Monday, November 14, 2011

ഭരണഘടനയും ന്യായാധിപന്മാരും

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഏതു വ്യക്തിയും സുപ്രീംകോടതിയിലായാലും ഹൈക്കോടതിയിലായാലും ജഡ്ജ്സ്ഥാനം ഏറ്റെടുക്കുന്നത്. ഭരണഘടനയാകട്ടെ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ജനാധിപത്യ റിപ്പബ്ലിക് എന്ന് പ്രിയാംബിളില്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്; മറ്റു വിശേഷണങ്ങള്‍ക്കൊപ്പം. അപ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയെന്നു പറഞ്ഞാല്‍ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്നു കൂടിയാകുന്നു അര്‍ഥം. ഭരണഘടന പാര്‍ലമെന്ററി ജനാധിപത്യമാണ് വിഭാവനം ചെയ്തിട്ടുള്ളതും ഉറപ്പുനല്‍കിയിട്ടുള്ളതും. രാഷ്ട്രീയനിരപേക്ഷ ജനാധിപത്യമല്ല; മറിച്ച് രാഷ്ട്രീയപാര്‍ടികളുടെ പങ്കാളിത്തംകൊണ്ട് സജീവമാകുന്ന ജനാധിപത്യമാണ് അത്. ഇതാണ് ഭരണഘടനാ സത്യമെന്നിരിക്കെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ , സമൂഹത്തിലെ ഒഴിവാക്കാനാകാത്ത ദുഷിപ്പായി രാഷ്ട്രീയത്തെ കാണുന്നവരെ നല്ലവര്‍ എന്നീ വിശേഷിപ്പിക്കുന്നതു ഭരണഘടനാനുസൃതമാണോ? നല്ലവര്‍ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുമ്പോള്‍ അവരുടെ അഭിപ്രായം കോടതിയും പങ്കിടുന്നുവെന്ന സന്ദേശമല്ലേ ജനങ്ങള്‍ക്ക് ലഭിക്കുക? അത് രാഷ്ടീയജനാധിപത്യത്തെയാണോ അരാഷ്ട്രീയ പ്രവണതകളെയാണോ ശക്തിപ്പെടുത്തുക?

കോടതി മാത്രമല്ല ഭരണഘടനാസ്ഥാപനം. പാര്‍ലമെന്റും സംസ്ഥാന നിയമനിര്‍മാണസഭകളുമൊക്കെ ഭരണഘടനാസ്ഥാപനങ്ങള്‍ തന്നെയാണ്. പാര്‍ലമെന്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നു ഭരണഘടനാ സ്ഥാപനങ്ങളും പരസ്പരം ആദരവോടെ വര്‍ത്തിച്ചാലേ ജനാധിപത്യം നിലനില്‍ക്കൂ. ജനാധിപത്യത്തിന്റെ അഭാവത്തില്‍ സ്വതന്ത്ര ജുഡീഷ്യറി ഉണ്ടാകില്ല എന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണമുണ്ട്. നിയമനിര്‍മാണസഭ ഭരണഘടനാ സ്ഥാപനംതന്നെയാണ് എന്നിരിക്കെ, ആ സഭ പാസാക്കി നിയമമാക്കിയ ഒരു കാര്യത്തെ പിന്തുണച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ സംസാരിച്ചാല്‍ കോടതി അതിനെ ഭരണഘടനാ വിരുദ്ധമായാണോ കാണേണ്ടത്? അയാളെ ജയിലില്‍ അടയ്ക്കുകയാണോ വേണ്ടത്? ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നിലപാടിനെ സംരക്ഷിക്കുകയായിരുന്ന ആ വ്യക്തി എന്ന ഇളവെങ്കിലും നല്‍കേണ്ടതല്ലേ? മനുഷ്യാവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല അതിന് ഉറപ്പുനല്‍കുക കൂടി ചെയ്യുന്നുണ്ട് ഭരണഘടന. മൃതശരീരത്തോടു കാട്ടുന്ന അപമാനംപോലും അതിനു കീഴില്‍ കുറ്റകൃത്യമാണ് എന്നിരിക്കെ മനുഷ്യനെ "പുഴു" എന്നു വിശേഷിപ്പിക്കാമോ നീതിന്യായപീഠം? മനുഷ്യനെ പുഴു എന്നു വിശേഷിപ്പിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാണോ? ഭരണഘടന ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. ഇതിനര്‍ഥം അന്തസ്സായി ജീവിക്കാനുള്ള മനുഷ്യാവകാശത്തിന് ഉറപ്പുനല്‍കുന്നുണ്ട് എന്നാണ്. ആ ഭരണഘടനാ സത്യമിരിക്കെ മനുഷ്യനെ പുഴു എന്നു വിശേഷിപ്പിച്ചാലത് മനുഷ്യ അന്തസ്സിനേല്‍പ്പിക്കുന്ന അപമാനമല്ലേ; അത് ഭരണഘടനാനുസൃതമാകുമോ?

