Sunday, November 13, 2011

കലാപങ്ങളുടെ ധനശാസ്ത്രം

ഗുജറാത്ത് വംശഹത്യയുടെ പാപം കഴുകിക്കളയാന്‍ സദ്ഭാവനായജ്ഞം നടത്തി വലയുകയാണ് ബി ജെ പി. കോണ്‍ഗ്രസാവട്ടെ ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ബോംബെ കലാപങ്ങളും ചരിത്രത്തില്‍ കുഴിച്ചുമൂടാനുള്ള വൃഥാവ്യായാമത്തിലും. പക്ഷേ പ്രശസ്ത ചരിത്രകാരന്‍ ബിപന്‍ചന്ദ്ര നിരീക്ഷിക്കുന്നതുപോലെ ഒരിക്കല്‍ അനുവദിച്ചാല്‍ പിന്നെയൊരിക്കലും വര്‍ഗീയത ഒരു സംഘടനയേയും സമൂഹത്തേയും എളുപ്പം വിട്ട്‌പോകില്ല. ഒരു പരാദമായി അത് പറ്റിപ്പിടിച്ച ശരീരത്തെ കാര്‍ന്നുതിന്ന് വളര്‍ന്നുകൊള്ളും. ഈയടുത്തകാലത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡിലും അരങ്ങേറിയ രണ്ട് വര്‍ഗീയ കലാപങ്ങള്‍ നല്‍കുന്ന പാഠമിതാണ്. രണ്ട് സംഭവങ്ങളിലും ഇരകള്‍ ന്യൂനപക്ഷ സമുദായങ്ങളാണ്. വേട്ടക്കാരാവട്ടെ പൊലീസും ഹിന്ദുത്വശക്തികളും.

സെപ്തംബര്‍ 14-ാം തീയതിയാണ് രാജസ്ഥാനിലെ ഭരത്പൂരില്‍ വര്‍ഗീയകലാപമുണ്ടാകുന്നത്. കാരണം സ്വത്തുതര്‍ക്കമാണ്. പ്രശ്‌നം രണ്ടായിരത്തില്‍ തുടങ്ങി. ആ വര്‍ഷമാണ് പ്രദേശത്തെ മിയോകള്‍ എന്ന മുസ്ലിം ന്യൂനപക്ഷം ഒരു പളളിയും ഖബര്‍സ്ഥാനും നിര്‍മിക്കുവാനായി 12 ബിഗാ ഭൂമി വാങ്ങിയത്. എന്നാല്‍ ഇതില്‍ ഒരുഭാഗം സമീപത്തെ ഭൂരിപക്ഷ സമുദായമായ ഗുജ്ജറുകള്‍ കൈവശപ്പെടുത്തി. തുടര്‍ന്ന് കേസ് കോടതിയിലെത്തി. കോടതിവിധി പക്ഷേ മിയോകള്‍ക്കനുകൂലമായിരുന്നു. ഇതിന്റെ പ്രതികരണമെന്നോണം സെപ്തംബര്‍ പതിമൂന്നാം തീയതി പള്ളിയിലെ ഇമാമായ അബ്ദുള്‍ റഷീദിനെ ഗുജ്ജറുകള്‍ ആക്രമിച്ചു. ഭൂമി വിട്ടുകൊടുക്കില്ലാ എന്നും അവര്‍ ഭീഷണിമുഴക്കി. തുടര്‍ന്ന് രണ്ട് വിഭാഗവും സംഘടിച്ചു. തുടര്‍ന്ന് സംഗതി കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ സാമുദായിക നേതാക്കള്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെന്ന് പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു. ഗുജ്ജറുകളുകളുടെ നേതാവ് ഇമാമിനോട് മാപ്പ് പറയാനും തയ്യാറായതാണ്. നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന് മറ്റൊരുദാഹരണം. എന്നാല്‍ നമ്മുടെ പൊതു പൈതൃകത്തിന്റെ അടിസ്ഥാനശിലകള്‍ തകര്‍ത്തെറിഞ്ഞ വിദ്വേഷത്തിന്റെ വിത്തുപാകുവാന്‍ തുനിഞ്ഞിറങ്ങി ഹിന്ദുത്വവാദികള്‍ ഇതിനകം രംഗപ്രവേശം ചെയ്തിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗ്ദളിന്റെയും കാര്‍മികത്വത്തില്‍ ഒരു കിംവദന്തി അവര്‍ പരത്തിവിട്ടു. ഇതുപ്രകാരം യാതൊരു അനുരഞ്ജനത്തിനും നില്‍ക്കാതെ നാല് ഗുജ്ജറുകളെ മുസ്ലീങ്ങള്‍ കൊന്നുകളഞ്ഞു എന്ന കള്ളക്കഥ കാട്ടുതീപോലെ പരന്നു. ഗുജ്ജറുകള്‍ വീണ്ടും ഒത്തുകൂടി. പള്ളിക്കുള്ളില്‍ മിയോ മുസ്ലീംങ്ങളും. തുടര്‍ന്ന് ഗുജ്ജറുകള്‍ ജില്ലാ മജിസ്‌ട്രേറ്റിനെകൊണ്ട് നിര്‍ബന്ധിച്ച് വെടിവെയ്ക്കാന്‍ അനുമതി നേടി എന്നു മിയോകള്‍ പറയുന്നു. ഏതായാലും ഗുജ്ജര്‍ മഹാഭൂരിപക്ഷമുള്ള പൊലീസ് വെടിവച്ചു. ഒപ്പം ഗുജ്ജറുകളും കൂടി. ഒടുവില്‍ അഞ്ച് മിയോകള്‍ വെടിയേറ്റുമരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. അതില്‍ 26 ഉം മിയോകളായിരുന്നു. ഇവിടേയും നിന്നില്ല വെടിയേറ്റു മരിച്ച അഞ്ച് പേരില്‍ മൂന്നു പേരുടെ ശരീരം പൊലീസ് കത്തിച്ച് ബാക്കിവന്നത് പള്ളിക്കിണറ്റില്‍ വലിച്ചെറിഞ്ഞു. ഇവിടെ കാണുന്നത് ജാതീയതയും വര്‍ഗീയതയും പൊലീസും ഹിന്ദുത്വവാദികളുമായി പരസ്പരം കൈകോര്‍ത്തു നീങ്ങുന്നതാണ്.

