Sunday, November 20, 2011

കെ വേണുവിന്റേത് എന്നും വഴിതെറ്റി ഓടുന്ന ബസ്

കെ വേണു സത്യത്തില്‍ ഇന്നു സംസാരിക്കുന്നത് എല്ലാ അവയവങ്ങളിലും ജരാനരകള്‍ ബാധിച്ച ഒരു വൃദ്ധന്റെ ചിന്താഗതിയോടെയാണ്. തിളയ്ക്കുന്ന യൗവനകാലത്ത് കക്ഷത്ത് മാവോ ചിന്തകളും റെജിസ് ദെബ്രെയുടെ "വിപ്ലവത്തിനുള്ളിലെ വിപ്ലവം" പോലുള്ള കൃതികളും വെച്ചു നടന്നു. ഉന്മൂലന സിദ്ധാന്തം ആവിഷ്കരിച്ച് അത് നടപ്പാക്കാന്‍ കുറെ ചെറുപ്പക്കാരെ വഴിതെറ്റിച്ചും "പ്രപഞ്ചവും മനുഷ്യനും" പോലുള്ള കൃതികള്‍ എഴുതി വിപ്ലവസൈദ്ധാന്തികന്‍ ചമഞ്ഞും കുറെക്കാലം ചെലവഴിച്ചു. ഇതൊക്കെ ആയാല്‍ മറ്റ് അധ്വാനമൊന്നുംകൂടാതെ വലിയൊരു വിപ്ലവ പര്‍ടിയുടെ ചോദ്യംചെയ്യപ്പെടാനാകാത്ത നേതാവാകാന്‍ കഴിയുമെന്ന് വേണു സ്വപ്നം കണ്ടിരിക്കണം. ആ സ്വപ്നം പൊലിഞ്ഞപ്പോള്‍ അതുവരെ താന്‍ പ്രചരിപ്പിച്ചു നടന്ന ആശയങ്ങളെയും സിദ്ധാന്തങ്ങളെയുമാകെ തള്ളിപ്പറഞ്ഞ് സ്വയം ജനാധിപത്യവാദിയായി പ്രഖ്യാപിച്ച് കേരളത്തിലെ പിന്തിരിപ്പന്‍ മുന്നണിയുടെ വാലായി മറി. അവിടെയും ഗതിപിടിച്ചില്ല. അതിനാല്‍ പിന്നെ ചെയ്തുവരുന്നത് അച്ചടി - ദൃശ്യ - ശ്രാവ്യ മാധ്യമങ്ങളില്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍ ചമയുകയാണ്. ആ റോളിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 36-ാം ലക്കത്തില്‍ "പൊളിച്ചെഴുതുക പ്രത്യയശാസ്ത്രത്തെ" എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തിരിച്ചറിഞ്ഞാല്‍ സിപിഐ (എം)നു രക്ഷപ്പെടാന്‍ കഴിയുമെന്ന കുറിപ്പടി വേണു നല്‍കുന്നത്. പാര്‍ടി സമ്മേളനകാലമായതുകൊണ്ട് പല കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പാര്‍ടിയെ "നന്നാക്കാന്‍" പല രീതികളില്‍ ശ്രമിക്കുന്നുണ്ട്. ആ വ്യായാമത്തില്‍ പങ്കാളിയായിരിയ്ക്കയാണ് വേണു ഇവിടെ.

