Friday, July 8, 2011

വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാന്‍ നീക്കം

വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1905ല്‍ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉത്തരവ് ഇതിലേക്ക് വെളിച്ചം വീശുന്ന ചരിത്രരേഖയാണ്. എന്നാല്‍ , ചരിത്രാതീത കാലംമുതല്‍ പഴക്കമുള്ളതാണ് വിഴിഞ്ഞത്തിന്റെ പാരമ്പര്യവും പെരുമയും. ഏതാണ്ട് 7-ാം നൂറ്റാണ്ട് മുതല്‍ 11-ാം നൂറ്റാണ്ട് വരെ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. പ്രകൃതിദത്തമായ തുറമുഖമാണ് വിഴിഞ്ഞം. തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈലിനുള്ളില്‍ 20 മീറ്റര്‍ ആഴമുള്ള കടലാണ് ഇവിടെയുള്ളത്.

അടുത്ത തലമുറയില്‍പ്പെട്ട കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് നങ്കൂരമിടാം. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വിഴിഞ്ഞത്തിന്റെ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ്. ലോകത്ത് ഒരു തുറമുഖത്തിനുമില്ലാത്ത സവിശേഷതയാണിത്. സ്വതന്ത്ര ഇന്ത്യയില്‍ യാഥാര്‍ഥ്യമാകേണ്ട പ്രഥമ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. അരനൂറ്റാണ്ടിനു ശേഷമാണെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ വികസന കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ പ്രത്യക്ഷത്തില്‍ 5000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷത്തിലധികം പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നത് കേരളത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ , ഭരണമാറ്റത്തോടെ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ ചില പ്രസ്താവനകള്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമോ എന്ന കാര്യത്തില്‍ ആശങ്ക ജനിപ്പിച്ചിരിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച കഴിഞ്ഞ സര്‍ക്കാരിനെ താറടിക്കാനും പദ്ധതി വൈകിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നത് ഉല്‍ക്കണ്ഠയുണ്ടാക്കുന്നതാണ്.

വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഈ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് ബോധ്യപ്പെടും. 2005 ലാണ് പദ്ധതി ആദ്യമായി ടെന്‍ഡര്‍ ചെയ്യുന്നത്. ആകെ നാല് കമ്പനിമാത്രം ടെന്‍ഡര്‍ സമര്‍പ്പിച്ചു. ശക്തമായ മത്സരം ഇല്ലാത്ത ആ ടെന്‍ഡറില്‍ സൂം കണ്‍സോര്‍ഷ്യം മാത്രമേ യോഗ്യത നേടിയൂള്ളൂ. ഒരുവിധ അനുമതിയും വാങ്ങാതെയുള്ള ടെന്‍ഡര്‍ വിളിയും തുടര്‍ന്നുള്ള കരാറുമല്ലാതെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നെ ഒന്നും ചെയ്തില്ല. 2006 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി കേന്ദ്രത്തില്‍നിന്നുള്ള സുരക്ഷാഅനുവാദം വാങ്ങുന്നതിനുള്ള അപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് സമ്മര്‍ദം ചെലുത്തി. ഒരു കാരണവുമില്ലാതെ സുരക്ഷാ അനുമതി 6 മാസം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ ചൈനീസ് സര്‍ക്കാരിന്റെ രണ്ടു കമ്പനികള്‍ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടു എന്ന തടസ്സവാദം ഉന്നയിച്ച് അനുമതി നിഷേധിച്ചു. ഇതിനു പിന്നില്‍ അമേരിക്കന്‍ താല്‍പ്പര്യമായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ഈ സാഹചര്യത്തില്‍ ഇടതുസര്‍ക്കാര്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിച്ച് റീ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ആദ്യമായാണ് ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്നോടിയായി ആഗോള മീറ്റ് സംഘടിപ്പിക്കുന്നത്. നാല്‍പ്പതോളം കമ്പനികള്‍ മീറ്റില്‍ പങ്കെടുക്കുകയും ടെന്‍ഡറില്‍ ശക്തമായ മത്സരം ഉണ്ടാവുകയുംചെയ്തു. ചരിത്രത്തിലാദ്യമായി ഒരു കമ്പനി നെഗറ്റീവ് ടെന്‍ഡര്‍ വിളിച്ചു. സര്‍ക്കാര്‍ അങ്ങോട്ട് പണം മുടക്കുന്നതിന് പകരം 115 കോടി രൂപ സര്‍ക്കാരിന് ഇങ്ങോട്ട് തരാമെന്നതായിരുന്നു ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുടെ ടെന്‍ഡര്‍ നിര്‍ദേശം. ഈ കരാര്‍ അംഗീകരിച്ച് സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കരാറിന് കേന്ദ്രത്തില്‍നിന്നുമുള്ള സുരക്ഷാ ക്ലിയറന്‍സും ലഭിച്ചു. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 450 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ , ചരക്കു ഗതാഗത രംഗത്തെ അന്തര്‍ദേശീയ ലോബിയുടെ ഗൂഢാലോചനയുടെ ഭാഗമായി സൂം കണ്‍സോര്‍ഷ്യം കേസുമായി രംഗത്തുവന്നു.

