ചെറുതാണ് മനോഹരമെന്ന് ജാപ്പനീസ് ഹൈക്കുമാത്രമല്ല, മലയാളത്തിലെ കുഞ്ഞുമാസികകളും `നമ്മോട്' പറയുന്നുണ്ട്. വ്യവസ്ഥാപിത സൗന്ദര്യസൗധങ്ങളെ തള്ളിപ്പറയുകവഴി അവ പുതു വന്‍കരകളിലേക്കുള്ള കാന്തസൂചികളാകുന്നു. ആകൃതിയില്‍ ചെറുതെങ്കിലും ഈ സവിശേഷത അവകാശപ്പെടാന്‍ കഴിയാത്ത പ്രസിദ്ധീകരണങ്ങളുമുണ്ട്. അതിന്റെ പത്രാധിപന്‍മാര്‍ പ്രസിദ്ധരുടെ രചനകള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ട്. പ്രസിദ്ധരായ എഴുത്തുകാര്‍ക്ക് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ഇരിപ്പിടമുണ്ടെന്നിരിക്കെ മലയാളത്തിലെ ചെറുപ്രസിദ്ധീകരണങ്ങള്‍ യുവ എഴുത്തുകാര്‍ക്കായി സംവരണം ചെയ്യപ്പെടേണ്ടതാണ്.
സാഹിത്യം മാത്രമല്ല, പ്രസക്തമായ ഏതുവിഷയവും ചെറുമാസികയ്‌ക്ക് വഴങ്ങുമെന്നും പ്രത്യക്ഷത്തില്‍ വമ്പനെന്നു തോന്നുന്ന വിഷയങ്ങള്‍ ഉപേക്ഷിച്ചാലും വായിക്കാന്‍ ആളുണ്ടാകും എന്നും തെളിയിക്കുകയാണ് നിലമ്പൂരിലെ ലിറ്റില്‍ മാസിക. ലബ്‌ധപ്രതിഷ്‌ഠരായ എഴുത്തുകാരുടെ സമ്പൂര്‍ണമായ അവഗണനകൊണ്ടു കൂടിയാണ് ചെറുമാസികകള്‍ മരിക്കുന്നത്. ആരാധിക്കപ്പെടുന്ന പ്രതിഭകള്‍ അമ്പതു പൈസ കാര്‍ഡിലയയ്‌ക്കുന്ന ഒരു മറുപടി ലഘുപ്രസാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ സഫലമാകാറില്ല. നിലമ്പൂരെ ലിറ്റില്‍ മാസികയാവട്ടെ അത്തരം ശുംഭ പ്രതീക്ഷകളെ മുളയിലേ നുള്ളുകയാണ്. പകരം ഉദാരതയുടെ സസ്യജാലമാണ് ലിറ്റില്‍ മാസിക മുന്നോട്ടു വയ്‌ക്കുന്നത്. അതുകൊണ്ടാകാം നൂറ്റി മുപ്പതോളം ലക്കങ്ങള്‍ പുറത്തിറക്കാന്‍ അവര്‍ക്കുകഴിഞ്ഞത്.
ലിറ്റില്‍ മാസികയിലെ കോപ്പിലെഫ്‌റ്റ് എന്ന പ്രഖ്യാപനം ഉദാരതയുടെ അടയാളമാണ്. ഒരു വരിയെങ്കിലും ആരെങ്കിലുമെടുത്തുപയോഗിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയോടെ പുറത്തിറങ്ങുന്ന പ്രസാധനങ്ങള്‍ ഉദാരതയല്ല, ഉദരതയാണ് മുഖമുദ്രയാക്കുന്നത്. കോപ്പിറൈറ്റ് എന്ന ആശയത്തിന്റെ എതിര്‍ദിശയിലാണ് കോപ്പിലെഫ്‌റ്റ് നില്‍ക്കുന്നത്. ലിറ്റില്‍ മാസികയില്‍ പ്രസിദ്ധീകരിക്കുന്നവ അനുവാദമില്ലാതെ തന്നെ ആര്‍ക്കും പുനഃപ്രസിദ്ധീകരിക്കാം. ആശയങ്ങളുടെ തടസമില്ലാത്ത ഒഴുക്കാണ് ഇതുവഴി ലിറ്റില്‍ മാസിക അര്‍ഥമാക്കുന്നത്. അടഞ്ഞ മുറിയും തുറന്ന മുറിയും തമ്മിലുള്ള വ്യത്യാസം ഇക്കാര്യത്തിലുണ്ട്.
