Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Saturday, November 3, 2012

ആത്മപരിശോധനയുടെ പുരോഗമന സാഹിത്യം

ഈ വര്‍ഷത്തെ സി വി ശ്രീരാമന്‍ അനുസ്മരണ പരിപാടികളുടെ ഭാഗമായി വി കെ ശ്രീരാമന്‍ സംവിധാനം ചെയ്ത "ഒനുജാത്രിക്" എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം തൃശൂരില്‍ നടന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. നിര്‍ഭാഗ്യവശാല്‍ ആ ചടങ്ങില്‍ സംബന്ധിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഉദ്യോഗ സംബന്ധമായി തിരുവനന്തപുരത്തു തങ്ങേണ്ടി വന്നു. അനുസ്മരണ പരിപാടിയുടെ പത്രവാര്‍ത്ത പിറ്റേ ദിവസം ഞാന്‍ ആകാംക്ഷയോടെ വായിച്ചു. കാരണം പ്രകാശനച്ചടങ്ങിലെ പിണറായിയുടെ പ്രസംഗം സി വി ശ്രീരാമനെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങള്‍ അടങ്ങുന്നതായിരുന്നു എന്ന് തൃശൂരില്‍നിന്ന് സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്തിനെക്കുറിച്ച് കേരളത്തിലെ ഏറ്റവും സമുന്നതനായ ഇടതുപക്ഷ രാഷ്ട്രീയ നേതാവ് പറയേണ്ട വാക്കുകള്‍ തന്നെയാണ് അദ്ദേഹം പറഞ്ഞതെന്ന് പ്രസംഗത്തിന്റെ ചുരുക്കം ദേശാഭിമാനി പത്രത്തില്‍ വായിച്ചപ്പോള്‍ എനിക്കു തോന്നി.

മേധാവി വര്‍ഗം ജനങ്ങളെ സാംസ്കാരികമായി കടന്നാക്രമിക്കുന്ന ഈ കാലത്ത് ജനനേതാക്കള്‍ കലയെക്കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. രണ്ടു കാര്യങ്ങളാണ് പ്രധാനമായി സി വി ശ്രീരാമന്‍ എന്ന എഴുത്തുകാരനെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞതായി വാര്‍ത്തയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്. ഒന്ന് അചഞ്ചലമായ കമ്യൂണിസ്റ്റ് രാഷ്ട്രീയാവബോധമുള്ള എഴുത്തുകാരനായിരുന്നു ശ്രീരാമന്‍. അതുകൊണ്ട് വസ്തുതകളെ പ്രത്യക്ഷ യാഥാര്‍ഥ്യത്തിനപ്പുറം കടന്നു പരിശോധിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രണ്ട്, താന്‍ അടിയുറച്ചു നില്‍ക്കുന്ന കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന് അപചയമുണ്ടായപ്പോള്‍ അതിനെ സര്‍ഗാത്മകമായി വിമര്‍ശിക്കാനും ശ്രീരാമന്‍ തയ്യാറായി. "പൊന്തന്‍മാട"യെ മുന്‍നിര്‍ത്തി കേരളത്തിലെ ഭൂപരിഷ്ക്കരണ നടപടികളില്‍ സംഭവിച്ച പിഴവിനെക്കുറിച്ചുള്ള വിമര്‍ശനം ഉദാഹരണം. ആരോഗ്യകരമായിരുന്നു ആ വിമര്‍ശനങ്ങള്‍. അത്തരം വിമര്‍ശനങ്ങള്‍ പാര്‍ടിക്കും സമൂഹത്തിനും ഒരുപോലെ ഗുണകരമായി.

സി വി ശ്രീരാമനെ ഏതാണ്ടു മുഴുവന്‍ പലവട്ടം വായിച്ചറിഞ്ഞതിന്റെ ഒരഹങ്കാരം ഈ ലേഖകനുണ്ടെന്നു പറയട്ടെ. ഒപ്പം ആ നിത്യ സഞ്ചാരിയോടൊപ്പം കുറച്ചൊന്ന് അലഞ്ഞുനടക്കാനും കഴിഞ്ഞു. എന്റെ ഇരുതോളിലും ആ സ്പര്‍ശം ഇപ്പോഴും പതിഞ്ഞു കിടപ്പുണ്ട്. സാഹിത്യ അക്കാദമിയിലെ മീറ്റിങ്ങിനിടയില്‍ ഡോക്ടറെ കാണുന്നതിനു വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ യാത്ര ചോദിച്ചുകൊണ്ട് അദ്ദേഹം എന്റെ തോളില്‍ മെല്ലെ അമര്‍ത്തിയതാണ്. തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കിടക്കുന്ന അദ്ദേഹത്തെ ചെന്നു കണ്ടപ്പോള്‍ എന്നോടു പറഞ്ഞു: "അശോകന്‍, അടങ്ങിയൊതുങ്ങി ഇങ്ങനെ കിടക്കുകയാണെങ്കില്‍ എനിക്ക് ഇനിയും പത്തെഴുപതു വയസ്സു വരെയൊക്കെ ജീവിക്കാനാവും എന്നാണ് ഡോക്ടര്‍ പറയുന്നത്." താന്‍ പറഞ്ഞത് വല്ലാതെ രസിച്ച് അദ്ദേഹം ചിരിച്ചു. കാരണം അപ്പോള്‍ത്തന്നെ അദ്ദേഹത്തിന് എഴുപത്തിയഞ്ചു വയസ്സു പിന്നിട്ടിരുന്നു. ഈ കഥാകൃത്തിനെ നേരില്‍ കാണുമ്പോഴൊക്കെ ജീവിതത്തില്‍ ഇത്രമാത്രം ഉദാസീനത പുലര്‍ത്തുന്ന മറ്റൊരാളെ കാണില്ല എന്നു നമ്മള്‍ കരുതും.

എഴുപത്തഞ്ചിലോ, എഴുപത്താറിലോ ആണ് (എന്തായാലും അടിയന്തരാവസ്ഥാ കാലത്താണ്) ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുന്നത്. തന്റെ കഥാപാത്രങ്ങളേപ്പോലെ സുന്ദരനായിരുന്നു അദ്ദേഹം. നല്ല കളര്‍ഫുള്ളായ ഷര്‍ട്ടുകള്‍ ധരിക്കും. പക്ഷേ പറഞ്ഞിട്ടെന്ത്? എവിടെയോ ഇരുന്നും കിടന്നും ആ വസ്ത്രങ്ങള്‍ അലങ്കോലപ്പെട്ടിരിക്കും. ഷേവു ചെയ്തിട്ടുണ്ടാവില്ല. മുടി ചീകാന്‍ മറന്നിരിക്കും. ഒട്ടു മിക്കപ്പോഴും കൈയിലോ കാലിലോ ഒരു ബാന്റേജും കാണും. പക്ഷേ എഴുത്തില്‍ ഇത്രമാത്രം സൂക്ഷ്മത പുലര്‍ത്തിയ മറ്റൊരാളെ നാം കാണുകയില്ല. എഴുത്തില്‍ പുലര്‍ത്തിയ അതേ സൂക്ഷ്മതയും ജാഗ്രതയും തന്റെ രാഷ്ട്രീയ ബോധത്തിലും അദ്ദേഹം പാലിച്ചു. ഒരു പക്ഷേ രണ്ടും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ ആയിരിക്കും. മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്ത് ഏറ്റവും കമ്മിറ്റഡായ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എന്ന സംഗതി സാഹിത്യചരിത്രത്തില്‍ ജ്വലിക്കുന്ന അക്ഷരങ്ങളില്‍ തെളിഞ്ഞുകിടക്കും. സനാതനികളെ അലോസരപ്പെടുത്തിക്കൊണ്ട്.

ശ്രീരാമേട്ടന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ: "എഴുത്തുകാരുടെ കൂട്ടത്തില്‍ മാത്രമല്ല, എനിക്കറിയാവുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകരിലും നേതാക്കളിലും ഇത്രയും അര്‍പ്പണബോധമുള്ള ഒരു പാര്‍ടി സഖാവിനെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇക്കാലത്ത് കഥകളില്‍ മാത്രം ആവിഷ്ക്കരിച്ചും വായിച്ചും കാണാനാവുന്ന പഴയ കമ്യൂണിസ്റ്റിന്റെ ജീവിക്കുന്ന രൂപം." ( ശ്രീരാമന്റെ പടിപ്പുര- കഥയുടെ മറുകര എന്ന പുസ്തകം) യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറാക്കാത്തതിന് പാര്‍ടി വിടുകയും ശത്രുതകൊണ്ട് പിന്നീട് നിലപാടുകളും സ്വന്തം ജീവചരിത്രം തന്നെയും തിരുത്തിയെഴുതുകയും ചെയ്യുന്ന സാഹിത്യകാരന്മാരുടെ കാലമാണ് ഇത്. ഞാന്‍ ആലോചിക്കാറുണ്ട്, രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായി നീണ്ടകാലം പിന്നിട്ട ഒരാളെന്ന നിലയില്‍ ശ്രീരാമേട്ടന്‍ കാലികമായ എത്രയെത്ര പ്രതിസന്ധികളെ അഭിമുഖീകരിച്ചു കാണും.

ഒഴുക്കിനെതിരെ നീന്തുന്ന പ്രസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധിയൊഴിഞ്ഞ നേരം ഉണ്ടാകാനിടയില്ലല്ലോ. കടന്നാക്രമണങ്ങളും തിരിച്ചടികളും കനത്ത പരാജയവുമെല്ലാം സ്വാഭാവികം. നാല്‍പ്പത്തെട്ടിലെ കല്‍ക്കത്താ തിസീസ്സിന്റെ കാലത്ത് ഡി എം പൊറ്റക്കാടിന്റെ കഥയും കൊണ്ട് "ഡെമോക്രാറ്റ്" മാസികയുടെ ആപ്പീസില്‍ പോയതിന്റെ ഓര്‍മ ശ്രീരാമന്‍ പറയാറുണ്ട്. പാര്‍ടിക്കൊപ്പംനിന്ന എഴുത്തുകാര്‍ പ്രത്യേകിച്ചും ഭാവഗായകരും മറ്റും അങ്ങേയറ്റം ആത്മസംഘര്‍ഷം അനുഭവിച്ച ഘട്ടമാണത്. പിന്നീട് ഇന്ത്യയിലെ സാധാരണ മനുഷ്യന്റെ ആവേശവും പ്രതീക്ഷയുമായ കമ്യൂണിസ്റ്റു പാര്‍ടിയില്‍ പലഘട്ടങ്ങളില്‍ നടന്ന പിളര്‍പ്പുകള്‍. അഗ്നിപരീക്ഷകളെ ഒന്നിച്ച് അഭിമുഖീകരിച്ച് ഒരു കുടുംബം പോലെ ഒന്നിച്ചുണ്ട് കഴിഞ്ഞവര്‍ അകലുന്നു. സ്നേഹബന്ധങ്ങള്‍ ശിഥിലമാകുന്നു. ഒരു വിഭാഗം ചൈനാച്ചാരന്മാരും രാജ്യദ്രോഹികളുമായി മുദ്ര കുത്തപ്പെടുന്നു. ജയിലുകള്‍ക്ക് അകത്താകുന്നു. അക്കാലത്ത് ദേശാഭിമാനി ഓണം സ്പെഷലിന് കവിത ചോദിച്ച പത്രാധിപര്‍ എം എന്‍ കുറുപ്പിനോട് ഒരു കവി പറഞ്ഞ മറുപടി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: "കുറുപ്പേ, ഞാന്‍ വിഷപ്പാമ്പിനെ സ്നേഹിക്കും. പക്ഷേ ദേശാഭിമാനിക്കു കവിത തരില്ല."

സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ ഒരിക്കലും ഋജുവും ലളിതവും സുഗമവുമല്ല. ഇതു തിരിച്ചറിയുന്നതിന്റെ പേരാണ് രാഷ്ട്രീയാവബോധം എന്നത്. എഴുത്തുകാരന്റെ രാഷ്ട്രീയം ചില്ലറ ചിണുങ്ങലുകള്‍ക്ക് അടിപ്പെടാനുള്ളതല്ല. പ്രത്യക്ഷ യാഥാര്‍ഥ്യത്തിനപ്പുറം കാണാന്‍ കണ്ണുള്ളവന്റെ രാഷ്ട്രീയം സമഗ്രമായ ദര്‍ശനത്തില്‍ ഊന്നിക്കൊണ്ടാവണം പരിവര്‍ത്തനം ചെയ്യപ്പെടേണ്ടത്. "കുടിയൊഴിക്കലി"ന്റെ കവി തന്റെ ജീവിതത്തിലുടനീളം പുലര്‍ത്തിയ രാഷ്ട്രീയ ജാഗ്രത ഇതിനു തെളിവാണ്.

സത്യധര്‍മാദികളെക്കുറിച്ചുള്ള ലളിത വ്യാഖ്യാനങ്ങളില്‍ അഭിരമിക്കാന്‍ എഴുത്തുകാരന് നിവൃത്തിയില്ല. ന്യായാസനങ്ങളുടേയും മാധ്യമങ്ങളുടേയും വിധി തീര്‍പ്പുകള്‍ക്കു വേണ്ടി അവന്‍ കാത്തുനില്‍ക്കുകയില്ല. ഇത് സത്യമെന്നു പറയുമ്പോള്‍ ഈ സത്യത്തിനപ്പുറം എന്ത് എന്ന് അവന്‍ അന്വേഷിക്കുന്നു. "ഈ വെള്ളി മെഴുകുതിരിക്കാലുകള്‍ ഞാന്‍ ജീന്‍ വാല്‍ജീന് സമ്മാനമായി നല്‍കിയതാണ്" എന്ന ഡി യിലെ മെത്രാന്റെ പ്രസിദ്ധമായ പ്രസ്താവനയെ സത്യത്തേക്കാള്‍ വിശുദ്ധമായ നുണ എന്നാണ് സര്‍ഗാത്മക ലോകം വ്യാഖ്യാനിച്ചത്. സത്യത്തേക്കാള്‍ വിശുദ്ധമായ അസത്യവും ധര്‍മത്തേക്കാള്‍ വിശുദ്ധമായ അധര്‍മവും ചിലപ്പോഴെങ്കിലും ഉണ്ടാകും.

ടി വി യില്‍ അന്നന്നു വരുന്ന "ബേക്കിങ്" ന്യൂസുകളെ ഉപജീവിച്ച് നിലപാട് സ്വീകരിക്കുന്ന സാഹിത്യ നായകരുടെ കാലത്ത് സി വി ശ്രീരാമന്‍ പിണറായി വിജയനേപ്പോലുള്ള ജനനേതാക്കളുടെ ഓര്‍മയില്‍ വരുന്നത് തികച്ചും സ്വാഭാവികം എന്നു പറയട്ടെ. അടിയുറച്ച ഈ രാഷ്ട്രീയബോധം തന്നെയാണ് ജനകീയ പ്രസ്ഥാനങ്ങളെ വിമര്‍ശനാത്മകമായി അഴിച്ചു പരിശോധിക്കാനുള്ള ത്രാണിയും ശ്രീരാമനു നല്‍കുന്നത്. രക്തസാക്ഷിയുടെ കുടുംബത്തെപ്പോലും തിരിച്ചറിയാനാവാത്ത യാന്ത്രിക പൊതു പ്രവര്‍ത്തനത്തെ കുത്തിനോവിക്കുന്ന ഒരു കഥ ശ്രീരാമന്‍ എഴുതിയിട്ടുണ്ട്. "അണിയണിയായി." ദേശാഭിമാനിയില്‍ തന്നെയാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. ശസ്ത്രക്രിയാ വിദഗ്ദന്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മുറിവുകള്‍പോലെയാണ് സര്‍ഗാത്മകമായ ആ വിമര്‍ശനങ്ങള്‍.

കേരള കര്‍ഷകസംഘത്തിന്റെ ഒരു സജീവ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹം ഭൂപ്രശ്നം കണ്ടെത്തുന്നത് എന്നോര്‍ക്കണം. കേരളത്തിലെ ഭൂപരിഷ്ക്കരണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ദളിത് അപഗ്രഥനങ്ങള്‍ ആരംഭിക്കുന്നതിന് എത്രയോ മുമ്പ്, സിവിക് ചന്ദ്രന്റെ "നിങ്ങളാരെ കമ്യൂണിസ്റ്റാക്കി" അരങ്ങിലെത്തി പരാജയപ്പെടുന്നതിനും ഏറെ കാലംമുമ്പ് "പൊന്തന്‍ മാട"യെ മുന്‍നിര്‍ത്തിയുള്ള ഗോപിത്തമ്പുരാന്റെ ഈ സംഭാഷണം എഴുതപ്പെട്ടു കഴിഞ്ഞു.

"ഇമ്പടെ നെലോ? തനിക്കുണ്ടെടോ നെലം? ഇവിടെ നേമങ്ങളൊക്കെ ഇതുവരേ വന്നുള്ളു. വീട്ടില്‍ കെടന്ന് ഉറങ്ങി കഴിഞ്ഞുകൂടിയവന്റെ നെലം എടുത്ത് വരമ്പത്ത് നടന്നവന് കൊടുത്തു. കണ്ടത്തില്‍ എറങ്ങി പണീടുത്തവന് എന്തെങ്കിലും നെലം കിട്ടിയോ? ഒരു ജീവിതം മുഴുവന്‍ പായലിലും വെള്ളത്തിലും ഇഴഞ്ഞ ഈ ജലജീവി പൊന്തന്‍മാടക്ക് എന്തേ സര്‍ക്കാര് ഒരു പത്തുപറക്ക് നെലം കൊടുക്കാതിരുന്നത്?" (പൊന്തന്‍മാട)

മുപ്പതുകളില്‍ ആരംഭിച്ച പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് നിരവധി വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ട്. രൂപഭാവങ്ങളെ സംബന്ധിച്ചും പ്രതിബദ്ധതയെ സംബന്ധിച്ചും പണ്ഡിതരും വിമര്‍ശകരും ധാരാളം സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നിട്ട വഴികളിലെ തെറ്റും ശരിയും വിലയിരുത്തിയിട്ടുണ്ട്. പുതിയ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. സി വി ശ്രീരാമന്‍ ഇതിനൊക്കെ സാക്ഷിയായിരുന്നു. അതിലൊന്നും അദ്ദേഹം അത്ര കണിശമായി ഇടപെട്ടില്ല എന്നു വേണമെങ്കില്‍ പറയാം. പക്ഷേ തന്റെ അതി സൂക്ഷ്മമായ രചനകള്‍ കൊണ്ട് ശ്രീരാമന്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍ എഴുതിച്ചേര്‍ത്ത പുതിയ അധ്യായം നമ്മുടെ വിമര്‍ശകര്‍ വേണ്ടത്ര പരിശോധിച്ചുവോ എന്നു സംശയം തോന്നുന്നു. ആരെയോ ഉദ്ധരിച്ച് ശ്രീരാമേട്ടന്‍ എന്നോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള ഒരു രചനാ തന്ത്രം ഉണ്ട്. അതിങ്ങനെയാണ്.

 "ഭൂമുഖത്ത് കഥകള്‍ എല്ലായ്പ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു. അതു പകര്‍ത്താനുള്ള ക്ഷമയോടെ കഥാകൃത്ത് ഉണര്‍ന്നിരിക്കുമ്പോള്‍ കഥ രചിക്കപ്പെടുന്നു."

പുറത്തു മാത്രമല്ല ആത്മാവിനകത്തും കഥകളുണ്ടെന്ന് ശ്രീരാമേട്ടന് നിശ്ചയമുണ്ടായിരുന്നു. സാമൂഹ്യാവബോധമുള്ള കഥകളുടെ ഒരു നീണ്ട കാലം മലയാളത്തിന് സ്വന്തമായുണ്ട്. സാമാന്യ മനുഷ്യന്റെ ജീവിതത്തെ കഥയില്‍ സ്ഥാപിച്ചുകൊണ്ട് നമ്മുടെ നവോത്ഥാന കഥാകൃത്തുക്കള്‍ ആ സംരംഭം തുടങ്ങിവച്ചു. അധഃസ്ഥിതന്‍ കടന്നു വന്നതോടെ അവന്റെ വീറും വാശിയും രോഷവും കഥയുടെ രൂപഘടനയെ മാറ്റിമറിച്ചു. അപ്പോള്‍ രൂപത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ഉണ്ടായി. കേവലമായ തലത്തില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിലെ ശരാശരി മനുഷ്യന്‍ എന്ന നിലയില്‍ മധ്യവര്‍ഗത്തിന്റെ ആത്മസംഘര്‍ഷങ്ങളെയാണ് പിന്നീടു വന്ന എം ടി യുടെ തലമുറ കഥാസാഹിത്യത്തില്‍ ഉപയോഗിച്ചത്. തൊട്ടു പിറകെ വന്ന "ആധുനികരാ"ണ് ശ്രീരാമന്റെ സമകാലികര്‍ എന്നു പറയാം. പക്ഷേ കൊട്ടും കുരവയുമായി വന്ന അവരുടെ ഭാവുകത്വത്തെ അദ്ദേഹം ഗൗനിച്ചതേയില്ല. മദ്രാസില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന "അന്വേഷണം" മാസിക കഥ ചോദിച്ച കാര്യം ശ്രീരാമേട്ടന്‍ തമാശയായി പറയാറുണ്ട്. "വായിച്ചാല്‍ കഥ ആര്‍ക്കും മനസ്സിലാവരുത്" എന്നായിരുന്നു അവരുടെ ഡിമാന്റ്. ഭാഷകൊണ്ട് സൃഷ്ടിക്കപ്പെട്ട ആധുനികതയുടെ അസ്തിവാരമായിരുന്നത് ഫ്യൂഡല്‍ മൂല്യവ്യവസ്ഥയായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലനില്‍ക്കുന്ന ഏതെങ്കിലും മൂല്യവ്യവസ്ഥയേയോ സദാചാര സങ്കല്പങ്ങളേയോ പിന്‍പറ്റിക്കൊണ്ടല്ല ഈ കഥാകൃത്ത് മനുഷ്യനെ വ്യാഖ്യാനിച്ചത്. കഥകളിലെ സ്ത്രീപരുഷ ബന്ധങ്ങളെ അപഗ്രഥിച്ചാല്‍ അക്കാര്യം ബോധ്യമാവും. സാമൂഹ്യാവബോധമുള്ള ആത്മപരിശോധനകളായിരുന്നു ശ്രീരാമന്റെ ഉപാധി. സമൂഹത്തെ സമഗ്രം കണ്ടറിഞ്ഞവന്റെ ആത്മാന്വേഷണങ്ങള്‍ എന്നു പറയാം. പ്രത്യയശാസ്ത്രങ്ങളുടെ സാംസ്കാരിക വ്യാഖ്യാനങ്ങളോ ലാവണ്യാത്മക വിവര്‍ത്തനമോ അല്ല ഇവിടെ കഥ. ദര്‍ശനങ്ങളെ സാധൂകരിക്കാനുള്ള ജീവിത സന്ദര്‍ഭങ്ങളുടെ ആഖ്യാനവുമല്ല. അവ ഓരോന്നും സ്വന്തം നിലക്കു തന്നെ ദര്‍ശനങ്ങളാണ്. സാമാന്യ മനുഷ്യന്റെ നെടുവീര്‍പ്പുകളില്‍ വ്യവസ്ഥക്കും ജീവിതാവസ്ഥക്കും ബദലായ ദര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതു കണ്ടെത്തുന്നത് പ്രധാനമായും എഴുത്തുകാരാണ്. ഇതെഴുതുന്നയാള്‍ ഇതുവരെ വായിച്ചിട്ടുള്ളവയില്‍ വച്ച് ഏറ്റവും മൗലികമായ ഒരു ദര്‍ശനം ഉന്നയിച്ചിട്ടുള്ളത് ബഷീറിന്റെ നിരക്ഷരയായ ഉമ്മയാണ്. "എടാ കപ്പക്കെഴങ്ങു തിന്നാല് കൊറച്ച് കഞ്ഞെള്ളം കുടിക്കണം. നിനക്കറിയോ അത്?" (പാത്തുമ്മയുടെ ആട്)

വിഭജനമാണ് ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും തീവ്രമായ അനുഭവം. ഉത്തരേന്ത്യന്‍ സാഹിത്യം പ്രത്യേകിച്ചും നോവല്‍ ആ അനുഭവത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നോവല്‍ അതിനെ മുന്‍നിര്‍ത്തി നമുക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഒരു കഥ ഉണ്ടെന്ന് മലയാളത്തിന് നിശ്ചയമായും അഹങ്കരിക്കാം. വാസ്തുഹാര. പലവിധ അകലങ്ങള്‍ ഉള്ളതുകൊണ്ട് വിഭജനം ഒരു അനുഭവമായി മലയാളി ഉള്‍ക്കൊണ്ടിട്ടില്ല. മേല്‍ത്തരം ശില്പികള്‍ ബാക്കിവച്ചുപോയ കളിമണ്ണു കുഴച്ച് ഒരു കുട്ടി ഉണ്ടാക്കിയ ശില്പം പിന്നീട് വിശ്വോത്തരമായതുപോലെയാണത്. വിഭജനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശ്രീരാമന്‍ ആ കഥ രചിക്കുന്നത്. വ്യവസ്ഥിതിയുടേയും അതുണ്ടാക്കുന്ന സാമൂഹ്യ സംഘര്‍ഷങ്ങളുടെയും ഇരയായി തീരുന്ന സാമാന്യ മനുഷ്യന്റെ ചേഷ്ടകളിലൂടെയാണ് ആ അനുഭവത്തെ ദാര്‍ശനികവല്‍ക്കരിക്കുന്നത്.

റെഫ്യൂജികളെ കയറ്റിയ കപ്പല്‍ കല്‍ക്കത്താ തുറമുഖം വിടുന്നു. ബങ്കില്‍ കോവണിപ്പടിയിലിരുന്ന് ബിബാദ് ബിശ്വാസ് സാധു ശംഖു വിളിക്കുന്നു. അനാകര്‍ഷകമായ ആ ശംഖധ്വനിയില്‍ മുറിയുന്ന ബംഗാളിന്റെയും വ്രണപ്പെടുന്ന ഇന്ത്യയുടേയും ആത്മരോദനം ഉണ്ട്. മനുഷ്യന്റെ ഹതാശമായ യാത്രകള്‍. നദിക്കക്കരെ വിട്ടു പോന്ന കൃഷിയിടങ്ങള്‍. മുന്നില്‍ നഗരം. ജനസഞ്ചയം. ചേരികള്‍, ചുവന്ന തെരുവുകള്‍, അധോലോകം.

ഓര്‍മകളുടേയും യാത്രകളുടേയും കഥാകൃത്തെന്ന് ശ്രീരാമന്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇവിടെ തൃശൂരില്‍ ഞങ്ങളുടെ അടുത്തിരിക്കുമ്പോഴും അദ്ദേഹം യാത്ര ചെയ്യുകയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ആത്മപരിശോധനയുടെ ഭാഗമാണ് ശരീരംകൊണ്ടും അതിലേറെ മനസ്സുകൊണ്ടും അദ്ദേഹം നടത്തിയ യാത്രകള്‍. സമകാലിക സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട് ആശാന്തമായ മനസ്സുമായി അലയുന്ന ഒരാള്‍ ശ്രീരാമന്റെ പ്രിയപ്പെട്ട കഥാപാത്രമാണ്. പ്രസിദ്ധമായ ഈ കഥാപാത്രം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അലയുന്നതു കണ്ട് കഥാകൃത്തിന് ആത്മീയഭാവം കല്പിച്ചു കൊടുക്കുന്ന അതീവ നിഷ്ക്കളങ്കരായ നിരൂപകരുണ്ട്. ഇരിക്കപ്പിണ്ഡം, ചിദംബരം, ക്ഷുരസ്യധാര, ഋഷികേശ് തുടങ്ങിയ ചില കഥാനാമങ്ങളും അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാവാം. കഥയുടെ പേരും പുറംചട്ടയിലെ ബ്ലര്‍ബും വായിച്ച് നിരൂപണം നടത്തുന്നവരാണല്ലോ പലരും.

ശാന്തിതേടി തീര്‍ത്ഥാടന കേന്ദ്രങ്ങളിലും, സ്നാനഘട്ടങ്ങളിലും, ആശ്രമങ്ങളിലും ചെന്നുപെടുന്ന ഒരാള്‍ക്കും മനഃശാന്തി ലഭിക്കുന്നില്ല. മാത്രമല്ല ലൗകികതയുടെ കമ്പോളലോകത്ത് ചെന്നുപെട്ട അനുഭവമാണ് അവര്‍ക്ക്. മുണ്ഡനം ചെയ്തിട്ടും കാഷായ വസ്ത്രം ധരിച്ചിട്ടും സൂനിമയുടെ കണ്ണൂകളിലെ മോഹാഗ്നി കെട്ടുപോകുന്നില്ല. ആര്‍ത്തിപിടിച്ച ധനമോഹത്തിന്റേയും വിപണനത്തിന്റേയും അടങ്ങാത്ത കാമത്തിന്റെയും സാംസ്കാരിക ജീര്‍ണതയുടേയും ആവാസ കേന്ദ്രങ്ങളാണ് നമ്മുടെ ആത്മീയ കേന്ദ്രങ്ങളെന്ന് ശ്രീരാമന്‍ കണ്ടെത്തുന്നു. യാത്രകളെന്നാല്‍ ഇവിടെ വ്യക്തി അയാളുടെ ആത്മാവിലേക്കു നടത്തുന്ന പര്യടനങ്ങളാണ്. ഇഹലോക ജീവിതം ഒരു പാപമാണെന്ന ആശയവാദം ഇവിടെ ചോദ്യംചെയ്യപ്പെടുന്നു.

