കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത മേഖലകളില്‍ സംഭവിച്ച കോലാഹലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇപ്പോള്‍ നമുക്കിടയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുക സ്വാഭാവികം. "എടപെട്ടളയും ഞാന്‍" എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഒരു അതികായന്റെ നില്പ്. അതെ, വി കെ എന്‍ ഇല്ലാത്ത ഏഴു വര്‍ഷമാവുകയാണ്.
വി കെ എന്നിനുമാത്രം വേറിട്ട് പ്രതികരിക്കാവുന്ന ധാരാളം സംഭവങ്ങള്‍ കേരളത്തിലുണ്ടായി. പകരക്കാരനില്ലാത്ത ശൂന്യത ശേഷിപ്പിച്ച് വി കെ എന്‍ വിടവാങ്ങി. വി കെ എന്‍ ഇല്ലാത്ത വീട്ടില്‍ അദ്ദേഹത്തിന്റെ പത്നി വേദവതി താമസിക്കുന്നു. മലയാളത്തിലെ മാസ്റ്റര്‍പീസുകള്‍ പിറന്നു വീണ കുടിയാണ് വടക്കേകൂട്ടാല. അതിന് വേദവതി വി കെ എന്‍ സാക്ഷിയുമാണ്. വി കെ എന്നിന്റെ ജീവിതത്തിനും എഴുത്തിനും തുണനിന്ന അവര്‍ക്ക് ഭര്‍ത്താവിനെക്കുറിച്ച് ധാരാളം പറയാനുണ്ട്.
വി കെ എന്‍ ഉള്ള വീടും ഇല്ലാത്ത വീടും. ഈ വ്യത്യാസം കൃത്യമായി അനുഭവപ്പെടുന്നില്ലേ?
എങ്ങനെ അനുഭവപ്പെടാതിരിക്കാനാണ്. വി കെ എന്‍ ഉള്ളകാലത്ത് എപ്പോഴും ഫോണ്‍ , സംസാരം, കാണാന്‍ വരുന്നവര്‍ അങ്ങനെയായിരുന്നുവല്ലോ. ഇപ്പോള്‍ ഞങ്ങള്‍ തനിച്ചായി. പലരും വി കെ എന്നിന് ഫോണ്‍ ചെയ്യും. തിരിച്ച് അങ്ങോട്ടും. പിന്നെ ചിരിയും തമാശയുമൊക്കെയാണ്. കാണാന്‍ വരുന്നവരോടുമതെ. ഇന്ന വിഷയങ്ങള്‍ സംസാരിക്കുക എന്നില്ല. വി കെ എന്നിന് ഇഷ്ടപ്പെട്ടവരാണെങ്കില്‍ ഒരു പകല്‍ മുഴുവന്‍ വര്‍ത്തമാനം പറഞ്ഞിരിക്കും. താല്പര്യമില്ലാത്തവരാണെങ്കില്‍ പത്തു മിനുട്ട്. കഴിഞ്ഞു. ചിലരെ കാണാനേ കൂട്ടാക്കില്ല. എപ്പോഴും വായന തന്നെയാണ്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് അധികം വായിക്കുക. പിന്നെ എഴുത്തും.
വി കെ എന്‍ ഓര്‍മയായി ഒരാണ്ടു തികഞ്ഞപ്പോള്‍ അനുസ്മരണങ്ങളൊക്കെ ഉണ്ടായല്ലോ? പിന്നീട് അതൊരു ചടങ്ങായി. ഇതിലൊക്കെ ഖേദം തോന്നിയിട്ടുണ്ടോ?
തൃശൂരു വച്ച് ആദ്യത്തെ കൊല്ലം അനുസ്മരണം ഉണ്ടായി. തിരുവില്വാമലയില്‍ വച്ചും. വീട്ടില്‍ ഒത്തുകൂടാന്‍ വി കെ എന്‍ ആരാധകര്‍ വന്നു. പൊലീസിലുണ്ടായിരുന്ന തോമസ് ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നു. വി കെ എന്‍ എന്നുവച്ചാല്‍ തോമസിന് ജീവനായിരുന്നു. തോമസ് പാവം നേരത്തെ മരിച്ചു. ഈയിടെ ചില പഠനയാത്രക്കാരൊക്കെ വന്നു. വീടു കാണാന്‍ .
വി കെ എന്നിന് ജന്മനാട്ടില്‍ സ്മാരകം ഉയരുന്നു എന്നുകേട്ടല്ലോ? പൊതുവെ ഇത്തരം സ്മാരക മണ്ഡപങ്ങളോടും പ്രതിമകളോടും എതിരായിരുന്നു വി കെ എന്നിന്റെ മനസ്സ്, അല്ലേ?
സ്മാരകം വരുന്നു എന്ന് കേട്ടു. നല്ലത്. വി കെ എന്നിന്റെ പുസ്തകങ്ങള്‍ തന്നെ സ്മാരകമല്ലേ. പിന്നെ പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. പടിയ്ക്കല്‍ത്തന്നെ. എല്ലാവരും ശ്രമിച്ചാല്‍ സ്മാരകമാവും. വേണ്ടതുതന്നെ.
വി കെ എന്നിന് തിരുവില്വാമലക്കാരുമായി അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണത്?
തിരുവില്വാമലക്കാര് അധികം വന്നിരുന്നില്ല. എന്നാല്‍ പോളൊക്കെ വി കെ എന്നിന്റെ അടുത്തയാളാണ്. പിന്നെ രാമകുമാരന്‍ . അങ്ങനെ ചിലരുണ്ട്. പൊതുവെ നാടുമായി അത്രയടുപ്പം ഉണ്ടായിരുന്നില്ല. ഇവിടെ വീട്ടിലിരുന്ന് വായിക്കാനാണ് ഇഷ്ടം. അത് പറയുകയും ചെയ്യും. കുറച്ചുകാലം രാവിലെ നടക്കാനിറങ്ങുമായിരുന്നു. ആളുകള്‍ കുശലം ചോദിയ്ക്കുന്നതിന് മറുപടി പറയാന്‍ വയ്യ എന്നുപറഞ്ഞ് അതും നിര്‍ത്തി. പദപ്രശ്നം പൂരിപ്പിക്കുന്നതുപോലെയാണത്രെ ഈ ചോദ്യോത്തരം. അതുപോലെ നാട്ടിലെ ആഘോഷങ്ങളില്‍നിന്നും വി കെ എന്‍ വിട്ടുനില്‍ക്കുമായിരുന്നു. ഒന്നിനും പോവില്ല.
വി കെ എന്നിന്റെ മരണത്തിനുശേഷം വേണ്ടപ്പെട്ടവര്‍ ഈ വഴി പോകുമ്പോള്‍ ഇവിടെ കയറുക പതിവുണ്ടോ?
ചിലരൊക്കെ വരും. ആര്‍ടിസ്റ്റ് നമ്പൂതിരി ഒരു ദിവസം വന്നിരുന്നു. മാത്രമല്ല വി കെ എന്നിന്റെ അടിയന്തിര ദിവസവും അദ്ദേഹം വന്നു. ഊണു കഴിച്ചു. നമ്പൂതിരി ഇപ്പോഴും വി കെ എന്നിനെക്കുറിച്ച് പലയിടത്തും പറയാറുണ്ട്. ആ ബന്ധം അത്രയ്ക്ക് സ്നേഹമുള്ളതായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും.
വി കെ എന്‍ ജീവിച്ചിരിക്കെ അദ്ദേഹത്തെ വിമര്‍ശിക്കാത്തവര്‍ മരണശേഷം പ്രത്യക്ഷമായി രംഗത്തുവരുന്നതായി കാണുന്നു. അത്തരം വി കെ എന്‍ വിമര്‍ശനങ്ങള്‍ കണ്ടുവോ?
ഇല്ല. ഇപ്പോഴിവിടെ വാരികകളൊന്നും വരാറില്ല. വി കെ എന്‍ ഉള്ളകാലത്ത് ഒരു കെട്ട് ഉരുപ്പടികളുമായിട്ടാണ് പോസ്റ്റ്മാന്‍ വരിക. നിത്യവും. ഇപ്പോള്‍ അതൊന്നുമില്ല. ഉള്ളകാലത്ത് എഴുതിയാല്‍ നല്ല മറുപടി കിട്ടും എന്ന് വിചാരിച്ചതുകൊണ്ടാകണം അന്നൊന്നും എഴുതാത്തത്. പറയുന്നവര് പറയട്ടെ. അല്ലാതെന്താ? അതുകൊണ്ടൊന്നും വി കെ എന്‍ സാഹിത്യത്തിന് ഒന്നും പറ്റില്ല. വി കെ എന്‍ മഹാപ്രതിഭയാണെന്ന് മാതൃഭൂമിയില്‍ കോവിലന്‍ എഴുതിയിരുന്നു. ഇതു കണ്ടപ്പോള്‍ സന്തോഷം തോന്നി. എല്ലാ എഴുത്തുകാരും വിമര്‍ശിക്കപ്പെടുന്നുണ്ടല്ലോ. അതൊന്നും ഞാന്‍ വായിക്കാറില്ല.
വിചിത്രമായ ചില സ്വഭാവങ്ങള്‍ വി കെ എന്നിന് ഉള്ളതായി കേട്ടിട്ടുണ്ട്. ജീവിതത്തെ നര്‍മ നിര്‍മമതയോടെ സമീപിക്കുന്ന ചില രീതികള്‍ ?
അങ്ങനെ ചില സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു. കല്പിച്ചു കൂട്ടിയല്ല. ഓരോ മൂഡില്‍ ഓരോന്നു തോന്നുകയാണ്. ഒരു പുസ്തക പ്രകാശനം. കോഴിക്കോട്ടു വച്ചാണ്. വരാമെന്നൊക്കെ സമ്മതിച്ചു. രാവിലെ അതിന്റെയാളുകള്‍ വന്നപ്പോഴേക്കും വി കെ എന്‍ ഇവിടെനിന്ന് മറ്റെങ്ങോട്ടോപോയി. പൊതുവേദികളില്‍ വരാനൊക്കെ മടിയായിരുന്നു. ചിലര്‍ നിര്‍ബന്ധിക്കും. പറ്റില്ലെന്നു പറഞ്ഞാലും നിര്‍ബന്ധിക്കും. തല്‍ക്കാലം സമ്മതിക്കും. പിന്നെ ഈ വഴിയാണ് തെരഞ്ഞെടുക്കുക. അതുപോലെ, വി കെ എന്നിന് ബഷീര്‍ അവാര്‍ഡ് കൊടുക്കുന്ന സമയം. തിരുവില്വാമലയില്‍ ചിത്രകലാക്യാമ്പും ഒക്കെയായി മൂന്നുദിവസം. വി കെ എന്‍ അങ്ങോട്ടൊന്നും പോയില്ല. അവരൊക്കെ ഇവിടേക്കു വന്നു. ബഷീര്‍ അവാര്‍ഡ് വാങ്ങാനും പോവുന്നില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഉച്ചവരെ ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് എം ടി വീട്ടില്‍വന്നു. എം ടി വന്നതും വി കെ എന്നിന് ഉത്സാഹമായി. ചെന്നു. കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാളെ ആദരിക്കുന്ന ചടങ്ങിന് വി കെ എന്‍ ഉത്സാഹത്തോടെ പോയതായി ഓര്‍മയുണ്ട്. പൊതുവേദികളില്‍ പ്രസംഗിക്കുക ഇഷ്ടമേ ആയിരുന്നില്ല. പരമാവധി മാറിനില്‍ക്കാനാണ് ഇഷ്ടം. എഴുതുന്നതൊക്കെ നല്ല പരിചയമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു. ഫ്രാന്‍സിനെപ്പറ്റി എഴുതുമ്പോള്‍ അവിടെ പോയിവന്നപോലെ തോന്നിച്ചു.
ജീവിച്ചിരിക്കുന്ന പലരെയും വി കെ എന്‍ കഥാപാത്രമാക്കിയിട്ടുണ്ട്. തന്റെ നേര്‍ക്കുള്ള ഹാസ്യത്തെ പുഞ്ചിരിച്ചു സ്വീകരിക്കുന്നതിനുപകരം അതൊരു വേദനയായി എടുത്തവരുണ്ടോ? വി കെ എന്നിനോട് നേരിട്ടുവന്നു പറഞ്ഞ സംഭവങ്ങള്‍ ? അങ്ങനെ വല്ലതും?
സത്യത്തില്‍ വി കെ എന്നിന് ഒരാളോടും വിദ്വേഷം ഉണ്ടായിരുന്നില്ല. എല്ലാം ഹാസ്യവും വിമര്‍ശനവുമല്ലേ. പിന്നെ ഭാഷകൊണ്ടുള്ള ചില സംഗതികളും. അങ്ങനെ നേരിട്ടു വന്ന് ആരും പരാതി പറഞ്ഞതായിട്ടൊന്നും ഓര്‍മയില്ല. ഒരു കഥയില്‍ വളരെ വേണ്ടപ്പെട്ട ചിലരെപ്പറ്റി എഴുതുകയുണ്ടായി. അവരില്‍ ചിലര്‍ ഒരു കെയ്സ് ബിയറുമായി വന്നു. വി കെ എന്‍ സസന്തോഷം അത് സ്വീകരിച്ചു. ഇരുവര്‍ക്കും കാര്യം മനസ്സിലായി. ഇങ്ങനെ അറിയുന്നവരെപ്പറ്റി എഴുതുന്നത് എന്തിനാണെന്നു ചോദിച്ചാല്‍ ഒന്നു ചിരിക്കും. അത്രതന്നെ.
വി കെ എന്നിന്റെ മദ്യപാനവും പ്രസിദ്ധമാണല്ലോ? പലരും എഴുതിയിട്ടുണ്ട്. അതിന്റെ ദുരന്തം അനുഭവിച്ചിട്ടുണ്ടോ?
നന്നായി കഴിച്ചിരുന്ന കാലമുണ്ടായിരുന്നു. പിതാമഹനും മഞ്ചലുമൊക്കെ എഴുതുന്ന സമയം. ചിലപ്പോള്‍ എങ്ങോട്ടാണെന്നു പറയാതെ പോവും. രണ്ടാം ദിവസം തിരിച്ചുവരും. നന്നായി കുടിച്ചിട്ടുണ്ടാകും. ഈ രണ്ടു ദിവസവും കുടിയായിരിക്കും. ഇവിടെ വന്നാല്‍ ഞാന്‍ നല്ലപോലെ മോരു കൊടുക്കും. മീനൊക്കെയായി നല്ല ഭക്ഷണം നല്ലപോലെ കൊടുക്കും. ഒന്നു കുളിച്ച് ഈ ഭക്ഷണവും കഴിച്ചാല്‍ പഴയ വി കെ എന്നാകും. പിന്നെ എഴുത്തു തുടങ്ങുകയായി. കുടിച്ചസമയത്ത് വി കെ എന്‍ ഒറ്റയക്ഷരം എഴുതിയിട്ടില്ല. കുടിയ്ക്കുന്ന സമയത്ത് ഒപ്പമുള്ളവര്‍ പറയുന്ന കഥയെല്ലാം കേട്ടിരിക്കും. അതൊക്കെ പിന്നീട് കഥയിലൊക്കെ വരും. പലപ്പോഴും നിയന്ത്രണം വിട്ട് കുടിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും കുടുംബ ജീവിതത്തെ ബാധിച്ചിട്ടില്ല. ഇവിടെ അതിന്റെ പേരില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. കരുതിക്കൂട്ടി കുടിപ്പിക്കുന്നവരുണ്ട്. ഒരുകാലത്ത് കുടിക്കാതെ വയ്യ എന്ന അവസ്ഥയിലായിരുന്നു. അത് എഴുത്തിന് ഒരുതരം ശക്തി നല്‍കിയതായി തോന്നിയിട്ടുണ്ട്്. കുടിക്കാതിരിക്കാനും കഴിഞ്ഞിരുന്നു വി കെ എന്നിന്. കുടിച്ചു വന്നതിന്റെ പേരില്‍ ഞാന്‍ വി കെ എന്നിനെ ശപിച്ചിട്ടില്ല.
കഥാപാത്രങ്ങളുടെ ഭക്ഷണ പ്രിയത്വം വി കെ എന്നിന്റെയും സ്വഭാവമായിരുന്നുവല്ലോ. ഭക്ഷണത്തെ ആഘോഷമാക്കിയിരുന്നുവോ വി കെ എന്‍ ? "സസ്യവും അസസ്യവും" പ്രിയമായിരുന്നുവോ?
ഊണിന്റെ കാര്യത്തില്‍ വിഭവസമൃദ്ധിയല്ല പ്രധാനം. ഉള്ളത് നന്നാവണം. ഭക്ഷണം കഴിച്ചാല്‍ "സുഖമാവണം" എന്നായിരുന്നു വി കെ എന്നിന്റെ ഉള്ളില്‍ . ഹോട്ടല്‍ ഭക്ഷണത്തോട് അത്രയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ചില വൈകുന്നേരങ്ങളില്‍ പരിപ്പുവട വരുത്തി കഴിച്ചിരുന്നു. ആദ്യകാലങ്ങളില്‍ നന്നായി മാംസഭക്ഷണം കഴിച്ചിരുന്നു. പിന്നെ അസസ്യം വിട്ട് സസ്യമായി. പപ്പടം, കടുമാങ്ങ, മോര് ഇവയൊക്കെ ആസ്വദിച്ച് രുചിയ്ക്കും. അപ്പോള്‍തന്നെ കമന്റുകള്‍ പറയും. പന്ത്രണ്ടുമണിയുടെ ആകാശവാണി ഇംഗ്ലീഷ് വാര്‍ത്ത കഴിയുന്നതും വി കെ എന്‍ ഉണ്ണാന്‍ വരും. ഊണ് കഴിക്ക്വല്ലേ എന്ന് വിളിച്ചു ചോദിയ്ക്കും. ഇഡ്ഢലി, ദോശ, കനമുള്ള ചായ ഇവയോടൊക്കെ പ്രിയമായിരുന്നു. പട്ടണംപൊടി, നൂര്‍സേട്ട് ബീഡി, സിസര്‍ഫില്‍റ്റര്‍ ഇങ്ങനെ ചില ഇഷ്ടങ്ങള്‍ കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഓംലറ്റിനോട് താല്പര്യം. അതിന് കുരുമുളുകുപൊടി ധാരാളം വേണം. ചൂര്‍ണ്ണം എന്നാണ് പറഞ്ഞിരുന്നത്. ആസ്വദിച്ചു കഴിക്കുക എന്നതായിരുന്നു വി കെ എന്നിന്റെ പ്രകൃതം.
വി കെ എന്നിന്റെ എഴുത്ത് നേരില്‍ കണ്ടിട്ടുണ്ടല്ലോ. അതിന്റെ സമ്പ്രദായം എങ്ങനെയായിരുന്നു?
ഈ വീട്ടിലെ ചെറിയ മുറിയിലിരുന്ന് വി കെ എന്‍ എത്രയോ എഴുതി. തട്ടിട്ട മുറി. കസേരയില്‍ ഇരുന്നാണ് എഴുത്ത്. മുമ്പൊക്കെ രാവിലെ കുളികഴിഞ്ഞ് നെയ്യിട്ട കഞ്ഞി കുടിച്ച് മുകളിലേക്ക് പോവും. അവിടെയായിരുന്നു എഴുത്തുമുറി. ഉച്ചവരെ എഴുത്തോട് എഴുത്ത്. ഇടയ്ക്ക് ബീഡി, സിഗററ്റ്, ചായ ഒക്കെയാവാം. ചില ദിവസങ്ങളില്‍ ഊണിന്റെ സമയം കഴിയുന്നതൊന്നും അറിയില്ല. ഇങ്ങനെ ആലോചിച്ചിരിക്കുന്നതു കാണാം. എഴുത്തിന്റെ ഹരത്തിലാവും. കുറേ കഴിഞ്ഞാണ് താഴത്തേക്കിറങ്ങി വരുക. പിന്നെ, കുറച്ച് വിശ്രമിച്ച് വീണ്ടും എഴുതാനിരിക്കും. രാത്രി പതിനൊന്ന് മണിവരെയൊക്കെ ഇരുന്നെഴുതിയ ദിവസങ്ങള്‍ ഓര്‍മ വരുന്നു. ഒന്നും എഴുതാത്ത കാലവും ഉണ്ടായിരുന്നു. പിന്നെ ധാരാളം എഴുതി. എഴുതാത്ത കാലത്ത് വായന തന്നെ.
എഴുത്തുകൊണ്ടുമാത്രം ജീവിച്ച കാലം ഉണ്ടായിരുന്നുവല്ലോ അല്ലേ?
ഡല്‍ഹിയില്‍ സ്ഥിരമായിരുന്നുവെങ്കില്‍ മറ്റൊരു വി കെ എന്നിനെയാവും കിട്ടുക എന്ന് തോന്നിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് മടങ്ങി. നാട്ടിലെ കൃഷി വിറ്റു. പിന്നെ പ്രധാനമായിട്ടും എഴുത്തുകൊണ്ടുതന്നെ ജീവിച്ചു. "കടലാസും പെന്നും കൊണ്ട് അവന്‍ ജീവിച്ചോളും" എന്ന് എന്റെ അച്ഛന്‍ വി കെ എന്നിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അത് ശരിയായി. മകളുടെ മക്കളുടെ വിവാഹത്തിന് പാരിതോഷികം നല്‍കാന്‍ , മരുമകള്‍ക്ക് വീട്ടിലേക്ക് സഹായത്തിന് ഒക്കെയായി ചില പുസ്തകങ്ങളുടെ കോപ്പിറൈറ്റ് നല്‍കുകയുണ്ടായി. കുടുംബകാര്യങ്ങളിലെല്ലാം വളരെ തല്പരനായിരുന്നു വി കെ എന്‍ . എല്ലാം അന്വേഷിക്കും. നോക്കിനടത്തും. എഴുത്തിനെക്കുറിച്ച് നേരത്തെ ഒന്നു പറയാന്‍ മറന്നു. വി കെ എന്നിന് എഴുതുക, മാറ്റി എഴുതുക, തിരുത്തുക അങ്ങനെ ശീലം ഉണ്ടായിരുന്നില്ല. നേരിട്ട് ഒറ്റ എഴുത്താണ്. ഇവിടെ കോപ്പി സൂക്ഷിയ്ക്കലും ഇല്ല. നേരിട്ട് അയക്കും. ഊണു കഴിക്കുമ്പോഴൊക്കെ ഞങ്ങളോട് പറയുന്ന കഥകള്‍ പിന്നീട് അച്ചടിച്ചുവരുന്നതുകാണാം.