പഴയൊരു സൈക്കിള്‍ കൊണ്ട്, വീട്ടിലേക്കാവശ്യമായ വെള്ളം പമ്പുചെയ്യാമെന്ന മികച്ച അറിവാണ് ഒരിക്കല്‍ ലിറ്റില്‍ മാസിക വായനക്കാര്‍ക്കുനല്‍കിയത്. കിണറും ടാങ്കുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ച ഒരു സൈക്കിള്‍ കുറച്ചുനേരം ചവിട്ടുമ്പോഴേക്കും വെള്ളം ടാങ്കിലെത്തുന്നു. ഇന്ധനലാഭവും ആരോഗ്യനേട്ടവും ഈ `സാങ്കേതിക വിദ്യ'യുടെ ഗുണഫലമാണ്. ഇതു മനസ്സിലാക്കിയ ലിറ്റില്‍ മാസികയുടെ പത്രാധിപര്‍ ബിജുജോണ്‍ തന്നെ അത് സ്വന്തം വീട്ടില്‍ നടപ്പിലാക്കി. ഇപ്പോള്‍ മാസികയുടെ വായനക്കാരില്‍ പലരും ഈ രീതി പ്രായോഗികമാക്കിയിട്ടുണ്ട്.
ചെറുതെങ്കിലും വലിയ ആശയങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ലിറ്റില്‍ മാസിക ഉള്‍ക്കൊള്ളാറുണ്ട്. പരിസ്ഥിതി സംരക്ഷണമെന്ന മഹത്തായ ചിന്തയ്‌ക്ക് സമര്‍പ്പിക്കപ്പെട്ട സൂചിമുഖി മാസികയെക്കുറിച്ച് അര്‍ഥവത്തായ ഒരു പഠനംതന്നെ ലിറ്റില്‍ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സാധ്യതകളിലേക്ക് കണ്ണുനട്ടിരിക്കുന്ന മലയാളിക്ക് ലിറ്റില്‍ മാസികപോലെ അപരിചിതമാണല്ലൊ സൂചിമുഖിയെന്ന പച്ചപ്പിന്റെ മനസ്സായ മാസികയും.
സഫല ജീവിതം നയിക്കുന്ന അപ്രശസ്‌തരെക്കുറിച്ചുള്ള പരിചയപ്പെടുത്തലാണ് ലിറ്റില്‍ മാസിക ഏറ്റെടുത്തിട്ടുള്ള മറ്റൊരു ദൗത്യം. അങ്ങനെയും ചിലരുണ്ട് കേരളത്തില്‍. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവര്‍. അവര്‍ ദൃശ്യമാധ്യമങ്ങളുടെ അകമ്പടി ആഗ്രഹിക്കാത്തവരാണ്. കൊണ്ടോട്ടി ഒഴുക്കൂര്‍ സ്വദേശിയായ ഫാത്തിമ ത്ത് ഹജ്ജുമ്മയെക്കുറിച്ചുള്ള ചെറുലേഖനം ഒരു വലിയ ജീവിതത്തെ കാണിച്ചുതരുന്നതാണ്. ചേവായൂരെ സര്‍ക്കാര്‍ കുഷ്‌ഠരോഗാശുപത്രിയിലും അടുത്തുള്ള കുഷ്‌ഠരോഗികളുടെ കോളനിയിലും പോയി അവരെ ശുശ്രൂഷിക്കുക എന്ന ജീവിത വ്രതമാണ് എണ്‍പതുകാരിയായ ഹജ്ജുമ്മ നിര്‍വഹിക്കുന്നത്. ലിറ്റില്‍ മാസിക ഹജ്ജുമ്മയുടെ മാതൃകാജീവിതം നമ്മള്‍ക്കു പരിചയപ്പെടുത്തുന്നു.
കേരളത്തിലെ ലിറ്റില്‍ മാസികാപ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കിയ നടരാജന്‍ ബോണക്കാടിന്റെ കുറിപ്പുകളും ലിറ്റില്‍ മാസികയിലുണ്ട്. കളകളും കിളികളുമാണ് നടരാജന്റെ വിഷയം. കേരളത്തിലെ തെരുവുകള്‍ കോലാഹലമേടായതിനെക്കുറിച്ചും നടരാജന്‍ എഴുതുന്നുണ്ട്.
ധ്യാന പരിശീലന കേന്ദ്രത്തിലേക്ക് ഓടിക്കിതച്ച് സൂപ്പര്‍ഫാസ്റ്റില്‍ കയറിപ്പോകുന്ന വിഡ്‌ഢിത്തത്തെക്കുറിച്ചും ലിറ്റില്‍ മാസിക സംസാരിക്കുന്നു. ടോട്ടോ-ചാന്‍ എന്ന വിഖ്യാത ജാപ്പനീസ് കൃതിയും ലിറ്റില്‍ മാസികയുടെ പുതിയ ലക്കത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പാരമ്പര്യേതരമായ ബദല്‍ വിദ്യാലയാനുഭവങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഈ പുസ്‌തകത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ ലിറ്റില്‍ മാസികയുടെ നയപരമായ പക്ഷപാതിത്വം വ്യക്തമാക്കുന്നു.
