Sunday, November 20, 2011

പാപത്തിന്റെ ഫലം കൊയ്യുന്ന മോഡി

പാപത്തിന് ഫലമായി മരണം വിധിക്കുന്നത് പഴയ പുസ്തകത്തിലാണ്. ദാവീദ് ചെയ്ത പാപത്തിന് അയാളുടെ കുഞ്ഞ് ജീവന്‍കൊണ്ട് വിലനല്‍കുന്ന ഒരു ഉത്തമദൃഷ്ടാന്തമുണ്ട് ഈ ബൈബിള്‍ കഥയില്‍. ഗുജറാത്തില്‍ ഇപ്പോള്‍ നമ്മള്‍ കണ്ടുവരുന്നതും ഇതാണ്. 1947 തൊട്ട് ഗുജറാത്ത് വരെ ഇന്ത്യകണ്ട അസംഖ്യം കലാപങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ അതിവിരളമാണ്. മിക്ക കേസുകളിലും കണ്ടത് എക്‌സിക്യുട്ടീവും രാഷ്ട്രീയക്കാരും കലാപകാരികളും കൂടി ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതാണ്. തീര്‍ച്ചയായും സംസ്ഥാന ഗവണ്‍മെന്റിന്റെ കാര്‍മികത്വത്തില്‍ നടന്ന 2002 ഗുജറാത്ത് വംശഹത്യയുടെയും ചരിത്രം മറ്റൊന്നാകില്ല എന്നു കുരുതിയതാണ്. കാരണം കേസെടുക്കാന്‍ പൊലീസിനുമടി. സാക്ഷിപറയാന്‍ നാട്ടുകാര്‍ക്ക് പേടി. പറയുന്നവര്‍ക്കു ഭീഷണി. ആദ്യഘട്ട വിസ്താരങ്ങളില്‍ കോടതിയില്‍ വച്ചുപോലും ഇരകള്‍ പരിഹസിക്കപ്പെട്ടതായ വാര്‍ത്തകള്‍. പക്ഷേ 1990 കളോടെ ദൃശ്യ-ശ്രാവ്യമാധ്യമങ്ങളുടെ വരവോടെ സാഹചര്യത്തില്‍ വന്ന അനുഗുണമായ ഒരന്തരീക്ഷം ഗുജറാത്തിലെ ഇരകള്‍ക്ക് ആശ്വാസമായി തീര്‍ന്നു. ചോരയുറച്ചുപോകുന്ന വംശഹത്യയുടെ കഥകള്‍ ഏതാണ്ട് യഥാര്‍ഥമായി തന്നെ ചില ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചു. ഇതിന്റെ ഫലമായ മനസാക്ഷി ഇനിയും മരിച്ചിട്ടില്ലാത്ത ടീസ്റ്റ സെറ്റില്‍വാദിനേയും മല്ലികാ സാരാഭായിയെയും പോലെയുള്ള ചില വ്യക്തികള്‍ ഇരകള്‍ക്കുവേണ്ടി എന്തുവിലകൊടുത്തും പോരാടുവാന്‍ രംഗത്തിറങ്ങി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് - ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇവര്‍ക്ക് പിന്തുണ നല്‍കി. ഒപ്പം 2000 നിരപരാധികളുടെ ജീവന്റെ വിലയായി ഇന്ത്യയെ വിഴുങ്ങാനൊരുങ്ങുന്ന ഹിന്ദുത്വഫാസിസമെന്ന അഭിനവ കാളിയനെ ഒരു ഞെട്ടലോടെ ബോളിവുഡിന്റെയും ഏകദിന ക്രിക്കറ്റിന്റെയും സംഘപരിവാരത്തിന്റെ കപട ദേശീയവാദത്തിന്റെയും ആലസ്യത്തില്‍ കിടന്നുറങ്ങിയ ശരാശരി ഇന്ത്യക്കാരന്‍ തിരിച്ചറിഞ്ഞു. ഫലം 2004 പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ദേശീയ ജനാധിപത്യ സര്‍ക്കാര്‍ നിലംപൊത്തി. പാപത്തിന് ജനാധിപത്യത്തിലെ വിധികര്‍ത്താവായ ജനം നല്‍കിയ ശിക്ഷയായി ഈ ജനവിധി.

