Saturday, November 26, 2011

മധ്യവര്‍ഗ രാഷ്ട്രീയ നിലപാടുകളും ഇടതുപക്ഷവും

തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍നിന്ന് വളര്‍ന്നുവന്ന വര്‍ഗസമരങ്ങളും വര്‍ഗരാഷ്ട്രീയത്തിലൂന്നിയ ആശയസംഹിതയുടെ അതിശക്തമായ പ്രചാരണവുമാണ് ഇടതുപക്ഷ പൊതുരാഷ്ട്രീയബോധത്തെ സൃഷ്ടിച്ചത്

ഇടതുപക്ഷത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളിലും ഒരു വിഭാഗം ബുദ്ധിജീവികളുടെയിടയിലും സജീവമാണ്. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി ലെഹ്വാലേസയെയും ബോറിസ് യെല്‍റ്റ്സിനെയും അനുസ്മരിപ്പിക്കുന്ന 'ധീരവനിത'യായി മാറിയിരിക്കുന്നു. കമ്യൂണിസ്റ്റുകാരെ ബംഗാളില്‍നിന്ന് മാത്രമല്ല, ഇന്ത്യയില്‍നിന്നുതന്നെ മൊത്തത്തില്‍ നിഷ്കാസനം ചെയ്യുന്നതിന്റെ തുടക്കമായി മമതാ ബാനര്‍ജിയുടെ വിജയത്തെ കാണുന്നവരുണ്ട്. കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തിന്റെ തിളക്കം കുറഞ്ഞതിന് ഒരു കാരണവും മമതയുടെ ജൈത്രയാത്രയാണ്. യുപിഎ ഗവണ്‍മെന്റ് പിന്തുടരുന്ന നവ ലിബറല്‍ നയങ്ങളുടെ വിജയമായി ഇടതുപക്ഷത്തിന്റെ പരാജയത്തെ കാണുന്നവരുമുണ്ട്.

മമതയുടെയും കേരളത്തിലെ യുഡിഎഫിന്റെയും വിജയങ്ങള്‍ക്ക് ചില പൊതുസ്വഭാവങ്ങളും ചില വ്യത്യാസങ്ങളുമുണ്ട്. കഴിഞ്ഞ ഒരു ദശകക്കാലത്തിലേറെയായി നഗരങ്ങളിലെ മധ്യവര്‍ഗമാണ് മമതാ ബാനര്‍ജിയെ പിന്തുണച്ചുപോന്നത്. പൂര്‍ണമായും ഏകപക്ഷീയമായ കമ്യൂണിസ്റ്റ് വിരോധത്തിന് മധ്യവര്‍ഗം കൈയയച്ചു പിന്തുണ നല്‍കി. തുടര്‍ന്ന് മത സാമുദായിക ശക്തികളും സിംഗൂര്‍-നന്ദിഗ്രാം സമരത്തിനുശേഷം ഗ്രാമങ്ങളിലെ ഇടത്തരം കര്‍ഷകരും മമതയെ സഹായിച്ചു. മാവോയിസ്റ്റുകള്‍ ഗ്രാമപ്രദേശങ്ങളില്‍ സൃഷ്ടിച്ച ഭീതിയും അരാജകത്വവും മമതക്ക് ഗുണകരമായി. കേരളത്തില്‍ യുഡിഎഫിനെ സഹായിച്ചുപോരുന്നതും മധ്യവര്‍ഗമാണ്. മതസാമുദായിക ശക്തികള്‍ അവരോടൊപ്പം നിലയുറപ്പിച്ചത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ യുഡിഎഫിന് മേല്‍ക്കോയ്മ നല്‍കി. അഴിമതിക്കെതിരായും നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്കെതിരായും ഇടതുപക്ഷം നടത്തിയ ശക്തമായ കടന്നാക്രമണമായിരുന്നു കേരളത്തില്‍ ഇടതുപക്ഷ സാധ്യതകളെ നിലനിര്‍ത്തിയത്.

മധ്യവര്‍ഗം എന്ന രാഷ്ട്രീയ പ്രതിഭാസം

ഇവിടെയെല്ലാം ഇടതുപക്ഷ വിരുദ്ധതയുടെ കേന്ദ്രഘടകമായി പ്രവര്‍ത്തിക്കുന്നത് 'മധ്യവര്‍ഗ'മാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയും പ്രേരകശക്തിയുമാകുന്നതും മധ്യവര്‍ഗമാണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഫാസിസത്തിന്റെ വളര്‍ച്ചക്ക് പിന്തുണ നല്‍കിയത് ഇറ്റലിയിലെയും ജര്‍മനിയിലെയും ഇടത്തരക്കാരായിരുന്നുവെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉത്തരേന്ത്യയില്‍ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും വളര്‍ച്ചയുടെ അടിത്തറയും നഗരങ്ങളിലെ ഇടത്തരക്കാരായിരുന്നു. രാഷ്ട്രീയ സേവക് സംഘത്തിന്റെ ശാഖകളില്‍ അംഗങ്ങളായി ചേര്‍ന്നവരും നഗരങ്ങളിലെ ഇടത്തരക്കാരായിരുന്നു. മുസ്ളിം തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരും ഇടത്തരം കുടുംബങ്ങളില്‍നിന്നു വരുന്ന വിദ്യാഭ്യാസയോഗ്യതയുള്ള ചെറുപ്പക്കാരാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ ഘട്ടത്തില്‍ ബോറിസ് യെല്‍റ്റ്സിനും കൂട്ടര്‍ക്കും പിന്തുണ നല്‍കിയതും മോസ്കോ സെന്റ് പീറ്റേഴ്സ് ബര്‍ഗ് നഗരങ്ങളില്‍ പുതിയതായി വളര്‍ന്നുവന്ന ഇടത്തരക്കാരായിരുന്നു.

ഇടത്തരക്കാര്‍ അല്ലെങ്കില്‍ മധ്യവര്‍ഗം എന്നു വിളിക്കുന്നത് ആരെയാണ്? സാമൂഹ്യശാസ്ത്രത്തില്‍ മധ്യവര്‍ഗത്തെ നിര്‍വചിക്കുന്നത് വരുമാനവും ജീവിത ഗുണനിലവാരവുമനുസരിച്ചാണ്. ഇടത്തരം വരുമാനക്കാര്‍ എന്നാണ് അവര്‍ മധ്യവര്‍ഗത്തെ വിലയിരുത്തുന്നത്. ഈ നിര്‍വചനമനുസരിച്ച് വിദഗ്ധതൊഴിലാളികളും സര്‍വീസ് ജീവനക്കാരും മധ്യവര്‍ഗത്തിന്റെ ഭാഗമാണ്. മാര്‍ക്സിസ്റ്റ് നിലപാടനുസരിച്ചുള്ള മധ്യവര്‍ഗത്തിന്റെ നിര്‍വചനം വ്യത്യസ്തമാണ്. വരുമാനമല്ല, ഉല്‍പ്പാദന വിതരണശൃംഖലയിലെ സ്ഥാനമാണ് അവിടെ പ്രധാനം. മുതലാളിത്ത വ്യവസ്ഥയുടെ നിലനില്‍പ്പിനെ ഉപജീവിക്കുന്ന കച്ചവടക്കാര്‍, ബ്രോക്കര്‍മാര്‍, ചെറുകിട തൊഴിലുടമകള്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ പെറ്റിബൂര്‍ഷ്വകളാണ്. ഇവര്‍ കൂടാതെ ഉല്‍പ്പാദനരഹിതമായ അധ്വാനം ചെയ്യുന്നവര്‍ എന്നൊരു വിഭാഗത്തെയും മാര്‍ക്സ് വ്യവഹരിക്കുന്നുണ്ട്. അധ്യാപകര്‍, മാനേജര്‍മാര്‍, ഗുമസ്തന്മാര്‍ തുടങ്ങി രാഷ്ട്രീയക്കാര്‍വരെ നിരവധി വിഭാഗങ്ങള്‍ ഇതില്‍പ്പെടും. ഇത്തരക്കാരാരും യഥാര്‍ഥ തൊഴിലാളിവര്‍ഗമല്ല,അതേസമയം മുതലാളിമാരുമല്ല. ഇവര്‍ നിലനില്‍ക്കുന്നത് മുതലാളിത്തത്തിന്റെ ഔദാര്യമനുസരിച്ചായതുകൊണ്ട് മുതലാളിത്തത്തോട് വിധേയത്വമുണ്ടാകും. എങ്കിലും വിപ്ളവഘട്ടങ്ങളില്‍ ഇവര്‍ വിപ്ളവശക്തികളോടൊപ്പം ചേരുകയും ചെയ്യും. വരുമാനമനുസരിച്ചല്ല, വര്‍ഗസംഘര്‍ഷങ്ങളില്‍ ഇവര്‍ വഹിക്കുന്ന പങ്കനുസരിച്ചാണ് മാര്‍ക്സ് ഇടത്തരക്കാരെ വിലയിരുത്തിയത്. മുതലാളിത്തം പൂര്‍ണമായ ആധിപത്യം നേടുമ്പോള്‍ ഇവര്‍ പൂര്‍ണമായി മുതലാളിത്തത്തോടു വിധേയരായിരിക്കും. സംഘര്‍ഷഘട്ടങ്ങളില്‍ അവരുടെ സ്വഭാവം മാറും.