ഇത്തരം നിരവധി ചോദ്യം ചിന്തിക്കുന്നവരുടെ മനസ്സിലേക്ക് വിക്ഷേപിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച കടന്നുപോയത്. ജയരാജന്‍ കേസാണ് ഇത്തരം ചിന്തകള്‍ക്ക് വഴിമരുന്നിട്ടത്. തെളിവുകള്‍ സമാനമായിരിക്കുമ്പോഴും കോടതി സമ്പന്നന്റെ പക്ഷത്തേക്കു ചായുമെന്ന് ഇ എം എസ് മുമ്പ് പറഞ്ഞു. അതിനെ കോടതിയലക്ഷ്യമായി കണ്ട് കോടതി ഇ എം എസിനെ ശിക്ഷിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് എന്തുണ്ടായി. ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന എസ് പി ബറൂച്ചയ്ക്കു തന്നെ, ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരില്‍ 20 ശതമാനവും അഴിമതിക്കാരാണെന്ന് പരസ്യമായി വിളിച്ചുപറയേണ്ടിവന്നു. ചീഫ് ജസ്റ്റിസായിരുന്ന രാമസ്വാമി കോണ്‍ഗ്രസിന്റെ സഹായത്താല്‍ മാത്രം ഇമ്പീച്ച്മെന്റില്‍ നിന്ന് രക്ഷപ്പെടുന്നത് രാജ്യം കണ്ടു. ജസ്റ്റിസ് സൗമിത്രാസെന്‍ അഴിമതി മുന്‍നിര്‍ത്തിയുള്ള ലോക്സഭാ ഇമ്പീച്ച്മെന്റില്‍ നിന്ന് രാജിവച്ച് രക്ഷപ്പെടുന്നത് രാജ്യം കണ്ടു. ജസ്റ്റിസ് പി ഡി ദിനകരന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കു മുന്നിലെത്തി. ജസ്റ്റിസ് നിര്‍മല്‍യാദവിനുള്ള 15 ലക്ഷം കൈക്കൂലി വീടുമാറി ജസ്റ്റിസ് നിര്‍മല്‍കൗറിന്റെ വസതിയില്‍ എത്തിച്ചതും കൈക്കൂലി ചേദിച്ച ജസ്റ്റിസ് നിര്‍മല്‍യാദവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും രാജ്യം കണ്ടു. 16 ചീഫ് ജസ്റ്റിസുമാരുള്ളതില്‍ എട്ടുപേര്‍ നിശ്ചയമായും അഴിമതിക്കാരാണെന്നും രണ്ടുപേര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരാണെന്നും കാണിച്ച് മുന്‍ നിയമമന്ത്രികൂടിയായ അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ സുപ്രീംകോടതിയില്‍ തന്നെ സത്യവാങ്മൂലം കൊടുത്തതം ജനം കണ്ടു. അലഹബാദ് ഹൈക്കോടതിയിലെ മിക്ക ജഡ്ജിമാരും അഴിമതിക്കാരാണെന്നും അവിടെ "അങ്കിള്‍ ജഡ്ജ് സിന്‍ഡ്രോം" ആണ് നിലനില്‍ക്കുന്നതെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ജസ്റ്റിസ് ജ്ഞാന്‍സുധാമിശ്രയും ഉള്‍പ്പെട്ട ബെഞ്ച് പ്രഖ്യാപിക്കുന്നതും രാജ്യം കണ്ടു. ഈ പില്‍ക്കാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും മരണാനന്തരം ഇഎംഎസിനെ കോടതിയലക്ഷ്യക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കാനുള്ള ഔചിത്യം കാട്ടേണ്ടതാണ് ഇന്ത്യന്‍ ജുഡീഷ്യറി.

