Thursday, July 14, 2011

വെളുക്കാന്‍ തേച്ച് പാണ്ടാക്കിയ പരിഷ്കരണം

അധികാരമൊഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതിയ സര്‍ക്കാര്‍ പരിഷ്കരിക്കുന്നതില്‍ പിശകൊന്നുമില്ല. പ്രത്യേകിച്ചും പുതിയ സാമ്പത്തിക വര്‍ഷം മൂന്നരമാസമേ പിന്നിട്ടിട്ടുള്ളൂ എന്നതിനാലും ഇരുസര്‍ക്കാരും തമ്മില്‍ നയപരമായ വ്യത്യാസങ്ങള്‍ ഉള്ളതിനാലും ബജറ്റ് പരിഷ്കരണം സ്വാഭാവികമാണ്. എന്നാല്‍ , അത്തരം പരിഷ്കാരം അനിവാര്യമാണെന്ന് നിയമസഭയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയണം. എന്നാല്‍ കേരള നിയമസഭയില്‍ ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ചുവെന്ന റെക്കോഡില്‍ അഭിമാനംകൊള്ളുന്ന കെ എം മാണി ഇത്തവണ അവതരിപ്പിച്ച തിരുത്തല്‍ബജറ്റിന്റെ അവസ്ഥയെന്താണ്?

വെളുക്കാന്‍ തേച്ചത് ദയനീയമാംവിധം പാണ്ടായിപ്പോയി. ഒരു മുന്നണിസര്‍ക്കാരിലെ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെതിരെ ആ മുന്നണിയിലെ ഘടകകക്ഷികളിലെ എംഎല്‍എമാരും മന്ത്രിമാരുമെല്ലാം ആക്ഷേപിക്കുന്നത് ഇതാദ്യമാണ്. ഭരണകക്ഷി എംഎല്‍എമാര്‍ പരസ്യമായി വിമര്‍ശിച്ചത് തന്നെ സങ്കടപ്പെടുത്തിയെന്ന് മാണി പറഞ്ഞതായാണ് വാര്‍ത്ത. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് മാണി നടത്തിയ പ്രഖ്യാപനങ്ങള്‍ തന്നോട് ആലോചിക്കാതെയാണെന്ന് ആ വകുപ്പിന്റെ മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് വേറെ വാര്‍ത്ത. ബാലന്‍സ് തെറ്റിയ ബജറ്റാണിതെന്ന്, മേഖലാപരവും പ്രാദേശികവുമായ സന്തുലനം അപ്പടി തകര്‍ക്കപ്പെട്ടുവെന്നത് പ്രതിപക്ഷത്തിന്റെ ആക്ഷേപംമാത്രമല്ല, ഭരണപക്ഷത്തെ ഭൂരിപക്ഷം എംഎല്‍എമാരുടെ വിലാപവുമാണ്.

തീരദേശ മേഖലയെ അവഗണിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച ടി എന്‍ പ്രതാപന്‍ ബജറ്റ് ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കുകയുംചെയ്തു. സംസാരിക്കാന്‍ 13 മിനിറ്റ് അനുവദിച്ച് കിട്ടിയശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയെ ധിക്കരിച്ചുകൊണ്ടാണ് ബജറ്റിനെ അനുകൂലിച്ച് പ്രസംഗിക്കാനില്ലെന്ന നിലപാട് പ്രതാപന്‍ സ്വീകരിച്ചത്. അതായത് മാണി വെളുക്കാന്‍ തേച്ചത് യുഡിഎഫിനാകെ പാണ്ടായിത്തീര്‍ന്നിരിക്കുന്നു. ശോഭ കെടുത്തി, പ്രതിച്ഛായ തകര്‍ത്തു എന്നിങ്ങനെ കോണ്‍ഗ്രസ് നേതൃത്വംതന്നെ ഇതിനെ വിലയിരുത്തിയെന്നതും പരസ്യമാണ്. കേവല ഭൂരിപക്ഷത്തേക്കാള്‍ രണ്ട് സീറ്റ് മാത്രം അധികമുള്ള യുഡിഎഫ് സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് പാസാക്കാന്‍ മനഃസാക്ഷിവോട്ടു തേടിയാല്‍ മാണിയുടെ ബജറ്റിന്റെ അഡ്രസുണ്ടാകില്ല. ഈ ബജറ്റുകൊണ്ടുണ്ടായ ഏക ഗുണം യുഡിഎഫിനകത്ത് അന്തഃഛിദ്രത്തിന്റെ വിത്ത് മുളച്ചുവെന്നതാണ്.

