Tuesday, July 5, 2011

ചിന്തയുടെ നൂറുപൂക്കള്‍ വിരിയിച്ച്....

ചിന്ത രവി അന്തരിച്ചു

പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ ചിന്ത രവി എന്ന കെ രവീന്ദ്രന്‍ (65) നിര്യാതനായി. സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 8.10നായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തൃശൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം. കോയമ്പത്തൂരില്‍ അധ്യാപികയും സാഹിത്യകാരിയുമായ എന്‍ ചന്ദ്രികയാണ് ഭാര്യ. സാമൂഹ്യപരിഷ്കര്‍ത്താവ് ദേവകി നിലയങ്ങോടിന്റെ മകളാണ് ഇവര്‍ . മകന്‍ : തഥാഗതന്‍ (ആന്ത്രോപോളജി റിസര്‍ച്ച് സ്കോളര്‍ , ടെക്സാസ് യൂണിവേഴ്സിറ്റി, അമേരിക്ക). എട്ടുവര്‍ഷമായി തൃശൂരില്‍ മുളങ്കുന്നത്തുകാവ് തിരൂരിനടുത്ത് പോട്ടോര്‍ "കപിലവസ്തു"വിലാണ് താമസം. പത്രപ്രവര്‍ത്തകന്‍കൂടിയായിരുന്ന അദ്ദേഹം ചിന്ത, കലാകൗമുദി എന്നീ വാരികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കലില്‍ 1946ല്‍ കുന്നുമ്മല്‍ കൃഷ്ണന്റെയും ലക്ഷ്മിയുടെയും നാലാമത്തെ മകനായാണ് രവീന്ദ്രന്‍ ജനിച്ചത്. അച്ഛന്‍ കൃഷ്ണന്‍ കോഴിക്കോട് ജില്ലയിലെ പ്രശസ്ത ആയുര്‍വേദവൈദ്യനായിരുന്നു. സഹോദരങ്ങള്‍ : കെ ഭാരതി, കെ സുമതി(റിട്ട. സെക്ഷന്‍ ഓഫീസര്‍ , കലിക്കറ്റ് സര്‍വകലാശാല), കെ പ്രഭാകരന്‍ (ചിത്രകാരന്‍), കെ ലളിത, കെ ശശിധരന്‍ (കലിക്കറ്റ് സര്‍വകലാശാലാ മുന്‍ അസി. രജിസ്ട്രാര്‍), പരേതരായ കെ ഭാസ്കരന്‍ , കെ സുധാകരന്‍ . ചിന്ത പത്രാധിപസമിതി അംഗമായതോടെയാണ് "ചിന്ത രവി" എന്ന പേര് ലഭിക്കുന്നത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം തന്റെ സഞ്ചാരവിവരണങ്ങളിലും സിനിമയിലും എഴുത്തിലുമൊക്കെ ഇടതുചായ്വ് പ്രകടമാക്കി. ചിന്ത വിട്ട് കലാകൗമുദിയില്‍ ചേര്‍ന്നെങ്കിലും "ചിന്ത രവി"യെന്ന പേര് ഉപേക്ഷിച്ചില്ല.

