Monday, November 7, 2011

നന്മ വിളഞ്ഞിടം

വംശ-വര്‍ണ വിവേചനമില്ലാതിരുന്ന നാട്

സോവിയറ്റ് സമൂഹത്തില്‍ ഞാന്‍ കണ്ട അത്ഭുതകരമായ ഒരു കാര്യം വര്‍ണവിവേചനത്തിന്റെയും വംശീയവിവേചനത്തിന്റെയും അഭാവമാണ്. അവര്‍ വിദേശികളെ, ഇന്ത്യക്കാരായാലും ആഫ്രിക്കക്കാരായാലും അഫ്ഗാനിസ്ഥാന്‍കാരായാലും കരീബിയക്കാരായാലും രണ്ടാംകിടക്കാരായി ഒരിക്കലും പരിഗണിച്ചിരുന്നില്ല. മറിച്ച്, എല്ലാ വിദേശികളോടും സ്നേഹാദരങ്ങളോടെ അവര്‍ ഇടപഴകി. ഇന്ത്യക്കാരോട് സോവിയറ്റ് യൂണിയനിലുടനീളം, പ്രത്യേകിച്ച് ഉള്‍നാടുകളില്‍ പ്രത്യേക മമതയുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളേക്കാള്‍ സോവിയറ്റ് ജനതയെ, വിശേഷിച്ച് ഗ്രാമീണരെ ഹരംകൊള്ളിച്ചിരുന്നത് ഹിന്ദി സിനിമകളായിരുന്നു. 1990ല്‍ ജോര്‍ജിയയിലെ ഗോറി എന്ന ചെറുപട്ടണം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ജന്മഗ്രാമമാണത്. ഗോറിയിലെ ഒരു റസ്റ്റോറന്റില്‍ പരിചയപ്പെട്ട രണ്ട് തദ്ദേശീയ യുവാക്കള്‍ അഞ്ചു ദിവസം ഈ ലേഖകനെ പല വീടുകളില്‍ താമസിപ്പിച്ച് നൂറോളം ഗോറി കുടുംബങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടേ അടങ്ങിയുള്ളൂ. "ഇതാ ഒരു ഇന്ത്യക്കാരന്‍ നമ്മുടെ ഗ്രാമത്തില്‍" എന്നു പറഞ്ഞുകൊണ്ടാണ് ഓരോ വീട്ടിലേക്കും കൊണ്ടുപോയിരുന്നത്. "ഇന്ത്യക്കാര"നെ കാണാനും പരിചയപ്പെടാനും കുട്ടികളും വൃദ്ധരും വരെയെത്തി.

ഓരോ വീട്ടിലും വിഭവസമൃദ്ധമായ സദ്യയൊരുക്കി വീര്‍പ്പുമുട്ടിച്ചു. അഞ്ചാംദിവസം രാത്രി 11 മണിക്ക് ജോര്‍ജിയയുടെ തലസ്ഥാനമായ തിബ്ലിസിയിലേക്ക് വണ്ടികയറുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ ഇന്ത്യക്കാരനെ യാത്രയാക്കാന്‍ 50 പേരെങ്കിലും എത്തിച്ചേര്‍ന്നിരുന്നു. മോസ്കോ, ലെനിന്‍ഗ്രാഡ് പോലുള്ള സ്ഥലങ്ങളിലായിരുന്നു ആഫ്രിക്കന്‍ -കരീബിയന്‍ വംശജരായ വിദ്യാര്‍ഥികള്‍ കൂടുതലും പഠിച്ചിരുന്നത്. "കറുമ്പന്‍" എന്ന് വിളിച്ച് അവരെ കളിയാക്കുന്നതോ മൃഗശാലയിലെ ജീവികളെയെന്നവണ്ണം അവരെ തുറിച്ചുനോക്കുന്നതോ അവിടെ പതിവുണ്ടായിരുന്നില്ല. പകരം കണ്ട കാഴ്ച അസൂയ ഉണര്‍ത്തുന്നതായിരുന്നു. കൂടെ പഠിക്കുന്ന സുന്ദരികളായ റഷ്യന്‍ പെണ്‍കുട്ടികളുടെ കൈ പിടിച്ച് പ്രണയലോലരായി മോസ്കോയിലെ പാര്‍ക്കുകളിലും മറ്റും നടക്കുന്ന ഒട്ടേറെ ആഫ്രിക്കന്‍ വിദ്യാര്‍ഥികളെ പലതവണ കാണുകയുണ്ടായിട്ടുണ്ട്. എന്നാല്‍ , സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം വംശീയവാദികളായ "സ്കിന്‍ ഹെഡു"കളുടെ (നവനാസികള്‍) ചെറുസംഘങ്ങള്‍ അങ്ങിങ്ങായി തലപൊക്കിയിട്ടുണ്ട്. പക്ഷേ, വിരലിലെണ്ണാവുന്ന അവര്‍ക്ക് റഷ്യന്‍ സമൂഹത്തില്‍ ഒട്ടും സ്വാധീനമില്ല.