സത്യവാങ്മൂലത്തിലൂടെ ശാന്തിഭൂഷണും പരസ്യ പ്രഖ്യാപനത്തിലൂടെ ജസ്റ്റിസ് ബറൂച്ചയും പറഞ്ഞ അത്രയൊന്നും പറഞ്ഞില്ല എം വി ജയരാജന്‍ . അദ്ദേഹത്തിന്റെ ഉദ്ദേശ്യം അതായിരുന്നില്ല താനും. ജനാധിപത്യത്തിന്റെ അര്‍ഥപൂര്‍ണമായ നിലനില്‍പ്പിന് ജനങ്ങളെ ബോധവല്‍ക്കരിക്കാനുതകുന്ന തരത്തിലുള്ള പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന നിലപാട് ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. രാജ്യം ആരു ഭരിക്കണമെന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്. രാജ്യത്ത് നടക്കുന്നത് എന്താണെന്ന് അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. തെരഞ്ഞെടുപ്പു കമീഷന്‍ രജിസ്റ്റര്‍ ചെയ്ത അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് അത് അറിയിക്കാനുള്ള അവകാശവുമുണ്ട്. അതിനുള്ള വേദികളാണ് പൊതുയോഗങ്ങള്‍ . അത് പാതവക്കിലോ ജനങ്ങള്‍ കൂടുന്ന ഇടങ്ങളിലോ തന്നെ വേണം. ആളില്ലാത്ത കടല്‍ത്തീരത്ത് പോയി പ്രസംഗിച്ചിട്ടു കാര്യമില്ല. ജനജീവിതം സര്‍ക്കാര്‍ നയങ്ങള്‍ കൊണ്ട് ദുസ്സഹമാകുമ്പോള്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതും ആരുമില്ലാത്തിടത്തായാല്‍ കാര്യമില്ല. ആ പ്രതിഷേധ മാര്‍ഗങ്ങളെയാകെ അടച്ചുകളഞ്ഞാല്‍ ജനാധിപത്യവിരുദ്ധ മാര്‍ഗത്തില്‍ ആ അമര്‍ഷം പൊട്ടിത്തെറിക്കും. അത് ഒഴിവാക്കാന്‍ കൂടി കഴിയണം. അതിന് പൊതു ഇടങ്ങളില്‍ തന്നെ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയണം. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കാലംതൊട്ടേ ഇത് നടക്കുന്നു. ലണ്ടനിലും വാള്‍സ്ട്രീറ്റിലും അതു നടക്കുന്നു. സ്വാതന്ത്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കു പോലും ഉണ്ടാകാത്ത അസഹിഷ്ണുത പൊതുയോഗങ്ങളോട് ജനാധിപത്യകാലത്ത് അധികാരകേന്ദ്രങ്ങള്‍ കാട്ടേണ്ടതില്ല. നിരോധനം ജനതാല്‍പ്പര്യത്തിലാണെന്നു പറയുന്നവര്‍ തെരുവില്‍ കൂട്ടമായി പ്രതിഷേധിച്ചിറങ്ങുന്നത് ജനംതന്നെയാണെന്നത് കാണാതിരിക്കേണ്ട കാര്യവുമില്ല. ഈ പ്രധാന പ്രശ്നം കാണാതെ പോയി.

