Saturday, November 19, 2011

മാധ്യമങ്ങളുടെ ഉത്തരവാദിത്തം

ജാതിത്വം, വര്‍ഗീയത, അന്ധവിശ്വാസം, അടിച്ചമര്‍ത്തല്‍ , സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ തുടങ്ങി ജന്മിത്വ സ്വഭാവമുള്ള, രാജ്യത്തെ പിറകോട്ട് നയിക്കുന്ന ആശയങ്ങളെ എതിര്‍ത്തുകൊണ്ട് പുരോഗമനപരമായ പങ്ക് നിറവേറ്റാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. അതോടൊപ്പം ആധുനികവും യുക്തിസഹവും ശാസ്ത്രീയവുമായ ആശയങ്ങളും മതേതരത്വവും സഹിഷ്ണുതയും പ്രചരിപ്പിക്കുകയും വേണം. മുന്‍കാലങ്ങളില്‍ രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ചെയ്ത പ്രവൃത്തികള്‍ മഹത്തരമായിരുന്നു. സതി, ശിശുവിവാഹം തുടങ്ങിയവയെ തന്റെ പത്രത്തിലൂടെ രാജാറാം മോഹന്‍ റോയ് വിമര്‍ശിച്ചു.

1943ലെ ബംഗാള്‍ ക്ഷാമത്തിന്റെ ഭീകരതയെക്കുറിച്ച് നിഖില്‍ ചക്രവര്‍ത്തി എഴുതി. മുന്‍ഷി പ്രേംചന്ദും ശരത്ചന്ദ്ര ചതോപാധ്യായയും ജന്മിത്വ ആചാരങ്ങളെക്കുറിച്ചും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചും എഴുതി. വിഭജനത്തിന്റെ ഭീകരതയെക്കുറിച്ച് സാദത് ഹസന്‍ മണ്‍ടോയും എഴുതി. പുരോഗമനപരവും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതുമായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ, പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങളെ, ഞാന്‍ വിമര്‍ശിച്ചപ്പോള്‍ മാധ്യമങ്ങളിലൊരു വിഭാഗത്തിന്റെ ഭാഗത്തുനിന്ന് തീക്ഷ്ണമായ എതിര്‍പ്പാണുണ്ടായത്. ഞാന്‍ സര്‍ക്കാരിന്റെ പിണിയാളാണെന്ന് പറഞ്ഞ് ചിലര്‍ വ്യക്തിപരമായി ആക്രമിച്ചു. ചില കുത്തക കമ്പനികള്‍ വാടകക്കെടുത്തതിനാല്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ പിണിയാളുകളാണെന്ന് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ എനിക്ക് സാധിക്കും. എന്നെ വ്യക്തിപരമായി വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരുടെ തലത്തിലേക്ക് താഴാന്‍ തയ്യാറല്ലാത്തതുകൊണ്ട് അത്തരമൊരു പ്രതികരണത്തിന് മുതിരുന്നില്ല. മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ഗൗരവമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വ്യക്തിപരമായ ആക്രമണത്തിന് തയ്യാറാകാതെയും ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയെന്ന് അവഗണിക്കാതെയും അത് ഗൗരവത്തോടെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മാധ്യമങ്ങളെ വിമര്‍ശിക്കുമ്പോള്‍ പ്രവര്‍ത്തനരീതി മാറ്റാന്‍ അവരെ പ്രേരിപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം, നശിപ്പിക്കുക എന്നതായിരുന്നില്ല.

