മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളത്തിന്റെ മുഴുവന്‍ സൂരക്ഷയുടെ പ്രശ്‌നമായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുമാസങ്ങള്‍ക്കുള്ളില്‍ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ നിരവധി തവണ ഭൂചലനമുണ്ടായി. ഇന്നലെ പുലര്‍ച്ചയിലും അതാവര്‍ത്തിച്ചു. റിക്ടര്‍ സ്‌കെയിലില്‍ അപകടകരമായ വരയോളം ഉണ്ടായില്ലെങ്കിലും ഓരോ ഭൂചലനത്തിന്റെയും മുമ്പില്‍ ജനങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. കേരളം അതിന്റെ നിലപാട് പലതവണ വ്യക്തമാക്കിയതാണ്. ഒരു പുതിയ അണക്കെട്ടാണ് ശാശ്വതപരിഹാരം. അതിന്റെ നിര്‍മാണത്തിനുവേണ്ട നിയമ-സാങ്കേതിക അനുമതികള്‍ വാങ്ങി പണിപൂര്‍ത്തിയാക്കാന്‍ എത്രയും അടിയന്തരമായി നടപടികള്‍ നീങ്ങണം. ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിനു സുവ്യക്തമായ കാഴ്ചപ്പാടും നിലപാടും വേണം.
അതിവൈകാരികത ആളിക്കത്തിച്ച് കേരള-തമിഴ് ജനതയെ തമ്മിലടിപ്പിക്കാന്‍ തമിഴകത്തെ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. ഇതുപോലെ സങ്കീര്‍ണമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വത ഉള്ളവരല്ല അവര്‍. അത്തരക്കാര്‍ക്കു സംഭവഗതികളുടെമേല്‍ നിയന്ത്രണം നേടാനായാല്‍ പ്രവചിക്കാന്‍ കഴിയാത്തത്ര സംഘര്‍ഷങ്ങള്‍ക്ക് അതുകളമൊരുക്കും. തലമുറതലമുറകളായി സഹോദരരെപ്പോലെ കഴിയുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനതകള്‍ക്കിടയില്‍ ശത്രുതവളര്‍ന്നാല്‍ അത് ഇരുസംസ്ഥാനങ്ങളുടെയും വളര്‍ച്ചയെ പിറകോട്ടടിക്കും. അത് ദേശീയോദ്ഗ്രഥനത്തിന്റെ മഹത്തായ സങ്കല്‍പങ്ങള്‍ക്കെല്ലാം എതിരായ ദിശയിലേയ്ക്കു കാര്യങ്ങളെ നയിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഒരു ഫെഡറല്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ പക്വത തെളിയിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇതുവരെ ആ പക്വത തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു കൂടിയാണ് പ്രശ്‌നങ്ങള്‍ അനുദിനം കൂടുതല്‍ സങ്കീര്‍ണമാവുന്നത്. ഇത് ഉറങ്ങേണ്ട സമയമല്ല; ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് ഈ വലിയ രാജ്യത്തിന്റെ ഭരണസാരഥിയാണ് താനെന്ന് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ പല സ്വരത്തില്‍ സംസാരിക്കുന്നത് കഴിഞ്ഞ ദിവസം നാടിനുകാണേണ്ടിവന്നു. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രധാനമന്ത്രിയുടേതില്‍ നിന്നു വ്യത്യസ്തമായ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണു പ്രകടമായതെന്ന് അവര്‍ അറിയാതെ പോകരുത്.
കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരെ ഒന്നിച്ചു വിളിച്ചുകൂട്ടി പ്രശ്‌നപരിഹാരത്തിന്റെ വഴികള്‍ ആരായാനുള്ള ചുമതല പ്രധാനമന്ത്രിക്കുണ്ട്. പ്രശ്‌നങ്ങളുടെ ഗൗരവാവസ്ഥ തനിക്കു ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞത് സത്യമാണെങ്കില്‍ ആ ഗൗരവസ്ഥിതി തമിഴ്‌നാടിനെ ബോധ്യപ്പെടുത്താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു കഴിയണം. കരാര്‍ അനുസരിച്ചുള്ള വെള്ളം ലഭിക്കുമോ എന്ന ആശങ്കയാണ് തമിഴ്‌നാടിനുള്ളതെങ്കില്‍ അതു സ്വാഭാവികമാണ്. കരാര്‍ പ്രകാരമുള്ള വെള്ളം ഒരുതുള്ളിപോലും കുറയാതെ തമിഴ്‌നാടിനു നല്‍കാന്‍ കേരളം എപ്പോഴും തയ്യാറായിരുന്നു. നാളെയും അത് അങ്ങനെയായിരിക്കുമെന്നതാണ് കേരളത്തിന്റെ ഉറച്ച നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ ആരായേണ്ടത്.
ഇതിനോടകം നടന്ന ശാസ്ത്രീയ പഠനങ്ങളെല്ലാം വിരല്‍ചൂണ്ടിയത് മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബല സ്ഥിതിയിലേയ്ക്കാണ്. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തുന്ന ഒരു ഭൂചലനമുണ്ടായാല്‍ അതു താങ്ങാന്‍ കാലം ചെന്ന ഈ ദുര്‍ബല അണക്കെട്ടിനു കെല്‍പുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ 30 ലക്ഷത്തില്‍പരം ജനങ്ങള്‍ അറബിക്കടലിലേയ്ക്ക് ഒഴുകിപ്പോകുമെന്ന ഭീതിയാണു പടരുന്നത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ ദുരന്തങ്ങളില്‍ ഒന്നായിരിക്കും അത്. അന്തരീക്ഷത്തിനു ഭാവപകര്‍ച്ച ഉണ്ടായാല്‍ ഭൂചലനത്തെപറ്റി സൂചന ഉണ്ടായാല്‍ കേരളം ഞെട്ടിവിറയ്ക്കുന്നത് ഇക്കാരണത്താലാണ്. അതു മനസ്സിലാക്കാത്തവരാണ് തമിഴ്‌നാട്ടിലെ ജനനേതാക്കളെന്നു വിശ്വസിക്കാനാവില്ല. അവരോട് ഇക്കാര്യങ്ങള്‍ വേണ്ടതുപോലെ പറഞ്ഞുമനസ്സിലാക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം എന്നു തെളിയിക്കേണ്ടത് ഇപ്പോഴാണ്. ഈ ഓരോ മണിക്കൂറും നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നു കേരളത്തിലെ മുഴുവന്‍ ജനങ്ങളും പ്രതീക്ഷിക്കുന്നു.
*
ജനയുഗം മുഖപ്രസംഗം 27 നവംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment