Tuesday, November 22, 2011

ഇന്തോ-പാക് ബന്ധം വസന്തത്തിനും ഭീതിയുടെ ഗന്ധം

വാര്‍ത്തകളൊഴിഞ്ഞ വാരം സമീപകാല പാകിസ്ഥാന് അന്യമാണ്. ദുരന്തങ്ങളുടെ, വിവാദങ്ങളുടെ പൊട്ടിത്തീരാത്ത മാലപ്പടക്കമായി ആ രാജ്യം എരിഞ്ഞുകൊണ്ടിരിക്കുന്നു. അതിന്റെ ചുടൂം പുകയും അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ചൈന തുടങ്ങിയ അയല്‍രാജ്യങ്ങളേയും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. എങ്കിലും പോയവാരം ഇന്തോ-പാക് ബന്ധങ്ങളില്‍ ഒരു മഞ്ഞുരുകലിന്റെ താല്‍ക്കാലിക ശാദ്വലത തെളിഞ്ഞുവരുന്നതുകണ്ടു.

കഴിഞ്ഞ നവംബര്‍ രണ്ടാം തീയതിയാണ് തുടക്കം. ഇന്ത്യ ചിരകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഏറ്റവും പ്രിയപ്പെട്ട രാജ്യം അഥവാ മോസ്റ്റ് ഫേവേര്‍ഡ് നോഷന്‍ എന്ന പദവി പാകിസ്ഥാന്‍ ഇന്ത്യക്ക് അനുവദിച്ചുനല്‍കി. ഇത് ഒരു വാണിജ്യപദവിയാണ്. ഇതിന്‍പ്രകാരം ചരക്കുകളുടേയും സേവനങ്ങളുടേയും വിനിമയം എളുപ്പമാക്കാം. ലോകവ്യാപാര സംഘടനയില്‍ അംഗമായ എല്ലാ രാജ്യങ്ങളും ഈ പദവി പരസ്പരം അംഗീകരിച്ച് നല്‍കണമെന്ന് നിബന്ധനയുണ്ട്. തെക്കേ ഏഷ്യയിലെ ഈ രണ്ടു രാജ്യങ്ങളും പ്രസതുത സംഘടനയിലെ സ്ഥാപകാംഗങ്ങളാണുതാനും. അതുകൊണ്ട് തന്നെ സംഘടന നിലവില്‍വന്ന ഉടനെതന്നെ 1996 ല്‍ പാകിസ്ഥാന് പ്രസ്തുത പദവി ഇന്ത്യയ്ക്ക് അനുവദിച്ചു നല്‍കിയിരുന്നു.
ഉഭയകക്ഷി ബന്ധങ്ങളില്‍ ഒട്ടേറെ പൊട്ടലും ചീറ്റലുമുണ്ടായിട്ടും ആ പദവി ഇന്ത്യയൊട്ട് പിന്‍വലിച്ചതുമില്ല.

എന്നാല്‍ പാകിസ്ഥാന്റെ നിലപാട് വ്യത്യസ്തമായിരുന്നു. ആദ്യം കശ്മീര്‍ പ്രശ്‌നം പരിഹരിക്കൂ, എന്നിട്ടാകാം മുറ്റു കാര്യങ്ങള്‍ എന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഫലമായി ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളിലെ ഏറ്റവും താഴ്ന്ന ഒരു പങ്കാളിയാവാനെ പാകിസ്ഥാന് കഴിഞ്ഞുള്ളൂ. സാര്‍ക്ക് അംഗങ്ങള്‍ക്കിടയിലെ ഏറ്റവും മോശം ബന്ധം. ബംഗ്ലാദേശുമായി വര്‍ഷാവര്‍ഷം ഏതാണ്ട് 400 കോടി ഡോളറിന്റെ കച്ചവടമാണ് ഇന്ത്യ നടത്താറ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാകിസ്ഥാനുമായി നടത്തിയത് കേവലം 265 കോടി ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ്. മുന്‍വര്‍ഷങ്ങളിലെ അവസ്ഥ ഇതിലും മോശമാണ്.