വേണുവിന്റെ ശീലം വഴിതെറ്റി ഓടുന്ന ബസ്സിലാണ് കയറുക എന്നതാണ്. എന്നാല്‍ , അതത് സന്ദര്‍ഭത്തില്‍ അതാണ് ശരിയായ വഴി എന്നായിരിക്കും വേണുവിന്റെ നിഗമനം. വൈരുദ്ധ്യാത്മകമായി സ്ഥിതിവിശേഷത്തെ വിശകലനം ചെയ്യുന്നവര്‍ക്കുമാത്രമേ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഗതിവിഗതികള്‍ ശരിക്കും തിരിച്ചറിയാന്‍ കഴിയൂ. മുതലാളിത്ത ചിന്താഗതിയുടെ അനുയായിയായി മാറിയ വേണുവിന് ഇന്നത് കഴിയില്ല എന്ന് അദ്ദേഹത്തെ പണ്ടത്തെ പരിവേഷത്തില്‍ ഓര്‍ക്കുന്നവരില്‍ ചിലര്‍ക്ക് ഇപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് വേണുവിന്റെ ശ്രമം. തൊഴിലില്ലായ്മ രൂക്ഷമായ 1960കളുടെ രണ്ടാംപകുതിയില്‍ ലോകമാകെ, ഇന്ത്യയിലും, ചെറുപ്പക്കാരുടെ വലിയൊരു നിര തൊഴില്‍തേടി രംഗത്തുവന്നു. അന്നത്തെ പൊതു രാഷ്ട്രീയാന്തരീക്ഷത്തില്‍ അവരില്‍ പലരും സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും നാടുവാഴിത്തത്തിനും എതിരായി ഭൂഖണ്ഡാന്തരങ്ങളില്‍ പിന്തിരിപ്പന്മാരുടെ നെടുംകോട്ടകള്‍ക്കുനേരെ മുന്നേറുകയായിരുന്നു. എന്നാല്‍ പലേടങ്ങളിലും ചരിത്രബോധവും വീണ്ടുവിചാരവും ഒന്നും ഇല്ലാതെ വികാരത്തള്ളിച്ചയുടെ പ്രേരണകൊണ്ടുമാത്രമായിരുന്നു അവര്‍ എടുത്തുചാടിയത്. വളര്‍ന്നുവരുന്ന ശക്തിയേത്-താല്‍ക്കാലികമായും ദീര്‍ഘകാലികമായും-എന്ന് അവര്‍ തിരിച്ചറിയേണ്ടതായിരുന്നു. സിപിഐ (എം)നെപ്പോലുള്ള മാര്‍ക്സിസ്റ്റ് പാര്‍ടികളും അവ നയിച്ച പ്രസ്ഥാനങ്ങളും വൈരുദ്ധ്യാത്മക ഭൗതികവാദത്തിെന്‍റ വെളിച്ചത്തിലാണ് അതിന് ശ്രമിച്ചത്. അതിനാല്‍ സാമ്രാജ്യ വിരോധത്തിന്റെയും മറ്റും കാര്യത്തില്‍ അവര്‍ക്ക് ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞു. വേണു അംഗമായിരുന്നതുപോലുള്ള തീവ്രവാദപ്പാര്‍ടികളാകട്ടെ, വൈരുധ്യാത്മക ഭൗതികവാദത്തിനുപകരം വിപ്ലവ കാല്‍പനികതയാല്‍ നയിക്കപ്പെട്ടായിരുന്നു മുന്നോട്ടുകുതിച്ചത്. അവര്‍ അന്ന് ജനാധിപത്യത്തെയും ജനാധിപത്യ ചിന്ത, ജനാധിപത്യരീതി മുതലായവയെയും പാടെ നിഷേധിച്ചു. അതിനാല്‍ അവര്‍ നയിച്ച പാര്‍ടിക്കും പ്രസ്ഥാനത്തിനും കെട്ടുറപ്പുണ്ടായില്ല. വിഭിന്ന ചിന്താഗതിക്കാരായ ഒരു കൂട്ടം വ്യക്തിവാദികളുടെ കൂട്ടമായിത്തീര്‍ന്നു അവര്‍ . ആ കൂട്ടം സമൂഹയാഥാര്‍ഥ്യങ്ങള്‍ക്കുമുന്നില്‍ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ചിന്നിച്ചിതറി, അനിവാര്യമായി. അങ്ങനെ ഒറ്റപ്പെട്ടശേഷമാണ് വേണു ജനാധിപത്യത്തെക്കുറിച്ച് വേറിട്ട രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ആ കാഴ്ചപ്പാടില്‍നിന്ന് വലിയ നഷ്ടബോധവും കുറ്റബോധവുമൊക്കെ വേണുവിനുണ്ടായി എന്നുവേണം കരുതാന്‍ .

