Wednesday, November 16, 2011

"ലേഖയുടെ മരണ"വും വിവാദങ്ങളും

ആദ്യഭാഗങ്ങള്‍ ഇവിടെ

യവനികയിലേക്ക് എത്തും മുമ്പ് കോലങ്ങള്‍(1981) എന്ന സിനിമയെ കുറിച്ച് പറയണം. വളരെ ഈസിയായി ചെയ്ത സിനിമയായിരുന്നു കോലങ്ങള്‍ . ഇന്ത്യന്‍ പനോരമയിലും ഫ്രാന്‍സ് മേളയിലും വലിയ പ്രശംസ നേടി. ഡി ഫിലിപ്പായിരുന്നു നിര്‍മാതാവ്. അദ്ദേഹം തന്നെയാണ് പി ജെ ആന്‍റണിയുടെ കഥയും ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന പേരില്‍ പി ജെ ആന്‍റണി എഴുതിയ കഥയാണ് കോലങ്ങള്‍ എന്ന പേരില്‍ സിനിമയായത്. ഇതേ കഥ പി ജെ ആന്‍റണി തന്നെ നാടകമാക്കിയപ്പോള്‍ പേര് മൂന്ന് പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്നായിരുന്നു. പി ജെ ആന്‍റണിയുമായി അടുത്ത് പരിചയപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. മദ്രാസില്‍ ഏതോ ചിത്രത്തിന്റെ ജോലി നടക്കുമ്പോള്‍ പി ജെ ആന്‍ണി സ്റ്റുഡിയോയിലേക്ക് വന്നതും അദ്ദേഹത്തെ ഞാന്‍ വിഷ് ചെയ്തതും ഓര്‍ക്കുന്നു. പെരിയാര്‍ എന്ന ചിത്രത്തിെന്‍റ ഡബ്ബിങ്ങിനാണ് അദ്ദേഹം മദ്രാസില്‍ വന്നതെന്നാണ് ഓര്‍മ. അദ്ദേഹം എന്റെ ചിത്രത്തിലൊന്നും അഭിനയിച്ചിട്ടില്ല. അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ മേരി എവിടെയോ എഴുതിയിരുന്നു. കോലങ്ങളുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അദ്ദേഹത്തിന് അസുഖമായി. രൂപമൊക്കെ മാറിപ്പോയിരുന്നു. സിനിമ കാണാന്‍ പിജെ ആന്‍ണിക്ക് കഴിഞ്ഞില്ല. ചിത്രം ഇറങ്ങുന്നതിന് മാസങ്ങള്‍ മുമ്പാണ് അദ്ദേഹം മരിച്ചത്.

