പുതുമുതലാളിത്തത്തിന്റെയും ഫാസിസത്തിന്റെയും കുത്സിതമായ ഒട്ടനവധി പ്രകടന രൂപങ്ങള്‍ക്കു നടുവിലും വിപ്ലവം ഒരു സാധ്യതയാണ് എന്ന് ആദ്യം നാം അംഗീകരിക്കുക - സേവനങ്ങളാണ് ചരക്കുകളല്ല ഉല്പാദിപ്പിക്കപ്പെടുന്നത്, അതുകൊണ്ട് തൊഴിലാളി വര്‍ഗത്തിനു വിട എന്ന മുറവിളികള്‍ എമ്പാടും ഉയരുന്നുണ്ടെങ്കിലും ഒരു തൊഴിലാളിവര്‍ഗം ഉണ്ടെന്നും അവരുടെ മേല്‍ക്കൈയിലാണ് ഒരു സാമൂഹ്യമാറ്റം വരാന്‍പോകുന്നതെന്നും നാം നമ്മെത്തന്നെ ബോധ്യപ്പെടുത്തുക - വര്‍ഗസമരങ്ങളുടെ പ്രകടനരീതികളില്‍ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും വര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പുതുരീതികളിലും സ്വഭാവങ്ങളിലും മൂര്‍ച്ഛിക്കാന്‍ തന്നെയാണ് പോകുന്നതെന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രഖ്യാതമായ ആദ്യവാക്യം ചരിത്രപരമായ ഏറ്റവും വലിയ ഉണ്‍മയാണെന്നും ആവര്‍ത്തിച്ചുറപ്പിക്കുക - എന്നിട്ട് മാത്രം നമുക്ക് പാബ്ലോ നെരൂദയുടെ കവിതകളിലേക്ക് കടക്കാം. പാബ്ലോ നെരൂദയുടെ സ്കൂളിനെക്കുറിച്ച് സംസാരിക്കാം.
തന്റെ ആത്മകഥയായ "മെമ്മയേര്‍സ്" (ഓര്‍മക്കുറിപ്പുകള്‍) എന്ന കൃതിയില്‍ ആദ്യമായി തൊളിലാളികള്‍ക്കിടയില്‍ കവിത വായിക്കാന്‍ പോയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് നെരൂദ പറയുന്നുണ്ട്. തണുപ്പില്‍ ചാക്കുകൊണ്ടും കീറക്കരിമ്പടങ്ങള്‍കൊണ്ടും തങ്ങളുടെ പരുക്കന്‍ ശരീരങ്ങള്‍ പാതിപൊതിഞ്ഞ, പുറമേയ്ക്ക് രൂക്ഷപ്രകൃതികള്‍ എന്നു തോന്നിക്കുന്ന മനുഷ്യര്‍ - അരസികേഷു കവിത്വ നിവേദനം - ഇവരോടു കവിത വായിച്ചിട്ടെന്തു കാര്യം! കവിതയെക്കുറിച്ചുള്ള തന്റെ ആഢ്യസങ്കല്പവും തൊഴിലാളിവര്‍ഗ സംസ്കാരത്തെക്കുറിച്ചുള്ള തന്റെ മൂഢസങ്കല്പവും ചേര്‍ന്നുണ്ടായതായിരുന്നു ആ ഭീതി. കവിത വായിച്ചു വായിച്ചു മുന്നേറവെ തന്റെ കവിത ആരെയാണോ അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിച്ചത് അക്കാര്യത്തില്‍ വിജയിക്കുന്നുണ്ടെന്ന സത്യം നെരൂദ തിരിച്ചറിയുന്നു. ആ മുന്നിലിരിക്കുന്ന പരുക്കന്‍ മനുഷ്യരാകെ തരളിതചിത്തരാകുന്നതും അവരുടെ കണ്ണുകള്‍ നിറഞ്ഞുകലങ്ങുന്നതും നെരൂദ കണ്ടു. തന്റെ പഠനക്കളരി ഏതെന്ന് നെരൂദ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