പെറ്റിബൂര്‍ഷ്വാസിയുടെ പൂര്‍ണമായ വിശകലനം മാര്‍ക്സ് നല്‍കുന്നില്ല. ലൂയി ബോണപ്പാര്‍ട്ടിന്റെ 18-ാം ബ്രൂമൈന്‍ എന്ന പ്രസിദ്ധമായ ചരിത്രവിശകലനഗ്രന്ഥത്തില്‍ 1848 ജൂണില്‍ തൊഴിലാളിവര്‍ഗം നടത്തിയ വിപ്ളവം അടിച്ചമര്‍ത്തുന്നതില്‍ പാരീസിലെ മധ്യവര്‍ഗം പ്രധാന പങ്കുവഹിച്ചു. 1851-ല്‍ ലൂയി നെപ്പോളിയന്‍ ചക്രവര്‍ത്തിയായപ്പോള്‍ അതിനെ പിന്തുണച്ചത് ഗ്രാമീണ കര്‍ഷകരും നഗരങ്ങളിലെ ഇടത്തരക്കാരുമായിരുന്നു. മുതലാളിത്ത വ്യവസ്ഥയില്‍ ഏറ്റവുമധികം അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വിഭാഗമാണിവര്‍. അവര്‍ മുതലാളിമാരുടെ ജീവിതശൈലി ആഗ്രഹിക്കുന്നവരും തൊഴിലാളികളില്‍നിന്ന് വേറിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. അതേസമയം അവര്‍ക്ക് മുതലാളിമാരാകാന്‍ കഴിയുകയുമില്ല. ഈ അവസ്ഥ അവരില്‍ ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നു. ഇവരില്‍ ചിലര്‍ ബോധപൂര്‍വം അടിസ്ഥാനവര്‍ഗങ്ങളുമായി സംയോജിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു പലരും തികഞ്ഞ വലതുപക്ഷ വക്താക്കളായി മാറുന്നു. ഫാസിസ്റ്റ് പ്രവണതകളും മതസമുദായ പ്രസ്ഥാനങ്ങളുമായുള്ള ഐക്യദാര്‍ഢ്യവും വളര്‍ന്നുവരുന്നതും ഇവരില്‍നിന്നുതന്നെയാണ്.

നവ ലിബറല്‍ മുതലാളിത്ത ഘട്ടത്തില്‍ മധ്യവര്‍ഗത്തിന്റെ എണ്ണം വീണ്ടും വര്‍ധിച്ചിട്ടുണ്ട്. വ്യത്യസ്ത നിലയിലുള്ള മാനേജര്‍മാരുടെയും സെയില്‍സ് എക്സിക്യൂട്ടീവുകള്‍, പരിരക്ഷണ ജീവനക്കാര്‍, ഐടി തൊഴിലാളികള്‍, മാധ്യമങ്ങളടക്കമുള്ള മീഡിയാ ജീവനക്കാര്‍ തുടങ്ങിയ നിരവധി പുതിയ വിഭാഗങ്ങള്‍ മധ്യവര്‍ഗത്തിലുണ്ട്. അവരില്‍ ചിലര്‍ തൊഴിലാളിവര്‍ഗമാണെങ്കിലും സാംസ്കാരികമായും വരുമാനത്തിന്റെ തലത്തിലും സ്വയം വ്യത്യസ്തരാണെന്നു ഭാവിക്കുന്നവരാണ്. കാറ്ററിങ്, എയര്‍ഹോസ്റ്റസുമാര്‍, 'ഹോസ്പിറ്റാലിറ്റി' മാനേജ്മെന്റ് ജീവനക്കാര്‍, ബ്യൂട്ടീഷ്യന്മാര്‍, ഫിലിം-ടെലിവിഷന്‍ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ഇതില്‍പ്പെടും. ഐടി മേഖലയില്‍ മുഴുവനും 'മാന്യരായ' ഇടത്തരം കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന തൊഴിലാളിവര്‍ഗത്തെയാണ് കാണുക. അതായത് നവ ലിബറല്‍ മുതലാളിത്തം ഒരു വശത്ത് ഇടത്തരക്കാരും തൊഴിലാളികളും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ഇടത്തരക്കാരില്‍ ഒരു വിഭാഗത്തെ കൂലിവേലക്കാരാക്കി മാറ്റുകയും ചെയ്യുന്നു; മറുവശത്ത് തൊഴിലാളികളില്‍ ഒരു വിഭാഗത്തെ ഇടത്തരക്കാരോട് തുല്യരാക്കുക വഴി തൊഴിലാളിവര്‍ഗത്തില്‍ വിള്ളലുകളുണ്ടാക്കാനും കഴിയുന്നു.