മധ്യതിരുവിതാംകൂര്‍ ഗ്രാമത്തിലെ കൃസ്ത്യാനികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് കോലങ്ങളിലുടെ ദൃശ്യവല്‍ക്കരിച്ചത്. ആന്‍റണിയുടെ കഥക്ക് ഞാന്‍ തന്നെയാണ് തിരക്കഥയെഴുതിയത്. തിരക്കഥാ രചനക്ക് മുമ്പ് അദ്ദേഹവുമായി ചര്‍ച്ചയൊന്നും ആവശ്യമായി വന്നില്ല. എനിക്കും പരിചയമുള്ള പശ്ചാത്തലമാണല്ലോ കഥയിലേത്. ഗ്രാമീണ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യത്തിലേക്കാണ് പി ജെ ആന്‍റണിയുടെ കഥ തുറന്നുവച്ചിരുന്നത്. വര്‍ണങ്ങള്‍ ചേര്‍ത്ത് അതിശയോക്തിപരമായി അവതരിപ്പിച്ചിരുന്ന ഗ്രാമക്കാഴ്ചകള്‍ പരിചയിച്ച പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായി കോലങ്ങള്‍ . ആ വര്‍ഷം എം ടി - കെ എസ് സേതുമാധവന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഓപ്പോള്‍ ആയിരുന്നു മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത്. രണ്ടാമത്തെ ചിത്രം ജോണ്‍പോള്‍ തിരക്കഥയെഴുതിയ ഭരതെന്‍റ ചാമരം. കോലങ്ങളിലെ അഭിനയത്തിന് രാജം കെ നായര്‍ക്ക് മികച്ച രണ്ടാമത്തെ സഹനടിക്കുള്ള അവാര്‍ഡ് മാത്രമാണ് കിട്ടിയത്. കോലങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെട്ടില്ലെന്ന അഭിപ്രായം പലര്‍ക്കുമുണ്ടായിരുന്നു. ജൂറിയില്‍ അംഗമായിരുന്നെങ്കില്‍ കോലങ്ങള്‍ക്ക് അവാര്‍ഡ് കൊടുക്കുമായിരുന്നുവെന്ന് തിരക്കഥാകാരന്‍ ജോണ്‍പോള്‍ അഭിപ്രായപ്പെട്ടത് അന്ന് വിവാദമായി. കെ എസ് സേതുമാധവനും ഭരതനുമൊക്കെ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഫ്രാന്‍സിലെ മേളയില്‍ അക്കൊല്ലം അടൂരും മങ്കരവിവര്‍മയുമൊക്കെ ഉള്‍പ്പെടെ വലിയ സംഘം പോയിരുന്നു. കോലങ്ങള്‍ അവിടെയും പ്രശംസ നേടി.

വിദേശ ചലച്ചിത്ര മേളകളെ കുറിച്ച് പറയുമ്പോള്‍ ഫ്രാന്‍സ് കൂടാതെ ലണ്ടന്‍ , കാനഡ എന്നിവിടങ്ങളിലാണ് ഞാന്‍ പോയിട്ടുള്ളത്. ലണ്ടന്‍ മേളയില്‍ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് വളരെ ശ്രദ്ധ നേടി. അടൂരിന്റെ എലിപ്പത്തായത്തിന് ശേഷം ലണ്ടന്‍ മേളയിലേക്ക് ക്ഷണിക്കപ്പെട്ട ചിത്രമായിരുന്നു. അവര്‍ നല്‍കിയ അംഗീകാരം വിലപ്പെട്ടതായി കണക്കാക്കുന്നു. സിനിമാ നഗരമായ കോടാമ്പക്കത്തെ സിനിമാക്കാരുടെ കഥ പറയുന്ന ഫ്ളാഷ്ബാക്കില്‍ വരച്ചിട്ട ഇന്ത്യന്‍ സോഷ്യോളജിയാണ് ആ സിനിമയില്‍ വിദേശീയരെ ആകര്‍ഷിച്ചത്. നടീനടന്മാര്‍ , അവരുടെ പരസ്പര ബന്ധം, സമൂഹത്തിലുള്ള പദവി എല്ലാം ചിത്രത്തില്‍ സൂക്ഷ്മമായി ആവിഷ്കരിച്ചിട്ടുണ്ട്. യവനിക സോവിയറ്റ് യൂണിയനിലെ പ്രധാന ഫെസ്റ്റിവലിന് പോയിരുന്നു. അന്ന് പക്ഷേ ഞാന്‍ പോയില്ല. ആദാമിന്റെ വാരിയെല്ല് വടക്കേയിന്ത്യയിലെ മേളകളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ചിത്രമായിരുന്നു. സിനിമ ചെയ്തു കഴിഞ്ഞ് ഫെസ്റ്റിവലുകള്‍ തോറും കൊണ്ട് നടക്കുന്ന ശീലം പണ്ടേയില്ല. ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അത് മറന്ന് അടുത്തതിലേക്ക് പോകുന്നതാണ് എെന്‍റ രീതി. സിനിമ കണ്ട് ആരെങ്കിലും നന്നായി എന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കും.