പ്രകൃതിയുമായുള്ള അതിതീക്ഷ്ണമായ ഏകീഭാവത്തില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന മാജിക്കല്‍ റിയലിസത്തിന്റെ അനന്ത സാധ്യതകളോടുകൂടിയ ലാറ്റിനമേരിക്കന്‍ സാംസ്കാരികത്തനിമയുടെ സമ്പന്ന വൈവിധ്യങ്ങളുടെ യഥാര്‍ഥ ഉടമകള്‍ ഈ തൊഴിലാളി വര്‍ഗവും അവരുടെ ഭാഷയും ഭാഷണശൈലികളും മനുഷ്യബന്ധ വൈചിത്ര്യങ്ങളുമാണെന്ന് നെരൂദ തിരിച്ചറിഞ്ഞു. അതേസമയം അവര്‍ അത്യധികം ചൂഷണം ചെയ്യപ്പെടുന്നവരുമാണ്. വിശപ്പിന്റെ ഒരു പുതിയ സൗന്ദര്യശാസ്ത്രം ഉയര്‍ന്നുവരേണ്ട ഭൂഖണ്ഡമാണ് ലാറ്റിന്‍ അമേരിക്ക എന്ന സത്യം തന്റെ സമകാലികരായ മറ്റു പല കവികളെയും പോലെ നെരൂദയും മനസിലാക്കുന്നു. വിശപ്പ് ലജ്ജിക്കേണ്ട ഒരു കാര്യമല്ല- ഒരു വികലമായ വ്യവസ്ഥ തങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കപ്പെടേണ്ട ഒന്നാണ്. അവസ്ഥാന്തരങ്ങളില്‍ ജനതയുടെ കണ്ണുകളിലുണരുന്ന സൌമ്യ-രൌദ്ര ഭാവങ്ങളുടെ അര്‍ഥഗരിമകള്‍ തിരിച്ചറിയാനുള്ള കണ്ണാണ് കവിക്കുണ്ടാകേണ്ടത് എന്ന് നെരൂദ ഓര്‍മപ്പെടുത്തുന്നുണ്ട്.
ജനതയോടും വിജനതയോടും ഒരേസമയം ആകൃഷ്ടനാകാനുള്ള കവിയെന്ന നിലയിലുള്ള തന്റെ ബാധ്യതയെക്കുറിച്ച് നെരൂദ ബോധവാനായിരുന്നു. അതായത് വിപ്ലവാശയങ്ങള്‍ കൊണ്ടുമാത്രമല്ല വിപ്ലവകവിതയുണ്ടാകുന്നത്. വിപ്ലവകവിതയുടെ ബിംബാവലികളും രൂപകസമൃദ്ധികളും ഭാഷാസവിശേഷതകളും സവിശേഷമായ രീതിയില്‍ വാര്‍ത്തെടുക്കപ്പെടേണ്ടതാണ്. വാക്കുകളില്‍ തുള വീഴ്ത്തുന്ന ഒരു മഴയായി അദ്ദേഹം തൊഴിലാളിവര്‍ഗം സൃഷ്ടിക്കുന്ന ചരിത്രത്തെ നോക്കിക്കണ്ടു. അത്യധികം ആസക്തമായ ഐന്ദ്രികതയോടെയാണ് നെരൂദ പ്രകൃതിയെക്കാണുന്നത്. അങ്ങനെ കാണുമ്പോഴും അതിന്റെ സ്വത്തവകാശം ആര്‍ക്ക് എന്ന് ഒരു സിയാറ്റല്‍ മുഖ്യന്റെ നിഷ്ക്കളങ്കതയോടെയല്ല, ഒരു മാര്‍ക്സിസ്റ്റിന്റെ വിശകലന ദൃഷ്ടിയോടെ നെരൂദ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. കവിത ഉറക്കെച്ചൊല്ലലാണെന്ന (utterance) തന്റെ സിദ്ധാന്തം നെരൂദ സ്വരൂപിച്ചത് തന്റെ തൊഴിലാളി സ്കൂളില്‍ നിന്നാണെന്നര്‍ഥം. കവിത മന്ത്രമാണെന്ന നമ്മുടെ അരവിന്ദ മഹര്‍ഷിയുടെ- വിപ്ലവത്തില്‍നിന്ന് നിര്‍വേദത്തിലേക്കു നടന്ന നമ്മുടെ അരവിന്ദന്റെ - കാഴ്ചപ്പാടിന്റെ മറുപുറം.
