രണ്ടു ദിവസം കേരള നിയമസഭ സ്തംഭിക്കാന്‍ കാരണമായത് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഒരു ഉത്തരവാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നും മറിച്ചൊന്നു പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ. സ്വകാര്യമേഖലാ പ്രീണനത്തിന്റെ കാര്യത്തില്‍ ധനമന്ത്രി മുഖ്യമന്ത്രിയെക്കാള്‍ പിന്നിലല്ല. ആരാണു മുമ്പന്‍ എന്നേ നോക്കേണ്ടതുള്ളൂ. പുള്ളിപ്പുലിയുടെ പുള്ളി ദൈവം വിചാരിച്ചാല്‍പോലും മായ്ക്കാന്‍ കഴിയില്ല എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പുതുതലമുറ ബാങ്ക് പ്രീണനം നടത്തുന്നത്.
ധനവകുപ്പ് രഹസ്യവിഭാഗം 15-9-2011 ല്‍ ഇറക്കിയ ജി ഒ (ആര്‍ ടി)നം.7-013/ഫിന്‍ നമ്പര്‍ ഉത്തരവിലാണ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം അടങ്ങിയിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളും നിയമാനുസൃത സ്ഥാപനങ്ങളും അവരുടെ ബാങ്കിംഗ് സേവനങ്ങള്‍ക്കുവേണ്ടി ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ് എന്നീ ബാങ്കുകളുടെ സേവനം ലഭ്യമാക്കാമെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ ഗ്രാന്റുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, മുന്‍പറഞ്ഞ സര്‍ക്കാര്‍ സ്ഥാപനങ്ങളടെ സ്വന്തം ഫണ്ടുകള്‍ എന്നിവക്കും ഈ നിര്‍ദേശം ബാധകമാണ്.
കേന്ദ്ര ധനകാര്യമന്ത്രാലയം പുറപ്പെടുവിച്ച ഒരു ഓഫീസ് മെമ്മോറാണ്ടത്തിന്റെ ചുവടുപിടിച്ചാണുപോലും പ്രസ്തുത ഉത്തരവ്. അതില്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന സ്വയംഭരണ, നിയമാനുസൃത സ്ഥാപനങ്ങളുടെ ബാങ്കിംഗ് ഇടപാടുകള്‍ക്ക് പുതുതലമുറ ബാങ്കുകളായ മുന്‍പറഞ്ഞ ബാങ്കുകളില്‍ നിന്നുകൂടി ഇടപാടു നടത്താമെന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദേശവും പ്രസ്തുത സ്വകാര്യ ബാങ്കുകളുടെ ആവശ്യപ്രകാരമാണ് ഇറക്കിയിട്ടുള്ളത്. ഇത് ഒരുതരത്തിലും സംസ്ഥാന സര്‍ക്കാരിന് ബാധകമായിട്ടുള്ള ഒന്നല്ല. നിര്‍ദേശരൂപേണ കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു ലഭിച്ചതുമില്ല. മറിച്ച് എച്ച് ഡി എഫ് സി ബാങ്കിന്റെ തിരുവനന്തപുരത്തെ റീട്ടെയില്‍ വിഭാഗം 19-7-2011 ന് സര്‍ക്കാരിന് നല്‍കിയ കത്തിലെ ആവശ്യപ്രകാരമാണ് പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസ് മെമ്മോറാണ്ടത്തിന്റെ പകര്‍പ്പും കേരള സര്‍ക്കാരിനു നല്‍കിയത് എച്ച് ഡി എഫ് സി ബാങ്കാണ്. അപേക്ഷയോടൊപ്പം കേരള സര്‍ക്കാരിന് നിയമപരമായോ, ധാര്‍മികമായോ അനുസരിക്കാന്‍ ബാധ്യതയുള്ളതല്ല കേന്ദ്ര നിര്‍ദേശം. അതു കേരള സര്‍ക്കാരിനോ മറ്റേതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കോ വേണ്ടി പുറപ്പെടുവിച്ചതുമില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ സ്വകാര്യ, പ്രത്യേകിച്ച് നവസ്വകാര്യ, ബാങ്കുകളില്‍ നിക്ഷേപിക്കുന്നതില്‍, ശമ്പളവിതരണവും കേന്ദ്ര സഹായധനത്തിന്റെ വിനിയോഗവും ഈ ബാങ്കുകള്‍ നിര്‍വഹിക്കുന്നതില്‍ എന്താണ് അപാകത. പ്രത്യക്ഷത്തില്‍ അപാകത കാണാന്‍ കഴിയില്ല. എന്നാല്‍ ഈ മൂന്നു ബാങ്കുകളുടെ പ്രവര്‍ത്തനം സസൂക്ഷ്മം വീക്ഷിച്ചാല്‍ അപാകത ബോധ്യപ്പെടും.