ഹെന്‍റി ഫെര്‍ണാണ്ടസ് വന്ന് നാടക പശ്ചാത്തലത്തിലുള്ള കഥ സിനിമയാക്കാന്‍ തീരുമാനിച്ചതോടെ യവനിക(1982) എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എനിക്ക് ഏറ്റവും കൂടുതല്‍ അംഗീകാരവും പ്രശസ്തിയുമൊക്കെ നേടിത്തന്ന ചിത്രം ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് ആണെങ്കിലും കൂടുതല്‍ അടുപ്പം തോന്നിയിട്ടുള്ളത് യവനികയോടാണ്. നാടകവുമായി എനിക്കുണ്ടായിരുന്ന അടുപ്പം തന്നെയാണ് അതിന് കാരണം. നാടകവും നാടകക്കാരെയും കണ്ട് വളര്‍ന്ന വ്യക്തി എന്ന നിലയിലാണ് ആ അടുപ്പം. നാടകത്തില്‍ അഭിനയിച്ചിട്ടില്ല. ജീവിതം ശരിക്ക് കണ്ട് പഠിച്ചത് നാടകത്തില്‍ നിന്നാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് നാടകവുമായുള്ള സഹവാസം തുടങ്ങിയത്. അന്ന് ചങ്ങനാശേരിയിലാണ് താമസം. വീടിന്റെ തൊട്ടടുത്താണ് ചാച്ചപ്പന്‍ എന്നയാളുടെ ഗീഥാ തീയറ്റേഴ്സിന്റെ കളരി. അവര്‍ നാടകം പഠിക്കുമ്പോള്‍ കാഴ്ചക്കാരനായി കളരിയില്‍ പോയിരിക്കാറുണ്ടായിരുന്നു. നാടകക്കാരുടെ ജീവിതം അടുത്തുകാണാന്‍ അത് അവസരമൊരുക്കി. ഗീഥാ തീയറ്റേഴ്സിനൊപ്പം യാത്ര ചെയ്ത് പലയിടത്തും പോയിട്ടുമുണ്ട്. ആ ട്രൂപ്പിന്റെ ഉടമ ചാച്ചപ്പെന്‍റ തനിപ്പകര്‍പ്പാണ് യവനികയില്‍ തിലകന്‍ അവതരിപ്പിച്ച വക്കച്ചന്‍ മുതലാളി എന്ന കഥാപാത്രം. തിലകനും കാലടി ഓമനയുമൊക്കെ ഗീഥ തീയറ്ററില്‍ അംഗങ്ങളായിരുന്നു.

തബലിസ്റ്റ് അയ്യപ്പെന്റെ നാടക ലോകവും കലാകാരന്‍ എന്ന നിലയില്‍ കുത്തഴിഞ്ഞ ജീവിതവും അയ്യപ്പെന്‍റ തിരോധാനത്തെ തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് യവനികയുടെ ഇതിവൃത്തം. അന്ന് എന്റെ പ്രൊഡക്ഷന്‍ മാനേജര്‍മാരായിരുന്ന ലത്തീഫനായിരുന്നു നിര്‍മാണ നിര്‍വ്വഹണ ചുമതല. ഒരു ടൂറിങ് ടാക്കീസിന്റെ കഥയായിരിക്കും സിനിമ എന്ന് ഉറപ്പിച്ചതല്ലാതെ കഥയൊന്നും രൂപപ്പെട്ടിരുന്നില്ല. കഥയിലേക്കെത്തിയത് ലത്തീഫ് വഴിയാണ്. ഒരുപാട് നാടക കമ്പനികളുമായി ബന്ധമുണ്ടായിരുന്ന ആലപ്പുഴ ഉസ്മാന്‍ എന്നൊരു തബലിസ്റ്റിനെ കുറിച്ച് സംസാരത്തിനിടക്കെപ്പോഴോ ലത്തീഫ് പറഞ്ഞു. അയാളെ ഒരു സുപ്രഭാതത്തില്‍ കാണാതായി. പിന്നീടൊരിക്കലും തിരിച്ചെത്തിയുമില്ല. കേട്ടപ്പോള്‍ രസകരമായി തോന്നി. അത് വികസിപ്പിച്ചപ്പോള്‍ യവനികയായി. നാടക പശ്ചാത്തലമായിരുന്നതിനാല്‍ തിരക്കഥയെഴുതാന്‍ പ്രശസ്ത നാടകകാരന്‍ കെ ടി മുഹമ്മദിനെയാണ് ആദ്യം നിശ്ചയിച്ചത്. അന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന കെ ടി. സംഭാഷണമെഴുതാമെന്ന് ഏറ്റു. അതനുസരിച്ച് ചിത്രത്തിന്റെ ഷെഡ്യൂള്‍ തയ്യാറാക്കി. ഗോപി, നെടുമുടി, ജഗതി ശ്രീകുമാര്‍ എന്നിവരുടെ ഡേറ്റ് വാങ്ങി. പ്രധാന നടിക്ക് വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ അന്ന് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിരുന്ന ജലജയില്‍ അവസാനിച്ചു. ക്യാമറ രാമചന്ദ്ര ബാബു. സിനിമയുടെ സിറ്റ്വേഷനുകള്‍ വിശദമായി പറഞ്ഞപ്പോള്‍ ഗാനങ്ങള്‍ ഒഎന്‍വിയും സംഗീതം എംബിഎസും സന്തോഷത്തോടെ ഏറ്റു. അങ്ങനെ ചിത്രീകരണം തുടങ്ങി.