ജനാധിപത്യത്തെക്കുറിച്ച് വേണു അമാര്‍ക്സിയനായ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങി. അതിന്റെ പ്രസക്തി, പ്രാധാന്യം, അനിവാര്യത എന്നിവയെക്കുറിച്ച് അത്തരത്തില്‍ ബോധവാനായി. ജനാധിപത്യ വ്യവസ്ഥയില്‍ ഒരു പാര്‍ടിയുടെ അസ്തിത്വം എന്തെന്ന് കുറെ വര്‍ഷങ്ങളായി ചിന്തിക്കാതിരുന്ന വേണു അതോടെ മുതലാളിത്ത ജനാധിപത്യത്തിന്റെ സ്തുതിപാഠകനായി മാറി. സാമ്രാജ്യത്വ സൈദ്ധാന്തികര്‍പറയുന്നത് മുതലാളിത്തത്തിനപ്പുറം ഒരു സാമൂഹ്യ വ്യവസ്ഥയുണ്ടാവില്ല എന്നാണ്. അതുപോലെ വേണു സിദ്ധാന്തിക്കുന്നത് ജനാധിപത്യത്തിന്, മുതലാളിത്ത പതിപ്പിനപ്പുറം മറ്റൊരു പതിപ്പ് സാധ്യമല്ല എന്നാണ്. അതുകൊണ്ടാണ് അദ്ദേഹം സിപിഐ (എം)നോട് മുതലാളിത്ത ജനാധിപത്യത്തിെന്‍റ കോട്ടിനനുസരിച്ച് തങ്ങളുടെ കാഴ്ചപ്പാടും സംഘടനാരീതിയും പ്രവര്‍ത്തന ശൈലിയും വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെടുന്നത്. പക്ഷേ, വേണുവിന്റെ കഷ്ടകാലത്തിന് അദ്ദേഹം ഈ നിര്‍ദ്ദേശവുമായി വരുന്നത് ലോകമാകെ, വിശേഷിച്ച് സാമ്രാജ്യത്വരാജ്യങ്ങളിലാകെ, മുതലാളിത്തം വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ്. വേണുവിന്റെ ലേഖനം പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പ് ഇറക്കുന്നവരുടെ ദിനപ്പതിപ്പില്‍ മാര്‍ക്സിസം ഇന്ന് മറ്റേത് രാഷ്ട്രീയ ചിന്താഗതിയേക്കാള്‍ പ്രസക്തമാണെന്നും അതൊരു ദിവസംകൊണ്ടുണ്ടായ തിരിച്ചറിവല്ലെന്നും വിശദമാക്കുന്നു. "പക്ഷേ വിപ്ലവപാര്‍ടിയുടെ പരിവേഷം നിലനിര്‍ത്താനായി പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന ഓമനപ്പേരിട്ട് നടത്തുന്ന സമരങ്ങളെല്ലാം നിയമവിരുദ്ധ സമരങ്ങളായി പരിണമിക്കുന്നതുകാണാം" എന്നു ചൂണ്ടിക്കാട്ടുന്ന വേണു യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് തൊഴിലാളികളും കൃഷിക്കാരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും യുവാക്കളും വിദ്യാര്‍ഥികളുമൊക്കെ നടത്തുന്ന പ്രക്ഷോഭ സമരങ്ങളെ അടച്ചാക്ഷേപിക്കുകയാണ്. പ്രത്യേകിച്ചൊരു അക്രമവും ചെയ്യാത്ത വ്യക്തികളെയും കുടുംബങ്ങളെയും ഉന്മൂലനംചെയ്യാന്‍ ഉദ്ബോധിപ്പിച്ചു നടന്നയാള്‍ ഇപ്പോള്‍ കളരിക്ക് പുറത്തുനില്‍ക്കുന്നു. മിക്ക ജനാധിപത്യ രാജ്യങ്ങളിലും പണിമുടക്കുകളും പിടിച്ചെടുക്കലുകളും ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുകയും സാമ്രാജ്യത്വശക്തികള്‍ അതുകണ്ട് വിറകൊള്ളുകയും അവയെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുമ്പോഴാണ് വേണുവിന്റെ ഈ ഉദ്ബോധനം.