കടത്തു തീരുവകളാണ് ഈയൊരവസ്ഥയുണ്ടാക്കിയത്. ഒപ്പം പരസ്പരമുള്ള അവിശ്വാസവും. പലപ്പോഴും ഇന്ത്യയിലേയും പാകിസ്ഥാനിലേയും ഇടപാടുകാര്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇടനിലങ്ങളായി ഉപയോഗിച്ചാണ് വിനിമയം നടത്തിയിരുന്നത് ഇത് അധികച്ചെലവിന് വഴിവെയ്ക്കുന്നതാണ്.

പാകിസ്ഥാന്‍ മുന്നോട്ടുവെച്ച പോസിറ്റീവ് ലിസ്റ്റ് എന്ന നിബന്ധനയാണ് തീരുവകകള്‍ കൂടാന്‍ ഒരു പ്രധാനകാരണമായിനിന്നത്. അന്താരാഷ്ട്ര വാണിജ്യരംഗത്ത് പോസിറ്റീവ് ലിസ്റ്റ് ഒരുമോശം പ്രവണതയാണ്. കാരണം ഇതിന്‍പ്രകാരം ലിസ്റ്റ് ചെയ്ത ചരക്കുകള്‍ മാത്രമെ തീരുവകൂടാതെ ഇറക്കുമതി ചെയ്യാന്‍ കഴിയൂ.

ഇങ്ങനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ചരക്കുകളുടെ എണ്ണം വളരെ കുറവായിരിക്കും. അന്താരാഷ്ട്ര വാണിജ്യരംഗത്ത് പൊതുവെ സ്വാഗതാര്‍ഹമായത് നെഗറ്റീവ് ലിസ്റ്റ് എന്ന സങ്കല്‍പമാണ്. നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തീരുവ നല്‍കി കയറ്റുമതി ചെയ്യേണ്ട ചരക്കുകളാണ്. ഇവയുടെ എണ്ണം താരതമ്യേന കുറവായിരിക്കും. ഇന്ത്യ പാകിസ്ഥാനുള്‍പ്പെടെയുള്ള വാണിജ്യ പങ്കാളികള്‍ക്കു മുമ്പില്‍ വെച്ചത് നെഗറ്റീവ്‌ലിസ്റ്റാണ്. ഒടുവില്‍ കഴിഞ്ഞ സാര്‍ക്ക് ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ പോസിറ്റീവ് ലിസ്റ്റ് എടുത്തുമാറ്റി പകരം നെഗറ്റീവ് ലിസ്റ്റ് ഏര്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയുണ്ടായി. തീര്‍ത്തും ആരോഗ്യകരമായ ഈ നിലപാട് ഇന്ത്യ വളരെക്കാലമായി ആവശ്യപ്പെട്ടുവരുകയായിരുന്നു.
സാമ്പത്തിക രംഗത്തെ പുതിയ പ്രവണതകള്‍ രണ്ടു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാണ്. കാരണം ഭക്ഷണ-വസ്ത്ര ശീലങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലും സമാനത പുലര്‍ത്തുന്നവരാണ് ഉത്തരേന്ത്യക്കാരും പാകിസ്ഥാനികളും. ചരിത്രപരമായിതന്നെ പരസ്പം ആശ്രയിച്ചുനിന്നവര്‍. അതുകൊണ്ടുതന്നെ ആദാനപ്രദാനങ്ങള്‍ക്ക് വന്‍ സാധ്യത ഇരുപക്ഷത്തുമുണ്ട്. ഇന്ത്യക്ക് കാര്‍ഷിക വിഭവങ്ങള്‍ വേണം. പാകിസ്ഥാന്‍ കച്ചവടക്കാര്‍ക്ക് വന്‍ വിപണിയും. ഒപ്പം ഇവ സൃഷ്ടിക്കുന്ന ജനങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം മുന്‍വിധികള്‍ മാറ്റിയെടുക്കുവാന്‍ ഏറെ സഹായകരവുമാണ്.

