Friday, July 29, 2011

ബാങ്കിങ് മേഖല പ്രക്ഷോഭത്തിലേക്ക്

ബാങ്കിങ് മേഖലയില്‍ തൂപ്പുകാര്‍ മുതല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ വരെയുള്ള മുഴുവന്‍ ജീവനക്കാരും ഓഫീസര്‍മാരും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് യോജിച്ച പ്രക്ഷോഭത്തിലാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം മാറ്റിവയ്ക്കേണ്ടി വന്ന ബില്ലുകള്‍ പാസാക്കിയെടുത്തുകൊണ്ട് ആഗോള മൂലധനത്തിന് ബാങ്കിങ് മേഖല പതിച്ചുകൊടുക്കുന്നതിനെതിരായാണ് ഈ ഐക്യസമരം. ദേശസാല്‍ക്കരണത്തിന് ശേഷം ബാങ്കിങ് മേഖല വന്‍കുതിച്ചുചാട്ടമാണ് നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വന്‍തോതില്‍ നിക്ഷേപങ്ങള്‍ സമാഹരിക്കാനായി. അതോടൊപ്പം ഗ്രാമീണ വായ്പാമേഖലയില്‍ ഹുണ്ടികക്കാരുടെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനും കഴിഞ്ഞു. വര്‍ഷാവര്‍ഷം പതിനായിരക്കണക്കിന് കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കുന്നത്. എന്നാല്‍ , പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നുതിന്നാന്‍ കൊടുക്കുകയാണ് യുപിഎ സര്‍ക്കാര്‍ .

പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ക്രമാനുഗതമായി വന്‍തോതില്‍ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. 49 ശതമാനംവരെയുള്ള ഓഹരികള്‍ വില്‍ക്കാനായി ഇതിനകംതന്നെ നിയമഭേദഗതി വരുത്തി. കേന്ദ്രസര്‍ക്കാരിന് കിട്ടിയിരുന്ന ലാഭത്തില്‍ പകുതിയോളം സ്വകാര്യ മേഖലയ്ക്ക് കൈമാറിക്കഴിഞ്ഞു എന്നര്‍ഥം. വന്‍കിട മുതലാളിമാരുടെ പിടിയില്‍നിന്ന് ബാങ്കുകളെ രക്ഷിക്കാനായാണ് അവശേഷിക്കുന്ന സ്വകാര്യ ബാങ്കുകളില്‍ ഓഹരിയുടമകളുടെ വോട്ടവകാശത്തിന് പരിധി നിശ്ചയിച്ചത്. എത്ര ഓഹരിയുണ്ടെങ്കിലും ഒരു നിക്ഷേപകന് പത്ത് ശതമാനമേ വോട്ടവകാശം ഉണ്ടാവൂ. ഈ പരിധി എടുത്തുകളയണമെന്ന് ഇന്ത്യയിലെ വന്‍കിടക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ബാങ്കിങ് മേഖലയില്‍ വിദേശ നിക്ഷേപം കടന്നുവന്നതോടെ വോട്ടവകാശപരിധി ഒഴിവാക്കിക്കിട്ടണം എന്ന ആവശ്യം വിദേശകുത്തകകളുടേതു കൂടിയായി. നിലവിലുള്ള നിയമമനുസരിച്ച് വിദേശ നിക്ഷേപകര്‍ക്ക് 74 ശതമാനംവരെ ഉടമസ്ഥതയാവാം. എന്നാല്‍ , വോട്ടവകാശപരിധികാരണം അവര്‍ക്ക് ആഗ്രഹിക്കുന്ന വിധത്തില്‍ കൊള്ള നടത്താനാകില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ ഈ വോട്ടവകാശപരിധി നിയമം ഭേദഗതിചെയ്യാന്‍ നീക്കമാരംഭിച്ചു കഴിഞ്ഞു. ഈ ഭേദഗതിയോടെ ഇന്ത്യയിലെ സ്വകാര്യബാങ്കുകള്‍ മിക്കതും വിദേശബാങ്കുകളായി മാറും. ഫെഡറല്‍ ബാങ്കും ധനലക്ഷ്മി ബാങ്കുംപോലുള്ള ബാങ്കുകള്‍ വിദേശകുത്തകകളുടെ കൈപ്പിടിയിലാകും.

പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യപങ്കാളിത്തം ഇപ്പോള്‍ 49 ശതമാനംവരെയാണ്. അത് 67 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് വന്‍കിട കമ്പനികള്‍ ആവശ്യപ്പെടുന്നത്. അതുടനെ വേണമെന്ന് പ്ലാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ്സിങ് അലുവാലിയയെപ്പോലുള്ളവര്‍ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അത്തരമൊരവസ്ഥയിലാണ് പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യ ഓഹരി ഉടമകള്‍ക്കുള്ള വോട്ടവകാശപരിധി വര്‍ധിപ്പിക്കണമെന്ന് ബാങ്കുടമാ സംഘം ആവശ്യപ്പെട്ടതും സര്‍ക്കാര്‍ ആ വഴിക്ക് നീങ്ങുന്നതും. എത്ര ഓഹരികളുണ്ടെങ്കിലും ശരി ഒരു നിക്ഷേപകന് പൊതുമേഖലാബാങ്കില്‍ ഒരു ശതമാനത്തിനുള്ള വോട്ടവകാശമേ ഇപ്പോള്‍ ഉള്ളൂ. എന്നാല്‍ , 67 ശതമാനം ഉടമസ്ഥതയും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ആ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നത് വെറുതെയല്ല. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ ബാങ്കുകളാവുകയും സ്വകാര്യ ബാങ്കുകള്‍ വിദേശ ബാങ്കുകളാവുകയുംചെയ്യുക എന്നതിനര്‍ഥം ഇന്ത്യന്‍ ബാങ്കിങ് മേഖലയാകെ വന്‍കിട കുത്തകകള്‍ക്ക് വിട്ടുകൊടുക്കുന്നു എന്നാണ്.