1976ല്‍ പി എ ബക്കറിന്റെ "കബനീനദി ചുവന്നപ്പോള്‍" എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. "ഹരിജന്‍" (തെലുങ്ക്), "ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍" (1980), "ഒരേ തൂവല്‍പ്പക്ഷികള്‍" (1988) എന്നീ കഥാചിത്രങ്ങളും ഒട്ടേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. ഒരേ തൂവല്‍പ്പക്ഷികള്‍ക്ക് എറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഈ സിനിമയുടെ തിരക്കഥയും രവീന്ദ്രന്റേതാണ്. ജി അരവിന്ദനെക്കുറിച്ചുള്ള "മൗനം സൗമനസ്യം" എന്ന ലഘുചിത്രത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചു. കലാസാംസ്കാരിക വിഷയങ്ങളെക്കുറിച്ച് ആനുകാലികങ്ങളില്‍ എഴുതുകയും ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടി പരിപാടികള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യന്‍ , യൂറോപ്യന്‍ ഭൂഖണ്ഡങ്ങളിലെ ഒട്ടുമിക്ക രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. നാടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും മണ്ണിലേക്കുമുള്ള അന്വേഷണങ്ങളായിരുന്നു രവീന്ദ്രന്റെ യാത്രകളും അവയുടെ വിവരണങ്ങളും. "അകലങ്ങളിലെ മനുഷ്യര്‍", "ബുദ്ധപഥം", "സ്വിസ് സ്കെച്ചുകള്‍", "കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്", "മെഡിറ്ററേനിയന്‍ വേനല്‍", "അന്റോണിയോ ഗ്രാംഷി", "സിനിമയുടെ രാഷ്ട്രീയം", "കലാവിമര്‍ശം- മാര്‍ക്സിസ്റ്റ് മാനദണ്ഡം", "വഴികള്‍ വ്യക്തികള്‍ ഓര്‍മകള്‍", "ദിഗാരുവിലെ ആനകള്‍" എന്നിവയാണ് പ്രധാന കൃതികള്‍ . ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ "എന്റെ കേരളം" എന്ന പേരിലും ദൂരദര്‍ശനില്‍ താനബാന സാംസ്കാരിക പരിപാടിയിലും അദ്ദേഹം യാത്രാവിവരണം നല്‍കിയിരുന്നു.

സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി എ സി മൊയ്തീനും ഒപ്പമുണ്ടായി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ , ചിന്ത രവി സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമയുടെ നിര്‍മാതാവുകൂടിയായ എഴുത്തുകാരന്‍ ബാബു ഭരദ്വാജ്, നടന്‍ വി കെ ശ്രീരാമന്‍ , സംവിധായകന്‍ ടി വി ചന്ദ്രന്‍ , ചെലവൂര്‍ വേണു എന്നിവരും ആശുപത്രിയിലെത്തി.

സിനിമയുടെ വിചാരപരത

വിചാരപരതയാണ് രവീന്ദ്രന്റെ സിനിമയുടെ സഹജഭാവം. "ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍" എന്ന തന്റെ പ്രഥമ മലയാളചിത്രത്തെ ഒരു ചലച്ചിത്രനിബന്ധം എന്നാണ് രവീന്ദ്രന്‍ വിശേഷിപ്പിക്കുന്നതുതന്നെ. കൃത്യമായ രാഷ്ട്രീയനിലപാടില്‍ രവീന്ദ്രന്റെ ചലച്ചിത്രവിമര്‍ശങ്ങള്‍ ഭാഷയില്‍ ആ ശാഖയില്‍ ഒരു ജനുസ്സുതന്നെയായി വേറിട്ടുനില്‍ക്കുന്നുണ്ട്. അമ്പതുകള്‍ തൊട്ട് ലോകസിനിമയെ പുതുക്കിച്ചെയ്തുകൊണ്ടിരിക്കുന്ന മിക്കവരെയുംപോലെ ചലച്ചിത്രവിമര്‍ശകനായും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ ഭാഗഭാക്കായുമാണ് രവീന്ദ്രനും ചലച്ചിത്രകാരനായിത്തീരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കമുള്ള ഗോത്രവര്‍ഗ പ്രദേശങ്ങളിലൂടെയും "നന്മകളാല്‍ സമൃദ്ധ"മായ നമ്മുടെ നാട്ടിന്‍പുറങ്ങളിലൂടെയും നെടുനാള്‍ സഞ്ചരിച്ച് നേരിട്ടു കണ്ടറിഞ്ഞ ജനജീവിതം സ്വാഭാവികമായും രവീന്ദ്രന്റെ ചിത്രങ്ങളിലെ പ്രത്യക്ഷവും പരോക്ഷവുമായ പ്രതിപാദ്യവിഷയമാണ്.

ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തില്‍ അമര്‍ന്ന ഗ്രാമീണജനതയുടെ അടക്കിപ്പിടിച്ച മോചനവ്യഗ്രത അവതരിപ്പിക്കുന്ന "ഹരിജന്‍" ഈ ചിത്രങ്ങളില്‍ ആദ്യത്തേതായത് ഒട്ടും യാദൃച്ഛികമാകില്ല. മൃണാള്‍സെന്നിന്റെ "ഒകാ ഊരി കഥ", ശ്യാം ബെനഗലിന്റെ "അനുഗ്രഹം", ഗൗതം ഘോഷിന്റെ "മാഭൂമി", ബി എസ് നാരായണയുടെ "നിമജ്ജനം" എന്നിവയോട് കിടപിടിയ്ക്കുന്ന നിലയില്‍ തെലുഗില്‍ നിര്‍മിക്കപ്പെട്ട മറ്റൊരു ചിത്രമാണ് "ഹരിജന്‍". നഗരത്തില്‍ പഠിക്കാന്‍ കഴിഞ്ഞ "ഹരിജന്‍" യുവാവ് താന്‍ കണ്ടറിഞ്ഞ ലോകത്തിലെ മാനുഷികമൂല്യങ്ങള്‍ തന്റെ നാടന്‍ ജീവിതപരിസരത്ത് സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന യത്നവും അതിന്റെ പരിണതിയുമാണ് "ഹരിജന്‍" പ്രതിപാദിക്കുന്നത്. തലങ്ങും വിലങ്ങുമുള്ള യാത്രകള്‍ക്കിടയില്‍ രാജ്യത്ത് അവിടവിടെയായി രവീന്ദ്രന്‍ കണ്ടെത്തിയിരുന്ന "ബെയ്സ് ക്യാമ്പു"കളിലൊന്നായിരുന്ന വിജയവാഡയില്‍ പരിചയപ്പെട്ട പ്രസാധകനും എഴുത്തുകാരനുമായ സി നരസിംഹറാവുവിന്റെ ഉത്സാഹം "ഹരിജന്റെ" നിര്‍മാണത്തില്‍ മുഖ്യ ഘടകമായി. കോഴിക്കോട്ടുനിന്ന് ചെലവൂര്‍ വേണുവിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച "സൈക്കോ" മനഃശാസ്ത്രമാസികയെക്കുറിച്ച് അതിന്റെ പ്രമുഖ അണിയറശില്‍പ്പിയില്‍നിന്നുതന്നെ മനസ്സിലാക്കി തെലുഗില്‍ അത്തരമൊന്ന് (രേപു) പരീക്ഷിച്ച് അവിചാരിതമായ വിജയം കണ്ടതിന്റെ ആമോദപ്രകടനംകൂടിയാകണം ഈ ചിത്രത്തിന്റെ നിര്‍മാണം നരസിംഹറാവു ഏറ്റെടുത്തതിന് പിന്നിലെന്നു കരുതണം. ചിത്രം പരക്കെ പ്രശംസിക്കപ്പെട്ടു. മര്‍മവേധിയും ലളിതവുമായ ആ തിരക്കഥയില്‍ ജോണ്‍ എബ്രഹാം വലിയ മതിപ്പ് പ്രകടിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഫിലിം സൊസൈറ്റികളിലൂടെ കേരളത്തിലെ ചലച്ചിത്രാസ്വാദകര്‍ക്കും ഈ ചിത്രം കാണാനായി. എങ്കിലും വ്യവസ്ഥാപിതമായ ഒരു നിശബ്ദ പ്രതിരോധത്തില്‍ "ഹരിജന്‍" ഇന്ത്യന്‍ സിനിമയില്‍നിന്നുതന്നെ തിരോഭവിച്ച മട്ടായി; മറ്റു കുറെ സമാന കൃതികളെപ്പോലെ.

"ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍" തുടക്കത്തിലേ സൂചിപ്പിച്ചതുപോലെ, ആഖ്യാനപരത തീര്‍ത്തും വെടിഞ്ഞ് എഴുപതുകളിലെ കേരളീയ യൗവനത്തിന്റെ സന്ദിഗ്ധാവസ്ഥ നിരങ്കുശം അവതരിപ്പിക്കുന്നു. നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച കുറെ ചെറുപ്പക്കാരുടെ തുടരെയുള്ള ആത്മഹത്യയെക്കുറിച്ചുള്ള ചിന്തയാണ് "അമ്മ അറിയാന്‍" എന്ന ചിത്രത്തിന് പ്രേരണയായതെന്ന് ജോണ്‍ എബ്രഹാം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരുപറ്റം ചെറുപ്പക്കാര്‍ , നല്ല പഠിപ്പും വിവരവും പ്രതികരണശേഷിയുമുള്ള പ്രതിഭാശാലികള്‍ ഇങ്ങനെ ആത്മഹത്യയിലേക്കു നീങ്ങുംമുമ്പ് കടന്നുപോയ ഒരു കാലഘട്ടം തന്നെയാണ് "ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍" അവതരിപ്പിക്കുന്നതെന്ന് കാണാവുന്നതേയുള്ളൂ. ജോണിനെ അപേക്ഷിച്ച് വികാരപരത തീര്‍ത്തും നിരാകരിച്ചാണ് രവീന്ദ്രന്‍ തന്റെ ചലച്ചിത്രം തയ്യാറാക്കിയത്. പ്രേക്ഷകനെ ഏറ്റിനടക്കാന്‍ പ്രാപ്തമായ ഒരു ഭാവുകത്വത്തിന്റെ തലം അതിനുണ്ടായിരുന്നില്ലെന്ന് വേണമെങ്കില്‍ പറയാം. തമ്പി കാക്കനാടനാണ് ഇതിലെ ഒരു പ്രധാന നടന്‍ ; ചലച്ചിത്രകാരന്റെ ആത്മകഥാസ്പര്‍ശമുള്ള യാത്രികനായി. യാത്രയുടെ നിരര്‍ഥകതയെക്കുറിച്ച്, വിലോഭനീയത മറ്റൊരു മരീചികതന്നെയെന്ന അര്‍ഥത്തില്‍ , കഥാപാത്രം ആത്മഗതമെന്നോണം ഒരു തിരിച്ചുവരവുവേളയില്‍ പറയുന്നുണ്ട്. സിനിമയെക്കുറിച്ച് "ദ ഹിന്ദു"വില്‍ പതിവായി ഗൗരവമായ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടമ്മനിട്ട രാമകൃഷ്ണന്‍ സ്വന്തം കവിത അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ഒരു "ബിംബ"മെന്ന നിലയ്ക്കുതന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അടുത്തടുത്ത വര്‍ഷങ്ങളിലായുള്ള ഈ രണ്ട് ചിത്രങ്ങള്‍ക്കുശേഷം 1988ലാണ് "ഒരേതൂവല്‍ പക്ഷികള്‍" പുറത്തിറങ്ങുന്നത്. 1921ല്‍ പൊട്ടിപ്പുറപ്പെട്ട മലബാര്‍ കലാപത്തെ തുടര്‍ന്ന് നിലമ്പൂരിലും പരിസരങ്ങളിലുമുള്ള റബര്‍ പ്ലാന്റേഷനുകളില്‍ എത്തിപ്പെട്ട നിസ്വരും നിരാലംബരും അവരുടെ പിന്മുറക്കാരും തോട്ടം ഉടമകളായ ബ്രിട്ടീഷ് സായിപ്പുമാരുടെയും അവരുടെ കങ്കാണിമാരുടെയും കൊടിയ ചൂഷണത്തിനും മര്‍ദനത്തിനും എതിരെ നയിക്കുന്ന സമരവും അതിന്റെ പരിണതിയുമാണ് ഒരേ തൂവല്‍പക്ഷികളുടെ പ്രതിപാദ്യം. മികച്ച ചിത്രത്തിനടക്കമുള്ള മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം "സിനിമയും രാഷ്ട്രീയവും" സംബന്ധിച്ച ഗൗരവമായ ചര്‍ച്ചയ്ക്കുതന്നെ വഴിയൊരുക്കി. അറുതിയും വിടുതിയുമില്ലാത്ത, ഹീനവും അസഹനീയവുമായ വ്യക്തിദുഃഖത്തില്‍നിന്ന് മോചിപ്പിച്ച് വിജയപരാജയങ്ങളുടെ അര്‍ഥവത്തായ അനുഭവങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്ന, സ്വയം തിരിച്ചറിവിന്റെയും തല്‍ഫലമായ സംഘംചേരലിന്റെയും ചിത്രണം "ഒരേ തൂവല്‍പക്ഷികളെ" മലയാളസിനിമയില്‍ നവമായൊരു പ്രതിപാദ്യവും പ്രതിപാദനവും മാത്രമല്ല, വേറിട്ടൊരു പരിപ്രേക്ഷ്യംകൂടിയാക്കുന്നു.

കോയ മുഹമ്മദ്

ചിന്തയുടെ നൂറുപൂക്കള്‍ വിരിയിച്ച്....

കോഴിക്കോടിന്റെ രാഷ്ട്രീയ-സാംസ്കാരിക പരിസരത്തുനിന്നും വളര്‍ന്ന് കേരളത്തിന്റെ സാംസ്കാരിക ചിന്തയായി വളര്‍ന്ന രവീന്ദ്രന്‍ യാത്രയായി. കണ്ണാടിക്കലിലെ യാത്രയില്‍ നിന്നും തുടങ്ങി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്കൂള്‍ , ക്രിസ്ത്യന്‍ കോളേജ്, സര്‍ച്ച്ലൈറ്റിലൂടെ വളര്‍ന്ന് കേരളത്തിന്റെ സാംസ്കാരിക ദൃശ്യമാധ്യമ ചലച്ചിത്ര ലോകത്ത് ചിന്തയുടെ തീപ്പന്തം കൊളുത്തിവച്ചു രവീന്ദ്രന്‍ . താന്‍ പ്രവര്‍ത്തിച്ച പത്രസ്ഥാപനത്തിന്റെ പേര് തന്റെ പേരിന്റെ മുന്നില്‍ എഴുതിച്ചേര്‍ത്തുവെന്നതുമാത്രമല്ല ചിന്തരവിയുടെ പ്രസക്തി. രാഷ്ട്രീയം, സംസ്കാരം, ദര്‍ശനം, യാത്ര, സാഹിത്യം, പത്രപ്രവര്‍ത്തനം, ചലച്ചിത്രം തുടങ്ങി മുദ്രപതിപ്പിച്ച എല്ലാമേഖലകളിലും വേറിട്ടതും വ്യത്യസ്തവുമായ ചിന്തയുടെ നൂറുപൂക്കള്‍ രവീന്ദ്രന്‍ വിരിയിച്ചു. തനി നാട്ടിന്‍പുറത്തുകാരനായിരുന്ന രവീന്ദ്രന് കൊച്ചുനാളില്‍ അച്ഛനില്‍നിന്നും അമ്മയില്‍നിന്നും പകര്‍ന്നുകിട്ടിയതാണ് വായനോടുള്ള താല്‍പ്പര്യം.ഇത് വായനശാലകളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കാന്‍ സഹായകമായി. പിന്നീടങ്ങോട്ട് എഴുത്തില്‍ പുതിയ ചിന്തകള്‍ തീര്‍ക്കുയായിരുന്നു രവി. പ്രീഡ്രിഗ്രിക്ക് പഠിക്കുന്ന കാലത്താണ് "അതിരാണി പൂക്കള്‍" എന്ന കഥാ പുസ്തകം എന്‍ബി എസ് പ്രസിദ്ധീകരിച്ചത്.

വിമോചനസമരത്തിന്റെ അലയൊലികള്‍ അവസാനിച്ച സമയത്താണ് രവി മലബാര്‍ ക്രിസ്ത്യന്‍ കോളജ് സ്കൂളിലെത്തുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു ക്രിസ്ത്യന്‍ കോളേജ്. വിമോചനസമരത്തിന്റെ അലയയൊലിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. പഠിക്കുന്ന സമയത്തൊന്നും കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയമില്ലെങ്കിലും വിദ്യാര്‍ഥിയായിരിക്കെ തങ്ങളില്‍ രാഷ്ട്രീയാവബോധം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പ്രൊഫ. എം പി ശ്രീധരനായിരുന്നു -രവി ഇടക്കിടെ പറയുമായിരുന്നു. അധ്യാപകരായിരുന്ന എം ആര്‍ ചന്ദ്രശേഖരന്റെയും ആര്‍ രാമചന്ദ്രന്റെയും സാന്നിധ്യവും ഇടതുപക്ഷ ചിന്തകളോടടുപ്പിച്ചു. കോളേജിലുള്ള സമയത്താണ് സാഹിത്യസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ രവി സജീവമാകുന്നത്. എന്‍ വി കൃഷ്ണവാര്യരൊക്കെ ഇടപെട്ട് ഉണ്ടാക്കിയ സാഹിത്യ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ എഴുത്തിനോടുള്ള ആഭിമുഖ്യംമൂലം മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. രാജേന്ദ്രപ്രസാദ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ വിദ്യാര്‍ഥിയായി. അക്കാലത്താണ് ടിപിഎം നെടുങ്ങാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്. നെടുങ്ങാടിയുമായുള്ള ബന്ധമാണ് പില്‍കാലത്ത് വേണുവിന്റെ താല്‍പര്യങ്ങളെ രൂപപ്പെടുത്തിയത്.

