Sunday, July 24, 2011

യു ഡി എഫിന്റേത് ഭൂപരിഷ്‌ക്കരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കം

യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വ്യാപകമായ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടവരുത്തി. പുതിയതായി അധികാരമേറ്റ ഒരു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ, പ്രസംഗം തീരുന്നതിന് മുമ്പ് പ്രതിഷേധവുമായി രംഗത്ത് വന്നത് കേരള നിയമസഭയുടെ ആദ്യ അനുഭവമാണെന്നാണ് പത്രമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും സാമൂഹ്യ സുരക്ഷാ നടപടികളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വികസനത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ പാവപ്പെട്ടവരും ജീവിതപ്രാരാബ്ധങ്ങള്‍ അനുഭവിക്കുന്നവരുമാകണം എന്നതാണ് ഇടതുമുന്നണിയുടെ കാഴ്ചപ്പാട്. മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത വിധം വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം നടപ്പിലായതും ഇക്കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണെന്നത് ഏവരും അംഗീകരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായ നയവ്യതിയാനങ്ങള്‍ ഈ ബജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിച്ചത് ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. റവന്യു വകുപ്പ് മന്ത്രിയായിരിക്കവെ കെ എം മാണി നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്ന, ഏറെ എതിര്‍പ്പുകളും പ്രതിഷേധവും ഉയര്‍ത്തിയ പല പദ്ധതികളും ധനകാര്യ മന്ത്രിയായപ്പോള്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ ഏറെ പ്രാധാന്യത്തോടെ അദ്ദേഹം ഉള്‍പ്പെടുത്തി. കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ് സര്‍ക്കാര്‍ എന്ന നിലയില്‍ നയപരമായ വിഷയങ്ങളില്‍ മന്ത്രിസഭയോ ഭരണകക്ഷിയുടെ രാഷ്ട്രീയ നേതൃത്വമോ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഭരണകക്ഷി എം എല്‍ എമാര്‍, പ്രത്യേകിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്താമാക്കുന്നത്. നിയമസഭയില്‍ അവരത് പ്രതിഷേധത്തോടെ പ്രകടിപ്പിക്കുകയും ചെയ്തു.

ജന്മിമാരാല്‍ കബളിപ്പിക്കപ്പെട്ട് മിച്ച ഭൂമി വിലയ്ക്ക് വാങ്ങിയ കര്‍ഷകര്‍ക്ക് ഭൂമിയുടെ സ്ഥിരാവകാശം, വനം പരിസ്ഥിതി നിയമത്തില്‍ നിന്നും കാര്‍ഷിക ഭൂമിയെ ഒഴിവാക്കുന്നു, തോട്ടവിള ഭൂമി മറ്റ് കൃഷികള്‍ക്കായി ഉപയോഗിക്കാന്‍ വ്യവസ്ഥ നടപ്പിലാക്കും, കശുമാവ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കി കര്‍ഷകരെയേും കശുഅണ്ടി തൊഴിലാളികളേയും സംരക്ഷിക്കാന്‍ നടപടി, പബ്ലിക്, സ്വകാര്യ, പഞ്ചായത്ത് പങ്കാളിത്തത്തോട് കൂടി സര്‍ക്കാര്‍ വക തരിശ് ഭൂമികള്‍ വികസനോന്മുഖമാക്കല്‍ തുടങ്ങി ചില പദ്ധതികളും നിയമ നടപടികളും ഏറെ പ്രാധാന്യത്തോടെയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇവ നടപ്പില്‍ വരുത്തുന്നതിനായി 2005 ല്‍ നിയമസഭ പാസാക്കിയ (യുഡിഎഫ് സര്‍ക്കാര്‍-അന്നത്തെ റവന്യു മന്ത്രി കെ എം മാണി) 2004ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി ബില്ലും 2005 ലെ കേരള ഭൂപരിഷ്‌കരണ ഭേദഗദി നിയമവും നടപ്പിലാക്കുമെന്നും ധനകാര്യ മന്ത്രി പ്രസ്താവിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷങ്ങളില്‍ കൊണ്ടുവന്ന രണ്ട് ബില്ലുകളാണിത്. കേരള ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കുന്ന വ്യവസ്ഥകളോടെ, കേരളത്തിലെ സാമൂഹ്യ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്ന വ്യവസ്ഥകളും വകുപ്പുകളുമായി കൊണ്ടുവന്ന ഈ രണ്ടു ബില്ലിന്റെ ചര്‍ച്ചകളിലും നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഗൗരവപൂര്‍വ്വം അന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