ഇന്നത്തെ അവസ്ഥയില്‍ മധ്യവര്‍ഗത്തിന്റെ രാഷ്ട്രീയസ്വഭാവം തീരുമാനിക്കുന്നത് ഇവരുടെ വര്‍ഗപരമായ അനിശ്ചിതാവസ്ഥതന്നെയാണ്. ഇവരില്‍ നല്ലൊരു വിഭാഗം തൊഴിലാളി-കര്‍ഷക കുടുംബങ്ങളില്‍ ജനിച്ചവരും വിദ്യാഭ്യാസം നേടിയും നഗരങ്ങളില്‍ ലഭിക്കുന്ന തൊഴില്‍സാധ്യതകള്‍ ഉപയോഗിച്ചും മുകളിലേക്കു വന്നവരുമാണ്. കേരളത്തില്‍ പ്രവാസികളുടെ നിക്ഷേപങ്ങള്‍ മധ്യവര്‍ഗസൃഷ്ടിയില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവര്‍ സ്വന്തം വേരുകള്‍ മറക്കാനും തൊഴിലാളിവര്‍ഗത്തില്‍നിന്ന് അകന്നു നില്‍ക്കാനും ശ്രമിക്കുന്നു. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഇനിയും ഉയര്‍ന്ന തലങ്ങളിലെത്തണമെന്നാണ് ഇവരുടെ ആഗ്രഹം. മെച്ചപ്പെട്ട വിദ്യാഭ്യാസം, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, കുഴികളില്ലാത്ത റോഡുകള്‍, ഹൈവേകള്‍, ബന്ദുകളും ഹര്‍ത്താലുകളും സമരങ്ങളും - സാധിക്കുമെങ്കില്‍ രാഷ്ട്രീയമില്ലാത്ത ജീവിതം തുടങ്ങിയവയെല്ലാം ഇവരുടെ സ്വപ്നങ്ങളാണ്. അതേസമയം നവ ലിബറലിസം തുറന്നുവയ്ക്കുന്ന മത്സരാധിഷ്ഠിതമായ ജീവിതത്തില്‍ എല്ലാ ലക്ഷ്യങ്ങളും നേടുക അസാധ്യമാണെന്ന് മധ്യവര്‍ഗത്തിനുതന്നെ അറിയാം. എന്തു വിലകൊടുത്തും ലക്ഷ്യങ്ങള്‍ നേടുന്നതിന്റെ ഭാഗമായി നാട്ടിലെ കണിയാര്‍ മുതല്‍ ആള്‍ദൈവങ്ങളും ദേവാലയങ്ങളും വരെ ആരെയും ആശ്രയിക്കുന്നു. മതസാമുദായിക ശക്തികളുടെ പിന്തുണ അവര്‍ തേടുന്നു. തൊഴിലാളികള്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള നയങ്ങള്‍ അലോസരമുണ്ടാക്കുന്നതും ഇവര്‍ക്കുതന്നെയാണ്. അത്തരം വിഭാഗങ്ങളുടെ വളര്‍ച്ച ഇവരുടെ നിലനില്‍പ്പിനുള്ള ഭീഷണിയായിത്തീരുന്നു. ദരിദ്രപക്ഷത്തുനിന്നു തുല്യതക്കുവേണ്ടി വാദിക്കുന്നവരെ അതിശക്തിയായി ഇവര്‍ എതിര്‍ക്കുന്നു. അവരുടെ ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കുമെതിരായതുകൊണ്ടുതന്നെ ഉദ്യോഗസ്ഥ മേധാവിത്വത്തെയും ഇവര്‍ എതിര്‍ത്തേക്കാം. ഇവയിലോരോന്നിലും വ്യക്തിനിഷ്ഠ താല്പര്യങ്ങള്‍ക്കുമാത്രമാണ് അവര്‍ മുന്‍ഗണന നല്‍കുക. അഴിമതിയെ പരസ്യമായി എതിര്‍ക്കുന്നവര്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി അഴിമതി നടത്താന്‍ ഒരു വിഷമവുമുണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍പോലും വ്യക്തിഗത താല്പര്യങ്ങള്‍ക്കനുസരിച്ചാകും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം സൂചിപ്പിക്കുന്നത് ഫാസിസത്തിന്റെ അടിത്തറ മധ്യവര്‍ഗമാണെന്നാണ്. വ്യക്തിഗത താല്പര്യങ്ങളെ പൂര്‍ണമായി പ്രതിനിധീകരിക്കാന്‍ സമുദായത്തിനു കഴിഞ്ഞാല്‍ അയാള്‍ സമുദായത്തിന്റെ പ്രതിനിധിയാകും. അഡോള്‍ഫ് ഹിറ്റ്ലര്‍ ആര്യന്‍ സിദ്ധാന്തമുപയോഗിച്ച് ജര്‍മന്‍കാരുടെ വംശീയമേന്മയെ പ്രകടിപ്പിച്ചപ്പോള്‍ ജര്‍മന്‍ മധ്യവര്‍ഗം ഹിറ്റ്ലറിനോടൊപ്പം ചേര്‍ന്നു. മുസോളിനി ഉയര്‍ത്തിയ റോമാ സാമ്രാജ്യത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇറ്റലിയിലെ മധ്യവര്‍ഗത്തെ മുസോളിനിയോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചു. അദ്വാനിയുടെ രഥയാത്ര എങ്ങനെ ഇന്ത്യയിലെ ഹൈന്ദവ മധ്യവര്‍ഗത്തില്‍ ആവേശത്തിരമാലകളുണ്ടാക്കി എന്നു നാം കണ്ടതാണ്. പാന്‍ ഇസ്ളാമിസത്തിന്റെ പുതുരൂപങ്ങള്‍ എത്രയോ മുസ്ളിം ചെറുപ്പക്കാരെ ആവേശംകൊള്ളിക്കുന്നു. അവരുടെ സ്വന്തം ജീവിതപാതകളുപേക്ഷിച്ചല്ല മധ്യവര്‍ഗം മതമൌലികവാദികളും ഫാസിസ്റ്റുകളുമായി മാറുന്നത്. ഇടത്തരക്കാരുടെ വരുമാനദായകമായ തൊഴിലുകളെ സ്വന്തം വിശ്വാസസംഹിതകളുമായി ഘടിപ്പിക്കാന്‍ അവര്‍ക്ക് ഒരു വിഷമവുമില്ല. അവരുടെ പൊതുജീവിതത്തില്‍ വ്യക്തമായ ലക്ഷ്യനിര്‍ണയം നടത്തിക്കൊടുക്കാന്‍ വിശ്വാസസംഹിതകള്‍ക്കു സാധിച്ചാല്‍ മാത്രം മതി. കമ്യൂണിസ്റ്റ് വിരോധം അത്തരം ലക്ഷ്യനിര്‍ണയങ്ങളില്‍ ഒന്നാണ്. അത് ജൂതവിരോധവും ഇസ്ളാംവിരോധവും ഹിന്ദുവിരോധവും ക്രിസ്ത്യന്‍/അമേരിക്കന്‍ വിരോധവും എന്തും ആകാം.

മധ്യവര്‍ഗത്തിലെ വൈരുധ്യങ്ങള്‍

തൊഴിലാളികളോടും രാഷ്ട്രീയത്തോടുമുള്ള അവജ്ഞയും മത-സാമുദായിക ബന്ധങ്ങളും ഫാസിസ്റ്റ് പ്രവണതകളും മധ്യവര്‍ഗത്തിന്റെ ജീവിതാവസ്ഥകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നില്ല. ജര്‍മനിയിലും ഇറ്റലിയിലും നേട്ടങ്ങള്‍ കൊയ്തതു മുഴുവന്‍ കുത്തക മുതലാളിമാരാണ്, ചത്തും കൊന്നും ഫാസിസത്തെ സേവിച്ച ഇടത്തരക്കാരല്ല. സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ യെല്‍റ്റ്സിനെ സഹായിച്ച ഇടത്തരക്കാര്‍ക്കല്ല നേട്ടങ്ങളുണ്ടായത് സ്റ്റേറ്റിന്റെ സ്വത്തുക്കള്‍ മുഴുവന്‍ പിടിച്ചെടുത്ത് സ്വന്തം സാമ്പത്തിക സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ച കുറേ മാഫിയ മുതലാളിമാര്‍ക്കാണ്. ഇന്ത്യയില്‍ എന്‍ഡിഎ ഭരണം നവ ലിബറല്‍ നയങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുകയായിരുന്നു. പാന്‍ ഇസ്ളാമിസത്തിന് വിത്തുപാകിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇറാനൊഴികെ മറ്റൊരു രാജ്യവും അമേരിക്കക്കെതിരെ ചെറുത്തുനില്‍പ്പു നടത്തുന്നില്ല. ഇതൊക്കെ കാണിക്കുന്നത് മുതലാളിത്തത്തോടുള്ള വിധേയ സമൂഹത്തെ സൃഷ്ടിക്കുന്നതിനപ്പുറം ഒരു നേട്ടവും മധ്യവര്‍ഗ രാഷ്ട്രീയം കൊണ്ടുണ്ടാകുന്നില്ലെന്നാണ്. ഇന്നത്തെ ഇന്ത്യന്‍ മധ്യവര്‍ഗം പ്രകടിപ്പിക്കുന്ന പൂര്‍ണമായ അമേരിക്കന്‍പൂജ (അമേരിക്കാനിസം) ഈ വിധേയസമൂഹത്തിന്റെ സൃഷ്ടിയുടെ നല്ലൊരുദാഹരണമാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ പല നയങ്ങളും (ഹൈവേകള്‍, പബ്ളിക് സ്കൂളുകള്‍ ഇത്യാദി) അമേരിക്കാനിസത്തിന്റെ തെളിവുകളാണ്.

സാമ്രാജ്യത്വത്തോടും കുത്തകമുതലാളിത്തത്തോടും പൂര്‍ണമായ വിധേയത്വം പ്രകടിപ്പിക്കാന്‍ ഇന്നു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മധ്യവര്‍ഗത്തെ അനുവദിക്കുന്നില്ലെന്ന പ്രശ്നവുമുണ്ട്. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ സാമ്പത്തികനയങ്ങള്‍ മധ്യവര്‍ഗത്തെ ദോഷകരമായി ബാധിക്കുന്നതാണ് കാരണം. ഗള്‍ഫ്യുദ്ധവും അമേരിക്കയുടെ ഇറാഖ് ആക്രമണവും സൃഷ്ടിച്ച ആശയക്കുഴപ്പം വളരെ വലുതാണ്. സാമ്പത്തികമാന്ദ്യം ഇന്ത്യയെ നേരിട്ടു ബാധിച്ചിട്ടില്ലെന്ന് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും ഐടി മേഖലയില്‍ വ്യാപകമായ പിരിച്ചുവിടലിന് അത് കാരണമായി. ദുബായ് വേള്‍ഡ് പൊളിയുന്നു എന്ന വാര്‍ത്ത മലയാളികളില്‍ അമ്പരപ്പു സൃഷ്ടിച്ചിരുന്നു. ആ കമ്പനി ഷെയ്ക്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതുകൊണ്ട് പിടിച്ചുനിന്നു. ഒസാമ ബിന്‍ലാദന്റെ വധം നിലവിലുള്ള അമേരിക്കന്‍ വിരുദ്ധ വികാരത്തെയും (മറ്റൊരു വിഭാഗത്തില്‍ അമേരിക്കന്‍ വിധേയത്വത്തെയും) ശക്തിപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്.