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിദേശകപ്പലുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇവിടെ നങ്കൂരമിടാന്‍ കഴിയും. സൗകര്യങ്ങള്‍ പരിമിതമായിട്ടും 5 ലക്ഷം കോടി രൂപയുടെ കടല്‍വ്യാപാരം ഇന്ത്യ ഇപ്പോള്‍ നടത്തുന്നുണ്ട്. ഒരു ആഗോള തുറമുഖത്തിന്റെ അഭാവംമൂലം ഏകദേശം 1000 കോടി രൂപയുടെ വരുമാനം പ്രതിവര്‍ഷം നമുക്ക് നഷ്ടമാകുന്നുണ്ട്. വിഴിഞ്ഞം യാഥാര്‍ഥ്യമായാല്‍ ഇതിന് മാറ്റമുണ്ടാകും. നമ്മുടെ കണ്ടെയ്നറുകള്‍ കൈകാര്യംചെയ്യുന്ന കൊളംബോ, സിംഗപ്പുര്‍ , ദുബായ് തുടങ്ങിയ തുറമുഖങ്ങള്‍ക്ക് രാജ്യം നല്‍കി വരുന്ന ഭീമമായ തുകയില്‍നിന്ന് 75 ശതമാനത്തോളം ലാഭിക്കാനും കഴിയും. ഇതൊക്കെയാണ് അന്തര്‍ദേശീയ കച്ചവടലോബി സൂമിനെക്കൊണ്ട് കളിപ്പിച്ച വ്യവഹാര നാടകത്തിനു പിന്നില്‍ . നിര്‍ഭാഗ്യവശാല്‍ അന്നത്തെ പ്രതിപക്ഷവും ഈ കളിക്ക് കൂട്ടുനിന്നു. ഒടുവില്‍ നിയമക്കുരുക്കുകളും വ്യവഹാരങ്ങളും രാഷ്ട്രീയ എതിര്‍പ്പുകളും കൊണ്ടു പൊറുതിമുട്ടിയ ലാന്‍കോ കൊണ്ടപ്പള്ളി പിന്മാറി. ഈ സാഹചര്യത്തിലാണ് ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി സര്‍ക്കാര്‍ നിയമിച്ചത്. ഐഎഫ്സിയുടെ നിര്‍ദേശപ്രകാരം ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "ഡ്യൂറി" എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനവും ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷന്റെ ശുപാര്‍ശയും പരിഗണിച്ചാണ് വിഴിഞ്ഞം തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന നിഗമനത്തിലെത്തിയത്. ഇതേതുടര്‍ന്ന് ഐഎഫ്സിയുടെ നിര്‍ദേശപ്രകാരം വിഴിഞ്ഞം തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖം എന്നാണ് ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തുകയും തുറമുഖ നടത്തിപ്പിനായി ഒരു സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനും തീരുമാനിച്ചു. തുറമുഖ നിര്‍മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 1600 കോടി രൂപയും തുറമുഖ നടത്തിപ്പിനായി 900 കോടി രൂപയും ചെലവ് പ്രതീക്ഷിക്കണമെന്നാണ് ഐഎഫ്സി കണ്ടെത്തിയത്. അതില്‍ ബജറ്റ് വഴി സംസ്ഥാനസര്‍ക്കാര്‍ 450 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം 2500 കോടി രൂപയും സമാഹരിക്കുന്നതിന് തീരുമാനിച്ചു. എസ്ബിഐ ക്യാപ്പാണ് ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. അടിസ്ഥാന സൗകര്യ വികസനരംഗത്തും കഴിഞ്ഞ സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. 120 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ തുടങ്ങി. 35 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുകയും 71 ഹെക്ടറിന്റെ ഏറ്റെടുക്കല്‍ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയുമാണ്. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും നല്ല പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ശുദ്ധജല വിതരണത്തിനുവേണ്ടി 6 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കി വരുന്നു. ദേശീയപാതയില്‍നിന്ന് തുറമുഖത്തേക്കുള്ള നാലുവരിപ്പാതയുടെ അലൈന്‍മെന്റ് തയ്യാറാക്കി റെയില്‍വേയുടെ കീഴിലുള്ള റൈറ്റ്സ് എന്ന സ്ഥാപനം പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചു. വിഴിഞ്ഞം-പൂവാര്‍ -കളിയിക്കാവിള റോഡിന്റെ ഹെവി മെയിന്റനന്‍സും ഈ റോഡില്‍നിന്ന് തുറമുഖത്തേക്കുള്ള 600 മീറ്റര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചുകൊണ്ടാണ് വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടത്. റെയില്‍ കണക്ടിവിറ്റിക്കു വേണ്ടി റൈറ്റ്സ് തയ്യാറാക്കിയ പദ്ധതി റെയില്‍ നിഗം ലിമിറ്റഡിന്റെ പരിഗണനയിലാണ്. തുറമുഖത്തിനാവശ്യമായ വൈദ്യുതിക്കായി വൈദ്യുതി ബോര്‍ഡിന് 41 കോടി രൂപ ഇതിനകം നല്‍കി. ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള 95-ാമത് "എക്സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി" 2011 ജനുവരി 19ന് പരിശോധിക്കുകയും വല്ലാര്‍പാടം, കുളച്ചല്‍ , മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങള്‍ക്ക് സമീപത്തായതിനാല്‍ പരിസ്ഥിതി പഠനത്തിന് അനുവാദം നല്‍കാനാകില്ലെന്നുപറഞ്ഞ് കേരളത്തിന്റെ ആവശ്യം നിരസിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് 2011 മാര്‍ച്ചില്‍ വീണ്ടും അപേക്ഷയുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.