ബജറ്റവതരണ റെക്കോഡുടമയായ മാണിയുടെ ചെമ്പ് പുറത്തായെന്നത് വേറൊരു സംഗതി. എല്‍ഡിഎഫ് ഭരണകാലത്ത് ഒരു പുരോഗതിയും ഇവിടെ ഉണ്ടായില്ല, സാമ്പത്തിക കെടുകാര്യസ്ഥതയായിരുന്നു, യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന സാമ്പത്തിക അച്ചടക്കമാകെ തകര്‍ത്തു എന്നൊക്കെയാണ് മാണി പറഞ്ഞത്. സംസ്ഥാനം കടക്കെണിയിലാണെന്ന് വാദിക്കാനാണ് ഏറെ പണിപ്പെട്ടത്.

വസ്തുത എന്താണ്? 2005-06ല്‍ യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ചെലവ് 19,528 കോടി രൂപയായിരുന്നത് 2010-11 (എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം) 39,790 കോടി രൂപയായി വര്‍ധിച്ചു. അതായത് നൂറുശതമാനത്തിന്റെ വര്‍ധന. നികുതി വരുമാനം 2005-06ല്‍ 7000 കോടി രൂപയായിരുന്നത് 2010-11ല്‍ 16,000 കോടി രൂപയായി വര്‍ധിച്ചു. 128 ശതമാനം വര്‍ധന. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂലധനച്ചെലവ് 5.65 ശതമാനമായിരുന്നത് എല്‍ഡിഎഫ് ഭരണകാലത്ത് 12.51 ശതമാനമായി വര്‍ധിച്ചു. യുഡിഎഫ് ഭരണകാലത്ത് ട്രഷറി മിക്കപ്പോഴും അടച്ചിടേണ്ടിവന്നു. എല്‍ഡിഎഫ് ഭരണം ആ ദുഃസ്ഥിതി ഇല്ലാതാക്കി. ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവരാത്ത രീതിയില്‍ ധനമിടപാട് നിയന്ത്രിച്ചു. വാര്‍ഷിക പദ്ധതി യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം ഏതാണ്ട് 6000 കോടി രൂപയായിരുന്നത് 2010-11ല്‍ പതിനൊന്നായിരത്തില്‍പ്പരം കോടി രൂപയായി ഉയര്‍ത്തി. യുഡിഎഫ് ഭരണകാലത്ത് 28.5 ശതമാനമായിരുന്നു റവന്യൂ കമ്മി. എല്‍ഡിഎഫ് ഭരണകാലത്ത് 15.5 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ കടം യുഡിഎഫ് ഭരണകാലത്ത് 45,929 കോടി രൂപയായിരുന്നത് എല്‍ഡിഎഫ് ഭരണം ഒഴിയുമ്പോള്‍ 78,327 കോടി രൂപയായി ഉയര്‍ന്നു. ഇത് കടക്കെണിയിലേക്ക് നയിക്കും എന്ന് ധനമന്ത്രി കെ എം മാണി പറയുന്നു. കടം കേവലസംഖ്യയായി പറഞ്ഞല്ല താരതമ്യം ചെയ്യേണ്ടത്, സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ ശതമാനക്കണക്കിലാണ്. 2000-01 അത് 32.9 ശതമാനമായിരുന്നു. യുഡിഎഫ് ഭരണത്തിന്റെ അവസാന വര്‍ഷം 33.6 ശതമാനമായി വര്‍ധിച്ചു. 2010-11ല്‍ അത് 29.52 ശതമാനമായി കുറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാരിന്റെ കടം 92 ശതമാനം വര്‍ധിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത് 70 ശതമാനം മാത്രമാണ് വര്‍ധിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പറയുന്നതിനെയാണല്ലോ ഇവിടെ ധനമന്ത്രി ആധാരശിലയായി കണക്കാക്കുന്നത്. യുപിഎ അധികാരത്തില്‍ വന്ന 2004-06ല്‍ കേന്ദ്രസര്‍ക്കാരിന്റെ കടം 20 ലക്ഷം കോടി രൂപയായിരുന്നു. അത് അന്നത്തെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 64 ശതമാനമായിരുന്നു. 2010-11ലെ മതിപ്പുകണക്ക് കടം 29.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അത് ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 59 ശതമാനം വരും. കേന്ദ്രത്തിന്റെ കടബാധ്യതയുമായി താരതമ്യംചെയ്യുമ്പോള്‍ മാണി പെരുപ്പിച്ചുകാട്ടുന്ന ആശങ്കാജനകമായ സ്ഥിതി ഇവിടെ ഉണ്ടായിട്ടില്ല. യുഡിഎഫ് ഭരിക്കുന്ന കാലത്ത് നികുതി കൃത്യമായി പിരിക്കാതെ ശമ്പളം കൊടുക്കാന്‍പോലും കടം വാങ്ങുന്ന അവസ്ഥയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആ സ്ഥിതി മാറ്റി. നികുതി-നികുതിയിതര വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചതുകൊണ്ട് വാങ്ങാവുന്ന കടത്തിന്റെ തോത് വര്‍ധിച്ചു. വികസനത്തിനു വേണ്ടി, മൂലധന നിക്ഷേപത്തിനുവേണ്ടിയാണ് കടം വാങ്ങിയത്. ഇങ്ങനെ കടം വാങ്ങി വലിയ വികസനം വിവിധ മേഖലകളില്‍ സൃഷ്ടിച്ചു. ഐടിക്കായി സര്‍ക്കാര്‍ നിര്‍മിച്ച കെട്ടിടങ്ങളുടെ വിസ്തീര്‍ണം 2006ല്‍ യുഡിഎഫ് അധികാരം ഒഴിയുമ്പോള്‍ 19 ലക്ഷം ചതുരശ്ര അടി ആയിരുന്നത് 110 ലക്ഷത്തോളം അടിയായി എല്‍ഡിഎഫ് ഭരണകാലത്ത് വര്‍ധിച്ചു. ഇങ്ങനെ നാനാമേഖലകളിലും വികസനമുണ്ടായി.