സത്യത്തില്‍ ലോക വാണിജ്യ സംഘടനയുടെ പൂര്‍വികനായ ഗാട്ട് കരാറില്‍ പങ്കാളികളായതിനാല്‍ ജിന്നയുടെ കാലം മുതല്‍ക്കെ മോസ്റ്റ് ഫേവേര്‍ഡ് നോഷന്‍ പദവി ഇന്ത്യയും പാകിസ്ഥാനും പരസ്പരം നല്‍കിയിരുന്നു. എന്നാല്‍ യുദ്ധാനന്തരം 1965 ല്‍ ഈ പദവികള്‍ ഇരു രാജ്യങ്ങളും എടുത്തുകളഞ്ഞതാണ്. പുതിയ സംഭവവികാസങ്ങള്‍ അമിതമായ ആഹ്ലാദം തോന്നാത്തതുമതുകൊണ്ടാണ്. കാരണം പാകിസ്ഥാനില്‍ വലിയൊരു പങ്കുകച്ചവടക്കാര്‍ക്കും നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും ഇതൊന്നും രുചിച്ചിട്ടില്ല. പുതിയ മാറ്റങ്ങള്‍ ദേശതാല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്ന് പാകിസ്ഥാനിലെ ദേശീയ ദിനപത്രമായ ഡോണിന്റെ വിലയിരുത്തല്‍ ഇതാണ് സൂചിപ്പിക്കുന്നത്. കാരണം എങ്ങനെയാണ് ദേശതാല്‍പര്യങ്ങളെ വാണിജ്യബന്ധമുലയ്ക്കുക എന്ന് പത്രം പറയുന്നില്ല.

ഇതിനൊപ്പം തന്നെയാണ് മെമ്മോഗേറ്റ് വിവാദവും വരുന്നത്. ബിന്‍ലാദന്റെ വധത്തിനുശേഷം പാകിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കുവാന്‍ പട്ടാളം ശ്രമിച്ചു എന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അേമരിക്കന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫായ മൈക്ക് മുള്ളനയച്ചു എന്നു പറയപ്പെടുന്ന മെമ്മോയുമായി ബന്ധപ്പെട്ടാണ് ഈ വിവാദമുണ്ടായിരിക്കുന്നത്. മെമ്മോ തയ്യാറാക്കി എന്നു പറയപ്പെടുന്ന അമേരിക്കയിലെ പാകിസ്ഥാന്‍ സ്ഥാനപതി ഹുസൈന്‍ ഹഖാനി ഇതിനകം രാജിവെച്ചുകഴിഞ്ഞു. പട്ടാളത്തെ നിലക്കുനിര്‍ത്തിയാല്‍ ഇന്ത്യയുമായിപ്പോലും നല്ല ബന്ധമുണ്ടാക്കാമെന്നും 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്കു കൈമാറാമെന്നും പ്രസ്തുത മെമ്മോയില്‍ സര്‍ദാരി അമേരിക്കയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടത്രെ.

ഈ സാഹചര്യത്തില്‍ സാമ്പത്തിക രംഗത്തെ ശക്തിപ്പെട്ടുവരുന്ന സഹകരണത്തെ സംശയത്തോടെ നോക്കുന്ന നല്ലൊരു പങ്ക് ആളുകള്‍ അതിര്‍ത്തിക്കപ്പുറമുണ്ട്. അതില്‍ പ്രധാനപ്പെട്ടത് പാകിസ്ഥാന്റെ ജന്മശാപമായ വര്‍ഗീയവാദികളും പട്ടാളവുമാണ്. അതുകൊണ്ടുതന്നെ ലഹോര്‍ ബസ് യാത്രയുടെ തൊട്ടുപിന്നാലെ കാര്‍ഗില്‍ യുദ്ധമുണ്ടായതുപോലെ, നെഗറ്റീവ് ലിസ്റ്റിനു തൊട്ടുപിന്നാലെ പട്ടാളം വീണ്ടുമിറങ്ങുമോയെന്നും കൂടി നാം നോക്കിയിരിക്കേണ്ടതായിട്ടുണ്ട്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 21 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വാര്‍ത്തകളൊഴിഞ്ഞ വാരം സമീപകാല പാകിസ്ഥാന് അന്യമാണ്. ദുരന്തങ്ങളുടെ, വിവാദങ്ങളുടെ പൊട്ടിത്തീരാത്ത മാലപ്പടക്കമായി ആ രാജ്യം എരിഞ്ഞുകൊണ്ടിരിക്കുന്നു. അതിന്റെ ചുടൂം പുകയും അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ചൈന തുടങ്ങിയ അയല്‍രാജ്യങ്ങളേയും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. എങ്കിലും പോയവാരം ഇന്തോ-പാക് ബന്ധങ്ങളില്‍ ഒരു മഞ്ഞുരുകലിന്റെ താല്‍ക്കാലിക ശാദ്വലത തെളിഞ്ഞുവരുന്നതുകണ്ടു.