ദേശാഭിമാനമുള്ള തൊഴിലാളിശക്തിയുടെ പ്രതിരോധവും ഇടതുപക്ഷ കക്ഷികളുടെ നവ ഉദാരവല്‍ക്കരണത്തിനെതിരായ ഇടപെടലും കാരണമാണ് ബാങ്ക് തകര്‍ച്ചയില്‍നിന്ന് ഇന്ത്യ രക്ഷപ്പെട്ടത്. അമേരിക്കയിലും യൂറോപ്പിലും ബാങ്കുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ , ഇന്ത്യയില്‍ കുഴപ്പങ്ങള്‍ താരതമ്യേന കുറഞ്ഞതിന് കാരണം അവ പൊതു ഉടമസ്ഥതയിലായതുകൊണ്ടാണെന്നും വേണ്ടത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയതുകൊണ്ടാണെന്നും മുന്‍ ധനമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരത്തിനുപോലും സമ്മതിക്കേണ്ടിവന്നതാണ്. അത് പറഞ്ഞ് നാവെടുക്കുന്നതിനു മുമ്പാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ നീക്കം നടത്തുന്നത്. റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കാനാണ് ശ്രമം. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിനും റിസര്‍വ് ബാങ്കിന് തന്നെയും ബാങ്കുകളുടെ കാര്യത്തില്‍ ഇടപെടാനുള്ള അധികാരം ഉണ്ടാവരുതെന്നാണ് രഘുറാം രാജന്‍ കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ബാങ്കുകളിലെ സ്ഥിരംതൊഴിലുകള്‍ താല്‍ക്കാലികവല്‍ക്കരിച്ചും കരാര്‍വല്‍ക്കരിച്ചും ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഒഴിവുകള്‍ നികത്തുന്നില്ല. പുറത്തുനിന്ന് ജോലിക്കാരെ എടുത്താണ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നത്. ഈ പുറംപണിയുടെ ഏറ്റവും കടുത്ത രൂപമാണ് കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച സ്വാഭിമാന്‍ പദ്ധതി. ബാങ്കിങ് സൗകര്യങ്ങളില്ലാത്ത 73,000 ഗ്രാമപ്രദേശങ്ങളില്‍ ശാഖാരഹിത ബാങ്കിങ് സേവനം എത്തിക്കുമെന്നാണ് പ്രഖ്യാപനം. മൂവായിരത്തഞ്ഞൂറോളം ഗ്രാമീണശാഖകള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ പദ്ധതിയുമായി മുന്നോട്ടുവരുന്നതിന് പിന്നിലുള്ള ലക്ഷ്യം വേറെയാണ്. റിലയന്‍സ് പോലെയുള്ള കുത്തകകള്‍ക്ക് ബാങ്കുകളുടെ കിട്ടാക്കടം വീതിച്ചെടുത്ത് ലാഭമുണ്ടാക്കാന്‍ അവസരം നല്‍കിയതുപോലെ വിപ്രോ, ഇന്‍ഫോസിസ് പോലുള്ള വന്‍ കമ്പനികളെയാണ് ബാങ്കിങ് സേവനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കമ്പനികള്‍ വളന്ററി സംഘടനകളെ പണി ഏല്‍പ്പിക്കും. അവരാകട്ടെ നക്കാപ്പിച്ച കൂലി കൊടുത്ത് ബാങ്ക് ജീവനക്കാര്‍ ചെയ്യേണ്ട ജോലി മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉള്‍ക്കൊള്ളാനായാണ് ഈ പദ്ധതിയെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് ബാങ്കിങ് മേഖലയിലെ സംഘടിത തൊഴില്‍ശക്തിയെത്തന്നെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുന്ന രാജ്യത്ത് ഇത് അനുവദിച്ചുകൊടുക്കാനാവില്ല. ബാങ്കുകള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സുകള്‍ വന്‍കിട കമ്പനികള്‍ക്ക് യഥേഷ്ടം നല്‍കുന്നതിനുള്ള നീക്കവും നടക്കുകയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ധനമേഖലയാകെ ദേശ-വിദേശ കുത്തകകള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . ഇതിനെതിരെയാണ് ബാങ്കിങ് മേഖലയില്‍ പണിയെടുക്കുന്നവര്‍ ആഗസ്ത് 5ന് പണിമുടക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള നാല്‍പ്പതാമത്തെ സമരമാണ് ബാങ്കിങ് മേഖലയില്‍ നടക്കാന്‍ പോകുന്നത്. മെയ് 20 ന് ഡല്‍ഹിയില്‍ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ , എഐടിയുസി നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവ റെഡ്ഡി, തുടങ്ങിയ മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളും ഈ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളധന മൂലധനത്തിന്റെ അത്യാര്‍ത്തി പിടിച്ച മരണപ്പാച്ചിലില്‍ ലോകത്തെങ്ങും ചതഞ്ഞരഞ്ഞത് അനേകകോടി മനുഷ്യജീവിതങ്ങളാണ്. ഈ ഹിംസാത്മകതയെ ചെറുക്കുന്നതിനുള്ള ശ്രമമാണ് ബാങ്ക് ജീവനക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ ജനാധിപത്യവാദികളുടെയും പിന്തുണ ഈ സമരത്തിനുണ്ടാകണം.

*
എ കെ രമേശ് (ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകന്‍)
ദേശാഭിമാനി 29 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബാങ്കിങ് മേഖലയില്‍ തൂപ്പുകാര്‍ മുതല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ വരെയുള്ള മുഴുവന്‍ ജീവനക്കാരും ഓഫീസര്‍മാരും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് യോജിച്ച പ്രക്ഷോഭത്തിലാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം മാറ്റിവയ്ക്കേണ്ടി വന്ന ബില്ലുകള്‍ പാസാക്കിയെടുത്തുകൊണ്ട് ആഗോള മൂലധനത്തിന് ബാങ്കിങ് മേഖല പതിച്ചുകൊടുക്കുന്നതിനെതിരായാണ് ഈ ഐക്യസമരം. ദേശസാല്‍ക്കരണത്തിന് ശേഷം ബാങ്കിങ് മേഖല വന്‍കുതിച്ചുചാട്ടമാണ് നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വന്‍തോതില്‍ നിക്ഷേപങ്ങള്‍ സമാഹരിക്കാനായി. അതോടൊപ്പം ഗ്രാമീണ വായ്പാമേഖലയില്‍ ഹുണ്ടികക്കാരുടെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനും കഴിഞ്ഞു. വര്‍ഷാവര്‍ഷം പതിനായിരക്കണക്കിന് കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കുന്നത്. എന്നാല്‍ , പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നുതിന്നാന്‍ കൊടുക്കുകയാണ് യുപിഎ സര്‍ക്കാര്‍ .