ഇതില്‍ നിയമസഭ പാസാക്കി പ്രസിഡന്റിന്റെ അനുമതി കിട്ടിയ നിയമമാണ് മിച്ചഭൂമി വില കൊടുത്തുവാങ്ങി കബളിപ്പിക്കപ്പെട്ട കൃഷിക്കാരെ സംരക്ഷിക്കാനുള്ള വ്യവസ്ഥകളോടെ കൊണ്ടുവന്ന ഭേദഗതി നിയമം. നമ്മുടെ നിയമസഭ ഏകദേശം 10 വര്‍ഷക്കാലം ചര്‍ച്ച ചെയ്തതും നിരവധി തവണ സഭയില്‍ ബില്ലായി അവതരിപ്പിക്കപ്പെട്ടതുമായ വിഷയമാണിത്. തലശ്ശേരി താലൂക്കില്‍ വടക്കേകളത്ത് കുറേയേറെ കൃഷിക്കാര്‍ വിലകൊടുത്തുവാങ്ങിയ ഭൂമിയില്‍ നിന്നും പൊലീസ് ഫോഴ്‌സ് ഉപയോഗിച്ച് തന്നെ അവരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായ പശ്ചാത്തലത്തിലാണ് ഒഴുപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ബില്‍ സഭയില്‍ വന്നത്. മിച്ചഭൂമിയായി സറണ്ടര്‍ ചെയ്ത ഭൂമി താലൂക്ക് ലാന്റ് ബോര്‍ഡിനേയും കൃഷിക്കാരേയും എല്ലാം കബളിപ്പിച്ച് വില്‍പ്പന നടത്തുകയാണ് ജന്മിമാര്‍ ചെയ്തത്. ഈ വിധത്തില്‍ മലബാറില്‍ വിവിധ പ്രദേശങ്ങളില്‍ ജോസ്ഗിരി, കുടിയാന്‍മല, പെരിങ്ങൂര്‍, ചീക്കാട്, ചീതപ്ര, കേളകം തുടങ്ങി കുറേയധികം സ്ഥലങ്ങളില്‍ കൃഷിക്കാര്‍ കുടിയിറക്കു ഭീഷണിയിലായിരുന്നു. മലബാര്‍ പ്രദേശത്ത് മിച്ചഭൂമിയായി സര്‍ക്കാരിനു ലഭിക്കേണ്ട ഭൂമി ചില ജന്മിമാര്‍ ഈ ഭൂമി സംബന്ധമായ ലാന്റ് ബോര്‍ഡില്‍ കേസുള്ള വിവരം മറച്ച് വെച്ചുകൊണ്ട് വില്‍പന നടത്തുകയും, ഉത്തമവിശ്വാസത്തില്‍ അത്തരം ഭൂമി ചില ചെറുകിട കര്‍ഷകര്‍ വാങ്ങുകയും പിന്നീട് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അവരെ ബലമായി ഒഴിപ്പിച്ചപ്പോള്‍ ഒരു സാമൂഹ്യ പ്രശ്‌നമെന്ന നിലയിലും ക്രമസമാധാന പ്രശ്‌നമായും സര്‍ക്കാരിന്റെ മുന്നില്‍ വന്നു.

യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ പത്ത് ഏക്കര്‍ വരെയുള്ള കര്‍ഷകര്‍ക്ക് 2005 വരെ സംരക്ഷണം ലഭിക്കുമെന്നാണ് വ്യവസ്ഥ. ഇത് വളരെയേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. മലബാറിലെ കര്‍ഷകരെന്നോ വടക്കേകളത്തെ കുടിയിറക്ക് ഭീഷണി നേരിട്ട കര്‍ഷകരെന്നോ വ്യത്യാസമില്ലാതെ മിച്ചഭൂമി വിറ്റ എല്ലാ കേസുകള്‍ക്കും ഇത് ബാധകമാവുകയും , നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് നിയമമാക്കുന്നതുവരെ- 2005 വരെയുള്ള-എല്ലാ വില്‍പനകളും സാധൂകരിക്കുന്ന ഒരു സ്ഥിതി ഇതുവഴി സൃഷ്ടിക്കപ്പെട്ടു. നേരത്തെ മന്ത്രി സഭ അംഗീകരിച്ചത്. വിലയ്ക്കു വാങ്ങിയ കാലയളവില്‍ 'The date of commencement of the Kerala Land Reforms (Amendment) Act 1996'' എന്ന് ഭേദഗതി വരുത്തുകയും മിച്ചഭൂമി യഥാര്‍ഥത്തില്‍ ഏറ്റെടുത്ത് വിതരണം ചെയ്ത കേസുകളും Kerala Land Reforms (Amendment) Act 1996 നിലവില്‍ വരുന്നതിന് മുമ്പ് മിച്ചഭൂമി വിട്ടുതരികയോ ഏറ്റെടുക്കുകയോ ചെയ്ത കേസുകളും പുനരാരംഭിക്കാന്‍ പാടില്ലെന്നും കൂടാതെ ലാന്റ് റിഫോംസ് ആക്ടിലെ വ്യവസ്ഥകള്‍ മറികടക്കുമെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് മിച്ചഭൂമി ഉണ്ടായിരുന്ന ഒരു ജന്മി അപ്രകാരം ഭൂമി കൈമാറ്റ ചെയ്തത് എന്ന് താലൂക്ക് ലാന്റ് ബോര്‍ഡിന് തോന്നുന്ന പക്ഷം അങ്ങനെ കൈമാറ്റം ചെയ്ത ഭൂമി കൂടി പ്രസ്തുത ജന്മിയുടെ ‘ceiling area ' ആയി കണക്കാക്കുന്നതിനായി ഉള്‍പ്പെടുത്താവുന്നതാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ ഉല്‍പ്പെടുത്തിയ 7E വകുപ്പു പ്രകാരം പത്ത് ഏക്കര്‍ വരെയുള്ള കൃഷിഭൂമിക്ക് ഈ സംരക്ഷണം ഉറപ്പു വരുത്തി. കൂടാതെ 2005 വരെ നടന്ന എല്ലാ വില്‍പനയും അംഗീകരിച്ചു. നിയമം പാസാക്കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.

തുടര്‍ന്നു വന്ന 2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിഷയം ഗൗരവ പൂര്‍വ്വം ചര്‍ച്ച ചെയ്തു. ഇതിനൊരു കാരണം കൂടി ഉണ്ടായിരുന്നു. വര്‍ഷങ്ങളായി മിച്ചഭൂമി കേസുകളൊന്നും വിചാരണ നടത്തുകയോ തീര്‍പ്പ് കല്‍പ്പിക്കുകയോ ചെയ്തിരുന്നില്ല. 20 വര്‍ഷത്തിലേറെയായി കേസുകള്‍ ടിഎല്‍ബികളിലും (താലൂക്ക് ലാന്റ് ബോര്‍ഡ്) ഹൈക്കോടതിയിലുമായി കെട്ടികിടക്കുന്നു. ഏകദേശം 1850 കേസുകള്‍ - പതിനായിര കണക്കിന് ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കാതെ കിടന്നു. പല കേസുകളും സര്‍ക്കാരിന് അനുകൂലമായി വിധി ലഭിച്ചതും പിന്നീട് അപ്പീലില്‍ വീണ്ടും ടിഎല്‍ബികളിലേക്ക് റിമാന്റ് ചെയ്തതുമായ കേസുകള്‍.

സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കണം; ടിഎല്‍ബികള്‍ പുനസ്സംഘടിപ്പിച്ചു. ഹൈക്കോടതി കേസുകള്‍ പ്രത്യേകം നടത്താന്‍ നടപടികളായി. ആഴ്ചയില്‍ ഒന്നും രണ്ടും സിറ്റിങ്ങുകളിലായി കേസുകള്‍ ഓരോന്നായി കെട്ടഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കാര്യം വ്യക്തമായി. യുഡിഎഫ് പാസാക്കിയ നിയമം അതേപടി നടപ്പിലാക്കിയാല്‍ സര്‍ക്കാരിന് ലഭിക്കേണ്ടതും ഭൂരഹിതരായവര്‍ക്ക്, പ്രത്യേകിച്ച് ആദിവാസികള്‍ക്കും, പട്ടികജാതിക്കാര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും ന്യായമായി ലഭിക്കേണ്ടേതുമായ ഭൂമി നഷ്ടപ്പെടും. 7ഇ വകുപ്പ് പ്രകാരം സര്‍ക്കാരിന് എതിരായ വിധികള്‍ ഉണ്ടാകുന്ന സാഹചര്യമായിരിക്കും സൃഷ്ടിക്കപ്പെടുക.

