Tuesday, November 15, 2011

12-ാം പദ്ധതി സമീപനരേഖ: വികസന നേട്ടങ്ങള്‍ നിലനിര്‍ത്തി മുന്നോട്ട് പോകണം

സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരളത്തിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖ ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖയെക്കുറിച്ചുള്ള സമഗ്രമായൊരു ചര്‍ച്ച ഈ കുറിപ്പില്‍ ബാധകമല്ലെങ്കിലും പദ്ധതിയുടെ സമീപനത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണിവിടെ. അടുത്ത പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കുമ്പോള്‍ കേരളം ഇതുവരെ ആര്‍ജിച്ച മുഖ്യനേട്ടങ്ങള്‍ നിലനിര്‍ത്താനും വികസിപ്പിക്കാനും കോട്ടങ്ങള്‍ പരിഹരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കണം.
കേരളം നിലനിര്‍ത്തേണ്ടതും വികസപ്പിക്കേണ്ടതുമായ പ്രധാനനേട്ടം എന്താണ്?

ലോകം മുഴുവന്‍ അംഗീകരിക്കുന്ന 'കേരള വികസനമാതൃക' സൃഷ്ടിക്കാന്‍ സാധിച്ചുവെന്നതാണ് പ്രധാനനേട്ടം. വികസനത്തെക്കുറിച്ചുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കപ്പെട്ടിരിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയും അംഗീകരിച്ചിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി ഡി പി) വളര്‍ച്ചയോ ശരാശരി ആളോഹരി വളര്‍ച്ചയോ അല്ല വികസനത്തിന്റെ ലക്ഷ്യം. വികസനത്തിന്റെ ലക്ഷ്യം മനുഷ്യ ജീവിതത്തിന്റെ സര്‍വതോന്‍മുഖമായ വികസനമാണ്. ഇതിന് ഐക്യരാഷ്ട്രസഭയുടെ വികസന ഏജന്‍സി (യു എന്‍ ഡി എ) ചില മാനദണ്ഡങ്ങള്‍ വച്ച് ലോകരാഷ്ട്രങ്ങളുടെ സ്ഥാനം വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്നു. പുതുക്കിയ മാനദണ്ഡങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 119 ആണ്. മനുഷ്യ ജീവിതവികസനം സാധിക്കാനുള്ള ഒരു ഉപാധിയാണ് ഉല്‍പ്പാദനവികസനം. മനുഷ്യജീവിത വികസനം ഉല്‍പ്പാദന വികസനമാണെന്ന മറിച്ചുള്ള വാദം ഇന്ന് അംഗീകരിക്കപ്പെടുന്നില്ല.

'മനുഷ്യ ജീവിതവികസനത്തിന്റെ മാനദണ്ഡങ്ങള്‍ വച്ച് കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണെന്ന് മാത്രമല്ല, ചൈനയെക്കാളും ദക്ഷിണകൊറിയയെക്കാളും മുന്നിലുമാണ്. മനുഷ്യ ജീവിത വികസനത്തില്‍ കേരളം വികസിതരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.' (ലോകബാങ്ക് റിപ്പോര്‍ട്ട് 2003, പേജ് 34, ഏഷ്യന്‍ വികസനബാങ്കിന്റെ കേരളത്തിന്റെ എയ്ഡഡ് മെമ്മോറാണ്ടം-പേജ്4). കേരളം ഈ നേട്ടം കൈവരിച്ചത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലും ശരാശരി ആളോഹരി വരുമാനത്തിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളെക്കാള്‍ പുറകിലായിരുന്നപ്പോഴാണ് എന്നതാണ് വസ്തുത. അതാണ് കേരള വികസന മാതൃകയെ ലോകത്തിന് തന്നെ 'മാതൃക'യാക്കി മാറ്റുന്നത്.