മുംബൈയില്‍നിന്നും കോഴിക്കോട്ടേക്ക് മടങ്ങിയപ്പോള്‍ ചെലവൂര്‍ വേണുവുമായി നല്ല ചങ്ങാത്തത്തിലായി. ആ സമയങ്ങളില്‍ വേണു ഒരുപാട് മാസികകള്‍ ഇറക്കിയിരുന്നു. അദ്ദേഹത്തിന്റെ സര്‍ച്ച്ലൈറ്റില്‍ എഴുതിത്തുടങ്ങി. പീന്നീടാണ് ചിന്തയിലെത്തിയത്. ചിന്തയിലെ ആദ്യത്തെ അനുഭവം രവിക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. ഇഎംഎസിന്റെ "മാക്സിസം ഒരു പാഠപുസ്തകം" ആയിരുന്നു ആദ്യമായി ചെയ്യാനേല്‍പ്പിച്ചത്. പുസ്തകം കെട്ടിലും മട്ടിലും മാറ്റം വരുത്തുന്നതിന് കവറില്‍ സിഎന്‍ കരുണാകരന്‍ വരച്ച മാര്‍ക്സിന്റെ ചിത്രമാണുണ്ടായിരുന്നത്. പ്രത്യേക രീതിയിലുള്ള ഒരു ചിത്രം കണ്ട് പലരും വലിയ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും കവര്‍ നന്നായിരിക്കുന്നുവെന്ന ഇഎംഎസിന്റെ അഭിപ്രായം കേട്ടപ്പോള്‍ രവിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. തിരുവന്തപുരത്തെ ജീവിതം രവിക്കു സമ്മാനിച്ച പേരായിരുന്നു ചിന്തരവിയെന്നത്. സുഹൃത്തുക്കളില്‍ ഒരുപാട് രവിമാരുണ്ടായപ്പോള്‍ തിരിച്ചറിയുന്നതിനു തുടങ്ങിയ വിളിപ്പേര്. പിന്നീട് അത് കേരളത്തിന്റെ ചിന്തയായി-രവി ഒരഭിമുഖത്തില്‍ പറഞ്ഞു. സിനിമ, സാഹിത്യം ഒന്നും മുഴുവനാക്കിയിട്ടില്ല. ഒരിടത്തും മുഴുവനായി നിന്നിട്ടുമില്ല. ഒന്നും ചെയ്യാനായിട്ടില്ലെന്ന അസംതൃപ്തി അദ്ദേഹത്തിനുണ്ടെങ്കിലും കേരളത്തിന്റെ ചിന്താധാരയെ വളര്‍ത്തുന്നതില്‍ രവിയുടെ പങ്ക് വളരെ വലുതായിരുന്നു.

*
ദേശാഭിമാനി 05 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ ചിന്ത രവി എന്ന കെ രവീന്ദ്രന്‍ (65) നിര്യാതനായി. സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 8.10നായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തൃശൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം. കോയമ്പത്തൂരില്‍ അധ്യാപികയും സാഹിത്യകാരിയുമായ എന്‍ ചന്ദ്രികയാണ് ഭാര്യ. സാമൂഹ്യപരിഷ്കര്‍ത്താവ് ദേവകി നിലയങ്ങോടിന്റെ മകളാണ് ഇവര്‍ . മകന്‍ : തഥാഗതന്‍ (ആന്ത്രോപോളജി റിസര്‍ച്ച് സ്കോളര്‍ , ടെക്സാസ് യൂണിവേഴ്സിറ്റി, അമേരിക്ക). എട്ടുവര്‍ഷമായി തൃശൂരില്‍ മുളങ്കുന്നത്തുകാവ് തിരൂരിനടുത്ത് പോട്ടോര്‍ "കപിലവസ്തു"വിലാണ് താമസം. പത്രപ്രവര്‍ത്തകന്‍കൂടിയായിരുന്ന അദ്ദേഹം ചിന്ത, കലാകൗമുദി എന്നീ വാരികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.