സ്ത്രീകള്‍ മുന്‍നിരയില്‍

സോവിയറ്റ് യൂണിയനില്‍ സ്ത്രീകള്‍ക്ക് താരതമ്യേന ഉയര്‍ന്ന പരിഗണനയും പദവിയും ലഭിച്ചിരുന്നു. സോവിയറ്റ് ജീവിതത്തിന്റെ നാനാതുറകളില്‍ സ്ത്രീസാന്നിധ്യം ദൃശ്യവും പ്രകടവുമായിരുന്നു. ഡോക്ടര്‍മാരിലും അധ്യാപകരിലും എന്‍ജിനിയര്‍മാരിലും ശാസ്ത്രജ്ഞരിലും ഫാക്ടറി തൊഴിലാളികളിലും നല്ലൊരു വിഭാഗം സ്ത്രീകളായിരുന്നു. മോക്സോവില്‍ ട്രാം ഓടിച്ചിരുന്നവരില്‍ ധാരാളം സ്ത്രീകളുണ്ടായിരുന്നു. സോവിയറ്റ് നഗരങ്ങളിലെ മെട്രോ വണ്ടികളിലും സ്ഥിതി ഭിന്നമായിരുന്നില്ല. 1989ല്‍ മോസ്കോയില്‍ നിന്ന് അര്‍മീനിയയിലേക്ക് പോകുന്ന ട്രെയിനില്‍ കയറിയപ്പോള്‍ സ്ത്രീജീവനക്കാരുടെ ബാഹുല്യം നേരില്‍ കാണാനായി. ട്രെയിനിലെ ഓരോ കംപാര്‍ട്മെന്റിലും ഒരു ടിടിആര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കംപാര്‍ട്മെന്റില്‍ പ്രത്യേകം മുറിയുമുണ്ട്. യാത്രയിലുടനീളം അവര്‍ ഉണ്ടാവുകയുംചെയ്യും. രാവിലെ യാത്രക്കാര്‍ക്ക് ചായ പകര്‍ന്നു നല്‍കുന്നതും എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പരിഹരിക്കുന്നതുമൊക്കെ ടിടിആറിന്റെ ജോലിയാണ്.

ഞാന്‍ കയറിയ ട്രെയിനിലെ ഭൂരിഭാഗം ടിടിആര്‍മാരും സ്ത്രീകളായിരുന്നു. മുപ്പതിനും നാല്‍പ്പതിനുമിടയ്ക്കായിരുന്നു അവരുടെ പ്രായം. മിക്കവരും സുന്ദരികള്‍ . (ഇവിടെയെങ്ങാനും അത്തരമൊരു സംവിധാനം വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നാലോചിക്കുന്നത് കൗതുകകരമെന്നതിനേക്കാളേറെ ഭീതിജനകമാണ്.) മിക്ക റസ്റ്റോറന്റുകളുടെയും നടത്തിപ്പുകാര്‍ സ്ത്രീകളായിരുന്നു. പാചകക്കാരായി പുരുഷന്മാരെയാണ് ഏറെയും കണ്ടിരുന്നത്. ഞങ്ങള്‍ വിദേശവിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന മിക്ക ഹോസ്റ്റലുകളിലെയും കാന്റീനുകള്‍ നടത്തിപ്പോന്നത് സ്ത്രീകളായിരുന്നു. "വീട്ടുഭാര്യമാര്‍" സോവിയറ്റ് യൂണിയനില്‍ കുറവായിരുന്നു. മിക്ക കുടുംബങ്ങളിലും ഭര്‍ത്താവിനും ഭാര്യക്കും ജോലിയുണ്ടാവും. സ്ത്രീകളുടെ ഈ സ്വയംപര്യാപ്തത ആണ്‍കോയ്മയുടെ മൂര്‍ച്ച കുറച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്. സ്ത്രീയുടെ വാക്കിനും കുടുംബത്തില്‍ വിലയുണ്ടായിരുന്നു. എന്നാല്‍ , ഉള്‍പ്രദേശങ്ങളായ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ , പ്രത്യേകിച്ച് അര്‍മേനിയ, അസര്‍ബൈജാന്‍ , മധ്യേഷ്യന്‍ റിപ്പബ്ലിക്കുകള്‍ എന്നിവിടങ്ങളില്‍ പിതൃമേധാവിത്വ മൂല്യങ്ങളും സ്ത്രീയുടെ വിവാഹപൂര്‍വ കന്യകാത്വ നിഷ്കര്‍ഷയുമൊക്കെ നിലനിന്നിരുന്നു.