ഈ ബാങ്കുകളെയൊക്കെ വിദേശ ബാങ്കുകളുടെ ഗണത്തിലാണ് റിസര്‍വ് ബാങ്ക് പെടുത്തിയിട്ടുള്ളത്. പ്രത്യേകിച്ചും ആദ്യ രണ്ടു ബാങ്കുകളെ. അവയുടെ ഓഹരി മൂലധനം 70 ശതമാനത്തിലധികം വിദേശികള്‍ കയ്യാളുന്നതുകൊണ്ടാണിത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ട ഈ ബങ്കുകളുടെ പ്രവര്‍ത്തനം ഒരിക്കലും അങ്ങനെയായിരുന്നില്ല. ഇപ്പോഴും അങ്ങനെതന്നെ. റിസര്‍വ് ബാങ്കില്‍ നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നു മാത്രം. കാര്‍ഷിക വായ്പകളോ, വിദ്യാഭ്യാസ വായ്പകളോ, മറ്റു മുന്‍ഗണനാ വായ്പകളോ പ്രസ്തുത ബാങ്കുകള്‍ കൊടുക്കാറില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പണം ജനങ്ങളുടെ പണമാണ്. ജനോപകാരപ്രദമായ, വികസനോന്മുഖമായ വായ്പകള്‍ നല്‍കാത്ത പ്രസ്തുത ബാങ്കുകളില്‍ ജനങ്ങള്‍ക്കവകാശപ്പെട്ട പണം എന്തിനു നിക്ഷേപിക്കണം?
പുത്തന്‍തലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം ഒട്ടും ആശാവഹമല്ല. മാത്രമല്ല, ദുരൂഹവുമാണ്. ടൈംസ് ബാങ്ക്, സെഞ്ചുറിയന്‍, ഗ്ലോബല്‍ ട്രസ്റ്റ് തുടങ്ങിയ നവസ്വകാര്യ ബാങ്കുകളുടെ ഗതി നാം കണ്ടു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ച്ചയുടെ വക്കോളമെത്തിയ ഐ സി ഐ സി ഐ ബാങ്കിനെ രക്ഷപ്പെടുത്തിയത് കേന്ദ്ര സര്‍ക്കാരാണ്. എസ് എല്‍ ആര്‍ നിരക്കില്‍ അഞ്ച് ശതമാനത്തിലധികം കുറവുവരുത്തിക്കൊണ്ടും ആര്‍ ബി ഐയുടെ ഭാഗത്തുനിന്നും നിരന്തരമുണ്ടായ ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് പ്രസ്തുത ബാങ്ക് രക്ഷപ്പെട്ടത്. നിക്ഷേപങ്ങളും സ്വന്തം ഷെയറുകളും വില്‍പന നടത്തി ലാഭം കാണിക്കുകയും ബോണസും ലാഭവിഹിതവും നല്‍കുകയും ചെയ്ത ബാങ്ക്. ഇത്തരം ബാങ്കുകളില്‍ നാട്ടുകാരുടെ പണവും രാജ്യത്തിന്റെ സമ്പത്തും സുരക്ഷിതമാവില്ല തന്നെ.
ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ട്. അതിന്റെ പരിധി ഒരുലക്ഷം മാത്രം. സ്റ്റേറ്റുടമസ്ഥതയിലുള്ള ബാങ്കുകളില്‍ എത്ര പണം നിക്ഷേപിച്ചാലും തിരികെ നല്‍കുവാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പത്ത് ലക്ഷമോ കോടിയോ നിക്ഷേപമുണ്ടെങ്കില്‍പോലും സര്‍ക്കാര്‍ തിരികെ നല്‍കും. ഇന്‍ഷ്വറന്‍സ് കുറവാണെങ്കില്‍ക്കൂടി. എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ തകര്‍ച്ചയിലേക്കു പോയാല്‍ നിക്ഷേപകരുടെ പണം നഷ്ടമാകും. എത്രയധികം നിക്ഷേപമുണ്ടെങ്കിലും പരമാവധി ഒരു ലക്ഷം മാത്രമേ ഡി ഐ സി ജി സി യില്‍ നിന്നും തിരികെ ലഭിക്കൂ. പൊതുമേഖലാ ബാങ്കുകള്‍ തകര്‍ന്ന ചരിത്രമില്ല. എന്നാല്‍ തകര്‍ന്നുപോയ സ്വകാര്യ ബാങ്കുകള്‍ അനവധിയാണ്. നമ്മുടെ രാജ്യത്തും. പൊതുജനങ്ങള്‍ക്കവകാശപ്പെട്ട പണം ഇങ്ങനെയുള്ള സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് അഭികാമ്യമോ? അല്ലതന്നെ. ഇടപാടുകളില്‍ മാത്രമല്ല, ജീവനക്കാരുടെ നിയമനങ്ങളിലും സുതാര്യതയില്ല ഇത്തരം ബാങ്കുകളില്‍. കരാറടിസ്ഥാനത്തിലും പുറംകരാറടിസ്ഥാനത്തിലുമാണ് ഇത്തരം ബാങ്കുകള്‍ ജോലികള്‍ ചെയ്യിക്കുന്നത്. മാന്യമായ തൊഴില്‍ സാഹചര്യങ്ങളോ, ന്യായമായ ശമ്പളമോ നല്‍കാതെ 12 മണിക്കൂറും അതിലധികവും പണിയെടുപ്പിക്കുന്ന ഇത്തരം ബാങ്കുകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് കോടികളാണ് ശമ്പളമായി നല്‍കുന്നത്. 