എന്റെ അച്ഛന്‍ ഒരു കൃഷിക്കാരനായിരുന്നു. അന്നത്തെ കോഴിക്കോട് ജില്ലയുടെ (ഇന്ന് മലപ്പുറം ജില്ലയുടെ അതിര്‍ത്തി ഗ്രാമം) ഒരു കുഗ്രാമത്തിലെ സാമാന്യം മെച്ചപ്പെട്ടൊരു ഭൂസ്വാമി. പറമ്പും മലയും പാടവും ചേര്‍ന്ന പാര്‍പ്പിട വ്യവസ്ഥ. പല കരകളുള്ള ഗ്രാമത്തിലും പുറംഗ്രാമങ്ങളിലുമൊക്കെ മണ്ണിനു പല നിറവും പല ഗുണവുമാണ്. അതറിഞ്ഞാണ് കൃഷി. പള്ളിയാളികളില്‍ കവുങ്ങ്, ചുവന്ന മണ്ണും ചരലുമുള്ളിടത്ത് തെങ്ങ്, ഇങ്ങനെ മണ്ണിന്റെ സ്വരൂപമറിഞ്ഞ് കൃഷി. തെങ്ങിനിടയില്‍ പയറ്, എള്ള്, വാഴ, ഉഴുന്ന് അങ്ങനെ ഒരു കൂട്ടം ഇടകൃഷി.
ആകെ ഒരു `സിംബയോസിസ് (സഹവാസം) എന്നു പറയാം. അക്കാലത്തെ ചില സംസാരങ്ങള്‍ ഇവയെക്കുറിച്ചൊക്കെയായിരുന്നു. അച്ഛനും സുഹൃത്ത് വീരാന്‍ഹാജിയും പുതിയൊരു സ്ഥലത്തെത്തിയാല്‍ അവിടത്തെ മണ്ണു നോക്കി കൃഷി നിശ്ചയിച്ചുകളെയും കായ പോരാത്ത തെങ്ങിന് ചികിത്സനിശ്ചയിക്കും. ആ പറമ്പിന്റെ ഉടമ അപിരിചിതനാണെങ്കിലും വിളിച്ചുവരുത്തി സൗജന്യ ഉപദേശവും നല്‍കിക്കളയും. മണ്ണിന്റെ തരംനോക്കി വളത്തിന്റെ പ്രയോഗക്കുറിപ്പും നല്‍കും. അതൊക്കെ ഒരു ശൈലിയാണ്. കേള്‍ക്കുന്നവര്‍ക്കും സന്തോഷം.
പഴയകാല അനുഭവം പറഞ്ഞത് വെറുതെയല്ല. ഇന്നത്തെ ഞാനടങ്ങുന്ന നഗരത്തില്‍ രാപ്പാര്‍ക്കാനെത്തിയവരുടെ അനുഭവവുമായൊന്നു താരതമ്യം നടത്താനാണ്. ഇന്ന് ഭൂമിയെ ആരും കൃഷിയുമായി ബന്ധപ്പെടുത്താറില്ല. പാലക്കാട് ഒരു ചെറിയ പട്ടണമായിട്ടും ഇതിന്റെ പത്ത് കിലോമീറ്ററിനകത്ത്, കൃഷി ചെയ്‌തു കഴിഞ്ഞുകൂടാമെന്നാരും കരുതുന്നില്ല. അതിനല്‍പ്പം മണ്ടത്തരം വേണം. അത്രയും പരിധിയ്‌ക്കകത്ത് സെന്റിന് അമ്പതിനായിരമെങ്കിലും കൊടുക്കാതെ ഭൂമി കിട്ടില്ല. അമ്പതിനായിരം വില നല്‍കി ഭൂമി വാങ്ങിയിട്ട് ചേനയും ചേമ്പും വാഴയും നടാനുള്ള ധനശാസ്‌ത്ര മണ്ടത്തരം ആരുകാട്ടും. പാലക്കാട്ടെ മാത്രം സ്ഥിതിയല്ല; മിക്ക ജില്ലകളിലെ അവസ്ഥയും ഇതാണ്. അല്ലെങ്കില്‍ ഇതില്‍ കൂടുതലാണ്. അതായത് കൃഷി ചെയ്യാനാണ് ഭൂമി എന്ന മൗലിക സങ്കല്‍പ്പം തന്നെ മാറി. എന്റെ അച്ഛനെ ഓര്‍ത്ത് തുടങ്ങിയത് അതുകൊണ്ടാണ്. അവര്‍ നിഷ്‌കളങ്കരായിരുന്നു. അവരൊക്കെ ഇന്നില്ലാഞ്ഞത് നന്നായി.
