Saturday, July 2, 2011

കള്ളപ്പണത്തിനെതിരായ ഇന്ത്യന്‍ നിലപാടും മൗറീഷ്യസും

നികുതിവെട്ടിപ്പിന്റെയും കള്ളപ്പണത്തിന്റെയും സങ്കേതങ്ങളും പൂഴ്ത്തിവെയ്പ്പുകേന്ദ്രങ്ങളും കണ്ടെത്താനും അത്തരം അവിഹിതവും നിയമവിരുദ്ധവുമായ പണം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി നിയമജ്ഞരും സിവില്‍ സമൂഹവും പ്രകടനപരമായ നിലയില്‍ മുറവിളികൂട്ടിവരുകയാണല്ലോ. അന്നാ ഹസാരെയെപ്പോലുള്ള അഭിനവ ഗാന്ധിയന്‍മാരും ബാബാ രാംദേവിനെപ്പോലുള്ള വ്യാജ സന്യാസിമാരും അഴിമതിക്കും കള്ളപ്പണത്തിനും എതിരായി പ്രത്യക്ഷ നടപടികളുമായാണ് രംഗത്തുവന്നിരിക്കുന്നത്. അവരുടെ ലക്ഷ്യം വ്യത്യസ്തമാണെന്ന് ഓരോ പ്രവൃത്തികളിലൂടെ തെളിയുന്നുണ്ട്. ഇതിനിടയിലാണ് ഏറെനാളത്തെ ചാഞ്ചാട്ടങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവില്‍ വിദേശ പണത്തിന്റെ ഒളിസങ്കേതങ്ങളിലൊന്നായി അറിയപ്പെടുന്ന മൗറീഷ്യസ്, പഴയ കടുംപിടുത്തത്തില്‍ അല്‍പം അയവുവരുത്താന്‍ സന്നദ്ധമായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മൗറീഷ്യസ് വഴി ഇന്ത്യയിലേയ്ക്ക് നിക്ഷേപമൂലധനവുമായെത്തുന്ന മൂന്നാമത്തെ ഒരു രാജ്യമോ വ്യക്തിയോ സ്ഥാപനമോ ഇന്നത്തെ നികുതി വ്യവസ്ഥയനുസരിച്ച് സ്വന്തം നിക്ഷേപം വഴിയുണ്ടാക്കുന്ന മൂലധനനേട്ടത്തിന് ഇന്ത്യയില്‍ നികുതി നല്‍കണമെന്നില്ല. ഈ വ്യവസ്ഥയില്‍ ഇളവു വരുത്താമെന്നാണ് മൗറീഷ്യന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടമാക്കിയിരിക്കുന്നത്. ഇന്ത്യയും മൗറീഷ്യസും തമ്മില്‍ നിലവിലിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ (ഡി ടി എ എ) മറവില്‍ കരാറില്‍ പങ്കാളിയല്ലാത്ത മൂന്നാമതൊരു കക്ഷി നികുതിയില്‍ നിന്നും ഒഴിവുനേടി അധികലാഭം തട്ടിയെടുക്കുന്നത് ഇന്ത്യയില്‍ നേരിട്ട് നിക്ഷേപം നടത്തുമ്പോള്‍ നല്‍കേണ്ട നികുതി നിക്ഷേപം മൗറീഷ്യസ് വഴി തിരിച്ചുവിട്ടാല്‍ ഒഴിവാക്കിക്കിട്ടും. മൗറീഷ്യസിലാണെങ്കില്‍ നാമമാത്രമായൊരു നികുതി നല്‍കിയാലും മതി.