നൂറു രൂപാ ക്ലബിനെക്കുറിച്ചുള്ള ഒരു വാര്‍ത്തയുണ്ട് ലിറ്റില്‍ മാഗസിനില്‍. രാജസ്ഥാനിലെ ദരിദ്രയായ പെണ്‍കുട്ടിക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതുള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കുന്ന സംഘടനയാണത്. നൂറു രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ ചെറുസഹായം സമാഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്ന ക്ലബാണ്.
കേരളത്തില്‍ വ്യാപകമായിരുന്ന തണ്ണീര്‍ പന്തലുകളെക്കുറിച്ച് ഒരു ലക്കത്തില്‍ ലിറ്റില്‍ മാസിക ഓര്‍മിപ്പിക്കുന്നുണ്ട്. വെയിലേറ്റു നടക്കുന്നവര്‍ക്കുള്ള ദാഹ ജലം എല്ലാ സൗജന്യങ്ങളും നഷ്‌ടമായതോടെ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായി. കേരളത്തില്‍ വേനലിന്റെ വാസസ്ഥലമായ പാലക്കാട് തണ്ണീര്‍ പന്തലുകള്‍ തിരിച്ചുവരുന്ന കാര്യമാണ് ലിറ്റില്‍ മാസിക വായനക്കാരെ അറിയിച്ചത്.
കുഴല്‍ക്കിണറിനെക്കുറിച്ച് പാലക്കാട്ടെ രേവതിയെന്ന വീട്ടമ്മ ലിറ്റില്‍ മാസികയിലൂടെ നല്‍കിയ അറിവ് ഞെട്ടിക്കുന്നതായിരുന്നു. കുഴല്‍ക്കിണറിലെ വെള്ളം ഉപയോഗിക്കുന്നത് നിര്‍ത്തിയപ്പോള്‍ രോഗങ്ങളില്‍ നിന്ന് മുക്തിനേടിയ കഥയായിരുന്നു അത്. അധികമാരും വലിയ ശ്രദ്ധകൊടുക്കാത്തതും ഉപകാരപ്രദവുമായ ചെറുകാര്യങ്ങളിലാണ് ലിറ്റില്‍ മാസികയുടെ ശ്രദ്ധ.
നെടുമങ്ങാട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ചിത്രശലഭമാണ് പകല്‍മാസിക. അന്തരിച്ച പ്രമുഖ കഥാകൃത്ത് പി എ ഉത്തമന്റെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ പകല്‍ ഉത്തമപുരസ്‌കാരം ലഭിച്ചത് ലിറ്റില്‍ മാസികയ്‌ക്കായിരുന്നു.
പത്രങ്ങള്‍ പരസ്യങ്ങളുടെ പൂരപ്പറമ്പാണല്ലൊ. ലിറ്റില്‍ മാസികയ്‌ക്ക് ആരാണു പരസ്യം കൊടുക്കുന്നത്! വായനക്കാര്‍ ഒരു വര്‍ഷത്തേക്കു നല്‍കുന്ന നൂറുരൂപയാണ് ഈ വ്യത്യസ്‌ത മാസികയുടെ ജീവജലം.
*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 30 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:
ചെറുതാണ് മനോഹരമെന്ന് ജാപ്പനീസ് ഹൈക്കുമാത്രമല്ല, മലയാളത്തിലെ കുഞ്ഞുമാസികകളും `നമ്മോട്' പറയുന്നുണ്ട്. വ്യവസ്ഥാപിത സൗന്ദര്യസൗധങ്ങളെ തള്ളിപ്പറയുകവഴി അവ പുതു വന്‍കരകളിലേക്കുള്ള കാന്തസൂചികളാകുന്നു. ആകൃതിയില്‍ ചെറുതെങ്കിലും ഈ സവിശേഷത അവകാശപ്പെടാന്‍ കഴിയാത്ത പ്രസിദ്ധീകരണങ്ങളുമുണ്ട്. അതിന്റെ പത്രാധിപന്‍മാര്‍ പ്രസിദ്ധരുടെ രചനകള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ട്. പ്രസിദ്ധരായ എഴുത്തുകാര്‍ക്ക് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ഇരിപ്പിടമുണ്ടെന്നിരിക്കെ മലയാളത്തിലെ ചെറുപ്രസിദ്ധീകരണങ്ങള്‍ യുവ എഴുത്തുകാര്‍ക്കായി സംവരണം ചെയ്യപ്പെടേണ്ടതാണ്.
Post a Comment