കഥ പറയാന്‍ മിടുക്കുണ്ടായിരുന്നുവോ വികെഎന്നിന്?
കഥ അങ്ങനെ പറയുകയല്ല. എവിടെയെങ്കിലുമുള്ള സംഭവങ്ങള്‍ ഇങ്ങനെ പറയും. വര്‍ത്തമാനം പറയുന്ന രീതിയില്‍ . എഴുതുന്ന കഥയില്‍ ഭാഷ വേറെയാവും. കഥയൊക്കെ പറഞ്ഞ് വി കെ എന്‍ ചിരിക്കുമായിരുന്നു. ഇവിടെ വരുന്നവരോട് ചില കഥകളൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. സംഭവകഥകള്‍ . ഡല്‍ഹിയിലെ കഥകള്‍ . അത്രയ്ക്ക് അടുപ്പമുള്ളവരോടു മാത്രം.
വി കെ എന്‍ "ഡല്‍ഹി ഡേയ്സ്" എഴുതിയിരുന്നുവല്ലോ? എങ്ങനെയായിരുന്നു വി കെ എന്നിന്റെ ഡല്‍ഹിക്കാലം?
ശങ്കേഴ്സ് വീക്ക്ലിയില്‍ ജോലിയുണ്ടായിരുന്നു. പിന്നെ ഏതൊക്കെയോ ന്യൂസ് ഏജന്‍സികളില്‍ പണിയെടുത്തു. ഇംഗ്ലീഷ് പത്രങ്ങളില്‍ കോളം എഴുതിയിരുന്നു. അന്നൊക്കെ നാട്ടിലേക്ക് കത്തുകള്‍ അയയ്ക്കുമായിരുന്നു. ഞാന്‍ ഒപ്പം പോയപ്പോള്‍ ടു റൂം കിച്ചണുള്ള വീട് വാടകക്കെടുത്തു. സുഖതാമസം. സി പി രാമചന്ദ്രന്‍ , എം പി നാരായണപ്പിള്ള, വി കെ മാധവന്‍കുട്ടി, കെ പി ഉണ്ണികൃഷ്ണന്‍ , ടി കെ എന്‍ മേനോന്‍ , ഒ എം അനുജന്‍ , അകവൂര്‍ നാരായണന്‍ അങ്ങനെ നല്ലൊരു സൗഹൃദക്കാരുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ പല ഉന്നതരുമായും അടുപ്പമായിരുന്നു. മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍ അന്ന് വി കെ എന്നിന്റെ അടുത്തയാളായിരുന്നു
ഐ കെ ഗുജ്റാള്‍ പ്രധാനമന്ത്രിയായപ്പോള്‍ വി കെ എന്‍ പഴയ ബന്ധം പുതുക്കുകയോ മറ്റോ ഉണ്ടായോ?
അങ്ങനെയൊന്നുമില്ല. വി കെ എന്നിന് അതിനോടൊന്നും താല്പര്യമില്ല. കെ പി ഉണ്ണികൃഷ്ണനുമായി നല്ല ബന്ധമായിരുന്നു. അദ്ദേഹം പുസ്തകങ്ങള്‍ അയച്ചുകൊടുത്തിരുന്നു.
വി കെ എന്നും ഒ വി വിജയനും ഡല്‍ഹിയില്‍ ഒരുമിച്ചുണ്ടായിരുന്നുവല്ലോ?
ഒ വി വിജയനും ചില ചിട്ടകളുണ്ടായിരുന്നു. ഏതു വേനല്‍ക്കാലത്തും കൈ കഴുകാന്‍ ചൂടുവെള്ളം വേണം. വി കെ എന്‍ വിജയനെ ബുദ്ധിജീവി എന്നു വിളിക്കും. വീടൊഴിഞ്ഞ കാലത്ത് ഏതാണ്ട് ഒരു മാസം ഞങ്ങളുടെ ഒപ്പമായിരുന്നു ഒ വി വിജയന്‍ താമസിച്ചത്. സാധുപ്രകൃതം. ഒരു മുറിയിലിരുന്ന് കാര്‍ടൂണ്‍ വരയ്ക്കും. പുതിയ വീട് കിട്ടിയപ്പോള്‍ വിജയന്‍ മാറിത്താമസിച്ചു. ഒരു ദിവസം ഞങ്ങള്‍ പുറത്തുപോയി വന്നപ്പോള്‍ വാതിലില്‍ വിജയന്റെ ഒരു കുറിപ്പ്. തെരേസയെ കല്യാണം കഴിച്ചു എന്ന് മാത്രം. വിജയന്‍ തിരുവില്വാമലയില്‍ വന്നിട്ടുണ്ട്. പാവം തോന്നുന്ന രീതിയായിരുന്നു വിജയന്റേത്. എല്ലാറ്റിനും പേടി. അങ്ങനെ.