ഇതു മനസ്സിലാക്കിയതുകൊണ്ടാണ് ഈ വ്യവസ്ഥകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗൗരവമായ പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാക്കിയത്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌കാര കമ്മിറ്റിയും നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ശുപാര്‍ശ ചെയ്തു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍മാര്‍ കൂടി പങ്കെടുത്തുകൊണ്ട് ചര്‍ച്ചകള്‍ നടത്തി നിയമത്തില്‍ വീണ്ടും ഭേദഗതി വരുത്താന്‍ തീരുമാനിച്ചത് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഭൂപരിധി പത്ത് ഏക്കര്‍ എന്നതിനു പകരം അഞ്ച് ഏക്കറായും(2 ഹെക്ടര്‍), 7ഇയുടെ പരിരക്ഷയുടെ കാലാവധി 2005 നുപകരം 1997 ആയും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്നതിനായി കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിക്കായി കരട് അയച്ചുകൊടുത്തു. എന്നാല്‍ ഇനിയും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.

ധനമന്ത്രി കെ എം മാണി ഇപ്പോഴദ്ദേഹത്തിന്റെ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പിലാക്കാന്‍ വിമുഖത കാട്ടിയതായി കുറ്റപ്പെടുത്തി. ഈ വിഷയം നിയമസഭയില്‍ ഒന്നോ രണ്ടോ തവണ അടിയന്തിര പ്രമേയമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ എം മാണി ഉന്നയിച്ചിട്ടുള്ളതാണ്. സര്‍ക്കാരിന്റെ നിലപാട് നിയമസഭയില്‍ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കിട്ടേണ്ട സംരക്ഷണവും പരിരക്ഷയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നതോടൊപ്പം ഗവണ്‍മെന്റിലേക്ക് ലഭിക്കേണ്ട പതിനായിരകണക്കിന് ഏക്കര്‍ മിച്ചഭൂമി നഷ്ടപ്പെടാന്‍ ഇടവരരുത് എന്നതും ഉറപ്പ് വരുത്തേണ്ടതുണ്ട്. നിയമസഭയില്‍ ഇപ്പോള്‍ മന്ത്രിയായിട്ടുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി സെക്രട്ടറിയായിരുന്ന കെ സി ജോസഫ് ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രസ്തുത പ്രമേയത്തില്‍ ആവശ്യപ്പെട്ടത് അഞ്ച് ഏക്കറായി ഭൂപരിധി നിജപ്പെടുത്തണമെന്നാണ്. സഭയിലുണ്ടായ ചില ബഹളം മൂലം ജോസഫിന് പ്രമേയം അവതരിപ്പിക്കുവാന്‍ കഴിഞ്ഞില്ല.

II

ഭൂമാഫിയകളെ സംരക്ഷിക്കുന്ന യു ഡി എഫ് നിലപാടിന്റെ സാക്ഷ്യപത്രം

2004 ലെ കേരള ഭൂപരിഷ്‌ക്കരണ ഭേദഗതി ബില്ലിന് (2005 ല്‍ നിയമസഭ പാസാക്കിയത്) പ്രസിഡന്റിന്റെ അനുമതി ലഭിച്ചില്ല. കെ എം മാണി തന്റെ ബജറ്റ് പ്രസംഗത്തില്‍ പറയുന്നത് ഇതിനുള്ള അനുമതിക്കായി നിയമം നടപ്പിലാക്കും എന്നാണ്. കശുമാവ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും തോട്ടവിളഭൂമി ടൂറിസത്തിനും മറ്റു കൃഷികള്‍ക്കുമായി ഉപയോഗിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്നുള്ള കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു.

കേരള ഭൂപരിഷ്‌ക്കരണ നിയമത്തില്‍ തോട്ടവിളകളെ-റബ്ബര്‍, തേയില, കാപ്പി, ഏലം തുടങ്ങിയവ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 81(1)(e) വകുപ്പു പ്രകാരം നിയമത്തില്‍നിന്ന് നാണ്യവിളകള്‍ കൃഷി ചെയ്യുന്ന ഭൂമി ഒഴിവാക്കിയത് നിയമസഭയിലും പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കിയതിനു ശേഷമാണ്. തേയില, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകള്‍ സംരക്ഷിക്കുന്നതിനും തോട്ടങ്ങളില്‍ തൊഴിലെടുത്തു ജീവിക്കുന്ന ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികളുടെ സംരക്ഷണവും ജീവിത ഭദ്രതയും കണക്കിലെടുത്തുമാണ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇങ്ങനെ ഒഴിവാക്കപ്പെട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ അത്തരം ഭൂമിക്ക് നല്‍കിയിട്ടുള്ള പരിരക്ഷ നഷ്ടമാകും.

കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തില്‍ ഭൂവിനിയോഗത്തില്‍ വലിയൊരു പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നു. തോട്ടങ്ങള്‍ നഷ്ടത്തിലാണെന്ന തോട്ടം ഉടമകളുടെ വാദഗതിയുടെ ഫലമായാണ് സ്ഥലം മറ്റ് കാര്‍ഷിക വിളകള്‍ക്കോ, ഔഷധസസ്യകൃഷിക്കോ, വാനില കൃഷിക്കോ, പച്ചക്കറി- പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാരപദ്ധതികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയ്ക്കുമായി ഉപയോഗിക്കാമെന്നുള്ള ബജറ്റ് പ്രഖ്യാപനം. ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടേയും സമ്പന്നരേയും വന്‍കിട കമ്പനികളേയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളേയും ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളോടെ തന്നെയാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കിയ ബില്‍ നിയമമായി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

കശുഅണ്ടിവ്യവസായം സംരക്ഷിക്കാനും തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കശുഅണ്ടി ഉല്‍പാദനം വര്‍ധിപ്പിക്കാനും എളുപ്പവഴി കശുമാവ് വച്ചുപിടിപ്പിക്കുന്ന ഭൂമിയെ കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ഉയര്‍ന്ന ഭൂപരിധി സംബന്ധിച്ച വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കാനും ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നു. തൊഴിലാളികളെ പട്ടിണിയില്‍ നിന്നും രക്ഷിക്കാനും വന്‍തോതില്‍ കശുമാവ് കൃഷിപ്രോത്സാഹിപ്പിക്കാനും വലിയ ഉത്സാഹമാണ് കെ എം മാണി പ്രകടിപ്പിച്ചത്.

ഇതു സംബന്ധിച്ച ബില്‍ നിയമസഭയില്‍ റവന്യു മന്ത്രി എന്ന നിലയില്‍ കെ എം മാണി അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഭൂപരിഷ്‌ക്കരണ നിയമത്തെ അട്ടിമറിക്കാനുള്ള ഏതുനീക്കത്തേയും ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കുമെന്നും എതിര്‍ത്തു പരാജയപ്പെടുത്തുമെന്നും അന്ന് തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്. പ്രതിപക്ഷ എതിര്‍പ്പൊന്നും വകവെയ്ക്കാതെ ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തോടെ നിയമസഭയില്‍ ബില്‍ പാസാക്കി. എന്നാല്‍ പ്രസിഡന്റിന്റെ അനുമതിയ്ക്ക് അയച്ച ബില്ലിന് യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതുവരെ അനുമതി ലഭിക്കുകയുണ്ടായില്ല. 2006 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ ഈ ബില്ലിനെ സംബന്ധിച്ച് പുതിയ സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രം ആരായുകയുണ്ടായി. ഈ ഭേദഗതി നിര്‍ദ്ദേശങ്ങളോട് യോജിപ്പില്ല എന്നും അതിനാല്‍ ഇതിന് അനുമതി നല്‍കേണ്ടതില്ല എന്നും മന്ത്രിസഭ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. No. 23318/ Leg A1/ 2007/ Law dt 6/ 11/ 2007 ന് ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് ഔദ്യോഗികമായി കത്തയച്ചു. തുടര്‍ന്ന് 2008 ജൂണ്‍ 23 ന് സംസ്ഥാന നിയമ സെക്രട്ടറി ഇന്ത്യാ ഗവണ്‍മെന്റിന് വീണ്ടും കത്തയച്ചു. (No: 3784/ Leg 9A1/2008/Law) എല്‍ ഡി എഫ് സര്‍ക്കാരിനുള്ള വിയോജിപ്പ് നടപടി ക്രമങ്ങള്‍ അനുസരിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. സംസ്ഥാന ഗവര്‍ണറേയും ഇതു സംബന്ധിച്ച അഭിപ്രായം അറിയിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന്റെ വ്യക്തവും ഉറച്ചതുമായ അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തില്‍ പ്രസിഡന്റിന്റെ അനുമതി ഈ ബില്ലിനു ലഭിച്ചിട്ടില്ല.