1924ല്‍ തന്റെ ആദ്യകവിതാ സമാഹാരം (ഇരുപതു പ്രണയകവിതകളും ഒരു നിരാശാഗീതവും) പ്രസിദ്ധീകരിച്ച് 21 വര്‍ഷത്തിനുശേഷം മാത്രമാണ് നെരൂദ 1945ല്‍ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം സ്വീകരിക്കുന്നത്. അതിനിടെ 1930ല്‍ ലോകത്തെ ആസകലം വിഴുങ്ങിയ ഒരു സാമ്പത്തികമാന്ദ്യം (The great depression), സ്പെയിനില്‍ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യത്തിനെതിരെ കവികളും കലാകാരന്മാരും കൂടി പങ്കെടുത്ത ആന്റി ഫാസിസ്റ്റ് പോരാട്ടങ്ങള്‍ , ഇറ്റലിയിലെയും ജര്‍മനിയിലെയും ഫാസിസത്തിന്റെ കിരാത പ്രകടനങ്ങള്‍ , ലാറ്റിനമേരിക്ക മൊത്തത്തില്‍ അനുഭവിച്ച പട്ടിണിഞെരുക്കങ്ങള്‍ ഇവയുടെയെല്ലാം നാനാമുഖമായ സമ്മര്‍ദത്തില്‍ ഒരു കമ്യൂണിസ്റ്റ് രൂപം കൊള്ളുകയായിരുന്നു. എല്ലാത്തരം ലിബറല്‍ പ്രത്യയശാസ്ത്രങ്ങളെയും തള്ളിപ്പറയാനും വ്യക്തിഗത സാമ്പത്തിക സിദ്ധാന്തങ്ങളെയും നിരാകരിക്കാനും മാര്‍ക്സിയന്‍ സാങ്കേതിക സംജ്ഞകളെ അടിസ്ഥാന പദാവലികളായി സ്വീകരിക്കാനും പോന്ന ഒരു ലാറ്റിനമേരിക്കന്‍ ദാര്‍ഢ്യം നെരൂദ കൈവരിക്കുന്നുണ്ട്. വിപ്ലവനേതാക്കന്മാരുടെ ദൗത്യം രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളുടെ വര്‍ഗാടിസ്ഥാനത്തിലുള്ള പൊളിച്ചെഴുത്താണെങ്കില്‍ അതിനു പൂരകമായി നിന്നുകൊണ്ട് മനുഷ്യബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും മൂല്യബോധങ്ങളിലും ഭാഷാ-ഭാഷണരീതികളിലും, സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളിലും നിയമവ്യവസ്ഥകളിലുമുള്ള പൊളിച്ചെഴുത്താണ് കവികള്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ ദൗത്യം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് കമ്യൂണിസ്റ്റ് കവിതയ്ക്ക് പുതുരക്തവും പുതുമുഖവും നല്‍കാനാണ് നെരൂദ ശ്രമിച്ചത്.
വിപ്ലവപൂര്‍വകാലത്തും വിപ്ലവകാലത്തും വിപ്ലവാനന്തര കാലത്തും കവിത എങ്ങനെ പെരുമാറണം എന്ന് പ്രവൃത്തികൊണ്ട് തെളിയിക്കുകയായിരുന്നു നെരൂദ. ലോകത്തെമ്പാടുമുള്ള നിരാലംബരും പീഡിതരുമായ തൊഴിലാളിവര്‍ഗ ഭൂരിപക്ഷത്തെയാണ് കമ്യൂണിസ്റ്റ് കവിത അഭിസംബോധന ചെയ്യേണ്ടതെന്നു പറയുമ്പോള്‍ത്തന്നെ "സ്വന്തം മുരിങ്ങയുടെ ചുവട്ടില്‍ നിന്നുകൊണ്ട് മാത്രമേ നക്ഷത്രമെണ്ണാന്‍ കഴിയൂ" എന്ന തിരിച്ചറിവോടെ ലാറ്റിനമേരിക്കന്‍ പ്രകൃതിയെയും സംസ്കാരത്തെയും ഐന്ദ്രിയമായ എല്ലാ ആവേശങ്ങളോടെയും ആശ്ലേഷിക്കുകയും അതിനെ തന്റെ കവിതകളുടെ ദൃഢഭൂമിയായി (ടെറാഫേര്‍മ) സ്വീകരിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് കവികള്‍ തമ്മില്‍ വ്യത്യാസമുണ്ട് - ഉണ്ടായിരിക്കുകയും വേണം. വിപ്ലവത്തിന്റെ ഭൗതിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടെന്നതുപോലെ മാനസിക വിപ്ലവത്തിന്റെ സാംസ്കാരിക സാഹചര്യങ്ങളിലും ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് തിരിച്ചറിയുന്നിടത്താണ് കമ്യൂണിസ്റ്റ് സാഹിത്യം വിജയിക്കുന്നത്. തീര്‍ച്ചയായും കമ്യൂണിസ്റ്റ് സാഹിത്യം ദേശീയ പാരമ്പര്യങ്ങളുടെ ധനാത്മക ഘടകങ്ങളോട് ശക്തമായി കണ്ണി ചേര്‍ക്കപ്പെടേണ്ടതായിട്ടുണ്ട്.