ഇനി ഉത്തരാഖണ്ഡിലെ മൊറാദാബാദിലേക്കു പോകാം. ഒക്‌ടോബര്‍ രണ്ടിനാണ് സമീപത്തെ ഏതാണ്ട് നൂറോളം മുസ്ലീങ്ങള്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടിയത്. അവരുടെ ആവശ്യം ഖുറാന്‍ പ്രതികള്‍കൊണ്ട് പന്നിയിറച്ചി പൊതിഞ്ഞ് തങ്ങളുടെ പ്രദേശങ്ങളില്‍ ഉപേക്ഷിച്ച് പ്രശ്‌നമുണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നും കല്ലേറുണ്ടായി. ചില പൊലീസുകാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും പരിക്കേറ്റു. പൊലീസ് തുടര്‍ന്ന് സമരക്കാരെ ഓടിച്ചുവിട്ടു. എന്നാല്‍ സമരക്കാര്‍ ഏതാണ്ട് ആയിരം അംഗബലത്തോടെ വീണ്ടും ഒത്തുകൂടി. ഇവര്‍ പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് ഭീഷണിമുഴക്കി. തുടര്‍ന്ന് പൊലീസ് ഒരെളുപ്പവഴി കണ്ടെത്തി. നഗരത്തിലെ ഹൈന്ദവരുടെ പിന്തുണ നേടാനവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഖുറാനെ അപമാനിച്ച് കലാപം ഉണ്ടാക്കുവാനാഗ്രഹിച്ചവര്‍ ആശിച്ചപ്രകാരം നഗരം മൊത്തം കലാപം ബാധിച്ചു. പല ദിവസങ്ങള്‍ കലാപം തുടര്‍ന്നു. ഇതിനിടയില്‍ മുസ്ലീംങ്ങളുടെ കടകളും വീടുകളും തിരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടു.