പ്രസിഡന്റ് അംഗീകാരം നല്‍കാത്ത ബില്ലാണ് നിയമമായി നടപ്പിലാക്കുമെന്ന് കെ എം മാണി പ്രഖ്യാപിച്ചത്. തികച്ചും നയപരമായ, ഇത്രയും പ്രധാനപ്പെട്ട - ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയത്തില്‍ ഭരണകക്ഷിയില്‍ തന്നെ അഭിപ്രായവ്യത്യാസം പ്രകടമാണ്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വകുപ്പു മന്ത്രിയുടെ അറിവോടെയല്ല ധനമന്ത്രി പ്രസ്താവന നടത്തിയിട്ടുള്ളതെന്ന് നിയമസഭയില്‍ തന്നെ വ്യക്തമാക്കപ്പെട്ടു. എന്നാല്‍ ധനമന്ത്രി പറയുന്നത് എല്ലാം മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ടുണ്ട് എന്നാണ്.

സാധാരണ ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനങ്ങളും കാഴ്ചപ്പാടുകളും ഗവണര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഉള്‍പ്പെടുത്തുക. നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഇത്തരം ഒരു സൂചന പോലും ഇല്ല. ബജറ്റ് പ്രസംഗം മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നതല്ല. തന്റെ മുന്നണിയില്‍ വലിയൊരു പൊട്ടിത്തെറിക്കും അഭിപ്രായവ്യത്യാസത്തിനും വഴിവെയ്ക്കും എന്നു മനസ്സിലാക്കിയതുകൊണ്ടാകാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ കെ എം മാണിയെ ശക്തമായി പിന്താങ്ങിയത്. എന്നാല്‍ ചില ചോദ്യങ്ങള്‍ക്ക് ഇനി കോണ്‍േഗ്രസ് നേതൃത്വം, കെപിസിസി പ്രസിഡന്റും കേന്ദ്രമന്ത്രി എ കെ ആന്റണിയുമെല്ലാം മറുപടി പറയേണ്ടിവരും.

ബില്ലിന് അനുമതി നിഷേധിച്ചുകൊണ്ട് പ്രസിഡന്റ് ബില്‍ മടക്കിയിട്ടില്ല. ഈ സാഹചര്യം ഉപയോഗിച്ച് നിയമം നടപ്പിലാക്കാനാണ് നിയമവകുപ്പിന്റെ കൂടി ചുമതലയുള്ള ധനമന്ത്രിയുടെ നീക്കം. ഇവിടെ പ്രസക്തമായ കാര്യം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമാണ്- വളരെ വ്യക്തമായി അതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനിച്ച അഭിപ്രായമാണ്-ചീഫ് സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയും നടപടി ക്രമമനുസരിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്.

2004 ലെ ഭേദഗതി വ്യവസ്ഥകള്‍ ഇവയാണ്:

1. 81-ാം വകുപ്പില്‍ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള 'തോട്ടങ്ങള്‍' എന്ന നിര്‍വചനത്തില്‍, നിലവില്‍ കശുമാവ് തോട്ടങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. കശുമാവ് തോട്ടങ്ങളെകൂടി ഭൂപരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനാണ് 81-ാം വകുപ്പിലെ ഭേദഗതി നിര്‍ദേശം. ഒരു ഹെക്ടറില്‍ 150 കശുമാവ് ഉണ്ടെങ്കില്‍ അത് ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നാണ് ഈ ഭേദഗതി നിയമമായാല്‍ സംഭവിക്കുന്നത്.

2. 81-ാം വകുപ്പില്‍ പുതിയ ഒരു വ്യവസ്ഥ കൂടി ഉള്‍പ്പെടുന്നുണ്ട്. അത് ഇപ്രകാരമാണ്. 'ഈ ആക്ടിലോ മറ്റേതെങ്കിലും നിയമത്തിലോ, കരാറിലോ, കോടതി വിധികളിലോ, താലൂക്ക് ലാന്റ് ബോര്‍ഡിന്റേയോ, ലാന്റ് ബോര്‍ഡിന്റേയോ മറ്റു വിധിയിലോ, ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു തോട്ടവും അതിന്റെ അനുബന്ധവും അതിന്റെ ഇടയില്‍ ഉള്‍പ്പെട്ടുകിടക്കുന്നതുമായ ഭൂമിയുടെ അഞ്ച് ശതമാനത്തില്‍ കൂടാത്ത ഭൂമി പുഷ്പകൃഷി, വാനിലകൃഷി, ഔഷധ സസ്യകൃഷി, മറ്റുകാര്‍ഷിക വിളകള്‍ അഥവാ ഹോട്ടല്‍/റിസോര്‍ട്ട്, മറ്റു വിനോദ സഞ്ചാരപദ്ധതികള്‍ എന്നിവയ്ക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കാവുന്നതാണ്'.