ക്ഷേമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുകള്‍ 110 രൂപ പ്രതിമാസം എന്നത് പടിപടിയായി വര്‍ധിപ്പിച്ച് 400 രൂപയിലേക്ക് കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തി. കടബാധ്യത കുറയ്ക്കാനെന്ന പേരില്‍ അസംഘടിതമേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി, കുഞ്ഞുങ്ങളുടെ ഭാവി വിദ്യാഭ്യാസച്ചെലവിന് വേണ്ടിയുള്ള 10,000 രൂപ വീതമുള്ള എന്‍ഡോവ്മെന്റ് പദ്ധതി, തുച്ഛവരുമാനക്കാരായ അങ്കണവാടി പ്രവര്‍ത്തകര്‍ , ആശാ വളന്റിയര്‍മാര്‍ , സാക്ഷരതാപ്രേരക്, പ്രീപ്രൈമറി ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് പ്രഖ്യാപിച്ച അലവന്‍സ് വര്‍ധന, പരമ്പരാഗത വ്യവസായ മേഖലയിലെ വരുമാന ഉറപ്പിനായി പ്രഖ്യാപിച്ച സഹായം, വീട്ടുജോലിക്കാര്‍ക്കും അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മറ്റുമുള്ള ക്ഷേമനിധികള്‍ തുടങ്ങി ഫെബ്രുവരിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ നിരവധി ഇനങ്ങള്‍ ഈ ബജറ്റില്‍ ഉപേക്ഷിച്ചിരിക്കുന്നു.

മീനച്ചില്‍ നദീതട പദ്ധതിയില്‍പ്പെട്ട അറക്കുളത്ത് തടയണ കെട്ടി ഇടുക്കിയില്‍നിന്നുള്ള വെള്ളം തുരങ്കം വഴി കടപുഴ ആറ്റിലേക്ക് എത്തിച്ച് മീനച്ചിലാറ്റില്‍ ഒരു ഘന അടി വെള്ളമെങ്കിലും എപ്പോഴും ലഭ്യമാക്കുമെന്ന് മാണി പ്രഖ്യാപിച്ചിരിക്കുന്നു. അപ്രായോഗികവും അശാസ്ത്രീയവുമെന്ന് വിദഗ്ധര്‍ വിലയിരുത്തിയ പദ്ധതിയാണിത്. വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ പദ്ധതി നിര്‍ദേശത്തെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെപ്പോലെയുള്ളവര്‍തന്നെ നിശിതമായി വിമര്‍ശിച്ചു. ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മുന്‍പിന്‍ നോക്കാതെ തന്നിഷ്ടപ്രകാരം ഇത്തരം പദ്ധതികള്‍ ബജറ്റില്‍ കൊണ്ടുവരുന്നത് നിരുത്തരവാദപരമാണ്.