ഇത് ആര്‍ക്കുവേണ്ടി എന്നു വ്യക്തം. ഇന്ത്യയില്‍ പാര്‍ലമെന്‍ററി ജനാധിപത്യപ്രക്രിയ നടപ്പാക്കാന്‍ തുടങ്ങിയതുമുതല്‍ കമ്യൂണിസ്റ്റുപാര്‍ടി അതില്‍ പങ്കെടുക്കുന്നുണ്ട്. മറ്റേത് രാഷ്ട്രീയ പാര്‍ടിയും പാലിക്കുന്ന വ്യവസ്ഥകള്‍തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കും ബാധകം. അവ പാലിക്കുന്നുമുണ്ട്. സ്ഥിതി ഇതായിരിക്കെ വേണു പറയുന്നത് എന്താണ്? "ഒരു വശത്ത് തങ്ങള്‍ ഇപ്പോഴും വിപ്ലവ പാര്‍ടിയാണെന്ന് അണികളെ ബോധ്യപ്പെടുത്താനായി രഹസ്യപ്രവര്‍ത്തനശൈലി, കേഡര്‍സ്വഭാവം, പാര്‍ലമെന്റേതര സമരങ്ങള്‍ എന്നിവയൊക്കെ നിലനിര്‍ത്താന്‍ ശ്രമിക്കുക, മറുവശത്ത് ഒരു പാര്‍ലമെന്‍ററി ജനാധിപത്യപാര്‍ടിയെപ്പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാരം കയ്യാളുകയും ചെയ്യുക. പരസ്പര വിരുദ്ധമായ ഇത്തരം കടമകള്‍ കുറച്ചുകാലത്തേക്കൊക്കെ ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും." താന്‍ അംഗമായിരുന്ന പാര്‍ടിയുടെ രീതി സിപിഐ (എം)ന്റെമേല്‍ വേണു ആരോപിക്കാന്‍ ശ്രമിക്കുകയാണ്. അല്ലെങ്കില്‍ , എവിടെയാണ് ഒരു രാഷ്ട്രീയപാര്‍ടി എന്ന നിലയില്‍ സിപിഐ (എം) രഹസ്യ പ്രവര്‍ത്തനശൈലി പിന്തുടരുന്നത്? നിയമവിധേയ രാഷ്ട്രീയപാര്‍ടി എന്ന നിലയില്‍ അതിന്റെ തീരുമാനങ്ങളും മറ്റും ജനങ്ങളെയും അധികാരികളെയും അറിയിക്കാന്‍ സിപിഐ (എം) ബാധ്യസ്ഥമാണ്. അത് ചെയ്യുന്നുണ്ട്. പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകരെയാണ് കേഡര്‍ എന്നു പറയുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയപാര്‍ടികള്‍ ആ സ്വഭാവം തങ്ങളുടെ പാര്‍ടി സംവിധാനത്തിലും നടപ്പാക്കുകയോ അതിനായി ഉദ്യമിക്കുകയോ ചെയ്യുന്നതായി കാലാകാലങ്ങളില്‍ വാര്‍ത്ത വരാറുണ്ട്. പാര്‍ലമെന്‍റിതര പ്രവര്‍ത്തനങ്ങള്‍ എന്നതുകൊണ്ട് പാര്‍ടി ഉദ്ദേശിക്കുന്നത് പാര്‍ലമെന്‍റിനു പുറത്തുള്ള പ്രവര്‍ത്തനങ്ങളാണ്. ജനങ്ങളെ സംഘടിപ്പിച്ച് ജാഥകളോ പൊതുയോഗങ്ങളോ പ്രക്ഷോഭങ്ങളോ സ്റ്റഡി ക്ലാസുകളോ നടത്തുക, പ്രസിദ്ധീകരണ പ്രവര്‍ത്തനം നടത്തുക