Saturday, July 9, 2011

പാവങ്ങളെ മറന്ന ബജറ്റും കണ്ണില്‍ പൊടിയിടാനുള്ള കൗശലവും

യു ഡി എഫ്‌ സര്‍ക്കാരിനുവേണ്ടി ധനകാര്യമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ്‌ രാഷ്‌ട്രീയാതിപ്രസരം നിറഞ്ഞതും എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ക്ഷേമപദ്ധതികളില്‍ പലതും അട്ടിമറിക്കുന്നതുമാണ്‌. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല വികസന പദ്ധതികളുടെയും ക്ഷേമപരിപാടികളുടെയും ക്രെഡിറ്റ്‌ തന്റെയും യു ഡി എഫ്‌ സര്‍ക്കാരിന്റെയും പേരിലാക്കാനുള്ള ശ്രമവും മാണി നടത്തിയിട്ടുണ്ട്‌.

റവന്യു കമ്മി 6019 കോടി രൂപയില്‍ നിന്നും 5534 കോടിയായും ധനകമ്മി 10641 ല്‍ നിന്നും 10507 ആയും കുറയുന്നുവെന്നാണ്‌ തോമസ്‌ ഐസക്‌ അവതരിപ്പിച്ച ബജറ്റിനെ അപേക്ഷിച്ച്‌ തന്റെ ബജറ്റിനുള്ള നേട്ടമെന്നാണ്‌ കെ എം മാണി പറയുന്നത്‌. പക്ഷെ അടിസ്ഥാനസൗകര്യ വികസനത്തിനും സേവനമേഖലയ്‌ക്കും വ്യവസായവല്‍ക്കരണത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി എല്‍ ഡി എഫ്‌ വകയിരുത്തിയ തുക പുതുക്കിയ ബജറ്റില്‍ ഇല്ലെന്ന വസ്‌തുത മാണി സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ്‌.
എല്‍ ഡി എഫ്‌ അവതരിപ്പിച്ച ബജറ്റില്‍ 40,000 കോടി രൂപയുടെ സമഗ്ര റോഡ്‌ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിക്കുകയും ആദ്യഘട്ടത്തില്‍ 1000 കോടി അനുവദിക്കുകയും ചെയ്‌തിരുന്നത്‌ മാണി ഒഴിവാക്കി. ഉന്നത വിദ്യാഭ്യാസമേഖലയ്‌ക്ക്‌ 2296.54 കോടിയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ 258 കോടിയും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്‌ 45 കോടിയും എല്‍ ഡി എഫ്‌, 2011-12 ലെ ബജറ്റില്‍ വകയിരുത്തിയിരുന്നെങ്കില്‍ അതേ സാമ്പത്തിക വര്‍ഷത്തിലെതന്നെ ബഡ്‌ജറ്റില്‍ ആ സമീപനം ഉപേക്ഷിക്കുകയാണ്‌ കെ എം മാണി ചെയ്‌തിരിക്കുന്നത്‌. പരമ്പരാഗത വ്യവസായമേഖലയെയും ഈ നിലയില്‍ അവഗണിച്ചിരിക്കുന്നു.

ക്ഷേമപെന്‍ഷനുകള്‍ 400 രൂപയായി വര്‍ധിപ്പിക്കുന്നത്‌ തങ്ങളാണെന്ന്‌ വ്യഥാ അവകാശപ്പെടാന്‍ മാണി ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ ഒരു ധനസഹായവും ലഭ്യമല്ലാതിരുന്ന ആശാസന്നദ്ധ പ്രവര്‍ത്തകര്‍ക്ക്‌ 300 രൂപ പ്രതിമാസ ഓണറേറിയം നല്‍കാനും അംഗനവാടി അധ്യാപകര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമുള്ള വേതനം ആയിരം രൂപ കൂടി വര്‍ധിപ്പിക്കുവാനുമുള്ള നടപടിയെ യു ഡി എഫ്‌ ബജറ്റ്‌ തള്ളിക്കളഞ്ഞിരിക്കുന്നു. പരമ്പരാഗത വ്യവസായമേഖലയില്‍ പണിയെടുക്കുന്ന സ്‌ത്രീ തൊഴിലാളികള്‍ക്ക്‌ പ്രഖ്യാപിച്ചിരുന്ന പ്രസവാനുകൂല്യവും നിഷേധിച്ചു. നവജാതശിശുക്കളുടെ പേരില്‍ പതിനായിരം രൂപ നിക്ഷേപിക്കുവാനും പന്ത്രണ്ടാം ക്ലാസ്‌ കഴിയുമ്പോള്‍ ഉപരിപഠനത്തിനായി പലിശസഹിതം നല്‍കുവാനുള്ള പദ്ധതിയെയും അട്ടിമറിച്ചു. അനാഥാലയങ്ങള്‍ക്കും മറ്റും നല്‍കുന്ന സഹായവും മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും സഹായം നല്‍കുന്ന പരിപാടിയെയും ദുര്‍ബലപ്പെടുത്തി.