പുതുക്കിയ ബജറ്റ് ലാഘവത്തോടെയാണ് തയ്യാറാക്കിയതെന്ന് വ്യക്തമാണ്. വസ്തുതകള്‍ക്കല്ല, കക്ഷിരാഷ്ട്രീയപരമായ അഭിപ്രായങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. അതിന്റെ ഒരുദാഹരണമാണ് 165-ാം ഖണ്ഡികയുടെ തുടക്കം: "പൊതുമേഖല കേരള ജനങ്ങളുടെ ഒരു ദൗര്‍ബല്യമാണ് എന്നു വേണമെങ്കില്‍ പറയാം" എന്ന് പരിഹാസത്തോടെ പറയുകയാണ് മന്ത്രി. പൊതുമേഖലയോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണിതില്‍ തെളിയുന്നത്. മുന്‍ യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും നഷ്ടത്തിലാക്കുകയും വിറ്റഴിക്കാന്‍ ശ്രമിക്കുകയുംചെയ്തത് സ്മരണീയമാണ്. ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ച് പറയുന്നിടത്ത് ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 32 ലക്ഷം എന്നു പറയുന്നു. ഒരു രൂപ നിരക്കില്‍ അരി നല്‍കുന്ന കാര്യം പറയുമ്പോള്‍ ഇരുപത് ലക്ഷം കുടുംബങ്ങളാണ് ബിപിഎല്‍ ലിസ്റ്റില്‍ എന്നു പറയുന്നു. മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും നേരത്തെ നിയമസഭയില്‍ പറഞ്ഞത് 35 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ അരി നല്‍കുമെന്നാണ്. അത് അട്ടിമറിക്കപ്പെട്ടു. വിപണി ഇടപെടലിന് മതിയായ തുക മാറ്റിവച്ചില്ല. ഒഴുക്കന്‍മട്ടില്‍ പറഞ്ഞുപോകുന്നതേയുള്ളൂ. നിലവിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ച് ഒന്നും പറയാതെ പുതിയൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെപ്പറ്റി പറയുകയാണ് ചെയ്തത്. രണ്ട് പദ്ധതിയും ഉണ്ടാകുമോ എന്ന് ഇനിയും വ്യക്തമല്ല. നിലവിലുള്ള പദ്ധതി വിപുലീകരിക്കുന്നതിന് പകരം സമാന്തരമായി മറ്റൊരു പദ്ധതി പ്രഖ്യാപിച്ചത് അശാസ്ത്രീയമാണ്.

എന്നാല്‍ , ഓരോ കുടുബത്തിനും വീട്, സ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഊന്നല്‍ നല്‍കി നടപ്പാക്കിയ പദ്ധതിയാണ്. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി, എം എന്‍ ലക്ഷംവീട് നവീകരണ പദ്ധതി എന്നിവയിലൂടെ അഞ്ച് ലക്ഷത്തോളം വീട് നിര്‍മിച്ചു നല്‍കുന്നതിനാണ് നടപടിയെടുത്തത്. ശേഷിച്ച കുടുംബങ്ങള്‍ക്ക് കൂടി സ്ഥലവും വീടും നല്‍കുന്നതിന് നടപടി ആരംഭിച്ചതാണ്. പുതുക്കിയ ബജറ്റില്‍ അതേക്കുറിച്ച് പരാമര്‍ശമേയില്ല.

മാണി അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും ആപല്‍ക്കരമായ സംഗതി ഭൂപരിഷ്കരണ നിയമത്തിന്‍മേലുള്ള കടന്നാക്രമണമാണ്. ഭൂപരിഷ്കരണ നിയമത്തിലൂടെ കേരള വികസനത്തിന് അടിത്തറ പാകിയ ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച വിമോചന സമരാഭാസത്തിന്റെ സന്തതികളാണ് ഇപ്പോഴത്തെ ഭരണത്തിലുള്ളവര്‍ ഏറെയും. മാണി റവന്യൂ മന്ത്രിയായിരുന്നപ്പോഴെല്ലാം ആ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തുനിഞ്ഞിട്ടുണ്ട്. ഭൂപരിധിയില്‍ തോട്ടങ്ങള്‍ക്ക് ഇളവ് നല്‍കിയത് നല്ല കാഴ്ചപ്പാടോടെയാണ്. നാണ്യവിളകള്‍ അധികം ഉല്‍പ്പാദിപ്പിക്കുക, വിദേശനാണ്യം നേടുക, തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുക എന്നിങ്ങനെയുള്ള കാഴ്ചപ്പാട്. എന്നാല്‍ , ലഭ്യമായ ഇളവ് ദുരുപയോഗിക്കുകയായിരുന്നു പല തോട്ടമുടമകളും. അത് വലിയ സാമ്പത്തിക അസമത്വങ്ങള്‍ക്ക് പോലും ഇടയാക്കിയിട്ടുണ്ട്.