മുതലായവയാണ് അവ. പാര്‍ലമെന്‍റിനകത്ത് ജനപ്രതിനിധികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മറ്റൊരു പതിപ്പ് പുറത്ത് ജനങ്ങള്‍ നേരിട്ട് പങ്കെടുത്തുകൊണ്ട് നടത്തുന്നു. ഇതൊക്കെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയപാര്‍ടികളും നടത്തുന്നതല്ലേ? ഇത്തരത്തില്‍ പാര്‍ലമെന്‍റിതര പ്രവര്‍ത്തനം നടത്താത്ത എത്ര രാഷ്ട്രീയ പാര്‍ടികളുണ്ട് ഇന്നാട്ടില്‍ ? വേണുവിന്റെ പാര്‍ടി ഇതൊന്നും നടത്തിയിരുന്നില്ല. വീടാക്രമിക്കുകയോ, ആളുകളുടെ തലവെട്ടുകയോ ഒക്കെയേ ചെയ്തിരുന്നുള്ളു. സിപിഐ (എം) മറ്റ് രാഷ്ട്രീയ പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി, ജനാധിപത്യ വിരുദ്ധമായി എന്തുചെയ്തു എന്നാണ് വേണു പറയുന്നത്? വിദ്യാര്‍ത്ഥി-യുവജന സമരങ്ങള്‍ നടത്തുന്നതോ? അതിനും ഇവിടെ മാതൃക കാണിച്ചത് ആദ്യം സ്വാതന്ത്ര്യസമര പ്രസ്ഥാനമല്ലേ? പിന്നീട് കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും മറ്റും അത് തുടര്‍ന്നു. ജനാധിപത്യവാദിയായിട്ടും മുടക്കാച്ചരക്കായി മാറിയതുകൊണ്ടാണോ പിക്കറ്റിങ്, ഘെരാവോ (അത് ഇപ്പോള്‍ സാധാരണഗതിയില്‍ ആരും നടത്താറില്ല). വിദ്യാര്‍ത്ഥി-യുവജന സമരങ്ങള്‍ എല്ലാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എന്നാണോ വേണു വിധിക്കുന്നത്? ഇവയില്‍ പലതും സ്വാതന്ത്ര്യസമരകാലംമുതല്‍ ഇവിടെ വിവിധ ജനവിഭാഗങ്ങള്‍ സ്വീകരിച്ചുവരുന്ന സമരമുറകളാണ്. അവയെ പില്‍ക്കാലത്ത് മുതലാളിമാരും അവരുടെ സംഘടനകളും എതിര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ മുതലാളിത്ത ചിന്താഗതിക്കാര്‍പോലും അവയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കാറില്ല. സിപിഐ (എം) വിഭാവനംചെയ്യുന്ന ആദ്യത്തെ വിപ്ലവം ജനകീയ ജനാധിപത്യ വിപ്ലവം ആകുന്നു. ഇവിടെ പാര്‍ലമെന്‍ററി ജനാധിപത്യ അഥവാ മുതലാളിത്ത വ്യവസ്ഥ സ്ഥാപിച്ചെങ്കിലും നാടുവാഴിത്ത വ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക- ഭരണതലങ്ങളിലെല്ലാമുണ്ട്. അവയെ തുടച്ചുനീക്കണം. അതാണ് ആ വിപ്ലവത്തിെന്‍റ ലക്ഷ്യം.

സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ഭരണകൂടത്തില്‍ സ്വാധീനമുള്ള കാലത്തോളം അത് നടപ്പില്ല. അവയുടെ സ്വാധീനത്തിന് ആധാരം കുത്തക മുതലാളിത്തമാണ്. അതിനാല്‍ അവ മൂന്നിന്റെയും ഭരണകൂട സ്വാധീനം ഇല്ലാതാക്കണം. അതിന് ഇവയല്ലാത്ത എല്ലാ സമൂഹശക്തികളെയും ഒന്നിപ്പിച്ച് അണിനിരത്തണം. തൊഴിലാളിവര്‍ഗത്തിനു മാത്രമേ അതിനു നേതൃത്വം നല്‍കാന്‍ കഴിയു. ഇവയെ തൊഴിലാളിവര്‍ഗ്ഗം അണിനിരത്താന്‍ ശ്രമിക്കുമ്പോള്‍ കുത്തക മുതലാളിത്തവും സാമ്രാജ്യത്വവും മറ്റും ചേര്‍ന്ന് അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ട്. പല ഏഷ്യന്‍ , ആഫ്രിക്കന്‍ , ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്. ജനകീയ ശക്തികള്‍ ചോരയില്‍ മുക്കിക്കൊല്ലപ്പെട്ടു. അതിനാല്‍ , ചൂഷകവര്‍ഗ്ഗങ്ങള്‍ ബലപ്രയോഗത്തിന് ഒരുങ്ങുന്നപക്ഷം തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ വിപ്ലവശക്തികള്‍ അവയെ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. സിപിഐ (എം) അക്രമത്തിന് ഒരുങ്ങുന്നില്ല, ഉണ്ടാകാന്‍ ഇടയുള്ള അക്രമത്തെ ചെറുക്കാന്‍ ജനങ്ങളെ സജ്ജരാക്കുന്നതേയുള്ളു. ജനാധിപത്യത്തില്‍ ജനങ്ങളാണ് നിര്‍ണായകശക്തി. കുത്തക മുതലാളിവര്‍ഗം കയ്യിലുള്ള പണത്തിന്റെ ശക്തികൊണ്ട് ബഹുജനശക്തിയെ കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനെ ചെറുക്കുകയാണ് സിപിഐ (എം) വിഭാവനം ചെയ്യുന്ന വിപ്ലവം ചെയ്യുക. വേണുവിന് തീരെ സഹിക്കാന്‍ കഴിയാത്തത് സിപിഐ (എം) വിപ്ലവപ്പാര്‍ടിയായിരിക്കെ ജനാധിപത്യ പാര്‍ടിയായി തുടരുന്നതാണ്. വിപ്ലവ പ്രവര്‍ത്തനത്തിലും ജനാധിപത്യപ്രവര്‍ത്തനത്തിലും അവയുമായി ബന്ധപ്പെട്ട ചിന്തയിലുമൊക്കെ വൈരുദ്ധ്യവാദ (ഡയലറ്റിക്സ്) പ്രയോഗമുണ്ട്. സിപിഐ (എം)ല്‍നിന്ന് വേറിട്ടുപോയ വേണുവിന്റെ വിപ്ലവപ്പാര്‍ടി അത് ഉപേക്ഷിച്ചപ്പോള്‍ സിപിഐ (എം) അന്നും ഇന്നും അത് മുറുകെ പിടിക്കുന്നു. മാര്‍ക്സിസത്തിന്റെ ഹൃദയം വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. അത് ഉപേക്ഷിച്ചതാണ് നാല്‍പതുവര്‍ഷം മുമ്പും ഇപ്പോഴും വേണുവിന്റെ വിശകലനരീതിയെ വായ്ത്തലപോയ കത്തിയാക്കി മാറ്റിയതും മാറ്റുന്നതും. അതുകൊണ്ടാണ് അദ്ദേഹത്തിെന്‍റ ലേഖനത്തിലെ വാദമുഖങ്ങള്‍ അനുകമ്പ തോന്നിക്കുംവിധം കാടുകയറിപ്പോയത്.

ഉല്‍പാദനബന്ധങ്ങള്‍ മാറുന്നതനുസരിച്ച് സമൂഹത്തില്‍ മറ്റെല്ലാം മാറും എന്നതാണ് മാര്‍ക്സിസത്തിന്റെ മര്‍മം. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം ഉള്‍പ്പെടെയുള്ള സങ്കല്‍പനങ്ങളുടെ അര്‍ഥതലങ്ങളില്‍ മാറ്റം സ്വാഭാവികമായി വരും, വ്യത്യസ്ത കാലദേശങ്ങളില്‍ . ലെനിനും മാവോയും കാസ്ട്രോയും മറ്റും ചെയ്തതുപോലെ ജീവന്‍ തുടിക്കുന്ന ഏത് കമ്യൂണിസ്റ്റ് പാര്‍ടിക്കും അത് ചെയ്യേണ്ടിവരും. അങ്ങനെ മാര്‍ക്സിസത്തെ കാലോചിതമാക്കി പ്രയോഗിക്കുന്നതാണ് സിപിഐ എമ്മിനെ ഇന്നും പ്രസക്തമാക്കി നിലനിര്‍ത്തുന്നത്.