നികുതി വ്യവസ്ഥയുമായി ബന്ധപ്പെടുത്തി മൂലധന നിക്ഷേപം നടത്തുന്ന ഈ രീതിക്ക് ''ട്രീറ്റി ഷേപ്പിംഗ്'' എന്ന പേരാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഇതുവഴിയാണ് ഇന്ത്യ-മൗറീഷ്യസ് ഇരട്ട നികുതി ഒഴിവാക്കാന്‍ കരാര്‍ ദുരൂപയോഗം ചെയ്തുവരുന്നത്. മൂലധന നിക്ഷേപത്തിലൂടെയുണ്ടാക്കുന്ന ലാഭം നികുതിവിധേയമാക്കുന്നതിനായി നിലവിലിരിക്കുന്ന വ്യവസ്ഥയില്‍ മാറ്റം വരുത്താതെ സാധ്യമല്ല. ഈ മാറ്റത്തിനായിട്ടാണ് ഇന്ത്യന്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി മൗറീഷ്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറെടുക്കുന്നത്. ഇരു രാജ്യങ്ങളുമായുള്ള കരാര്‍ മൂന്നാമതൊരു കൂട്ടം രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ചൂഷണം ചെയ്യുന്നത് ഏതു വിധേനയും ഒഴിവാക്കേണ്ടതുമാണ്.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി 2006 ല്‍ ഒരു സംയുക്ത പ്രവര്‍ത്തന സമിതിക്കു രൂപം നല്‍കിയിരുന്നെങ്കിലും 2008 നുശേഷം യാതൊന്നും നടന്നിട്ടില്ലായെന്നതാണ് വസ്തുത. കാരണം മൗറീഷ്യന്‍ നിക്ഷേപകരെ ഉടമ്പടിയിലുള്ള ഏതു മാറ്റവും പ്രതികൂലമായി ബാധിക്കുമെന്നതുതന്നെ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിധത്തിലുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം വഴി 40 ശതമാനത്തോളം നഷ്ടമാണ് മൊത്തത്തില്‍ സഹിക്കേണ്ടിവരുന്നതും. ഉഭയകക്ഷി ചര്‍ച്ചകള്‍ വഴി മൗറീഷ്യസിന്റെ നിലപാടുമാറ്റം സാധ്യമല്ലെന്ന് ബോധ്യമായതോടെ ഇന്ത്യ ഈ വിഷയത്തില്‍ സാര്‍വദേശീയ തലത്തിലുള്ളൊരു ഇടപെടലിനും സമ്മര്‍ദത്തിനും പരിശ്രമം നടത്തിയതിനെ തുടര്‍ന്നാണ് മൗറീഷ്യസിന്റെ സമീപനത്തില്‍ അല്‍പം അയവു വന്നിരിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക്ക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് (ഒ ഇ സി ഡി) സെക്രട്ടറി ജനറല്‍ എയ്‌ച്ചേല്‍ഗുറിയ ന്യൂഡല്‍ഹിയില്‍ ''സാര്‍വദേശീയ നികുതിവ്യവസ്ഥ''യുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ 2011 ജൂണ്‍ 13 ന് വന്നപ്പോള്‍ ഇന്ത്യന്‍ ധനമന്ത്രി ഈ വിഷയം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നതുമാണ്. ആഗോള ധനകാര്യ ഇടപാടുകളില്‍ ബഹുരാഷ്ട്ര ധാരണ മാത്രമല്ല, ബാങ്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കുകയും വേണമെന്നായിരുന്നു ഇന്ത്യയുടെ ഡിമാന്‍ഡ്. മറിച്ചുള്ള രീതികളാണ് തുടരുകയെങ്കില്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങളെ തന്‍മൂലം പ്രതികൂലമായി ബാധിക്കുകയും ചെയ്യും എന്നാണ് ഇന്ത്യ ന്യായമായും ആശങ്കപ്പെടുന്നത്.

ഏതായാലും ഇന്ത്യയുടെ പുതിയ സമ്മര്‍ദതന്ത്രം വിജയിച്ചിരിക്കുന്നു എന്നാണ് സൂചന. ബാങ്കിംഗ് ഇടപാടുകളെപ്പറ്റിയും നികുതി പിരിവിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ മൗറീഷ്യന്‍ ഭരണകൂടം ലഭ്യമാക്കി തുടങ്ങിയിരിക്കുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇന്ത്യ, മൗറീഷ്യസ് ഒഴികെയുള്ള രാജ്യങ്ങളുമായി എത്തിച്ചേര്‍ന്നിട്ടുള്ള നികുതി കരാറുകളനുസരിച്ച് പ്രവാസികളായ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന മൂലധനലാഭം ഇന്ത്യന്‍ നികുതികള്‍ക്ക് വിധേയമാണ്. മൗറീഷ്യസുമായുള്ള കരാറില്‍ മാത്രമാണ് അത്തരം ആഭ്യന്തര ലാഭനികുതി ചുമത്താനുള്ള അവകാശം നമുക്കു നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമെന്ന നിലയിലാണ് മൗറീഷ്യസ് അടിസ്ഥാനമായി നിക്ഷേപം നടത്തുന്നവര്‍ മൂലധനനികുതി ഇന്ത്യയിലോ മൗറീഷ്യസിലോ ചുമത്താന്‍ ബാധ്യസ്ഥമല്ലെന്ന വ്യവസ്ഥ നിലനില്‍ക്കുന്നത്. സ്വാഭാവികമായും ഇതിന്റെ ഫലമായിട്ടാണ് മൗറീഷ്യസ് റൂട്ട് വഴി ഇന്ത്യയില്‍ നടക്കുന്ന ഇതര രാജ്യത്തിലെ നിക്ഷേപകര്‍ നികുതി ബാധ്യതകളില്‍ നിന്ന് തടിയൂരിവരുന്നത് എന്നര്‍ഥം.

ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ആഭ്യന്തര തലത്തില്‍ നികുതി ചുമത്താന്‍ പര്യാപ്തമായ വിധത്തില്‍ ഉടമ്പടി പുതുക്കുകയെന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍ മൂലധനവരുമാനനികുതിയുടെ മേലുള്ള മുഴുവന്‍ ഇളവും നീക്കണമെന്ന ആവശ്യം നമുക്കില്ല. കാരണം, അങ്ങനെവന്നാല്‍ സത്യസന്ധമായ നിക്ഷേപകരെ അത് നിരുത്സാഹപ്പെടുത്തും. മാത്രമല്ല, മൗറീഷ്യസ് ദീര്‍ഘകാലമായി ഇന്ത്യയുടെ ഒരു സുഹൃദ് രാജ്യമാണെന്നതിനു പുറമെ അവിടത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരുമാണ്. അവരുടെ നിക്ഷേപ പ്രോത്സാഹനം ഇന്ത്യയുടെ കടമയുമാണ്. എന്നാല്‍ നിരവധി ആര്‍ത്തിപൂണ്ട നിക്ഷേപകര്‍ ലഭ്യമായ സൗജന്യങ്ങള്‍ തീര്‍ത്തും ദുരുപയോഗം ചെയ്യുകയാണുണ്ടായത്. ഇതിലേക്കായാണ് അവര്‍ മൗറീഷ്യസ് റൂട്ടിനെ ആശ്രയിച്ചുവന്നിരുന്നതും.

ഇന്ത്യന്‍ ഭരണകൂടം ഇരട്ടനികുതി ഒഴിവാക്കാന്‍ ഉടമ്പടിയില്‍ മാറ്റം വരുത്തണമെന്ന് തീരുമാനമെടുക്കാനുണ്ടായ കാരണം ഒരൊറ്റ രാത്രി മാത്രം ആയുസ്സുള്ള കമ്പനികള്‍, അവര്‍ക്കാണെങ്കില്‍ അവയുടെ മാനേജ്‌മെന്റോ നിയന്ത്രണമോ മൗറീഷ്യസിലുമല്ല, നികുതിക്ക് വിധേയമാക്കപ്പെടേണ്ടത്. ഇത്തരം നിരവധി കമ്പനികള്‍ക്കെതിരായി ഇന്ത്യ നിയമനടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല, ഇന്ത്യ ഒരു വിദേശ വരുമാനനികുതി യൂണിറ്റ് മൗറീഷ്യസില്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുമുണ്ട്.

2012 ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രത്യക്ഷനികുതി കോഡില്‍ (ഡി ടി സി) ഇപ്പോള്‍ നിലവിലുള്ള കരാറുകളുടെ നിയമങ്ങള്‍ മറികടക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് അറിയുന്നത്. മറുഭാഗത്താണെങ്കില്‍ ആഗോളതലത്തില്‍ ''ഗ്ലോബല്‍ ഫോറം ഓണ്‍ ട്രാന്‍സ്‌പേരന്‍സി ആന്‍ഡ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ ഫോര്‍ ടാക്‌സ് പര്‍പ്പസസ്'' - നികുതി കാര്യങ്ങള്‍ സംബന്ധമായ വിവരങ്ങളും കൈമാറ്റങ്ങളും ആഗോളതലത്തില്‍ സുതാര്യമാക്കാനുദ്ദേശിച്ചുള്ളൊരു വേദിയുണ്ട്. ഇന്ത്യയാണ് ഇതിന്റെ വൈസ് ചെയര്‍മാന്‍. ഈ വേദിയുമായി മൗറീഷ്യസിനെ ബന്ധപ്പെടുത്തുന്നതില്‍ ബഹുദൂരം മുന്നോട്ടുപോയിരിക്കുകയുമാണ്. സമീപകാലത്ത് ഈ വിഷയത്തില്‍ മൗറീഷ്യസില്‍ നിന്നുള്ള പ്രതികരണമാണ് ഉണ്ടായിരിക്കുന്നതും.