16,000 രൂപ ശമ്പളം ലഭിക്കുന്ന എം ബി എ ക്കാരന് സുഖമില്ലാതെ അവധിയെടുക്കേണ്ടിവന്നാല്‍ അവധിയൊന്നിന് ആയിരം രൂപ വീതം ശമ്പളത്തില്‍ കിഴിവുവരുത്തും. വൈറല്‍ പനിപിടിച്ച് ഒരാഴ്ച പോകാന്‍ കഴിയാതെ വന്നാല്‍ ലഭിക്കുന്ന ശമ്പളം മാസം 9000 രൂപ. ജപ്പാന്റെ മാരുതി കാറുകമ്പനിക്ക് ഒരു ഇന്ത്യന്‍ കൂട്ടാളി.
വായ്പാ റിക്കവറിയുടെ പേരില്‍ രാജ്യത്ത് ഗുണ്ടാസംഘങ്ങളെ വളര്‍ത്തിയതിന്റെ 'ഖ്യാതി'യും നവസ്വകാര്യ ബാങ്കുകള്‍ക്കു സ്വന്തം.മനുഷ്യത്വമോ, രാജ്യതാല്‍പര്യമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം ബാങ്കുകള്‍ നമ്മുടെ രാജ്യത്ത് ആവശ്യമോയെന്ന് ചിന്തിക്കേണ്ടകാലം വൈകി.
ഈ സാഹചര്യത്തിലാണ് നമ്മുടെ സര്‍ക്കാര്‍ അതിന്റെ സാമ്പത്തിക നിക്ഷേപങ്ങളും ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ഇടപാടുകളും നവസ്വകാര്യ ബാങ്കുകളെകൂടി ഏല്‍പിക്കുവാന്‍ ശ്രമിക്കുന്നത്. എന്താണിതിന്റെ പ്രലോഭനമെന്നറിയില്ല. ഇത്തരം ബാങ്കുകള്‍ക്ക് വഴിവിട്ടു നിയമനങ്ങള്‍ നല്‍കുന്നതടക്കം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പിന്‍വാതില്‍ നിയമനമടക്കം എന്തെങ്കിലും ഇതിന്റെ പേരില്‍ നടന്നിട്ടുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ നന്മയും ക്ഷേമവും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തുക്കുന്ന എസ് ബി ടിക്കും മറ്റു പൊതുമേഖലാ ബാങ്കുകള്‍ക്കുമൊപ്പം നവസ്വകാര്യ ബാങ്കുകളെയും പരിഗണിക്കാന്‍ ശ്രമിക്കുന്നത് ധനമേഖലയില്‍ വലിയ വിപത്തുകള്‍ക്ക് വഴിവയ്ക്കും. പ്രസ്തുത ഉദ്യമത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം. ജനതാല്‍പര്യം സംരക്ഷിക്കാന്‍ അതനിവാര്യമാണ്.
*
കെ മുരളീധരന്‍ പിള്ള (ലേഖകന്‍ എസ് ബി ടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ്.)
Subscribe to:
Post Comments (Atom)
1 comment:
രണ്ടു ദിവസം കേരള നിയമസഭ സ്തംഭിക്കാന്‍ കാരണമായത് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഒരു ഉത്തരവാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നും മറിച്ചൊന്നു പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ. സ്വകാര്യമേഖലാ പ്രീണനത്തിന്റെ കാര്യത്തില്‍ ധനമന്ത്രി മുഖ്യമന്ത്രിയെക്കാള്‍ പിന്നിലല്ല. ആരാണു മുമ്പന്‍ എന്നേ നോക്കേണ്ടതുള്ളൂ. പുള്ളിപ്പുലിയുടെ പുള്ളി ദൈവം വിചാരിച്ചാല്‍പോലും മായ്ക്കാന്‍ കഴിയില്ല എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പുതുതലമുറ ബാങ്ക് പ്രീണനം നടത്തുന്നത്.
Post a Comment