മധ്യവര്‍ഗത്തെ അലോസരപ്പെടുത്തുന്ന മറ്റു പ്രശ്നങ്ങളുമുണ്ട്. തൊഴിലാളിവര്‍ഗത്തില്‍നിന്ന് സ്വയം മാറിനില്‍ക്കാന്‍ ശ്രമിക്കുമെങ്കിലും മധ്യവര്‍ഗത്തില്‍ ഒരു വിഭാഗം കൂലിവേലക്കാര്‍തന്നെയാണ്. ഇന്ന് വ്യാപകമാകുന്ന തൊഴില്‍മേഖലയിലെ അസ്ഥിരാവസ്ഥ അവരെയും ബാധിക്കുന്നു. എയര്‍ഇന്ത്യയിലെ പിരിച്ചുവിടലിനെതിരായി നടന്ന എയര്‍ഇന്ത്യ ജീവനക്കാരുടെ സമരം ഉദാഹരണമാണ്. ഇന്നു നിലവിലുള്ള റിക്രൂട്ട്മെന്റ് നയങ്ങള്‍മൂലം തൊഴില്‍യോഗ്യത നേടിയവരും എന്നാല്‍ അതനുസരിച്ചുള്ള തൊഴിലുകള്‍ ലഭിക്കാത്തവരുമായ നിരവധി പേരുണ്ട്. കേരളത്തില്‍ വളര്‍ന്നുവരുന്ന തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ ഉദാഹരണമാണ്. ഈ പ്രശ്നത്തെ മറികടക്കാനായി അവര്‍ തൊഴില്‍സാധ്യതയുള്ള സ്ഥാപനങ്ങളും പുതിയ വിദ്യാഭ്യാസ സാധ്യതകളും തേടി പോകുന്നു. ഇന്നു നാം വളരെ അഭിമാനപൂര്‍വം പരിചയപ്പെടുത്തുന്ന പ്രവാസി മലയാളികളില്‍ നല്ലൊരു ഭാഗം അത്തരത്തില്‍പ്പെട്ടവരാണ്. ഇവ കൂടാതെ കൃഷി, വാണിജ്യം മുതലായ മേഖലകളിലെ തൊഴിലാളികളിലും അസ്ഥിരാവസ്ഥ വ്യാപിക്കുന്നു. അനിയന്ത്രിതമായ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നുപോകുന്ന കച്ചവടക്കാരും കടം കയറി മുടിയുന്ന കൃഷിക്കാരും നിരവധിയാണ്. കടം മധ്യവര്‍ഗ കാപട്യങ്ങളെ നിലനിര്‍ത്തുന്ന ഘടകവും അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത വിപത്തുമാണ്.

ഉദാരവല്‍ക്കരണം സൃഷ്ടിക്കുന്ന മറ്റു ഭാരങ്ങും മധ്യവര്‍ഗത്തെ തളര്‍ത്തുന്നു. അനിയന്ത്രിതമായ വിലക്കയറ്റം, പാര്‍പ്പിടങ്ങളുടെയും മറ്റു നിത്യജീവിതോപാധികളുടെയും ദൌര്‍ലഭ്യം തുടങ്ങിയവ തൊഴിലാളിവര്‍ഗത്തെ ഇപ്പോള്‍തന്നെ തകര്‍ത്തിട്ടുണ്ടെങ്കില്‍ അവയുടെ ആഘാതത്തില്‍നിന്ന് മധ്യവര്‍ഗവും വിമുക്തമല്ല. ദാരിദ്യ്രരേഖയുടെ മറവില്‍ പൊതുവിതരണ രൂപങ്ങളില്‍നിന്നും വിവിധ തരത്തില്‍നിന്നുള്ള സബ്സിഡികളില്‍നിന്നും ഭരണകൂടം പിന്മാറുന്നതോടെ കമ്പോളശക്തികളുടെ നേരിട്ടുള്ള ഇരകളായി മധ്യവര്‍ഗം മാറുകയാണ്.

മധ്യവര്‍ഗവും ഇടതുപക്ഷ ശക്തികളും

മധ്യവര്‍ഗ താല്പര്യങ്ങള്‍ ഇടതുപക്ഷ കക്ഷികള്‍ കണക്കിലെടുക്കണമെന്നും അവയെ ആസ്പദമാക്കിയുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കണമെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. മതസമുദായ ശക്തികളുടെയും അരാഷ്ട്രീയ-അരാജകവാദികളുടെയും സ്വാധീനത്തില്‍നിന്ന് മധ്യവര്‍ഗത്തെ മോചിപ്പിക്കുന്നതിന് ഇത് ആവശ്യമാണെന്ന് പലരും കരുതുന്നു. നിലവിലുള്ള മത്സരാധിഷ്ഠിത വ്യവസ്ഥയില്‍ മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങള്‍ നീതീകരിക്കാവുന്നതാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. സ്വകാര്യ വിദ്യാലയങ്ങള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, അതിവേഗ റോഡുകള്‍, ഷോപ്പിങ്മാളുകളും സ്റ്റാര്‍ ഹോട്ടലുകളും തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളെയും സൌകര്യങ്ങളെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും അങ്ങനെ രൂപംകൊള്ളുന്ന സ്ഥാപനങ്ങളെ കൃത്യമായ സാമൂഹ്യ ഉത്തരവാദിത്തത്തിന്‍കീഴില്‍ കൊണ്ടുവരിക മാത്രമേ സാധ്യമാകുകയുള്ളു എന്നും വാദമുയരുന്നു. മതസമുദായ ശക്തികളോടും അവര്‍ നടത്തുന്ന സ്ഥാപനങ്ങളോടും അസ്പൃശ്യത എന്ന കാഴ്ചപ്പാട് സ്വീകരിക്കാന്‍ സാധിക്കയില്ല എന്നും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ടു മാത്രമേ പൊതുനിലപാടുകള്‍ രൂപപ്പെടുത്താനാകൂ എന്നും വിലയിരുത്തപ്പെടുന്നു.

ഈ വാദങ്ങള്‍ക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ മാനങ്ങളുണ്ട്. കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും യുഡിഎഫും തമ്മിലുണ്ടായിരുന്ന വ്യത്യാസം 1.6 ലക്ഷമായിരുന്നു. മതസമുദായങ്ങളുടെയും മധ്യവര്‍ഗത്തിന്റെയും വോട്ടിന്റെ ഒരു ചെറിയ ശതമാനം ഇടതുപക്ഷത്തിലേക്ക് വന്നിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ. പശ്ചിമബംഗാളില്‍ കനത്ത പരാജയമുണ്ടായപ്പോഴും 41 ശതമാനം വോട്ട് ഇടതുപക്ഷത്തിനു ലഭിച്ചു എന്നോര്‍ക്കേണ്ടതാണ്. മധ്യവര്‍ഗ താല്പര്യങ്ങള്‍ കണക്കിലെടുക്കുന്നതുകൊണ്ട് തെരഞ്ഞെടുപ്പു സാധ്യതകളില്‍ മാറ്റം വരുത്താമെന്നാണ് ഇതു കാണിക്കുന്നത്.

മറ്റൊന്ന് സൈദ്ധാന്തികവാദമാണ്. ആഗോളതലത്തില്‍ത്തന്നെ വര്‍ഗഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ശക്തമായ ഒരു മധ്യവര്‍ഗത്തെ വളര്‍ത്തുന്നു. അവരുടെ ഇടയിലെ ആഗ്രഹങ്ങളും ഉപഭോഗസംസ്കാരവും അവഗണിക്കേണ്ടതില്ല. വികസിത രാഷ്ട്രങ്ങളിലെ പ്രതിശീര്‍ഷ ഉപഭോഗം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഉപരിവര്‍ഗത്തിന്റേതുപോലും അമിതോപഭോഗമായി കാണാന്‍ കഴിയില്ല. ഒരാള്‍ ഇരുനില വീട് കെട്ടുന്നതും കാറു വാങ്ങുന്നതും സ്വാശ്രയ കോളേജില്‍ കുട്ടിയെ പഠിപ്പിക്കുന്നതും ഇന്നത്തെ സാഹചര്യത്തില്‍ അമിതോപഭോഗമായി കാണുന്നത് അസംബന്ധമാണ്. ഇതൊക്കെ സാധാരണക്കാര്‍ ചെയ്യുന്നതുതന്നെയാണ്. അവരുടെ ഇത്തരം ആഗ്രഹങ്ങള്‍ക്ക് എതിരു നില്‍ക്കുന്നത് സാമ്പ്രദായികവും സെക്ടേറിയനുമായ സമീപനമാണ്. അതുപോലെയാണ് മതവിശ്വാസത്തോടുള്ള സമീപനവും. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നിടത്തോളം കാലം ഏതുവിധത്തിലുള്ള മതവിശ്വാസവും ഒരാള്‍ക്കാകാം. സാമുദായിക സംഘടനകളില്‍ അംഗത്വത്തിനും തകരാറില്ല. രാഷ്ട്രീയകാര്യങ്ങളില്‍ അയാള്‍ക്ക് സെക്കുലര്‍ സമീപനമെടുക്കാന്‍ കഴിയണമെന്നുമാത്രം.