ആത്മപരിശോധന യൂദ്ധാനന്തരമുള്ള ലോക സാഹിത്യത്തിലെ ഏറ്റവും ചേതോഹരമായ ഒരു കൈവഴിയാണ്. സാമ്രാജ്യത്ത ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത് മലയാളകഥയില്‍ ശ്രീരാമന്‍ തുടങ്ങിവച്ച ആത്മപരിശോധനകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഇക്കാലത്ത് ഒരു മനുഷ്യന്‍ തന്റെ ആത്മാവിലേക്ക് ചുഴിഞ്ഞു നോക്കുന്നതും വിലയിരുത്തുന്നതും അഴിച്ചു പരിശോധിക്കുന്നതും വിചാരണ ചെയ്യുന്നതും സ്വയംവിമര്‍ശനം നടത്തുന്നതും ഉല്‍ക്കൃഷ്ടമായ രാഷ്ട്രീയപ്രവര്‍ത്തനമാണ്. വ്യക്തികള്‍ മാത്രമല്ല പ്രസ്ഥാനങ്ങളും ഇടക്കിടെ ആത്മപരിശോധന നടത്തേണ്ടി വരും.

പുതിയ സാമ്രാജ്യത്തം അതിന്റെ മാരകായുധങ്ങളും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും ഒന്നും ഉപേക്ഷിച്ചിട്ടില്ല എന്നു നിശ്ചയം. ഏതു നിമിഷവും അതു പുറത്തെടുക്കാം. പക്ഷേ ഇന്ത്യയെപ്പോലെ ചരിത്രം ഉറങ്ങുന്ന ജനസമൂഹങ്ങളില്‍ അവര്‍ സാംസ്കാരിക യുദ്ധമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഇരയുടെ ആത്മാവില്‍ അതു സൈനികത്താവളങ്ങള്‍ നിര്‍മിക്കുന്നു. കംപ്യൂട്ടര്‍ വൈറസിനേപ്പോലെ വ്യക്തിയുടെ ബോധാബോധങ്ങളില്‍ കടന്നുകൂടി അവനെ തന്റെ തന്നെ ശത്രുവാക്കുന്നു. മനുഷ്യര്‍ അവരുടെ പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ചെടുത്ത കലാരൂപങ്ങളും മതവും സംഘങ്ങളും അധിനിവേശത്തിന്റെ ഭീഷണിയിലാണ്. അതുകൊണ്ട് പുതിയ കാല പുരോഗമന സാഹിത്യം ആത്മപരിശോധനയുടെ സാഹിത്യമായിരിക്കും. മലയാള കഥയിലൂടെ സി വി ശ്രീരാമന്‍ തുറന്നുവച്ച നടപ്പാതകള്‍ ഇനി ജനസമൂഹത്തിന്റെ രാജവീഥികളായി മാറുമെന്നതില്‍ സംശയമില്ല.


*****

അശോകന്‍ ചരുവില്‍

Thursday, November 1, 2012

രാഷ്ട്രപതിയുടെ പ്രസംഗം

കേരള സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞ മൂന്നുകാര്യങ്ങള്‍ ചിന്തോദ്ദീപകമായിരിക്കുന്നു. നിയമസഭ സമ്മേളിക്കുന്ന ദിനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും നൂറെങ്കിലുമായി വര്‍ധിപ്പിക്കണമെന്നതാണ് ഒന്ന്. മലയാളഭാഷയ്ക്ക് എഡി നാലാം നൂറ്റാണ്ടുമുതല്‍ക്കുള്ള പഴക്കമുണ്ട് എന്നതാണ് മറ്റൊന്ന്. കേരള മാതൃകയ്ക്ക് രണ്ടാംപതിപ്പു വേണമെന്നതാണ് മൂന്നാമത്തേത്.

പാര്‍ലമെന്ററി ജനാധിപത്യത്തെ കൂടുതല്‍ ശക്തവും അര്‍ഥപൂര്‍ണവുമാക്കാന്‍ നിയമസഭ സമ്മേളിക്കുന്ന ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രയോജനപ്പെടും. അതിനുമപ്പുറം മന്ത്രിസഭയ്ക്ക് നിയമസഭയോടുള്ള ഉത്തരവാദിത്തം കൂടുതല്‍ ഫലപ്രദമാക്കാനും അതുപകരിക്കും. നിയമസഭയില്‍നിന്നും അവിടെയുണ്ടാകുന്ന കുറ്റവിചാരണാ രൂപത്തിലുള്ള ചര്‍ച്ചകളില്‍നിന്നും കഴിയുന്നത്ര ഒഴിഞ്ഞുനില്‍ക്കാനാണിപ്പോള്‍ മന്ത്രിസഭയ്ക്ക് താല്‍പ്പര്യം. നിയമസഭയിലെ ചര്‍ച്ച ഒഴിവാക്കി നിയമനിര്‍മാണങ്ങള്‍പോലും പിന്‍വാതിലിലൂടെയാക്കാനാണ് മന്ത്രിസഭ പലപ്പോഴും വ്യഗ്രതപ്പെടുന്നത്. നിയമസഭാസമ്മേളനങ്ങള്‍തന്നെ കഴിയുന്നത്ര ചുരുക്കാനും സഭയില്‍ ബില്ലായി കൊണ്ടുവരാവുന്നവപോലും സഭ തീരാന്‍ കാത്തിരുന്ന് ഓര്‍ഡിനന്‍സായി ഇറക്കാനും ബില്ലുകൊണ്ട് പകരംവച്ച് നിയമമാക്കാതെ ഓര്‍ഡിനന്‍സുകള്‍ പലയാവര്‍ത്തി പുതുക്കിയിറക്കാനും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തികകാര്യങ്ങള്‍പോലും ബജറ്റിനെയും സഭയെയും മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളായി ഇറക്കാനുമൊക്കെയാണ് സര്‍ക്കാര്‍ ശ്രമിച്ചുപോരുന്നത്. ഇതെല്ലാം ജനാധിപത്യത്തെ മറികടക്കാനുള്ള കുറുക്കുവഴികളാണ്; ജനാധിപത്യവിരുദ്ധ നടപടികളാണ്. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാരിനുള്ള സൗകര്യം കുറയ്ക്കുന്നതാണ് രാഷ്ട്രപതിയുടെ നിര്‍ദേശം.

കൂടുതല്‍നാള്‍ സഭ സമ്മേളിച്ചാല്‍ സഭയെ മറികടക്കാന്‍ സര്‍ക്കാരിന് കിട്ടുന്ന സന്ദര്‍ഭങ്ങള്‍ കുറയും. ആ നിലയ്ക്കാണ് സഭ കൂടുതല്‍ ദിവസം സമ്മേളിക്കണമെന്ന നിര്‍ദേശം ജനാധിപത്യത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാവുന്നത്. മുന്നൂറ്ററുപത്തഞ്ച് ദിവസങ്ങളുള്ള വര്‍ഷത്തില്‍ വെറും അമ്പത്തിമൂന്നോ അമ്പത്തിനാലോ ദിവസം മാത്രമാണ് കേരള നിയമസഭ ഇപ്പോള്‍ സമ്മേളിക്കുന്നത്. 1957നുശേഷമിങ്ങോട്ട് മൂവായിരം ദിവസങ്ങളേ സഭ സമ്മേളിച്ചിട്ടുള്ളൂ. ഓരോ വര്‍ഷവും നൂറുദിവസമെങ്കിലും സഭ സമ്മേളിക്കണമെന്ന് നിയമനിര്‍മാണസഭകളുടെ അധ്യക്ഷന്മാരുടെ യോഗങ്ങള്‍ ഇടയ്ക്കിടെ നിശ്ചയിക്കാറുണ്ട്. നിശ്ചയം പ്രാബല്യത്തില്‍ വരുന്നില്ല എന്നുമാത്രം. സര്‍ക്കാരിന് സഭയെ നേരിടുക ബുദ്ധിമുട്ടാകയാല്‍, ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മന്ത്രിസഭ ശ്രമിക്കുന്നത്. അസൗകര്യകരങ്ങളായ ചോദ്യങ്ങളില്‍നിന്നും നിശിതങ്ങളായ വിമര്‍ശനങ്ങളില്‍നിന്നും സൂക്ഷ്മങ്ങളായ വിചാരണകളില്‍നിന്നും ഭരണാധികാരികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയാണ് സഭാസമ്മേളനകാലയളവ് ചുരുക്കുക എന്നതിലൂടെ സര്‍ക്കാരിന് തുറന്നുകിട്ടുന്നത്. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല എന്നാണ് രാഷ്ട്രപതി ഇപ്പോള്‍ ഓര്‍മിപ്പിച്ചിട്ടുള്ളത്.

നിയമസഭ ചേരുന്ന ഘട്ടങ്ങളില്‍തന്നെ നിയമനിര്‍മാണത്തിനായി നീക്കിവയ്ക്കപ്പെടുന്ന സമയത്തിന്റെ പരിമിതിയിലും രാഷ്ട്രപതി ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. അവസാനഘട്ടങ്ങളില്‍ ഒരുപാട് ബില്ലുകള്‍ ചര്‍ച്ചപോലും വെട്ടിച്ചുരുക്കി ധൃതിപിടിച്ച് പാസാക്കുന്ന കാഴ്ച നാം മിക്ക സമ്മേളനങ്ങളിലും കാണുന്നു. ചര്‍ച്ചകളെ ഗില്ലറ്റിന്‍ ചെയ്യലാണിത്. നിയമനിര്‍മാണ സഭ അംഗീകരിക്കാത്ത ഒരു ചെലവും ചെയ്യാന്‍ എക്സിക്യൂട്ടീവിന് അധികാരമില്ല. അതേപോലെ സഭയുടെ അംഗീകാരമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്ന് ഒരുപൈസപോലും എടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സഭയില്‍ പാസാക്കിയ നിയമപ്രകാരമല്ലാതെ ഒരു നികുതിയും ചുമത്താന്‍ സര്‍ക്കാരിന് അധികാരമില്ല. ഇതെല്ലാമാണ് ഭരണഘടനാനില എന്നതുകൊണ്ടുതന്നെ, ബില്ലുകള്‍ സമഗ്രമായ ചര്‍ച്ചകൂടാതെ പാസാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഓരോ ബില്ലും പ്രത്യേകിച്ച്, ധനകാര്യ സംബന്ധിയായ ബില്ലുകള്‍ ജനങ്ങളെ ഏതുവിധത്തില്‍ ബാധിക്കുമെന്നത് സൂക്ഷ്മമായ ചര്‍ച്ചയിലൂടെ സഭാതലത്തില്‍ വെളിവാകേണ്ടതുണ്ട്; ആ ചര്‍ച്ചകളിലൂടെ പൊതുസമൂഹം അതറിയേണ്ടതുണ്ട്. സംസ്ഥാനഖജനാവിനുമേല്‍ നിയന്ത്രണാധികാരമുള്ള സഭയിലാണ് തങ്ങള്‍ ഇരിക്കുന്നത് എന്ന ഉത്തരവാദിത്തബോധത്തോടെ ഇത്തരം ബില്ലുകള്‍ ഇഴകീറി ചര്‍ച്ചചെയ്യാന്‍ സഭയ്ക്ക് അവസരമുണ്ടാകണം. ഇതിനും സഭ കൂടുതല്‍ ദിവസങ്ങള്‍ സമ്മേളിക്കുന്നത് പ്രയോജനകരമാവും. ഇതുപോലുള്ള ഒരുപാട് ചിന്തകള്‍ ഉണര്‍ത്തുന്നതാണ് ഇതുസംബന്ധിച്ച രാഷ്ട്രപതിയുടെ വാക്കുകള്‍.

മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ മലയാളഭാഷയ്ക്ക് എഡി നാലാംനൂറ്റാണ്ടുമുതല്‍ക്കെങ്കിലുമുള്ള പഴക്കമുണ്ട് എന്ന് രാഷ്ട്രപതി പറഞ്ഞുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെയര്‍ഥം നമ്മുടെ ഭാഷയ്ക്ക് 1500 വര്‍ഷത്തിലധികം പഴക്കമുണ്ട് എന്ന് രാഷ്ട്രപതി അംഗീകരിക്കുന്നുവെന്നതാണ്. ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് 1500 വര്‍ഷത്തെ പഴക്കമുണ്ടായിരിക്കണമെന്നതാണ്. അക്കാര്യം രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നു. രാഷ്ട്രപതിക്ക് ഇത് ബോധ്യപ്പെടുന്ന വിധത്തില്‍ ചരിത്രരേഖകള്‍ ഗവേഷണംചെയ്ത് കണ്ടുപിടിച്ച് കേന്ദ്രത്തിന് സമര്‍പ്പിച്ചത് കഴിഞ്ഞ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരാണ്. അന്നത്തെ സാംസ്കാരികമന്ത്രി എം എ ബേബിയുടെ നേതൃത്വത്തില്‍ ഒ എന്‍ വി, പുതുശ്ശേരി, സുഗതകുമാരി തുടങ്ങിയ സാംസ്കാരികനായകര്‍ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയുംകണ്ട് നിവേദനം നല്‍കിയിരുന്നു. വെറും നിവേദനമല്ല, ചരിത്രരേഖകളുടെ പിന്‍ബലമുള്ള നിവേദനം. അന്ന് ആ നിവേദനം അത്രമേല്‍ സമഗ്രമാക്കി നല്‍കിയതുകൊണ്ടാണ് ഭാഷയ്ക്ക് എഡി നാലാം നൂറ്റാണ്ടുമുതലുള്ള ചരിത്രമുണ്ടെന്ന സത്യം രാഷ്ട്രപതി അംഗീകരിച്ചത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിനും സാംസ്കാരിക നായകര്‍ക്കും അഭിമാനിക്കാം. രാഷ്ട്രപതിയുടെ അഭിപ്രായം കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഭാഷാ സമിതി തള്ളിക്കളയില്ലായിരിക്കുമെന്ന് പ്രത്യാശിക്കുക. ആ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് ക്ലാസിക്കല്‍ പദവി അനുവദിക്കേണ്ടത്. ആയിരം വര്‍ഷത്തെ പഴക്കമുള്ള ഭാഷകള്‍ക്ക് ക്ലാസിക്കല്‍ പദവി അനുവദിക്കാം എന്നതായിരുന്നു ഭാഷാസമിതിക്കുമുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ വച്ച മാനദണ്ഡം. തമിഴ് അടക്കമുള്ളതും മലയാളമൊഴിച്ചുള്ളതുമായ ദ്രാവിഡഭാഷകള്‍ക്കാകെ അങ്ങനെ ക്ലാസിക്കല്‍ പദവി കിട്ടി. മലയാളത്തിന്റെ കാര്യം വന്നപ്പോള്‍ കേന്ദ്രം 1500 വര്‍ഷത്തെ പഴക്കം വേണമെന്ന് മാനദണ്ഡം പുതുക്കി നിശ്ചയിക്കുകയായിരുന്നു. അത് മാനദണ്ഡമാക്കിയാലും മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന സത്യമാണ് രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇനിയെങ്കിലും തടസ്സങ്ങള്‍ നീങ്ങി ക്ലാസിക്കല്‍ പദവി ലഭ്യമാവുമെന്ന് നമുക്ക് പ്രത്യാശിക്കുക.

കേരളമാതൃകയ്ക്ക് രണ്ടാം പതിപ്പു വേണമെന്നതാണ് രാഷ്ട്രപതി പറഞ്ഞ മൂന്നാമത്തെ കാര്യം. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട കേരള മോഡല്‍ വികസനം കേരളത്തിലെ സാമൂഹ്യ-മാനവിക മേഖലകളില്‍ ഉണ്ടാക്കിയ മികവാര്‍ന്ന നേട്ടങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. അതിന് ലഭിച്ച അംഗീകാരമായി രാഷ്ട്രപതിയുടെ വാക്കുകളെ കരുതുന്നതാവും ഉചിതം. അതോടൊപ്പം കേരള മോഡല്‍ ഉണ്ടാക്കിത്തന്ന സാമൂഹിക നേട്ടങ്ങളെ തിരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന് മാത്രമുതകുന്ന ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഒന്നായി രണ്ടാം പതിപ്പ് നിര്‍ദേശം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാതിരിക്കാനുള്ള ജാഗ്രത നാം പുലര്‍ത്തേണ്ടതുണ്ടുതാനും.


*****

ദേശാഭിമാനി മുഖപ്രസംഗം നവംബർ 1, 2012

Saturday, August 13, 2011

കീശയില്‍ ആയിരം പുസ്തകങ്ങള്‍

ലോകത്തിലും നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് എന്റെ ജാതകം. എന്റെ കുട്ടിക്കാലത്ത് മറ്റെല്ലാവരെയുംപോലെ എനിക്കും ജാതകമുണ്ടായിരുന്നു. ഓലയില്‍ എഴുത്താണികൊണ്ട് എഴുതിയതായിരുന്നു അത്. വായിക്കാന്‍ എളുപ്പമായിരുന്നില്ല. ഡല്‍ഹിയില്‍ ഞാന്‍ ദീര്‍ഘകാലം താമസിച്ചിരുന്ന അമര്‍ കോളനിയില്‍ ഒരു മലയാളി ജ്യോതിഷിയുണ്ടായിരുന്നു. ധാരാളം ആളുകള്‍ അയാളുടെ അരികില്‍ ജാതകം എഴുതിക്കാനും മറ്റും വരുമായിരുന്നു. അയാള്‍ കംപ്യൂട്ടറിലാണ് ജാതകം തയ്യാറാക്കിയത്. എന്റെ മകള്‍ക്കുവേണ്ടി ജാതകം തയ്യാറാക്കിയത് അയാളാണ്. അത് എഴുത്തോലയിലായിരുന്നില്ല. അതൊരു കംപ്യൂട്ടര്‍ പ്രിന്റ് ഔട്ട് ആയിരുന്നു.

ഞാന്‍ പിറന്നപ്പോഴും എന്റെ മകള്‍ പിറന്നപ്പോഴും ജാതകം ഉണ്ട്. പക്ഷേ ജാതകം എഴുത്തോലയില്‍നിന്നു കംപ്യൂട്ടര്‍ പ്രിന്റ് ഔട്ടിലേക്ക് മാറിയെന്നു മാത്രം. ഇതുപോലുള്ള മാറ്റം പുസ്തക വായനയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ബാല്യകാലത്ത് പുസ്തകവായന ഏറെയും രാത്രി ചോറുണ്ട് ഉറങ്ങാന്‍ കിടക്കുമ്പോഴായിരുന്നു. അന്നു ഞങ്ങളുടെ വീട്ടില്‍ വിദ്യുച്ഛക്തി വന്നിരുന്നില്ല. ഒരു പുകയുന്ന മുട്ടവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലാണ് ഞാന്‍ വായിച്ചത്. മഴക്കാല രാത്രികളില്‍ മൂടിപ്പുതച്ചു കിടന്നും വായിക്കും. ഈയിടെ ഞാന്‍ ഡല്‍ഹിയിലേക്ക് ഒരു യാത്ര നടത്തി. മൂന്നര മാസത്തോളം ഞാനവിടെ താമസിച്ചു. അപ്പോള്‍ ഒരു വസ്തുത മനസ്സിലായി. ആളുകള്‍ ഇപ്പോള്‍ യാത്രകളിലാണ് കൂടുതലും വായിക്കുന്നത്. വിമാനത്താവളത്തിലും മെട്രോയിലും കാറുകളിലുമെല്ലാം ഇരുന്ന് പുസ്തകപ്രേമികള്‍ വായിക്കുന്നത് കാണാം.

ജീവിതം തിരക്കുപിടിച്ചതാണ്. ഒഴിവുസമയം അപൂര്‍വ വസ്തുവായി മാറുകയാണ്. സമയമാണ് ഇന്ന് ഏറ്റവും വിലപിടിച്ച വസ്തു. യാത്രകളില്‍ സമയം നഷ്ടപ്പെടുത്താതിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം പുസ്തക വായനയാണ്. ഞാനും അങ്ങനെതന്നെ ചെയ്യുവാന്‍ തീരുമാനിച്ചു. എംബസിയിലെ ഉദ്യോഗത്തില്‍നിന്നു പെന്‍ഷനായി പിരിയുകയും അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തതോടെ എനിക്ക് ധാരാളം ഒഴിവു സമയമുണ്ട്. വീട്ടിലിരുന്ന് ധാരാളം വായിക്കാം. എങ്കിലും യാത്രകളില്‍ എന്തെങ്കിലും വായിക്കുന്നത് ഡല്‍ഹിയില്‍ ഞാന്‍ ഒരു ശീലമാക്കി മാറ്റിയിരുന്നു. ഞാന്‍ കൂടുതല്‍ വായിച്ചുകൊണ്ടിരുന്നത് നോവലുകളാണ്. ഡല്‍ഹിയിലെ എന്റെ പതിവു യാത്രകള്‍ മണ്ഡി ഹൗസ് ഏരിയയിലാണ്. അവിടെയാണ് മൂന്നു നാഷണല്‍ അക്കാദമികളും സ്ഥിതിചെയ്യുന്നത്. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, പിന്നെ ലളിതകലാ അക്കാദമിയും. അതിനുപുറമെ പതിവായി പെയിന്റിങ് പ്രദര്‍ശനങ്ങള്‍ നടക്കുന്ന ത്രിവേണി ആര്‍ട് ഗ്യാലറിയും സംഗീതക്കച്ചേരികള്‍ നടക്കുന്ന കമാനി ഓഡിറ്റോറിയവും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും കഥക് കേന്ദ്രയും എല്ലാം അവിടെത്തന്നെ.

ചൂട് കുറവുള്ള ദിവസങ്ങളില്‍ ഞാന്‍ അവിടെയൊക്കെ ഒന്നു കറങ്ങിനടന്ന് അവസാനം സാഹിത്യ അക്കാദമിയിലെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ മാസികയുടെ പത്രാധിപരും ഇംഗ്ലീഷ് കവിയുമായ എ ജെ തോമസിന്റെ ഓഫീസില്‍ അല്പം സമയം ചെലവഴിക്കും. തോമസ് തന്റെ ഓഫീസില്‍ സ്വയം ചായ ഉണ്ടാക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു വച്ചിട്ടുണ്ട്. വെള്ളം തിളപ്പിക്കുവാനുള്ള ഇലക്ട്രിക് കെറ്റിലും ടീ ബാഗുകളും ചെറുനാരങ്ങയും തയ്യാര്‍ . അങ്ങനെ അവിടെയിരുന്ന് ഒരു ലെമണ്‍ ചായ കുടിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങും. ഞാന്‍ താമസിക്കുന്ന ദ്വാരകയില്‍നിന്ന് മണ്ഡി ഹൗസ് ഏരിയയിലേക്ക് മെട്രോയില്‍ പോകാം. ഇരുപത്തിരണ്ടാമത്തെ സ്റ്റോപ്പായ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷന്‍ സാഹിത്യ അക്കാദമിയുടെ തൊട്ടു മുമ്പിലാണ്. പുറത്ത് നാല്‍പ്പത്തിമൂന്നു ഡിഗ്രി ചൂട് തിളയ്ക്കുമ്പോള്‍ മെട്രോവിനുള്ളില്‍ എയര്‍കണ്ടീഷന്റെ കുളിരാണ്. അതിലിരുന്ന് ഒരു നോവല്‍ വായിക്കുവാന്‍ എന്തു സുഖം! പണ്ട് മഴ പെയ്യുന്ന രാവുകളില്‍ മൂടിപ്പുതച്ചു കിടന്നു വായിച്ചിരുന്ന അതേ സുഖം. അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ മെട്രോയിലിരുന്ന് വായിക്കാനായി എന്നും ഞാന്‍ ഇരുപത്തിയെട്ട് നോവലുകള്‍ കൂടെ കൊണ്ടുപോകും. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും തുടങ്ങി ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള വരെ ഈ പുസ്തകശേഖരത്തില്‍ പെടുന്നു. എല്ലാം വലിയ പുസ്തകങ്ങളാണ്. പക്ഷേ ഇത്രയും പുസ്തകങ്ങള്‍ ചുമന്നുകൊണ്ടു പോകുവാന്‍ എനിക്ക് ഒരു പ്രയാസവുമില്ല. എനിക്കതൊക്കെ എന്റെ പാന്റ്സിന്റെ കീശയിലിട്ടു നടക്കാനേയുള്ളൂ. ലിറ്ററാറ്റി എന്നു പേരുള്ള എന്റെ ഇ-ബുക്ക് റീഡറിലാണ് ഈ ഇരുപത്തിയെട്ടു പുസ്തകങ്ങളും ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഇപ്പോള്‍ എന്റെ ഇ-റീഡറില്‍ ഇത്രയും പുസ്തകങ്ങളേയുള്ളൂ. പക്ഷേ അതിലേക്ക് ആയിരം പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയും. അതിനുള്ള സ്ഥലമുണ്ട് ഒരു കൊച്ചു കഥാസമാഹാരത്തിന്റെ വലുപ്പം മാത്രമുള്ള ഈ ഇ-റീഡറില്‍ .

ക്രമേണ ഞാനതില്‍ കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യും. വൈകാതെ ഞാന്‍ ഡല്‍ഹിയിലെ എന്റെ പാര്‍പ്പിടത്തില്‍നിന്നു മെട്രോവില്‍ കയറി സാഹിത്യ അക്കാദമിയിലേക്കു പോകുന്നത് ഈ ആയിരം പുസ്തകങ്ങളുടെ ലൈബ്രറി കീശയിലിട്ടുകൊണ്ടായിരിക്കും. ഇത് ഫാന്റസിയല്ല. യാഥാര്‍ഥ്യമാണ്. പുസ്തക വായനയുടെ പുതിയ പരിണിതിയാണ് ഇത്. പാശ്ചാത്യ നാടുകളില്‍ ഇ-ബുക്ക് റീഡറുകളുടെ ഉപയോഗം വ്യാപകമാകുകയാണ്. അവിടെ ഏതു പുസ്തകങ്ങളും ഇങ്ങനെ ഇ-റീഡറില്‍ ഡൗണ്‍ ലോഡ് ചെയ്ത് വായിക്കാം. അത് വായനക്കാര്‍ക്ക് വളരെ പ്രയോജനകരമാണ്. ഒരു പുസ്തകത്തിന് നൊബേല്‍ സമ്മാനമോ ബുക്കര്‍ പ്രൈസോ ലഭിക്കുമ്പോള്‍ അതുടനെ വായിക്കുവാന്‍ പുസ്തകപ്രേമികള്‍ ആഗ്രഹിക്കും. ഇതുപോലുള്ള പുരസ്കാരങ്ങള്‍ കിട്ടുന്ന ഒരു പുസ്തകത്തിന് ഇരുപതോ ഇരുപത്തിയഞ്ചോ ഡോളര്‍ വിലയുണ്ടാകും. എന്നാല്‍ അതേ പുസ്തകം ഇ-റീഡറിലേക്ക ഡൗണ്‍ലോഡ് ചെയ്യാന്‍ മൂന്നോ നാലോ ഡോളര്‍ മതിയാകും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വേറെയുമുണ്ട്. വായിക്കുവാന്‍ വെളിച്ചത്തിന്റെ ആവശ്യം പോലുമില്ല. കൂരിരുട്ടില്‍ ഇരുന്നും ഇ-റീഡറില്‍ വായിക്കാന്‍ കഴിയും. നൈറ്റ് മൂഡില്‍ ഇട്ടാല്‍ മതി. കൂടാതെ നമുക്ക് ഇഷ്ടമുള്ള അക്ഷരങ്ങള്‍ ഇഷ്ടമുള്ള വലുപ്പത്തില്‍ തിരഞ്ഞെടുത്ത് വായിക്കാം. നമ്മള്‍ വായിക്കുന്ന പുസ്തകത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ആസ്വാദനങ്ങളും കൂടി നമുക്ക് വായിക്കാന്‍ കിട്ടും. നമ്മള്‍ വായിക്കുന്ന പുസ്തകം ഇതിനുമുമ്പ് വായിച്ചിട്ടുള്ളവരുമായി ആശയവിനിമയം ചെയ്യുവാനും സാധിക്കും.

അങ്ങനെ വായനയുടെ രീതി മാറുകയാണ്. ഇത് ന്യൂയോര്‍ക്കിലോ പാരീസിലോ മാത്രം നടക്കുന്ന കാര്യമല്ല. നമ്മുടെ മലയാളത്തിലും ഇത് സാധ്യമായിവരികയാണ്. ആഫ്രിക്കയിലോ അമേരിക്കയിലോ ഉള്ള നിങ്ങള്‍ക്ക് എന്റെ "പ്രവാസം" വായിക്കണമെങ്കില്‍ പുസ്തകം തേടിപ്പോകുകയോ നാട്ടില്‍നിന്നു എഴുതിവരുത്തുകയോ ചെയ്യേണ്ട ആവശ്യം ഇനി വരില്ല. ഡിസി ബുക്സിന്റെ ഇ-പുസ്തക സംവിധാനത്തില്‍ നിന്നു നിമിഷങ്ങള്‍കൊണ്ട് അത് ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ ഇ-റീഡറില്‍ സൂക്ഷിക്കാന്‍ കഴിയും. അതിനു ചെലവ് നൂറോ നൂറ്റിപ്പത്തോ രൂപ മാത്രമാണ്. അഥവാ പുസ്തകം ഈ ചെറിയ തുക ചെലവാക്കി സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഡിസി ബുക്സിന്റെ ഇ-ലൈബ്രറിയില്‍ മെമ്പറായാല്‍ മതി. ഒരു ചെറിയ തുക കൊടുത്തു വരിക്കാരനായാല്‍ മാസം മൂന്നു പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാം. മൂന്നാഴ്ച കഴിഞ്ഞാല്‍ ആ പുസ്തകങ്ങള്‍ നിങ്ങളുടെ ഇ-റീഡറില്‍നിന്നു മാഞ്ഞുപോകും.

പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും പിറകിലല്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? നമ്മുടെ ഇടയില്‍ ധാരാളം ദോഷൈകദൃക്കുകളുണ്ട്. എല്ലാറ്റിനെയും മുന്‍വിധിയോടെയാണ് അവര്‍ കാണുക. എല്ലാറ്റിനെയും എതിര്‍ക്കും. ഇ-ബുക്കുകളെക്കൊണ്ടും ഇ-ബുക്ക് റീഡറുകളെക്കൊണ്ടും നമുക്കെന്തു പ്രയോജനം എന്ന് അവര്‍ ചോദിക്കും. ഉണ്ട്, പ്രയോജനം ഉണ്ട്. ഒരു നല്ല പുസ്തകം പുറത്തിറങ്ങിയാല്‍ വിദേശത്തുള്ള ലക്ഷക്കണക്കിനു മലയാളികള്‍ അത് ഡൗണ്‍ലോഡ് ചെയ്തു സ്വന്തമാക്കിയെന്നു വരാം. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഐഫോണുമെല്ലാം നമ്മുടെ നാട്ടിലും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് വിദേശത്തെ മലയാളികള്‍ മാത്രമല്ല കേരളത്തിലെ മലയാളികളും ധാരാളമായി ഇ-പുസ്തകങ്ങള്‍ ഡൗണ്‍ലോഡു ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എഴുത്തുകാരന് തന്റെ പുസ്തകം ഇറങ്ങി ദിവസങ്ങള്‍ക്കകം ദശലക്ഷം വായനക്കാര്‍ ഉണ്ടാകും. ഇനി ഒരു സ്വകാര്യം പറയാം. ആരും കേള്‍ക്കേണ്ട. ഡിസി ബുക്സ് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് തരുന്നത് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണ്. പക്ഷേ അവര്‍ അതേ പുസ്തകത്തിന്റെ ഇ-ബുക് പതിപ്പിനു എഴുത്തുകാര്‍ക്ക് നല്‍കുന്നത് ഇരുപത്തിയഞ്ച് ശതമാനം റോയല്‍റ്റിയായിരിക്കും. കാരണം ഇ-ബുക്കിന്റെ നിര്‍മാണച്ചെലവ് വളരെ കുറവാണ്. കടലാസും അച്ചടിയും ഒന്നും വേണ്ടല്ലോ.

ചുരുക്കിപ്പറയട്ടെ, ഇ-ബുക്ക് റീഡര്‍ പ്രചാരത്തില്‍ വരുമ്പോള്‍ എഴുത്തുകാര്‍ക്ക് ദശലക്ഷം വായനക്കാരുണ്ടാകും. എഴുത്തുകാരുടെ തലയിലെ വര നേരെയാണെങ്കില്‍ വന്‍ തുക റോയല്‍റ്റിയായി ലഭിക്കുകയും ചെയ്യും. എന്നെ ആകര്‍ഷിക്കുന്നത് അതു മാത്രമല്ല. എന്റെ ഇ-ബുക്ക് റീഡറില്‍ വൈകാതെ ആയിരം പുസ്തകങ്ങള്‍ ഞാന്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിരിക്കും. ഡല്‍ഹിയില്‍ മെട്രോവില്‍ യാത്ര ചെയ്യുമ്പോഴും മയ്യഴിയില്‍ വൈകുന്നേരം പുഴക്കരയില്‍ കാറ്റുകൊണ്ടിരിക്കുമ്പോഴും ഈ മുഴുവന്‍ പുസ്തകങ്ങളും എന്റെ കൈയിലുണ്ടാകും. ഞാന്‍ എല്ലായിടത്തും ഈ ആയിരം പുസ്തകങ്ങളുടെ ലൈബ്രറി കീശയിലിട്ട് കൂടെ കൊണ്ടുപോകും. പുഴക്കരയിലിരുന്ന് എനിക്കിഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കും. ഏതു പേജില്‍ നിന്നും എവിടെ വച്ചും വായിച്ചു തുടങ്ങാം. വായിച്ചു നിര്‍ത്താം. പുസ്തകം അച്ചടിക്കുവാന്‍ ആവശ്യമായ കടലാസുണ്ടാക്കുന്നത് മരം വെട്ടിയാണ്. ഒരു പുസ്തകം ധാരാളം പേര്‍ വാങ്ങുകയും വായിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ മരങ്ങള്‍ കൊല ചെയ്യപ്പെടുന്നു. ഓരോ പുസ്തകവും കൈയിലെടുക്കുമ്പോള്‍ കൊലചെയ്യപ്പെട്ട മരങ്ങളുടെ നിശ്ശബ്ദ നിലവിളി നമ്മള്‍ കേള്‍ക്കുന്നില്ലേ? ഇ-റീഡര്‍ കൈയിലെടുക്കുമ്പോള്‍ അങ്ങനെയൊരു നിലവിളി ആര്‍ക്കും കേള്‍ക്കേണ്ടിവരില്ല. കാരണം ഇ-റീഡര്‍ നിര്‍മിക്കുവാന്‍ ഒരു തുണ്ടു കടലാസുപോലും ആവശ്യമില്ല. ഒരു മരച്ചില്ല പോലും നാം നശിപ്പിക്കുന്നില്ല. അതൊരു സാന്ത്വനമാണ്.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

Sunday, July 17, 2011

ഇപ്പോഴും ഒപ്പമുണ്ട്

കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത മേഖലകളില്‍ സംഭവിച്ച കോലാഹലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇപ്പോള്‍ നമുക്കിടയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുക സ്വാഭാവികം. "എടപെട്ടളയും ഞാന്‍" എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഒരു അതികായന്റെ നില്പ്. അതെ, വി കെ എന്‍ ഇല്ലാത്ത ഏഴു വര്‍ഷമാവുകയാണ്.

വി കെ എന്നിനുമാത്രം വേറിട്ട് പ്രതികരിക്കാവുന്ന ധാരാളം സംഭവങ്ങള്‍ കേരളത്തിലുണ്ടായി. പകരക്കാരനില്ലാത്ത ശൂന്യത ശേഷിപ്പിച്ച് വി കെ എന്‍ വിടവാങ്ങി. വി കെ എന്‍ ഇല്ലാത്ത വീട്ടില്‍ അദ്ദേഹത്തിന്റെ പത്നി വേദവതി താമസിക്കുന്നു. മലയാളത്തിലെ മാസ്റ്റര്‍പീസുകള്‍ പിറന്നു വീണ കുടിയാണ് വടക്കേകൂട്ടാല. അതിന് വേദവതി വി കെ എന്‍ സാക്ഷിയുമാണ്. വി കെ എന്നിന്റെ ജീവിതത്തിനും എഴുത്തിനും തുണനിന്ന അവര്‍ക്ക് ഭര്‍ത്താവിനെക്കുറിച്ച് ധാരാളം പറയാനുണ്ട്.

വി കെ എന്‍ ഉള്ള വീടും ഇല്ലാത്ത വീടും. ഈ വ്യത്യാസം കൃത്യമായി അനുഭവപ്പെടുന്നില്ലേ?

എങ്ങനെ അനുഭവപ്പെടാതിരിക്കാനാണ്. വി കെ എന്‍ ഉള്ളകാലത്ത് എപ്പോഴും ഫോണ്‍ , സംസാരം, കാണാന്‍ വരുന്നവര്‍ അങ്ങനെയായിരുന്നുവല്ലോ. ഇപ്പോള്‍ ഞങ്ങള്‍ തനിച്ചായി. പലരും വി കെ എന്നിന് ഫോണ്‍ ചെയ്യും. തിരിച്ച് അങ്ങോട്ടും. പിന്നെ ചിരിയും തമാശയുമൊക്കെയാണ്. കാണാന്‍ വരുന്നവരോടുമതെ. ഇന്ന വിഷയങ്ങള്‍ സംസാരിക്കുക എന്നില്ല. വി കെ എന്നിന് ഇഷ്ടപ്പെട്ടവരാണെങ്കില്‍ ഒരു പകല്‍ മുഴുവന്‍ വര്‍ത്തമാനം പറഞ്ഞിരിക്കും. താല്പര്യമില്ലാത്തവരാണെങ്കില്‍ പത്തു മിനുട്ട്. കഴിഞ്ഞു. ചിലരെ കാണാനേ കൂട്ടാക്കില്ല. എപ്പോഴും വായന തന്നെയാണ്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് അധികം വായിക്കുക. പിന്നെ എഴുത്തും.

വി കെ എന്‍ ഓര്‍മയായി ഒരാണ്ടു തികഞ്ഞപ്പോള്‍ അനുസ്മരണങ്ങളൊക്കെ ഉണ്ടായല്ലോ? പിന്നീട് അതൊരു ചടങ്ങായി. ഇതിലൊക്കെ ഖേദം തോന്നിയിട്ടുണ്ടോ?

തൃശൂരു വച്ച് ആദ്യത്തെ കൊല്ലം അനുസ്മരണം ഉണ്ടായി. തിരുവില്വാമലയില്‍ വച്ചും. വീട്ടില്‍ ഒത്തുകൂടാന്‍ വി കെ എന്‍ ആരാധകര്‍ വന്നു. പൊലീസിലുണ്ടായിരുന്ന തോമസ് ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നു. വി കെ എന്‍ എന്നുവച്ചാല്‍ തോമസിന് ജീവനായിരുന്നു. തോമസ് പാവം നേരത്തെ മരിച്ചു. ഈയിടെ ചില പഠനയാത്രക്കാരൊക്കെ വന്നു. വീടു കാണാന്‍ .

വി കെ എന്നിന് ജന്മനാട്ടില്‍ സ്മാരകം ഉയരുന്നു എന്നുകേട്ടല്ലോ? പൊതുവെ ഇത്തരം സ്മാരക മണ്ഡപങ്ങളോടും പ്രതിമകളോടും എതിരായിരുന്നു വി കെ എന്നിന്റെ മനസ്സ്, അല്ലേ?

സ്മാരകം വരുന്നു എന്ന് കേട്ടു. നല്ലത്. വി കെ എന്നിന്റെ പുസ്തകങ്ങള്‍ തന്നെ സ്മാരകമല്ലേ. പിന്നെ പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. പടിയ്ക്കല്‍ത്തന്നെ. എല്ലാവരും ശ്രമിച്ചാല്‍ സ്മാരകമാവും. വേണ്ടതുതന്നെ.

വി കെ എന്നിന് തിരുവില്വാമലക്കാരുമായി അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണത്?

തിരുവില്വാമലക്കാര് അധികം വന്നിരുന്നില്ല. എന്നാല്‍ പോളൊക്കെ വി കെ എന്നിന്റെ അടുത്തയാളാണ്. പിന്നെ രാമകുമാരന്‍ . അങ്ങനെ ചിലരുണ്ട്. പൊതുവെ നാടുമായി അത്രയടുപ്പം ഉണ്ടായിരുന്നില്ല. ഇവിടെ വീട്ടിലിരുന്ന് വായിക്കാനാണ് ഇഷ്ടം. അത് പറയുകയും ചെയ്യും. കുറച്ചുകാലം രാവിലെ നടക്കാനിറങ്ങുമായിരുന്നു. ആളുകള്‍ കുശലം ചോദിയ്ക്കുന്നതിന് മറുപടി പറയാന്‍ വയ്യ എന്നുപറഞ്ഞ് അതും നിര്‍ത്തി. പദപ്രശ്നം പൂരിപ്പിക്കുന്നതുപോലെയാണത്രെ ഈ ചോദ്യോത്തരം. അതുപോലെ നാട്ടിലെ ആഘോഷങ്ങളില്‍നിന്നും വി കെ എന്‍ വിട്ടുനില്‍ക്കുമായിരുന്നു. ഒന്നിനും പോവില്ല.

വി കെ എന്നിന്റെ മരണത്തിനുശേഷം വേണ്ടപ്പെട്ടവര്‍ ഈ വഴി പോകുമ്പോള്‍ ഇവിടെ കയറുക പതിവുണ്ടോ?

ചിലരൊക്കെ വരും. ആര്‍ടിസ്റ്റ് നമ്പൂതിരി ഒരു ദിവസം വന്നിരുന്നു. മാത്രമല്ല വി കെ എന്നിന്റെ അടിയന്തിര ദിവസവും അദ്ദേഹം വന്നു. ഊണു കഴിച്ചു. നമ്പൂതിരി ഇപ്പോഴും വി കെ എന്നിനെക്കുറിച്ച് പലയിടത്തും പറയാറുണ്ട്. ആ ബന്ധം അത്രയ്ക്ക് സ്നേഹമുള്ളതായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും.

വി കെ എന്‍ ജീവിച്ചിരിക്കെ അദ്ദേഹത്തെ വിമര്‍ശിക്കാത്തവര്‍ മരണശേഷം പ്രത്യക്ഷമായി രംഗത്തുവരുന്നതായി കാണുന്നു. അത്തരം വി കെ എന്‍ വിമര്‍ശനങ്ങള്‍ കണ്ടുവോ?

ഇല്ല. ഇപ്പോഴിവിടെ വാരികകളൊന്നും വരാറില്ല. വി കെ എന്‍ ഉള്ളകാലത്ത് ഒരു കെട്ട് ഉരുപ്പടികളുമായിട്ടാണ് പോസ്റ്റ്മാന്‍ വരിക. നിത്യവും. ഇപ്പോള്‍ അതൊന്നുമില്ല. ഉള്ളകാലത്ത് എഴുതിയാല്‍ നല്ല മറുപടി കിട്ടും എന്ന് വിചാരിച്ചതുകൊണ്ടാകണം അന്നൊന്നും എഴുതാത്തത്. പറയുന്നവര് പറയട്ടെ. അല്ലാതെന്താ? അതുകൊണ്ടൊന്നും വി കെ എന്‍ സാഹിത്യത്തിന് ഒന്നും പറ്റില്ല. വി കെ എന്‍ മഹാപ്രതിഭയാണെന്ന് മാതൃഭൂമിയില്‍ കോവിലന്‍ എഴുതിയിരുന്നു. ഇതു കണ്ടപ്പോള്‍ സന്തോഷം തോന്നി. എല്ലാ എഴുത്തുകാരും വിമര്‍ശിക്കപ്പെടുന്നുണ്ടല്ലോ. അതൊന്നും ഞാന്‍ വായിക്കാറില്ല.

വിചിത്രമായ ചില സ്വഭാവങ്ങള്‍ വി കെ എന്നിന് ഉള്ളതായി കേട്ടിട്ടുണ്ട്. ജീവിതത്തെ നര്‍മ നിര്‍മമതയോടെ സമീപിക്കുന്ന ചില രീതികള്‍ ?

അങ്ങനെ ചില സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു. കല്പിച്ചു കൂട്ടിയല്ല. ഓരോ മൂഡില്‍ ഓരോന്നു തോന്നുകയാണ്. ഒരു പുസ്തക പ്രകാശനം. കോഴിക്കോട്ടു വച്ചാണ്. വരാമെന്നൊക്കെ സമ്മതിച്ചു. രാവിലെ അതിന്റെയാളുകള്‍ വന്നപ്പോഴേക്കും വി കെ എന്‍ ഇവിടെനിന്ന് മറ്റെങ്ങോട്ടോപോയി. പൊതുവേദികളില്‍ വരാനൊക്കെ മടിയായിരുന്നു. ചിലര്‍ നിര്‍ബന്ധിക്കും. പറ്റില്ലെന്നു പറഞ്ഞാലും നിര്‍ബന്ധിക്കും. തല്‍ക്കാലം സമ്മതിക്കും. പിന്നെ ഈ വഴിയാണ് തെരഞ്ഞെടുക്കുക. അതുപോലെ, വി കെ എന്നിന് ബഷീര്‍ അവാര്‍ഡ് കൊടുക്കുന്ന സമയം. തിരുവില്വാമലയില്‍ ചിത്രകലാക്യാമ്പും ഒക്കെയായി മൂന്നുദിവസം. വി കെ എന്‍ അങ്ങോട്ടൊന്നും പോയില്ല. അവരൊക്കെ ഇവിടേക്കു വന്നു. ബഷീര്‍ അവാര്‍ഡ് വാങ്ങാനും പോവുന്നില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഉച്ചവരെ ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് എം ടി വീട്ടില്‍വന്നു. എം ടി വന്നതും വി കെ എന്നിന് ഉത്സാഹമായി. ചെന്നു. കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാളെ ആദരിക്കുന്ന ചടങ്ങിന് വി കെ എന്‍ ഉത്സാഹത്തോടെ പോയതായി ഓര്‍മയുണ്ട്. പൊതുവേദികളില്‍ പ്രസംഗിക്കുക ഇഷ്ടമേ ആയിരുന്നില്ല. പരമാവധി മാറിനില്‍ക്കാനാണ് ഇഷ്ടം. എഴുതുന്നതൊക്കെ നല്ല പരിചയമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു. ഫ്രാന്‍സിനെപ്പറ്റി എഴുതുമ്പോള്‍ അവിടെ പോയിവന്നപോലെ തോന്നിച്ചു.

ജീവിച്ചിരിക്കുന്ന പലരെയും വി കെ എന്‍ കഥാപാത്രമാക്കിയിട്ടുണ്ട്. തന്റെ നേര്‍ക്കുള്ള ഹാസ്യത്തെ പുഞ്ചിരിച്ചു സ്വീകരിക്കുന്നതിനുപകരം അതൊരു വേദനയായി എടുത്തവരുണ്ടോ? വി കെ എന്നിനോട് നേരിട്ടുവന്നു പറഞ്ഞ സംഭവങ്ങള്‍ ? അങ്ങനെ വല്ലതും?

സത്യത്തില്‍ വി കെ എന്നിന് ഒരാളോടും വിദ്വേഷം ഉണ്ടായിരുന്നില്ല. എല്ലാം ഹാസ്യവും വിമര്‍ശനവുമല്ലേ. പിന്നെ ഭാഷകൊണ്ടുള്ള ചില സംഗതികളും. അങ്ങനെ നേരിട്ടു വന്ന് ആരും പരാതി പറഞ്ഞതായിട്ടൊന്നും ഓര്‍മയില്ല. ഒരു കഥയില്‍ വളരെ വേണ്ടപ്പെട്ട ചിലരെപ്പറ്റി എഴുതുകയുണ്ടായി. അവരില്‍ ചിലര്‍ ഒരു കെയ്സ് ബിയറുമായി വന്നു. വി കെ എന്‍ സസന്തോഷം അത് സ്വീകരിച്ചു. ഇരുവര്‍ക്കും കാര്യം മനസ്സിലായി. ഇങ്ങനെ അറിയുന്നവരെപ്പറ്റി എഴുതുന്നത് എന്തിനാണെന്നു ചോദിച്ചാല്‍ ഒന്നു ചിരിക്കും. അത്രതന്നെ.

വി കെ എന്നിന്റെ മദ്യപാനവും പ്രസിദ്ധമാണല്ലോ? പലരും എഴുതിയിട്ടുണ്ട്. അതിന്റെ ദുരന്തം അനുഭവിച്ചിട്ടുണ്ടോ?

നന്നായി കഴിച്ചിരുന്ന കാലമുണ്ടായിരുന്നു. പിതാമഹനും മഞ്ചലുമൊക്കെ എഴുതുന്ന സമയം. ചിലപ്പോള്‍ എങ്ങോട്ടാണെന്നു പറയാതെ പോവും. രണ്ടാം ദിവസം തിരിച്ചുവരും. നന്നായി കുടിച്ചിട്ടുണ്ടാകും. ഈ രണ്ടു ദിവസവും കുടിയായിരിക്കും. ഇവിടെ വന്നാല്‍ ഞാന്‍ നല്ലപോലെ മോരു കൊടുക്കും. മീനൊക്കെയായി നല്ല ഭക്ഷണം നല്ലപോലെ കൊടുക്കും. ഒന്നു കുളിച്ച് ഈ ഭക്ഷണവും കഴിച്ചാല്‍ പഴയ വി കെ എന്നാകും. പിന്നെ എഴുത്തു തുടങ്ങുകയായി. കുടിച്ചസമയത്ത് വി കെ എന്‍ ഒറ്റയക്ഷരം എഴുതിയിട്ടില്ല. കുടിയ്ക്കുന്ന സമയത്ത് ഒപ്പമുള്ളവര്‍ പറയുന്ന കഥയെല്ലാം കേട്ടിരിക്കും. അതൊക്കെ പിന്നീട് കഥയിലൊക്കെ വരും. പലപ്പോഴും നിയന്ത്രണം വിട്ട് കുടിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും കുടുംബ ജീവിതത്തെ ബാധിച്ചിട്ടില്ല. ഇവിടെ അതിന്റെ പേരില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. കരുതിക്കൂട്ടി കുടിപ്പിക്കുന്നവരുണ്ട്. ഒരുകാലത്ത് കുടിക്കാതെ വയ്യ എന്ന അവസ്ഥയിലായിരുന്നു. അത് എഴുത്തിന് ഒരുതരം ശക്തി നല്‍കിയതായി തോന്നിയിട്ടുണ്ട്്. കുടിക്കാതിരിക്കാനും കഴിഞ്ഞിരുന്നു വി കെ എന്നിന്. കുടിച്ചു വന്നതിന്റെ പേരില്‍ ഞാന്‍ വി കെ എന്നിനെ ശപിച്ചിട്ടില്ല.

കഥാപാത്രങ്ങളുടെ ഭക്ഷണ പ്രിയത്വം വി കെ എന്നിന്റെയും സ്വഭാവമായിരുന്നുവല്ലോ. ഭക്ഷണത്തെ ആഘോഷമാക്കിയിരുന്നുവോ വി കെ എന്‍ ? "സസ്യവും അസസ്യവും" പ്രിയമായിരുന്നുവോ?

ഊണിന്റെ കാര്യത്തില്‍ വിഭവസമൃദ്ധിയല്ല പ്രധാനം. ഉള്ളത് നന്നാവണം. ഭക്ഷണം കഴിച്ചാല്‍ "സുഖമാവണം" എന്നായിരുന്നു വി കെ എന്നിന്റെ ഉള്ളില്‍ . ഹോട്ടല്‍ ഭക്ഷണത്തോട് അത്രയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ചില വൈകുന്നേരങ്ങളില്‍ പരിപ്പുവട വരുത്തി കഴിച്ചിരുന്നു. ആദ്യകാലങ്ങളില്‍ നന്നായി മാംസഭക്ഷണം കഴിച്ചിരുന്നു. പിന്നെ അസസ്യം വിട്ട് സസ്യമായി. പപ്പടം, കടുമാങ്ങ, മോര് ഇവയൊക്കെ ആസ്വദിച്ച് രുചിയ്ക്കും. അപ്പോള്‍തന്നെ കമന്റുകള്‍ പറയും. പന്ത്രണ്ടുമണിയുടെ ആകാശവാണി ഇംഗ്ലീഷ് വാര്‍ത്ത കഴിയുന്നതും വി കെ എന്‍ ഉണ്ണാന്‍ വരും. ഊണ് കഴിക്ക്വല്ലേ എന്ന് വിളിച്ചു ചോദിയ്ക്കും. ഇഡ്ഢലി, ദോശ, കനമുള്ള ചായ ഇവയോടൊക്കെ പ്രിയമായിരുന്നു. പട്ടണംപൊടി, നൂര്‍സേട്ട് ബീഡി, സിസര്‍ഫില്‍റ്റര്‍ ഇങ്ങനെ ചില ഇഷ്ടങ്ങള്‍ കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഓംലറ്റിനോട് താല്പര്യം. അതിന് കുരുമുളുകുപൊടി ധാരാളം വേണം. ചൂര്‍ണ്ണം എന്നാണ് പറഞ്ഞിരുന്നത്. ആസ്വദിച്ചു കഴിക്കുക എന്നതായിരുന്നു വി കെ എന്നിന്റെ പ്രകൃതം.

വി കെ എന്നിന്റെ എഴുത്ത് നേരില്‍ കണ്ടിട്ടുണ്ടല്ലോ. അതിന്റെ സമ്പ്രദായം എങ്ങനെയായിരുന്നു?

ഈ വീട്ടിലെ ചെറിയ മുറിയിലിരുന്ന് വി കെ എന്‍ എത്രയോ എഴുതി. തട്ടിട്ട മുറി. കസേരയില്‍ ഇരുന്നാണ് എഴുത്ത്. മുമ്പൊക്കെ രാവിലെ കുളികഴിഞ്ഞ് നെയ്യിട്ട കഞ്ഞി കുടിച്ച് മുകളിലേക്ക് പോവും. അവിടെയായിരുന്നു എഴുത്തുമുറി. ഉച്ചവരെ എഴുത്തോട് എഴുത്ത്. ഇടയ്ക്ക് ബീഡി, സിഗററ്റ്, ചായ ഒക്കെയാവാം. ചില ദിവസങ്ങളില്‍ ഊണിന്റെ സമയം കഴിയുന്നതൊന്നും അറിയില്ല. ഇങ്ങനെ ആലോചിച്ചിരിക്കുന്നതു കാണാം. എഴുത്തിന്റെ ഹരത്തിലാവും. കുറേ കഴിഞ്ഞാണ് താഴത്തേക്കിറങ്ങി വരുക. പിന്നെ, കുറച്ച് വിശ്രമിച്ച് വീണ്ടും എഴുതാനിരിക്കും. രാത്രി പതിനൊന്ന് മണിവരെയൊക്കെ ഇരുന്നെഴുതിയ ദിവസങ്ങള്‍ ഓര്‍മ വരുന്നു. ഒന്നും എഴുതാത്ത കാലവും ഉണ്ടായിരുന്നു. പിന്നെ ധാരാളം എഴുതി. എഴുതാത്ത കാലത്ത് വായന തന്നെ.

എഴുത്തുകൊണ്ടുമാത്രം ജീവിച്ച കാലം ഉണ്ടായിരുന്നുവല്ലോ അല്ലേ?

ഡല്‍ഹിയില്‍ സ്ഥിരമായിരുന്നുവെങ്കില്‍ മറ്റൊരു വി കെ എന്നിനെയാവും കിട്ടുക എന്ന് തോന്നിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് മടങ്ങി. നാട്ടിലെ കൃഷി വിറ്റു. പിന്നെ പ്രധാനമായിട്ടും എഴുത്തുകൊണ്ടുതന്നെ ജീവിച്ചു. "കടലാസും പെന്നും കൊണ്ട് അവന്‍ ജീവിച്ചോളും" എന്ന് എന്റെ അച്ഛന്‍ വി കെ എന്നിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അത് ശരിയായി. മകളുടെ മക്കളുടെ വിവാഹത്തിന് പാരിതോഷികം നല്‍കാന്‍ , മരുമകള്‍ക്ക് വീട്ടിലേക്ക് സഹായത്തിന് ഒക്കെയായി ചില പുസ്തകങ്ങളുടെ കോപ്പിറൈറ്റ് നല്‍കുകയുണ്ടായി. കുടുംബകാര്യങ്ങളിലെല്ലാം വളരെ തല്പരനായിരുന്നു വി കെ എന്‍ . എല്ലാം അന്വേഷിക്കും. നോക്കിനടത്തും. എഴുത്തിനെക്കുറിച്ച് നേരത്തെ ഒന്നു പറയാന്‍ മറന്നു. വി കെ എന്നിന് എഴുതുക, മാറ്റി എഴുതുക, തിരുത്തുക അങ്ങനെ ശീലം ഉണ്ടായിരുന്നില്ല. നേരിട്ട് ഒറ്റ എഴുത്താണ്. ഇവിടെ കോപ്പി സൂക്ഷിയ്ക്കലും ഇല്ല. നേരിട്ട് അയക്കും. ഊണു കഴിക്കുമ്പോഴൊക്കെ ഞങ്ങളോട് പറയുന്ന കഥകള്‍ പിന്നീട് അച്ചടിച്ചുവരുന്നതുകാണാം.

കഥ പറയാന്‍ മിടുക്കുണ്ടായിരുന്നുവോ വികെഎന്നിന്?

കഥ അങ്ങനെ പറയുകയല്ല. എവിടെയെങ്കിലുമുള്ള സംഭവങ്ങള്‍ ഇങ്ങനെ പറയും. വര്‍ത്തമാനം പറയുന്ന രീതിയില്‍ . എഴുതുന്ന കഥയില്‍ ഭാഷ വേറെയാവും. കഥയൊക്കെ പറഞ്ഞ് വി കെ എന്‍ ചിരിക്കുമായിരുന്നു. ഇവിടെ വരുന്നവരോട് ചില കഥകളൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. സംഭവകഥകള്‍ . ഡല്‍ഹിയിലെ കഥകള്‍ . അത്രയ്ക്ക് അടുപ്പമുള്ളവരോടു മാത്രം.

വി കെ എന്‍ "ഡല്‍ഹി ഡേയ്സ്" എഴുതിയിരുന്നുവല്ലോ? എങ്ങനെയായിരുന്നു വി കെ എന്നിന്റെ ഡല്‍ഹിക്കാലം?

