍വിന്‍ ഗിബ്‌സ്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശസേനയിലെ അഞ്ചാം സ്‌ട്രൈക്കര്‍ ബ്രിഗേഡിലെ സാര്‍ജന്റായി ജോലി നോക്കുകയായിരുന്നു ഇയാള്‍. അതിനിടയിലാണ് മൂന്ന് നിരപരാധികളായ അഫ്ഗാന്‍ കൗമാരക്കാരെ ഇയാളും കൂട്ടരും ഒരു രസത്തിനു വെടിവെച്ച് കൊന്നത്.
2009 ല്‍ കണ്ടഹാറിലാണ് സംഭവം. വംശവെറിപൂണ്ട ഗിബ്‌സിന്റെ കൊലയാളി സംഘത്തിന്റെ ആദ്യ ഇര ഗുല്‍മുദീനായിരുന്നു. വയലില്‍ ജോലി ചെയ്യുന്നതിനിടയ്ക്കാണ് ഈ ഹതഭാഗ്യനെ ഗിബ്‌സും കൂട്ടരും വെടിവെച്ചുകൊന്നത്. മരാക്ക് അഗ എന്നായിരുന്നു രണ്ടാമത്തെ ഇരയുടെ പേര്. റോഡ്‌സൈഡില്‍ കിടന്നുറങ്ങുമ്പോഴാണ് ഇയാളെ ഇവര്‍ വകവരുത്തിയത്. മൂന്നാമത്തെ ഇര മുല്ല അദഹ്ദാദ് ആയിരുന്നു. മൂന്നു പേരും നിരായുധരും നിരപരാധികളും ആണെന്നതില്‍ ഗിബ്‌സിനു പോലും എതിരഭിപ്രായമില്ല. എന്നാല്‍ വധിച്ചശേഷം ഇവരുടെ ശരീരത്തിനടുത്ത് തോക്കും ബോംബുമെല്ലാം സ്ഥാപിച്ച് ഇവര്‍ ഭീകരവാദികളും, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുമാണെന്ന് ഈ കൊലയാളിപ്പട വരുത്തിതീര്‍ത്തു. അതുമാത്രമല്ല, വേട്ടക്കാര്‍ വേട്ടമൃഗത്തിന്റെ പല്ലും നഖവും മറ്റും ട്രോഫികളായി സൂക്ഷിക്കുന്നതുപോലെ ഈ ഹതഭാഗ്യരായ അഫ്ഗാന്‍ കൗമാരക്കാരുടെ തലയോട്ടിയും വിരലുമെല്ലാം ഗിബ്‌സും കൂട്ടരും മുറിച്ചെടുത്തു സൂക്ഷിച്ചു.
പണ്ട് കെനിയയിലൂടെ തീവണ്ടിയില്‍ പോകുമ്പോള്‍ വന്യമൃഗങ്ങളെ രസത്തിന് വെടിവെച്ചിടുക എന്നത് സായ്പിന്റെ ഒരു വിനോദമായിരുന്നു. ഇങ്ങനെയാണ് ആഫ്രിക്കന്‍ സഫാരി എന്ന പ്രയോഗമുണ്ടായത്. കാലം കടന്നുപോയപ്പോള്‍ മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമായിത്തീര്‍ന്നു. എന്നാലെന്തിന് മടിക്കണം. ഇരുകാലികളുണ്ടല്ലോ, ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും. ഇഷ്ടംപോലെ കൊല്ലാം, തിന്നു പാപം തീര്‍ക്കേണ്ട ആവശ്യമില്ല. മറിച്ച് ഭീകരവാദികളാണെന്നു മുദ്രകുത്തിയാല്‍ മതി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇതാണ്. പലസ്തീനിലാണെങ്കില്‍ ആളുകള്‍ ജനിച്ചുവീഴുന്നത് തന്നെ സായ്പിനു ആയുധങ്ങളുടെ ശക്തിനോക്കാനാണ്. ഒരു മനുഷ്യാവകാശവും ഇവിടെ പ്രായോഗികമല്ല.