ഈ നേട്ടങ്ങളുടെ കാരണങ്ങള്‍ എന്തൊക്കെയാണ്? ഒന്ന്, സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം. ലോകബാങ്ക് റിപ്പോര്‍ട്ടിലും മറ്റും പറയുന്നപോലെ, ഇത് നടപ്പിലാക്കുന്നതില്‍ തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടിത പ്രസ്ഥാനത്തിന്റെ പങ്ക് സുപ്രധാനമാണ്. രണ്ട്, സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം, പ്രത്യേകിച്ച് കുട്ടികള്‍ താമസിക്കുന്നതിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രാഥമിക വിദ്യാലയങ്ങള്‍. മൂന്ന്, സൗജന്യ പൊതുജനാരോഗ്യ പരിപാടി സാര്‍വത്രികമാക്കി. നാല്, ശക്തമായൊരു പൊതുവിതരണ സമ്പ്രദായം. അഞ്ച്, തൊഴിലാളികളുടെയും കൃഷിക്കാരുടെയും ശക്തമായ സംഘടിത പ്രസ്ഥാനങ്ങള്‍. ആറ്, പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വിടവ് മിക്കവാറും ഇല്ലാതായ അവസ്ഥ. ഈ വികസനത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുള്ളത് എന്തൊക്കെയാണ്? ഡോ. അമര്‍ത്യസെന്‍, അദ്ദേഹത്തിന്റെ ലേഖനത്തിലും ഏഷ്യന്‍ വികസനബാങ്കിന്റെ കേരളത്തിന്റെ എയ്ഡഡ് മെമ്മോറാണ്ടത്തിലും പറയുന്ന ഒരു കാര്യം, കേരളം സാമ്പത്തിക വികസനത്തില്‍ പുറകിലാണെന്നാണ്. ഇത് കേരള വികസനത്തിന്റെ മുന്നോട്ടുളള പോക്കിന് തടസമായി തീരും. അപ്പോള്‍ ഇന്നുള്ള നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അത് മുന്നോട്ടുകൊണ്ടു പോകാന്‍ ഉതകുന്നതരത്തില്‍ പ്രധാന സാമ്പത്തിക മേഖലകളുടെ വികസനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നാണ് പരിശോധിക്കേണ്ടത്.

കാര്‍ഷിക മേഖലയില്‍ റബര്‍ ഒഴികെ, നെല്ലിന്റെ കാര്യത്തിലായാലും പച്ചക്കറികളുടെ കാര്യത്തിലായാലും നമ്മുടെ ആവശ്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ പിന്നിലാണ്. കാര്‍ഷികരംഗത്ത് ഉല്‍പ്പാദന വര്‍ധനവിന് കൂടിയാണ് കാര്‍ഷിക പരിഷ്‌കരണ നിയമം നടപ്പിലാക്കിയത്. ആ നിയമം പുനപ്പരിശോധനയ്ക്ക് വിധേയമാക്കണ്ടതുണ്ടോ? കാര്‍ഷിക നിയമം അതിന്റെ അടിസ്ഥാന സമീപനത്തില്‍ മാറ്റം വരുത്തി, വന്‍കിട തോട്ടം ഉടമകള്‍ക്ക് അനുയോജ്യമായ രീതിയിലാക്കണമെന്ന നിര്‍ദേശമുണ്ട്. കേരളത്തിലെ തൊഴിലാളികളുടെ സംഘടിത ശക്തി പരിഗണിച്ചാണ് തോട്ടങ്ങളെ പരിധിയില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ ഇന്ന് ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വന്‍കിട തോട്ടങ്ങളെക്കാള്‍ ചെറിയ തോട്ടങ്ങളാണ് മുന്നിലെന്ന് തെളിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കണമോ എന്ന് പരിശോധിക്കേണ്ടതാണ്. ജല വിഭവശേഷി വികസനത്തില്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കഴിഞ്ഞകാലത്തെ കാര്‍ഷികരംഗത്തെ പ്രവര്‍ത്തനാനുഭവം വളരെ മോശമായിരുന്നു. കടഭാരംകൊണ്ട് കൃഷിക്കാര്‍ ആത്മഹത്യ ചെയ്തിരുന്നു. അത്, അവസാനിപ്പിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടാണ്. വീണ്ടും യു ഡി എഫ് സര്‍ക്കാര്‍ വന്നതോടെ കര്‍ഷക ആത്മഹത്യകള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇതിനകം ഏഴ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എങ്ങനെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ സാധിച്ചുവെന്ന് പരിശോധിച്ച്, പുതിയ സാഹചര്യത്തിനനുസരിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. കര്‍ഷകരുടെ ആത്മഹത്യ സത്യവിരുദ്ധമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രശ്‌നത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, കണ്ണടച്ച് ഇരിട്ടാക്കലാണ്.