ശങ്കേഴ്സ് വീക്ക്ലിയില്‍ ജോലിയുണ്ടായിരുന്നു. പിന്നെ ഏതൊക്കെയോ ന്യൂസ് ഏജന്‍സികളില്‍ പണിയെടുത്തു. ഇംഗ്ലീഷ് പത്രങ്ങളില്‍ കോളം എഴുതിയിരുന്നു. അന്നൊക്കെ നാട്ടിലേക്ക് കത്തുകള്‍ അയയ്ക്കുമായിരുന്നു. ഞാന്‍ ഒപ്പം പോയപ്പോള്‍ ടു റൂം കിച്ചണുള്ള വീട് വാടകക്കെടുത്തു. സുഖതാമസം. സി പി രാമചന്ദ്രന്‍ , എം പി നാരായണപ്പിള്ള, വി കെ മാധവന്‍കുട്ടി, കെ പി ഉണ്ണികൃഷ്ണന്‍ , ടി കെ എന്‍ മേനോന്‍ , ഒ എം അനുജന്‍ , അകവൂര്‍ നാരായണന്‍ അങ്ങനെ നല്ലൊരു സൗഹൃദക്കാരുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ പല ഉന്നതരുമായും അടുപ്പമായിരുന്നു. മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍ അന്ന് വി കെ എന്നിന്റെ അടുത്തയാളായിരുന്നു

ഐ കെ ഗുജ്റാള്‍ പ്രധാനമന്ത്രിയായപ്പോള്‍ വി കെ എന്‍ പഴയ ബന്ധം പുതുക്കുകയോ മറ്റോ ഉണ്ടായോ?

അങ്ങനെയൊന്നുമില്ല. വി കെ എന്നിന് അതിനോടൊന്നും താല്പര്യമില്ല. കെ പി ഉണ്ണികൃഷ്ണനുമായി നല്ല ബന്ധമായിരുന്നു. അദ്ദേഹം പുസ്തകങ്ങള്‍ അയച്ചുകൊടുത്തിരുന്നു.

വി കെ എന്നും ഒ വി വിജയനും ഡല്‍ഹിയില്‍ ഒരുമിച്ചുണ്ടായിരുന്നുവല്ലോ?

ഒ വി വിജയനും ചില ചിട്ടകളുണ്ടായിരുന്നു. ഏതു വേനല്‍ക്കാലത്തും കൈ കഴുകാന്‍ ചൂടുവെള്ളം വേണം. വി കെ എന്‍ വിജയനെ ബുദ്ധിജീവി എന്നു വിളിക്കും. വീടൊഴിഞ്ഞ കാലത്ത് ഏതാണ്ട് ഒരു മാസം ഞങ്ങളുടെ ഒപ്പമായിരുന്നു ഒ വി വിജയന്‍ താമസിച്ചത്. സാധുപ്രകൃതം. ഒരു മുറിയിലിരുന്ന് കാര്‍ടൂണ്‍ വരയ്ക്കും. പുതിയ വീട് കിട്ടിയപ്പോള്‍ വിജയന്‍ മാറിത്താമസിച്ചു. ഒരു ദിവസം ഞങ്ങള്‍ പുറത്തുപോയി വന്നപ്പോള്‍ വാതിലില്‍ വിജയന്റെ ഒരു കുറിപ്പ്. തെരേസയെ കല്യാണം കഴിച്ചു എന്ന് മാത്രം. വിജയന്‍ തിരുവില്വാമലയില്‍ വന്നിട്ടുണ്ട്. പാവം തോന്നുന്ന രീതിയായിരുന്നു വിജയന്റേത്. എല്ലാറ്റിനും പേടി. അങ്ങനെ.

വി കെ എന്നിന്റെ ഒരു കഥയില്‍ ഒ വി വിജയന്‍ കഥാപാത്രമായതു സംബന്ധിച്ച് അവര്‍ തമ്മില്‍ ചില സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായി എന്ന് കേള്‍ക്കുന്നതില്‍ വാസ്തവമുണ്ടോ?

വി കെ എന്നും വിജയനും തമ്മില്‍ നല്ല ബന്ധമായിരുന്നു. വി കെ എന്‍ വേണമെന്നു വച്ച് എഴുതുകയൊന്നുമില്ല. പാലക്കാട്ട് വിജയന്‍ വന്നപ്പോള്‍ വി കെ എന്‍ കാണാന്‍ പോയി. വിജയന്റെ തെരഞ്ഞെടുത്ത കഥകള്‍ക്ക് വി കെ എന്‍ന്റെ അവതാരികയുണ്ടല്ലോ. വി കെ എന്‍ മരിച്ചപ്പോള്‍ ഒ വി വിജയന്‍ ഓര്‍മക്കുറിപ്പെഴുതിയിട്ടുണ്ടല്ലോ

ഇരുവരും അടുത്തടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു അല്ലേ?

അതെ. വി കെ എന്നിനെയും വിജയനെയും തിരുവില്വാമല ഭാരതപ്പുഴയോരത്താണ് സംസ്കരിച്ചത്.

എഴുത്തുകാരായ സമകാലികരില്‍ ആരൊക്കെയായിരുന്നു വി കെ എന്നിനു വേണ്ടപ്പെട്ടവര്‍ ?

അത് പറഞ്ഞാല്‍ ചില പേരുകള്‍ വിട്ടുപോയാല്‍ അവര്‍ക്ക് അലോഹ്യമാവും. അതുകൊണ്ട് പറയുന്നില്ല. ഇവിടെ ധാരാളം എഴുത്തുകാര്‍ വരുമായിരുന്നു. വായനക്കാരും വരും. വി കെ എന്നിനെ ഒന്നു കാണുകമാത്രം മതി എന്നുപറഞ്ഞ് വരുന്നവരും ഉണ്ടായിരുന്നു.

വി കെ എന്നിന്റെ പ്രേമവും വിവാഹവും എന്ന കഥ സത്യന്‍ അന്തിക്കാട് അപ്പുണ്ണി എന്ന പേരില്‍ സിനിമയാക്കിയല്ലോ. അതുകണ്ടിട്ട് എന്തെങ്കിലും അഭിപ്രായം പറയുകയോ മറ്റോ ഉണ്ടായോ?

അതൊക്കെ വളരെ മുമ്പല്ലേ? ഷൂട്ടിംഗ് സ്ഥലത്തേക്ക് വി കെ എന്‍ പോയതായി അറിയാം. തിയേറ്ററില്‍ പോയിരുന്ന് സിനിമ കാണുന്ന സ്വഭാവമൊന്നും ഇല്ലായിരുന്നു. റേഡിയോയിലൂടെ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു. അതുപോലെ കഥകളിപ്പദവും കേള്‍ക്കും. പി ഭാസ്കരന്റെ പാട്ടുകളോടായിരുന്നു ഇഷ്ടം. പി ഭാസ്കരനെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്ന് പറയും.

റേഡിയോ വി കെ എന്നിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു അല്ലേ? പല കഥകളിലും റേഡിയോ വരുന്നുണ്ട്?

അതെ. റേഡിയോ കേള്‍ക്കുക ശീലമായിരുന്നു. ക്രിക്കറ്റ് കമന്ററിയൊക്കെ കേട്ടിരുന്നു. ടി വി വന്നപ്പോള്‍ ടെന്നീസ് കളി കാണുമായിരുന്നു. വി കെ എന്നിന്റെ റേഡിയോ ഇപ്പോള്‍ ഞങ്ങള്‍ കേള്‍ക്കുന്നു.

"വിവാഹപ്പിറ്റേന്നി"ലൂടെയാണല്ലോ വി കെ എന്‍ ശ്രദ്ധയനായത്. വിവാഹശേഷം എഴുതിയ കഥയാണോ അത്?

അല്ല. ഞങ്ങളുടെ വിവാഹത്തിനുംമുമ്പ് എഴുതിയതാണ്. വി കെ എന്‍ പല്ലാവൂര്‍ ദേവസ്വത്തില്‍ ഓഫീസറായിരുന്ന കാലത്ത് പാലക്കാടന്‍ ഭാഗങ്ങളിലെ ജീവിതവും ഭാഷയുമൊക്കെ മനസ്സിലാക്കി എഴുതിയ കഥയാണ് അത്. ഞാനത് വായിച്ച് ചിരിച്ചിട്ടുണ്ട്. പാലക്കാടന്‍ ഭാഷയെ നന്നായി പരിഹസിക്കുന്ന കഥ.

നിങ്ങള്‍ തമ്മില്‍ വിവാഹിതരായതിന്റെ പശ്ചാത്തലം എന്താണ്?

എന്റെ അച്ഛന്‍ ദേവസ്വം വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്നു. വി കെ എന്‍ ദേവസ്വം വകുപ്പില്‍ ക്ലാര്‍ക്കും. അച്ഛനെ കാണിക്കേണ്ട ഫയലുകളുമായി വി കെ എന്‍ വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ മേതില്‍ കുടുംബമാണ്. അന്ന് കണ്ടിട്ടുണ്ട്. അച്ഛന് പാലക്കാട്ടേക്ക് മാറ്റമായി. ഓഫീസ് ആവശ്യവുമായി വി കെ എന്‍ വരും. ഈ സമയത്താണ് വി കെ എന്നിന്റെ വീട്ടുകാര്‍ ആലോചനയുമായി വരുന്നത്. അച്ഛന്‍ സമ്മതിച്ചു. 1954 ഫെബ്രുവരിയിലായിരുന്നു വിവാഹം. ഞങ്ങള്‍ പല്ലാവൂരിലും പിന്നെ തൃക്കാളിയൂരിലും താമസിച്ചിട്ടുണ്ട്. തൃക്കാളിയൂരുള്ളപ്പോള്‍ കോഴിക്കോട്ടെ എഴുത്തുകാരുമായിട്ടായിരുന്നു ചങ്ങാത്തം.

ദേവസ്വം വകുപ്പിലെ ജോലിയാണോ വി കെ എന്നിനെ കലാകാരന്മാരുമായി അടുപ്പിച്ചത്?

തിരുവില്വാമലക്കാര്‍ക്ക് പൊതുവെ കലകളോട് താല്പര്യമാണല്ലോ. തൃശൂര്‍പൂരം പഞ്ചവാദ്യവും മേളവുമൊക്കെ റേഡിയോയിലൂടെ കേള്‍ക്കുമായിരുന്നു വി കെ എന്‍ . പല്ലാവൂര്‍ അപ്പുമാരാര്‍ക്കും മണിയന്‍ മാരാര്‍ക്കുമെല്ലാം വി കെ എന്നിനെ ബഹുമാനമായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയ്ക്കല്ല, പഴയ എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയ്ക്ക്. അപ്പുമാരാരും വി കെ എന്നും ഒരിക്കല്‍ ഒരു കല്യാണത്തിന് തിരുവില്വാമല അമ്പലത്തില്‍വച്ച് കണ്ടുമുട്ടി. കുറേക്കാലത്തിനുശേഷം. അപ്പുമാരാര്‍ മരിച്ചപ്പോള്‍ വി കെ എന്‍ മാതൃഭൂമി പത്രത്തില്‍ ഓര്‍മക്കുറിപ്പെഴുതി. വാഴേങ്കട കുഞ്ചുനായര്‍ , കോട്ടയ്ക്കല്‍ ശിവരാമന്‍ , അപ്പുക്കുട്ടിപ്പൊതുവാള്‍ എന്നിവരുമായൊക്കെ നല്ല അടുപ്പമായിരുന്നു.

വി കെ എന്‍ കഥകളിലെ അന്തരീക്ഷവും അദ്ദേഹത്തിന്റെ ജീവിതവും തമ്മില്‍ ബന്ധമുണ്ടോ?

കഥവേറെ. ജീവിതംവേറെ. ഇവിടെ ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന വഴിയിലാണ് കോരുവിന്റെ വീട്. കോരു മരിച്ചു. കോരു വി കെ എന്നിന്റെ വിശ്വസ്തനായിരുന്നു. തിരിച്ചും. ധാരാളം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവരെയും വലിയ കാര്യമായിരുന്നു. മൂന്നു ദിവസത്തിലധികം ഞങ്ങള്‍ പിരിഞ്ഞിരുന്നിട്ടില്ല. അത്രയ്ക്കും കുടുംബസ്ഥനായിരുന്നു. മകളോടും മരുമകളോടും പേരക്കുട്ടികളോടും നല്ല വാത്സല്യമായിരുന്നു. കഥയുടെ അന്തരീക്ഷത്തിനനുസരിച്ച് എഴുതിച്ചേര്‍ക്കുന്നത് വേറെ.

ഒരുകാലത്ത് വി കെ എന്‍ ശ്രദ്ധാപുരുഷനായത് "അധികാരം" എന്ന നോവലുമായി ബന്ധപ്പെട്ടിട്ടാണല്ലോ? അന്ന് വി കെ എന്നിന്റെ അവസ്ഥ എന്തായിരുന്നു?

അതൊന്നും വി കെ എന്നിനെ അലട്ടിയില്ല. പത്രത്തിലൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. കൂസലില്ലാത്ത പ്രകൃതമായിരുന്നു.

എന്തായിരുന്നു വി കെ എന്നിന്റെ രാഷ്ട്രീയം?

അത് അറിയില്ല. ആര്‍ക്കാണ് വോട്ടു ചെയ്തത് എന്നു ചോദിച്ചാല്‍ ഒരു ചിരിയായിരുന്നു മറുപടി. പിന്നെപ്പിന്നെ വോട്ടു ചെയ്യാതായി. എല്ലാവരെയും എല്ലാ പാര്‍ടിക്കാരെയും വിമര്‍ശിച്ച് എഴതിയിട്ടുണ്ട്.

വി കെ എന്‍ മരിച്ചപ്പോള്‍ , സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങ് നടത്തിയില്ല എന്ന ആക്ഷേപം ഉണ്ടായല്ലോ? അങ്ങനെ വേണമെന്നുണ്ടായിരുന്നുവോ? എന്തുതോന്നി അന്ന്?

അതിലൊക്കെ എന്താണ് കാര്യം. ഇപ്പോള്‍ ഇതൊക്കെ പതിവായിരിക്കുന്നു. വിഷമമൊന്നും തോന്നിയില്ല. ധാരാളം പേര്‍ വീട്ടില്‍ വന്നു. വേണ്ടപ്പെട്ടവര്‍ക്ക് സദ്യ കൊടുത്തു. അതൊക്കെയാണ് കാര്യം.

വി കെ എന്നിന് ആര്‍ഭാടങ്ങളോടും ആഘോഷങ്ങളോടും താല്പര്യമുണ്ടായിരുന്നില്ലല്ലോ?

ഒട്ടും ഇല്ല. കിട്ടിയ അവാര്‍ഡുകളും മറ്റും മുറിയിലെ ഒരു അരികിലാണ് സൂക്ഷിച്ചുവച്ചിട്ടുള്ളത്. ഈ വീടുതന്നെ ഒട്ടും പുതുക്കിപ്പണിതില്ല. ഈ വീടിന്റെ സുഖം മാറ്റിപ്പണിതാല്‍ കിട്ടില്ല എന്നുപറയുമായിരുന്നു. രാവിലെ പേപ്പറൊക്കെ വായിച്ച് ഉമ്മറത്തു വന്നിരിക്കും. അതൊരു ശീലമായിരുന്നു. പിന്നെ ആ ചെറിയ മുറിയില്‍ . തുറന്നിട്ട ജനലിലൂടെ നോക്കി ഇരിക്കും. മല്ലു മുണ്ടും ബനിയനുമായിരുന്നു സ്ഥിരം. പുറത്തുപോകുമ്പോള്‍ വെള്ള സ്ലാക്ക് ഷര്‍ട്ടിടുമായിരുന്നു.

പൊതുവെ എഴുത്തിലെ ഫലിതം ജീവിതത്തിലും ഉണ്ടായിരുന്നുവോ വി കെ എന്നിന്?

തമാശകള്‍ പറയുക ശീലമായിരുന്നു. ഊണു കഴിക്കുമ്പോഴൊക്കെയാണ് അധികം തമാശകള്‍ ഉണ്ടാവുക. വിഭവങ്ങളെക്കുറിച്ചൊക്കെ വിസ്തരിച്ച് പറയും.

അവസാന കാലത്ത് വി കെ എന്‍ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിയിരുന്നുവോ?

ഇടയ്ക്ക് ചികിത്സയുണ്ടായിരുന്നു. ആയുര്‍വേദം. അതുകഴിഞ്ഞ് തൃശൂരും എറണാകുളത്തും കൊണ്ടുപോയി. അല്പം കിടന്നു. ആ സമയത്ത് ചില മാറിപ്പറയലുകളൊക്കെ ഉണ്ടായിരുന്നു. അപ്പോഴും ഇടയ്ക്കിടക്ക് ഹാസ്യം വരും. കവിതകള്‍ ചൊല്ലും. ജനുവരി കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെടുമെന്ന് പറഞ്ഞിരുന്നു. ജനുവരി കടന്നില്ലല്ലോ.

വി കെ എന്നിന്റെ മരണശേഷവും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ധാരാളമായി വായിക്കപ്പെടുന്നുണ്ട് അല്ലേ?

ഉണ്ടാകണം. ഡി സി രവിയൊക്കെ കൃത്യമായി പ്രതിഫലം തന്നു. തരുന്നുണ്ട്. മാതൃഭൂമി ബുക്സും തന്നു. ഇനി "അപ്പുണ്ണി" തിരക്കഥ പുറത്തിറങ്ങുന്നു.

പുതിയ തലമുറ വി കെ എന്നിനെ എങ്ങനെ വായിക്കും എന്നാണ് തോന്നുന്നത്?

വി കെ എന്നിനെ വായിക്കാന്‍ ശ്രദ്ധ വേണം. കുറേ അറിവുകള്‍ വേണം. ഹ്യൂമര്‍ എല്ലാവര്‍ക്കും ഇഷ്ടമാവുമല്ലോ.

വി കെ എന്‍ ഇല്ല എന്ന അനാഥത്വം എങ്ങനെ അതിജീവിക്കുന്നു?

വി കെ എന്‍ ഇപ്പോഴും ഒപ്പമുണ്ട് എന്ന തോന്നല്‍ കൊണ്ടുതന്നെ.


*****


എന്‍ പി വിജയകൃഷ്ണന്‍, കടപ്പാട്:ദേശാഭിമാനി വാരിക

Thursday, June 30, 2011

പയ്യന്റെ തണലില്‍

ഹെമിങ്വേയും വി കെ എന്നും തമ്മില്‍ ശൈലിയുടെ കാര്യത്തില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടോ? ചോദ്യം എന്റേതാണ്. വി കെ എന്‍ ഏറെ ആദരിക്കുന്ന എഴുത്തുകാരനാണ് ഹെമിങ്വേ എന്നെനിക്കറിയാം. ഹെമിങ്വേയുടെ ശൈലീഗാംഭീര്യത്തെപ്പറ്റി, ഭാഷയുടെ ചടുതലയെയും താളാത്മകതയെയുംപറ്റി, ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി അദ്ദേഹം ടൈമും ന്യൂസ്വീക്കും നോക്കിയിരുന്നതിനെപ്പറ്റി വി കെ എന്‍ കുറച്ചു മുന്‍പാണ് സംസാരിച്ചത്. ഇത് മനസ്സില്‍ വച്ചുകൊണ്ടായിരുന്നു എന്റെ ഈ കുസൃതിച്ചോദ്യം. കേരള സാഹിത്യ അക്കാദമി 1980കളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ യുവസാഹിത്യകാരന്മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാമ്പാണ് രംഗം. ക്യാമ്പിലെ മുഖ്യ ആകര്‍ഷണം വി കെ എന്‍ ആയിരുന്നു. അപ്രതീക്ഷിതമായിരുന്നു എന്റെ ചോദ്യം. വി കെ എന്‍ എന്നെ നോക്കി, സാകൂതം. എന്നിട്ട് ഒരു മറുചോദ്യം:

"എന്താ ഇപ്പം അങ്ങനെ നിരീക്കാന്‍ ?"

ഞാന്‍ വിശദീകരിച്ചു. ഞങ്ങളില്‍ പലരെയും ലഹരി പിടിപ്പിച്ച ഒരു വി കെ എന്‍ പ്രയോഗമാണ് "ഉഗ്രന്‍". ഹെമിങ്വേയുടെ "ഫെയര്‍വെല്‍ ടു ആംസി"ല്‍ യു ആര്‍ ഗ്രേറ്റ്, കേമന്‍ , കെങ്കേമന്‍ തുടങ്ങിയ സദൃശപ്രയോഗങ്ങള്‍ കാണാം. എങ്ങനെ വന്നു ഈ സാദൃശ്യം?

അതെനിക്കറിയില്ല. വി കെ എന്‍ പറഞ്ഞു: വാസ്തവത്തില്‍ അങ്ങേര്‍ക്ക് എന്നെ ഫോളോ ചെയ്യേണ്ട കാര്യമില്ല. അപ്പോപ്പിന്നെ ഞാന്‍ ഫോളോ ചെയ്തുവോ? പാം പറ. എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് തള്ളാം, കൊള്ളാം. പക്ഷേ, "പറഞ്ഞുപോകരുതിതു മറ്റൊന്നിന്റെ പകര്‍പ്പെന്നുമാത്രം".

സംവാദം കഴിഞ്ഞ്, ഉച്ചയൂണിന്റെ ഇടവേളയില്‍ വി കെ എന്‍ എന്നെ തേടിപ്പിടിച്ചു. എന്റെ ബയോഡാറ്റയും വായനാശീലങ്ങളും ചോര്‍ത്തിയെടുത്തു. അധികവായനക്കായി ഏതാനും പുസ്തകങ്ങളും പറഞ്ഞുതന്നു. ഹെമിങ്വേയെ കൂടുതല്‍ പഠിക്കാന്‍ നിര്‍ദേശിച്ചു. അത് "വണ്‍ട്രാക്ക്" വായന ആയാല്‍ പോരെന്നും ക്രോസ് റീഡിങ് വേണമെന്നും ഓര്‍മിപ്പിച്ചു. പില്‍ക്കാലത്ത് ഹെമിങ്വേയുടെ "ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ" ഭാഷാന്തരം ചെയ്യാന്‍ എന്നെ തുണച്ചത് വി കെ എന്നിന്റെ ഈ ഉപദേശമായിരുന്നു. അക്കാദമിയില്‍ അന്ന് പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുകയായിരുന്നു ഞാന്‍ . വി കെ എന്നുമായുള്ള ബന്ധത്തിന് ശക്തി പകരാന്‍ ഈ ജോലി എന്നെ സഹായിച്ചു. വേദച്ചേച്ചി (വി കെ എന്നിന്റെ ഭാര്യ) യുടെ പിതാവിന്റെയും എന്റെ ഭാര്യ ഇന്ദിരയുടെയും ദേശം കാസര്‍കോടാണ് എന്നുള്ളതും ഈ ബന്ധത്തിന് ആക്കംകൂട്ടി.
വിചിത്രമായിരുന്നു വി കെ എന്നിന്റെ രീതികള്‍ . അവ വിശേഷാല്‍ പഠനം അര്‍ഹിക്കുന്നു. തെന്നാലിരാമനും തോലനും കുഞ്ചനുമെല്ലാം വി കെ എന്നില്‍ ഉള്ളടങ്ങിയിരിക്കുന്നു. വാക് സാമര്‍ഥ്യവും പാണ്ഡിത്യവും നിരീക്ഷണ വൈഭവവും തീക്ഷ്ണമായ വിമര്‍ശന വാസനയുമെല്ലാം ഒപ്പത്തിനൊപ്പം ചേര്‍ന്നിട്ടുള്ള അപൂര്‍വ ചേരുവ. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, പയ്യന്‍ വി കെ എന്നിന്റെ "ട്രൂ കോപ്പി" അല്ലേ എന്ന്. നമ്പൂതിരിയുടെ പയ്യന്‍ ചിത്രങ്ങള്‍ ഈ തോന്നലിനെ ബലപ്പെടുത്തിയിട്ടുമുണ്ട്. കേരളത്തില്‍, വി കെ എന്‍ പയ്യന്‍ശൈലിയില്‍ വസ്ത്രങ്ങള്‍ അണിയാറില്ലെന്നേയുള്ളു. പയ്യന്റെ പല ശീലങ്ങളും പെരുമാറ്റങ്ങളും പ്രത്യേകതകളും വി കെ എന്‍ കൊണ്ടുനടക്കാറുള്ളതാണ്.

"ഞാന്‍ സ്വയം രസികനാണെന്നു മാത്രമല്ല, മറ്റുള്ളവരുടെ രസികത്വത്തിന് കാരണവും ഞാന്‍ തന്നെയാണ്" - ഷെയ്ക്സ്പിയറുടെ ഫോള്‍സ്റ്റാഫ് പറയുന്നു. ഒരു വിധത്തില്‍ ഇതുപോലെയാണ് പയ്യന്റെയും അവസ്ഥയെന്ന് കെ പി അപ്പന്‍ തന്റെ ലേഖനത്തില്‍ (ചിരിയുടെ ചുറ്റികപ്രയോഗം) സൂചിപ്പിക്കുന്നു. ഫലിതം സൃഷ്ടിക്കുന്നത് പയ്യനാണ്. ഫലിതത്തിന്റെ കാരണവും പയ്യന്‍ തന്നെ. പ്രമേയത്തിന്റെ അടിത്തട്ടിലും മുകള്‍ത്തട്ടിലും ഒരുപോലെ കളിച്ചുകൊണ്ടാണ് ഇതെല്ലാം വി കെ എന്‍ സൃഷ്ടിക്കുന്നതെന്ന് കെ പി അപ്പന്‍ തുടര്‍ന്നുപറയുന്നു. കളിക്കാരന്‍ പയ്യനാണെങ്കിലും കളിക്കുന്നത് വി കെ എന്‍ തന്നെ.

മുണ്ടിലും ഷര്‍ട്ടിലുമാണ് വി കെ എന്‍ അക്കാദമിയില്‍ പ്രവേശിക്കുക. ആദ്യകാലങ്ങളില്‍ തിരുവില്വാമല-തൃശൂര്‍ ബസ്സിലായിരുന്നു യാത്ര. പിന്നീടത് കാറിലാക്കി. മിക്കപ്പോഴും കൂട്ടിന് ഒരാളുണ്ടാവും. അക്കാദമിയിലെ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്റെ മുറിയിലേക്ക് വരും. കൂടെ ആരെങ്കിലും കാണും. കാക്കനാടനോ സി വി ശ്രീരാമനോ വി പി മുഹമ്മദോ അങ്ങനെ ആരെങ്കിലും. തുടര്‍ന്ന് സംഭാഷണങ്ങളുടെ പെരുമഴയായി, പൊട്ടിച്ചിരികളുടെ വര്‍ണപ്പകിട്ടായി. ചരിത്രവും രാഷ്ട്രീയവും സാഹിത്യവും സാമൂഹിക വിജ്ഞാനവും സമ്പദ്ശാസ്ത്രവും പരിസ്ഥിതിയും ടെക്നോളജിയും ജ്യോതിഷവും കമ്യൂണിസവും കാമശാസ്ത്രവും പാചകവിദ്യയുമെല്ലാം ആ ഭാഷണങ്ങളില്‍ സമ്മേളിച്ചുനില്‍ക്കുന്നതുകണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ട്. നല്ലൊരു എന്‍സൈക്ലോപീഡിയ തുറന്നുവച്ച അനുഭവമാണ് ആ സംഭാഷണങ്ങള്‍ എനിക്ക് സമ്മാനിച്ചിരുന്നത്. ശ്രീബുദ്ധന്‍, ശങ്കരാചാര്യര്‍, ഹോമര്‍, ഷെയ്ക്സ്പിയര്‍, കാളിദാസന്‍, കാറല്‍മാര്‍ക്സ്, ജയിംസ് തര്‍ബര്‍, ആര്‍തര്‍ മില്ലര്‍, ടെന്നസി വില്യംസ്, ജോണ്‍ ഗന്തര്‍, ഇബ്സന്‍, വാള്‍ട്ടര്‍ സ്കോട്ട്, മാക്കം മഗ്റിജ്, റിച്ചഡ് ആര്‍മര്‍, വാള്‍ട്ടര്‍ മിറ്റി, ഫ്രോയിഡ്, യുങ്, കെയ്ന്‍സ്, ഇ എം എസ്, എം എസ് സ്വാമിനാഥന്‍, ലിറ്റന്‍ സ്ട്രാച്ചി, ടോയന്‍ബി, മാര്‍ക്ട്വയിന്‍, കര്‍ട്ട്വോണ്‍ഗട്ട്, വനഫൂല്‍, സാര്‍ത്ര്, ഹെമിങ്വേ, കാഫ്ക, കാമു, എലിയറ്റ് തുടങ്ങി പ്രശസ്തരുടെ ഒരു വന്‍ നിരതന്നെ ആ സംഭാഷണങ്ങളില്‍ കയറിയിറങ്ങും. ആ സംഭാഷണം ചിലപ്പോള്‍ അവരുടെ പുസ്തകങ്ങളിലേക്കും മറ്റു ചിലപ്പോള്‍ അവരുടെ സ്വകാര്യജീവിതങ്ങളിലേക്കും നീളുന്നത് അത്ഭുതത്തോടെ ഞാന്‍ ശ്രദ്ധിച്ചിരുന്നിട്ടുണ്ട്.