ഭൂമി കൃഷിയ്‌ക്കല്ല, മുറിച്ചു വില്‍ക്കാനാണ്. അതും തന്ത്രപരമായി വിറ്റാല്‍ നല്ല ലാഭം കിട്ടും. അതിനൊക്കെ ഒരു വലിയ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമിയില്‍ കൃഷി ചെയ്‌ത് ജീവിതവും കഴിച്ച് ബാക്കി ലാഭവും എന്നായിരുന്നു സങ്കല്‍പ്പം. അടിസ്ഥാനപരമായി ഭൂമി ഒരുല്‍പ്പാദന ഘടകമാണ്. ഭക്ഷ്യോല്‍പ്പാദനത്തിനും അനുബന്ധകാര്യങ്ങള്‍ക്കും എന്നതാണ് ഭൂമിയോടു ബന്ധപ്പെട്ട സങ്കല്‍പ്പം. അതിനെയാണ് ഇന്നത്തെ ഭൂമാഫിയയും ഭൂവ്യാപാരികളും അട്ടിമറിച്ചത്. അടിസ്ഥാന സങ്കല്‍പ്പം തന്നെ മാറിപ്പോയി. താമസിക്കാനൊരു തുണ്ട് ഭൂമി എന്ന സങ്കല്‍പ്പവും മേല്‍കീഴായി. താമസിക്കാന്‍ ഒരു വീടും അതിനടുത്ത് കുറച്ച് കൃഷിസ്ഥലവും എന്ന ശുദ്ധ ആവാസവ്യവസ്ഥയൊക്കെ മാറിക്കഴിഞ്ഞു. വീട്, തൊടി, കൃഷി എന്നൊക്കെയുള്ള ഒരു ലളിതമായ വ്യവസ്ഥയില്‍ നിന്നാണ്, വികസനത്തോടൊപ്പമുണ്ടായ സങ്കല്‍പ്പമാറ്റം, തൂണ്ടീകരിച്ച ഭൂമിയും അതില്‍ ഫ്‌ളാറ്റും എന്ന അവസ്ഥയിലെത്തിച്ചത്. അതായത് വികസനത്തിന്റെ അങ്ങേ അറ്റത്തെ പരികല്‍പ്പനകളില്‍ ഭൂമി മുറിച്ചു വില്‍ക്കാനുള്ളതും ബഹുനിലകള്‍ കെട്ടിയുയര്‍ത്താനുള്ളതുമാണ്.
എവിടെ എത്തി നമ്മുടെ ഭൗമസങ്കല്‍പ്പം. പണ്ട് ജന്മി എല്ലാഭൂമിയും കയ്യടക്കി കൃഷിപ്പണിക്കാരനെ പട്ടിണിയ്‌ക്കിട്ടു. പിന്നെയാണ് നിശബ്‌ദവിപ്ലവമായി ഭൂപരിഷ്‌കരണം വന്നത്. പണിയെടുക്കുന്നവന്‍ ഉല്‍പ്പന്നത്തിനുടമയെന്ന അതീവ ലളിതമായ സങ്കല്‍പ്പമായിരുന്നു അതിനു പിന്നില്‍. പിന്നെയും ചതിപ്പണി നടന്നതെവിടെയാണ്. കയ്‌ക്കോട്ടുകൊണ്ട് കൊത്തുന്നവനും അതിനടിയില്‍ മുറിയുന്ന മണ്ണും തമ്മിലുണ്ടായിരുന്ന ബന്ധം പിന്നെയും മുറിഞ്ഞതെന്നായിരുന്നു. പെട്ടെന്ന് കൃഷിക്കാരന്‍ കൃഷിനിര്‍ത്താനും ഭൂമിയുമായി ബന്ധം വിടാനും കാരണമെന്തെന്ന് നാമന്വേഷിയ്‌ക്കണം. ഭൂമിയ്‌ക്കു പെട്ടെന്നു ഡിമാന്റ് കൂടിയത് കൊണ്ടുണ്ടായ വിലക്കയറ്റം? ഈ ഡിമാന്റ് ഉല്‍പ്പാദന ലക്ഷ്യവുമായി ബന്ധപ്പെട്ടതായിരുന്നുവോ? ഇപ്പോഴത്തെ ഭൂമിയുടെ വില നോക്കുമ്പോള്‍ എന്തുണ്ടാക്കിയാലാണ് എത്രയുണ്ടാക്കിയാലാണ് എന്തു വില കിട്ടിയാലാണ് മുതലാവുക? ഈ ചോദ്യം നാമെന്തേ ചോദിയ്‌ക്കാഞ്ഞൂ? അത് ചോദിയ്‌ക്കണം. അതിന്റെ കാരണം തേടിയാലേ കൂടുതല്‍ ഉല്‍പ്പാദിക്കാന്‍ കൃഷിക്കാരനോട് ആഹ്വാനം ചെയ്‌തിട്ടു കാര്യമുള്ളൂ.