വി കെ എന്നിന്റെ ഒരു കഥയില്‍ ഒ വി വിജയന്‍ കഥാപാത്രമായതു സംബന്ധിച്ച് അവര്‍ തമ്മില്‍ ചില സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായി എന്ന് കേള്‍ക്കുന്നതില്‍ വാസ്തവമുണ്ടോ?
വി കെ എന്നും വിജയനും തമ്മില്‍ നല്ല ബന്ധമായിരുന്നു. വി കെ എന്‍ വേണമെന്നു വച്ച് എഴുതുകയൊന്നുമില്ല. പാലക്കാട്ട് വിജയന്‍ വന്നപ്പോള്‍ വി കെ എന്‍ കാണാന്‍ പോയി. വിജയന്റെ തെരഞ്ഞെടുത്ത കഥകള്‍ക്ക് വി കെ എന്‍ന്റെ അവതാരികയുണ്ടല്ലോ. വി കെ എന്‍ മരിച്ചപ്പോള്‍ ഒ വി വിജയന്‍ ഓര്‍മക്കുറിപ്പെഴുതിയിട്ടുണ്ടല്ലോ
ഇരുവരും അടുത്തടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു അല്ലേ?
അതെ. വി കെ എന്നിനെയും വിജയനെയും തിരുവില്വാമല ഭാരതപ്പുഴയോരത്താണ് സംസ്കരിച്ചത്.
എഴുത്തുകാരായ സമകാലികരില്‍ ആരൊക്കെയായിരുന്നു വി കെ എന്നിനു വേണ്ടപ്പെട്ടവര്‍ ?
അത് പറഞ്ഞാല്‍ ചില പേരുകള്‍ വിട്ടുപോയാല്‍ അവര്‍ക്ക് അലോഹ്യമാവും. അതുകൊണ്ട് പറയുന്നില്ല. ഇവിടെ ധാരാളം എഴുത്തുകാര്‍ വരുമായിരുന്നു. വായനക്കാരും വരും. വി കെ എന്നിനെ ഒന്നു കാണുകമാത്രം മതി എന്നുപറഞ്ഞ് വരുന്നവരും ഉണ്ടായിരുന്നു.
വി കെ എന്നിന്റെ പ്രേമവും വിവാഹവും എന്ന കഥ സത്യന്‍ അന്തിക്കാട് അപ്പുണ്ണി എന്ന പേരില്‍ സിനിമയാക്കിയല്ലോ. അതുകണ്ടിട്ട് എന്തെങ്കിലും അഭിപ്രായം പറയുകയോ മറ്റോ ഉണ്ടായോ?
അതൊക്കെ വളരെ മുമ്പല്ലേ? ഷൂട്ടിംഗ് സ്ഥലത്തേക്ക് വി കെ എന്‍ പോയതായി അറിയാം. തിയേറ്ററില്‍ പോയിരുന്ന് സിനിമ കാണുന്ന സ്വഭാവമൊന്നും ഇല്ലായിരുന്നു. റേഡിയോയിലൂടെ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു. അതുപോലെ കഥകളിപ്പദവും കേള്‍ക്കും. പി ഭാസ്കരന്റെ പാട്ടുകളോടായിരുന്നു ഇഷ്ടം. പി ഭാസ്കരനെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്ന് പറയും.
റേഡിയോ വി കെ എന്നിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു അല്ലേ? പല കഥകളിലും റേഡിയോ വരുന്നുണ്ട്?
അതെ. റേഡിയോ കേള്‍ക്കുക ശീലമായിരുന്നു. ക്രിക്കറ്റ് കമന്ററിയൊക്കെ കേട്ടിരുന്നു. ടി വി വന്നപ്പോള്‍ ടെന്നീസ് കളി കാണുമായിരുന്നു. വി കെ എന്നിന്റെ റേഡിയോ ഇപ്പോള്‍ ഞങ്ങള്‍ കേള്‍ക്കുന്നു.
"വിവാഹപ്പിറ്റേന്നി"ലൂടെയാണല്ലോ വി കെ എന്‍ ശ്രദ്ധയനായത്. വിവാഹശേഷം എഴുതിയ കഥയാണോ അത്?
അല്ല. ഞങ്ങളുടെ വിവാഹത്തിനുംമുമ്പ് എഴുതിയതാണ്. വി കെ എന്‍ പല്ലാവൂര്‍ ദേവസ്വത്തില്‍ ഓഫീസറായിരുന്ന കാലത്ത് പാലക്കാടന്‍ ഭാഗങ്ങളിലെ ജീവിതവും ഭാഷയുമൊക്കെ മനസ്സിലാക്കി എഴുതിയ കഥയാണ് അത്. ഞാനത് വായിച്ച് ചിരിച്ചിട്ടുണ്ട്. പാലക്കാടന്‍ ഭാഷയെ നന്നായി പരിഹസിക്കുന്ന കഥ.
നിങ്ങള്‍ തമ്മില്‍ വിവാഹിതരായതിന്റെ പശ്ചാത്തലം എന്താണ്?