ഈ വാദങ്ങള്‍ പരിശോധിക്കേണ്ടത് മധ്യവര്‍ഗത്തെക്കുറിച്ച് മുമ്പ് സൂചിപ്പിച്ച പൊതുനിരീക്ഷണങ്ങളുടെ അടിെസ്ഥാനത്തിലാണ്. മധ്യവര്‍ഗത്തിന് കൃത്യമായ ഒരു പൊതുസ്വഭാവമില്ല. അതില്‍ ജീവനക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരുമുണ്ട്. സ്ഥിരവും അസ്ഥിരവുമായ വരുമാനമുള്ളവരുമുണ്ട്. മതവിശ്വാസികളുണ്ട്, അല്ലാത്തവരുമുണ്ട്. മാനേജര്‍മാരും അല്ലാത്തവരുമുണ്ട്. ഇന്നത്തെ സാമ്പത്തിക സാമൂഹ്യബന്ധങ്ങളില്‍ അവര്‍ക്കുള്ള മധ്യവര്‍ത്തിസ്വഭാവം മാത്രമാണ് അവരെ ഒന്നിച്ചുനിര്‍ത്തുന്നത്. മുതലാളിത്തത്തിന്റെ അഭിവൃദ്ധിഘട്ടങ്ങളില്‍ അവരുടെ പദവിയും ഉയരും. തകര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവരുടെ സ്ഥിതിയും അനിശ്ചിതത്വത്തിലാകും. ഈ അവസ്ഥയാണ് അവരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ നിലപാടുകളെ സ്വാധീനിക്കുന്നതും.

ഇടതുപക്ഷത്തിന് വ്യക്തമായ ഒരു രാഷ്ട്രീയ നിലപാടുണ്ട്. അത് തൊഴിലാളിവര്‍ഗ രാഷ്ട്രീയമാണ്. മുതലാളിത്തത്തോടും അവരോടൊപ്പം നില്‍ക്കുന്ന ശക്തികളോടുമുള്ള പോരാട്ടത്തിന്റെ ഭാഗമായി തൊഴിലെടുക്കുന്ന മുഴുവന്‍ പേരെയും സംയോജിപ്പിക്കുക എന്നതാണ് ആ കാഴ്ചപ്പാട്. ഇന്ത്യയില്‍ വിഭാവനം ചെയ്യുന്ന തൊഴിലാളി-കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യം അതിന്റെ ഭാഗമാണ്. ഇന്ത്യയിലെ ബൂര്‍ഷ്വാ-ഭൂപ്രഭു സഖ്യത്തിനെതിരായി ചെറുകിട തൊഴിലുടമകളെയും ധനിക കര്‍ഷകരെയും സംയോജിപ്പിക്കാനും ഇടതുപക്ഷം ശ്രമിക്കുന്നു. വര്‍ഗസംഘടനകളുടെ ഭാഗമായല്ലെങ്കിലും സര്‍ക്കാര്‍-സര്‍ക്കാരിതര ജീവനക്കാര്‍, അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ടെക്നോക്രാറ്റുകള്‍ മുതലായ 'സേവനമേഖല'യിലെ ജീവനക്കാരെയും സംഘടിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നു. ഇവരില്‍ അവസാനം സൂചിപ്പിച്ച വിഭാഗങ്ങളെല്ലാം 'മധ്യവര്‍ഗ'മാണ്. അവരും ചെറുകിട ബിസിനസ്സുകാരും കച്ചവടക്കാരും തമ്മിലുള്ള സാമൂഹ്യമായ അന്തരം കുറവാണ്. ഇടതുപക്ഷത്തിനോടൊപ്പം നില്‍ക്കുന്നവരില്‍ ഒരു വിഭാഗം മധ്യവര്‍ഗമാണ്.

വര്‍ഗസമരങ്ങളും ഇടത്തരക്കാരും

ഇത്തരത്തിലുള്ള ഒരു വിഭാഗം എന്തുകൊണ്ട് ഇടതുപക്ഷത്തിനോടൊപ്പം ചേര്‍ന്നു എന്നതും പരിശോധിക്കണം. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിലൂന്നിനിന്നുകൊണ്ട് ബൂര്‍ഷ്വാ സമൂഹത്തിന്റെ എല്ലാ ഘടകങ്ങളെയും വിലയിരുത്താനും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തില്‍ അടിയുറച്ച സമീപനം രൂപപ്പെടുത്താനും ഇടതുപക്ഷം ശ്രമിച്ചിരുന്നു. സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരുടെ സംഘടനകളും ഉയര്‍ന്നുവന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇടയില്‍നിന്നുവന്ന വര്‍ഗസമരങ്ങളും അവയുടെ പശ്ചാത്തലത്തില്‍ വളര്‍ന്ന പൊതുരാഷ്ട്രീയ ബോധവുമാണ് ഇത്തരം വിഭാഗങ്ങളെ ഇടതുപക്ഷത്തിലേക്കടുപ്പിച്ചത്. ഈ പൊതുരാഷ്ട്രീയ ബോധത്തിന്റെ ഫലമായി ജനിച്ച ജാതിയെയും വര്‍ഗത്തെയും തിരസ്കരിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തയ്യാറായി. കേരളത്തില്‍ പൊതുസമൂഹം മൊത്തത്തില്‍ ഇടതുപക്ഷവും വലതുപക്ഷവുമായി ധ്രുവീകരിക്കപ്പെട്ടു. പശ്ചിമബംഗാളില്‍ എഴുപതുകളില്‍ മുഴുവന്‍ നീണ്ടുനിന്ന ഇടതുപക്ഷത്തിനെതിരായ അര്‍ധഫാസിസ്റ്റ് ആക്രമണങ്ങളും ത്രിപുരയില്‍ അമ്രബംഗാളി-കോണ്‍ഗ്രസ് സംഘത്തിനെതിരായ പോരാട്ടവും ഇതേ ധ്രുവീകരണത്തിലേക്ക് വഴിതെളിയിച്ചു. ഇടതുപക്ഷം മുന്നോട്ടുവെച്ച മുതലാളി-ഭൂപ്രഭു വര്‍ഗങ്ങള്‍ക്കെതിരായ വര്‍ഗരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാട് പൊതുസമൂഹത്തിന്റെ രാഷ്ട്രീയബോധമായി മാറുന്ന പ്രദേശങ്ങളിലാണ് ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിച്ചത്. അവിടെയെല്ലാം മധ്യവര്‍ഗത്തില്‍ ഒരു വിഭാഗം ഈ പൊതുരാഷ്ട്രീയ കാഴ്ചപ്പാട് സ്വീകരിച്ച് ഇടതുപക്ഷത്തില്‍ ചേരുകയാണുണ്ടായത്.