മരം കണ്ട് കാടു കാണാതിരുന്നെന്നു പറയുംപോലെ ഒരു "പദം" മാധ്യമങ്ങള്‍ ഏറ്റെടുത്തു വിവാദമാക്കിയപ്പോള്‍ അധികൃതസ്ഥാനങ്ങള്‍ ആ പദത്തിന്റെ മറവില്‍ യഥാര്‍ഥ പ്രശ്നം കാണാതിരുന്നു. ജസ്റ്റിസ് ബെറൂച്ച ഉപയോഗിച്ച പദത്തിലില്ലാത്ത കോടതിയലക്ഷ്യം ജയരാജന്‍ ഉപയോഗിച്ച പദത്തിലുണ്ടോ? പ്രത്യേക കോടതി ജഡ്ജിയെ കേസ് കേള്‍ക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതനാക്കുംവിധം പി സി ജോര്‍ജ്ജ് പറഞ്ഞ വാക്കുകളെ കടന്നു നില്‍ക്കുന്ന എന്തെങ്കിലും ജയരാജന്റെ പ്രസംഗത്തിലുണ്ടോ? ഇക്കാര്യം ന്യായപീഠങ്ങള്‍ തന്നെ ആലോചിക്കണം. പാതയോര പൊതുയോഗം നിരോധിച്ചതിനെ ശരിവച്ച വിധി മറികടക്കാന്‍ സംസ്ഥാന നിയമസഭ കൊണ്ടുവന്ന നിയമത്തെ പരിരക്ഷിക്കുംവിധമാണ് ജയരാജന്‍ ഇടപെട്ടത്. നിയമസഭ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ സംരക്ഷണാര്‍ഥമുള്ള നിലപാടെന്ന നിലയില്‍ അതിനെ കാണാമായിരുന്നു. അതുണ്ടായില്ല.

ജുഡീഷ്യറി പൊതുമധ്യത്തില്‍ ആക്ഷേപിക്കപ്പെടരുത് എന്നത് പ്രധാനമാണ്. ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസം ഇടിയരുത് എന്നതും പ്രധാനം. എന്നാല്‍ , ചിന്തിക്കേണ്ടത്, ജയരാജന്‍ ഉപയോഗിച്ച ഒരു വാക്ക് കൊണ്ടാണോ അതോ ജസ്റ്റിസ് രാമസ്വാമി മുതല്‍ ജസ്റ്റിസ് സൗമിത്രാസെന്‍ വരെയുള്ള നീതിപീഠാധിപന്മാരുടെ ചെയ്തികള്‍ കൊണ്ടാണോ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇടിയുന്നതെന്ന കാര്യമാണ്. അവരുടെ ചെയ്തികള്‍ക്കു മുന്നില്‍ ജയരാജന്‍ ഉപയോഗിച്ച വാക്ക് അവഗണിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ ജുഡീഷ്യറിക്ക്. കോടതിയലക്ഷ്യനിയമത്തിന്റെ രൂപവും ഭാവവും മാറണ്ടേതുണ്ട്. കോടതി നടപടിക്രമങ്ങളെയോ, കോടതി ഉത്തരവ് നടപ്പാക്കുന്നതിനെയോ തടസ്സപ്പെടുത്തുന്നതിനെതിരായ ആയുധമായി അതിനെ ഒതുക്കിനിര്‍ത്തണം. ചില അധികാരങ്ങളുണ്ട്. ഉപയോഗിക്കപ്പെടാതിരിക്കുന്നിടത്താണ് അതിന്റെ ശക്തി. അത്യപൂര്‍വമായി മാത്രം ഉപയോഗിക്കാനുള്ളതാകണം കോടതിയലക്ഷ്യനിയമം. പൊതുപ്രവര്‍ത്തകന്റെ ഒരു വാക്കുകൊണ്ട് ഇടിഞ്ഞുപോകാനുള്ളതേയുള്ളൂ ജുഡീഷ്യറിയുടെ വിശ്വാസ്യത എന്നു കോടതിതന്നെ ഭയക്കുന്നതായി ജനങ്ങള്‍ക്ക് തോന്നുന്ന അവസ്ഥയുണ്ടാകരുത്. കോടതിയലക്ഷ്യ നിയമത്തിന്റെ കോട്ടകെട്ടി അതിനുള്ളില്‍ കഴിയുകയല്ല. മറിച്ച് വിമര്‍ശനങ്ങളാല്‍ ഇളകാത്ത സംശുദ്ധിയുടെ ശക്തിയാണ് കോടതിക്കുള്ളതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ജുഡീഷ്യറി ചെയ്യേണ്ടത്.