മാറ്റത്തിന്റെ ഈ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വഹിക്കാനുള്ള രാജ്യത്തോടുള്ള ചരിത്രപരമായ കടമ അവരെ ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. ആ വിമര്‍ശത്തെ ശരിയായ അന്തസ്സത്തയില്‍ ഉള്‍ക്കൊള്ളാതെ ഒരു വിഭാഗം മാധ്യമങ്ങള്‍ എനിക്കെതിരെ രൂക്ഷമായ ആക്രമണം ആരംഭിക്കുകയും ഏകാധിപത്യ സ്വഭാവമുള്ള ഭീകരനായി ചിത്രീകരിക്കുകയുമാണ് ചെയ്തത്. മാധ്യമങ്ങളുടെ ശുഭകാംക്ഷിയായി എന്നെ കാണണം. ടെലിവിഷന്‍ അഭിമുഖങ്ങളിലും പത്രങ്ങളിലെഴുതിയ ലേഖനത്തിലും ഞാന്‍ ചൂണ്ടിക്കാട്ടിയ, മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ പാളിച്ചകള്‍ അവര്‍ തിരുത്തുന്നതിനു വേണ്ടിയായിരുന്നു വിമര്‍ശം. അന്തസ്സിന്റെ പാതയിലൂടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ സഞ്ചരിക്കണം. അത് ജനങ്ങളുടെ ബഹുമാനം നേടിക്കൊടുക്കാന്‍ സഹായിക്കും. രാജ്യത്തെ 80 ശതമാനം ജനങ്ങളും കൊടിയദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. തൊഴിലില്ലായ്മ ഭീകരമാണ്. വിലക്കയറ്റം, ചികിത്സ-വിദ്യാഭ്യാസ രംഗങ്ങളിലെ അപര്യാപ്തത, ദുരഭിമാനകൊലപാതകം പോലുള്ള സാമൂഹിക തിന്മകള്‍ എന്നിവ രാജ്യത്ത് നിലനില്‍ക്കുന്നു. ഇത്തരം പ്രശ്നങ്ങളെ ഗൗരവത്തോടെ അഭിമുഖീകരിക്കാതെ ചലച്ചിത്ര താരങ്ങളുടെ ജീവിതമോ ഫാഷന്‍ പരേഡുകളോ ക്രിക്കറ്റോ ഒക്കെയാണ് മാധ്യമങ്ങളില്‍ വലിയ സ്ഥലം അപഹരിക്കുന്നത്. ജനങ്ങള്‍ക്ക് വിനോദകരമായ കുറച്ചുകാര്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ 90 ശതമാനം സ്ഥലവും വിനോദകാര്യങ്ങള്‍ക്ക് നീക്കിവയ്ക്കുകയും പത്ത് ശതമാനം സ്ഥലം മാത്രം സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്യുമ്പോള്‍ മാധ്യമങ്ങളുടെ മുന്‍ഗണന ചോദ്യംചെയ്യപ്പെടും.

ജനങ്ങള്‍ യഥാര്‍ഥത്തില്‍ നേരിടുന്നത് സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങളാണ്. എന്നാല്‍ , അതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. വിശക്കുന്ന അല്ലെങ്കില്‍ തൊഴിലില്ലാത്ത ഒരാള്‍ക്ക് വേണ്ടത് വിനോദമാണോ അതോ ഭക്ഷണമോ തൊഴിലോ? അതുകൊണ്ടാണ് ഞാന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചത്. വിമര്‍ശത്തെ ഭയക്കുകയോ അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയോ ചെയ്യരുത്. ജനങ്ങള്‍ വിമര്‍ശിക്കട്ടെ, അതില്‍നിന്ന് ചിലപ്പോള്‍ നേട്ടമുണ്ടായേക്കാം എന്ന പക്ഷത്താണ് ഞാന്‍ . എതിരാളിയുടെ വാക്കുകള്‍പോലും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ദാര്‍ശനികര്‍ പഠിപ്പിക്കുന്നത്. വളച്ചൊടിക്കാനോ അര്‍ഥം മാറ്റി പ്രയോഗിക്കാനോ പാടില്ല. ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ ഈ തത്വം പാലിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. എന്റെ വാക്കുകള്‍ പലതും വളച്ചൊടിക്കപ്പെട്ടു. എന്നിട്ട് അതിന്റെ പേരില്‍ എന്നെ ആക്രമിച്ചു. ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെ, ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ബുദ്ധിപരമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എല്ലാ മാധ്യമപ്രവര്‍ത്തകരും വിദ്യാഭ്യാസമില്ലാത്തവരാണെന്ന് ഞാന്‍ പറഞ്ഞുവെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ബുദ്ധിപരമായി പിന്നോക്കം നില്‍ക്കുന്നവരാണ് എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസമില്ലാത്തവരാണ് എന്നല്ല. ഒരാള്‍ ബിഎയും എംഎയുമൊക്കെ പാസായിട്ടുണ്ടാകും. അതുകൊണ്ടുമാത്രം ബുദ്ധിപരമായി മുന്നിലാണെന്ന് പറയാനാകുമോ?