ഈ പൊതുരാഷ്ട്രീയ ബോധത്തിന്റെ വളര്‍ച്ച സംവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്നതു മറക്കുന്നില്ല. കേരളത്തില്‍ കമ്യൂണിസത്തിന്റെ വളര്‍ച്ചക്കു കാരണം മരുമക്കത്തായത്തിന്റെ തകര്‍ച്ചയാണെന്നും ഈഴവരുടെ സാമൂഹ്യമാറ്റമാണെന്നും മറ്റുമുള്ള നിഗമനങ്ങള്‍ ഉദാഹരണമാണ്. 'നിങ്ങളാരെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലൂടെ ഈ പ്രവണത വളരെ പ്രകടപരമായി വിമര്‍ശിക്കപ്പെട്ടതും ഓര്‍ക്കണം. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ ഉപരി-മധ്യജാതികള്‍ക്ക് കിട്ടിയ സ്വാധീനം ദളിതരുടെ തുടര്‍ന്നുള്ള അടിമത്തത്തിന് കാരണമായെന്ന വിമര്‍ശനവും പുരുഷാധിപത്യത്തിനു വളംവെച്ചു എന്ന വിമര്‍ശനവും ശ്രദ്ധേയമാണ്. ഈ വിമര്‍ശനങ്ങളിലെ ശരിയും തെറ്റും എന്തായാലും ഒരു കാര്യം ചരിത്രപരമായ വസ്തുതയാണ്. 1920കള്‍ മുതല്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍നിന്ന് വളര്‍ന്നുവന്ന വര്‍ഗസമരങ്ങളും വര്‍ഗരാഷ്ട്രീയത്തിലൂന്നിയ ആശയസംഹിതയുടെ അതിശക്തമായ പ്രചാരണവുമാണ് ഇടതുപക്ഷ പൊതുരാഷ്ട്രീയബോധത്തെ സൃഷ്ടിച്ചത്. കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ട ഭരണവര്‍ഗങ്ങള്‍ക്കെതിരായ ഐക്യദാര്‍ഢ്യമായിരുന്നു അവിടെയുണ്ടായത്. ഈ ധ്രുവീകരണത്തിന്റെ ഭാഗമായ ഇടതുപക്ഷത്തില്‍ വന്നവരിലെല്ലാവരും പ്രാങ്-മുതലാളിത്ത-ബൂര്‍ഷ്വാ ചിന്താഗതികള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് ഇടതുപക്ഷത്തോടൊപ്പം നിന്നത് എന്നൊന്നും ഇതിനര്‍ഥമില്ല. ഈ ഐക്യദാര്‍ഢ്യം കൂടുതല്‍ സമഗ്രവും അര്‍ഥപൂര്‍ണവുമായ വര്‍ഗരാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതകള്‍ ഉയര്‍ത്തിയിരുന്നുവെന്നുമാത്രം.

പിന്നെയെന്തുകൊണ്ട് മധ്യവര്‍ഗം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു? അമ്പതുകളില്‍ ഇഎംഎസ് മന്ത്രിസഭ അധികാരമേറ്റ ഘട്ടത്തില്‍നിന്ന് ഇപ്പോഴത്തെ സ്ഥിതിഗതികളിലെത്തുമ്പോള്‍ വന്നിട്ടുള്ള സാമൂഹ്യമാറ്റംതന്നെയാണ് പ്രധാനം. അറുപതുകളുടെ അവസാനംവരെ മലയാളികളുടെ ജീവിതഗണനയിലും വ്യാവസായികവും കാര്‍ഷികവും സേവനപരവുമായ തൊഴിലവസരങ്ങളിലും വളര്‍ച്ചയുണ്ടായ കാഘഘട്ടമായിരുന്നു. മുതലാളിത്തത്തിന്റെ അഭിവൃദ്ധിഘട്ടവും ഇന്ത്യയില്‍ നെഹ്റുവിന്റെ മിശ്രസമ്പദ്വ്യവസ്ഥയനുസരിച്ചുള്ള വികസനരൂപങ്ങളും ഒരുമിച്ചു വന്ന ഘട്ടമായിരുന്നു അത്. എഴുപതുകളില്‍ കേരളത്തിലെ ഭൂപരിഷ്കാരം പൂര്‍ത്തിയായി. അതേസമയം ആഗോളസമ്പദ്ഘടന പ്രതിസന്ധിയിലേക്കും ഇന്ത്യ സാമ്പത്തികമാന്ദ്യത്തിലേക്കും കൂപ്പുകുത്തി. അതുകൊണ്ട് ഭൂപരിഷ്കാരത്തിനുശേഷം ഉണ്ടാകേണ്ട ബൂര്‍ഷ്വാ സാമ്പത്തിക അഭിവൃദ്ധി കേരളത്തില്‍ നടന്നില്ല. വ്യവസായരംഗം മാന്ദ്യത്തിലേക്ക് നീങ്ങി. കാര്‍ഷികരംഗത്ത് ആദ്യം ചെറിയ പ്രസരിപ്പുണ്ടായെങ്കിലും അതും ക്രമേണ മുരടിച്ചു. എണ്‍പതുകള്‍ക്കുശേഷം അടിസ്ഥാനവര്‍ഗങ്ങളില്‍നിന്നുള്ള പ്രക്ഷോഭങ്ങളുടെ തോതും അളവും കുറഞ്ഞു. അതേസമയം കേരളത്തിലെ രാഷ്ട്രീയ ധ്രുവീകരണത്തില്‍ കാതലായ മാറ്റങ്ങളുണ്ടായില്ല. ഇടതുപക്ഷത്തിന്റെ സംഘടിതമായ പ്രവര്‍ത്തനവും ശക്തമായ ആശയപ്രചാരണവും രാഷ്ട്രീയ ധ്രുവീകരണത്തെ നിലനിര്‍ത്തുകയും അവര്‍ തെരഞ്ഞെടുപ്പു കണക്കുകൂട്ടലുകളില്‍ വലതുപക്ഷത്തിനൊപ്പം എത്തിച്ചേരുകയും ചെയ്തു. കേരളത്തെ നേരിടുന്ന ഏതാണ്ടെല്ലാ പ്രശ്നങ്ങളിലും വ്യക്തമായ ഇടതുപക്ഷ നിലപാടുകള്‍ രൂപംകൊണ്ടു.

മധ്യവര്‍ഗത്തിന് പ്രസക്തിയേറുന്നു

ഈ ഘട്ടത്തിലാണ് മധ്യവര്‍ഗത്തിന് പ്രാധാന്യം കൈവരുന്നത്. കേരളത്തിന്റെ സമൂഹഘടനയില്‍ വന്ന മാറ്റംതന്നെ ഒരു കാരണം. കേരളത്തില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായ ജീവിതഗുണനിലവാരത്തിന്റെ വളര്‍ച്ച ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം, വരുമാനദായകമായ തൊഴിലുകള്‍, ഉയര്‍ന്ന ജീവിതശൈലികള്‍ എന്നിവയെക്കുറിച്ചുള്ള മധ്യവര്‍ഗ അഭിലാഷങ്ങളെ ശക്തിപ്പെടുത്തി. എഴുപതുകളിലെ പ്രതിസന്ധിഘട്ടത്തില്‍ വളര്‍ന്നുവന്ന ഗള്‍ഫ് പ്രവാസവും പിന്നീട് കേരളത്തിലേക്കു വന്ന പ്രവാസി നിക്ഷേപങ്ങളും മധ്യവര്‍ഗ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പിച്ചു. ഇതിനു സമാനമല്ലെങ്കിലും പശ്ചിമബംഗാളിലും ജീവിതഗുണനിലവാരത്തില്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. കേരളത്തില്‍ അപ്പോള്‍തന്നെ വളരെ വിപുലമായ സര്‍വീസ് മേഖലയില്‍നിന്ന് ഒരു പുതിയ മധ്യവര്‍ഗം രൂപപ്പെടാന്‍ പ്രയാസവുമുണ്ടായില്ല.

പുതിയ മധ്യവര്‍ഗത്തിന്റെ ഉദയം കേരളത്തില്‍ വളര്‍ന്നുവന്ന സംഘര്‍ഷങ്ങളുടെ സ്വഭാവത്തിലും മാറ്റം വരുത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം ലഭിച്ചത്. ഇവ പലതും മധ്യവര്‍ഗംതന്നെ സൃഷ്ടിച്ചതോ മധ്യവര്‍ഗത്തിനുള്ളില്‍ത്തന്നെ വളര്‍ന്നുവന്നതോ ആയ സംഘര്‍ഷങ്ങളായിരുന്നു. ഈ സംഘര്‍ഷങ്ങള്‍ പുതിയ നിരവധി പ്രശ്നങ്ങളെ കേന്ദ്രസ്ഥാനത്തു കൊണ്ടുവന്നു. പരിസ്ഥിതി നാശവും വന നശീകരണവും കീടനാശിനി പ്രയോഗവും പുതിയ ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഇതില്‍പ്പെടും. വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ ഇക്കാലത്ത് ഏറ്റെടുത്തത് തൊഴിലാളി പ്രസ്ഥാനങ്ങളും പരിസ്ഥിതിവാദികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. യാന്ത്രിക വികസനവാദികളും കാല്പനിക സ്വഭാവമുള്ള പരിസ്ഥിതിവാദികളും ഈ സംഘര്‍ഷത്തെ കൂടുതല്‍ തീവ്രമാക്കുകയും ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ വളര്‍ന്നുവന്ന പരിസ്ഥിതി-വികസന സംവാദം ഇതിന്റെ ഫലമാണ്.