പലവിധ തിരക്കിനിടയില്‍ കെ ടിയുടെ തിരക്കഥ വൈകിയത് തുടക്കത്തില്‍ തന്നെ പ്രതിസന്ധിയായി. അതത് ദിവസം ചിത്രീകരിക്കാനുള്ളത് കൊടുത്തുവിടുകയായിരുന്നു അദ്ദേഹം. എന്റെതായ മാറ്റിയെഴുതല്‍ കൂടി വേണ്ടി വന്നതോടെ ചിത്രീകരണത്തിന് തടസം നേരിട്ടു. മുന്ന് ദിവസത്തെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ സംഗതി ശരിയാകില്ലെന്ന് തോന്നി. അന്ന് വൈകീട്ട് സിനിമയില്‍ സഹകരിക്കുന്ന മുഴുവന്‍ പേരെയും വിളിച്ച് കാര്യം പറഞ്ഞു. ചിത്രീകരണം നിറുത്തുകയാണ്. വിരോധമില്ലെങ്കില്‍ ഒരു മാസം കഴിഞ്ഞ് ഡേറ്റ് തരണമെന്ന് പറഞ്ഞപ്പോള്‍ ആരും എതിരഭിപ്രായം പറഞ്ഞില്ല. വലിയ തിരക്കുള്ളവരൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ആലപ്പുഴ ടിബിയില്‍ മുറിയെടുത്ത് കുറഞ്ഞ ദിവസംകൊണ്ട് തിരക്കഥയെഴുതി. സംഭാഷണമെഴുതാന്‍ ആള് വേണമെന്ന് ലത്തീഫിനോട് പറഞ്ഞു. അങ്ങനെ എസ്എല്‍ പുരം സദാനന്ദനെ കണ്ടെത്തി സംഭാഷണമെഴുതാന്‍ ഏല്‍പ്പിച്ചു. കൃത്യം ഒരുമാസത്തിനുള്ളില്‍ അദ്ദേഹം ജോലി പൂര്‍ത്തിയാക്കി. പിന്നെ താമസിച്ചില്ല. തിരുവനന്തപുരം വട്ടിയൂര്‍കാവിലും പരിസരത്തുമായി ചിത്രീകരണം തുടങ്ങി. 36 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായതില്‍ സിനിമയില്‍ സഹകരിച്ചവര്‍ക്കുള്ള പങ്ക് വലുതാണ്.