അപ്പോഴാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് വംശഹത്യാനന്തര ഗുജറാത്തില്‍ ഈ ക്രൂരതകള്‍ക്കെല്ലാം നേതൃത്വം കൊടുത്ത നരേന്ദ്രമോഡി വന്‍ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി അധികാരത്തിലേറിയത്. ഗുജറാത്തികളെ ആത്മാവ് പിശാചിന് വിറ്റ ഡോക്ടര്‍ ഫോസ്റ്റിന്റെ സാമൂഹിക രൂപമായികണ്ട്, ഇരകള്‍ക്ക് നീതിലഭിക്കില്ലെന്ന് നാം കരുതിയിരിക്കുമ്പോഴാണ് സുപ്രിംകോടതി പ്രത്യേക താല്‍പര്യമെടുത്ത് വംശഹത്യകാലത്തെ ഏറ്റവും ഭീകരമായ ഒമ്പതു കേസുകള്‍ പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചത്. ഇവയില്‍ ഒന്നാമത്തെ കേസിന്റെ വിധി കഴിഞ്ഞ് ഒമ്പതാം തീയതി വരുകയുണ്ടായി. കേസിന്റെ പേര് സര്‍ദാര്‍പുര കൂട്ടക്കൊല. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം ഗുജറാത്ത് ഹൈക്കോടതി നിയമിച്ച പ്രത്യേക കോടതിയുടെ വിധി 73 പ്രതികളില്‍ 31 പേരെ കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും കോടതി വിധിച്ചു. 11 പേരെ തെളിവില്ലാത്തതിനാലും 31 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയുമാണ് കോടതി വിട്ടയച്ചത്. വിചാരണക്കിടെ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളായതിനാല്‍ ജുവനല്‍കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ വിധി ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. കാരണം ആള്‍കൂട്ടം നടത്തിയ കുറ്റകൃത്യത്തിന്റെ പേരില്‍ ഇത്രയധികം ആളുകള്‍ ശിക്ഷിക്കപ്പെടുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്.

2002 മാര്‍ച്ച് 17-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അതായത് ഗോധ്രാസംഭവം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്കുശേഷം. ഇതിനകം തന്നെ ഗുജറാത്തില്‍ മുസ്ലീം ന്യൂനപക്ഷത്തിനുനേരെ സംഘടിതമായി വംശഹത്യ അരങ്ങേറാന്‍ തുടങ്ങിയിരുന്നു. ഇതു കൊണ്ടുതന്നെ സര്‍ദാര്‍ പുരയിലെ മുസ്ലീംങ്ങള്‍ ഭയപ്പെട്ടുകഴിയുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മുന്‍പുപറഞ്ഞ ദിവസം 500 ഓളം വരുന്ന ആള്‍കൂട്ടം ഷെയ്ക്ക് വാസ് എന്ന മുസ്ലീം ഭൂരിപക്ഷപ്രദേശം വളയുന്നത്. തുടര്‍ന്ന് 70 ഓളം വരുന്ന സ്ഥലവാസികള്‍ ആത്മരക്ഷാര്‍ഥം ഇബ്രഹീം ഷെയ്ക്കിന്റെ വീട്ടില്‍ അഭയം പ്രാപിച്ചത്. ആള്‍കൂട്ടം ആദ്യം വീടിന് തീവെച്ചു. പിന്നീട് ഒരു ഇലക്ട്രിക് വയര്‍ തീക്കൂണ്ടത്തിലേക്കിട്ടു. കത്തിക്കരിഞ്ഞത് 33 പേരാണ്. 20 സ്ത്രീകളും, 11 കുട്ടികളും ഇതില്‍പെടും. ഒടുവില്‍ പതിവുപോലെ മൂന്ന് മണിക്കൂര്‍ വൈകിയെത്തിയ പോലീസാണ് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിച്ചത്.