പുതിയ സംവാദങ്ങളിലും സംഘര്‍ഷങ്ങളിലും ഉള്‍ക്കൊണ്ട പ്രശ്നങ്ങള്‍ വര്‍ഗ സമരങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് പരിശോധിക്കണം. വര്‍ഗങ്ങളും വര്‍ഗസമരങ്ങളും കേവലവും യാന്ത്രികവുമായ സംവര്‍ഗങ്ങളല്ല. മനുഷ്യര്‍ പങ്കെടുക്കുന്ന പ്രക്രിയകളാണ്. അധ്വാനശക്തിയുടെ ഉടമകളെന്ന നിലയില്‍ അവര്‍ക്ക് താല്പര്യമുള്ള മേഖലകളില്‍ ഉയര്‍ന്ന വൈദഗ്ധ്യം നേടാനും തൊഴില്‍സാഹചര്യങ്ങള്‍ നല്‍കാനുമുള്ള ബാധ്യത സമൂഹത്തിനുണ്ട്. അവര്‍ക്ക് സംതൃപ്തമായ ജീവിതത്തിനാവശ്യമായ സൌകര്യങ്ങളും വിനോദോപാധികളും നല്‍കേണ്ടതുമുണ്ട്. അതായത് ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വിശ്രമം, വിനോദം, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ തുടങ്ങിയവ ജാതിമത ലിംഗഭേദമില്ലാതെ നല്‍കാനുള്ള ബാധ്യത ജനാധിപത്യ സമൂഹങ്ങള്‍ക്കുണ്ട്. ഈ ബാധ്യതകള്‍ മുതലാളിത്തത്തിന്റെ ലാഭാധിഷ്ഠിത യുക്തിയുമായി പൊരുത്തപ്പെടാതെ വരുമ്പോഴാണ് സംഘര്‍ഷങ്ങള്‍ വളര്‍ന്നുവരിക. ഇതില്‍ തൊഴിലാളിവര്‍ഗത്തിന്റെ നിലപാട് വ്യക്തമാണ്. സംഘടിത തൊഴിലാളികള്‍ക്ക് മാത്രമല്ല, മൊത്തം തൊഴില്‍സേനക്കും മേല്‍പ്പറഞ്ഞ എല്ലാ സൌകര്യങ്ങളും ലഭ്യമാക്കാനും അത് നിഷേധിക്കുന്ന മുതലാളിത്ത ശക്തികള്‍ക്കെതിരെ സമരം ചെയ്യാനും അവര്‍ ശ്രമിക്കും. അടിസ്ഥാനവര്‍ഗങ്ങള്‍ക്ക് തൊഴിലും വിദ്യാഭ്യാസവും ജീവിതവൃത്തിയും നിഷേധിക്കുന്ന പുതിയ സാഹചര്യങ്ങളില്‍ വര്‍ഗസമരങ്ങള്‍ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ നിലനില്‍പ്പിനും മുന്നേറ്റത്തിനുംവേണ്ടിയുള്ള സമരമാണ്. എല്ലാ മേഖലകളിലും ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഇടതുപക്ഷം ബാധ്യസ്ഥവുമാണ്.

അതിനോട് മധ്യവര്‍ഗത്തിന്റെ സമീപനം എന്തായിരിക്കുമെന്നത് പ്രധാനമാണ്. മുമ്പു സൂചിപ്പിച്ചതുപോലെ മധ്യവര്‍ഗത്തില്‍ ഒരു ഭാഗം ഇപ്പോള്‍തന്നെ വിശാലമായ തൊഴിലാളിവര്‍ഗത്തിന്റെ ഭാഗമാണ്. മറ്റുള്ളവര്‍ മുതലാളിത്തത്തോട് വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്നു. മുതലാളിത്തത്തിന്റെ ഇരകളായി സ്വയം മാറുകയാണ് എന്ന ബോധം മധ്യവര്‍ഗത്തില്‍ ഒരു വിഭാഗത്തിനുണ്ട്. പക്ഷേ, അതിനെ അവര്‍ വിശദീകരിക്കുന്നത് കാല്പനികവും ആശയവാദപരവുമായ നിലപാടുകളനുസരിച്ചാണ്. ചിലര്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ധാര്‍മികവും ആത്മീയവുമായ പരിവര്‍ത്തനത്തില്‍ കാണുന്നു. മറ്റു ചിലര്‍ ജാതിപരവും ലിംഗപരവുമായ ഭേദങ്ങളെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു. വേറെ ചിലര്‍ മതവര്‍ഗീയവാദത്തിലാണ് സ്വന്തം നിലപാടുതറ കണ്ടെത്തുന്നത്. വീണ്ടും ചിലര്‍ സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെതന്നെ നിഷേധിക്കുകയും അരാഷ്ട്രീയമായ 'സിവില്‍സമൂഹ'ഗ്രൂപ്പുകളില്‍ സമൂഹത്തിന്റെ ഭാവി ദര്‍ശിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ചേര്‍ത്ത് ബഹുസ്വരമായ പ്രസ്ഥാനങ്ങളാണ് ഇനിയങ്ങോട്ട് സാമൂഹ്യസംഘര്‍ഷങ്ങളെ നിര്‍ണയിക്കാന്‍ പോകുന്നത് എന്ന് വാദിക്കുന്നവരുണ്ട്. പരസ്യമായി ഇടതുപക്ഷ നിലപാടെടുക്കുന്നവരും പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായ നിരവധി പേര്‍ ഇത്തരം നിലപാടുകളോട് ഏറിയും കുറഞ്ഞും അനുഭാവമുള്ളവരാണ്. വര്‍ഗരാഷ്ട്രീയത്തിന് ഇനി പ്രസക്തിയില്ല എന്ന് സ്വകാര്യ സംഭാഷണങ്ങളിലെങ്കിലും പറയുന്നവരെ ഇടതുപക്ഷ പ്രവര്‍ത്തകരില്‍ കാണാം.

ആധുനികകാലത്തെ വര്‍ഗരാഷ്ട്രീയത്തിന്റെ അടിത്തറ കൂലിവേലയും മൂലധനവും തമ്മിലുള്ള വൈരുധ്യമാണ്. വൈരുധ്യാത്മക നിലപാടനുസരിച്ച് കൂലിവേല ഇല്ലാതായാല്‍ മൂലധനവും ഇല്ലാതാകും. കൂലിവേലയും അതിന്റെ ഉല്പന്നങ്ങളും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ബൂര്‍ഷ്വാ അവകാശങ്ങളും നിലനില്‍ക്കും. മുതലാളിത്തവും സാമ്രാജ്യത്വവും നിലനില്‍ക്കുന്നുവെന്ന പൊതുബോധത്തിന് വലതുപക്ഷത്തിന്റെ ഇടയില്‍പോലും മാറ്റം ഉണ്ടായിട്ടില്ല. അതായത് വര്‍ഗവൈരുധ്യങ്ങള്‍ സമൂഹത്തെ സൃഷ്ടിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ തുടരുന്നു. മുതലാളിത്തത്തെ തകര്‍ക്കുന്ന സാമൂഹ്യമുന്നേറ്റം ബഹുസ്വര പ്രസ്ഥാനങ്ങളില്‍നിന്നോ മതസമുദായങ്ങളില്‍നിന്നോ അരാഷ്ട്രീയ 'സിവില്‍ സമൂഹ' പ്രസ്ഥാനങ്ങളില്‍നിന്നോ അല്ല ഉണ്ടായിവരുക, അധ്വാനശക്തിയുടെ ഉടമകള്‍ നേതൃത്വം നല്‍കുന്ന വര്‍ഗസമരങ്ങളിലൂടെ തന്നെയാണ്. ഈ സമരങ്ങള്‍ പല ഘട്ടങ്ങളിലൂടെ സൃഷ്ടിക്കുന്ന സമൂഹം സോഷ്യലിസ്റ്റ് സമൂഹവുമായിരിക്കും. ഈ അടിസ്ഥാന സംഘര്‍ഷത്തില്‍ പരിസ്ഥിതി സംവരണത്തിനും സ്ത്രീപദവിക്കും സാമൂഹ്യ നീതിക്കും സാംസ്കാരിക പരിവര്‍ത്തനത്തിനും വേണ്ടിയുള്ള സമരം ഉള്‍ച്ചേര്‍ന്നിരിക്കും. മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിനുവേണ്ടിയുള്ള സമരം വളര്‍ന്നുവരുന്ന വര്‍ഗസംഘര്‍ഷങ്ങള്‍ക്കുള്ള പ്രവര്‍ത്തനപരിസരം സൃഷ്ടിക്കും.
ഈ പൊതു രാഷ്ട്രീയ ബോധത്തിനുള്ളില്‍ വര്‍ഗസമരങ്ങളെയും പരിസ്ഥിതി, സ്ത്രീ പ്രശ്നം, സാമൂഹ്യ നീതി, സാംസ്കാരിക ജീര്‍ണത, മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയവയെ സംബന്ധിച്ച സമരങ്ങളെയും ഉള്‍ച്ചേര്‍ക്കാന്‍ ഇടതുപക്ഷത്തിനു കഴിയണം. അടിസ്ഥാനവര്‍ഗ സമരങ്ങളോട് മധ്യവര്‍ഗത്തെ സംയോജിപ്പിക്കാനുള്ള മാര്‍ഗം ഇതാണ്. കേരളത്തില്‍ ഒരുകാലത്ത് പരീക്ഷിച്ച് വിജയിച്ചതും ഇതുതന്നെയാണ്. ഇതു ചെയ്യാതെ, മധ്യവര്‍ഗാഭിലാഷങ്ങളുമായി അനുരഞ്ജനം നടത്തിക്കൊണ്ടുള്ള 'വികസനപ്രവര്‍ത്തനം' മധ്യവര്‍ഗത്തെ ആകര്‍ഷിക്കണമെന്നില്ല. എല്ലാവിധ 'ബഹുസ്വര' മധ്യവര്‍ഗപ്രസ്ഥാനങ്ങളും വ്യക്തികളും മമതാ ബാനര്‍ജിക്കൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് പശ്ചിമബംഗാളില്‍ കണ്ടത്. നിലവിലുള്ള സൂചനകള്‍ ശരിയാണെങ്കില്‍ കേരളത്തിലെ 'അരാഷ്ട്രീയ' മധ്യവര്‍ഗം യുഡിഎഫിനാണ് വോട്ടുചെയ്തത്. 'ബഹുസ്വര' പ്രസ്ഥാനങ്ങള്‍ പൊതുവില്‍ ശക്തരായ ഇടതുപക്ഷ വിരുദ്ധരുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ അനുഭവങ്ങളുള്ള മധ്യവര്‍ഗ സാമൂഹ്യപ്രവര്‍ത്തകര്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ കൂടെ നിന്നിട്ടുള്ളത്.

