Sunday, November 27, 2011

വേറൊരു മതത്തെപ്പറ്റി

കുറച്ചുനാള്‍ മുമ്പ് റാഞ്ചിയില്‍ നിന്നുവന്ന ഒരു വാര്‍ത്ത ശരിക്കും നടുക്കി. അതുപോലെ ദാരുണവും ഭയങ്കരവുമായ ഒരു കൊലപാതകത്തിന്റെ കഥ അടുത്തൊന്നും നാം കേട്ടിട്ടില്ല. ഒറ്റയ്ക്കു പാര്‍ക്കുന്ന ഒരു സിസ്റ്ററെ വിളിച്ചുണര്‍ത്തി അക്രമികള്‍ തല്ലിക്കൊല്ലാറാക്കി വെടിവച്ചു വധം പൂര്‍ത്തിയാക്കി. വധഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു അവര്‍. പൊലീസിനെയും കാക്കനാട്ടുള്ള സഹോദരനെയും മറ്റും അടുത്തിടെ അറിയിക്കുകയും ചെയ്തു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് എന്ന കോണ്‍ഗ്രഗേഷനില്‍പെട്ടവരാണ് ഇവര്‍. ഇപ്പോഴാണ് സ്ഥലത്തെ കത്തോലിക്കാപള്ളി വക്താവ് വായ തുറന്നത്. കേരളത്തിലെ കത്തോലിക്കാ ബിഷപ്‌സ് കൗണ്‍സില്‍ സന്യാസിനിയുടെ കൊലപാതകത്തില്‍ 'അഗാധമായ ദുഃഖം' പ്രകടിപ്പിച്ചു. ആരും ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയുന്ന പതിവുവാചകങ്ങള്‍. പത്രം വായിക്കുന്ന നമുക്ക് അവരെ സഭ ഒറ്റയ്ക്ക് അനാഥയായിട്ടല്ലേ വിട്ടതെന്ന സംശയം തോന്നാതിരിക്കില്ല.
സേവനത്തിന് സമര്‍പ്പിച്ച ഒരു സംഘമാണ് ചാരിറ്റി ഓഫ് ജീസസ്. സിസ്റ്റര്‍ വല്‍സ ജോണ്‍ കാണിച്ച അസാമാന്യമായ ധീരതയും പാവങ്ങളോടുള്ള വലിയ സ്‌നേഹവുമാണ് കുരിശിന്റെ യഥാര്‍ഥമായ അടയാളം. അതുണ്ടെങ്കില്‍ മതം അവിടെയുണ്ട്. അതില്ലെങ്കില്‍ മറ്റെന്തെല്ലാം പരിവാരങ്ങളെ കൂട്ടുപിടിച്ചു വന്നാലും ഫലമില്ല. സഭയും ബിഷപ്പുമാരും എല്ലാം പൂജ്യരായിരിക്കും. ഒരു തരത്തില്‍ പൂജ്യങ്ങളുമാണ്. പൂജ്യം എന്ന അവസ്ഥ വിട്ട് പൂജ്യര്‍ എന്ന പദവി നേടാന്‍ വേഷപ്പകിട്ടോ ധനമോ വിശ്വാസികളെ കീഴ്‌പ്പെടുത്തുന്ന ആചാരനിയമങ്ങളോ ഒന്നും പോരാ. രക്തസാക്ഷിത്വത്തിന്റെ ചെന്നിറം മനസ്സിലുണ്ടായിരിക്കണം. എല്ലാ മതങ്ങളും ലക്ഷ്യം കാണാതെ പൗരോഹിത്യത്തിന്റെ പിടുത്തത്തില്‍പെട്ട് കഷ്ടപ്പെടുകയാണ്. ക്രിസ്തുമതം മാത്രം എത്തിച്ചേര്‍ന്ന ദുരവസ്ഥയല്ല ഇത്.