എന്റെ അച്ഛന്‍ ദേവസ്വം വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്നു. വി കെ എന്‍ ദേവസ്വം വകുപ്പില്‍ ക്ലാര്‍ക്കും. അച്ഛനെ കാണിക്കേണ്ട ഫയലുകളുമായി വി കെ എന്‍ വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ മേതില്‍ കുടുംബമാണ്. അന്ന് കണ്ടിട്ടുണ്ട്. അച്ഛന് പാലക്കാട്ടേക്ക് മാറ്റമായി. ഓഫീസ് ആവശ്യവുമായി വി കെ എന്‍ വരും. ഈ സമയത്താണ് വി കെ എന്നിന്റെ വീട്ടുകാര്‍ ആലോചനയുമായി വരുന്നത്. അച്ഛന്‍ സമ്മതിച്ചു. 1954 ഫെബ്രുവരിയിലായിരുന്നു വിവാഹം. ഞങ്ങള്‍ പല്ലാവൂരിലും പിന്നെ തൃക്കാളിയൂരിലും താമസിച്ചിട്ടുണ്ട്. തൃക്കാളിയൂരുള്ളപ്പോള്‍ കോഴിക്കോട്ടെ എഴുത്തുകാരുമായിട്ടായിരുന്നു ചങ്ങാത്തം.
ദേവസ്വം വകുപ്പിലെ ജോലിയാണോ വി കെ എന്നിനെ കലാകാരന്മാരുമായി അടുപ്പിച്ചത്?
തിരുവില്വാമലക്കാര്‍ക്ക് പൊതുവെ കലകളോട് താല്പര്യമാണല്ലോ. തൃശൂര്‍പൂരം പഞ്ചവാദ്യവും മേളവുമൊക്കെ റേഡിയോയിലൂടെ കേള്‍ക്കുമായിരുന്നു വി കെ എന്‍ . പല്ലാവൂര്‍ അപ്പുമാരാര്‍ക്കും മണിയന്‍ മാരാര്‍ക്കുമെല്ലാം വി കെ എന്നിനെ ബഹുമാനമായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയ്ക്കല്ല, പഴയ എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയ്ക്ക്. അപ്പുമാരാരും വി കെ എന്നും ഒരിക്കല്‍ ഒരു കല്യാണത്തിന് തിരുവില്വാമല അമ്പലത്തില്‍വച്ച് കണ്ടുമുട്ടി. കുറേക്കാലത്തിനുശേഷം. അപ്പുമാരാര്‍ മരിച്ചപ്പോള്‍ വി കെ എന്‍ മാതൃഭൂമി പത്രത്തില്‍ ഓര്‍മക്കുറിപ്പെഴുതി. വാഴേങ്കട കുഞ്ചുനായര്‍ , കോട്ടയ്ക്കല്‍ ശിവരാമന്‍ , അപ്പുക്കുട്ടിപ്പൊതുവാള്‍ എന്നിവരുമായൊക്കെ നല്ല അടുപ്പമായിരുന്നു.
വി കെ എന്‍ കഥകളിലെ അന്തരീക്ഷവും അദ്ദേഹത്തിന്റെ ജീവിതവും തമ്മില്‍ ബന്ധമുണ്ടോ?
കഥവേറെ. ജീവിതംവേറെ. ഇവിടെ ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന വഴിയിലാണ് കോരുവിന്റെ വീട്. കോരു മരിച്ചു. കോരു വി കെ എന്നിന്റെ വിശ്വസ്തനായിരുന്നു. തിരിച്ചും. ധാരാളം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവരെയും വലിയ കാര്യമായിരുന്നു. മൂന്നു ദിവസത്തിലധികം ഞങ്ങള്‍ പിരിഞ്ഞിരുന്നിട്ടില്ല. അത്രയ്ക്കും കുടുംബസ്ഥനായിരുന്നു. മകളോടും മരുമകളോടും പേരക്കുട്ടികളോടും നല്ല വാത്സല്യമായിരുന്നു. കഥയുടെ അന്തരീക്ഷത്തിനനുസരിച്ച് എഴുതിച്ചേര്‍ക്കുന്നത് വേറെ.
ഒരുകാലത്ത് വി കെ എന്‍ ശ്രദ്ധാപുരുഷനായത് "അധികാരം" എന്ന നോവലുമായി ബന്ധപ്പെട്ടിട്ടാണല്ലോ? അന്ന് വി കെ എന്നിന്റെ അവസ്ഥ എന്തായിരുന്നു?
അതൊന്നും വി കെ എന്നിനെ അലട്ടിയില്ല. പത്രത്തിലൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. കൂസലില്ലാത്ത പ്രകൃതമായിരുന്നു.
എന്തായിരുന്നു വി കെ എന്നിന്റെ രാഷ്ട്രീയം?
അത് അറിയില്ല. ആര്‍ക്കാണ് വോട്ടു ചെയ്തത് എന്നു ചോദിച്ചാല്‍ ഒരു ചിരിയായിരുന്നു മറുപടി. പിന്നെപ്പിന്നെ വോട്ടു ചെയ്യാതായി. എല്ലാവരെയും എല്ലാ പാര്‍ടിക്കാരെയും വിമര്‍ശിച്ച് എഴതിയിട്ടുണ്ട്.
വി കെ എന്‍ മരിച്ചപ്പോള്‍ , സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങ് നടത്തിയില്ല എന്ന ആക്ഷേപം ഉണ്ടായല്ലോ? അങ്ങനെ വേണമെന്നുണ്ടായിരുന്നുവോ? എന്തുതോന്നി അന്ന്?
അതിലൊക്കെ എന്താണ് കാര്യം. ഇപ്പോള്‍ ഇതൊക്കെ പതിവായിരിക്കുന്നു. വിഷമമൊന്നും തോന്നിയില്ല. ധാരാളം പേര്‍ വീട്ടില്‍ വന്നു. വേണ്ടപ്പെട്ടവര്‍ക്ക് സദ്യ കൊടുത്തു. അതൊക്കെയാണ് കാര്യം.