ഒരു ഇസ്രയേലി സൈനികനെ തട്ടിക്കൊണ്ടുപോയതിന് ലബനനിലും പലസ്തീനിലുമായി അടുത്തിടെ സായിപ്പിന്റെ മൗനാനുവാദത്തോടെ ഇസ്രയേല്‍ കൊന്നുതള്ളിയത് ആയിരത്തോളം പേരെയാണ്. എന്നാല്‍ മൂന്ന് നിരപരാധികളായ അഫ്ഗാന്‍ കൗമാരക്കാരെ കൊന്നതിന് ഗിബ്‌സിനും കൂട്ടര്‍ക്കും അമേരിക്കന്‍ സൈനികക്കോടതി നല്‍കിയത് കേവലം പത്ത് വര്‍ഷം ശിക്ഷയാണ്. അതും പരോളോടുകൂടി. അമേരിക്കയില്‍ തന്നെ പലരും ഈ വിധിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. കാരണം സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ പരോളില്ലാതെ ജീവപര്യന്തം തടവുനല്‍കേണ്ട കേസാണിത്.
എന്താണ് പട്ടാളക്കാരെ ഇങ്ങനെ മനുഷ്യത്വരഹിതമായി പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. കാരണം മൂന്നാണ്. ഒന്നാമതായി കഴിഞ്ഞ നാനൂറ് വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയ വെള്ളക്കാരന്റെ വംശീയ മേന്മാ സിദ്ധാന്തം. രണ്ടാമതായി ഒരുവിധം കുറ്റങ്ങളെക്കെ തങ്ങളുടെ മേലാളന്മാര്‍ ക്ഷമിച്ചുകൊള്ളുമെന്നുള്ള അനുഭവ പാഠം. അതിനുദാഹരണമാണ് ഒരു അമേരിക്കക്കാരനെ കൊന്നാല്‍ വധശിക്ഷ നല്‍കുന്ന കോടതി മൂന്ന് അഫ്ഗാന്‍കാരെ കൊന്നിട്ട് കേവലം പത്ത് വര്‍ഷം ഇളവുകളോട് കൂടിയുള്ള ശിക്ഷ വിധിച്ചത്. ഇതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുകൊണ്ട്. അല്ലാത്ത എത്ര അഫ്ഗാന്‍കാരും ഇറാഖികളും മരുഭൂമിയില്‍ മൂടപ്പെട്ടിട്ടുണ്ടാവും.
മൂന്നാമത്തെ കാരണം വിദൂരദേശത്ത്, ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍ ആര്‍ക്കോവേണ്ടി യുദ്ധം ചെയ്യാന്‍ വിധിക്കപ്പെട്ട പട്ടാളക്കാരുടെ മാനസികാവസ്ഥയാണ്. ഏതു നിമിഷവും ഒരു വെടിയുണ്ട തങ്ങളുടെ ജീവിതം കവര്‍ന്നെടുത്തേക്കുമെന്നുള്ള ഭയത്തിന്റെ മുള്‍മുനയില്‍ ടെക്‌സാസിലെ സുഖകരമായ തണുപ്പില്‍ നിന്നും ഏഷ്യയിലെ തീഷ്ണമായ വെയിലിലേക്ക് എടുത്തെറിയപ്പെട്ടവര്‍. കാല്‍വിന്‍ ഗിബ്‌സ് മനോരോഗിയാണെന്ന് പട്ടാള കേന്ദ്രങ്ങള്‍ പറയുന്നു. മനോരോഗിയായില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ. കാരണം എന്തിനാണയാള്‍ പോരാടുന്നത്? ആര്‍ക്കുവേണ്ടി? കൃത്യമായ ഉത്തരങ്ങളാരും നല്‍കുന്നില്ല. വന്‍നശീകരണശേഷിയുള്ള ആയുധങ്ങളുണ്ട് എന്നുള്ളതായിരുന്നു ഇറാഖിനെ ആക്രമിക്കുവാന്‍ പറഞ്ഞ തൊടുന്യായം. പതിനായിരങ്ങളെ കൊന്നുതള്ളി അധിനിവേശം പൂര്‍ത്തിയാക്കിയപ്പോള്‍ ആ വാദം പൊളിഞ്ഞു. അവശേഷിച്ച ചോദ്യം പട്ടാളക്കാരുടേതുകൂടിയായിരുന്നു. എന്തിനുവേണ്ടിയാണ് ഞങ്ങള്‍ യുദ്ധം ചെയ്തത്? 99 ശതമാനം കഷ്ടപ്പെടുന്നത് ഒരു ശതമാനം സുഖിക്കാനാണെന്നുള്ളത് സാമ്രാജ്യത്വത്തിന്റെ പരസ്യമായ രഹസ്യമാണ്. ഈ സഹനത്തിന്റെ അടുത്ത അരങ്ങ് ഇറാനാണ്. ഇറാന്‍ വന്‍നശീകരണശേഷിയുള്ള ആണവായുധങ്ങള്‍ നിര്‍മിക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ആണവ ഏജന്‍സി പോയവാരം നല്‍കിക്കഴിഞ്ഞു. ഇസ്രയേല്‍ 2500 കിലോമീറ്റര്‍ പരിധിയുള്ള ആണവായുധ പോര്‍മുനയുള്ള ജറീക്കോ മി സൈലുകള്‍ വിന്യസിച്ചുകഴിഞ്ഞു. വീണ്ടും ഒരു യുദ്ധം ചക്രവാളത്തിലുരുണ്ടുകൂടുകയാണ്. ബലിയാടാകാനും ഭ്രാന്തരാകാനും ഇറാനികളും അമേരിക്കന്‍ പട്ടാളവും തയ്യാറാവുന്നു.