ഭരണഘടനയുടെ പത്തൊമ്പതാം (19(1) വകുപ്പ് ഉറപ്പുനല്‍കുന്ന സ്വാതന്ത്രാഭിപ്രായ പ്രകടനത്തിനുള്ള അവകാശത്തില്‍ ജുഡീഷ്യറിക്കെതിരെ വിമര്‍ശത്തിനുള്ള സ്വാതന്ത്ര്യവും ഉണ്ട്. അതിനെ ആ നിലയ്ക്കു കാണാനുള്ള ഹൃദയവിശാലത ജുഡീഷ്യറിക്കുണ്ടാകണം. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഇന്ത്യന്‍ ജുഡീഷ്യറി എന്ന വിശ്വാസം ജുഡീഷ്യറിയില്‍ തന്നെ വളരണം. അതിന്റെ അടിസ്ഥാനത്തിലുള്ള ഉദാരത ജുഡീഷ്യറി കാട്ടുമ്പോള്‍ അതിന്റെ മാന്യത ഉയരുകയേയുള്ളൂ. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതും തകര്‍ക്കുന്നതും ജുഡീഷ്യറിക്കുള്ളിലെ അവസ്ഥകള്‍ തന്നെയാണ്. ജുഡീഷ്യറിയെക്കുറിച്ച് പുറത്തുനിന്നൊരാള്‍ പറയുന്ന ഏതുവാക്കും ജുഡീഷ്യറിക്ക് മങ്ങല്‍ വരുത്തില്ല. എന്നാല്‍ , ജുഡീഷ്യറിക്കുള്ളില്‍ എന്തു നടക്കുന്നുവെന്നത് ജുഡീഷ്യറിയെ ജഡ്ജ് ചെയ്യാനുള്ള അളവുകോലാക്കും ജനം. ഒരു കോടതിയലക്ഷ്യനിയമവും ജനങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയില്ല.

*
പ്രഭാവര്‍മ ദേശാഭിമാനി 14 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഏതു വ്യക്തിയും സുപ്രീംകോടതിയിലായാലും ഹൈക്കോടതിയിലായാലും ജഡ്ജ്സ്ഥാനം ഏറ്റെടുക്കുന്നത്. ഭരണഘടനയാകട്ടെ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ജനാധിപത്യ റിപ്പബ്ലിക് എന്ന് പ്രിയാംബിളില്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്; മറ്റു വിശേഷണങ്ങള്‍ക്കൊപ്പം. അപ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയെന്നു പറഞ്ഞാല്‍ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്നു കൂടിയാകുന്നു അര്‍ഥം. ഭരണഘടന പാര്‍ലമെന്ററി ജനാധിപത്യമാണ് വിഭാവനം ചെയ്തിട്ടുള്ളതും ഉറപ്പുനല്‍കിയിട്ടുള്ളതും. രാഷ്ട്രീയനിരപേക്ഷ ജനാധിപത്യമല്ല; മറിച്ച് രാഷ്ട്രീയപാര്‍ടികളുടെ പങ്കാളിത്തംകൊണ്ട് സജീവമാകുന്ന ജനാധിപത്യമാണ് അത്. ഇതാണ് ഭരണഘടനാ സത്യമെന്നിരിക്കെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ , സമൂഹത്തിലെ ഒഴിവാക്കാനാകാത്ത ദുഷിപ്പായി രാഷ്ട്രീയത്തെ കാണുന്നവരെ നല്ലവര്‍ എന്നീ വിശേഷിപ്പിക്കുന്നതു ഭരണഘടനാനുസൃതമാണോ? നല്ലവര്‍ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുമ്പോള്‍ അവരുടെ അഭിപ്രായം കോടതിയും പങ്കിടുന്നുവെന്ന സന്ദേശമല്ലേ ജനങ്ങള്‍ക്ക് ലഭിക്കുക? അത് രാഷ്ടീയജനാധിപത്യത്തെയാണോ അരാഷ്ട്രീയ പ്രവണതകളെയാണോ ശക്തിപ്പെടുത്തുക?