കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന കെ എ കേരളീയന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് പതിനേഴ് വര്‍ഷം തികയുന്നു. 1994 ജൂലൈ ഒമ്പതിനാണ് അദ്ദേഹം അന്തരിച്ചത്. 1910 ഏപ്രില്‍ 15 ന് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി ചെറുത്താഴത്ത് ജനിച്ച കേരളീയന്‍ സ്വജീവിതം നാടിനു സമര്‍പ്പിച്ചു.
സാമ്രാജ്യാധിപത്യത്തിന്റെയും ജന്മിത്വത്തിന്റെയും പിടിയില്‍ നിന്നും സ്വാതന്ത്ര്യവാഞ്‌ഛയുടെയും അവകാശബോധത്തിന്റെയും പുത്തന്‍ തലങ്ങളിലേയ്‌ക്ക് കേരളീയ കര്‍ഷകസമൂഹത്തെ ഉയര്‍ത്തുന്നതില്‍ കേരളീയന്‍ വഹിച്ച മഹത്തായ പങ്ക് വിലമതിക്കാനാവാത്തതാണ്. വിധേയത്വം വിധിയാണെന്ന് സമാധാനിച്ചിരുന്നൊരു ജനതയെ അവകാശപോരാട്ടങ്ങളുടെയും അഭിമാനബോധത്തിന്റെയും പന്ഥാവിലേയ്‌ക്ക് എത്തിച്ച കേരളീയന്റെ സംഘടനാ വൈഭവം അതുല്യമായിരുന്നു.
1930 കളുടെ പകുതിയില്‍ ഉത്തരകേരളത്തിന്റെ ഗ്രാമങ്ങളില്‍ ദേശീയ വിവേചന പ്രസ്ഥാനത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിയത് പ്രധാനമായും ദരിദ്രകര്‍ഷകരും കര്‍ഷക തൊഴിലാളികളും തൊഴിലാളികളുമടങ്ങുന്ന സമൂഹത്തിലെ താഴെതട്ടിലെ ജനവിഭാഗങ്ങളായിരുന്നു. നാടിന്റെ സ്വാതന്ത്ര്യത്തോടൊപ്പം തങ്ങളുടെ ജീവിതത്തില്‍ കാതലായ മാറ്റം വരുത്താന്‍ ഉതകുന്ന സാമൂഹിക-സാമ്പത്തിക ബന്ധങ്ങളില്‍ ഒരു പുനഃസൃഷ്‌ടി അതായിരുന്നു അടിസ്ഥാന ജനവിഭാഗത്തിന്റെ ആഗ്രഹം. അതിന് ഒരു പുതിയ പ്രത്യയശാസ്‌ത്രം അവര്‍ക്കു പ്രചോദനം നല്‍കി. അങ്ങനെ അവരെ സംഘടിപ്പിച്ച നേതൃത്വം ഈ ജനസമൂഹത്തിന്റെ പുരോഗതിക്കായി തങ്ങളുടെ ജീവിതം ത്യജിച്ചവരായിരുന്നു. അവരില്‍ മുന്‍നിരയില്‍ കെ എ കേരളീയനുണ്ടായിരുന്നു.
പേരളശ്ശേരി എലിമെന്ററി സ്‌കൂള്‍ പഠനകാലത്താണ് കേരളീയനില്‍ രാഷ്‌ട്രീയ ബോധത്തിന് ഉദയം കുറിക്കുന്നത്. അന്ന് പേരളശ്ശേരി സ്‌കൂളില്‍ അധ്യാപകനായിരുന്ന എ കെ ജി ആയിരുന്നു രാഷ്‌ട്രീയ ഗുരു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയപ്പോള്‍ തഞ്ചാവൂരിലെ സംസ്‌കൃത പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കാഞ്ഞങ്ങാട് വിജ്ഞാനദായിനി സംസ്‌കൃത സ്‌കൂളിലെത്തി. ഈ സംസ്‌കൃത പഠനം, വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും അഗാധമായ പ്രാവീണ്യം നേടാന്‍ സഹായിച്ചു. അത് വൈജ്ഞാനികമേഖലയില്‍ ഔന്നത്യങ്ങളിലേക്ക് കേരളീയനെ നയിച്ചു. 1928 ല്‍ പയ്യന്നൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്‌ട്രീയ സമ്മേളനത്തില്‍ വാളന്റിയര്‍ ആയിരുന്നു അദ്ദേഹം. 1930 ല്‍ കോഴിക്കോട്ടുനിന്നും പയ്യന്നൂരിലേക്കുള്ള ഉപ്പുസത്യാഗ്രഹ ജാഥയില്‍ അംഗമായി. മഹാത്മാഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പേര് `കേരളീയന്‍' എന്ന് വെളിപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന വിഷ്‌ണുനമ്പീശന്‍; ഭാരതീയന്‍ എന്നാണ് പേര് പറഞ്ഞത്. അങ്ങനെ കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന് ബീജാപാപം നല്‍കിയ കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍, കേരളീയനും വിഷ്‌ണു നമ്പീശന്‍ ഭാരതീയനുമായി.
