നിത്യോപയോഗ സാധനങ്ങളോടൊപ്പം ജീവന്‍രക്ഷാ മരുന്നുകളുടേയും വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കയാണ്. വികസ്വര രാജ്യങ്ങളില്‍ ഔഷധവില ഏറ്റവും കുറവായ രാജ്യമായിരുന്നു നമ്മുടേത്. 1972 മുതല്‍ നടപ്പിലാക്കിയ വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേറ്റന്റ് നിയമവും 1977 ലെ ജനതാ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പിലാക്കിയ ഔഷധവില നിയന്ത്രണ നിയമവും മൂലമാണ് ഇന്ത്യയില്‍ ഔഷധവില ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. മാത്രമല്ല ഔഷധവ്യവസായത്തില്‍ വിദേശ മുതല്‍മുടക്കിനും മാര്‍ക്കറ്റിങ് രീതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുമൂലവും ഇന്ത്യന്‍ പൊതു-സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം പിന്തുടര്‍ന്നതുമൂലവും ബ്രസ്സീലിനോടൊപ്പം ഏതാണ്ടെല്ലാ അവശ്യമരുന്നുകളും ഉല്പാദിപ്പിക്കാനുള്ള ആഭ്യന്തര സാങ്കേതിക ശേഷി കൈവരിക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

ഉല്പാദനരീതി പേറ്റന്റിന്റെ സ്ഥാനത്ത് ഉല്പന്നപേറ്റന്റു (Product Patent) വ്യവസ്ഥ വന്നതോടെ വിദേശകമ്പനികളുടെ പേറ്റന്റ് ഔഷധങ്ങള്‍ ഉല്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കവകാശമില്ലാതായി. മാത്രമല്ല പേറ്റന്റ് കാലവധി 7 ല്‍നിന്നും 20 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ വിദേശത്ത് പേറ്റന്റു ചെയ്യപ്പെടുന്ന മരുന്നുകള്‍ തങ്ങള്‍ക്കിഷ്ടമുള്ള വിലക്ക് ഇരുപത് വര്‍ഷക്കാലം വില്‍ക്കാന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്ക് കഴിയും. ഇതിനിടെ വന്‍കിട കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഔഷധങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരികയും 2002 ആകുമ്പോഴേക്കും കേവലം 25 ഔഷധങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം വില നിയന്ത്രിക്കപ്പെട്ട ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കുള്ള ലാഭവിഹിതം വര്‍ധിപ്പിച്ചു കൊടുക്കയും ചെയ്തു.(പട്ടിക 1)

നവീന ഔഷധങ്ങളില്‍ കൂടുതലും ജൈവസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നവയാണ്. പ്രാരംഭ ഗവേഷണത്തിനായുള്ള ചെലവു കഴിച്ചാല്‍ ഔഷധ ഉല്‍പാദനത്തിനുള്ള ചെലവ് രാസ ഔഷധങ്ങളേക്കാള്‍ ജൈവഔഷധങ്ങള്‍ക്ക് കുറവാണെന്ന സത്യം മറച്ചു വച്ച് അതിഭീമമായ വിലയ്ക്കാണ് ഇത്തരം മരുന്നുകള്‍ വിറ്റുവരുന്നത്.ഔഷധവില നിയന്ത്രണത്തിന്റേയും ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്ക് ആക്ടിന്റേയും പരിധിയില്‍നിന്നും ജൈവമരുന്നുകളെ യാതൊരു നീതീകരണവുമില്ലാതെ ഒഴിവാക്കിയിരിക്കയുമാണ്.
ഇന്ത്യന്‍ പേറ്റന്റ് നിയമം 2005 ല്‍ മാറ്റുന്നതിനു മുമ്പ് വിദേശകമ്പനികളുമായി മത്സരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ വിലകുറച്ച് ഇന്ത്യയിലും വിദേശത്തും വിറ്റുവന്നിരുന്ന ഇന്ത്യന്‍ സ്വകാര്യകമ്പനികളെ ഒന്നൊന്നായി വിദേശകമ്പനികള്‍ എറ്റെടുത്തു തുടങ്ങിയതും വിലവര്‍ധവിനുള്ള സാഹചര്യം ഒരുക്കി. മാത്രമല്ല ഇന്ത്യന്‍ ആശുപത്രികളിലേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് കരാര്‍ ഗവേഷണവും ഔഷധ പരീക്ഷണവും നടത്താനാണ് വിദേശകുത്തക കമ്പനികള്‍ ശ്രമിച്ചുവരുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നയങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് അവശ്യമരുന്നുകളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്.
നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ പഠനമനുസരിച്ച് മൊത്തം ആരോഗ്യച്ചെലവിന്റെ എഴുപതു ശതമാനത്തിലേറെ മരുന്നുകള്‍ വാങ്ങുന്നതിനായിട്ടാണ് ചെലവിടേണ്ടിവരുന്നത്. ഇതില്‍ 85 ശതമാനം ചെലവും ജനങ്ങള്‍ നേരിട്ടു വഹിക്കയാണ്. ഇന്ത്യന്‍ ജനതയില്‍ 23% പേര്‍ ചികിത്സാ ചെലവ് താങ്ങാനാവാത്തതുമൂലം ആശുപത്രിയില്‍ പോകാന്‍ പ്രാപ്തിയില്ലാത്തവരാണെന്നും 1999-2000 കാലത്ത് മാത്രം മൂന്നുകോടി 25 ലക്ഷം പേര്‍ ആശുപത്രി ചികിത്സയെ തുടര്‍ന്ന് ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് പതിച്ചുവെന്നും കണക്കാക്കപ്പെടുന്നു.
രാജസ്ഥാന്‍ , തമിഴ്നാട് സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിലകുറഞ്ഞ, ഗുണമേന്മയുള്ള മരുന്നുകള്‍ എത്തിക്കുന്നതിനുള്ള വിജയകരമായ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മാതൃകകാട്ടിയിരുന്നു. ഇവയുടെ ചുവടുപിടിച്ചാണ് ഇടതുമുന്നണി സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. അതോടൊപ്പം നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടേയും മറ്റും വിലകുറച്ച് മരുന്നുകള്‍ നല്‍കിയും പൊതുമേഖലാ ഔഷധ നിര്‍മ്മാണ സ്ഥാപനമായ കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് പുനരുജ്ജീവിപ്പിച്ചും ഒരു പരിധിവരെ ജനങ്ങള്‍ക്കാശ്വാസം പകരാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരാതെ ഔഷധവില കുറച്ചുകൊണ്ടുവരിക ദുഷ്ക്കരമാണ്.
ഹാത്തി കമ്മറ്റി നിര്‍ദ്ദേശിച്ചതുപോലെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യാവശ്യങ്ങള്‍ കണക്കിലെടുത്ത് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കുക, അവശ്യമരുന്നുകള്‍ പൂര്‍ണ്ണമായും വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, ഇന്ത്യന്‍ പൊതുമേഖലാ ഔഷധകമ്പനികള്‍ ശക്തിപ്പെടുത്തുക, കരാര്‍ ഗവേഷണവും ഔഷധപരീക്ഷണങ്ങളും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജനകീയാരോഗ്യ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ 348 ഔഷധങ്ങള്‍ ഉള്‍പ്പെടുത്തി അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ മരുന്നുകളാണ് ഉല്പാദിപ്പിക്കുന്നത്. ഇതില്‍ 48,000 കോടി രൂപയുടെ മരുന്നുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റുവരുന്നു. ഇതില്‍ 29,000 കോടി രൂപയുടെ (60%) മരുന്നുകള്‍ മാത്രമാണ് അവശ്യമരുന്നു പട്ടികയില്‍പെടുത്തിയിട്ടുള്ളത്.
1977 ലെ ഔഷധവില നിയന്ത്രണ നിയമം പൂര്‍ണ്ണമായി ഉപേക്ഷിച്ചുകൊണ്ട്, പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തിലെന്നപോലെ, ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലയും ബഹുരാഷ്ട്രകുത്തക കമ്പനികളുടെ സാമ്പത്തിക താത്പര്യം സംരക്ഷിച്ചുകൊണ്ട് കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടൂള്ള പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ (National Pharmaceuticals Pricing Policy, 2011) വ്യക്തമാക്കുന്നത്.
അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമം കേന്ദ്രസര്‍ക്കാരിന്റെ നഗ്നമായ കുത്തക പ്രീണന നയവും ജനവിരുദ്ധതയും ഒരിക്കല്‍ കൂടി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഔഷധങ്ങളുടെ ഉല്പാദനചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമെടുത്ത് വില നിശ്ചയിക്കുന്നതിനാണ് ഇതുവരെ കമ്പനികളെ അനുവദിച്ചിരുന്നത്. ഇതിനെ ചിലവടിസ്ഥാന വില നിശ്ചയിക്കല്‍ എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ നയം മാറ്റി അതിന്റെ സ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ നയം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് വില നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന മരുന്നുകളില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്നവിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ മറ്റുകമ്പനികളെ അനുവദിക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
രണ്ടുവര്‍ഷം കൂടുമ്പോള്‍ സീലിങ് വില പുതുക്കുമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു. ഡോക്ടര്‍മാരെയും ഔഷധവ്യാപാരികളേയും സ്വാധീനിക്കുന്നതിനുള്ള പലതരത്തിലുള്ള ഔഷധപ്രചാരണ തന്ത്രങ്ങള്‍ പിന്തുടരുന്നതുമൂലം വന്‍കിട കുത്തകകമ്പനികള്‍ വിറ്റുവരുന്ന മരുന്നുകളായിരിക്കും മിക്കപ്പോഴും ഏറ്റവും പ്രചാരത്തിലുള്ളവ. ഇവയുടെ വില മാര്‍ക്കറ്റിലുള്ള മറ്റു മരുന്നുകളെക്കാള്‍ എപ്പോഴും ഏറ്റവും ഉയര്‍ന്നതുമായിരിക്കും. ചില ഉദാഹരണങ്ങള്‍ നോക്കുക. എയ്ഡ്സിനുള്ള സിഡുവിഡിന്‍ എന്ന മരുന്നിന്റെ ഇന്ത്യന്‍ കമ്പനിയുടേതിന്റെ വില ഒരു ഗുളികക്ക് 7 രൂപ 70 പൈസയാണെങ്കില്‍ വിദേശകമ്പനിയുടേതിന്റെ വില 20 രൂപ 40 പൈസയാണ്. അതുപോലെ സ്തനാര്‍ബുദത്തിനുള്ള റ്റമോക്സിഫിന്റെ വില യഥാക്രമം 2 രൂപ 90 പൈസയും 19 രൂപ 30 പൈസയുമാണ്. മൊത്തം വരുമാനത്തിന്റെ നാല്പതു ശതമാനത്തോളമാണ് മരുന്നുകമ്പനികള്‍ ഔഷധപ്രചരണത്തിനായി ചെലവിട്ടുവരുന്നത്. ഇന്ത്യയിലെ 50 വന്‍കിട മരുന്നുകമ്പനികള്‍ ഒരു ഡോക്ടര്‍ക്കായി ശരാശരി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ ചെലവിട്ടുവരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ പുതിയ ഔഷധനിയമം നടപ്പിലാക്കുന്നതോടെ പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ ജീവന്‍ രക്ഷാ ഔഷധങ്ങളുടേയും വില കുതിച്ചുയരും. ജനജീവിതം കൂടുതല്‍ ദുസ്സഹമാവും.
ഇന്ത്യന്‍ സര്‍ക്കാര്‍ ജനവിരുദ്ധ ഔഷധനയവുമായി മുന്നോട്ടുപോകുമ്പോള്‍ നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ വഴി ഇന്ത്യയിലുള്ളതിനെക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് അവശ്യമരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കയാണ്. (പട്ടിക രണ്ട്)

പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ് നടപ്പിലാക്കാന്‍ ദേശീയ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് ദോഹയില്‍ ചേര്‍ന്ന ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നതാണെന്നതും ഓര്‍മ്മിക്കേണ്ടതാണ്. ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ താത്പര്യത്തിനെതിരായ ഈ തീരുമാനം ദോഹ വിട്ടുവീഴ്ച്ച (Doha Flexibiltiy-) എന്ന പേരില്‍ പ്രസിദ്ധവുമാണ്.
എന്നാല്‍ ഇന്ത്യന്‍ജനതയുടെ ആരോഗ്യ താത്പര്യങ്ങളേക്കാളേറേ അമേരിക്കയില്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന കമ്പോള മൗലികവാദം പിന്തുടരാനാണ് മറ്റുമേഖലകളിലെന്നപോലെ ഔഷധമേഖലയിലും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വാസ്ത്യ അഭിയാന്‍ ദേശീയ കോഓര്‍ഡിനേഷന്‍ കമ്മറ്റി 2011, നവംബര്‍ 10-12 തീയതികളില്‍ നാഗ്പൂരില്‍ യോഗം ചേര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയത്തിനെ തുറന്നു കാട്ടിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പ്രചരണ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
*
ഡോ.ബി. ഇക്ബാല്‍ ചിന്ത വാരിക 02 ഡിസംബര്‍ 2011
1 comment:
നിത്യോപയോഗ സാധനങ്ങളോടൊപ്പം ജീവന്‍രക്ഷാ മരുന്നുകളുടേയും വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കയാണ്. വികസ്വര രാജ്യങ്ങളില്‍ ഔഷധവില ഏറ്റവും കുറവായ രാജ്യമായിരുന്നു നമ്മുടേത്. 1972 മുതല്‍ നടപ്പിലാക്കിയ വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേറ്റന്റ് നിയമവും 1977 ലെ ജനതാ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പിലാക്കിയ ഔഷധവില നിയന്ത്രണ നിയമവും മൂലമാണ് ഇന്ത്യയില്‍ ഔഷധവില ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. മാത്രമല്ല ഔഷധവ്യവസായത്തില്‍ വിദേശ മുതല്‍മുടക്കിനും മാര്‍ക്കറ്റിങ് രീതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുമൂലവും ഇന്ത്യന്‍ പൊതു-സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം പിന്തുടര്‍ന്നതുമൂലവും ബ്രസ്സീലിനോടൊപ്പം ഏതാണ്ടെല്ലാ അവശ്യമരുന്നുകളും ഉല്പാദിപ്പിക്കാനുള്ള ആഭ്യന്തര സാങ്കേതിക ശേഷി കൈവരിക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു.
Post a Comment