മധ്യവര്‍ഗത്തിനുള്ളിലെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ ദിശ വേറൊന്നാണ്. ഇപ്പോള്‍ മധ്യവര്‍ഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അമേരിക്കാനിസം മുതലാളിത്തത്തോടും മതസമുദായങ്ങളോടുമുള്ള വിധേയത്വം, സാംസ്കാരിക ജീര്‍ണത, അരാജകത്വത്തിലേക്കു നീങ്ങുന്ന അനിശ്ചിതത്വബോധം തുടങ്ങിയവക്കെതിരായി, മതനിരപേക്ഷ ജനാധിപത്യബോധവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതും സന്തുലിതവും സമഗ്രവുമായ പ്രാദേശിക വികസനത്തില്‍ അടിയുറച്ചതുമായ നിലപാടുകളിലേക്ക് മധ്യവര്‍ഗം കടന്നുവരണം. ആഗോളവിപണിയെയും പ്രവാസി നിക്ഷേപങ്ങളെയും മാത്രമാശ്രയിക്കുന്ന സമൂഹഘടനയില്‍ ചിലര്‍ക്ക് വ്യക്തിപരമായ നേട്ടങ്ങളുണ്ടാകാമെങ്കിലും സമൂഹവികാസം സാധ്യമാകില്ല എന്ന ബോധം അവരില്‍ വളര്‍ന്നുവരണം.

ഒരുകാലത്ത് ദേശീയ ബോധമായിരുന്നു മധ്യവര്‍ഗത്തെ ഇത്തരം ആശയങ്ങളിലേക്കു നയിച്ചത്. നീതിയിലും തുല്യതയിലുമധിഷ്ഠിതമായ സാമൂഹ്യ പരിവര്‍ത്തന സങ്കല്‍പ്പമാണ് ഇപ്പോള്‍ അവരെ ഉണര്‍ത്തേണ്ടത്. ഈ വികസന സങ്കല്പത്തിന്റെ അടിത്തറ അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍നിന്ന് അതിജീവനത്തിനും വിഭവങ്ങള്‍ക്കും തൊഴിലിനും വേണ്ടിയുള്ള പോരാട്ടങ്ങളാകും. സാമൂഹ്യ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള പൊതുരാഷ്ട്രീയബോധം വളര്‍ന്നുവരുന്നത് വര്‍ഗസമരങ്ങളില്‍നിന്നുതന്നെയാണ്.

*
കെ എന്‍ ഗണേശ് ദേശാഭിമാനി ഓണപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇടത്തരക്കാര്‍ അല്ലെങ്കില്‍ മധ്യവര്‍ഗം എന്നു വിളിക്കുന്നത് ആരെയാണ്? സാമൂഹ്യശാസ്ത്രത്തില്‍ മധ്യവര്‍ഗത്തെ നിര്‍വചിക്കുന്നത് വരുമാനവും ജീവിത ഗുണനിലവാരവുമനുസരിച്ചാണ്. ഇടത്തരം വരുമാനക്കാര്‍ എന്നാണ് അവര്‍ മധ്യവര്‍ഗത്തെ വിലയിരുത്തുന്നത്. ഈ നിര്‍വചനമനുസരിച്ച് വിദഗ്ധതൊഴിലാളികളും സര്‍വീസ് ജീവനക്കാരും മധ്യവര്‍ഗത്തിന്റെ ഭാഗമാണ്. മാര്‍ക്സിസ്റ്റ് നിലപാടനുസരിച്ചുള്ള മധ്യവര്‍ഗത്തിന്റെ നിര്‍വചനം വ്യത്യസ്തമാണ്. വരുമാനമല്ല, ഉല്‍പ്പാദന വിതരണശൃംഖലയിലെ സ്ഥാനമാണ് അവിടെ പ്രധാനം. മുതലാളിത്ത വ്യവസ്ഥയുടെ നിലനില്‍പ്പിനെ ഉപജീവിക്കുന്ന കച്ചവടക്കാര്‍, ബ്രോക്കര്‍മാര്‍, ചെറുകിട തൊഴിലുടമകള്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ പെറ്റിബൂര്‍ഷ്വകളാണ്. ഇവര്‍ കൂടാതെ ഉല്‍പ്പാദനരഹിതമായ അധ്വാനം ചെയ്യുന്നവര്‍ എന്നൊരു വിഭാഗത്തെയും മാര്‍ക്സ് വ്യവഹരിക്കുന്നുണ്ട്. അധ്യാപകര്‍, മാനേജര്‍മാര്‍, ഗുമസ്തന്മാര്‍ തുടങ്ങി രാഷ്ട്രീയക്കാര്‍വരെ നിരവധി വിഭാഗങ്ങള്‍ ഇതില്‍പ്പെടും. ഇത്തരക്കാരാരും യഥാര്‍ഥ തൊഴിലാളിവര്‍ഗമല്ല,അതേസമയം മുതലാളിമാരുമല്ല. ഇവര്‍ നിലനില്‍ക്കുന്നത് മുതലാളിത്തത്തിന്റെ ഔദാര്യമനുസരിച്ചായതുകൊണ്ട് മുതലാളിത്തത്തോട് വിധേയത്വമുണ്ടാകും. എങ്കിലും വിപ്ളവഘട്ടങ്ങളില്‍ ഇവര്‍ വിപ്ളവശക്തികളോടൊപ്പം ചേരുകയും ചെയ്യും. വരുമാനമനുസരിച്ചല്ല, വര്‍ഗസംഘര്‍ഷങ്ങളില്‍ ഇവര്‍ വഹിക്കുന്ന പങ്കനുസരിച്ചാണ് മാര്‍ക്സ് ഇടത്തരക്കാരെ വിലയിരുത്തിയത്. മുതലാളിത്തം പൂര്‍ണമായ ആധിപത്യം നേടുമ്പോള്‍ ഇവര്‍ പൂര്‍ണമായി മുതലാളിത്തത്തോടു വിധേയരായിരിക്കും. സംഘര്‍ഷഘട്ടങ്ങളില്‍ അവരുടെ സ്വഭാവം മാറും.