ഇതിനര്‍ഥം തോട്ടം മുതലാളിമാര്‍ക്ക് അവരുടെ കൈവശഭൂമിയുടെ അഞ്ച് ശതമാനം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് എന്നാണ്. ഈ വ്യവസ്ഥ ഭൂപരിഷ്‌ക്കരണ നിയമത്തിനെ തുരങ്കം വെയ്ക്കുന്ന ഒന്നാണ്. മാത്രമല്ല ഒരു തോട്ടം ഉടമ തന്റെ കൈവശമുള്ള ഭൂമിയില്‍ അഞ്ച് ശതമാനം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും തുടര്‍ന്ന് തോട്ടമായി ശേഷിക്കുന്ന ഭാഗം മറ്റൊരാളിന് വില്‍ക്കുകയും ചെയ്താല്‍ പുതിയ ഉടമയ്ക്കും തന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നും അഞ്ച് ശതമാനം വീണ്ടും ഇതരആവശ്യങ്ങള്‍ക്കായി പരിവര്‍ത്തനപ്പെടുത്താനും കഴിയും. ചുരുക്കത്തില്‍ ക്രമേണ അമിതലാഭേച്ഛയ്ക്കുവേണ്ടി പരിവര്‍ത്തനപ്പെടുത്തി തോട്ടങ്ങള്‍ തന്നെ നാമവശേഷമാവുകയും അത് പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഒരു വശത്ത് സാധാരണ കര്‍ഷകരില്‍ നിന്നുപോലും ഭൂപരിധി വ്യവസ്ഥകള്‍ നടപ്പിലാക്കി ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ഒരു പ്രത്യേക ഉദ്ദേശത്തിന്റെ ഭാഗമായി പതിനായിരകണക്കിന് ഏക്കര്‍ ഭൂമിപരിധിയില്‍ നിന്നും ഒഴിവാക്കി നല്‍കിയ ശേഷം പരോക്ഷ വ്യവസ്ഥകള്‍ വഴി അത് ടൂറിസത്തിനും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്യുന്നത് ഭരണഘടനയില്‍ വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് വിരുദ്ധമാണ്.

ഭൂപരിഷ്‌കരണ നിയമത്തിലെ 82 ാം വകുപ്പിന് കൂടി ഒരു ഭേദഗതി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ' 82-ാം വകുപ്പ് (4) ഉപവകുപ്പിലെ വ്യവസ്ഥകള്‍ യാതൊന്നും തന്നെ ഏതെങ്കിലും ഭൂമി കശുമാവ് തോട്ടമാക്കി മാറ്റുന്നതിന് ബാധകമാവുന്നതല്ല ' എന്ന ക്ലിപ്ത നിബന്ധന ബില്ലിലെ 3-ാം വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഭൂമി പുതിയതായി കശുമാവ് തോട്ടമാക്കിയാലും, തോട്ടം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി, അതിന് ഇളവ് ലഭിക്കും. ഭൂമി മുഴുവന്‍ കുത്തക കമ്പനികള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും, ലാഭക്കണ്ണുമായി നടക്കുന്ന മാഫിയാസംഘങ്ങള്‍ക്കും കൈയ്യടക്കാന്‍ അവസരം ഒരുക്കുന്ന യുഡിഎഫിന്റെ നീക്കങ്ങള്‍ക്ക് എതിരായി ശക്തമായ ബഹുജനരോഷമാണ് ഉയര്‍ന്നു വരുന്നത്.

*
കെ പി രാജേന്ദ്രന്‍ ജനയുഗം 21-22 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വ്യാപകമായ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടവരുത്തി. പുതിയതായി അധികാരമേറ്റ ഒരു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ, പ്രസംഗം തീരുന്നതിന് മുമ്പ് പ്രതിഷേധവുമായി രംഗത്ത് വന്നത് കേരള നിയമസഭയുടെ ആദ്യ അനുഭവമാണെന്നാണ് പത്രമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.