ഒരടിയൊഴുക്കുപോലെ എല്ലാം സംഭവിച്ചു. ജന്മിയുടെ ഭൂമി കുടിയാനു നല്‍കി. ഭൂമിയ്‌ക്കുമേലുള്ള അധികാരം വികേന്ദ്രീകരിച്ചത് ഒരു മഹാ സംഭവമായിരുന്നു. അതിലെ പോരായ്‌മകളും തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ അത് വേണ്ടത്ര ഉല്‍പ്പാദന വര്‍ധനയുണ്ടാക്കിയില്ലെന്നുള്ള വാദങ്ങളും ഇരിയ്‌ക്കട്ടെ. കുറേകാലം കര്‍ഷകന്‍ പണിയെടുത്ത് ഉല്‍പ്പാദിപ്പിച്ച് ജീവിച്ചു. ഏതാണ്ട് ഒരു ദശകത്തിലേറെയായി ഭൂമി വീണ്ടും പണിയെടുക്കുന്നവനില്‍ നിന്നു തെന്നിമാറി. ശ്രദ്ധിച്ച് പഠിച്ചാല്‍ കാണാവുന്ന കാഴ്‌ച ഭയാനകമാണ്.
കുറേ പണവുമായി ആരൊക്കെയോ നാട്ടിന്‍പുറങ്ങളിലേക്ക് കടന്നുവരുന്നു. ഞാന്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ കാണുന്ന കാഴ്‌ചയാണ് പറയുന്നത്. നഗരത്തിലെങ്ങും `നാഴിയിടങ്ങഴി' മണ്ണ് കിട്ടാനില്ല. ഒരുപാട് സ്ഥലം ഒന്നായി കരാറാക്കും. പല ഉടമകളാവും. അവര്‍ക്കൊക്കെ അഡ്വാന്‍സും നല്‍കി, കുറേ പണമിറക്കി പ്ലോട്ടുകളും പ്ലാനുകളും ഉണ്ടാക്കും. പിന്നെ നല്ലൊരു കോളനി പേരും നല്‍കി പരസ്യം ചെയ്യും. അതോടെ ആളുകള്‍ വന്നു കൂടുന്നു. പിന്നെ ദല്ലാളന്മാരുടെ കോലാഹലമാണ്. പലതരം മറിച്ചുവില്‍ക്കലുകള്‍. ഓരോ തിരിമറിയ്‌ക്കും അയ്യായിരമെങ്കിലും സെന്റിനു കൂടും. ഇനിയും കൂടുമെന്നു ഭയന്ന് വന്നവര്‍ വാങ്ങിക്കൂട്ടും. ഭൂമി നല്ലൊരു `അസറ്റ്' ആണത്രെ. ഇതു പുതിയ അറിവാണോ. എന്നും ഭൂമി `അസറ്റ്' ആയിരുന്നില്ലേ. അന്ന് ഭൂമിയില്‍ ധാന്യം വിളഞ്ഞു. ഇന്നു വിളയുന്നത് പണം.