എഴുപത്‌ ലക്ഷം കുടുംബങ്ങള്‍ക്ക്‌ രണ്ട്‌ രൂപയ്‌ക്ക്‌ അരി നല്‍കുന്ന പദ്ധതിയെ അട്ടിമറിക്കാന്‍ യത്‌നിച്ച യു ഡി എഫ്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം നല്‍കിയത്‌ ബി പി എല്‍ കാര്‍ക്ക്‌ ഒരു രൂപയ്‌ക്കും എ പി എല്‍ കാര്‍ക്ക്‌ രണ്ടു രൂപയ്‌ക്കും അരി നല്‍കുമെന്നാണ്‌. യു ഡി എഫിന്റെ തനിനിറം ബജറ്റിലൂടെ പുറത്തുവന്നു. ബി പി എല്‍ കാരെ 20 ലക്ഷമായി നിജപ്പെടുത്തുക മാത്രമല്ല, 500 കോടി രൂപ ആവശ്യമുള്ളയിടത്ത്‌ 200 കോടി മാത്രം അനുവദിക്കുകയുമാണ്‌ ചെയ്‌തത്‌. 32.29 ലക്ഷം കുടുംബങ്ങള്‍ക്ക്‌ ഒരു രൂപയ്‌ക്ക്‌ അരി ഓണം മുതല്‍ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പിനെ കൂടി മാണി തള്ളിക്കളഞ്ഞിരിക്കുകയാണ്‌.

ഭൂരഹിതര്‍ക്കാകെ ഭൂമിയും ഭവനരഹിതര്‍ക്ക്‌ ഭവനവും എന്ന പദ്ധതിയാണ്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ നടപ്പാക്കിവന്നിരുന്നത്‌. എന്നാല്‍ ഇ എം എസ്‌ ഭവനപദ്ധതിയെയും എം എന്‍ ലക്ഷംവീട്‌ നവീകരണ പദ്ധതിയെയും ഉപേക്ഷിച്ചുകൊണ്ടാണ്‌ മാണി `തന്റെ തിരുത്തല്‍ ബജറ്റ്‌' അവതരിപ്പിച്ചിരിക്കുന്നത്‌.

പാവപ്പെട്ടവര്‍ക്ക്‌ ഗുണകരമായ പദ്ധതികളെയും സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തെയും തള്ളിക്കളഞ്ഞുകൊണ്ട്‌ തങ്ങള്‍ ആരുടെ പക്ഷത്താണെന്ന്‌ യു ഡി എഫ്‌ തെളിയിച്ചിരിക്കുകയാണ്‌. സമ്പന്നരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള കൗശലവിദ്യകളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. തോട്ടമുടമകള്‍ക്ക്‌ തോട്ടത്തിന്റെ ഒരു ഭാഗം മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്ന നിര്‍ദേശം ഈ തന്ത്രത്തിന്റെ ഭാഗമാണ്‌. വിനോദസഞ്ചാരത്തിനായും തോട്ടത്തിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്താമെന്നാണ്‌ പ്രഖ്യാപനം. ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തഃസ്സത്തയെ വെല്ലുവിളിക്കുകയാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്‌.

ബജറ്റിനെതിരായ പ്രതിഷേധം ഭരണകക്ഷി എം എല്‍ എമാരില്‍ നിന്നു തന്നെ നിയമസഭയ്‌ക്കുള്ളിലും പുറത്തുമുണ്ടായി. വികസന പ്രഖ്യാപനങ്ങള്‍ ചില പ്രത്യേകയിടങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്തുന്ന ബജറ്റെന്നാണ്‌ അവര്‍ ആക്ഷേപിച്ചിരിക്കുന്നത്‌.

പാവങ്ങളെ വിസ്‌മരിക്കുകയും വമ്പന്‍മാരെ സഹായിക്കുകയും ചെയ്യുന്ന ബജറ്റിലൂടെ യു ഡി എഫ്‌ തങ്ങളുടെ പ്രകടനപത്രികാ വാഗ്‌ദാനങ്ങളെ തള്ളിക്കളഞ്ഞിരിക്കുക കൂടിയാണ്‌ ചെയ്‌തിരിക്കുന്നത്‌.

*
മുഖപ്രസംഗം ജനയുഗം 09 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യു ഡി എഫ്‌ സര്‍ക്കാരിനുവേണ്ടി ധനകാര്യമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ്‌ രാഷ്‌ട്രീയാതിപ്രസരം നിറഞ്ഞതും എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ക്ഷേമപദ്ധതികളില്‍ പലതും അട്ടിമറിക്കുന്നതുമാണ്‌. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല വികസന പദ്ധതികളുടെയും ക്ഷേമപരിപാടികളുടെയും ക്രെഡിറ്റ്‌ തന്റെയും യു ഡി എഫ്‌ സര്‍ക്കാരിന്റെയും പേരിലാക്കാനുള്ള ശ്രമവും മാണി നടത്തിയിട്ടുണ്ട്‌.