സ്ത്രീപീഡന-ബലാല്‍സംഗ സംഭവങ്ങള്‍ അത്യപൂര്‍വമായിരുന്നു. സോവിയറ്റ് യൂണിയനില്‍ ഒരിടത്തും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. എല്ലാം മിക്സഡ് ഹോസ്റ്റലുകളായിരുന്നു. മെഡിക്കല്‍ പഠനകാലത്ത് ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ റഷ്യന്‍ പെണ്‍കുട്ടികളും അര്‍മേനിയന്‍ പെണ്‍കുട്ടികളും ഇന്ത്യ, സിറിയ, ലെബനന്‍ , ലാവോസ്, കമ്പോഡിയ, എത്യോപ്യ, ചിലി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അറിഞ്ഞിടത്തോളം ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവമില്ല. അതേസമയം ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ ധാരാളമുണ്ടായിരുന്നു. ഒരു ആണും പെണ്ണും ഒന്നിച്ച് ഒരു മുറിയില്‍ താമസിക്കണമെന്ന് ആഗ്രഹിച്ചാല്‍ ഹോസ്റ്റല്‍ മാനേജര്‍ക്ക് അപേക്ഷ എഴുതിക്കൊടുത്താല്‍ മതി. ഇക്കാര്യത്തില്‍ പലപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റഷ്യക്കാരെ കടത്തിവെട്ടി.

സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് നിശിതമായ വേലിക്കെട്ടുകള്‍ തീര്‍ത്ത രാജ്യത്തുനിന്ന് വരുന്ന ഇന്ത്യക്കാര്‍ റഷ്യയില്‍ കിട്ടിയ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുകതന്നെ ചെയ്തു. അങ്ങനെ അഞ്ചും ആറും കൊല്ലം ഒന്നിച്ച് താമസിച്ച് ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമായി തിരിച്ചെത്തിയ യുവതീയുവാക്കള്‍ക്ക് മതവും ജാതിയും പ്രദേശവും വ്യത്യസ്തമായതിനാല്‍ വിവാഹിതരാവാന്‍ പറ്റാതെ വന്നിട്ടുണ്ട്. ചിലരൊക്കെ ആ വേലിക്കെട്ടുകള്‍ തകര്‍ത്ത് വിവാഹജീവിതം നയിക്കുന്നുമുണ്ട്. 1989ല്‍ പോലും മോസ്കോനഗരത്തില്‍ രാത്രി രണ്ടുമണിക്കുപോലും സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാമായിരുന്നു. എന്നാല്‍ ,സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഇടിച്ചുകളഞ്ഞു. ബോറിസ് യെട്സിന്റെ കാലത്ത് ബീജാവാപം ചെയ്യപ്പെട്ട "ക്രോണി ക്യാപിറ്റലിസം" സ്ത്രീയെ വില്‍പ്പനച്ചരക്കാക്കി മാറ്റി. അവര്‍ക്ക് മുന്‍പ് സമൂഹത്തിലുണ്ടായിരുന്ന പദവിയും മാന്യതയും നഷ്ടപ്പെട്ടു.