എങ്ങനെയാണ് ഇത്രയധികം "ഇന്‍ഫര്‍മേഷന്‍" വി കെ എന്‍ കൈക്കലാക്കിയത്? ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ചിന്തകനുമായ മാല്‍ക്കം മഗ്റിജ് ചിത്രകാരി അമൃത ഷെര്‍ഗിലുമായി പ്രണയത്തിലാണ്ട കഥ, നൊബേല്‍ സമ്മാന സമര്‍പ്പണവേളയില്‍ ഹെമിങ്വേ സമ്മാനം വാങ്ങാന്‍ സ്റ്റോക്ഹോമില്‍ പോകാതെ ഹവാനയില്‍ ചൂണ്ടയിട്ടു നടന്ന കഥ, കൊളോണിയല്‍ കാലത്ത് ഇന്ത്യയിലെ ക്ഷാമത്തെ ലോഡ് ലിട്ടന്‍ എന്ന വൈസ്രോയി പരിഹരിച്ച കഥ, കാളിദാസന്‍ ഭോജരാജന്റെ സന്നിധിയില്‍ ചെന്ന് ശ്ലോകം കാഴ്ചവച്ച് ശാപ്പാടും വരാഹനും തരപ്പെടുത്തിയ കഥ, ബ്രിട്ടനിലേയും അമേരിക്കയിലേയും രാഷ്ട്രത്തലവന്മാര്‍ ലോകമഹായുദ്ധ വേളയില്‍ കപ്പല്‍ യാത്രയ്ക്കിടയില്‍ സന്ധിച്ച കഥ, കല്പാത്തിയിലെ ബ്രാഹ്മണരില്‍ ചിലര്‍ രണ്ടാംലോക യുദ്ധകാലത്ത് ജര്‍മന്‍ പഠിക്കാന്‍ മിനക്കെട്ട കഥ അങ്ങനെ എത്രയോ കഥകള്‍ അക്കാദമിയിലെ ആ മുറിയില്‍വച്ച് കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പലതും ഞാന്‍ കുറിച്ചുവച്ചിട്ടുണ്ട്.
ഒരിക്കല്‍ കാളിദാസന്റെ ഭാവനയെപ്പറ്റി പറഞ്ഞത് ഓര്‍ക്കുന്നു. "കുമാരസംഭവത്തില്‍ കഷ്ടിച്ച് 96 ശ്ലോകങ്ങളേ ഉള്ളൂ. നായകന് പേര് പോലുമില്ല. ഏതോ ഒരു ജനാര്‍ദനന്‍നായര്‍ രാവിലെ എണീറ്റപ്പോള്‍ ഒരു ഉളുക്ക് തോന്നി. കശ്ചിത് കാന്താ... എന്നു തുടങ്ങുന്ന ശ്ലോകന്‍! ഒടുവില്‍ പാര്‍വതിയുടെ മേല്‍ പതിച്ച ആദ്യത്തെ മഴത്തുള്ളിയുടെ കഥ നോക്കുക. അത് നെറ്റിയിലും കണ്ണിലും ചുണ്ടിലും ഹാജരായ ശേഷം മുലകളില്‍ കയറി ചുറ്റും നോക്കി ട്രാഫിക് പൊലീസുകാരനെപ്പോലെ തിരിഞ്ഞ് നാഭിയില്‍ ചെന്നു പതിക്കുകയാണ്". ഇതാണ് ഭാവന.

ഇക്കാര്യം വി കെ എന്‍ വിവരിച്ചപ്പോള്‍ പണ്ട് എം എ ക്ലാസില്‍ ഇതേ ഭാവനയെ ഞാന്‍ ചോദ്യം ചെയ്ത കാര്യം വി കെ എന്നിനോട് പറഞ്ഞു. പിഷാരടി മാഷായിരുന്നു കുമാരസംഭവം പഠിപ്പിച്ചിരുന്നത്. മഴത്തുള്ളി മൂര്‍ധാവില്‍നിന്ന് ഇമകളിലേക്കും അവിടെനിന്ന് അധരത്തിലേക്കും പിന്നെ സ്തനങ്ങളിലേക്കും തുടര്‍ന്നു നാഭിയിലേക്കും കോണോടുകോണ്‍ ചേര്‍ന്നു സഞ്ചരിക്കുന്നതെങ്ങനെ എന്നായിരുന്നു എന്റെ ചോദ്യം. അതിന് പിഷാരടി മാസ്റ്റര്‍ നല്കിയ ഉത്തരം "അരസികേഷു കവിത്വ നിവേദനം ശിരസി മാലിഖ മാ ലിഖ" എന്നായിരുന്നു. പിഷാരടി മാസ്റ്ററെയും കവച്ചുവയ്ക്കുന്നതായിരുന്നു വി കെ എന്നിന്റെ പ്രതികരണം: ഭാഷയും സാഹിത്യവും അന്യംനിന്നുപോകാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല! സംഭാഷണം ഇങ്ങനെ "കൊടുത്തും വാങ്ങിയും" മുന്നേറുന്നതിനിടയിലാവും ചില "വിശേഷാല്‍പ്പരുന്തു"കളുടെ വരവ്. വി കെ എന്നിനെ സല്‍ക്കരിക്കാനുള്ള തയാറെടുപ്പുമായാണ് അവരുടെ വരവ്. ടൗണിലെ ഏതെങ്കിലും ഹോട്ടല്‍മുറിയിലാകും മേളനം. ഭക്ഷണം, സുരാപാനം. ഭക്ഷണകാര്യത്തില്‍ പയ്യനും വികെ എന്നും സമാന മനസ്കര്‍ ആണ്. "പട്ടുപോലത്തെ കോഴി"യും "ആമ്പല്‍പ്പൂ പോലത്തെ ഇഡ്ഡലി"യും ഇരുവരുടെയും വീക്ക്നെസ് ആണ്. തീറ്റസാധനങ്ങള്‍ കാണുമ്പോഴല്ല, പയ്യന്‍ തിന്നുന്നത് കാണുമ്പോഴാണ് വായില്‍ വെള്ളമൂറുക എന്ന് "ലഞ്ച്" എന്ന കഥയില്‍ ഒരു പരാമര്‍ശമുണ്ട്. ഇത് വി കെ എന്നിനും ചാര്‍ത്തിക്കൊടുക്കാവുന്ന ബഹുമതിയാണ്.

ഒരിക്കല്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വച്ച് ഭക്ഷണത്തോടൊപ്പം കത്തിയും മുള്ളും നല്കിയപ്പോള്‍ അതൊക്കെ മാറ്റിവച്ച് വി കെ എന്‍ കൈവിരലുകള്‍ ഉപയോഗിച്ച് കൃത്യം അതീവ സുന്ദരമായി നിര്‍വഹിച്ച കഥ കേട്ടിട്ടുണ്ട്. വി കെ എന്നിന്റെ കൂസലില്ലായ്മ കണ്ട് ഹോട്ടല്‍ മാനേജര്‍ ലീവില്‍ പോയി എന്നാണ് കഥാന്തരം.

മദ്യപാനത്തിന്റെ കാര്യത്തില്‍ വി കെ എന്നിന് സമയവും സന്ദര്‍ഭവുമൊന്നും പ്രശ്നമല്ല. രാത്രിയായാലും രാവിലെയായാലും മദ്യപിക്കാന്‍ ഒരു സങ്കോചവുമില്ല. മദ്യപിച്ചാല്‍ സ്വഭാവപരിണാമം വന്ന് വി കെ എന്‍ മറ്റൊരു വ്യക്തിയായിത്തീരും. ഈ വേളയില്‍ വി കെ എന്നിനെ നിയന്ത്രിക്കുന്നത് മദ്യമാണ്. ബഹളം വയ്പിക്കുന്നതും ചാത്തന്‍സിന്റെ ഭാഷണങ്ങള്‍ ഉറക്കെ പറയിക്കുന്നതും ഗ്ലാസും മറ്റും എറിഞ്ഞുടയ്ക്കുന്നതും മറ്റു "വേണ്ടാതീനങ്ങള്‍" ചെയ്യിക്കുന്നതുമെല്ലാം മദ്യത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. മദ്യപിക്കാത്ത സന്ദര്‍ഭങ്ങളില്‍ വി കെ എന്നിനെപ്പോലെ സ്നേഹസൗശീല്യങ്ങള്‍ കാട്ടുന്ന വ്യക്തികള്‍ അപൂര്‍വമായിരിക്കും. വി കെ എന്നിന്റെ ചുണ്ടിലെ നേര്‍ത്ത ചിരി കണ്ടാല്‍ മതി കാണുന്നവരുടെ ഉള്ളിലെ പ്രശ്നങ്ങളെല്ലാം നൊടിയിടെ അപ്രത്യക്ഷമാകും.

വി കെ എന്‍ അക്കാദമി ഗസ്റ്റ് ഹൗസില്‍ തങ്ങിയിരുന്ന ഒരു ദിനം ഞാനോര്‍ക്കുന്നു. ഇന്റര്‍കോമില്‍ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ജീവനക്കാര്‍ വരുന്നതേയുള്ളു. വി കെ എന്‍ താഴേയ്ക്കിറങ്ങി നേരെ അഡ്മിനിസ്ട്രേറ്റീവ് റൂമില്‍ ചെന്നു. അവിടെ ലുങ്കി വേഷധാരിയായ ഒരു മധ്യവയസ്കന്‍ നിന്നുകൊണ്ട് ഫോണ്‍ ചെയ്യുന്നു. വി കെ എന്‍ അയാളോട് നിര്‍ദേശിച്ചു: "ബ്രിങ് മി വണ്‍ സോഡാ". അയാള്‍ കാര്യമറിയാതെ അമ്പരന്നുനില്‍ക്കെ വി കെ എന്‍ അക്ഷമനായി അലറി: "ഐ ടോള്‍ഡ് യു ടു ബ്രിങ് മി വണ്‍ സോഡാ". ആ മനുഷ്യന്‍ റസീവറും താഴെയിട്ട് പ്രാണനുംകൊണ്ട് ഓടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നീടയാളെ കണ്ടത് വി കെ എന്നുമായി ഹസ്തദാനം ചെയ്യുന്നതും വി കെ എന്നുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്നതുമായ നിലയിലാണ്, ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക്. കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ആന്ധ്രയില്‍നിന്നെത്തിയ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു അയാള്‍ , ഐ എ എസ്സുകാരന്‍!

ഇങ്ങനെ എത്രയോ സംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ അക്കാദമിയിലെ ജീവിതം എന്നെ തുണച്ചിട്ടുണ്ട്. പക്ഷേ എന്നെ അമ്പരപ്പിച്ചത് ഇതൊന്നുമല്ല. അത് വി കെ എന്നിന് ഇംഗ്ലീഷ് സാഹിത്യത്തിലും ഭാഷയിലുമുള്ള അവഗാഹമാണ്. അക്കാദമിയുടെ വൈസ്പ്രസിഡന്റ് ആയിരിക്കെ അക്കാദമിയുടെ ഇംഗ്ലീഷ് ആനുകാലികമായ "മലയാളം ലിറ്ററി സര്‍വേ"യുടെ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ ആയും വി കെ എന്‍ നിയോഗിക്കപ്പെട്ടു. അക്കാദമി പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് എനിക്ക് വി കെ എന്നുമായി കൂടുതല്‍ ഇടപഴകാന്‍ ഇതവസരം നല്കി. മാസികയിലേക്ക് അയച്ചുകിട്ടിയ രചനകളുമായി ഞാന്‍ പലപ്പോഴും തിരുവില്വാമലയില്‍ ചെല്ലും. ആദ്യത്തെ തവണ ചെന്നപ്പോള്‍ വി കെ എന്‍ പറഞ്ഞ വാക്കുകള്‍ എന്നെ അമ്പരപ്പിക്കുകയാണ് ചെയ്തത്. വി കെ എന്‍ പറഞ്ഞു:

"പ്രഭാകരന്‍ , എന്റെ ഇംഗ്ലീഷ് ഇവിടത്തെ ചില പ്രൊഫസര്‍മാരുടെ ഇംഗ്ലീഷല്ല ട്ടോ, ഒരുമാതിരി "നോട്ടിനഫ്" ഇംഗ്ലീഷല്ലെന്നര്‍ഥം".

"അതെന്താ?"

എനിക്കു മനസിലായില്ല. വി കെ എന്‍ വ്യക്തമാക്കി:

"പണ്ടൊരു ഇംഗ്ലീഷ് പ്രൊഫസര്‍ വള്ളത്തോളിന്റെ പോരാ പോരാ നാളില്‍ നാളില്‍ ഇങ്കിരീസിലാക്കിയത് അങ്ങനെയാണ് -
"നോട്ട് ഇനഫ്, നോട്ട് ഇനഫ്, ഡേ ബൈ ഡേ, ഡേ ബൈ ഡേ..."

ഇത്തരം ഇംഗ്ലീഷ് എനിക്ക് വശമില്ല ട്ടോ".

ഭാഷ എന്താണെന്നും എന്തിനുവേണ്ടിയാണെന്നും എങ്ങനെയായിരിക്കണമെന്നുമുള്ള പാഠത്തിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു വി കെ എന്‍ . ഞാന്‍ ഒരു പഠിതാവായി വി കെ എന്നിന്റെ മുന്നിലിരിക്കും. സര്‍വേയിലേക്കുള്ള മാറ്റര്‍ ഒന്നൊന്നായി രണ്ടുപേരും കൂടി പരിശോധിക്കും. ചിലത് ഉറക്കെ വായിക്കാന്‍ പറയും. മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. ചിലപ്പോള്‍ വാക്കുകളിലുടെ, വരികളിലൂടെ, ഖണ്ഡികകളിലൂടെ, പുറങ്ങളിലൂടെ വി കെ എന്നിന്റെ പേന സഞ്ചരിക്കും. യുദ്ധരംഗം പോലിരിക്കും വി കെ എന്നിന്റെ പേനയോട്ടം നടന്ന പല പേജുകളും. എഡിറ്റിങ്ങും വെട്ടും തിരുത്തുമെല്ലാം അനായാസം നിര്‍വഹിക്കും. മുന്നിലുള്ള പെന്‍ഗ്വിന്‍ ഡിക്ഷ്ണറിയില്‍ ഇടയ്ക്ക് നോക്കും. She attained puberty എന്ന വാചകത്തിന്റെ സ്ഥാനത്ത് She flowered എന്നെഴുതിയതോര്‍ക്കുന്നു.

ഈ പരിശോധനയ്ക്കിടയില്‍ വേദച്ചേച്ചി കാപ്പി തരും, ഊണിന്റെ സമയമായാല്‍ ഊണ് തരും. വൈകുന്നേരമായാല്‍ ഞാന്‍ തൃശൂരിലേക്ക് തിരിക്കും. ഇത്തരം പരിശോധനാവേളയിലാണ് ഒരു ദിവസം വി കെ എന്നിന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തിന്റെ ഗുട്ടന്‍സിനെപ്പറ്റി ചോദിച്ചറിഞ്ഞത്.
"ഒരു ഗുട്ടന്‍സുമില്ല, വിദ്യാഭ്യാസം കാര്യമായിട്ടൊന്നുമില്ലെങ്കിലും ഹിന്ദുവൊക്കെ വായിക്കും. അതുപോലുള്ള മറ്റു പലതും. എന്നാല്‍ മദ്രാസ് മൂര്‍ മാര്‍ക്കറ്റില്‍നിന്ന് "പഞ്ച്" വാരികയുടെ പത്തു റാത്തല്‍ പഴയ ലക്കങ്ങള്‍ വാങ്ങി വായിച്ചപ്പോഴാണ് വലിയ വഴിത്തിരിവുണ്ടായത്. അന്നുവരെ മനസ്സിലാക്കിയതൊന്നും ഇംഗ്ലീഷല്ലെന്നു തിരിച്ചറിഞ്ഞു. ഡല്‍ഹിക്കുപോയ ശേഷം ഡിക്കന്‍സും ബ്രിട്ടീഷ്സാഹിത്യവുമൊക്കെ വായിച്ചു. ഷെയ്ക്സ്പിയറും വായിച്ചു. ഇംഗ്ലീഷ് വായിക്കുന്നവരായിരുന്നു ചുറ്റും. ഇന്ത്യനും വിദേശിയുമായി. അങ്ങനെ ഇംഗ്ലീഷ് ശരിയായി. 1947ല്‍ ഞാന്‍ ശങ്കേഴ്സ് വീക്കിലിയില്‍ എഴുതിത്തുടങ്ങിയതാണ്. ഇംഗ്ലീഷ് വായിച്ചിട്ടാണ് ഞാന്‍ മലയാളം പ്രയോഗിക്കാന്‍ പഠിച്ചത്. ഇംഗ്ലീഷില്‍ സമാന്തരമായ ശൈലികള്‍ കണ്ടെത്താനും ശ്രമിച്ചു. രണ്ടു നോവലും കുറെ കഥകളും ഇംഗ്ലീഷില്‍ ആക്കിയിട്ടുണ്ട്. ഞാന്‍ ലണ്ടനിലോ മറ്റോ ആണ് ജനിച്ചിരുന്നതെങ്കില്‍ പണം വാരിക്കൂട്ടിയേനെ"- വി കെ എന്‍ പറഞ്ഞു.

സ്ക്രിപ്റ്റ് പരിശോധനക്കിടയില്‍ നടന്ന രസകരമായ ഒരു സംഭവം ഓര്‍ക്കുന്നു. ഏതോ ഒരു ലക്കത്തിലേക്കുള്ള മാറ്റര്‍ തട്ടിക്കൂട്ടിയശേഷം അതില്‍നിന്ന് ഒരു കവിത വി കെ എന്‍ മാറ്റിവച്ചു. ബാക്കിയെല്ലാം പ്രസ്സിലേക്ക് പോയ്ക്കോട്ടെ. ഈ കവിത രണ്ടു ദിവസത്തിനകം അയച്ചുതരാം-വി കെ എന്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കവിത തപാലില്‍ വന്നു. കൂടെ വി കെ എന്നിന്റെ ഒരു കത്തും:

"പ്രഭാകരന്‍ , ........ ന്റെ തീട്ടം കറകളഞ്ഞ് ദുര്‍ഗന്ധമകറ്റി ഇതോടൊപ്പം അയക്കുന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക".

ഞാന്‍ അപ്രകാരം ചെയ്തു. ആ ലക്കം സര്‍വേയില്‍ അതുള്‍പ്പെടുത്തി. കവി തന്നെ പരിഭാഷപ്പെടുത്തിയ കവിതയായിരുന്നു. ലക്കം പുറത്തുവന്നതില്‍ പിന്നെ ഒരു പൊതുചടങ്ങില്‍വച്ച് പ്രസ്തുത കവി എന്നെ കണ്ടു പരിഭവം പറഞ്ഞു: ഞാന്‍ എഴുതിയ മാതിരിയൊന്നുമല്ല, കുറെ മാറ്റങ്ങളൊക്കെ വരുത്തി അല്ലേ? ഞാന്‍ ചിരിച്ചു. വി കെ എന്‍ ചെയ്തത് കവിതയുടെ പേരും കവിയുടെ പേരും ഒഴികെ ബാക്കിയെല്ലാം മാറ്റിയെഴുതുകയായിരുന്നു! ഫലത്തില്‍ അതൊരു "വി കെ എന്‍ കവിത" ആയിരുന്നു.

ഇത്തരം യാത്രയ്ക്കിടയില്‍ ഒരിക്കല്‍ വേദച്ചേച്ചിയുടെ നിര്‍ബന്ധപ്രകാരം ഞാന്‍ ഭാര്യ ഇന്ദിരയെയും മകന്‍ സൂര്യനെയും കൂട്ടി തിരുവില്വാമലയില്‍ ചെന്നതും മറ്റും ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. വി കെ എന്നിന്റെ മകന്‍ ബാലചന്ദ്രനുവേണ്ടി കാസര്‍കോട് ഭാഗത്തുനിന്ന് വധുവിനെ കണ്ടെത്താന്‍ നിര്‍ദേശിച്ചതും ജാതകക്കുറിപ്പ് അയച്ചുതന്നതും ഓര്‍മയുണ്ട്. പക്ഷേ ആ ശ്രമങ്ങളൊന്നും ഫലിച്ചില്ല. അക്കാദമിയുടെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചെങ്കിലും വി കെ എന്നുമായുള്ള ബന്ധം തുടര്‍ന്നു. മിക്കവാറും ദിവസങ്ങളില്‍ വി കെ എന്‍ ഫോണ്‍ ചെയ്യും. അത് പുതിയൊരു കഥയെയോ ആശയത്തെയോ പുസ്തകത്തെയോ പറ്റി പറയാനായിരിക്കും. ഈ വര്‍ഷത്തെ അവാര്‍ഡ് ഇന്ന വ്യക്തിക്ക് കിട്ടും എന്നു പ്രവചിക്കാനായിരിക്കും, (സാറ ടീച്ചര്‍ക്ക് കേന്ദ്ര അവാര്‍ഡ് കിട്ടുമെന്ന കാര്യം രണ്ടുമാസം മുന്നെ വി കെ എന്‍ എന്നോടു പറഞ്ഞിരുന്നു). പേരക്കുട്ടിയുടെ വിവാഹത്തിന് ക്ഷണിക്കാനായിരിക്കും, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും രാഷ്ട്രീയ ചലനങ്ങള്‍ ചൂണ്ടിക്കാട്ടാനായിരിക്കും, അല്ലെങ്കില്‍ ഏതെങ്കിലും ഒരെഴുത്തുകാരനെ പ്രസംഗത്തിനു കിട്ടാനായിരിക്കും. ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ചുപറഞ്ഞു, മലയാളത്തിലെ ഒരു പ്രശസ്ത എഴുത്തുകാരിയെ തിരുവില്വാമലയില്‍ ഒരു പരിപാടിക്ക് വേണമെന്ന്. ആ എഴുത്തുകാരി അക്കാദമിയില്‍ എത്തിയ ദിവസമായിരുന്നു അത്. ഞാന്‍ വി കെ എന്നിന്റെ ഫോണ്‍ അവര്‍ക്കു കൊടുത്തു. കുറെ കഴിഞ്ഞപ്പോള്‍ വി കെ എന്‍ വീണ്ടും എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ആയമ്മയ്ക്ക് ഓവര്‍ലോഡ് പറ്റില്ലെന്ന്, അന്ന് വേറെയും ലോഡുണ്ടെന്ന്!

അക്കാലത്ത് തൃശൂരില്‍ കാസിനോ ഹോട്ടലില്‍വച്ച് ലയണ്‍സ് ക്ലബ്ബുകാരുടെ സമ്മേളനം ഉണ്ടായതുകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ലയണ്‍സ് ക്ലബ്ബുകാര്‍ക്ക് വി കെ എന്നിനെ വേണം. അവര്‍ എന്റെ സഹായം തേടി. ഞാന്‍ പറഞ്ഞപ്പോള്‍ വി കെ എന്‍ സമ്മതിച്ചു. പക്ഷേ വേദച്ചേച്ചിക്ക് സമ്മതമല്ല. വി കെ എന്‍ മദ്യപിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതാണ്. പ്രഭാകരന്‍ കൂടെയുണ്ടാകുമെങ്കില്‍ , കുടിക്കില്ലെന്ന് ഉറപ്പുവരുത്താമെങ്കില്‍ അയയ്ക്കാം. ഞാന്‍ സമ്മതിച്ചു. വി കെ എന്നിന്റെ ലഘുപ്രസംഗവും തുടര്‍ന്നുള്ള ചോദ്യോത്തരവേളയും വി കെ എന്നിന്റെ പ്രത്യുത്പന്നമതിത്വവും എല്ലാംകൊണ്ട് പരിപാടി ഗംഭീരമായി. "വി കെ എന്നിന്റെ കാലശേഷം വി കെ എന്‍ ഓര്‍മിക്കപ്പെടുമോ" എന്ന ഒരു ചോദ്യം ആരോ ചോദിച്ചപ്പോള്‍ വി കെ എന്നിന്റെ ഉത്തരം ഇതായിരുന്നു: "പാംപറ".
പരിപാടിക്കുശേഷം ഭക്ഷണത്തിനും സുരാപാനത്തിനുമുള്ള ഏര്‍പ്പാടുകള്‍ സിംഹങ്ങള്‍ ഒരുക്കിയിരുന്നു. ചപ്പാത്തിയും ചിക്കനും സ്റ്റ്യുവും സലാഡും മേശപ്പുറത്ത് നിരന്നു. ഒപ്പം ബിയര്‍ക്കുപ്പികളും ഗ്ലാസും. വി കെ എന്‍ എന്റെ മുഖത്തുനോക്കി. ഞാന്‍ പറഞ്ഞു: അരുത്, കഴിക്കരുത്. സദസ്സ് കുറച്ചുനേരം മൂകമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു: ഇതു ബിയറാണ്. ഇതു സ്ത്രീകള്‍ക്കുപോലും കഴിക്കാം. ഗോതമ്പു നീരല്ലേ. ഒരു കുഴപ്പവുമില്ല. വി കെ എന്‍ എന്റെ കരം ഗ്രഹിച്ചു. ദയനീയമായ നോട്ടം.
"പ്രഭാകരന്‍ , ഞാന്‍ കുടിക്കുന്നില്ല. പേരിന് ഒന്ന് ടേയ്സ്റ്റ് ചെയ്യുന്നതേയുള്ളു. ഏറിയാല്‍ ഒരു അര ഗ്ലാസ് ".

നിര്‍ബന്ധം സഹിക്കാതായപ്പോള്‍ ഞാന്‍ സമ്മതിച്ചു. അര ഗ്ലാസ് ബീയര്‍ ഒരുപാട് സമയമെടുത്ത് വി കെ എന്‍ "സിപ്" ചെയ്തുകൊണ്ടിരുന്നു. അതിന്നിടയില്‍ , സമയം കുറെയായില്ലേ? തിരുവില്വാമല എത്തേണ്ടെ? ഡ്രൈവന്‍ എവിടെ? വി കെ എന്‍ അന്വേഷിച്ചു. ഞാന്‍ ഡ്രൈവനെ വിളിക്കാന്‍ പുറത്തേക്കു പോയി. ഡ്രൈവനോടൊപ്പം തിരിച്ചെത്തിയപ്പോള്‍ മേശപ്പുറത്തെ കുപ്പികളെല്ലാം ശൂന്യമായിരിക്കുന്നു. വി കെ എന്നിന്റെ മുഖഭാവവും ചലനങ്ങളും സംസാരവും ശ്ലോകങ്ങളും മറ്റും കേട്ടപ്പോള്‍ ആ കുപ്പികള്‍ സഞ്ചരിച്ച വഴി തെളിഞ്ഞു. വി കെ എന്‍ നല്ല ഫോമിലായിരുന്നു. അന്ന് എന്നെ കേരളവര്‍മ കോളേജ് റോഡിലുള്ള എന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷമാണ്, രാത്രി 11 മണിക്ക്, വി കെ എന്‍ തിരുവില്വാമലയ്ക്ക് പുറപ്പെട്ടത്. പിറ്റേന്നു രാവിലെ ഫോണില്‍ വേദച്ചേച്ചിയുടെ ശബ്ദം. പ്രഭാകരന്‍ , കാര്യങ്ങള്‍ അസ്സലായി. നല്ല ആളുടെ കൂടെയാണ് അയച്ചത്. എനിക്ക് നല്കിയ ഉറപ്പ് പ്രഭാകരന്‍ മറന്നോ? എനിക്ക് വാക്കുകളില്ലായിരുന്നു.



*****


കടാങ്കോട് പ്രഭാകരന്‍, കടപ്പാട്:ദേശാഭിമാനി വാരിക

ചരിത്രത്തിന്റെ അപനിര്‍മാണം

നമ്പൂതിരി നവോത്ഥാന കാലഘട്ടത്തിലെ അനിവാര്യതകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും മുത്തിരിങ്ങോട് ഭവത്രാദന്‍ നമ്പൂതിരിപ്പാടും പ്രേമ്ജിയുമെല്ലാം എഴുത്തുകാരായി പരിണമിച്ചത്. ഇവരുടെ സര്‍ഗസൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ സാമുദായിക പരിഷ്കരണ കാലഘട്ടത്തിന്റെ മാര്‍ഗരേഖകള്‍ ഉള്ളടങ്ങിയ കൃതികളാണ്. കാലം ഒരു സമുദായത്തിനുമേല്‍ നടത്തിയ വിപ്ലവകരമായ പരീക്ഷണങ്ങളെ അറിഞ്ഞാദരിക്കുകയും സാമൂഹിക-സാംസ്കാരിക മേഖലകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്തവരാണവര്‍ . അക്കിത്തത്തിന്റെയും ഒളപ്പമണ്ണയുടെയും ആദ്യകാല കവിതകളിലും നവോത്ഥാനത്തിന്റെ ആവശ്യകതയുടെ ഉദ്ബോധനമുണ്ട്. വായനയ്ക്കപ്പുറം കാഴ്ചയിലൂടെ ലക്ഷ്യത്തിലേക്ക് എളുപ്പം നടന്നെത്താം എന്ന ഉള്‍ക്കാഴ്ചയോടെയാണ് വി ടി അടക്കമുള്ളവര്‍ നാടകം എഴുതിയത്. കാഴ്ചയുടെ തീവ്രത സാമുദായിക പരിവര്‍ത്തനവാഞ്ഛയെ ത്വരിതപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി. കേരള സാഹിത്യചരിത്രത്തില്‍ നമ്പൂതിരി പരിഷ്കരണകാല കൃതികള്‍ വേറിട്ട പഠനം അര്‍ഹിക്കുന്നുണ്ട്. അതിന് അനുബന്ധമായി വായിക്കാവുന്ന കഥയാണ് വി കെ എന്നിന്റെ "അഹത്തുള്ളാള്‍".

നമ്പൂതിരിമാരെ "ടൈപ്പ്" കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാധ്യതകള്‍ "ഇന്ദുലേഖ"യില്‍നിന്നുതന്നെ വായിച്ചുതുടങ്ങാം. വി കെ എന്‍ കഥകളില്‍ നമ്പൂതിരിയും ഹാജിയാരും ഇട്ടൂപ്പുമൊക്കെ ധാരാളം കടന്നുവരുന്നുണ്ട്. നമ്പൂതിരി നവോത്ഥാനകാലത്തെ, പുതിയകാല വായനയിലേക്ക് അന്വയിപ്പിക്കുന്ന കഥയാണ് "അഹത്തുള്ളാള്‍". പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ വി കെ എന്‍ ഉള്‍പ്പെടുത്തിയ കഥ. നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള വരവ്, അവര്‍ ഇവിടെ വാസയോഗ്യമാക്കിയത്, സാമുദായിക ഘടനയിലെ പ്രത്യേകതകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെ അത്യന്തം ഹാസ്യോല്പാദനക്ഷമമായി അദ്ദേഹം എഴുതുന്നു.