ഇതിന്റെയെല്ലാം ഭാഗമെന്നനിലയില്‍ നികുതി കരാറുകള്‍ കൂടിയാലോചനകളിലൂടെ പുനപരിഗണിക്കാന്‍ താഴെ കാണുന്ന അജണ്ടയും തയ്യാറാക്കിയിരിക്കുന്നു. ഒന്ന്, കൂടിയാലോചനകളിലൂടെയോ പുനര്‍കൂടിയാലോചനകളിലൂടെയോ 44 രാജ്യങ്ങളുമായി നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറല്‍, നികുതി ഒഴിവാക്കല്‍, പണം രഹസ്യമാക്കി വിദേശസങ്കേതങ്ങളില്‍ സൂക്ഷിക്കല്‍ തുടങ്ങിയ രഹസ്യസ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കുക. രണ്ട്, ഡി ടി എ എ പുനപ്പരിശോധനയ്ക്ക് വിധേയമാക്കാന്‍ 2006 ല്‍ രൂപം നല്‍കുകയും 2008 നുശേഷം നിശ്ചലമായി തുടരുകയും ചെയ്യുന്ന ഇന്ത്യാ-മൗറീഷ്യസ് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന് പുതുജീവന്‍ നല്‍കുക. മൂന്ന്, നികുതി സംബന്ധമായി വിവര കൈമാറ്റവും സുതാര്യതയും ഉറപ്പാക്കാനുള്ള ഗ്ലോബല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക. നാല്, ഇന്ത്യന്‍ സുപ്രിംകോടതിയുടെ 2003 ലെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ മൗറീഷ്യസ് റൂട്ട് വഴി ഇന്ത്യയിലെത്തുന്ന നിക്ഷേപങ്ങള്‍ക്ക് മൂലധന ആദായത്തിന് നികുതി വേണ്ടെന്ന വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ പുനപ്പരിശോധിക്കാന്‍ കഴിയാതെവന്നിരിക്കുന്നു. അതിനാല്‍ ഭാവി കരാറുകള്‍ക്ക് ഇത്തരം ഇളവുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ അനിവാര്യമാണ്.

ഏതായാലും മുകളില്‍ സൂചിപ്പിച്ച വിധത്തിലുള്ള തീരുമാനങ്ങള്‍ കാലവിളംബം കൂടാതെ നടപ്പാക്കുന്നതിനനുകൂലമായ സാഹചര്യങ്ങളാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇടതുകക്ഷികളും മറ്റു മതേതര പാര്‍ട്ടികളും കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നിലപാട് ശക്തമായി തുടരുന്ന സാഹചര്യത്തില്‍.

*
പ്രൊഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 02 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നികുതിവെട്ടിപ്പിന്റെയും കള്ളപ്പണത്തിന്റെയും സങ്കേതങ്ങളും പൂഴ്ത്തിവെയ്പ്പുകേന്ദ്രങ്ങളും കണ്ടെത്താനും അത്തരം അവിഹിതവും നിയമവിരുദ്ധവുമായ പണം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി നിയമജ്ഞരും സിവില്‍ സമൂഹവും പ്രകടനപരമായ നിലയില്‍ മുറവിളികൂട്ടിവരുകയാണല്ലോ. അന്നാ ഹസാരെയെപ്പോലുള്ള അഭിനവ ഗാന്ധിയന്‍മാരും ബാബാ രാംദേവിനെപ്പോലുള്ള വ്യാജ സന്യാസിമാരും അഴിമതിക്കും കള്ളപ്പണത്തിനും എതിരായി പ്രത്യക്ഷ നടപടികളുമായാണ് രംഗത്തുവന്നിരിക്കുന്നത്. അവരുടെ ലക്ഷ്യം വ്യത്യസ്തമാണെന്ന് ഓരോ പ്രവൃത്തികളിലൂടെ തെളിയുന്നുണ്ട്. ഇതിനിടയിലാണ് ഏറെനാളത്തെ ചാഞ്ചാട്ടങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവില്‍ വിദേശ പണത്തിന്റെ ഒളിസങ്കേതങ്ങളിലൊന്നായി അറിയപ്പെടുന്ന മൗറീഷ്യസ്, പഴയ കടുംപിടുത്തത്തില്‍ അല്‍പം അയവുവരുത്താന്‍ സന്നദ്ധമായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.