വംശഹത്യയുടെ ഇരകള്‍ക്ക് ഈ വിധി ആശ്വാസം നല്‍കുന്നതാണെങ്കില്‍ തന്നെ ചില പിഴവുകള്‍ ചൂണ്ടിക്കാട്ടാതിരുന്നുകൂടാ. കോടതി കേസിനാസ്പദമായ സംഭവത്തെ കണ്ടത് പെട്ടെന്നുണ്ടായ ഒരു ആവേശത്തള്ളിച്ചമൂലമാണെന്നാണ്. അതുകൊണ്ട് വാദിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് കുറ്റകരമായ ഗൂഢാലോചനാക്കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 (ബി) വകുപ്പുപ്രകാരം കോടതി ശിക്ഷ നല്‍കിയില്ല. അങ്ങനെ നല്‍കിയിരുന്നുവെങ്കില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ ലഭിക്കുമായിരുന്നു. സത്യത്തില്‍ ഗോധ്ര സംഭവം നടന്ന ഫെബ്രുവരി 27-ാം തീയതി കഴിഞ്ഞ് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ദാര്‍പൂര കൂട്ടക്കൊല അരങ്ങേറിയത്. ഒരു നിമിഷത്തെ വികാരത്തള്ളിച്ചകൊണ്ടാണ് സംഭവം നടന്നതെങ്കില്‍ അത് 27 നോ 28 നോ ഉണ്ടാകണമായിരുന്നു. എന്നാലതുണ്ടായില്ല. പകരം മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് സംഭവം നടന്നത് എന്ന വസ്തുത പ്രഥമദൃഷ്ട്യാ തന്നെ സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്നതിന് തെളിവാണ്. അതുകൊണ്ടു തന്നെ ടീസ്റ്റ സെറ്റില്‍വാദും മറ്റും ചൂണ്ടിക്കാട്ടുന്നതുപോലെ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തിലെ പിഴവുകളാണ് ഇവിടെ കുറ്റവാളികള്‍ക്ക് ഗുണകരമായി തീര്‍ന്നതെന്നു തോന്നുന്നു. കാരണം വംശഹത്യയില്‍ സജീവമായി പങ്കെടുത്ത ഗുജറാത്ത് പൊലീസ് ശേഖരിച്ച തെളിവുകളും അവരുടെ സംവിധാനങ്ങളും തന്നെയാണ് പ്രത്യേക അന്വേഷണ സംഘവും പ്രയോജനപ്പെടുത്തിയത്. ജഫ്രിക്കേസിലെ അമിക്കസ് ക്യൂറി ഇത്തരം ചില പൊരുത്തേക്കടുകള്‍ ചൂണ്ടിക്കാട്ടിയതായി മുമ്പെ വാര്‍ത്തയുണ്ടായിരുന്നു. മറ്റൊന്ന് ഗോധ്ര സംഭവത്തിനുശേഷം ഫെബ്രുവരി 27-ാം തീയതി രാത്രി മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വച്ച് ഹിന്ദുക്കള്‍ക്ക് പ്രതികാരം ചെയ്യാനവസരം നല്‍കണം എന്ന് ആവശ്യപ്പെട്ടു എന്ന അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഗുജറാത്ത് കേഡര്‍ ഐ പി എസ് ഓഫീസര്‍ സജ്ജീവ്ഭട്ടിന്റെ വെളിപ്പെടുത്തലാണ്. സജ്ജീവ്ഭട്ടിന്റെ 2002, ഫെബ്രുവരി 27-ാം തീയതിയിലെ കോള്‍ ഡീറ്റൈയ്ല്‍സ് പരിശോധിച്ചാല്‍ അന്നത്തെ യോഗത്തില്‍ ഭട്ട് പങ്കെടുക്കുവാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് ബോധ്യമാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ സര്‍ദാര്‍പുര സംഭവത്തിനുപിന്നില്‍ നടന്ന ഗൂഢാലോചന തെളിവുസഹിതം പുറത്തുവരാനിടയുണ്ടായിരുന്നു. കാരണം ഫെബ്രുവരി 27-ാം തീയതിയിലെ മോഡിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ആ യോഗത്തിലാണ് വംശഹത്യയുടെ സാഹചര്യം സൃഷ്ടിക്കപ്പെട്ടത് എന്നാണ് ഭട്ടിന്റെ വാദം.