വി കെ എന്നിന്റെ ചരിത്രബോധവും ചരിത്രത്തെ അപനിര്‍മിക്കുന്നതിലെ വൈഭവവും നര്‍മത്തിന്റെ തീക്ഷ്ണതയും വിമര്‍ശനത്തിലെ ധീരതയും ഒത്തുചേര്‍ന്ന കഥകൂടിയാണ് "അഹത്തുള്ളാള്‍". കഥയുടെ തലക്കെട്ടുതന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അകത്തുള്ളയാള്‍ ആണ് "അഹത്തുള്ളാള്‍". അകം കൊള്ളാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളാണവര്‍ . ഉള്ളിലുള്ള അവരുടെ "ഉള്ള്" കാണാന്‍ കഴിയാതെപോയ സമുദായത്തെയാണ് വി കെ എന്‍ പരിഹസിക്കുന്നത്. വ്യക്തിത്വത്തിന്റെ അക-പുറങ്ങള്‍ തമ്മിലുള്ള വൈരുധ്യംപോലെ പ്രസക്തമാണ് സമുദായത്തിന്റെ അക-പുറങ്ങളുടെ വൈരുധ്യവും. "അഹത്തുള്ളാള്‍" അഹത്തില്‍ - ഞാന്‍ എന്ന സ്വത്വത്തില്‍ - ഉള്ളടങ്ങിയ ആളുമാകാം.

തന്നിലെ അക-പുറങ്ങള്‍ എത്രത്തോളം വൈരുധ്യം നിറഞ്ഞതാണെന്ന് അക്കാലത്തെ ഓരോ നമ്പൂതിരി ജനത്തെക്കൊണ്ടും ചിന്തിപ്പിക്കാന്‍ സാമുദായിക നവോത്ഥാനകാലത്തെ പരിവര്‍ത്തന യത്നങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല അകത്തുള്ളാളെ പുറത്തിറക്കിക്കൊണ്ടുവരാനുള്ളവ കൂടിയായിരുന്നു ആ പരിശ്രമങ്ങള്‍ എന്നു കൂട്ടിവായിക്കുമ്പോഴാണ് "അഹത്തുള്ളാള്‍" എന്ന ചെറുകഥ മുന്നോട്ടു വെയ്ക്കുന്ന ചരിത്രപരമായ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാവുന്നത്. അകത്തളങ്ങളില്‍ അടയ്ക്കപ്പെട്ട അന്തര്‍ജനങ്ങളുടെ അതൃപ്തവും അസന്തുലിതവുമായ ജീവിത സാഹചര്യങ്ങള്‍ കുറിയേടത്തു താത്രിമാര്‍ക്കു ജന്മം നല്കിയ സാഹചര്യത്തില്‍, സാമുദായിക ശുദ്ധീകരണം എന്ന നിലയ്ക്ക് നടന്ന പരിവര്‍ത്തന യത്നങ്ങളുടെ പരിണിതഫലമെന്തായി എന്നും അവ ഇന്നെവിടെയെത്തിനില്ക്കുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് ഈ കഥ ഉന്നയിക്കുന്നത്.

നവോത്ഥാനകാല ചരിത്രത്തിന്റെ ബാക്കിപത്രമാവുന്ന കഥ ചരിത്രത്തെത്തന്നെ അപനിര്‍മിക്കുന്നു. ചരിത്രത്തിന്റെ പുനര്‍നിര്‍മാണവും അപനിര്‍മാണവും ഏകകാലത്ത്-വര്‍ത്തമാനകാലാന്തരീക്ഷത്തില്‍- സമന്വയിപ്പിച്ചിടത്താണ് വി കെ എന്നിന്റെ ആഖ്യാനപാടവത്തിന്റെ കൈയടക്കം പ്രകടമാവുന്നത്. നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലവും ചരിത്രപശ്ചാത്തലവും എക്കാലത്തും തര്‍ക്കങ്ങളായി തുടരുന്ന ഒരു വസ്തുതയാണ്. ചരിത്രകാരന്മാര്‍ക്കുതന്നെ അതില്‍ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കെ, വളരെ ലളിതമായി വി കെ എന്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നത് നോക്കുക:

കഥയുടെ തുടക്കം ഇങ്ങനെയാണ്: "വെളളമുള്ളിടം തേടി ആന്ധ്രാപ്രദേശത്തെ റായലസീമയില്‍ നിന്നോ മറ്റോ ആറോ ഏഴോ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ എത്തിയവരാവണം നമ്പൂരിശ്ശന്മാര്‍ എന്ന് എങ്ങോ വായിച്ചതായി ഓര്‍ക്കുന്നു. തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം എന്നും ഞാന്‍ പാരായണം ചെയ്ത ചെമ്പോലയോ ശാസനമോ എന്താച്ചാല്‍ അത് എങ്ങെന്നും വിദഗ്ധര്‍ ചോദിച്ചാല്‍ തല്ക്കാലം ഓര്‍മയില്ല എന്നേ പറയാനുള്ളൂ" (എന്റെ പ്രിയപ്പെട്ട കഥകള്‍ വി കെ എന്‍ ഡി സി ബുക്സ് പുറം 67-68). ചെമ്പോലയും ശാസനങ്ങളും ഉപാദാനങ്ങളാക്കിയുള്ള ചരിത്രനിര്‍മിതിക്കുനേരെയുള്ള വിമര്‍ശനമാണ് വി കെ എന്‍ ആദ്യം സാധിക്കുന്നത്. "നമ്പൂരിശ്ശന്മാര്‍" എന്നതിലെ പരിഹാസവും ശ്രദ്ധേയമാണ്.

"ചൂടിന്റെ അഗ്നിപര്‍വതമായ കഡപ്പ, കര്‍ണൂല്‍ , ആനന്ദപുരം എന്നിവിടങ്ങളില്‍ നിന്ന് തെലുങ്കുദേശത്തെ പട്ടന്മാര്‍ കിഴക്കന്‍ കടലോരത്ത് തെക്കു വടക്കാവും, "ദാഹജലം തരുമോ" എന്നു പാടി ആദ്യം തെണ്ടിയിരിക്കുക" - ചൂടിന്റെ അഗ്നിപര്‍വതം എന്ന കല്പനയില്‍നിന്നുതന്നെ കാലാവസ്ഥയുടെ ഏകദേശ രൂപം കിട്ടുന്നു. "ദാഹജലം തരുമോ" എന്ന പാട്ടിന്റെ പശ്ചാത്തലം നാടകഗാനത്തെ ഓര്‍മിപ്പിക്കുന്നു. ഏഴു നൂറ്റാണ്ടിനു മുമ്പത്തെ ചരിത്രത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു നാടകഗാനത്തിലേക്ക് വി കെ എന്‍ അന്വയിപ്പിച്ചു. അതുപോലെ ശ്രദ്ധേയമാണ് തെണ്ടിയിരിക്കുക, കണ്ടിരിക്കുക, നടന്നുതുടങ്ങിയിരിക്കുക, സമൂലം നശിപ്പിച്ചിരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ . ഇവയെല്ലാം ഊഹങ്ങള്‍ അഥവാ ഭാവന മാത്രമാണ്. ഇവയില്‍ വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം നന്നേ കുറവാണ്. "തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം" എന്ന ആദ്യഖണ്ഡികയില്‍ പരിഹാസം ഈ പദപ്രയോഗങ്ങളില്‍ ലീനധ്വനിയാവുന്നു. ചരിത്രം വെറും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാണെന്നും ചെമ്പോലയും ശാസനങ്ങളെയും ഉപാദാനമാക്കുമ്പോഴും ചരിത്രം സാഹിത്യത്തെയും വെല്ലുന്ന ഭാവനാസൃഷ്ടിയാണെന്നും വി കെ എന്‍ കളിയാക്കുന്നു. "ഇങ്ങനെയൊക്കെയാവും ചരിത്രം ഉണ്ടായിരിക്കുക" എന്നൊരു വാക്യം കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ആശയം പൂര്‍ണമായി; പരിഹാസവും.

തുടര്‍ന്ന് "നടന്നുനീങ്ങിയ അവര്‍ അറബിക്കടല്‍ തീരത്തെത്തി." അവര്‍ ജാതി തിരിഞ്ഞതിനെ വി കെ എന്‍ നിരീക്ഷിക്കുന്നു. "ഹെഗ്ഡെ, എമ്പ്രാന്തിരി, ഭട്ട് എന്ന മട്ട് ഓരോ ജാതിയായി, പക്ഷേ പട്ടന്മാരായിത്തന്നെ കടലോരം വഴി തെക്കുനോക്കി നടന്നുതുടങ്ങിയിരിക്കുക, വടക്കുനോക്കി യന്ത്രത്തെ സമൂലം നശിപ്പിച്ചിരിക്കുക" - ഭട്ട് എന്ന മട്ട്, തെക്കുനോക്കി നടക്കുക എന്നതിനു സമാന്തരമായി വടക്കുനോക്കി യന്ത്രത്തെ വിന്യസിച്ചത്- ഇതെല്ലാം വി കെ എന്‍ തൂലികയില്‍ നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന പ്രയോഗഭംഗികളാണ്.

"വന്ന വഴിയാകെ ഇല്ലങ്ങളും മനകളും പടുത്തുയര്‍ത്തി. അവയില്‍ പടുതിരി കത്തിച്ചു. വന്നുവന്ന് പൊന്നാനി അഴിമുഖത്തെത്തിയപ്പോള്‍ സഞ്ചാരസാഹിത്യം നിര്‍ത്തി. തങ്ങളുടെ കുലപതിയെ അവിടെ സ്ഥാപിച്ചു. ആശാനെ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്നു വിളിച്ചുകൂവി. ഇതുകേട്ടാണ് ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍ പുലയനിലും എന്നു മഹാകവി ഉള്ളൂര്‍ പാടിയത്. മേല്പടിയാന്‍ അയ്യന്‍ അയ്യങ്കാളിയായത് കഴിഞ്ഞ നൂറ്റാണ്ടിലുമാണല്ലോ" - സഞ്ചാരസാഹിത്യം നിര്‍ത്തുക എന്നതിലാണ് വി കെ എന്‍ ശൈലിയുടെ ആഴം കാണാനാവുക. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ചരിത്രത്തെ ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേക്കും തുടര്‍ന്ന് അയ്യങ്കാളിയുടെ സമരചരിത്രത്തിന്റെ പുതുവായനയിലേക്കും സംക്രമിപ്പിക്കുന്ന വി കെ എന്‍ "എഴുത്തുവിദ്യ" ഈ കഥയിലും കാണാം.

സവര്‍ണാധിപത്യാധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെ പൊരുതിയ അയ്യങ്കാളിയെ, ആഴ്വാഞ്ചേരി തമ്പ്രാക്കളില്‍തന്നെ വി കെ എന്‍ കണ്ടെടുക്കുന്നു. അഥവാ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍ഗാമികള്‍ പില്ക്കാലത്ത് നടത്തിയ സാമുദായിക പരിഷ്കരണസമരവും അയ്യങ്കാളിയുടെ സമരവും ഒരേ നാണയത്തിന്റെ രണ്ട വശങ്ങളാണെന്നും അക-പുറങ്ങളുടെ പോരാട്ടമായിരുന്നെന്നും അകത്ത് (സമൂഹത്തിനകത്തും വീടിനകത്തും) അടയ്ക്കപ്പെട്ടവരുടെ പുറത്തിറങ്ങലാണെന്നും വി കെ എന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുമ്പോള്‍ , "അഹത്തുള്ളാള്‍" എന്ന കഥയ്ക്ക് സാമൂഹികവും ചരിത്രപരവുമായ പുതിയ മാനങ്ങള്‍ തെളിഞ്ഞുകിട്ടുന്നു.

തിരുവിതാംകൂറിലെത്തിയവര്‍ പോറ്റിമാരായ ചരിത്രത്തെതുടര്‍ന്ന് പൊന്നാനിപ്പരിസരം ചുറ്റി മതി കഥ എന്ന് കഥാകൃത്ത് നിശ്ചയിക്കുന്നു - "ജന്തുക്കളെ തലതൊട്ടെണ്ണിയപ്പോള്‍ പുരുഷന്മാര്‍ കമ്മിയും സ്ത്രീകള്‍ പെരുത്തും എന്നു കണ്ടു. മൂത്ത നമ്പൂതിരിക്ക് ഒരു സ്ത്രീ അഥവാ അന്തര്‍ജനം അഥവാ അകത്തുള്ളാള്‍. അഹത്തുള്ളാള്‍ എന്നു ഗ്രാമ്യം!! അപ്പോള്‍ അവര്‍ യോഗം ചേര്‍ന്ന് ഇങ്ങനെ നിയമം നിര്‍മിച്ചു - "ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വജാതിയില്‍ വേളി - ഇതെത്രയെങ്കിലുമാവാം. വേളി കഴിഞ്ഞാല്‍ സ്ത്രീ അഹത്തുള്ളോളായി. അനുജന്‍ നമ്പൂതിരിമാരെ അപ്ഫന്‍ എന്നു വിളിച്ചുപോന്നു. ഇവര്‍ക്ക് വിധിച്ചത് സംബന്ധം. ഇരവുപകല്‍ വാതിലടയ്ക്കാതെ നാടാകെ വിലസുന്ന അമ്പലവാസി - നായര്‍ വീടുകളില്‍!"

ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വസമുദായത്തില്‍നിന്നു വിവാഹം; അത് ഒന്നിലധികമാവാം എന്ന നില വന്നപ്പോള്‍ നമ്പൂതിരിമാരുടെ കുടുംബനില ഛിദ്രമായി. പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ അധികവും എന്ന സാഹചര്യമായി. വാര്‍ധക്യത്തില്‍ വേട്ട നമ്പൂതിരിമാരുടെ മരണം ചെറുപ്പക്കാരികളായ അന്തര്‍ജനങ്ങളെ അകാല വിധവകളാക്കിയതിന്റെയും - വിധിവഞ്ചിതകള്‍ എന്നാണ് അക്കിത്തം ഒരു ലേഖനത്തില്‍ ഇവരെ വിലയിരുത്തുന്നത്- അവര്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് കണ്ണയച്ചതിന്റെയും ചരിത്രം വി കെ എന്‍ എഴുതുന്നുണ്ട്.

നമ്പൂതിരി സമുദായത്തില്‍ നടന്ന കൊടുംക്രൂരത എന്നു പറയാവുന്ന "സ്മാര്‍ത്തവിചാരം" കഥയില്‍ കടന്നുവരുന്നുണ്ട്. വിധവാവിവാഹത്തെക്കുറിച്ചുള്ള ആശയം അപ്ഫന്‍ നമ്പൂതിരിമാര്‍ പ്രായോഗികമായി പ്രയോജനപ്പെടുത്തിയതും കഥയില്‍ വായിക്കാം. സാമുദായിക പരിഷ്കരണത്തിന് വഴിവെച്ച സാഹചര്യത്തെ വി കെ എന്‍ ഫലിതമയമാക്കുന്നു. യാഥാര്‍ഥ്യത്തില്‍ ചാലിച്ച നര്‍മം. ചരിത്രം കഥയായി മാറുകയാണ്.

"എട്ടും ഒമ്പതും വേളി കഴിഞ്ഞ് തൊണ്ണൂറ് വയസെത്തിയ നമ്പൂതിരിമാര്‍ ചത്തുതുടങ്ങി. "അഹത്തുള്ളാള്‍"കള്‍ വിധവകളായി. ചാവിനനുപാതമായി ഇവരുടെ എണ്ണം പെരുകി. ശാരീരികാവശ്യത്തിന്റെ ആധിക്യത്താല്‍ ഇവളുമാര്‍ അസാരം നേരമ്പോക്ക് സംഘടിപ്പിച്ചു തുടങ്ങി. അപ്പോള്‍ തന്തനമ്പൂതിരിമാര്‍ സാധ്വികള്‍ക്ക് അടുക്കളദോഷം കല്പിച്ചു. അവര്‍ സാധനങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു. - "അടുക്കള ദോഷം" എന്നുപറഞ്ഞാല്‍ ചോറ് കൂടുതല്‍ വെന്തു, കൂട്ടാനില്‍ ഉപ്പ് പോരാതായി, സാധനം എന്നാല്‍ ഉലുവ, കടുക് തുടങ്ങിയ പലവ്യഞ്ജനം എന്നൊന്നുമല്ല അര്‍ഥം. അവിഹിതമായി നേരമ്പോക്ക് തരാക്കി എന്നാണ് സാരം. ഈ പശ്ചാത്തലത്തിലാണ് അപ്ഫന്‍ നമ്പൂതിരിമാര്‍ സംഘടിച്ചതും വൈധവ്യത്തിന്റെ സൗന്ദര്യമുള്ള, തന്ത നമ്പൂതിരി ചത്തുപോയി തനിച്ചുനില്ക്കുന്ന ഇവളുമാരെ കെട്ടിയാല്‍ മതിയല്ലോ എന്ന പുരോഗമനാശയം രൂപം കൊണ്ടതും. ഈ കുറുക്കുവഴി പ്രചരിപ്പിക്കാന്‍ ഇവന്മാര്‍ നാടെമ്പാടും നാടകവും കഥകളിയും അരങ്ങേറി. വിധവകള്‍ക്കും കാര്യം ബോധിച്ചു. ക്യൂ എന്ന അക്ഷരം, ഊഴം കാത്ത് ലൈനില്‍ നില്‍ക്കുന്ന സമ്പ്രദായം എന്നിവ അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു പൂരത്തിലെ ജനക്കൂട്ടത്തെപ്പോലെ അപ്ഫന്‍ നമ്പൂതിരിമാര്‍ തിക്കിത്തിരക്കി മുന്നോട്ടാഞ്ഞു. അതേമാതിരി വിധവകള്‍ ഇങ്ങോട്ടും. എല്ലാവരും പരസ്പരം ചിലവായി".

"സാധ്വി"കള്‍ "സാധന"ങ്ങളായതിന്റെ സാമൂഹ്യ പശ്ചാത്തലം; നവോത്ഥാന ലക്ഷ്യത്തിന്റെ പ്രചാരണത്തിന് നാടകം ആയുധമാക്കിയത് തുടങ്ങിയ ചരിത്രവസ്തുതകളെ വി കെ എന്‍ കുറുക്കി എഴുതുന്നു. ഒപ്പം സ്മാര്‍ത്തവിചാരത്തെ അപഹസിക്കുകയും ചെയ്യുന്നു. "എല്ലാവരും പരസ്പരം ചിലവായി" എന്ന വാക്യത്തിനുണ്ടൊരു "വികെ എന്‍ ടച്ച്". നമ്പൂതിരി സാമുദായികക്രമത്തില്‍ ചെലവാകാതെ നിന്നിരുന്ന രണ്ടു വിഭാഗങ്ങളായിരുന്നു അപ്ഫന്മാരും വിധവകളും. ചെലവാകാതെ നിന്ന ഇവരെ പരസ്പരം ചെലവാക്കാന്‍ മാത്രമേ സാമുദായിക നവീകരണം മൂലം സാധിച്ചുള്ളൂ എന്നും, സാമുദായിക ശുദ്ധീകരണത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിക്കാന്‍, ഏറെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനകാല പരിഷ്കാരങ്ങള്‍ക്കായില്ലെന്നും ഇവിടെ വ്യംഗ്യപ്പെടുന്നു.

കഥയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു "ട്വിസ്റ്റ്" ഈ വ്യംഗ്യത്തെ സ്ഫുടമാക്കുന്നു. അപ്ഫന്‍മാരുടെ തുടര്‍ന്നുള്ള ചരിത്രം എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാത്ത ആ ചരിത്രബാക്കി വി കെ എന്‍ പൂരിപ്പിക്കുന്നുണ്ട്. അമ്പലവാസി - നായര്‍ ഗൃഹങ്ങളില്‍ "അമ്പലക്കാള"യെപ്പോലെ (വി ടിയോട് കടപ്പാട്) സംബന്ധം ആഘോഷിച്ചു നടന്നിരുന്ന അപ്ഫന്മാര്‍, ഏകപത്നീ വ്രതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങിയപ്പോള്‍ , സ്വഗൃഹത്തിലെ ദാമ്പത്യത്തിന്റെ അതിരുകള്‍ക്കുള്ളിലായപ്പോള്‍ പുതിയ ജീവിതക്രമം അഥവാ ലൈംഗികക്രമം അവരെ വീണ്ടും അതൃപ്തരും അസ്വസ്ഥരുമാക്കുകയായിരുന്നു എന്ന് വി കെ എന്‍ സൂചിപ്പിക്കുന്നു.

നവോത്ഥാനമൂല്യങ്ങളെ പിറകോട്ടടിക്കുന്ന, ചരിത്രം പകച്ചുനില്ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് കഥ അവസാനിക്കുന്നത്. രണ്ട് അപ്ഫന്‍ നമ്പൂതിരിമാരുടെ സംഭാഷണത്തിലൂടെ ഈ സന്ദര്‍ഭത്തെ വി കെ എന്‍ സൃഷ്ടിക്കുന്നു.

"അതിന് ഒരു വസ്തു പിടിയില്ല" എന്നാണ് തന്റെ പത്നിയെക്കുറിച്ച് ഒരു അപ്ഫന്‍ നമ്പൂതിരിയുടെ വിലയിരുത്തല്‍ . ശാരീരികാവശ്യത്തിനപ്പുറം സ്നേഹാധിഷ്ഠിതമായി പത്നിയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ തുടരുന്നു.

- കിടക്കദോഷത്തിന് മറ്റേ "അഹത്തുള്ളാള്‍" ധാരാളം വേണം!

-കള്‍സ്?

-അല്ല.

-പിന്നെ?
-റാക്ക് ഓണ്‍ ദ റോക്സ്

വെള്ളം തൊടാതെയുള്ള ഈ ലഹരിയുടെ അടിസ്ഥാനത്തിലാണ് അപ്ഫന്‍ നമ്പൂതിരിയുടെ ദാമ്പത്യം നിലനില്‍ക്കുന്നത്. അങ്ങനെ അഹത്തുള്ളാളെ കീഴടക്കാന്‍ "അഹത്തുള്ളാള്‍" (അകത്തുള്ളാള്‍ - മദ്യം എന്നു വ്യംഗ്യം) വേണമെന്ന തലത്തിലേക്ക് കഥ മാറുന്നു. കഥാശീര്‍ഷത്തിന്റെ അര്‍ഥം വീണ്ടും മറ്റൊന്നാവുന്നു.

ഒരു സമുദായം ചരിത്രത്തിലൂടെ നടന്നുനീങ്ങി പരീക്ഷണങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ശുദ്ധീകരണത്തിനും ശേഷം എത്തിച്ചേര്‍ന്ന സ്ഥിതിവിശേഷത്തെയാണ് കഥ അനാവരണം ചെയ്യുന്നത്. വെള്ളം തേടിയുള്ള യാത്രയില്‍ ആരംഭിക്കുന്ന കഥ "വെള്ള"ത്തില്‍ അവസാനിക്കുന്നതും ശ്രദ്ധേയം.

സ്വാഭാവികതയില്‍നിന്ന് അസ്വാഭാവികതയിലേക്കുള്ള മാറ്റം വി കെ എന്‍ കഥകളുടെ സാമാന്യ സ്വഭാവം കൂടിയാണ്. നമ്പൂതിരിമാര്‍ക്ക് സ്വസമുദായ വിവാഹം അനുവദനീയമായതിനെ തുടര്‍ന്നുള്ള കാലത്തിന്റെ ചിത്രവും ഈ കഥയിലുണ്ട്. അവസാന സംഭാഷണം നമ്പൂതിരി ഫലിതമായും വായിക്കാം. ആ അപ്ഫന്‍മാരില്‍ വി കെ എന്‍ ഒളിഞ്ഞിരിക്കുന്നു. ഈ നിലയ്ക്കുള്ള ഒരു "നവോത്ഥാനം" കൂടി സമുദായത്തില്‍ സാധ്യമായിട്ടുണ്ട് എന്ന ഫലിതധ്വനിയും കഥയില്‍ വായിക്കാം.

നമ്പൂതിരി പരിഷ്കരണ കാലഘട്ടത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കഥ എന്ന നിലയ്ക്കും "അഹത്തുള്ളാള്‍" പ്രസക്തമാണ്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് വി കെ എന്‍ ഈ കഥ എഴുതുന്നത്. ഒരു കാലഘട്ടം മൗനിയായിരുന്ന അദ്ദേഹം തിരിച്ചുവരവില്‍ എഴുതിയ ഗംഭീര കഥകളില്‍ ഒന്നാണ് "അഹത്തുള്ളാള്‍". സ്മാര്‍ത്തവിചാരത്തിന്റെ നൂറുവര്‍ഷം ആഘോഷിച്ച സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെച്ചു വായിക്കേണ്ടിയിരുന്ന കഥ.

"അഹത്തുള്ളാളി"ല്‍ രണ്ടു കാലങ്ങളുടെ ഏകോപനമുണ്ട്. ഒരു പോരാട്ടകാലത്തെ ഇങ്ങനെ നര്‍മത്തോടെ നോക്കിക്കാണാന്‍ വി കെ എന്നിനേ കഴിയൂ. ചരിത്രത്തിനു മുകളില്‍ കയറിനിന്ന് വി കെ എന്‍ വര്‍ത്തമാനം പറയുന്നു. നമ്പൂതിരി നവോത്ഥാന ചരിത്രപശ്ചാത്തലത്തിനു നേരെ നോക്കി വി കെ എന്‍ ചിരിക്കുന്നു. ഈ ചിരിയുടെ അലകളാണ് "അഹത്തുള്ളാളി"ല്‍ മുഴങ്ങുന്നത്. മലയാളകഥയില്‍ മറ്റാര്‍ക്കും സാധിക്കാത്തതാണ് ഇത്തരം സമീപനങ്ങള്‍ . ചരിത്രത്തിന്റെ സാധുത അടര്‍ത്തിയെടുക്കാനാവാത്തവിധം ലയിപ്പിച്ചുകൊണ്ടുതന്നെ വി കെ എന്‍ ചരിത്രത്തെ അപനിര്‍മിക്കുന്നു. നമ്പൂതിരി സ്ത്രീവിമോചനം എന്ന ആശയംതന്നെ എത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു എന്ന നോക്കിക്കാണലിനും ഈ കഥ സാധ്യതകള്‍ ഒരുക്കുന്നുണ്ട്.


*****


ജ്യോതിക, കടപ്പാട് :ദേശാഭിമാനി വാരിക

Thursday, May 26, 2011

സംസ്കാരത്തിലെ ഉരക്കടലാസ്

"ഭാഷ വളരുമ്പോള്‍ ...." എന്നെഴുതിക്കൊണ്ട് ഈ കുറിപ്പ് തുടങ്ങാനാണ് ആലോചിച്ചത്. സമൂഹം വളരുമ്പോള്‍ ഭാഷ വളരും എന്ന ചിന്ത ആ വാക്യം ഒഴിവാക്കാനുള്ള പ്രേരണയായിരിക്കുന്നു. എന്താണ് "വളര്‍ച്ച"? കൂടുതല്‍ സാമ്പത്തിക സൗകര്യങ്ങള്‍ , സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ കൂടുതലാളുകള്‍ക്ക് കിട്ടല്‍ , ജനാധിപത്യം എന്നിവയെയൊക്കെ വളര്‍ച്ചയുടെ പ്രമേയത്തില്‍ ചേര്‍ക്കാം. ഇതോടൊപ്പം സംവാദാത്മകത, വിമര്‍ശനാത്മകത, ആത്മാഭിമാനം, പ്രകൃതിയെ അറിയലും രക്ഷിക്കലും, സമതാബോധം എന്നിവയും ചേരുമ്പോഴാണ് വളര്‍ച്ച നന്മയായിത്തീരുക.

പുതിയ മുതലാളിത്തം രണ്ടാമതു പറഞ്ഞ കാര്യങ്ങള്‍ക്ക് പരിഗണന കൊടുക്കാന്‍ ഒരുക്കമല്ല. അവയ്ക്ക്കൂടി പ്രാധാന്യം സ്വാഭാവികമായി കിട്ടുമ്പോഴേ ഭാഷ വളരൂ. മുതലാളിത്തത്തിന്റെ പുതിയ വഴക്കങ്ങളനുസരിച്ച്, ഭാഷയുടെ വളര്‍ച്ച നല്ലതുമല്ല. കാരണം വാക്കുകളുടെ ശക്തിയിലും അനായാസമായ പ്രയോഗത്തിലും വിനിമയ സാധ്യതയിലും വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന സമൂഹത്തില്‍നിന്ന് ധീരമായ, സര്‍ഗാത്മകമായ പ്രതികരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇത് ഇന്നത്തെ മുതലാളിത്തം ആഗ്രഹിക്കുന്നില്ല. അതിനാല്‍ നവോത്ഥാന കാലത്തുനിന്ന് വ്യത്യസ്തമായി, ആധുനികതയുടെ സന്ദര്‍ഭത്തില്‍നിന്ന് വ്യത്യസ്തമായി, ഭാഷയുടെ ഊര്‍ജത്തെയും പലമയെയും ചെറുക്കുകയും ചെറുതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് വിവിധ വ്യവസ്ഥാനുകൂല സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഭാഷയെ പൊള്ളയാക്കുക, പ്രാദേശിക ഭേദങ്ങളെ നിരപ്പാക്കുക, പ്രയോഗങ്ങളെ ഔപചാരികവും യാന്ത്രികവുമാക്കുക, സൂക്ഷ്മത കുറഞ്ഞ ഒരു പൊതുഭാഷയില്‍ സമൂഹം പിടിച്ചുതൂങ്ങുന്ന അവസ്ഥയുണ്ടാക്കുക, സാഹിത്യം എല്ലാവരുടെയും സന്ദര്‍ശന സ്ഥലമാവുന്നത് തടയുക, ക്ലിഷെകളുടെ നിരകള്‍ ഉണ്ടാക്കുക തുടങ്ങി പലപല ചെയ്തികളിലൂടെ ഒരു ദേശീയതയെ ഭാഷാദരിദ്രമാക്കാന്‍ പുതിയ മുതലാളിത്തം സമര്‍ഥമായി ശ്രമിച്ചുവരുന്നു; ഈ ശ്രമത്തില്‍ നല്ലൊരളവില്‍ ജയിക്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ സാഹിത്യത്തിന് മറ്റു പല കാര്യങ്ങള്‍ക്കുമൊപ്പം ഇതിനെതിരായ സര്‍ഗസമരംകൂടി ഏറ്റെടുക്കേണ്ടതായി വരുന്നു.