കേരളത്തിലും പശ്ചിമബംഗാളിലും ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്താണ് സിപിഐ (എം) അടങ്ങുന്ന മുന്നണി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത് എന്ന് വേണു സിദ്ധാന്തിക്കുന്നു. ആ ദുരുപയോഗം സാധ്യമല്ലാതെ വന്നപ്പോഴാണത്രെ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റത്. ഈ സംസ്ഥാനങ്ങളില്‍ എതിരായി മത്സരിച്ച പാര്‍ടിക്കാരൊക്കെ, ജനങ്ങളൊക്കെ ഇതൊന്നും മനസ്സിലാക്കാനും ഇടപെടാനും കഴിയാത്തവിധം മണ്ടന്മാരായിരുന്നു എന്നാണോ വേണുവിന്റെ വ്യംഗ്യം? തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ മുതലാളിത്തപാര്‍ടികളാണ് വര്‍ധമാനമായ തോതില്‍ അവിഹിത പ്രവര്‍ത്തനം നടത്തുന്നത് എന്ന് സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നിരീക്ഷണം നടത്തുന്ന പലരും സോദാഹരണം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണു സിപിഐ എമ്മിനെക്കുറിച്ച് ഉന്നയിക്കുന്ന ആരോപണം ആരെ സഹായിക്കാനാണ് എന്നു വ്യക്തം. സിപിഐ (എം)ന്റെ വിവിധ തലങ്ങളിലുള്ള പാര്‍ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പ്രതിനിധികള്‍ക്ക് പ്രത്യയശാസ്ത്രസമരം നടത്താന്‍ ഉപകരിക്കുന്നത് എന്ന് വേണുവിന് തോന്നുന്ന വാദങ്ങളും ലേഖനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ ഒന്നിനെക്കൂടി പരാമര്‍ശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് മാധ്യമങ്ങളില്‍ ഒരു ചര്‍ച്ച നടത്തപ്പെട്ടിരുന്നു. ഇന്ത്യയിലെ ഒരു അമേരിക്കന്‍ കോണ്‍സല്‍ അവരുടെ പതിവനുസരിച്ച് കഴിഞ്ഞവര്‍ഷം കേരളം സന്ദര്‍ശിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍ , ഭരണ-പ്രതിപക്ഷങ്ങളിലെ ചില രാഷ്ട്രീയനേതാക്കള്‍ മുതലായവരുമായി ചര്‍ച്ചനടത്തിയിരുന്നു. എല്ലാ വിദേശ നയതന്ത്ര പ്രതിനിധികളും എല്ലാ രാജ്യങ്ങളിലും പതിവായി ചെയ്യുന്ന ഒരു ഏര്‍പ്പാടാണ് അത്. കേരളത്തില്‍ അമേരിക്കന്‍ വ്യവസായികളെ മൂലധനനിക്ഷേപം നടത്താന്‍ അനുവദിക്കുമോ എന്ന അന്വേഷണം ഉണ്ടായി. പ്ലാച്ചിമടയില്‍ കൊക്കക്കോള ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു അത്. അതിന് മേല്‍പറഞ്ഞവരെല്ലാം ഉത്തരം നല്‍കിയിരുന്നു. അതില്‍ സിപിഐ (എം) നേതാക്കള്‍ നല്‍കിയിരുന്ന മറുപടികള്‍ തമ്മില്‍ പൊരുത്തക്കേട് ഉണ്ടായിരുന്നില്ല എന്ന് മാധ്യമചര്‍ച്ചയില്‍ സ്പഷ്ടമായിരുന്നു. വസ്തുത അതായിരിക്കെ വേണു തന്റെ ലേഖനത്തില്‍ ചെയ്യുന്നത് പിണറായി വിജയന്‍ , എം എ ബേബി, ഡോ. തോമസ് ഐസക് എന്നിവര്‍ അമേരിക്കന്‍ കുത്തക മൂലധനത്തെ കേരളത്തിലേക്ക് സ്വാഗതംചെയ്തു എന്ന് ആരോപിക്കുകയാണ്. ഇതുസംബന്ധിച്ച് സിപിഐ (എം)ന് വ്യക്തമായ നിലപാടുണ്ട്. പാര്‍ടി കോണ്‍ഗ്രസുകള്‍ ആവര്‍ത്തിച്ച് ചര്‍ച്ചചെയ്ത് വ്യക്തത വരുത്തിയ കാര്യമാണ്. അതനുസരിച്ച് അമേരിക്കന്‍ സാമ്രാജ്യത്വവുമായി ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ടി ഒരുക്കമല്ല.