സാങ്കേതിക തികവാര്‍ന്ന ചിത്രമാണ് യവനിക. ആ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ 117 ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രവും യവനികയായിരുന്നു. കുറ്റാന്വേഷണ ചിത്രങ്ങളുടെ നിരയില്‍ മികച്ച സൃഷ്ടിയായി യവനിക വാഴ്ത്തപ്പെട്ടു. കുറസോവയുടെ റാഷമോണ്‍ , നാല്‍പ്പതുകളിലെ അമേരിക്കന്‍ ക്ലാസിക്കുകളില്‍ ഒന്നായ സിനിമ സിറ്റിസണ്‍ കെയ്ന്‍ എന്നിവയുമായും താരതമ്യം ചെയ്യപ്പെടുക പോലുമുണ്ടായി. സിനിമയില്‍ കണ്ടതെല്ലാം നാടകത്തില്‍ നിന്ന് അതേപടി പകര്‍ത്തിയതാണ്. തിലകെന്‍റയൊന്നും അഭിനയമല്ല, ജീവിതമാണ്. ഗോപിയെ തബലിസ്റ്റ് അയ്യപ്പനായി കാസ്റ്റ് ചെയ്തതാണ് ആ ചിത്രത്തിലെ വലിയ വിജയമെന്ന് കരുതുന്നു. അത്തരമൊരഭിനയം എങ്ങും കണ്ടിട്ടില്ല. ഗോപി കൊടിയേറ്റത്തിലെ മിന്നുന്ന പ്രകടനം കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് യവനികയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. യവനികയുടെ രജതജൂബിലി മാധ്യമങ്ങള്‍ വേണ്ടപോലെ ഓര്‍മപ്പെടുത്തിയിരുന്നു.

എന്തിന്റെയും ഉള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ അതില്‍ നിന്ന് വിട്ട് പുറത്തു നിന്നുള്ള നോട്ടം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കഥാപാത്രങ്ങളെ അവരുടെ മാനസിക വ്യാപാരമറിഞ്ഞ്, അവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിച്ച് അങ്ങേയറ്റം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ രൂപപ്പെടുത്തുക എന്നത് പോലെ തന്നെ. അങ്ങനെയുണ്ടായ സിനിമകളില്‍ പ്രധാനം യവനികയും ലേഖയുടെ മരണവുമായിരുന്നു. 1983 ലാണ് ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല് എന്നീ സിനിമകള്‍ പിറക്കുന്നത്. മദ്രാസില്‍ അനേക വര്‍ഷം താമസിച്ചതിന്റെ അനുഭവങ്ങള്‍ , സിനിമയെയും സിനിമാക്കാരെയും അടുത്ത് നിന്ന് കണ്ടതില്‍ നിന്നുണ്ടായ അറിവുകള്‍ എല്ലാം ഫ്ളാഷ്ബാക്കിലേക്ക് എത്തിച്ചു. സിനിമയെ കുറിച്ച് ഒരു സിനിമ എന്ന നേരത്തെയുള്ള തീരുമാനം അന്നത്തെ പ്രശസ്ത നടി ശോഭയുടെ ആത്മഹത്യയുമായി കൂട്ടിയിണക്കിയ കഥാതന്തുവിലൂടെ യാഥാര്‍ഥ്യമായി എന്നുമാത്രം. അത് ബോധപൂര്‍വ്വമുള്ള ശ്രമം തന്നെയായിരുന്നു. ശോഭയുടെ ആത്മഹത്യ ഇതിവൃത്തമാക്കിയത് അന്ന് വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. സിനിമ തുടങ്ങും മുമ്പ് തന്നെ അത് ചര്‍ച്ചയായി. ശോഭ അന്ന് വലിയ പ്രൊഫൈലാണ്. തെന്നിന്ത്യന്‍ സിനിമയില്‍ മിന്നിയ ശോഭ വെറും രണ്ട് വര്‍ഷം കൊണ്ടാണ് മലയാളത്തിലെ താരമായത്.