ഇത്രയുമെഴുതിയത് ഒരു കാര്യം മുന്നില്‍ കണ്ടുകൊണ്ടാണ്. മലയാളത്തില്‍ ഇന്ന് നൂറുകണക്കിനാളുകള്‍ കവിതയെഴുതുന്നതിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ശപിക്കുകയുമൊക്കെ ചെയ്യുന്ന ഒരു ശീലം പലര്‍ക്കുമുണ്ട്. പുതിയ കവിത വായിക്കാതെയാണ് അവരില്‍ പലരുമങ്ങനെ ചെയ്യുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നൂറുകണക്കിനാളുകളില്‍നിന്ന് ആയിരക്കണക്കിന് കവിതകള്‍ വരുന്നത് മുകളില്‍ പറഞ്ഞ ഭാഷാ ശോഷണത്തിന് എതിരായ, ചെറിയതെങ്കില്‍ ചെറിയ, സമരമാണ് എന്നു കാണാന്‍ ആളുകളില്ലാതെ വരുന്നത് കഷ്ടമാണ്.

"കലികാലത്തില് കവികളും വഴികളും കൂടും. ഒറപ്പാണ്. ഭാഗവതത്തിലിണ്ട്" എന്നു പറഞ്ഞ് പുതിയ കവിതയെ ശകാരിക്കുന്ന ഒരു സീനിയര്‍ സുഹൃത്ത് ഈ ലേഖകനുണ്ടായിരുന്നു. ഈ വക നിലപാടുകള്‍ക്കെതിരെ പുതിയ കവിതയും ഭാഷയുടെ പലമയെ ഘോഷിക്കുന്ന, അതിന്റെ ഊര്‍ജത്തെ സംരക്ഷിക്കുന്ന, "പ്രാദേശികങ്ങളെ" പ്രയോഗങ്ങളാക്കുന്ന മലയാള പ്രവൃത്തിയാണെന്ന് വീണ്ടും വീണ്ടും പയയേണ്ടിവന്നിരിക്കുന്നു. ഇത്രയേറെ ആളുകള്‍ കവിതയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പ്രശസ്തിമോഹം മാത്രമാണെന്ന് പറയുന്നതില്‍ തെറ്റുണ്ട്. കണ്ണടയ്ക്കാന്‍ മടിക്കുന്ന ഒരു സമൂഹേച്ഛ കവികള്‍ കൂടുന്നതിന്റെ കാരണമായുണ്ട്. ഭാഷയുടെ ശക്തി കാട്ടാനുള്ള തീര്‍പ്പ് തന്നെയാണ് അത്. അതിവേഗം യാന്ത്രികവും കേവല യുക്തി നിറഞ്ഞതും ഉപഭോഗവാദാനുസൃതവും ഉപകരണവാദപരവും ഔപചാരികവുമാക്കപ്പെടുന്ന ഒരു ഭാഷയുടെ അതിജീവന ത്വരയാണ് പുതിയ കവിതയിലൂടെ വെളിപ്പെടുന്നത്.

കവിത വൃത്തത്തില്‍ വേണ്ട എന്ന സൗകര്യമാണ് കവിതകള്‍ ഇത്രയും ഉണ്ടാകുന്നതിന്റെ കാരണം എന്നും പറഞ്ഞുകേള്‍ക്കാറുണ്ട്. അച്ചടി വരുന്നതോടെ, കവിതയധികവും കേള്‍വിയല്ലാതെ കാഴ്ച (വായന)യായിത്തീരുന്നതോടെ വൃത്തം വലിയൊരളവില്‍ അപ്രധാനമായി മാറുന്നുണ്ട്. വൃത്തം സംഗീത പദ്ധതിയാണ്-ചൊല്ലല്‍ വേളകളിലാണ് അതുണരുന്നത്. ഒറ്റക്കിരുന്നുകൊണ്ടുള്ള നിശബ്ദ വായനയില്‍ വൃത്തത്തിന് ഒന്നും ചെയ്യാനില്ല. വൃത്തവുമായുള്ള മല്ലടിക്കല്‍കൊണ്ട് പല കവിതകളിലും ആവിഷ്കാരം ബുദ്ധിമുട്ടനുഭവിച്ചിട്ടില്ലേ എന്ന് വായനക്കാര്‍ക്ക് അന്വേഷിച്ച് നോക്കാന്‍ കഴിഞ്ഞാല്‍ എപ്പോഴും "ഇല്ല" എന്ന ഉത്തരമല്ല കിട്ടുക. കവിതയുടെ നന്മയുമായി വൃത്തത്തിന് മുറിച്ചെറിയാനാവാത്ത ബന്ധമില്ല. വൃത്തത്തെ സര്‍ഗാത്മകമായി ഉപയോഗിക്കാതെ, വെറും പദ്യം കവിതയാണെന്ന ഭാവത്തില്‍ എഴുന്നള്ളിക്കുന്നത് നമ്മുടെ നാട്ടിലും പതിവായിരുന്നു. വൃത്തം കവിതയുടെ ഒരു ആഖ്യാന തന്ത്രമാണ്-അതൊഴിവാക്കിയും കവിതക്ക് ജീവിക്കാം.

കുമാരനാശാനില്‍ കൂടിയ സംസ്കൃതവും വൃത്തത്തിനായുള്ള പദവിന്യാസങ്ങളും കണ്ട ചില വായനക്കാരെങ്കിലും ആശാന്‍ ഗദ്യത്തിന്റെ സ്വാതന്ത്ര്യം എടുത്തിരുന്നെങ്കില്‍ കൂടുതല്‍ വലിയ കവിയാകുമായിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. വൃത്തമല്ല ആശാനെ മഹാകവിയാക്കുന്നത്. ആശാനെക്കുറിച്ച് വന്ന, മര്‍മസ്പര്‍ശിയായ പല പുതിയ പഠനങ്ങളിലും വൃത്തവിചാരം ഒട്ടും ഇല്ല എന്ന കാര്യം യാദൃച്ഛികമല്ല.

വൃത്തം എന്ന സാങ്കേതിക പദ്ധതിയല്ല- ഭാഷയായിത്തീരുന്ന ലോകാനുഭവങ്ങളുടെ ഭാവവൈചിത്ര്യമാണ് കവിതയുടെ നന്മയെ നിശ്ചയിക്കുന്നത്. ഗദ്യത്തിന്റെ വളര്‍ച്ചയോട് കൂടുതല്‍ ബന്ധപ്പെട്ട് വായിച്ച് മുന്നേറിയ, കഥയിലും നോവലിലും സ്വന്തം നാടിനെ കണ്ടറിയുന്ന, ജനതക്ക് കവിതയിലെ സൂക്ഷ്മ ഗദ്യത്തിലെ വൃത്തനിരാസം ഒരു സ്വാഭാവികാനുഭവമായി കണക്കാക്കാനാവും. വൃത്തത്തില്‍നിന്നുള്ള വിടുതല്‍ കൂടുതല്‍ ലോകാനുഭവങ്ങളുടെ കണ്ടെത്തലിനും സ്ഥാനപ്പെടുത്തലിനുമാണ് എഴുത്തുകാരെ പ്രാപ്തരാക്കിയിരിക്കുന്നത്. വൃത്തമില്ലാത്തതിന്റെ പേരില്‍ കൂടുതലാളുകള്‍ കവിതയില്‍ വരികയും അവരുടെ കവിതകള്‍ കൂടുതലായി വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ , സമൂഹം ആ നിരാസം ആഗ്രഹിച്ചിരുന്നു എന്നുതന്നെ കാണേണ്ടിയിരിക്കുന്നു.

പ്രമേയപരമായി പുതിയ കവിതക്ക് ശ്രദ്ധേയമായ ചില ഊന്നലുകള്‍ സാധിച്ചിട്ടുണ്ട്.

(ഒന്ന്) കവിത വീട്ടില്‍നിന്നിറങ്ങി, പുറത്തെത്തി ലോകത്തെ കാണുന്നു-വീടിനെതന്നെ വേറെയൊന്നായി സ്ഥാനപ്പെടുത്തുന്നു. മുതലാളിത്തം എല്ലാവരെയും വീട്ടുവിലാസത്തിലേക്ക് ചുരുക്കിയെഴുതാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ ഇത് പ്രതിരോധാത്മകമായ നീക്കമാണ്. വീടിനെ ഉപഭോഗ വാസനയുടെ ആലോചനാ മുറിയും ഉപഭോഗ വസ്തുക്കളുടെ സൂക്ഷിപ്പ് സ്ഥാനവും ഇതുമായി ബന്ധപ്പെട്ട നിത്യമായ അതൃപ്തിയുടെ ആലയമായും മുതലാളിത്തം മാറ്റിയെടുക്കുമ്പോഴാണ് കവിതയുടെ ബദലായ ശ്രമം.

(രണ്ട്) വ്യവസ്ഥ വലിയവയെ മാത്രം തുണയ്ക്കുന്നു. കവിത ചെറിയവയുടെ സ്ഥാനത്തെയും അറിയുന്നു.

(മൂന്ന്) വ്യവസ്ഥ സ്ഥലങ്ങളെ ഒരേപോലെയാക്കുന്നു, കവിത സ്ഥലങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നു. പ്രാദേശീയത എന്ന വാക്ക് കവിതക്കുവേണ്ടി സജീവമാകുന്നു.

(നാല്) വ്യവസ്ഥ പ്രകൃതിയെ ചരക്കായി കാണുന്നു-കവിത പ്രകൃതിയെ ഭാവപ്പലമയില്‍ , ബന്ധപ്പലമയില്‍ പാഠവത്ക്കരിക്കുന്നു.

(അഞ്ച്) കവിത കവിതക്ക് മാത്രം സാധ്യമായ അറിവ് ഉണ്ടാക്കിക്കൊണ്ട് സ്വന്തം നിലനില്പിനെ സാധൂകരിക്കുന്നു.

(ആറ്) വാക്കിന് അര്‍ഥമായി മാത്രമല്ല ശബ്ദമായും നിലനില്പുണ്ട് എന്നറിഞ്ഞ് ഒരു വാക്കിന്റെ ശബ്ദഘടന, സംസ്കാരത്തിലെ മറ്റു പലതിനെയും വിളിച്ചുണര്‍ത്തുന്നുണ്ട് എന്ന് കവിത തെളിയിക്കുന്നു.

(ഏഴ്) കവിത പൊള്ളുന്ന തമാശകള്‍ പറയുന്നു.

(എട്ട്) കവിത സ്വയം ചലനാത്മകമാവുമ്പോള്‍ തന്നെ, പാരമ്പര്യത്തെ സമകാലികമായ വായനക്ക് വിധേയമാക്കുന്നു.

(ഒന്‍പത്) മധ്യവര്‍ഗികളായ കവികള്‍ക്ക് കവിതയെ സ്വന്തം വര്‍ഗാസ്തിത്വത്തിന്റെ വിശകലനമായി മാറ്റാന്‍ കഴിയുന്നു. മധ്യവര്‍ഗത്തെ മൊത്തത്തില്‍ ഉപഭോഗലോകത്തിലെ ആദര്‍ശാത്മക പ്രജകളാക്കാനുള്ള മുതലാളിത്തഹിതത്തിന് ഇത് എതിരാണ്.

(പത്ത്) ക്ലിഷെകളില്‍നിന്ന് വിടുതല്‍ നേടുക എന്നത് കവിതയുടെ സ്ഥിരം തീര്‍പ്പായിത്തീരുന്നു. പുതിയ നോട്ടങ്ങളും പദച്ചേര്‍ച്ചകളും ബിംബവിന്യാസവും കവിതയെ ആരോഗ്യമുള്ള ഭാഷാരൂപവും ജീവിതവസ്തുവുമാക്കുന്നു.

അനൗപചാരികതയുടെ സര്‍ഗാത്മകത കവിതയില്‍ പല രൂപത്തില്‍ തെളിയുന്നു. ആധുനികതയടക്കമുള്ള കാവ്യകാലങ്ങള്‍ ഒഴിവാക്കിയ സാധാരണതയുടെ അസാധാരണതയെയാണ് പുതിയ കവിത ഏറ്റവുമധികം കണക്കിലെടുക്കുന്നത്. നിസ്സാരം എന്ന തോന്നലില്‍ ശീലമോ വാശിയോ മാത്രമാണ് ഉള്ളത് എന്നും ഒന്നും നിസ്സാരമല്ല എന്നുമുള്ള ഒരു സാരം പുതിയ കവിതക്കുണ്ട്. വിപരീത ദ്വന്ദ്വങ്ങളായി മാത്രമല്ല ലോകത്തെ കാണേണ്ടത് എന്ന ബോധം ഇന്നത്തെ കവിതയെ നാടകീകരിക്കുന്നുമുണ്ട്.

റഫീക് തിരുവള്ളൂരിന്റെ "സാന്റ് പേപ്പര്‍" എന്ന കവിത (ബ്ലോഗിലാണ് ഇതാദ്യം വന്നത്. പിന്നീട് അന്‍വര്‍അലി "കേരള കവിത 2010"ലേക്ക് തെരഞ്ഞെടുത്തു) നോക്കാം. പെങ്ങളുടെ കല്യാണം നിശ്ചയിച്ചു. വീട്ടില്‍ ഒരുക്കങ്ങള്‍ . ചുമരുകള്‍ വെള്ള വലിപ്പിക്കുകയാണ് ഉപ്പ (ഇതിലെ പ്രയോജകക്രിയ ശ്രദ്ധേയം). ഉമ്മ സ്വയം ചെയ്യുന്നു- "വാതുക്കലെ/കട്ട്ള/ഉരച്ചു/വെളുപ്പിക്കുകയാണുമ്മ." ആഖ്യാതാവായ "ഞാന്‍" ഓഫീസിലേക്കിറങ്ങാനുള്ള തിടുക്കത്തിലുമാണ്. ഉരക്കടലാസുകൊണ്ടുള്ള പ്രവൃത്തി കട്ടിലപ്പടിയില്‍ എന്തൊക്കെയോ തെളിയിക്കുന്നു. മൂത്ത പെങ്ങളുടെ സങ്കടമൂക്കട്ടയുടെ ബാക്കി, ആശാരിയുടെ മുഴക്കോലിന്റെ വക്ക്, മുത്തശ്ശിത്തൈലമണം, സ്റ്റിക്കര്‍ മിഠായിപ്പശ, നെടുവീര്‍പ്പുകളുടെ കനം....ഓരോ അടരായി ഇതൊക്കെ തെളിയുന്നു. ഇത് സാധാരണ കാഴ്ചകളാണ്. എന്നാല്‍ അത് കുടുംബ ചരിത്രമാണ്. ഇതുകൂടി ഓര്‍ത്തുകൊണ്ടേ കല്യാണം എന്ന പുതിയ സന്ദര്‍ഭത്തിലേക്ക് ആ കുടുംബത്തിന് ഇറങ്ങാനാവൂ.

ഓര്‍മയുടെ സ്വാഭാവികമായ വരവിനെ കവിത ഇങ്ങനെയൊരു കാര്യം വഴി സ്ഥാനപ്പെടുത്തുന്നു. ഉമ്മ കട്ടിലപ്പടി ഉരയ്ക്കുന്നു എന്ന ചിത്രം അര്‍ഥശേഷി നല്ലവണ്ണമുള്ളതാണ്. കുടുംബത്തിന്റെ ഓര്‍മകളുടെ കാര്യദര്‍ശിയാണ് ഉമ്മ. കുടുംബത്തിലെ നന്മതിന്മകളെല്ലാം കയറിയിറങ്ങുന്ന സ്ഥാനമാണ് ഉമ്മറപ്പടി. ഓര്‍മകളുടെ കുടിയിരിപ്പ് എന്ന നിലയില്‍ കാണാവുന്ന ഇടം തന്നെ അത്. കവിത അടുത്ത പടിയില്‍ , കുടുംബത്തില്‍നിന്ന് പൊടുന്നനെ നാടിന്റെ ഗതിയിലേക്ക് വരുന്നു. പണിക്കാര്‍ ഉമ്മയോട് സാന്റ്പേപ്പറുണ്ടോ എന്ന് ചോദിക്കുന്നു. ഉമ്മ വാതില്‍പ്പടി ആ സാമഗ്രി വെച്ച് ഉരച്ചുകൊണ്ടിരിക്കയാണ്. അതിന് സാന്റ്പേപ്പര്‍ എന്ന് പേരുണ്ട് എന്നുമാത്രം ഉമ്മക്കറിയില്ല. ഉരക്കടലാസ് എന്ന തികഞ്ഞ പേരുണ്ടായിരിക്കേ വേറെയൊരു പേരിന്റെ ആവശ്യമില്ല എന്ന ഉറപ്പാണ് ഉമ്മയുടെ ഉള്ളടക്കം. അതിനാല്‍ അവര്‍ , മകനത് വാങ്ങിക്കാന്‍ വിട്ടുപോയിരിക്കണം എന്നും ഉരക്കടലാസ് മതിയെങ്കില്‍ ഇതാ എന്നും പണിക്കാരോട് പറയുന്നു.

ഭാഷയുടെ സ്വാഭാവികതയെയും സുതാര്യതയെയും അധിനിവേശ-വിപണി ഭാഷ ആക്രമിക്കുന്നതിന്റെ ലളിത സന്ദര്‍ഭമാണിത്. ഉമ്മയില്‍നിന്ന് ഉരക്കടലാസ് വാങ്ങുന്ന-ചിരിച്ചുകൊണ്ടാണവര്‍ വാങ്ങുന്നത്-തേപ്പുകാര്‍ ഉരയ്ക്കുന്നത് ഉരക്കടലാസല്ല, സാന്റ്പേപ്പറാണ് എന്ന് കവിത നിരീക്ഷിക്കുന്നു. ഓര്‍മയുടെയും പ്രവൃത്തിയുടെയും ഭാഷയുടെയും ആള്‍രൂപമായ ഉമ്മയില്‍നിന്ന് ആരും പഠിക്കുന്നില്ല എന്ന ഖേദം കവിതയില്‍ ഇങ്ങനെ രേഖയാവുന്നു. ആഡംബരമില്ലാതെ, സ്ഥലാധിക്യമില്ലാതെ, സന്ദര്‍ഭവൈചിത്ര്യമില്ലാതെ എങ്ങനെ കവിത സംസ്കാരത്തിന്റെ പ്രമാണമാകുന്നു എന്നതിന് നല്ലൊരു തെളിവാണ് "സാന്റ്പേപ്പര്‍" എന്ന ഈ പുതിയ കവിത. ഇത്തരം അനുഭവങ്ങള്‍ അവഗണിക്കാന്‍ ഏത് നല്ല മലയാളിക്കാണ് അവകാശമുള്ളത്?


*****


ഇ പി രാജഗോപാലന്‍. കടപ്പാട് :ദേശാഭിമാനി വാരിക

കവിതാരചന ഏതാനും പ്രാഥമിക പാഠങ്ങള്‍

കവിതാരചനയുടെ കലാതന്ത്രം മറ്റൊരാള്‍ക്കു കണിശമായി പറഞ്ഞു ബോധ്യം വരുത്തുക പ്രയാസമാവും. അറിഞ്ഞ് അനുഭവിക്കുക മാത്രം ചെയ്യാവുന്നത് എന്നാവാം അതുസംബന്ധിച്ച് പ്രചരിക്കുന്ന പ്രമാണം. "അനുഭവൈകവേദ്യം" എന്ന വിശേഷണത്തിന് നമ്മുടെ നാട്ടില്‍ ഒട്ടും വിരളമല്ലല്ലോ പ്രസിദ്ധി. എന്നുവെച്ച്, ഈ കലാതന്ത്രത്തെ കണക്കില്‍ക്കവിഞ്ഞ് മഹത്വപ്പെടുത്താനോ അതിനുചുറ്റും മായികതയുടെ പരിവേഷം ചമച്ചെടുക്കാനോ മിനക്കെടേണ്ടതുമില്ല. കല, കൈവിരുത്- ഇങ്ങനെ ഈ തന്ത്രത്തിന് രണ്ടടരുണ്ട് എന്നതാവാം വസ്തുത. രണ്ടാമത്തേത്, ഇഴവിടര്‍ത്തിയെടുക്കുക എന്ന യത്നത്തിന് ഏറെക്കുറെ വഴങ്ങും. സാമാന്യം യുക്തിബദ്ധമായി, ചില സാങ്കേതികാംശങ്ങളില്‍ സ്പര്‍ശിക്കേണ്ടി വന്നാലും ശരി, ആ ഇഴകളുടെ സ്വഭാവം സൂചിപ്പിക്കയും ചെയ്യാം. എന്നാല്‍ അതല്ല കല എന്ന ആദ്യത്തെ അടരിന്റെ നില. സാഫല്യത്തിലൂടെ ഊഹിച്ചെടുക്കാവുന്ന ഒരു സന്ദിഗ്ധ പ്രതിഭാസമായി അത് വേറിട്ടു നില്ക്കുന്നു. രണ്ടാമത്തേതിലെ ഓരോ ഇഴയും നേരിട്ടു വേണ്ട, നിലീനമായെങ്കിലും ആ സാഫല്യത്തെ ഊഹിച്ചെടുക്കാനുള്ള ഉപാധിയായിത്തീരുന്നു. ഇങ്ങനെ "സിദ്ധാന്തം" പറയുന്നത് പ്രായേണ വ്യര്‍ഥം. അതിനാല്‍ ദൃഷ്ടാന്തത്തിലൂടെ ഇതു വ്യക്തമാക്കാമോ എന്നുദ്ദേശിച്ചുകൊണ്ടുള്ളതത്രേ ഈ കുറിപ്പ്.

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ ഉപജീവിച്ച ഒറ്റ ദൃഷ്ടാന്തം ഓര്‍മ വരുന്നു. ചങ്ങമ്പുഴയുടെ വിപുലമായ സഞ്ചയത്തില്‍നിന്ന് ഒരു ഈരടി:

"പാതയിലൂടവള്‍ പോയിടുമ്പോള്‍
പാറകള്‍ പോലുമൊന്നെത്തി നോക്കും".

നിരത്തിലൂടെ വെറുതെ നടന്നുമറയുന്ന നായിക; വെറുതെ എന്നുവെച്ചാലോ, സ്വന്തം അഴക് വെളിപ്പെടുത്തുന്നതില്‍ അവള്‍ വ്യഗ്രയല്ലതന്നെ. ആരെയും ആകര്‍ഷിക്കണം എന്ന വെമ്പല്‍ അവളുടെ ഭാഗത്തില്ല. "പോയിടുമ്പോള്‍" എന്ന ക്രിയ, കേവലമായ ചലനത്തെയല്ലാതെ സാകൂതമായ ഹാവഭാവങ്ങളെ സാക്ഷ്യപ്പെടുത്തുന്നില്ലല്ലോ. വേണ്ട, കാണുക മാത്രം മതി. അവളുടെ വശ്യതയ്ക്ക് ആളുകള്‍ സ്വാഭാവികമായും അധീനരായിക്കളയുന്നു എന്നത്രേ കവിയുടെ സങ്കല്പം. ആ സങ്കല്പമാവട്ടെ, അങ്ങനെ പച്ചയായി പറയുകയല്ല എന്നിടത്തത്രേ സവിശേഷത. ആളുകള്‍ അധീനരാവുന്നത് പോട്ടെ; അചേതനം, അതിപരുഷം, കഠിനം എന്നൊക്കെ കരുതപ്പെടുന്ന പാറകള്‍പോലും അവളുടെ ആകര്‍ഷണത്തിന് അടിപ്പെടുന്നു. പിന്നാലെ ചെല്ലാന്‍ അവയ്ക്കാവില്ല; എന്നാലും നിന്ന നില്പില്‍ എത്തിനോക്കുകതന്നെ! "നോക്കും" എന്നല്ല ക്രിയ; "എത്തി" എന്ന പ്രാക്പ്രയോഗം ആ ക്രിയയെ പ്രത്യക്ഷവും അര്‍ഥനിര്‍ഭരവും ആക്കുന്നു. ഇനിയോ, വ്യാകരണത്തില്‍ "ശീലഭാവി" എന്നു വിളിക്കുന്ന ഇത്തരം വിന്യാസത്തിന്, ഈ നോട്ടം നിത്യപ്പതിവാണെന്നു നിര്‍ധരിക്കാനും ശേഷിയുണ്ട്. ഒപ്പംതന്നെ, "പാറകള്‍പോലും" എന്നിടത്തെ "പോലും"; പൊതുവേ നിസ്സാരം എന്നു നിരസിക്കപ്പെടാവുന്ന ഈ നിപാതം ഇത്തരമൊരു പ്രകരണത്തില്‍ സൃഷ്ടിക്കുന്ന പൊരുള് ശ്രദ്ധിക്കാതെ നിവൃത്തിയില്ലല്ലോ. ഈ വക വ്യാകരണഘടകങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്ത് ഒക്കെക്കൂടി വാക്യം ഒരുക്കൂട്ടിയിരിക്കുന്നു എന്നല്ല ഉദ്ദേശിക്കുന്നത്. വാക്യം അതിന് സഹജമായ വടിവില്‍ വാര്‍ന്നുവീഴുന്നു; സ്വന്തം ഭാഷാ സംസ്കാരത്തിന്റെ ഭാഗമായി ഇവയെല്ലാം ഉള്‍ക്കൊണ്ട കവിയില്‍ നിന്നാവുമ്പോള്‍ , ഓരോന്നും അതാതിന്റെ സ്ഥാനത്തു സ്വയം സുനിബദ്ധമാവുന്നു. ഇങ്ങനെആവുന്നതിലെ, അപ്രതീക്ഷിതം എന്നോ അഭ്യാസബാഹ്യം എന്നോ കരുതാവുന്ന ഒത്തിരിപ്പിനെയാവാം, ഈ കുറിപ്പിന്റെ തുടക്കത്തില്‍ തൊട്ടുവെച്ചില്ലേ, "കല" എന്ന ആ പദംകൊണ്ട് വിലയിരുത്തേണ്ടത്.

ഇതരഘടകങ്ങളും ഈ ഒത്തിരിപ്പില്‍ ഉചിതമായ ഇടം കണ്ടെത്തിക്കോളും എന്നതാകുന്നു ഇത്തരം കലയുടെ സിദ്ധി. ഉദാഹരണത്തിന് പ്രാസം എന്ന പദം പഴഞ്ചനാണെങ്കില്‍ , പോട്ടെ, നാദപ്പൊരുത്തം എന്നോ ശബ്ദരഞ്ജന എന്നോ വല്ലതും നമുക്ക് പകരം വയ്ക്കാം. ഏതായാലും കവിതയിലാവുമ്പോള്‍ അങ്ങനെയൊരു ഘടകത്തെ നിശ്ശേഷം അവഗണിക്കാന്‍ വയ്യ എന്നതാണല്ലോ നേര് - മേലേ ഉദ്ധരിച്ച ഈരടിയുടെ രണ്ടാംപാദത്തില്‍ "പോലും" സ്ഥാനപ്പെടുന്നുണ്ടല്ലോ. ആ പഴുതില്‍ "കൂടി" എന്നായാലും അര്‍ഥത്തിനാവട്ടെ, വൃത്തത്തിനാവട്ടെ, വ്യത്യാസമൊന്നും സംഭവിക്കുന്നില്ല. പക്ഷേ "പോലും" എന്നാവുന്നതോടെ, അത് ഒന്നാംപാദത്തിലെ "പോ"യുമായി (പോയിടുമ്പോള്‍) പൊരുത്തപ്പെട്ട് കവിതയ്ക്ക് മാത്രം പകരാവുന്ന ശബ്ദസമതയ്ക്ക് സാക്ഷ്യമാവുന്നു.

ഏറ്റവും പ്രധാനം ഒരുപക്ഷേ ഈ നിരീക്ഷിച്ചതൊന്നുമല്ല. പിന്നെയോ: "അവ"ളുടെ അഴക് പ്രകടമായി വര്‍ണിക്കാനല്ല കവിയുടെ പുറപ്പാട്; അത് ദ്രഷ്ടാക്കളില്‍ സൃഷ്ടിക്കുന്ന പ്രതികരണം പിടിച്ചെടുക്കാനത്രേ. ഇതുതന്നെ വര്‍ണന ലക്ഷ്യോന്മുഖമാക്കാനുള്ള യഥാര്‍ഥ വഴി. വ്യക്തി, ദൃശ്യം, വസ്തു - വിഷയം ഏതായാലും അതിന്റെ വര്‍ണന നേരിട്ടു നിര്‍വഹിക്കുക എന്നതായിരുന്നു ഇന്ത്യന്‍ കവിതയില്‍ സാമാന്യേന പ്രചരിച്ചുപോന്ന രീതി. കേശാദിപാദവും പാദാദികേശവുമൊക്കെ രൂപപ്പെട്ടിരുന്നത് ഏതാണ്ട് ഈ പാകത്തിലത്രേ. പിന്നെ ഋതുവര്‍ണന, വനവര്‍ണന എന്നെല്ലാം സങ്കേതബദ്ധമായ "അഭ്യാസ"ങ്ങളും. സന്ദര്‍ഭത്തോടോ വികാരത്തോടോ വിശേഷിച്ചു ബന്ധമൊന്നുമില്ലാതെ അവ ചിതറിപ്പോയിരുന്നത് ആരും സാരമാക്കിയില്ല.