വിദേശ മൂലധനനിക്ഷേപത്തെ സ്വാഗതം ചെയ്യേണ്ടതില്ല എന്നാണ് പൊതുനിലപാട്. എന്നാല്‍ , കേന്ദ്രത്തില്‍ കോണ്‍ഗ്രസോ ബിജെപിയോ നയിക്കുന്ന മുന്നണികള്‍ അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ അംഗീകരിക്കുന്ന നയപ്രകാരം വിദേശ മൂലധനത്തെ പാര്‍ടി നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്‍റ് അനുവദിക്കണമോ എന്ന ചോദ്യം ഉയര്‍ന്നുവരാം. മറ്റ് പോംവഴികള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം. വേറെ പോംവഴി ഇല്ലെങ്കില്‍ , ആ മൂലധനം ഉപയോഗിച്ചുള്ള പദ്ധതി സംസ്ഥാനത്തിെന്‍റ സാമ്പത്തിക വികസനത്തിന് ഒഴിവാക്കാനാവാത്തതാണെങ്കില്‍ , അത് അംഗീകരിക്കാം-ഒരു വ്യവസ്ഥയ്ക്ക് വിധേയമായി. ആ പദ്ധതി അവിടത്തെ തൊഴിലാളികളുടെയോ ജനങ്ങളുടെയോ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാകരുത്. ഈ മാര്‍ഗദര്‍ശനത്തിന് വിധേയരായാണ് വിഎസും പിണറായിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അമേരിക്കന്‍ കോണ്‍സലിന് മറുപടി നല്‍കിയത്. പാര്‍ടിയില്‍ അഭിപ്രായ വ്യത്യാസം ഉദിപ്പിക്കുന്നതിന് ഉതകുന്ന രീതിയില്‍ വേണു ആ പ്രശ്നത്തെ ലേഖനത്തില്‍വ്യാഖ്യാനിച്ചത്, അദ്ദേഹത്തിന്റെ ജനാധിപത്യം ശകുനിയുടെ ജനാധിപത്യമാണ് എന്ന് വായനക്കാരെ ബോധ്യപ്പെടുത്തും.

*
സി പി നാരായണന്‍ ചിന്ത വാരിക 25 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വേണുവിന്റെ ശീലം വഴിതെറ്റി ഓടുന്ന ബസ്സിലാണ് കയറുക എന്നതാണ്. എന്നാല്‍ , അതത് സന്ദര്‍ഭത്തില്‍ അതാണ് ശരിയായ വഴി എന്നായിരിക്കും വേണുവിന്റെ നിഗമനം. വൈരുദ്ധ്യാത്മകമായി സ്ഥിതിവിശേഷത്തെ വിശകലനം ചെയ്യുന്നവര്‍ക്കുമാത്രമേ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഗതിവിഗതികള്‍ ശരിക്കും തിരിച്ചറിയാന്‍ കഴിയൂ. മുതലാളിത്ത ചിന്താഗതിയുടെ അനുയായിയായി മാറിയ വേണുവിന് ഇന്നത് കഴിയില്ല എന്ന് അദ്ദേഹത്തെ പണ്ടത്തെ പരിവേഷത്തില്‍ ഓര്‍ക്കുന്നവരില്‍ ചിലര്‍ക്ക് ഇപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് വേണുവിന്റെ ശ്രമം.