ഭരത്പൂരും മൊറാദാബാദും പൊതുവെ ശാന്തമായ പ്രദേശങ്ങളാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്തുപോലും ശാന്തമായി നിലകൊണ്ട പ്രദേശങ്ങള്‍ ആകപ്പാടെ 1947 ലെ വിഭജനകാലത്താണ് ഹിംസയ്ക്ക് ഭരത്പൂര്‍ സാക്ഷ്യംവഹിച്ചത്. അന്ന് അനേകം മിയോകള്‍ കൊലചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനപ്പുറവും ഇപ്പുറവും ഗുജ്ജറുകളും മിയോകളും ഏകോദരസഹോദരങ്ങളെ പോലെയാണ് കഴിഞ്ഞിരുന്നത്. ഇതുതന്നെയായിരുന്നു മൊറാദാബാദെന്ന മലയോര പ്രദേശത്തേയും അവസ്ഥ.
ഭരത്പൂരില്‍ ആദ്യഘട്ടത്തില്‍ നടന്ന സംഘര്‍ഷത്തിനുശേഷം പൊലീസ് രണ്ടുകൂട്ടരേയും സംഭവസ്ഥലത്ത് തുടരാനനുവദിച്ചതാണ് പ്രശ്‌നമായത്. വെടിയേറ്റുമരിച്ചവരുടെ ശരീരങ്ങള്‍ കത്തിച്ചു കിണറ്റിലിട്ടതെന്തിനാണ്? മൊറാദാബാദില്‍ മുസ്ലീങ്ങള്‍ നടത്തിയിരുന്ന വ്യാപാരസ്ഥാപനങ്ങളാണ് തിരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടത്. കച്ചവടത്തിലെ മത്സരമായിരുന്നോ ഖുറാനെ അപകീര്‍ത്തിപ്പെടുത്തി കലാപമുണ്ടാക്കുവാന്‍ ചിലരെ പ്രേരിപ്പിച്ചത്?

മൊറാദാബാദിലും പൊലീസ് തന്നെയാണ് പ്രധാന കുറ്റക്കാര്‍. ഖുറാനെ അപമാനിച്ചവരെ കണ്ടെത്താന്‍ ഒരു ശ്രമമെങ്കിലും അവര്‍ നടത്തിയിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല പൊതുവെ തങ്ങളുടെമേല്‍ ആരോപിക്കപ്പെടുന്ന പക്ഷപാതിത്വത്തെ ന്യായീകരിച്ചുകൊണ്ട് അവര്‍ നഗരത്തിലെ മറുവിഭാഗത്തിന്റെ പിന്തുണനേടി. സത്യത്തില്‍ കലാപമുണ്ടാക്കുവാനായി മുസ്ലീംങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചവരും പൊലീസും നഗരത്തിലെ ഹിന്ദുത്വശക്തികളും തമ്മില്‍ നടന്ന ഒരു ഗൂഢാലോചനയായിരുന്നോ കലാപം എന്നു കൂടി സംശയിക്കേണ്ടിവരുന്നു. കാരണം ആക്രമിക്കപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങള്‍ സഹായമന്വേഷിച്ച് ഫോണ്‍ ചെയ്തപ്പോള്‍ മറുപുറത്തുനിന്നും പൊലീസ് ആര്‍ത്ത് ചിരിക്കുകയായിരുന്നു എന്നാണ് ആസ്ഫ് അലി എന്ന ഒരു തദ്ദേശവാസി ഫ്രണ്ട്‌ലൈന്‍ ലേഖികയായ പൂര്‍ണിമ എസ് ത്രിപാഠിയോട് പറഞ്ഞത്. ഇവിടെ ജഫ്രികേസും ഗുല്‍ബര്‍ഗാ കൂട്ടക്കൊലയും ഓര്‍മ വരുന്നില്ലേ? ഒപ്പം തങ്ങളെ ആക്രമിച്ച ജനക്കൂട്ടത്തെ നയിച്ചത് ബി ജെ പിയുടേയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കന്മാരാണ് എന്നാണ് ആക്രമിക്കപ്പെട്ടവര്‍ വെളിപ്പെടുത്തിയത്. ഗുജറാത്ത് വംശഹത്യയുടെ ഓര്‍മകളുണര്‍ത്തുന്ന മറ്റൊരു സാദൃശ്യം.