എന്തുകൊണ്ടാണ് ഏഷ്യയുടെ ഈ മേഖലയില്‍ മാത്രം പാശ്ചാത്യശക്തികളുടെ യുദ്ധതാണ്ഡവം അരങ്ങേറുന്നത്? ഉത്തരം ലളിതമാണ്. എണ്ണയുടെ സമ്പത്തുവഴി ഏതു നിമിഷവും ഈ രാജ്യങ്ങള്‍ ലോകശക്തിയായിമാറാം. അതിനാല്‍ സൈനികമായി ഇവ ശക്തിപ്പെടാതെനോക്കണം. അങ്ങനെയാണ് ഇറാഖ്, ലിബിയ, ഇപ്പോള്‍ ഇറാന്‍, 'ഞാനെടാ' എന്നുപറയുന്ന ഓരോ അറബ് രാജ്യത്തിനേയും ശിലായുഗത്തിലേക്ക് പാശ്ചാത്യശക്തികള്‍ ബോംബിട്ട് മടക്കുന്നത്. ഒപ്പം ഈ മേഖല സദാസംഘര്‍ഷഭരിതമായി നിറുത്തുവാനായി ഇസ്രയേല്‍ എന്ന തെമ്മാടി രാജ്യത്തെ കൃത്രിമമായി സൃഷ്ടിച്ചതും. അതേ ഇനിയും വരാനുള്ളത് കാല്‍വിന്‍ ഗിബ്‌സ്മാരുടെ കാലംതന്നെയാണ്.
*
മുഹമ്മദ് ഫക്രുദീന്‍ അലി ജനയുഗം 14 നവംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
ഇതരസംസ്‌കാരങ്ങളെക്കുറിച്ചുള്ള യൂറോ കേന്ദ്രീകൃത വീക്ഷണങ്ങളുടെ ആകെ തുക ഇതാണെന്ന് പ്രശസ്ത ചിന്തകനായ എഡ്‌വേര്‍ഡ് സെയ്ത് പറയുന്നുണ്ട്. 'ഓറിയന്റെലിസം' എന്ന് പൊതുവെ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥത്തില്‍ കറുത്തവനെ മനുഷ്യനായി പരിഗണിക്കാത്ത പാശ്ചാത്യ നാഗരികതയുടെ മനശാസ്ത്രം അക്കമിട്ടുനിരത്തിയിട്ടുണ്ട് സെയ്ത്.
ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഒരു വിധി അമേരിക്കയിലെ സൈനിക കോടതിയില്‍ നിന്നുണ്ടായി. പ്രതിയുടെ പേര് കാല്‍വിന്‍ ഗിബ്‌സ്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശസേനയിലെ അഞ്ചാം സ്‌ട്രൈക്കര്‍ ബ്രിഗേഡിലെ സാര്‍ജന്റായി ജോലി നോക്കുകയായിരുന്നു ഇയാള്‍. അതിനിടയിലാണ് മൂന്ന് നിരപരാധികളായ അഫ്ഗാന്‍ കൗമാരക്കാരെ ഇയാളും കൂട്ടരും ഒരു രസത്തിനു വെടിവെച്ച് കൊന്നത്.
Post a Comment