സിസ്റ്റര്‍ വല്‍സാജോണ്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം വിട്ടതും കൂടുതല്‍ സുഖകരമായ ജോലിയോ ജീവിതസുഖമോ ആഗ്രഹിച്ചല്ല. ജാര്‍ഖണ്ഡിലെ ആദിവാസികളായ സാന്തളുകളെ അവിടുത്തെ വമ്പന്‍ കല്‍ക്കരിഖനികമ്പനികള്‍ ഇഷ്ടംപോലെ ദ്രോഹിച്ചുകൊണ്ടു കഴിയുന്നു. പാവങ്ങള്‍ക്കുവേണ്ടി പറയാന്‍ ആരുണ്ട്? പക്ഷെ, അവിടെ ഒരാള്‍ അവതരിച്ചു, അവര്‍ക്കുവേണ്ടി ജീവാര്‍പ്പണം പോലും ചെയ്യാന്‍ തയ്യാറായ ഒരു യുവസന്യാസിനി. അവിടെ നിന്ന് അനേകം സാന്തള്‍മാരെ മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി. കേരളത്തില്‍ പലേടങ്ങളിലും മാലിന്യപ്രശ്‌നങ്ങള്‍ കൊണ്ടും മറ്റും സമരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമരനേതാക്കള്‍ക്ക് ജീവാപായം നേരിടുന്ന ഒരു സ്ഥിതി ഒരിടത്തും ഉണ്ടായിട്ടില്ല. ജാര്‍ഖണ്ഡില്‍ ഇങ്ങനെയൊരു ഏകാംഗസമരം നടത്താന്‍ കോണ്‍ഗ്രഗേഷനിലെ ആരെങ്കിലുമോ സഭാനേതാക്കളോ മുന്നോട്ടുവരുമോ? പ്രയാസമാണ്.

അവിടെയാണ് മതത്തിന്റെ സ്വാധീനം ആത്മാവില്‍ നിറഞ്ഞവര്‍ അവരെയെല്ലാം പരാജയപ്പെടുത്തുന്നത്. സമരം എന്താകുമെന്നൊന്നും ചിന്തിച്ചു ക്ലേശിക്കാതെ, മുന്നോട്ടുവച്ച ത്യാഗത്തിന്റെ കാല്‍ പിന്‍വലിക്കാന്‍ കൂട്ടാക്കാത്ത അസാധാരണ ധീരത പ്രകടിപ്പിക്കാന്‍ ഈ മതത്തിന്റെ ബാധ അവരെ ശക്തരാക്കുന്നു. ക്രൈസ്തവസഭകളില്‍ ആകെ തിരഞ്ഞുനോക്കിയാല്‍ ഇതുപോലെ വേറൊരു വ്യക്തിയെ കാണുകയില്ല. ഇത് ഒരേ സമയത്ത് ക്രൈസ്തവസഭകള്‍ക്ക് അഭിമാനകരവും അപമാനകരവുമായ ഒരവസ്ഥയാണ്. ഒരാളെങ്കിലും ഉണ്ടായല്ലോ എന്നത് തീര്‍ത്തും അഭിമാനകരമായ നിലയാണ്. മറ്റൊരാളും ഇല്ലെന്ന് വന്നത് അപമാനകരമാണെന്ന് പെട്ടെന്ന് തോന്നിക്കൂടായ്കയില്ല. പക്ഷെ, അത്തരത്തില്‍ വ്യക്തികള്‍ പഴുത്ത ഫലങ്ങള്‍ പോലെ മരങ്ങളില്‍ നിന്ന് തൂങ്ങിക്കിടക്കുകയില്ല. ആള്‍ ഉണ്ടായല്ലോ എന്നതുതന്നെ ആശ്വാസം.

ഈ സംഭവത്തിന്റെ യഥാര്‍ഥമഹത്വം എന്താണെന്ന് മതമേലധ്യക്ഷന്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്ന് കണ്ടപ്പോള്‍ ഖേദം തോന്നി. കേരള കത്തോലിക്കാ ബിഷപ്‌സ് കൗണ്‍സിലിന്റെ ഈ അഭിമാനനിമിഷത്തില്‍ പ്രസ്താവിക്കാന്‍ തോന്നിയത് പ്രസ്താവിക്കാന്‍ പാടില്ലാത്തതാണ്. ക്രൈസ്തവസേവനപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ മുതിരുന്ന ചില ശക്തികളോട് സമരം ചെയ്യുന്നതില്‍ ബിഷപ്‌സ് കൗണ്‍സിലിലും സമൂഹവും യോജിച്ചു നില്‍ക്കണം എന്ന് സിസ്റ്ററെ നിസ്സഹായയായി ഒറ്റയ്ക്ക് താമസിപ്പിച്ചതു മൂലം തങ്ങള്‍ വരുത്തിയ തെറ്റ് തുറന്നുപറയാന്‍ ആര്‍ച്ച്ബിഷപ്പുമാര്‍ക്ക് കഴിഞ്ഞില്ല. സമുദായസ്പര്‍ധ ഉണ്ടാക്കാന്‍ വഴിയൊരുക്കുന്ന ഒരു പ്രസ്താവനയാണ് ഇത്. കല്‍ക്കരിഖനി കമ്പനികളെയോ കല്‍ക്കരി ഖനിമാഫിയയോ കുറ്റപ്പെടുത്താനുള്ള തന്റേടം കെ സി ബി സി നേതൃത്വത്തിന് കാണിക്കാനായില്ല. പൊലീസ് പോലും കല്‍ക്കരിഖനി ശക്തികളെ കുറ്റപ്പെടുത്തിക്കഴിഞ്ഞു.

