Sunday, November 6, 2011

ഗോത്രത്തനിമയുടെ ഗന്ധര്‍വ്വനാദം

ആസാമീസ് ഗോത്രസംസ്കൃതിയെ ഇന്ത്യന്‍സംഗീതത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച പ്രതിഭാശാലിയാണ് ഭൂപന്‍ ഹസാരിക. സംഗീതലോകത്തെ വേറിട്ട വ്യക്തിത്വമായിരുന്നു ഭൂപന്‍ ഹസാരിക. ആസാം നാടോടിപാരമ്പര്യം ജനകീയമാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രധാനപങ്ക് വഹിച്ച അദ്ദേഹം ഇന്ത്യന്‍ സംഗീത ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കി. ആസാം നാടോടിസംഗീതത്തെ ലോകമാകെയുള്ള സംഗീതപ്രേമികള്‍ക്ക് പരിചയപ്പെടുത്തിയതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കിഴക്കന്‍ ഇന്ത്യയുടെ ഗോത്രവര്‍ഗ്ഗശീലുകള്‍ക്ക് പരക്കെ സ്വീകാര്യത കൊടുക്കാന്‍ അദ്ദേഹത്തിനായി. പാവപ്പെട്ടവന്റെ ഉള്ളില്‍ നിന്നുമുയിര്‍കൊണ്ട നെഞ്ചുരുക്കങ്ങളായിരുന്നു ആ പാട്ടുകളുടെ കാതല്‍ . മികച്ച ഗാനരചയിതാവായ അദ്ദേഹത്തിന്റെ വരികളിലും ആ സാധാരണത്വം ദര്‍ശിക്കാനാവും. സംഗീതജ്ഞനെന്നതിനപ്പുറത്ത് നടനും,സംവിധായകനും,എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ഒക്കെയായിരുന്നു അദ്ദേഹം. വിശ്രമമില്ലാതെ പണിയെടുത്ത സകലകലാവല്ലഭനായിരുന്നു ഹസാരിക. തികച്ചും സാധരണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതശൈലിയും.

1940 ല്‍ അമേരിക്കയില്‍ പോയി സംഗീതത്തെക്കുറിച്ച് ആധികാരികമായി പഠിച്ച അദ്ദേഹം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും നാടോടിശീലുകളും കൂട്ടിയിണക്കി. ബംഗാളി സിനിമയുടെ ആത്മാവു കണ്ടെത്തുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചു. ബോളിവുഡിന്റെ മാസ്മരികതയിലേക്കൊലിച്ചുപോകാതെ ഉറച്ചുനിന്ന വന്‍മരമായിരുന്നു അദ്ദേഹം. ആസാമിലെ നാടോടി ഗാനങ്ങളെ ജനകീയമാക്കുന്നതിലും ഇന്ത്യയിലാകെ ആസാം നാടോടി ഗാനങ്ങള്‍ക്ക് ആരാധകരെ സൃഷ്ടിക്കാനും അദ്ദേഹത്തിന് തന്റെ പാട്ടുകളിലൂടെ കഴിഞ്ഞു. ലളിതമായ കലര്‍പ്പില്ലാത്ത സംഗീതമായിരുന്നു പ്രേക്ഷകരെ പിടിച്ചിരുത്തിയത്. 1939ല്‍ ഇന്ദ്രമാലിനിയെന്ന സിനിമയില്‍ ബാലതാരമായി കലാജീവിതത്തിന് തുടക്കം കുറിച്ച ഹസാരിക ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായി വളര്‍ന്നു. രുദാല എന്ന ചിത്രത്തിലെ ഗാനത്തോടെയാണ് അദ്ദേഹം പ്രശസ്തനായത്. 1956 ല്‍ "എറാ ബത്താര്‍ സുര്‍" എന്ന ആസാമീസ് ചിത്രത്തിന്റെ സംവിധാനവും സംഗീത സംവിധാനവും നിര്‍വ്വഹിച്ച് സിനിമയില്‍ സജീവമായി. അസാം, ബംഗാളി, ഹിന്ദി എന്നീ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മൂന്നു തവണ മികച്ച സിനിമാനിര്‍മ്മാതാവിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. കവി, സംഗീത സംവിധായകന്‍ , സംവിധായകന്‍ , നടന്‍ എന്നീനിലകളിലെല്ലാം കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.

1926 സെപ്റ്റംബര്‍ എട്ടിന് ആസാമിലെ ഗുവാഹട്ടിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലെ തന്നെ സംഗീതവുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നു. ബനാറസ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും 1952ല്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. 1975ല്‍ പ്രാദേശികസിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ്, 70 ല്‍ ബംഗാളിസിനിമയുടെ സംവിധാനത്തിനും സംഗീതത്തിനും പുരസ്കാരം. ആസം സാഹിത്യസഭയുടെ പ്രസിഡന്റായിരുന്നു.1992 ല്‍ ഫാല്‍ക്കേയും ലഭിച്ചു. 2001ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009 ല്‍ ആസാം രത്നയും സംഗീതനാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എംഎഫ് ഹുസൈന്‍ സംവിധാനം ചെയ്ത ഗജഗാമിനി എന്ന സിനിമയുടെ സംഗീതസംവിധാനവും അദ്ദേഹമായിരുന്നു. 1992ല്‍ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ്, ഘട്ടക് പുരസ്കാരം,ക്രിട്ടിക് പുരസ്കാരം, 2001ല്‍ പത്മശ്രീ, 2009ല്‍ ആസാം രത്നയും സംഗീതനാടക അക്കാദമി അവാര്‍ഡും ഹസാരികയുടെ പ്രതിഭയെ തേടിയെത്തി. നികത്താനാവാത്ത നഷ്ടമാണ് ആ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...