നവംബര്‍ 12-ാം തീയതിയിലെ ഹിന്ദു ദിനപത്രം ഈ കോള്‍ വിശദാംശങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതനുസരിച്ച് സംഭവദിവസം രാത്രി 7.25നും 8.20നും 8.40നും ഭട്ട് ബി ബി സിയുടെ മുന്‍ ലേഖകനും ജേര്‍ണലിസ്റ്റുമായ ഷുബ്രാംഷു ചാറ്റര്‍ജിയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഭട്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് സംഭവദിവസം രാത്രി 8.20 ന് ചാറ്റര്‍ജിയുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഭട്ടിന് മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാനാവശ്യപ്പെട്ടുകൊണ്ട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വന്നത്. തുടര്‍ന്ന് ചാറ്റര്‍ജിയുമായുള്ള സംഭാഷണം പെട്ടന്നവസാനിപ്പിച്ച് ഭട്ട് മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് പുറപ്പെട്ടു. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭട്ടാചാര്യ ഈ വസ്തുതകള്‍ ശരിവെയ്ക്കുന്നുണ്ട്. ഭട്ട് പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിട്ടില്ല എന്നു വരുത്തിതീര്‍ക്കുവാനാണ് ഇപ്പോള്‍ മോഡിയും കൂട്ടരും ശ്രമിക്കുന്നത്. ഭട്ട് നിര്‍ബന്ധിച്ച് തന്നെകൊണ്ട് മൊഴി നല്‍കിച്ചു എന്ന ഭട്ടിന്റെ ഡ്രൈവറുടെ പരാതി വരുന്നതും മറ്റും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. എന്നാല്‍ ഭട്ടിന്റെ വാദത്തിന് ശക്തിപകരുന്നതാണ് വസ്ത്രപൂരിലെ ഫെര്‍ന മൊബൈല്‍ ടവര്‍ രേഖപ്പെടുത്തിയ സന്ദേശം. ഭട്ട് പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു എന്ന് അസന്നിഗ്ധമായി തെളിയിക്കാനുതകില്ലെങ്കിലും ആ വാദം ഉന്നയിക്കുന്ന ഭട്ടും അതിനു ബലമേകുന്ന സാഹചര്യത്തെളിവുകള്‍ നല്‍കുന്ന ചാറ്റര്‍ജിയും സംഭവദിവസം രാത്രി 8.20ഓട് അടുത്ത് ഭട്ടിന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നു എന്ന സാഹചര്യത്തെളിവ് ഈ കോള്‍ വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണസംഘം ഈ പ്രധാന തെളിവ് അവഗണിക്കുവാന്‍ പാടില്ലായിരുന്നു.

ഏതായാലും സര്‍ദാര്‍പൂര്‍ കേസിലെ വിധിയും സജ്ജീവ് ഭട്ടും അത്രനല്ല സൂചനകളല്ല മോഡിക്കു നല്‍കുന്നത്. പണംകൊണ്ടും ഭീഷണികൊണ്ടും എല്ലാവരെയും ഒതുക്കാന്‍ പറ്റില്ലായെന്നും വികസനത്തിന്റെ കാപട്യംകൊണ്ട് ഫാസിസത്തിന്റെ ദംഷ്ട്രകള്‍ മറച്ചുവെയ്ക്കാന്‍ പറ്റില്ലായെന്നും മോഡി തിരിച്ചറിയാന്‍ തുടങ്ങുകയാണ്. നരോദപാട്ട്യക്കേസിലെ മുഖ്യ സാക്ഷിയെ ചില അജ്ഞാതര്‍ കൊന്നുതള്ളിയെങ്കിലും ആ കേസിന്റെ വിധി വരാനിരിക്കുകയാണ്. ഒപ്പം ഗുല്‍ബര്‍ഗാക്കേസില്‍ അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടും. മോഡിയുടെ ദുസ്വപ്നങ്ങളില്‍ ജനാധിപത്യം പൂത്തുലയുമെന്ന് നമുക്ക് വിശ്വസിക്കാം. പ്രത്യേശിക്കാം.

*
മുഹമ്മദ് ഫക്രുദീന്‍ അലി ജനയുഗം 18 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാപത്തിന് ഫലമായി മരണം വിധിക്കുന്നത് പഴയ പുസ്തകത്തിലാണ്. ദാവീദ് ചെയ്ത പാപത്തിന് അയാളുടെ കുഞ്ഞ് ജീവന്‍കൊണ്ട് വിലനല്‍കുന്ന ഒരു ഉത്തമദൃഷ്ടാന്തമുണ്ട് ഈ ബൈബിള്‍ കഥയില്‍. ഗുജറാത്തില്‍ ഇപ്പോള്‍ നമ്മള്‍ കണ്ടുവരുന്നതും ഇതാണ്. 1947 തൊട്ട് ഗുജറാത്ത് വരെ ഇന്ത്യകണ്ട അസംഖ്യം കലാപങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ അതിവിരളമാണ്. മിക്ക കേസുകളിലും കണ്ടത് എക്‌സിക്യുട്ടീവും രാഷ്ട്രീയക്കാരും കലാപകാരികളും കൂടി ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതാണ്.