വി കെ എന്നിന് ആര്‍ഭാടങ്ങളോടും ആഘോഷങ്ങളോടും താല്പര്യമുണ്ടായിരുന്നില്ലല്ലോ?
ഒട്ടും ഇല്ല. കിട്ടിയ അവാര്‍ഡുകളും മറ്റും മുറിയിലെ ഒരു അരികിലാണ് സൂക്ഷിച്ചുവച്ചിട്ടുള്ളത്. ഈ വീടുതന്നെ ഒട്ടും പുതുക്കിപ്പണിതില്ല. ഈ വീടിന്റെ സുഖം മാറ്റിപ്പണിതാല്‍ കിട്ടില്ല എന്നുപറയുമായിരുന്നു. രാവിലെ പേപ്പറൊക്കെ വായിച്ച് ഉമ്മറത്തു വന്നിരിക്കും. അതൊരു ശീലമായിരുന്നു. പിന്നെ ആ ചെറിയ മുറിയില്‍ . തുറന്നിട്ട ജനലിലൂടെ നോക്കി ഇരിക്കും. മല്ലു മുണ്ടും ബനിയനുമായിരുന്നു സ്ഥിരം. പുറത്തുപോകുമ്പോള്‍ വെള്ള സ്ലാക്ക് ഷര്‍ട്ടിടുമായിരുന്നു.
പൊതുവെ എഴുത്തിലെ ഫലിതം ജീവിതത്തിലും ഉണ്ടായിരുന്നുവോ വി കെ എന്നിന്?
തമാശകള്‍ പറയുക ശീലമായിരുന്നു. ഊണു കഴിക്കുമ്പോഴൊക്കെയാണ് അധികം തമാശകള്‍ ഉണ്ടാവുക. വിഭവങ്ങളെക്കുറിച്ചൊക്കെ വിസ്തരിച്ച് പറയും.
അവസാന കാലത്ത് വി കെ എന്‍ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിയിരുന്നുവോ?
ഇടയ്ക്ക് ചികിത്സയുണ്ടായിരുന്നു. ആയുര്‍വേദം. അതുകഴിഞ്ഞ് തൃശൂരും എറണാകുളത്തും കൊണ്ടുപോയി. അല്പം കിടന്നു. ആ സമയത്ത് ചില മാറിപ്പറയലുകളൊക്കെ ഉണ്ടായിരുന്നു. അപ്പോഴും ഇടയ്ക്കിടക്ക് ഹാസ്യം വരും. കവിതകള്‍ ചൊല്ലും. ജനുവരി കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെടുമെന്ന് പറഞ്ഞിരുന്നു. ജനുവരി കടന്നില്ലല്ലോ.
വി കെ എന്നിന്റെ മരണശേഷവും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ധാരാളമായി വായിക്കപ്പെടുന്നുണ്ട് അല്ലേ?
ഉണ്ടാകണം. ഡി സി രവിയൊക്കെ കൃത്യമായി പ്രതിഫലം തന്നു. തരുന്നുണ്ട്. മാതൃഭൂമി ബുക്സും തന്നു. ഇനി "അപ്പുണ്ണി" തിരക്കഥ പുറത്തിറങ്ങുന്നു.
പുതിയ തലമുറ വി കെ എന്നിനെ എങ്ങനെ വായിക്കും എന്നാണ് തോന്നുന്നത്?
വി കെ എന്നിനെ വായിക്കാന്‍ ശ്രദ്ധ വേണം. കുറേ അറിവുകള്‍ വേണം. ഹ്യൂമര്‍ എല്ലാവര്‍ക്കും ഇഷ്ടമാവുമല്ലോ.
വി കെ എന്‍ ഇല്ല എന്ന അനാഥത്വം എങ്ങനെ അതിജീവിക്കുന്നു?
വി കെ എന്‍ ഇപ്പോഴും ഒപ്പമുണ്ട് എന്ന തോന്നല്‍ കൊണ്ടുതന്നെ.
*****
എന്‍ പി വിജയകൃഷ്ണന്‍, കടപ്പാട്:ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത മേഖലകളില്‍ സംഭവിച്ച കോലാഹലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇപ്പോള്‍ നമുക്കിടയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുക സ്വാഭാവികം. "എടപെട്ടളയും ഞാന്‍" എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഒരു അതികായന്റെ നില്പ്. അതെ, വി കെ എന്‍ ഇല്ലാത്ത ഏഴു വര്‍ഷമാവുകയാണ്.
വി കെ എന്നിനുമാത്രം വേറിട്ട് പ്രതികരിക്കാവുന്ന ധാരാളം സംഭവങ്ങള്‍ കേരളത്തിലുണ്ടായി. പകരക്കാരനില്ലാത്ത ശൂന്യത ശേഷിപ്പിച്ച് വി കെ എന്‍ വിടവാങ്ങി. വി കെ എന്‍ ഇല്ലാത്ത വീട്ടില്‍ അദ്ദേഹത്തിന്റെ പത്നി വേദവതി താമസിക്കുന്നു. മലയാളത്തിലെ മാസ്റ്റര്‍പീസുകള്‍ പിറന്നു വീണ കുടിയാണ് വടക്കേകൂട്ടാല. അതിന് വേദവതി വി കെ എന്‍ സാക്ഷിയുമാണ്. വി കെ എന്നിന്റെ ജീവിതത്തിനും എഴുത്തിനും തുണനിന്ന അവര്‍ക്ക് ഭര്‍ത്താവിനെക്കുറിച്ച് ധാരാളം പറയാനുണ്ട്.
Post a Comment