വിപ്ലവപൂര്‍വ- വിപ്ലവ കാലഘട്ടങ്ങളില്‍ വിപ്ലവത്തോടൊപ്പംനിന്ന കവി വിപ്ലവാനന്തരകാലഘട്ടത്തില്‍ വര്‍ഗവൈരുധ്യങ്ങളുടെ അവശിഷ്ടങ്ങള്‍ പിന്നെയും സമൂഹത്തില്‍ ബാക്കിനില്‍ക്കുന്നിടത്തോളം കാലം ഒരു സൗവര്‍ണ പ്രതിപക്ഷം ആയി നിലനില്‍ക്കേണ്ടതുണ്ട്. സൌവര്‍ണം എന്ന വാക്കിന് അടിവര വേണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ബ്രെഹ്ത്തും, മയക്കോവ്സ്കിയും നെരൂദയും ലോര്‍ക്കയും എവ്തുഷെങ്കോവും അഹ്മത്തോവയും സെദര്‍സെങ്കോറും നിക്കൊളാസ് ഗിയേനും നികാനോര്‍ പാര്‍റായും നാസിം ഹിക്മത്തും, നമ്മുടെ ഇടശ്ശേരിയും വൈലോപ്പിള്ളിയും കടമ്മനിട്ടയും സച്ചിദാനന്ദനും കുഞ്ഞപ്പയും പലസ്തീന്‍ കവിയായ മഹമൂദ് ദര്‍വിഷും ഒക്കെ ഒരേ സ്കൂളില്‍ പഠിക്കുന്നവരാണെന്ന സത്യമാണ് നാം തിരിച്ചറിയേണ്ടത്.
"എങ്ങു മനുഷ്യനു ചങ്ങല കൈകളില്‍ അങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാണ്"
എന്ന ശ്വാസച്ചൂടിലാണ് അവര്‍ വഴിനടക്കുന്നത്.
"നിങ്ങള്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വതങ്ങളെയും കുറിച്ച് സംസാരിക്കാത്തത്.
വരൂ ഈ തെരുവുകളിലെ രക്തം കാണൂ വരൂ,
കാണൂ ഈ തെരുവുകളിലെ രക്തം"
(നെരൂദ - ചില കാര്യങ്ങളുടെ വിശദീകരണം .വിവ: സച്ചിദാനന്ദന്‍)
എന്ന് ഇരുണ്ട കാഴ്ചകളിലേക്ക് അവരുടെ ശപിയ്ക്കപ്പെട്ട കണ്ണുകള്‍ എപ്പോഴും കുരുത്തക്കേട് കാണിക്കുന്നു.
"ചതിയന്‍ പടനായകരേ
ഇതാ കാണൂ എന്റെ മരിച്ച തറവാട്
ഇതാ കാണൂ ഈ തകര്‍ന്ന സ്പെയിന്‍
വീടായ വീട്ടില്‍ നിന്നെല്ലാം
പൂക്കള്‍ക്കുപകരം ഉരുകിയ ലോഹമൊഴുകുന്നു
സ്പെയിനിന്റെ ഓരോ കണ്‍കുഴിയില്‍നിന്നും
സ്പെയിന്‍ പുറത്തുചാടുന്നു.
മരിച്ച ഓരോ കുട്ടിയില്‍നിന്നും
കണ്ണുകളുള്ള ഒരു തോക്കുയരുന്നു.
ഓരോ കൊടും പാതകത്തില്‍നിന്നും
വെടിയുണ്ടകള്‍ ഉയിര്‍ക്കൊള്ളുന്നു.
ഈ വെടിയുണ്ടകള്‍ ഒരു ദിവസം
നിങ്ങളുടെ ഹൃദയത്തിന്റെ കാളക്കണ്ണ് കണ്ടെത്തും".