1980 സെപ്തംബറിലായിരുന്നു സിനിമാലോകത്തെ നടുക്കിയ ആത്മഹത്യ. മൂന്ന് വര്‍ഷം തികയുന്നതിന് മുമ്പ് ഫ്ളാഷ്ബാക്ക് തുടങ്ങി. വിവാദം കത്തിയപ്പോള്‍ വെറുതെ പല്ലിട കുത്തി മണപ്പിക്കണോ എന്ന് ചില സിനിമാക്കാര്‍ തന്നെ ചോദിച്ചു. അങ്ങനെ വിവാദങ്ങള്‍ ഉയരുമ്പോള്‍ പിന്നോട്ട് മാറി നില്‍ക്കുന്ന സ്വഭാവമല്ല എന്റേത്. സത്യം സത്യമായി തന്നെ പറയണമെന്നതാണ്. ജീവിതത്തോട് അടുപ്പമുള്ള സത്യം പറയലാണ് എന്നും ഞാന്‍ സ്വീകരിച്ചിട്ടുള്ള രീതി. അന്നുമിന്നും സിനിമാക്കാരുടെ കോടാമ്പക്കം ജീവിതത്തെ ഇത്രമേല്‍ റിയലിസ്റ്റിക്കായി സമീപിച്ച വേറെ ചിത്രങ്ങള്‍ ഉണ്ടായിട്ടില്ല.

*
കെ ജി ജോര്‍ജ് തയ്യാറാക്കിയത് എം എസ് അശോകന്‍
ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യവനികയിലേക്ക് എത്തും മുമ്പ് കോലങ്ങള്‍(1981) എന്ന സിനിമയെ കുറിച്ച് പറയണം. വളരെ ഈസിയായി ചെയ്ത സിനിമയായിരുന്നു കോലങ്ങള്‍ . ഇന്ത്യന്‍ പനോരമയിലും ഫ്രാന്‍സ് മേളയിലും വലിയ പ്രശംസ നേടി. ഡി ഫിലിപ്പായിരുന്നു നിര്‍മാതാവ്. അദ്ദേഹം തന്നെയാണ് പി ജെ ആന്‍റണിയുടെ കഥയും ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന പേരില്‍ പി ജെ ആന്‍റണി എഴുതിയ കഥയാണ് കോലങ്ങള്‍ എന്ന പേരില്‍ സിനിമയായത്. ഇതേ കഥ പി ജെ ആന്‍റണി തന്നെ നാടകമാക്കിയപ്പോള്‍ പേര് മൂന്ന് പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്നായിരുന്നു. പി ജെ ആന്‍റണിയുമായി അടുത്ത് പരിചയപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. മദ്രാസില്‍ ഏതോ ചിത്രത്തിന്റെ ജോലി നടക്കുമ്പോള്‍ പി ജെ ആന്‍ണി സ്റ്റുഡിയോയിലേക്ക് വന്നതും അദ്ദേഹത്തെ ഞാന്‍ വിഷ് ചെയ്തതും ഓര്‍ക്കുന്നു. പെരിയാര്‍ എന്ന ചിത്രത്തിെന്‍റ ഡബ്ബിങ്ങിനാണ് അദ്ദേഹം മദ്രാസില്‍ വന്നതെന്നാണ് ഓര്‍മ. അദ്ദേഹം എന്റെ ചിത്രത്തിലൊന്നും അഭിനയിച്ചിട്ടില്ല. അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ മേരി എവിടെയോ എഴുതിയിരുന്നു. കോലങ്ങളുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അദ്ദേഹത്തിന് അസുഖമായി. രൂപമൊക്കെ മാറിപ്പോയിരുന്നു. സിനിമ കാണാന്‍ പിജെ ആന്‍ണിക്ക് കഴിഞ്ഞില്ല. ചിത്രം ഇറങ്ങുന്നതിന് മാസങ്ങള്‍ മുമ്പാണ് അദ്ദേഹം മരിച്ചത്.