എല്ലാ മാധ്യമ പ്രവര്‍ത്തകരുമെന്ന് പറഞ്ഞില്ല, ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരുമെന്നാണ് പറഞ്ഞത്. ഞാന്‍ ബഹുമാനിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകരുണ്ട്. എന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്രയും വിശദീകരണം നല്‍കിയത്. എന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ക്ക് അത് ശാന്തമായി, സംസ്കാരം നിലനിര്‍ത്തി പ്രകടിപ്പിക്കാം. ടെലിവിഷന്‍ സ്ക്രീനുകളില്‍ വന്ന് ആക്രോശിക്കുകയോ രോഷം പ്രകടിപ്പിക്കുകയോ ചെയ്യേണ്ടതില്ല. മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് ലേഖനത്തിലും പ്രസംഗങ്ങളിലും ടെലിവിഷന്‍ അഭിമുഖങ്ങളിലുമെല്ലാം പറഞ്ഞിരുന്നു. പരസ്പര സംഭാഷണത്തിലൂടെയും ആശയവിനിമയത്തിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍ . മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ 90 ശതമാനവും ഇത്തരത്തില്‍ പരിഹരിക്കാനാകും. കര്‍ശന നടപടി ആവശ്യമുള്ള സാഹചര്യമുണ്ടാകുമ്പോഴേ അതിന് മുതിരേണ്ടതുള്ളൂ. ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയുള്ള തിരുത്തല്‍ നിരന്തരമായി പരാജയപ്പെടുന്ന ഘട്ടങ്ങളില്‍ മാത്രം. എന്റെ ഈ അഭിപ്രായപ്രകടനം തെറ്റായി വ്യാഖ്യാനിച്ചു.

രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നയാളായി ചിത്രീകരിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി എക്കാലത്തും നിലകൊണ്ടയാളാണ് ഞാനെന്നതാണ് വസ്തുത. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ച വിധിന്യായങ്ങളില്‍ പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന്റെ കാവലാള്‍മാരാണ് ജഡ്ജിമാരെന്ന് പലതവണ പറഞ്ഞിട്ടുമുണ്ട്. സ്വാതന്ത്ര്യമെന്നത് തോന്നുന്നതെല്ലാം ചെയ്യാനുള്ള ലൈസന്‍സല്ല. പൊതുതാല്‍പ്പര്യാര്‍ഥമുള്ള യുക്തിസഹമായ നിയന്ത്രണങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും വിധേയമാണ് സ്വാതന്ത്ര്യം. ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് നിലവില്‍ സംവിധാനങ്ങളില്ല. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അച്ചടിമാധ്യമങ്ങളുടെ കാര്യംമാത്രമാണ് നോക്കുന്നത്. മാധ്യമമര്യാദകള്‍ ലംഘിക്കപ്പെട്ടാല്‍ അച്ചടി മാധ്യമങ്ങളുടെ കാര്യത്തില്‍ ശിക്ഷ താക്കീതോ ശകാരമോ മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഇലക്ട്രോണിക് മാധ്യമങ്ങളെ പ്രസ് കൗണ്‍സിലിന് കീഴില്‍ കൊണ്ടുവരുന്നതിന് നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പ്രസ് കൗണ്‍സിലിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ , പ്രസ് കൗണ്‍സിലിന് കീഴില്‍ കൊണ്ടുവരിക എന്ന നിര്‍ദേശത്തെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ ശക്തമായി എതിര്‍ത്തു. സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താമെന്നതായിരുന്നു അവരുടെ വാദം. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാര്‍ക്കു പോലും ഇതുപോലുള്ള പൂര്‍ണ അവകാശങ്ങളില്ല. അവര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നാല്‍ പാര്‍ലമെന്റിന് ഇംപീച്ച് ചെയ്യാന്‍ സാധിക്കും. അഭിഭാഷകര്‍ , ഡോക്ടര്‍മാര്‍ എന്നു തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ഉചിതമായ നിയന്ത്രണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നു. നിയന്ത്രണ സംവിധാനത്തിനു കീഴില്‍ വരുന്നതിനെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ ശക്തമായി എതിര്‍ക്കുന്നത് എന്തിനാണ്?