ഇന്നത്തേത് ഭീകരമായ സ്ഥിതിയാണ്. ഇതിന്റെ കഥയറിയാനായി പലപ്പോഴും പലസ്ഥലങ്ങളും ചുറ്റി. ഇതിനിടയിലെ ഇടത്തട്ടുകാര്‍ക്കും ഭൂമി ഒന്നായി വാങ്ങുന്നവര്‍ക്കും ഉണ്ടാവുന്ന നേട്ടം ഊഹിക്കാനാവില്ല. ഒന്നായി വില പറഞ്ഞ് ഒരു ചെറിയ മുതല്‍മുടക്കേ വേണ്ടു. ബാക്കിയൊക്കെ ഫ്‌ളാറ്റ് തട്ടിപ്പുമാതിരിയുള്ള തരികിടതന്നെ ആരുടേയോ ഭൂമി, ആര്‍ക്കോ വില്‍ക്കുമ്പോള്‍ ലാഭം `റിയാല്‍റ്റി'ക്കാര്‍ക്ക്. പണ്ട് `റിയാലിറ്റി' എന്നാല്‍ മനസ്സിലാക്കിയ അര്‍ഥം യാഥാര്‍ഥ്യം എന്നായിരുന്നു. ഇന്നതിന്റെ അര്‍ഥം അയഥാര്‍ഥ്യം എന്നാവുന്നു. പറഞ്ഞുപറഞ്ഞു കയറ്റിയ വില. പലതവണ കൈമാറിയശേഷം രജിസ്‌ട്രേഷന്‍ ആദ്യവിലയുടെ എത്രയോ ഇരട്ടിവിലയ്‌ക്ക് ആധാരം രജിസ്‌ട്രാക്കുന്നു.
വല്ലാത്ത ഭൂമി വ്യാപാരമാണ് നടക്കുന്നത്. ഇനി കണ്ണില്‍പെടാവുന്ന ഒരുതരി മണ്ണും ഭൂമാഫിയയുടെ കയ്യില്‍പെടാതെയില്ല. അതോടെ കൃഷി പടിയിറങ്ങി. ഇത്ര കാശ് കൊടുത്തുവാങ്ങുന്ന ഭൂമി, കൈമാറി കാശുണ്ടാക്കാനല്ലാതെ ആരാണ് ചേമ്പും ചേനയും നട്ടും നെല്ലുവിതച്ചും മുടിയുക.
അങ്ങനെ ഒരു പുതിയ ലോജിക്കും ധനശാസ്‌ത്രവും ജനിക്കുന്നു. കൃഷിയും കര്‍ഷകതൊഴിലാളിയുമൊന്നും പ്രശ്‌നമല്ല. ഭൂപരിഷ്‌കരണത്തെ എത്ര സമര്‍ഥമായാണ് ഈ വ്യാപാരം അട്ടിമറിച്ചത്.
പാലക്കാടന്‍ നെല്‍വയല്‍ പറമ്പുകള്‍ എന്റെ ഓര്‍മയിലുണ്ട്. ചിറ്റൂരും ആലത്തൂരും കൊല്ലങ്കോട്ടുമൊക്കെ ഇരുപതാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ കണ്ട, സമ്മോഹിച്ചിരുന്ന പാടങ്ങള്‍ എന്നോ ഇല്ലാതായി.
നാളികേരത്തിന്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണും തേടി ആരുമിനി വരേണ്ട. നാരായണക്കിളി കൂടുമുണ്ടാവില്ല.
തിന്നാനുള്ളത് ചന്തയില്‍ കിട്ടും. താമസിക്കാന്‍ ഫ്‌ളാറ്റും. ലോകം ഫ്‌ളാറ്റാണ്.
*
പി എ വാസുദേവന്‍ ജനയുഗം 09 ജൂലൈ 2011
Sunday, July 10, 2011
Subscribe to:
Post Comments (Atom)
1 comment:
എന്റെ അച്ഛന്‍ ഒരു കൃഷിക്കാരനായിരുന്നു. അന്നത്തെ കോഴിക്കോട് ജില്ലയുടെ (ഇന്ന് മലപ്പുറം ജില്ലയുടെ അതിര്‍ത്തി ഗ്രാമം) ഒരു കുഗ്രാമത്തിലെ സാമാന്യം മെച്ചപ്പെട്ടൊരു ഭൂസ്വാമി. പറമ്പും മലയും പാടവും ചേര്‍ന്ന പാര്‍പ്പിട വ്യവസ്ഥ. പല കരകളുള്ള ഗ്രാമത്തിലും പുറംഗ്രാമങ്ങളിലുമൊക്കെ മണ്ണിനു പല നിറവും പല ഗുണവുമാണ്. അതറിഞ്ഞാണ് കൃഷി. പള്ളിയാളികളില്‍ കവുങ്ങ്, ചുവന്ന മണ്ണും ചരലുമുള്ളിടത്ത് തെങ്ങ്, ഇങ്ങനെ മണ്ണിന്റെ സ്വരൂപമറിഞ്ഞ് കൃഷി. തെങ്ങിനിടയില്‍ പയറ്, എള്ള്, വാഴ, ഉഴുന്ന് അങ്ങനെ ഒരു കൂട്ടം ഇടകൃഷി.
Post a Comment