ഈ സാമ്പ്രദായികതയ്ക്ക് അന്തരം വന്നത് ഭാവദീപ്തമായ ഖണ്ഡകാവ്യങ്ങളുടെ ആവിര്‍ഭാവത്തോടെയത്രേ. ഇവിടെ ഓര്‍ക്കാവുന്ന വരിഷ്ഠമായ ഉദാഹരണം വള്ളത്തോളായിരിക്കും. പഴയ പദ്ധതിയില്‍നിന്നു പുതിയതിലേക്ക് പ്രവേശിക്കുന്നതിന്റെ മെച്ചം "ശിഷ്യനും മകനും" എന്ന കാവ്യത്തിന്റെ പ്രാരംഭത്തില്‍ അദ്ദേഹം സ്പഷ്ടമാക്കിത്തരുന്നു. നായകനായ പരശുരാമന്‍ മധ്യാഹ്നത്തിന് മേലേ കൈലാസത്തിലേക്ക് നടക്കുകയാണ്. രണ്ടുമൂന്നു പദ്യങ്ങളില്‍ അദ്ദേഹത്തിന്റെ പ്രാഭവം നേരിട്ടു വര്‍ണിച്ചതിനെത്തുടര്‍ന്നാവാം, മറ്റൊരു വഴിയാണ് ഉത്തമം എന്ന ഉദയം വളളത്തോളില്‍ ഉണര്‍ന്നത്. അങ്ങനെ പരശുരാമനല്ല, അദ്ദേഹം ചുറ്റും സൃഷ്ടിക്കുന്ന ചലനങ്ങളാണ് നിര്‍ണായകം എന്ന നിഗമനത്തില്‍ നിന്നാവണം പിന്നെ ചില പദ്യങ്ങളുടെ പിറവി.

"അവിടവിടെ മിഴിച്ചുനോക്കിനിന്നൂ വിവിധ വിചേഷ്ടിതര്‍ പൗരരപ്പുമാനെ;
സവിനയര്‍ ചിലര്‍ , വായ്മറച്ച കൈയാല്‍ സവിധഗരോ,"ടുരിയാടല്‍ മെല്ലെ" യെന്നാര്‍ . ഇരുവശവുമിരിക്കുവോരെണീറ്റൂ ,തെരുതെരെയധ്വഗര്‍ മാറിനിന്നു ദൂരാല്‍ ;
ഒരു ഭയബഹുമാനഭക്തി തിങ്ങി-ത്തെരുവതു ഹന്ത, നിതാന്തശാന്തമായി".

പ്രകൃതിയുമതെ, പരശുരാമന്റെ സന്നിധിയില്‍ പെരുമാറിയത് അടങ്ങിയൊതുങ്ങി ആദരപൂര്‍വമാണുപോലും. അളകനന്ദയില്‍ ആറാടി, കല്പകപ്പൂക്കളുടെ പരാഗമണിഞ്ഞ്, തെളിനീരില്‍ ചാഞ്ചാടുന്ന സൗഗന്ധികങ്ങളുടെ പൂമണം പൂശി, അങ്ങനെയൊക്കെയാണ് അവിടെ കാറ്റിന്റെ വിളയാട്ടം. ആ കാറ്റുപോലും പരശുരാമന് ശീതോപചാരം അനുഷ്ഠിച്ചത് അങ്ങേയറ്റത്തെ വിനയത്തോടെ. ഈ വിവരണത്തിലൂടെയത്രേ, പിന്നീട് പല പരീക്ഷണങ്ങള്‍ക്കും വിധേയമാകുന്ന തന്റെ നായകന്റെ വ്യക്തിത്വം വള്ളത്തോള്‍ അസന്ദിഗ്ധമായി അവതരിപ്പിക്കുന്നത്.

ഇരിക്കട്ടെ; ഇത്തരം ഉദാഹരണങ്ങള്‍ എമ്പാടും കണ്ടെത്താം. ഓരോന്നിലെയും ഭാഷാവിന്യാസം എങ്ങനെ വേറിട്ടുനില്ക്കുന്നു, ഭാവവിനിമയം ഉറപ്പുവരുത്തുന്നു എന്ന് ഇഴപേര്‍ത്തു പഠിക്കുന്നത് കാവ്യരചനയില്‍ പ്രയോജനകരമായ പാഠമായി ഫലിച്ചേക്കാം. മാതൃകകള്‍ ഏതെങ്കിലും നേരിട്ടു പറിച്ചുനടുക എന്നല്ല വിവക്ഷ. ഉള്‍ക്കൊള്ളുന്ന മാതൃകകള്‍ ഭാഷയുടെ ദീപ്തിയെ ദൃഷ്ടാന്തപ്പെടുത്തുമല്ലോ. അങ്ങനെ സ്വന്തം ഈടുവെപ്പില്‍ പുതിയ പൊടിപ്പുകള്‍ തെഴുത്തുവരാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുക മാത്രമാണ്. ഏതായാലും സാധാരണ പ്രയോഗങ്ങളില്‍ സ്ഫുരിച്ചോളണം എന്നില്ലാത്ത ചില തെളിച്ചങ്ങള്‍ പൊടുന്നനെ ഉണര്‍ത്തുക എന്നതാകുന്നു കവിതയിലെ ഭാഷയ്ക്ക് കൈവരേണ്ട നിയോഗം. ആദ്യത്തേത് സാമാന്യ വ്യവഹാരമാണെങ്കില്‍ രണ്ടാമത്തേത് വിശേഷവ്യവഹാരം എന്ന് സാങ്കേതികമായി ഇവയെ ഇനം തിരിക്കാം. ഉക്തിവൈചിത്ര്യത്തിന്റെ ഉന്മേഷങ്ങള്‍ , വാക്യഘടനയിലെ വ്യതിയാനങ്ങള്‍ - ഒക്കെ, ഇത്തരം തെളിച്ചം ഉണര്‍ത്തുക എന്ന ഉന്നത്തിലേക്ക് ഇണങ്ങണം. അല്ലാഞ്ഞാല്‍ , കെട്ടിക്കയറ്റുന്ന കൃത്രിമത്വമായി അവശേഷിച്ചുകളയും.

പുതിയ അഭിരുചിക്ക് അലങ്കാരങ്ങളോടും മറ്റും ജനിച്ച അനിഷ്ടത്തിന് ഇതാവാം അടിസ്ഥാന ഹേതു. അലങ്കാരം കൊരുത്തിട്ടുണ്ടോ എന്നതല്ല, അര്‍ഥചൈതന്യത്തിലേക്ക് മിഴിഞ്ഞിട്ടുണ്ടോ എന്നതത്രേ കാവ്യഭാഷയെ സംബന്ധിച്ചിടത്തോളം നിര്‍ണായകം. അലങ്കാരം കൂടാതെയും ഈ മിഴിവു പൊലിപ്പിക്കാം എന്ന് പ്രമാണം തന്നെയുണ്ട്-"അനലംകൃതീ പുനഃക്വാപി." സാധാരണ ഭാഷയ്ക്ക് പെരുമ തികച്ചിട്ടല്ല, എളിമ വരുത്തിയിട്ടാവും ചിലപ്പോള്‍ ലക്ഷ്യം നേടുന്നത്. ആ എളിമ വരുത്തലും വിശേഷ വ്യവഹാരത്തിന്റെ വേറൊരു രൂപമാകുന്നു.

ഈ അംശങ്ങളൊക്കെ ഒരുപക്ഷേ ഒന്നിക്കുന്ന ഒരുദാഹരണം ഓര്‍ക്കാം. നാട്ടുഭാഷയോ വീട്ടുഭാഷയോ സ്വന്തം കവിതയ്ക്ക് മാധ്യമമാക്കുന്നതില്‍ ഉടനീളം നിഷ്കര്‍ഷിച്ചുപോന്ന കവിയാണല്ലോ ഒളപ്പമണ്ണ. അദ്ദേഹത്തിന്റെ "കാഫല"ത്തില്‍നിന്ന് ഏതാനും ഈരടികള്‍ . മക്കള്‍ തല്‍ക്കാലം ഒരു തീര്‍ഥയാത്രയ്ക്ക് തിരിച്ചതോടെ, ഇല്ലത്തെ മൂടിനില്‍ക്കുന്ന നിശ്ശബ്ദതയില്‍ അമ്മ സ്മൃതികളില്‍ മുഴുകുകയാണ്.

"രണ്ടുണ്ണി, യൊന്നിന്ന് പിന്നില്‍ മറ്റൊ,ന്നവ-
രുണ്ടായതില്ലാതെയായിതല്ലൊ!
അക്കുഞ്ഞിച്ചുണ്ടുകളീമ്പാതെ വീര്‍ത്തത-
ന്നമ്മിഞ്ഞ പീച്ചിക്കളഞ്ഞിതല്ലൊ!
സന്താപമത്രേ, വടക്കിനിത്തേവര്‍ക്ക്
സന്തതിക്കായിക്കൊളുത്തിയമ്മ."

ആദ്യത്തെ ഈരടിയില്‍ വസ്തുത പച്ചയായി പറയുന്ന വടിവ് അവലംബിച്ചിരിക്കുന്നു. ജനനം, മരണം-ഈ രണ്ട് ആശയങ്ങളുടെ ആവിഷ്കാരത്തിനാണല്ലോ നമ്മുടെ ഭാഷ വളച്ചുകെട്ടിന്റെ കല വ്യാപകമായി ശീലിക്കുക പതിവ്. "പര്യായോക്തം" എന്നോ മറ്റോ പേര് കല്പിച്ച് ആ തന്ത്രത്തിന് പെരുമ പകരുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെ നോക്കൂ: ജനിച്ചുമരിക്കുന്നതിന് കൊടുക്കുന്ന ഭാഷാരൂപം "ഉണ്ടായതില്ലാതെയാവുക" എന്ന് പരമാവധി ഒതുക്കിയിരിക്കുന്നു. ഉണ്ണികളെ ഉദ്ദേശിച്ചുകൊണ്ടുള്ള സര്‍വനാമം "ഒന്ന് മറ്റൊന്ന്" എന്നാക്കിയതിലും കാണാം സാധാരണമല്ലാത്ത സത്യസന്ധത. അമ്മയുടെ നീറ്റത്തിന്റെ ഋജുവായ സാക്ഷ്യമാകുന്നു രണ്ടാമത്തെ ഈരടി. നാട്ടുമൊഴി എങ്ങനെ കാവ്യമാധ്യമമായി സ്ഥാനം നേടുന്നു എന്നതാവാം ഇവിടെ മനസ്സിരുത്തേണ്ട വശം. "മൃദുലാധരം" എന്നോ മറ്റോ സംസ്കൃതസമാന്തരം വിന്യസിക്കാതെ, "കുഞ്ഞിച്ചുണ്ടു"മതി എന്ന് നിശ്ചയിക്കുന്നിടത്ത് കവിയുടെ ഭാഷാപരമായ ലാളിത്യം മാത്രമല്ല, ഭാവപരമായ സാന്നിധ്യവും വെളിപ്പെടുന്നു. തുടര്‍ന്നുള്ള ഇരുവിന്യാസങ്ങളാവട്ടെ, ഈ ഭാവസാന്നിധ്യത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. "ഈമ്പാതെ വീര്‍ക്കുക", "പീച്ചിക്കളയുക"-അനുഭവത്തിന്റെ ഭാഷാപ്രത്യക്ഷം എന്നുതന്നെ വേണം ഇവയെ വിലയിരുത്താന്‍ . രണ്ടിനും വിധേയമാകുന്ന ആ അംഗമുണ്ടല്ലോ, അതിന്റെ പരാമര്‍ശം "സ്തനം", "കുചം" എന്നൊക്കെ സംസ്കൃതത്തിലാക്കുക എന്നതത്രേ കാലാകാലമായി നാം പാലിച്ചുപോരുന്ന ശൈലി. രണ്ടക്ഷരം തന്നെയുള്ള അതിന്റെ മലയാളം വിരലില്‍ പിടഞ്ഞാലും സദാചാരത്തിന്റെ മുഖം ചുളിഞ്ഞാലോ എന്ന് പേടിച്ച് നാം അത് കുടഞ്ഞുകളയുന്നു! "അമ്മിഞ്ഞ"യ്ക്ക് അല്പംകൂടി ആഭിജാത്യമുണ്ടെന്ന് തോന്നുന്നു. എന്നാലും ശിശുഭാഷയുടെ സീമയില്‍ അതിനെ നിജപ്പെടുത്തുകയാകുന്നു നമ്മുടെ ശീലം. "വരേണ്യവര്‍ഗം" എന്ന ശാസനയ്ക്ക് വകയുള്ള ഒരാളില്‍നിന്നാണ് മലയാളത്തിന്റെ ഈ നറുമ ഉണരുന്നത് എന്ന സംഗതിയും സ്മരിക്കാവുന്നതുതന്നെ.

ഇനി മൂന്നാമത്തെ ഈരടി: കാവ്യഭാഷയുടെ സാന്ദ്രത, സംക്ഷിപ്തത, സംവേദന ക്ഷമത-എല്ലാം ഏറ്റവും സഫലമാവുന്നത് അവിടെയാവാം. അമ്മ സങ്കടപ്പെട്ടു; വീണ്ടും സന്തതിയെ തന്ന് അനുഗ്രഹിക്കാനായി വടക്കിനിയിലെ തേവരുടെ സന്നിധിയില്‍ വിളക്കുകൊളുത്തി അപേക്ഷിച്ചു-ഇതാണല്ലോ ഇവിടെ ആശയം. സ്വന്തം സങ്കടംതന്നെ തേവര്‍ക്കുകൊളുത്തുക എന്ന സൂക്ഷ്മത്തിലേയ്ക്ക് അത് സംഗ്രഹിക്കവേ, സംവേദനം എങ്ങനെ സുപരീക്ഷിതമാവുന്നു എന്നത്രേ ശ്രദ്ധിക്കേണ്ടത്. ഇത്തരം സംഗ്രഹണം ഒളപ്പമണ്ണ സിദ്ധിവരുത്തിയ ഒന്നത്രേ. "മുഷിഞ്ഞ മുണ്ട്", അദ്ദേഹത്തിന്റെ ശൈലിയില്‍ ആദ്യം "മുഷിമുണ്ടും" പിന്നെ "മുഷി"യും ആവുന്നതും മറ്റും ഉദാഹരണം. എന്നാല്‍ ഇത് വെറും ഭാഷാസംഗ്രഹണം എന്ന പാകത്തില്‍നിന്ന് ഭാവസംഘനനം എന്ന പാകത്തില്‍ ഫലിക്കുന്നതിന്റെ മാതൃകയത്രേ "സന്താപം വടക്കിനിത്തേവര്‍ക്ക് കൊളു"ത്തല്‍ .

വാക്യഘടനയില്‍ വരുന്ന വ്യതിയാനമാണ് ഭാഷയെ ഭാവമായി സംക്രമിപ്പിക്കാനുള്ള വേറൊരു തന്ത്രം. മേലേ ഉദ്ധരിച്ച ആദ്യ വാക്യത്തിലും രണ്ടാം വാക്യത്തിലും "അല്ലോ" സ്ഥാനപ്പെടുന്നു. മലയാളത്തിന്റെ മൗലികത്വം പതിഞ്ഞ ഒരു പ്രയോഗമായി അതിനെ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് വല്ലപ്പോഴും വ്യവഹാരഭാഷയില്‍ സ്ഥലം പിടിച്ചു എന്നുവരാം; ഇത്രയും ഭാവനിബിഡമാവുക ദുര്‍ലഭമാണ് എന്നുമാത്രം. എന്നാല്‍ മൂന്നാം വാക്യത്തിലെ "അത്രേ" ഈ അര്‍ഥവിശേഷത്തോടെ വ്യവഹാരഭാഷയില്‍ വിന്യസിച്ചുകാണാറില്ല. എന്നുവെച്ചാലോ, "അത്രേ" വിന്യസിച്ചിരിക്കുന്നതില്‍ ഒതുങ്ങുന്നില്ല ഇവിടത്തെ വ്യതിയാനം; പിന്നെയോ, "സന്താപമത്രേ" എന്ന് അതിന് തുടക്കത്തിലേ സ്ഥാനം കൊടുത്തതാണ് പ്രധാനം. പിറകെ വരുന്ന "കൊളുത്തി" എന്ന ക്രിയയുടെ കര്‍മമാണ് ഈ "സന്താപം" എന്ന് വ്യാകരണത്തിന്റെ സൈദ്ധാന്തികം പോട്ടെ വാമൊഴിയുടെ പ്രായോഗികം പേര്‍ത്തുനോക്കിയാല്‍ പിടികിട്ടുമല്ലോ. ആ കര്‍മമാണ് സവിശേഷം; പരക്കെ പതിവ് എണ്ണ പകര്‍ന്നു വിളക്കുകൊളുത്തുകയാണ് എന്നിരിക്കേ, ഈ അമ്മ പകരുന്നത് സ്വന്തം സന്താപമാകുന്നു. ഇതില്‍ ഊന്നാനാകുന്നു ആ "സന്താപ"ത്തിന് ഒന്നാമതേ സ്ഥാനം കല്പിച്ചത്. വീണ്ടും എടുത്തുപറയട്ടെ:

ഇപ്രകാരമുള്ള വ്യതിയാനങ്ങളോ വിശേഷ വിന്യാസങ്ങളോ കവി മുന്‍നിശ്ചയത്തോടെ മുതിര്‍ന്നു നടത്തുന്നവയായിക്കൊള്ളണം എന്നില്ല. ചിലപ്പോള്‍ , ആവാന്‍ വിരോധവുമില്ല. ഫലം കൃത്യമായി തിട്ടപ്പെടുത്തിക്കൊണ്ടോ എന്തോ, പദരചനയില്‍ പലതരം "വെയ്ക്കല്‍ - എടുക്കല്‍" പ്രക്രിയക്ക് പ്രസക്തിയുണ്ട് എന്നാണല്ലോ പ്രമാണം. "ആധാനോദ്ധരണം" എന്നാകുന്നു ഈ പ്രക്രിയയുടെ ശാസ്ത്രീയമായ പേര്. അത് തുടര്‍ന്നുകൊണ്ടിരിക്കേ, കവി മനസ്സ് ഊഞ്ഞാലാടുകയാവും പോലും. പക്ഷേ അതോ ഇതോ, അങ്ങനെയോ ഇങ്ങനെയോ മുതലായ ആശങ്കകള്‍ നിലച്ച്, ഈ സന്ദര്‍ഭത്തില്‍ ഈ ഭാവത്തിന് ഒറ്റപ്പദം, ഘടന എന്ന ഉറപ്പിലെത്തുന്നതോടെ കവിത അവതരിക്കയായി എന്നാകുന്നു ആചാര്യന്റെ വിസ്മയം കലര്‍ന്ന വിധി. ("പദസ്യ സ്ഥാപിതേ സ്ഥൈര്യേ ഹന്ത സിദ്ധാ സരസ്വതീ!" ആ "ഹന്ത"യുടെ സ്വരം സുനിബദ്ധമായിരിക്കുന്നു. യഥാര്‍ഥ കവിതയുടെ ആകസ്മികമായ ആവിര്‍ഭാവത്തെ ഇപ്രകാരം വിസ്മയത്തോടെ അംഗീകരിക്കേണ്ടിവരും.)

എഴുതിത്തുടങ്ങുന്നവരോട് ഇതുസംബന്ധിച്ച് ഒന്നേ നിര്‍ദേശിക്കാനുള്ളൂ: സരസ്വതി സിദ്ധയാവുക എന്ന വിസ്മയത്തെക്കുറിച്ചൊന്നും തല്‍ക്കാലം വിഭ്രമിക്കേണ്ടതില്ല. സരസ്വതിയെ വശപ്പെടുത്താനുള്ള വഴി, സജ്ജീകരണത്തില്‍ ശ്രദ്ധിച്ചോളുക എന്നതുതന്നെ. സജ്ജീകരണത്തിന്റെ ഒരു വശം നൈസര്‍ഗികമാണെന്ന വാദം ഇരിക്കെത്തന്നെ, ആ നൈസര്‍ഗികക്കാര്‍ക്കുപോലും അതിന്റെ നേട്ടം പൂര്‍ത്തീകരിക്കാന്‍ വ്യാപകമായ സജ്ജീകരണത്തിലൂടെയേ സാധിക്കൂ എന്നതാകുന്നു വസ്തുത. അതാണെങ്കിലോ, കേവലം ഭാഷാ വൈചിത്രത്തിലോ വ്യാകരണ വൈദഗ്ധ്യത്തിലോ പരിമിതപ്പെടുന്ന ഒന്നല്ലതാനും.

സമാപനത്തിന് മുമ്പ് ഈ കുറിപ്പില്‍ ഒരിനംകൂടി സ്പര്‍ശിച്ചു എന്നു വരുത്തട്ടെ. കവിതയുടെ ആധാരചൈതന്യം എന്ന അര്‍ഥത്തില്‍ , ആളുകള്‍ അനുഭവം എന്ന അംശത്തെച്ചൊല്ലി വ്യഗ്രരാവാറുണ്ട്. വേണം താനും ആ വ്യഗ്രത. എങ്കിലും സാധാരണ അനുഭവങ്ങളെ വിവേചനം കൂടാതെ കവിതയില്‍ സംക്രമിപ്പിക്കയേ വേണ്ടൂ എന്ന് വിചാരിക്കരുത്. അനുഭവം എന്നത് അനേകം അടരുകളുള്ള ഏകകമാകുന്നു. പ്രാതിനിധ്യമുള്ള ഒന്നിന്റെ പുരഃപ്രക്ഷേപണത്തിലൂടെ മറ്റുള്ളവയുടെ പ്രതീതി ഉണര്‍ത്താനാവണം ഉദ്യമം. നടേ ഉദ്ധരിച്ച ഒളപ്പമണ്ണയുടെ ഒരീരടി ഒരിക്കല്‍കൂടി അയവിറക്കുക: അവിടത്തെ അമ്മയുടെ നീറ്റം നിശ്ചയമായും ആ അമ്മിഞ്ഞ പീച്ചിക്കളയലില്‍ മാത്രം നിലയ്ക്കുന്ന ഒന്നല്ലല്ലോ. നിരത്താവുന്ന അത്തരം ഒട്ടേറെ അടരുകളില്‍ ഏറ്റവും നിര്‍ണയകമായി ഉദിച്ചിരിക്കാവുന്ന ഒന്നില്‍ ഒളപ്പമണ്ണ ഊന്നിയിരിക്കും എന്നേ ഉദ്ദേശിക്കാവൂ.

ഇവിടെ ഒരു പ്രത്യുദാഹരണത്തിലേക്ക് പോവാന്‍ എന്നെ അനുവദിക്കുക. പ്രത്യുദാഹരണമായിരിക്കേ, കക്ഷി ഞാന്‍തന്നെയാവുന്നതാണല്ലോ ന്യായം! തുടക്കത്തിലേ കവിതയോട് തോന്നിയ പ്രീതിക്ക് ഇന്നും ഭേദമൊന്നും ഇല്ലാതിരുന്നിട്ടും, ഞാനെന്തുകൊണ്ട് കവിതയെഴുതാനുള്ള തുനിവില്‍നിന്ന് പിന്നെപ്പിന്നെ ഒഴിഞ്ഞുപോവുന്നു എന്ന് പിടികിട്ടാനും ഈ പ്രത്യുദാഹരണം പ്രയോജനപ്പെട്ടോളും. മൂന്നില്‍ ചേര്‍ന്ന് ഏഴ് ജയിക്കുന്നതുവരെ രായിരനെല്ലൂര്‍ എന്ന വള്ളുവനാടന്‍ ഗ്രാമത്തിലായിരുന്നു എന്റെ വിദ്യാഭ്യാസം. അതിനിടെ അവിടത്തെ നമ്പീശന്‍മാസ്റ്റരില്‍നിന്നാണ് ഭാഷയെയും കവിതയെയും കുറിച്ചുള്ള ബാലപാഠങ്ങള്‍ ആദാനം ചെയ്തത്. അനുഭവം, അലങ്കാരം-ഇങ്ങനെ എന്തെല്ലാമോകേട്ട് അപക്വമായ ആവേശത്തില്‍ അടിഞ്ഞിരിക്കണം. രണ്ടും ഒന്നിച്ച് കവിതയില്‍ കുടുക്കാനുള്ള കമ്പം കൊണ്ടുപിടിച്ചു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ! അനുഭവം അന്ന് കുടുംബത്തില്‍ പൊതുവേ പുലര്‍ന്ന ദാരിദ്ര്യത്തില്‍നിന്ന് പേര്‍ന്നുകിട്ടിയേനേ. അല്പം കാത്തിരിക്കണം; പിന്നെ മേലേ നിരീക്ഷിച്ചപോലെ അതിനെ കാവ്യാത്മകമാക്കുകയും വേണം. ആ തിരിച്ചറിവൊന്നും കൂടാതെ എന്റെ കവിത തിടുക്കത്തില്‍ കുതിച്ചുചാടുകയാണുണ്ടായത്.

അനുഭവം പരോക്ഷമായി ദാരിദ്ര്യത്തിന്റേതുതന്നെ. സോപ്പ് മുതലായ വിശിഷ്ട വിഭവങ്ങള്‍ അന്ന് കുട്ടികള്‍ക്ക് നിഷിദ്ധം. മെഴുക്ക് പുരളുന്ന ദിവസമേ മേല്‍ത്തേയ്ക്കുക എന്ന മിനക്കേടിന് മുതിര്‍ന്നിരുന്നുള്ളൂ. അതിന് കിട്ടാറുള്ളതോ, പരുത്ത വാകപ്പൊടിയും. അതിന്റെ ശേഖരം തീര്‍ന്നപ്പോഴാവണം, പെട്ടെന്നൊരു ദിവസം, മടിച്ചും ശപിച്ചുമാണെങ്കിലും, വലിയമ്മ അവരുടെ കോള്‍ട്ടാര്‍ സോപ്പുകട്ട തന്നു. അതിന്റെ ചുവന്ന നിറവും കടുത്ത മണവും എന്റെ സോപ്പുസ്മൃതികളില്‍ ആദ്യത്തേതായി മനസ്സില്‍ ഇന്നും അടയാളപ്പെട്ടുകിടക്കുന്നു. ആ കോള്‍ട്ടാര്‍കൊണ്ട് തോര്‍ത്തൊന്ന് തിരുമ്പുകതന്നെ എന്ന് എനിക്കൊരു കൊതി തോന്നി. വാകകൊണ്ട് വയ്യാത്ത പണിയല്ലേ?...പക്ഷേ ഫലം കടുത്തുപോയി: സോപ്പ് അവിടവിടെ ഇഴുകിപ്പിടിച്ച് തോര്‍ത്തിന്റെ ഉള്ള സ്വച്ഛതപോലും കെട്ടു. ഇതുണര്‍ത്തിയ ആശാഭംഗം സത്യസന്ധമായ അനുഭവംതന്നെ, സംശയമില്ല. കുളിച്ചുമടങ്ങുമ്പോള്‍ അമ്പലത്തിന് പിറകെ അസ്തമയം; മഴക്കാറുകള്‍ക്ക് പല വര്‍ണം. മതിയല്ലോ: അനുഭവം ആവിഷ്കരിക്കാനുള്ള അലങ്കാരവും എന്റെ മനസ്സില്‍ അങ്കുരിച്ചു. അങ്ങനെ അനുഭവം പച്ചയായി പകരുകയേ വേണ്ടൂ എങ്കില്‍ അത് ഞാന്‍ പറ്റിച്ചു:

"വെള്ളവസ്ത്രത്തില്‍ വല്ല കറയും പറ്റിയപോല്‍
വെള്ളയും കറുപ്പുമായാകാശം ദൂരെക്കാണാം;
കറയെക്കളയുവാന്‍ കോള്‍ട്ടാര്‍സ്സോപ്പെടുത്തിട്ട്
തിരുമ്പീടിനപോലെ ചുവപ്പും കാണുന്നുണ്ടേ."

എന്താണ് ഈ നാലുവരിയില്‍ ഇല്ലാത്തത്? അനുഭവത്തിന് അനുഭവം; അലങ്കാരത്തിന് അലങ്കാരം. പോരെങ്കില്‍ , പണ്ടാരോ സ്വയം പ്രശംസയായി സൂചിപ്പിച്ചു എന്ന് കേട്ടിട്ടുണ്ട്: "പുള്ളേ, നല്ല ലക്ഷണമൊത്ത കേകയാണത്!" ഒക്കെയായാലും, ഒന്നുമാത്രം ഇതിലില്ല: കവിത!
ഈ തിരിച്ചറിവ് എങ്ങനെയോ ലഭിച്ചതോടെ, കവിതയെഴുതുന്നത് കൂടുതല്‍ കരുതലോടെ വേണം എന്ന വിവേകം എനിക്ക് ക്രമത്തില്‍ ഉണര്‍ന്നു.

ചുരുക്കം ഇതാണ്: എന്താണ് കവിത എന്ന് തീര്‍ച്ചയില്ലെങ്കിലും, എന്തല്ല കവിത എന്ന തിരിച്ചറിവ് ഉണര്‍ത്തിയെടുക്കാന്‍ ഈ രംഗത്ത് ഉദ്യമിക്കുന്ന ഓരോരുത്തരും ശ്രദ്ധിക്കുകതന്നെ വേണം.


*****


കെ പി ശങ്കരന്‍, കടപ്പാട് ദേശാഭിമാനി വാരിക