2011 ഏപ്രില്‍ 26ന് കൂടിയ എക്സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ നൂറാമത് യോഗം ഈ തുറമുഖം ഫിഷിങ് ഹാര്‍ബറിനോട് ചേര്‍ന്നായതുകൊണ്ട് മത്സ്യത്തൊഴിലാളികളെയും മത്സ്യസമ്പത്തിനെയും എങ്ങനെ ബാധിക്കുമെന്ന പ്രശ്നംകൂടി പഠിക്കണമെന്ന നിര്‍ദേശത്തോടെ അപേക്ഷ വീണ്ടും തള്ളി. ഈ യോഗത്തിന്റെ മിനിറ്റ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അതേ ദിവസമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനം നല്‍കിയത്. ഇതു സംബന്ധിച്ചുള്ള കള്ളക്കളികള്‍ ഒരു പത്രസമ്മേളനത്തിലൂടെ ഞാന്‍ വ്യക്തമാക്കിയിരുന്നു. എക്സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി നിരസിച്ച അതേ അപേക്ഷ എന്റെ പത്രസമ്മേളനത്തിന് ശേഷം റെസിഡന്‍സ് കമീഷണര്‍ വഴി തിരികെ വാങ്ങി 2011 മെയ് 31ലെ യോഗത്തില്‍ അംഗീകരിക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ തീരുമാനം 2011 ജനുവരി 20ന് തന്നെ എടുക്കാമായിരുന്നു. നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖപദ്ധതിക്ക് പാരിസ്ഥിതിക പഠനം നടത്തുന്നതിനുള്ള അംഗീകാരത്തിന് പകരം പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലം ഉള്‍പ്പെടെയുള്ള പഠനമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിന് ഒരു സീസണ്‍ (12 മാസം) മതിയെന്നിരിക്കെ സ്ഥലവുമായി ബന്ധപ്പെട്ട പഠനത്തിന് 4 വര്‍ഷം വേണ്ടിവരും. ഒരു വര്‍ഷത്തിന് ശേഷം താല്‍ക്കാലിക അനുമതിയും 3 വര്‍ഷത്തിന് ശേഷം അന്തിമ അനുമതിയും ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതി തുടങ്ങാന്‍ 4 വര്‍ഷം വൈകും എന്നു ചുരുക്കം. അതിനുപുറമെ തുറമുഖത്തിനായി ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ഗൂഢോദ്ദേശ്യവും തള്ളിക്കളയാനാകില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയും പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുകയുമാണ് വേണ്ടത്. അതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വികസനം എന്നത് തുടര്‍പ്രക്രിയയാണ്, അത് സുതാര്യമായി നടപ്പാക്കേണ്ടതുമാണ്. അതുകൊണ്ടുതന്നെ വിലകുറഞ്ഞ രാഷ്ട്രീയക്കളികളുടെ വേദിയായി വിഴിഞ്ഞം പദ്ധതിയെ മാറ്റരുത്. സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തെ രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ കേരളത്തിലെ ജനങ്ങളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി പറയേണ്ടിവരും.

*
എം വിജയകുമാര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1905ല്‍ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉത്തരവ് ഇതിലേക്ക് വെളിച്ചം വീശുന്ന ചരിത്രരേഖയാണ്. എന്നാല്‍ , ചരിത്രാതീത കാലംമുതല്‍ പഴക്കമുള്ളതാണ് വിഴിഞ്ഞത്തിന്റെ പാരമ്പര്യവും പെരുമയും. ഏതാണ്ട് 7-ാം നൂറ്റാണ്ട് മുതല്‍ 11-ാം നൂറ്റാണ്ട് വരെ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. പ്രകൃതിദത്തമായ തുറമുഖമാണ് വിഴിഞ്ഞം. തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈലിനുള്ളില്‍ 20 മീറ്റര്‍ ആഴമുള്ള കടലാണ് ഇവിടെയുള്ളത്.