(ചില കാര്യങ്ങളുടെ വിശദീകരണം)
എന്ന് ഇടിഞ്ഞുപൊളിഞ്ഞ ലോകങ്ങളില്‍നിന്നുയരുന്ന പ്രതിരോധങ്ങളുടെ ശബ്ദം അവര്‍ അനുരണനം ചെയ്യുന്നു.
"നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്" (കടമ്മനിട്ട) എന്നവര്‍ താക്കീതു നല്‍കുന്നു. അധികാരത്തിന്റെ എല്ലാ കോട്ടകൊത്തളങ്ങളും തകരും എന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
"കലാപത്തിന്റെ നൂറ്റാണ്ടുകളില്‍ ജീവിക്കുന്ന സഖാക്കളേ
ആഫ്രിക്ക മുതല്‍ അമേരിക്കയോളം പടരുന്ന കാപ്പിരിയുടെ
ശരതീക്ഷ്ണമായ ആരവത്തിനായി ചെവിടോര്‍ക്കുവിന്‍"
(ഡേവിഡ് ദിയോപ്) (തര്‍ജമ -സച്ചിദാനന്ദന്‍)
എന്ന് വിപ്ലവത്തിന്റെ ഇടിമുഴക്കത്തിനായി അവര്‍ കാതോര്‍ക്കുന്നു.
"ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും".
ഓട്ടോ റെനെ കാസ്റ്റിലോ (വിവ: കെ ജി ശങ്കരപ്പിള്ള)
അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതകളിലും കഥകളിലും സ്ഥാനം കിട്ടിയിട്ടില്ലാത്തവര്‍ നിങ്ങള്‍ എന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ എന്നു ചോദിച്ചുകൊണ്ട് കടന്നുവരുന്നത് അവര്‍ സ്വപ്നംകാണുന്നു. നിങ്ങളുടെ വാക്കുകള്‍ക്ക് എന്തുകൊണ്ടാണ് ഇത്രയും കടുപ്പവും കാഠിന്യവും എന്ന് കുഞ്ഞപ്പയുടെ കവിത കുഞ്ഞപ്പയോടു ചോദിക്കുന്നു.
അവര്‍ - നെരൂദയുടെ സ്കൂളില്‍ ഒപ്പം പഠിച്ച കുട്ടികള്‍ - അവര്‍ ഒരുമിച്ചു സ്വപ്നം കാണുന്നു. വരൂ - അവരോടൊപ്പം ഈ തെരുവിലെ രക്തം കാണൂ. നിങ്ങള്‍ക്ക് അവരുടെ കവിതയിലെ രൂപവും രൂപകങ്ങളും ചെടിപ്പ് ഉളവാക്കുന്നുണ്ടോ? കാലത്തിന് ഈ ഭാഷ പോരെന്നു തോന്നുന്നുണ്ടോ? മാറ്റിക്കൊള്ളുക - പക്ഷേ അവരുടെ സ്വപ്നങ്ങളെ ചോദ്യം ചെയ്യരുത്. അവരുടെ ആത്മാര്‍ഥതയെ അവിശ്വസിക്കരുത്. നേരെ നിന്നു പോരാടാന്‍ അവര്‍ക്കൊരു ശത്രുവുണ്ടായിരുന്നു. കാണാത്ത നിഴലിനെ കണ്‍കെട്ടി നിന്ന് അമ്പെയ്യുമ്പോള്‍ ഓര്‍ക്കുക - കാലം ഒരു പിഴച്ച കാലമാണ് -
"വസന്ത വായുവില്‍ മുഴുവന്‍ വസൂരിരോഗാണുക്കളാണ് -
പുളളിമാനിനു പിറകെ പുലിയുണ്ട്"
സുസ്ഥിതിയുടെ മറുപുറം തപ്പുന്ന മര്‍ത്ത്യരീതി -എന്തുചെയ്യാം - കവികളുടെ വര്‍ഗം അങ്ങനെ ആയിപ്പോയി
*
കെ പി മോഹനന്‍, കടപ്പാട്: ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
"നിങ്ങള്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വതങ്ങളെയും കുറിച്ച് സംസാരിക്കാത്തത്.
വരൂ ഈ തെരുവുകളിലെ രക്തം കാണൂ വരൂ,
കാണൂ ഈ തെരുവുകളിലെ രക്തം"
(നെരൂദ - ചില കാര്യങ്ങളുടെ വിശദീകരണം .വിവ: സച്ചിദാനന്ദന്‍)
Post a Comment