ഒരു നല്ല ജീവിതം നയിക്കുന്നതിന് ഒരുപാട് വില കൊടുക്കേണ്ടി വരുന്നു. അന്നും ഇന്നും എന്നും അതങ്ങനെയാണ്. ഇപ്രകാരം ബുദ്ധിമുട്ട് നേരിടാന്‍ മതവിശ്വാസികള്‍ക്കു പോലും സാധ്യമല്ല എന്ന പാഠമാണ് ഈ സംഭവത്തില്‍ നിന്ന് നാം പഠിക്കുന്നത്. ഇല്ലാത്ത സമുദായസ്പര്‍ധയുടെ കരിനിഴല്‍ ചൂണ്ടിക്കാണിച്ച് വിശ്വാസികളുടെ ശ്രദ്ധ തിരിക്കാന്‍ കഴിഞ്ഞെന്നു വരും. പക്ഷെ, യഥാര്‍ഥ മതത്തിന്റെ താല്‍പര്യത്തിന് ഹാനികരമാണ് ഈ നീക്കം. വാഴക്കാലയിലെ മലയേല്‍വീട്ടില്‍ സിസ്റ്ററിന്റെ ഭീകരമായ വധം സങ്കടം നിറച്ചിരിക്കുമ്പോഴും യഥാര്‍ഥ ക്രൈസ്തവമഹിമയുടെ മാതൃകയായി ജീവിച്ച ഈ സിസ്റ്ററിന്റെ ഓര്‍മ അവരുടെ മനസ്സില്‍ ഒടുങ്ങാത്ത സംതൃപ്തി ഉളവാക്കിയിരിക്കും.

മതം ആവശ്യപ്പെടുന്ന വില നല്‍കാനാകാത്ത വിശ്വാസികള്‍ തങ്ങളുടെ കൈവശമുള്ള വിലയേ മതത്തിനുള്ളൂവെന്ന് കരുതുന്നു. മതം ഏറ്റവും വിലയിടിഞ്ഞ വസ്തുവായിത്തീരാന്‍ കാരണം ഈ വിലപ്രശ്‌നമാണ്. താന്‍ നേരിടുന്ന വന്‍ പ്രശ്‌നവും വിലപ്രശ്‌നമാണെന്ന് മന്‍മോഹന്‍സിംഗ് പറയുമ്പോള്‍ അദ്ദേഹത്തെ നമ്മുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ വയ്യ.

*
സുകുമാര്‍ അഴീക്കോട് ജനയുഗം 27 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കുറച്ചുനാള്‍ മുമ്പ് റാഞ്ചിയില്‍ നിന്നുവന്ന ഒരു വാര്‍ത്ത ശരിക്കും നടുക്കി. അതുപോലെ ദാരുണവും ഭയങ്കരവുമായ ഒരു കൊലപാതകത്തിന്റെ കഥ അടുത്തൊന്നും നാം കേട്ടിട്ടില്ല. ഒറ്റയ്ക്കു പാര്‍ക്കുന്ന ഒരു സിസ്റ്ററെ വിളിച്ചുണര്‍ത്തി അക്രമികള്‍ തല്ലിക്കൊല്ലാറാക്കി വെടിവച്ചു വധം പൂര്‍ത്തിയാക്കി. വധഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു അവര്‍. പൊലീസിനെയും കാക്കനാട്ടുള്ള സഹോദരനെയും മറ്റും അടുത്തിടെ അറിയിക്കുകയും ചെയ്തു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് എന്ന കോണ്‍ഗ്രഗേഷനില്‍പെട്ടവരാണ് ഇവര്‍. ഇപ്പോഴാണ് സ്ഥലത്തെ കത്തോലിക്കാപള്ളി വക്താവ് വായ തുറന്നത്. കേരളത്തിലെ കത്തോലിക്കാ ബിഷപ്‌സ് കൗണ്‍സില്‍ സന്യാസിനിയുടെ കൊലപാതകത്തില്‍ 'അഗാധമായ ദുഃഖം' പ്രകടിപ്പിച്ചു. ആരും ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയുന്ന പതിവുവാചകങ്ങള്‍. പത്രം വായിക്കുന്ന നമുക്ക് അവരെ സഭ ഒറ്റയ്ക്ക് അനാഥയായിട്ടല്ലേ വിട്ടതെന്ന സംശയം തോന്നാതിരിക്കില്ല.