ഈ കലാപങ്ങള്‍ക്കെല്ലാം പിന്നില്‍ മതത്തിനപ്പുറം ജ്വലിച്ചുനില്‍ക്കുന്നത് മറ്റു ചില കാരണങ്ങളാണെന്ന് കൃത്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റല്‍ സൊസൈറ്റീസിലെ ഗവേഷകര്‍ ഭരത്പൂര്‍ കലാപത്തെക്കുറിച്ച് നടത്തിയ പ്രാഥമിക പഠനം ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഭരത്പൂരിലെ കലാപത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണ് എന്നാണ് കണ്ടെത്തല്‍. കാരണം ഇന്ത്യയിലെ കിഴക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട എക്‌സ്പ്രസ്‌വേയുടെ അടുത്താണ് പ്രസ്തുത പ്രദേശം. ഒപ്പം ഡല്‍ഹി അജ്മീര്‍, ബോംബെ അജ്മീര്‍ പാതകളും അതിനടുത്തുകൂടി കടന്നുപോകുന്നു. അതുകൊണ്ട്തന്നെ ഈ പ്രദേശത്ത് ഭൂമിയുടെ വില ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗുജ്ജറുകള്‍ ഖബര്‍സ്ഥാനുവേണ്ടി വാങ്ങിയ ഭൂമിയുടെമേല്‍ കണ്ണുവച്ചത് അതുകൊണ്ടാണെന്നാണ് അനുമാനം.

ഗുജറാത്ത് കലാപമാണ് മോഡിയുടെ വികസനമാതൃകയ്ക്ക് മണ്ണൊരുക്കിയത് എന്ന നിരീക്ഷണവും നാസി ജര്‍മ്മനിയില്‍ ജൂതന്മാരോട് പിടിച്ചെടുത്ത വസ്തുവകകള്‍ക്കുമേലാണ് ഹിറ്റ്‌ലര്‍ തന്റെ തേഡ് റീഷ് പടുത്തുയര്‍ത്തിയത് എന്ന യാഥാര്‍ഥ്യവും മുതലാളിത്തത്തിന്റെ ഉപബോധമാണ് ഫാസിസം എന്നു നമ്മെ ഓര്‍മപ്പെടുത്തുന്നു. ഒപ്പം വര്‍ഗീയത എന്നാല്‍ മതേതര ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ മതത്തിന്റെ പേരില്‍ നടത്തുന്ന ശ്രമമാണെന്ന വില്‍ഫ്രെഡ് കാന്റ്‌വല്‍ സ്മിത്തിന്റെ നിര്‍വചനവും ഇവിടെ അക്ഷരംപ്രതി യാഥാര്‍ഥ്യമായിമാറുന്നതുകാണാം.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 12 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗുജറാത്ത് വംശഹത്യയുടെ പാപം കഴുകിക്കളയാന്‍ സദ്ഭാവനായജ്ഞം നടത്തി വലയുകയാണ് ബി ജെ പി. കോണ്‍ഗ്രസാവട്ടെ ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ബോംബെ കലാപങ്ങളും ചരിത്രത്തില്‍ കുഴിച്ചുമൂടാനുള്ള വൃഥാവ്യായാമത്തിലും. പക്ഷേ പ്രശസ്ത ചരിത്രകാരന്‍ ബിപന്‍ചന്ദ്ര നിരീക്ഷിക്കുന്നതുപോലെ ഒരിക്കല്‍ അനുവദിച്ചാല്‍ പിന്നെയൊരിക്കലും വര്‍ഗീയത ഒരു സംഘടനയേയും സമൂഹത്തേയും എളുപ്പം വിട്ട്‌പോകില്ല. ഒരു പരാദമായി അത് പറ്റിപ്പിടിച്ച ശരീരത്തെ കാര്‍ന്നുതിന്ന് വളര്‍ന്നുകൊള്ളും. ഈയടുത്തകാലത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡിലും അരങ്ങേറിയ രണ്ട് വര്‍ഗീയ കലാപങ്ങള്‍ നല്‍കുന്ന പാഠമിതാണ്. രണ്ട് സംഭവങ്ങളിലും ഇരകള്‍ ന്യൂനപക്ഷ സമുദായങ്ങളാണ്. വേട്ടക്കാരാവട്ടെ പൊലീസും ഹിന്ദുത്വശക്തികളും.