പ്രസ് കൗണ്‍സിലിന് കീഴിലാക്കുന്നതിനോട് വിയോജിപ്പുണ്ടെങ്കില്‍ മറ്റൊരു സംവിധാനമാകാമല്ലോ. നിര്‍ദിഷ്ട ലോക്പാലിന് കീഴില്‍ വരാന്‍ ഇവര്‍ തയ്യാറാണോ? ഈ ചോദ്യം പല വേദികളിലും ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. മൗനമായിരുന്നു ഉത്തരം. അല്ലെങ്കില്‍ ഉത്തരവാദിത്തരഹിതമായ ചോദ്യമെന്ന് പറഞ്ഞ് തള്ളിക്കളയും. ടെലിവിഷന്‍ വാര്‍ത്തകളും മറ്റ് പരിപാടികളും ജനങ്ങളില്‍ വലിയ വിഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടെലിവിഷന്‍ ചാനലുകള്‍ പൊതുജനങ്ങളോട് ഉത്തരവാദിത്തമുള്ളതായി മാറ്റേണ്ടതുണ്ട്. സ്വയം നിയന്ത്രണമായിക്കൊള്ളാമെന്ന നിലപാടില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഈ യുക്തി ബാധകമാകേണ്ടേ? അവരെ ലോക്പാലിന് കീഴില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യമില്ലല്ലോ. തീര്‍ത്തും വിശുദ്ധരാണ് തങ്ങളെന്ന് ഇലക്ട്രോണിക് മാധ്യമങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ പണം സ്വീകരിച്ച് വാര്‍ത്ത കൊടുക്കല്‍ , റാഡിയ ടേപ്പുകള്‍ തുടങ്ങിയവ എന്താണ്? ഇതാണോ വിശുദ്ധന്‍മാരുടെ സൃഷ്ടി? യഥാര്‍ഥത്തില്‍ സ്വയം നിയന്ത്രണമെന്ന ഒന്നില്ല. ജനാധിപത്യ സംവിധാനത്തില്‍ എല്ലാ സംവിധാനങ്ങളും ജനങ്ങളോട് ഉത്തരവാദിത്തമുള്ളതാണ്. മാധ്യമങ്ങളും അങ്ങനെതന്നെ.

*
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ( ദി ഹിന്ദുവില്‍ നിന്ന്)

ദേശാഭിമാനി 19 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജാതിത്വം, വര്‍ഗീയത, അന്ധവിശ്വാസം, അടിച്ചമര്‍ത്തല്‍ , സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ തുടങ്ങി ജന്മിത്വ സ്വഭാവമുള്ള, രാജ്യത്തെ പിറകോട്ട് നയിക്കുന്ന ആശയങ്ങളെ എതിര്‍ത്തുകൊണ്ട് പുരോഗമനപരമായ പങ്ക് നിറവേറ്റാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. അതോടൊപ്പം ആധുനികവും യുക്തിസഹവും ശാസ്ത്രീയവുമായ ആശയങ്ങളും മതേതരത്വവും സഹിഷ്ണുതയും പ്രചരിപ്പിക്കുകയും വേണം. മുന്‍കാലങ്ങളില്‍ രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ചെയ്ത പ്രവൃത്തികള്‍ മഹത്തരമായിരുന്നു. സതി, ശിശുവിവാഹം തുടങ്ങിയവയെ തന്റെ പത്രത്തിലൂടെ രാജാറാം മോഹന്‍ റോയ് വിമര്‍ശിച്ചു.