കാര്‍ഷിക മേഖലയില്‍ 20 ശതമാനം കൃഷിയിടങ്ങളില്‍ മാത്രമേ ജലസേചന സൗകര്യമുള്ളു. സംസ്ഥാനത്തെ ജലവിഭവശേഷിയുടെ മാനേജ്‌മെന്റില്‍ അടിന്തര ശ്രദ്ധ കേന്ദ്രീകരിക്കണം. തോടുകളുടെയും നദികളുടെയും കരകള്‍ സംരക്ഷിച്ച് ആവശ്യമായ ചെക്ക്ഡാമുകള്‍ ഉണ്ടാക്കിയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം ഉണ്ടാക്കിയും ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില നല്‍കി സംഭരിക്കാനുള്ള സംവിധാനം അടിയന്തരമായി ഉണ്ടാക്കണം. പച്ചക്കറി കൃഷി അഭിവൃത്തിപ്പെടുത്തുകയും കര്‍ഷകരില്‍ നിന്നും അവ സംഭരിക്കാനും ന്യായമായ വിലയ്ക്ക് വില്‍പ്പനനടത്താനുമുള്ള ഒരു കമ്പോളം സൃഷ്ടിക്കണം. ഇതിനാവശ്യമായ ശീതീകരിച്ച സംഭരണശാലകള്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിര്‍മിക്കണം. ഇടുക്കി തുടങ്ങിയ കിഴക്കന്‍ മേഖലകളിലെ ശീതകാല പച്ചക്കറികളുടെ കൃഷിവിപുലമാക്കണം. അത് സംഭരിക്കാനും പട്ടണങ്ങളിലെ വിപണന കേന്ദ്രങ്ങളിലെത്തിക്കാനും ആധുനിക സംവിധാനം വേണം. ഇതുപോലെതന്നെ കാര്‍ഷിക മേഖലയില്‍ കേരളത്തിനനുയോജ്യമായ രീതിയില്‍ വന്‍തോതിലുള്ള യന്ത്രവല്‍ക്കരണവും ആരംഭിക്കണം.

കേരളത്തിന്റെ വികസനത്തിന് മൃഗസംരക്ഷണ ക്ഷീരവികസന രംഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പാലിന്റെയും മുട്ടയുടെയും മറ്റും കാര്യത്തില്‍ സ്വയംപര്യാപ്തത സാധ്യമാണ്. 1980 മുതല്‍ 2001 വരെ എല്‍ ഡി എഫ് സര്‍ക്കാരുകളുടെ കാലത്ത് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പാലിന്റെ കാര്യത്തില്‍ ചരിത്രത്തിലാദ്യമായി ആവശ്യത്തിലധികം ഉല്‍പ്പാദനം ഉണ്ടായി. 2000 ല്‍ കേരളത്തില്‍ പാലിന്റെ ആവശ്യം 24 ലക്ഷം ടണ്‍ ആയിരുന്നു. അന്ന് ഉല്‍പ്പാദനം 27 ലക്ഷം ടണ്ണായി. അങ്ങനെയാണ് അരൂരില്‍ ഒരു പാല്‍പൊടി നിര്‍മാണ ഫാക്ടറി സ്ഥാപിച്ചത്. 2001 മുതല്‍ 2006 വരെയുള്ള യു ഡി എഫ് ഭരണകാലത്ത് പാലിന്റെ ഉല്‍പ്പാദനം കുറഞ്ഞ്, 2006 ല്‍ 20 ലക്ഷം ടണ്ണായി താഴ്ന്നു. മുട്ട ഉല്‍പ്പാദനവും കാര്യത്തിലും എല്‍ ഡി എഫ് ഭരണത്തില്‍ വര്‍ധിപ്പിക്കാനായി. കേരളത്തിന്റെ ആവശ്യത്തിന്റെ പകുതി ഇവിടെ ഉല്‍പ്പാദിപ്പിക്കാനായി. ഇതും കഴിഞ്ഞ യു ഡി എഫ് കാലത്ത് ഗണ്യമായി കുറഞ്ഞു. ശ്രദ്ധാപൂര്‍വം പരിശ്രമിച്ചാല്‍ പാലും മുട്ടയും ഇറച്ചിയും കേരളത്തിന്റെ ആവശ്യത്തിന് ഇവിടെ ഉല്‍പ്പാദിപ്പിക്കാനാവുമെന്നാണ് അനുഭവം.

വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും സംരക്ഷിക്കേണ്ടതും വികസിപ്പിക്കേണ്ടതുമാണ്. നിയന്ത്രണമില്ലാതെ സി ബി എസ് ഇ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനാല്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരുന്നു. സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളിലെ സിലബസും പഠനമാധ്യമവും സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് തുല്യമാക്കിയാല്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. കാരണം സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളില്‍ ഫീസ് സൗജന്യവും ഉച്ചഭക്ഷണ പരിപാടിയും സാധാരണ കുടുംബങ്ങളിലെ കുട്ടികളെ നിലനിര്‍ത്താനും സഹായിക്കും.