ഇപ്പോള്‍ നഷ്ടത്തിലായ തോട്ടങ്ങളെ പുനരുദ്ധരിക്കാനെന്ന പേരില്‍ തോട്ടങ്ങളുടെ അഞ്ച് ശതമാനം സ്ഥലം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്നാണ് മാണി പറയുന്നത്. ഇത് ഭൂപരിധി ചട്ടത്തിന്റെ കടയ്ക്കല്‍കത്തി വയ്ക്കാനും, ഭൂപരിഷ്കരണം അട്ടിമറിക്കാനും നേരത്തെതന്നെ ഇളവുകള്‍ ലഭിച്ച വന്‍കിട തോട്ടമുടമകള്‍ക്ക് സഹായം ചെയ്തുകൊടുക്കാനുമാണ്. അതോടൊപ്പം കശുമാവിനെ കൂടി തോട്ടവിളകളില്‍പ്പെടുത്തി ഭൂപരിധിയില്‍നിന്ന് ഒഴിവാക്കാനും മാണി നിര്‍ദേശിച്ചിരിക്കുന്നു. ത്യാഗോജ്വലമായ സമരങ്ങളിലൂടെയാണ് കേരളജനത ഭൂപരിഷ്കരണ നിയമം യാഥാര്‍ഥ്യമാക്കിയതും സംരക്ഷിച്ചതും. അതിന്‍മേലുള്ള കടന്നാക്രമണത്തെ സര്‍വശക്തിയുമുപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ പ്രാദേശികവും മേഖലാപരവുമായ സന്തുലിതാവസ്ഥ തകര്‍ക്കുന്നതും ക്ഷേമപദ്ധതിയില്‍നിന്ന് പിന്‍വലിയുന്നതും കക്ഷിരാഷ്ട്രീയ പരിഗണനകള്‍ നിറഞ്ഞതും ശരിയായ വികസന കാഴ്ചപ്പാടില്ലാത്തതും ഭൂസ്വാമിമാരെ താലോലിക്കുന്നതുമായ പരിഷ്കാരങ്ങളാണ് ബജറ്റില്‍ മാണി വരുത്തിയിരിക്കുന്നത്.

യുഡിഎഫിലെതന്നെവലിയൊരു വിഭാഗം തള്ളിക്കളഞ്ഞ ഈ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ഒഴിവാക്കി ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിനെ സ്വീകരിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആര്‍ജവം കാണിക്കേണ്ടത്. അതില്‍ നാണിക്കേണ്ട കാര്യമില്ല; ഔചിത്യമേയുള്ളൂ.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 14 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അധികാരമൊഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതിയ സര്‍ക്കാര്‍ പരിഷ്കരിക്കുന്നതില്‍ പിശകൊന്നുമില്ല. പ്രത്യേകിച്ചും പുതിയ സാമ്പത്തിക വര്‍ഷം മൂന്നരമാസമേ പിന്നിട്ടിട്ടുള്ളൂ എന്നതിനാലും ഇരുസര്‍ക്കാരും തമ്മില്‍ നയപരമായ വ്യത്യാസങ്ങള്‍ ഉള്ളതിനാലും ബജറ്റ് പരിഷ്കരണം സ്വാഭാവികമാണ്. എന്നാല്‍ , അത്തരം പരിഷ്കാരം അനിവാര്യമാണെന്ന് നിയമസഭയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയണം. എന്നാല്‍ കേരള നിയമസഭയില്‍ ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ചുവെന്ന റെക്കോഡില്‍ അഭിമാനംകൊള്ളുന്ന കെ എം മാണി ഇത്തവണ അവതരിപ്പിച്ച തിരുത്തല്‍ബജറ്റിന്റെ അവസ്ഥയെന്താണ്?