അട്ടിമറിക്ക് ശേഷം

പാശ്ചാത്യ പ്രചാരണംപോലെ ഗോര്‍ബച്ചേവ് സോവിയറ്റ് ജനതയെ മോചിപ്പിക്കുകയായിരുന്നെങ്കില്‍ അദ്ദേഹത്തിന് നാട്ടില്‍ വന്‍ ജനസമ്മതി ലഭിക്കേണ്ടിയിരുന്നു.
എന്നാല്‍ , അന്നും ഇന്നും റഷ്യയിലെ ഏറ്റവും ജനസമ്മതി കുറഞ്ഞ നേതാവാണ് ഗോര്‍ബച്ചേവ്. തകര്‍ച്ചയ്ക്കുശേഷം സോവിയറ്റ് ജനജീവിതം ദുരിതനിര്‍ഭരമായപ്പോള്‍ എല്ലാവരും ഗോര്‍ബച്ചേവിനെ ശപിക്കുകയും വെറുക്കുകയുമാണ് ചെയ്തത്. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ ഒരു റഷ്യന്‍ ഗ്രാമത്തില്‍വച്ച് ചീഞ്ഞ മുട്ടകൊണ്ട് ഗ്രാമീണര്‍ അദ്ദേഹത്തെ എറിയുകയും ചെയ്തിരുന്നു. തങ്ങള്‍ നയിച്ച താരതമ്യേന സ്വസ്ഥവും പട്ടിണിമുക്തവുമായ ജീവിതം തകര്‍ത്തെറിഞ്ഞ വ്യക്തി എന്ന നിലയിലാണ് ഭൂരിഭാഗം റഷ്യക്കാരും ഇപ്പോഴും ഗോര്‍ബച്ചേവിനെ കാണുന്നത്. എന്നാല്‍ , ഗോര്‍ബച്ചേവ് ഉത്തരോത്തരം പ്രിയങ്കരനായത് പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളിലാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതായി 1991 ഡിസംബര്‍ ഒടുവില്‍ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ അര്‍മേനിയയിലായിരുന്നു. സിറിയയില്‍നിന്നും ജോര്‍ദാനില്‍നിന്നും പഠിക്കാനെത്തിയ ഒരു ചെറുസംഘം സമ്പന്ന പ്രവാസി അര്‍മേനിയന്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് അവരുടെ കാറുകളില്‍ അര്‍മേനിയന്‍ കൊടികെട്ടി അവിടെ ആഹ്ലാദപ്രകടനം നടത്തിയത്. തദ്ദേശീയരായ അര്‍മേനിയക്കാരാരും തെരുവിലിറങ്ങി ആഘോഷപ്രകടനങ്ങള്‍ നടത്തിയിട്ടില്ല.

*
എ എം ഷിനാസ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോവിയറ്റ് സമൂഹത്തില്‍ ഞാന്‍ കണ്ട അത്ഭുതകരമായ ഒരു കാര്യം വര്‍ണവിവേചനത്തിന്റെയും വംശീയവിവേചനത്തിന്റെയും അഭാവമാണ്. അവര്‍ വിദേശികളെ, ഇന്ത്യക്കാരായാലും ആഫ്രിക്കക്കാരായാലും അഫ്ഗാനിസ്ഥാന്‍കാരായാലും കരീബിയക്കാരായാലും രണ്ടാംകിടക്കാരായി ഒരിക്കലും പരിഗണിച്ചിരുന്നില്ല. മറിച്ച്, എല്ലാ വിദേശികളോടും സ്നേഹാദരങ്ങളോടെ അവര്‍ ഇടപഴകി. ഇന്ത്യക്കാരോട് സോവിയറ്റ് യൂണിയനിലുടനീളം, പ്രത്യേകിച്ച് ഉള്‍നാടുകളില്‍ പ്രത്യേക മമതയുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളേക്കാള്‍ സോവിയറ്റ് ജനതയെ, വിശേഷിച്ച് ഗ്രാമീണരെ ഹരംകൊള്ളിച്ചിരുന്നത് ഹിന്ദി സിനിമകളായിരുന്നു. 1990ല്‍ ജോര്‍ജിയയിലെ ഗോറി എന്ന ചെറുപട്ടണം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ജന്മഗ്രാമമാണത്. ഗോറിയിലെ ഒരു റസ്റ്റോറന്റില്‍ പരിചയപ്പെട്ട രണ്ട് തദ്ദേശീയ യുവാക്കള്‍ അഞ്ചു ദിവസം ഈ ലേഖകനെ പല വീടുകളില്‍ താമസിപ്പിച്ച് നൂറോളം ഗോറി കുടുംബങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടേ അടങ്ങിയുള്ളൂ. "ഇതാ ഒരു ഇന്ത്യക്കാരന്‍ നമ്മുടെ ഗ്രാമത്തില്‍" എന്നു പറഞ്ഞുകൊണ്ടാണ് ഓരോ വീട്ടിലേക്കും കൊണ്ടുപോയിരുന്നത്. "ഇന്ത്യക്കാര"നെ കാണാനും പരിചയപ്പെടാനും കുട്ടികളും വൃദ്ധരും വരെയെത്തി.