പൊതുവിതരണരംഗം തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബി പി എല്‍ - എ പി എല്‍ വിഭജനവും മണ്ണെണ്ണയുടെയും പഞ്ചാരയുടെയും വിതരണം വെട്ടിക്കുറച്ചതും കേരളത്തിലെ റേഷന്‍ സംവിധാനം തകരാറിലാക്കിയിരിക്കുകയാണ്. ഈ നയങ്ങളെ ശക്തിയായി എതിര്‍ക്കുന്നതിനൊപ്പം പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തണം. പൊതുവിതരണ സമ്പ്രദായത്തിന്റെ പരിധിയില്‍ ഭക്ഷ്യഎണ്ണയും പലവ്യജ്ഞനങ്ങളും പച്ചക്കറികളുമെല്ലാം ഉള്‍പ്പെടുത്തണം. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കി പൊതുവിതരണ സംവിധാനം ശക്തവും വ്യാപകവുമാക്കണം.

പൊതുജനാരോഗ്യരംഗത്തെ ഏറ്റവും വലിയ പ്രശ്‌നം മലിനീകരണമാണ്. പല രോഗങ്ങളും വ്യാപകമാവുന്നതിന് ഈ മലിനീകരണം കാരണമായിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യപരിപാലനത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മാലിന്യസംസ്‌ക്കരണത്തിന് അടിയന്തര നടപടികളുണ്ടാവണം.

ഗതാഗതരംഗത്ത് കേരളം ഇനിയും ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് ജലഗതാഗത മാര്‍ഗം. സംസ്ഥാനത്തെ ജലഗതാഗതത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
വ്യവസായ വികസനത്തില്‍ എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും സമീപനങ്ങള്‍ വ്യത്യസ്ഥമാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ആര്‍ സി ചൗധരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പന നടത്താനും അടച്ചുപൂട്ടാനും തുടങ്ങിയിരുന്നു. പൊതുമേഖലയോടുള്ള അവരുടെ നയം മിക്ക പൊതുമേഖലാ സ്ഥാപനങ്ങളെയും നഷ്ടത്തിലാക്കി. അതേസമയം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഇത് മാറ്റിമറിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കി. പൊതുമേഖലയെ ശക്തിപ്പെടുത്താനും സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും സാധിക്കണം. വ്യവസായങ്ങളില്‍ സംരക്ഷണമേഖലകള്‍ പ്രഖ്യാപിച്ച് തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന തൊഴിലാളി പ്രസ്ഥാനത്തിന് സംഘടിക്കാനുള്ള അവകാശം നിലനിര്‍ത്തണം. ആസൂത്രണ ബോര്‍ഡിന്റെ കരട് സമീപനരേഖയില്‍ കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തെ സംബന്ധിച്ച് വ്യക്തമായൊരു ദീശാബോധം നല്‍കുന്നില്ല.
വിനോദസഞ്ചാര വികസനത്തില്‍ ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അതില്‍ പ്രധാനം ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പരിമിതികള്‍ കണക്കിലെടുത്ത് താങ്ങാനാവുന്ന തരത്തിലുള്ള വികസനം മാത്രമേ നടപ്പാക്കാവൂ. എക്കോ ടൂറിസം വികസനത്തിന് കേരളത്തില്‍ അനന്തമായ സാധ്യതകള്‍ ഉണ്ട്. വിദേശ വിനോദസഞ്ചാര വികസനത്തിനൊപ്പം ആഭ്യന്തര വിനോദസഞ്ചാര വികസനത്തെയും പ്രോത്സാഹിപ്പിക്കണം.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇനി എങ്ങോട്ട് പോകണമെന്ന ചില സൂചനകള്‍ മാത്രമാണ് ഈ കുറിപ്പില്‍. ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 15 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരളത്തിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖ ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖയെക്കുറിച്ചുള്ള സമഗ്രമായൊരു ചര്‍ച്ച ഈ കുറിപ്പില്‍ ബാധകമല്ലെങ്കിലും പദ്ധതിയുടെ സമീപനത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണിവിടെ. അടുത്ത പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കുമ്പോള്‍ കേരളം ഇതുവരെ ആര്‍ജിച്ച മുഖ്യനേട്ടങ്ങള്‍ നിലനിര്‍ത്താനും വികസിപ്പിക്കാനും കോട്ടങ്ങള്‍ പരിഹരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കണം.
കേരളം നിലനിര്‍ത്തേണ്ടതും വികസപ്പിക്കേണ്ടതുമായ പ്രധാനനേട്ടം എന്താണ്?