1934 ല്‍ രൂപീകൃതമായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച് കേരളീയന്റെ പ്രവര്‍ത്തനം കാര്‍ഷികരംഗത്തായി. പി കൃഷ്‌ണപിള്ളയായിരുന്നു മാര്‍ഗദര്‍ശി. 1935 ല്‍ നണിയൂരില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരളത്തിലെ ആദ്യ കര്‍ഷക പ്രസ്ഥാനമായ കൊളച്ചേരി കര്‍ഷകസംഘത്തിന് രൂപം നല്‍കി. വിഷ്‌ണു ഭാരതീയന്‍ പ്രസിഡന്റും കെ എ കേരളീയന്‍ സെക്രട്ടറിയുമായി. 1936 ല്‍ മദ്രാസിലേക്കുള്ള മലബാര്‍ പട്ടിണിജാഥയില്‍ അംഗമായിരുന്നു. കര്‍ഷകസംഘം പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പി കൃഷ്‌ണപിള്ളയുമായി ചേര്‍ന്ന് തൊഴിലാളികളെ സംഘടിപ്പിക്കാനും തുടങ്ങി. പാപ്പിനിശ്ശേരി ആറോന്‍മില്‍, തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, ഫറോക്ക് ടൈല്‍സ് എന്നിവിടങ്ങളില്‍ ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ചു. 1937 ല്‍ അഖില മലബാര്‍ കര്‍ഷകസംഘത്തിന്റെയും തുടര്‍ന്ന് കേരള കര്‍ഷകസംഘത്തിന്റെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം അഖിലേന്ത്യാ കിസാന്‍സഭയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി ഒളിവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 1942 ല്‍ മദ്രാസില്‍വച്ച് അറസ്റ്റ് ചെയ്‌തു. ആലിപൂര്‍ ജയിലിലായിരുന്നു തടവ്. പാര്‍ട്ടി നിരോധനത്തെ തുടര്‍ന്ന് വര്‍ഷങ്ങളോളം ഒളിവില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1960 കളില്‍ കര്‍ഷകസംഘത്തിന്റെ മുഖപത്രമായ `കൃഷിക്കാരന്‍' മാസികയുടെ പത്രാധിപരായി. കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പലരെയും എഴുതാന്‍ പ്രേരിപ്പിച്ചിരുന്ന കേരളീയന്‍, കര്‍ഷകസംഘം പ്രവര്‍ത്തകരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും കൊണ്ട് വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്‌തിരുന്നു. 1940 മുതല്‍ ഉത്തര മലബാറിന്റെ ഗ്രാമങ്ങളില്‍ വ്യാപകമായി ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളീയന്‍ മുന്‍കൈയെടുത്തു.
കര്‍ഷക ജനസമൂഹത്തോടൊപ്പം ജീവിച്ചും പ്രവര്‍ത്തിച്ചും കാര്‍ഷിക പ്രശ്‌നങ്ങള്‍ അദ്ദേഹം നന്നായി പഠിച്ചു. ഭൂപരിഷ്‌കരണത്തിന്റെ അനിവാര്യത ആദ്യം മുതല്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച കര്‍ഷക നേതാവായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിത്തറ കേരളീയനിലൂടെയാണ് സൃഷ്‌ടിക്കപ്പെട്ടത്.
കേരളത്തിന്റെ സാമൂഹ്യ നവോഥാനത്തില്‍ വമ്പിച്ച പങ്ക് വഹിച്ച കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന നിലയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവെന്ന നിലയിലും കേരളീയന്‍ എന്നും സ്‌മരിരപ്പെടും. ത്യാഗസമ്പൂര്‍ണമായ പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയാണ് കെ എ കേരളീയന്‍.
*
സത്യന്‍ മൊകേരി ജനയുഗം 09 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന കെ എ കേരളീയന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് പതിനേഴ് വര്‍ഷം തികയുന്നു. 1994 ജൂലൈ ഒമ്പതിനാണ് അദ്ദേഹം അന്തരിച്ചത്. 1910 ഏപ്രില്‍ 15 ന് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി ചെറുത്താഴത്ത് ജനിച്ച കേരളീയന്‍ സ്വജീവിതം നാടിനു സമര്‍പ്പിച്ചു.
Post a Comment